സന്ധ്യയുമായി ആദർശിനുള്ള അടുപ്പം അത്ര നല്ല രീതിയിലല്ലെന്ന് മനസ്സിലാക്കിയ അടുത്ത കടയിലെ ചേട്ടൻ….

എഴുത്ത്: SMK

==================

അന്നൊരു അത്തദിനമായിരുന്നു. ബന്ധുക്കളൊക്കെ വീട്ടിൽ വന്നതിനാൽ തോട് വരമ്പിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് പിറകിൽ നിന്നൊരു വിളി.

കുട്ടികളേ….സുമതിയേടത്തിയുടെ വീട് എവിടെയാ?

കുട്ടികൾ തിരിഞ്ഞു നോക്കി. ടിപ്പ് ടോപ്പിൽ അഞ്ച് പുരുഷ കേസരികൾ. കുട്ടികൾ അവരോടായി പറഞ്ഞു.ആ കാണുന്ന വീടിൻ്റെ പിറകിലാണ്.

പോകുന്ന വഴിയിൽ താഴെയുള്ള വീട്ടിൽ ഒരു സുന്ദരി കുട്ടി മുടി ചീകിക്കൊണ്ടിരിക്കുകയാണ്. അവളെ കണ്ടതും സുമതിയേടത്തിയുടെ വീട്ടിൽ പെണ്ണുകാണാൻ  പോകുന്ന ചെറുക്കന് ഇവളെ ആലോചിച്ചാലോ എന്നൊരു തോന്നൽ. സുമതിയേടത്തിയുടെ വീട്ടിൽ പോയി മടങ്ങി വീണ്ടും താഴത്തെ വീട്ടിൽ അവർ വന്നു.

ആരുമില്ലേ… ഇവിടെ ?

ആരാ…. മുറുക്കി കൊണ്ട് ഒരു മുത്തശ്ശി പുറത്തേക്ക് വന്നു

രമേശാ ഇതാ, ആരൊക്കെയോ നിന്നെ കാണാൻ വന്നിരിക്കുന്നു. രമേശൻ പുറത്തേക്ക് വന്നു.

ആരാ, എന്താണ് വേണ്ടത് ?

ചേട്ടൻ ഒന്ന് ഇങ്ങോട്ട് വരുമോ. വന്നവരിൽ ഒരുവൻ പറഞ്ഞു.

രമേശനോട് അയാൾ പറഞ്ഞു. ആ നിൽക്കുന്ന മധ്യത്തിൽ നിൽക്കുന്നവന് പെണ്ണ് കാണാൻ വന്നതാണ്. അവൻ മിലിട്രിയിലാണ്. അവന് ഇവിടത്തെ കുട്ടിയെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്.

അവൾ പഠിക്കുകയാണ്, കല്യാണാലോചന ഒന്നും ഇതുവരെ നോക്കിയിട്ടില്ല….കയറി ഇരിക്കൂ. ഞാൻ ഭാര്യയോടും മകളോടും ഒന്ന് ചോദിക്കട്ടെ? രമേശൻ അകത്തേക്ക് നടന്നു.

രമേശനും ഭാര്യയും പുറത്ത് വന്ന് അവരോടായി പറഞ്ഞു. കണ്ടിട്ട് പോയ്ക്കോളൂ. എല്ലാവരോടും ഒന്ന് ആലോചിച്ചിട്ട് പറയാം.

അങ്ങനെ പെൺകുട്ടി പുറത്തേക്ക് വന്നു. ചെറുക്കനും പെണ്ണും സംസാരിച്ചു.

ചെറുക്കൻ ചോദിച്ചു. എന്താണ് പേര്?

സന്ധ്യ എന്ന് അവൾ മറുപടി പറഞ്ഞു.

ഞാൻ സനിൽ..മിലിട്രിയിലാണ്…

ശേഷം അവർ ചായയൊക്കെ കുടിച്ച് യാത്ര പറഞ്ഞ് പോയി.

