പതിനഞ്ച് വർഷങ്ങൾ അവളിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. കുറച്ച് തടിച്ചു. മുഖത്ത് പ്രായത്തിൻ്റെ ചുളിവുകൾ….

Story written by Vasudha Mohan

====================

“വേണുമാഷിന്ന് പോയില്ലേ?”

“ഇല്ല. കൈക്കൊരു വേദന. ഇന്നൊരു ദിവസം വീട്ടിലിരിക്കാം എന്നു വെച്ചു.”

പോസ്റ്റ്മാൻ്റെ കയ്യിൽ നിന്ന് കത്തുകൾ വാങ്ങി വേണു ഗേറ്റിൽ നിന്ന്  അകത്തേക്ക് നടന്നു. അലക്ഷ്യമായി കത്തുകൾ മറിച്ച് നോക്കിയ അയാളുടെ കൈകൾ പൊടുന്നനെ നിശ്ചലമായി. ആ കയ്യക്ഷരത്തിൽ ഇതുവരെ കത്തുകൾ ഒന്നും വന്നിട്ടില്ലെങ്കിലും അത് മറ്റാരുടേതിനേക്കാളും പരിചിതമാണ്.

കത്ത് തുറക്കുമ്പോൾ അയാളുടെ കൈകൾ ചെറുതായി വിറച്ചു. കത്തിൻ്റെ ഉള്ളടക്കം ശുഷ്‌കമായിരുന്നു.

“ഞാൻ വരുന്നു. കഴിയുമെങ്കിൽ ആ പഴയ സ്ഥലത്ത് ഒന്ന് വരാമോ. 31ന് വൈകീട്ട് “

വേണുവിന് ആദ്യം ദേഷ്യമാണ് വന്നത്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം അപ്രത്യക്ഷയായതിന് ഒരു വിശദീകരണം പോലും നൽകാതെ കത്തയച്ചിരിക്കുന്നു. എന്നിട്ടും അയാൾ അന്ന് കണ്ണാടിക്കു മുൻപിൽ പതിവില്ലാതെ സമയം ചിലവഴിച്ചു. മുടി നരച്ചു തുടങ്ങിയിരിക്കുന്നു. അലമാര തുറന്ന് പഴയൊരു ഷർട്ട്  എടുത്ത് നിവർത്തി. അതിൻ്റെ ഇടതു ഭാഗത്ത് കത്തിലെ അതേ കയ്യക്ഷരങ്ങൾ.

‘എന്നെ ഹൃദയത്തിൽ സൂക്ഷിക്കുന്നതിന് നന്ദി’

രണ്ടു വർഷം പുറകെ നടന്ന് propose ചെയ്ത് പ്രതീക്ഷകൾ അസ്തമിച്ച് സെൻ്റോഫ് ദിവസത്തിൽ ഒരു ഓട്ടോഗ്രാഫ് എങ്കിലും തരുമോ എന്നു ചോദിച്ചു. മറുപടിയായി ചുവന്ന മഷിയിൽ ഷർട്ടിൽ എഴുതിയതാണ് ഈ വാക്കുകൾ. ശരിക്കും ഹൃദയത്തിലാണ് അവളത് എഴുതി ചേർത്തതന്നു തോന്നുന്നു. അത് മായിക്കാനോ അതിലൊരു വരി ചേർക്കാനോ ഇന്നുവരെ ഒരാൾക്കും കഴിഞ്ഞിട്ടില്ല.

പിറ്റേന്ന് അപ്രത്യക്ഷ ആയവളാണ് നീണ്ട വർഷങ്ങൾക്ക് ശേഷം കത്തയച്ചിരിക്കുന്നത്. പ്രണയിക്കാൻ, ഒരാളെ ഓർക്കാൻ നീണ്ട പ്രണയകാലത്തിൻ്റെ ആവശ്യമില്ല. ഒരു വാക്കോ ഒരു വരിയോ ഒരു നോട്ടമോ പോലും മതി. വേണു ആ ഷർട്ട് ഇട്ടുനോക്കി. കൈകൾക്ക് വല്ലാത്ത മുറുക്കം. വയറിൻ്റെ ഭാഗത്ത് കുടുക്കിടാൻ പോലും  പറ്റുന്നില്ല. അയാൾ നെടുവീർപ്പോടെ ഷർട്ട് തിരിച്ചു വെച്ചു.

വേണു എത്തുമ്പോൾ കൃഷ്ണ ലൈബ്രറിക്ക് മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. പണ്ട് പതിവായി അവളെ കാണാൻ താൻ നിന്ന ഇടം. വേണുവിനെ കണ്ടപ്പോൾ അവൾ ചിരിച്ചു. പഴയ അതേ ചിരി. തൻ്റെ ഗൗരവത്തിൻ്റെ മുഖം മൂടി അയയുന്നതയി തോന്നി അയാൾക്ക്….

“സുഖമാണോ?”