കുറച്ച് ദിവസങ്ങൾ കഴിഞ്ഞു. കുടുംബക്കാരൊക്കെ ജാതകം ചേരുകയാണെങ്കിൽ അവരോട് ഓക്കെ പറയാൻ പറഞ്ഞു. അങ്ങനെ സന്ധ്യയുടെ കല്യാണം കഴിഞ്ഞു. ഒന്നുമില്ലാത്ത രമേശൻ്റെ പെണ്ണിനെ മിലിട്രിക്കാൻ കല്യാണം കഴിച്ചത് നാട്ടിൽ ഒരു വാർത്തയായി…..

കല്യാണം കഴിഞ്ഞ ശേഷം ഹണിമൂൺ കഴിഞ്ഞ് പത്ത് ദിവസം കഴിഞ്ഞപ്പോൾ സനിലും സന്ധ്യയും കാശ്മീരിലേക്ക് പുറപ്പെട്ടു. വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനിടയിൽ സനിലിൻ്റെ തുടിപ്പ് സന്ധ്യയിൽ മൊട്ടിട്ടിരുന്നു.

രാവിലെ നല്ല തണുപ്പുള്ള ദിവസമായിരുന്നു….സന്ധ്യയ്ക്ക് എഴുന്നേൽക്കാൻ തോന്നുന്നില്ല. നല്ല തളർച്ച പോലെ. അവൾ സനിലിനോട് പറഞ്ഞു. പെട്ടെന്ന് തന്നെ സനിൽ ചായയും പലഹാരവും ഉണ്ടാക്കി. രണ്ടു പേരും കഴിച്ചു കൊണ്ടിരിക്കുമ്പോൾ സന്ധ്യയ്ക്ക് ഛർദ്ദി വരുന്നതു പോലെ തോന്നി. പെട്ടെന്ന് തന്നെ വാഷ്ബേസിനിൽ പോയി സന്ധ്യ ഒരേ ഛർദ്ദി. ഉടൻ രണ്ടു പേരും ആശുപത്രിയിലേക്ക് പുറപ്പെട്ടു.

ഡോക്ടറുടെ നാവിൽ നിന്നും വീണ ആ വാക്കുകൾ കേട്ട് സനിൽ സന്ധ്യയെ വാരി പുണർന്ന് ഉമ്മകൾ നൽകി. പെട്ടെന്ന് തന്നെ നമുക്ക് നാട്ടിൽ പോകണമെന്ന് സനിൽ തീരുമാനിച്ചു….ഇപ്പോഴത്തെ കാലമൊന്നുമല്ല. ട്രെയിൻ ടിക്കറ്റ് കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയിരിക്കെ, സുഹൃത്ത് വിനീതിൻ്റെ സഹായത്തോടെ ടിക്കറ്റ് ഓക്കേ ആയി. നാട്ടിലേക്കു പോവുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രണ്ടു പേരും ട്രെയിൻ കാത്ത് റയിൽവേ സ്റ്റേഷനിൽ നിൽക്കുന്നു. അപ്പോഴാണ് സന്ധ്യയ്ക്ക് ചെറിയൊരു ഛർദ്ദിൽ വരുന്നതു പോലെ. സ്റ്റേഷനിലെ ബാത്ത്റൂമിൽ പോയി ഫ്രഷായി വരുമ്പോഴാണ് ട്രെയിനിൻ്റെ ഹോൺ ശബ്ദം കേൾക്കുന്നത്. പെട്ടെന്ന് പുറത്ത് ബാഗൊക്കെ എടുത്ത് ട്രെയിനിൽ കയറി. പിറ്റേ ദിവസം വൈകിട്ടോടെ നാടെത്തി….

എല്ലാവരും വളരെ സന്തോഷത്തിൽ ആയിരുന്നു. 10 ദിവസത്തെ ലീവായിരുന്നു സനിലിനുണ്ടായിരുന്നത്. ലീവ് കഴിഞ്ഞ് സനിൽ മടങ്ങുമ്പോൾ സന്ധ്യയ്ക്ക് എന്തെന്നില്ലാത്ത സങ്കടമായിരുന്നു.