വേണു മിണ്ടാതെ അവളെ നോക്കി. പതിനഞ്ച് വർഷങ്ങൾ അവളിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. കുറച്ച് തടിച്ചു. മുഖത്ത് പ്രായത്തിൻ്റെ ചുളിവുകൾ വരാൻ തുടങ്ങിയിരിക്കുന്നു.

“വേണൂന് എന്നോട് ദേഷ്യമാവും അല്ലേ?”

അയാൾ അതെ എന്നോ അല്ല എന്നോ പറഞ്ഞില്ല.

“എനിക്കറിയാം. ഞാൻ ചെയ്തത് എത്ര വലിയ തെറ്റാണെന്ന്. നിന്നോട് പറയാതെ പോവരുതായിരുന്നു. പക്ഷേ എനിക്ക് നിന്നെ നഷ്ടപ്പെടാൻ വയ്യായിരുന്നു. നീ എന്നെ വേണ്ടെന്ന് പറയുന്ന നിമിഷത്തെ ആണ് ഞാൻ ഏറ്റവും ഭയപ്പെട്ടത്. അതൊഴിവാക്കാൻ ആണ് നിന്നിൽ നിന്ന് ഒളിച്ചോടിയത്.”

അവൾ ജീവിച്ച ഓർഫനേജിൽ പോയി മദറിൻ്റെ കാലുപിടിച്ചു കെഞ്ചിയതോർത്തു വേണു.

“എന്നോട് ക്ഷമിക്കൂ കുഞ്ഞേ. അവൾ ഉള്ള ഇടം നിന്നോട് ഒരിക്കലും പറയരുതെന്ന് പറഞ്ഞിട്ടാണ് അവൾ പോയത്…”

ഞെട്ടലോടെ ആണ് അതു കേട്ടത്. എത്ര കാലമെടുത്തു അതിൽ നിന്ന് കരകയറാൻ…

“വേണു… “

അയാളുടെ ഭാഗത്ത് നിന്ന് പ്രതികരണം ഇല്ലാതായപ്പോൾ ദയനീയമായി ആണ് കൃഷ്ണ വിളിച്ചത്.

“നിന്നെ ഞാൻ കുറ്റപ്പെടുത്തില്ല കൃഷ്ണ. നിൻ്റെ ശരികളെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ എന്നെ ഉപേക്ഷിക്കാനുള്ള കാരണം എങ്കിലും പറഞ്ഞിട്ട് പോകാമായിരുന്നു നിനക്ക്.”

“ഞാൻ ഒരു വേ* ശ്യയുടെ മകളാണ്. അനാഥ അല്ല.”

വേണു ഞെട്ടി അവളെ നോക്കി.

“Sent off ൻ്റെ പിറ്റേന്ന് അവർ എന്നെ കാണാൻ വന്നിരുന്നു. ഒരു കുമ്പസാരം നടത്താൻ. അതിനെന്നെ സ്പർശിക്കാൻ കഴിഞ്ഞില്ല. അതിൽ എന്നെ ബാധിച്ചത് മുഴുവൻ അത് നീ അറിയുമ്പോൾ ഉണ്ടാകുന്ന റിയാക്ഷൻ ആണ്.”

“ഞാൻ നിന്നെ ഉപേക്ഷിക്കും എന്നോ. അങ്ങനെ ആണോ നീ എന്നെ മനസ്സിലാക്കിയിരുന്നത്?”

“അന്നത്തെ ചിന്താഗതി അനുസരിച്ച് ഒരു വേ* ശ്യയുടെ മകളെ നീ കല്യാണം കഴിക്കുമായിരുന്നോ?”

വേണു ഒരു നിമിഷം നിശബ്ദനായി ആലോചിച്ചു. അന്നത്തെ ചിന്താഗതികൾ കുറച്ച് കൂടി ഇടുങ്ങിയവ ആയിരുന്നു. മറുപടിക്ക് കാക്കാതെ അവൾ തുടർന്നു….

“ഇതെന്നെങ്കിലും വേണുവിനോട് പറയണം എന്നുണ്ടായിരുന്നു. അതിനാണ് വന്നത് തന്നെ.”

“എന്നാണ് മടക്കം?”

“തിരിച്ച് പോകുന്നില്ല. ഇവിടെ വല്ലതും നോക്കണം. Mother അവിടെ ഒരു റൂം ശരിയാക്കാം എന്ന് പറഞ്ഞിട്ടുണ്ട്.”

“ഒരു റൂം മതിയോ…കൂടെ പോരുന്നോ?”

കൃഷ്ണ അമ്പരന്ന് അയാളെ നോക്കി

“അന്ന് ഞാൻ എന്ത് പറയുമായിരുന്നു എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല. പക്ഷേ ഇപ്പോൾ പറയുന്നു. നീ കൂടെ വന്നാൽ നോക്കിക്കോളാം എന്ന്.”

കൈ കോർത്ത് അവർ പുറത്തേക്ക് നടക്കുമ്പോൾ ഒരു ചാറ്റൽ പാറി. കാലം തെറ്റിയായാലും ചില മഴകൾക്ക് പെയ്യാതിരിക്കാനാവില്ല.