മാസങ്ങൾ കടന്നു പോയി……

അടുത്ത ആഴ്ചയാണ് സന്ധ്യയുടെ ഡെലിവറി ഡെയ്റ്റ്. സനിൽ ടിക്കറ്റെടുത്ത് നാട്ടിലേക്ക് പുറപ്പെട്ടു. പിറ്റേ ദിവസം സനിൽ നാട്ടിൽ എത്തി സന്ധ്യയുടെ വീട്ടിലേക്ക് പോവാൻ സനിൽ ഒരുങ്ങുമ്പോൾ സന്ധ്യയുടെ അച്ഛൻ രമേശൻ വിളിക്കുന്നു.

മോനെ, സന്ധ്യയ്ക്ക് വേദന വന്നു തുടങ്ങി. നമ്മൾ ആശുപത്രിയിലിലേക്ക് പോവുകയാണ്. നീ ഇന്ന് വൈകുന്നേരം ഇവിടെ വരുമെന്ന് പറഞ്ഞിരുന്നല്ലേ.

അതെ, അച്ഛാ. ഇനി ഞാൻ ആശുപത്രിയിലേക്ക് വരാം. പെട്ടെന്ന് തന്നെ ബൈക്കെടുത്ത് സനിൽ ആശുപത്രിയിലേക്ക് എത്തി. അപ്പോഴേക്കും ലേബർ റൂമിൽ നിന്നും നഴ്സ് പുറത്തേക്ക് വന്നു പറയുന്നു. സന്ധ്യ പ്രസവിച്ചു.  ഇരട്ട പെൺകുട്ടികൾ.
ഇത് കേട്ട സനിൽ സന്തോഷം കൊണ്ട് അമ്മാനമാടി.

ദിവസങ്ങൾ കഴിഞ്ഞു. സന്ധ്യയെയും മക്കളേയും കൂട്ടി സനിൽ പുനെയിലേക്ക് പോയി. കുട്ടികൾ വലുതായി തുടങ്ങി. രണ്ടു സുന്ദരിക്കുട്ടികളായി അവർ വളർന്നു. അപ്പോഴാണ് സന്ധ്യ സനിലിനോട് ഒരു ആഗ്രഹം പറയുന്നത്. സനിലേട്ടാ, കുട്ടികൾക്ക് 10 വയസായില്ലേ. ഞാൻ എന്തെങ്കിലും ജോലി സാധ്യതയുള്ള കോഴ്സ് പഠിക്കട്ടെ.

ഭാര്യയുടെ ഏതാഗ്രഹത്തിനും കൂട്ടുനിന്ന സനിൽ നിനക്ക് എന്താണ് ഇഷ്ടമെന്ന് ചോദിച്ചു.

സനിലേട്ടാ, എനിക്ക് കമ്പ്യൂട്ടർ കോഴ്സ് പഠിക്കാനാണ് ഇഷ്ടം.

അങ്ങനെ സന്ധ്യ കോഴ്സിന് ചേർന്നു. ഒരു വർഷത്തെ കോഴ്സ് കഴിഞ്ഞ ശേഷം സന്ധ്യയെയും കുട്ടികളെയും കൂട്ടി നാട്ടിലേക്ക് പുറപ്പെട്ടു. സനിലിന് സ്ഥലം മാറ്റം കിട്ടി. കുട്ടികളെ നാട്ടിലെ സ്കൂളിൽ ചേർത്തു. അപ്പോഴേക്കും സ്വന്തമായൊരു വീട് റിയൽ എസ്റ്റേറ്റ് വഴി സനിൽ വാങ്ങിയിരുന്നു. സന്ധ്യയും മക്കളും തനിച്ചായതിനാൽ സന്ധ്യയുടെ അച്ഛനും അമ്മയും കൂടെ നിന്നു.

കുട്ടികൾ പത്താംതരം എത്തി. കുട്ടികളുടെ റിസൾട്ടറിഞ്ഞ് സനിൽ നാട്ടിലെത്തി. നല്ല മാർക്കു വാങ്ങിയ നന്ദനയ്ക്കും, വന്ദനയ്ക്കും സമ്മാനങ്ങൾ കൊണ്ട് നിറഞ്ഞു. രണ്ട് മാസത്തെ ലീവിന് സനിൽ വന്നതിനാൽ അച്ഛനും അമ്മയും സ്വന്തം വീട്ടിലേക്ക് പോയി. സന്ധ്യയും, സനിലും കുട്ടികളും ഒരാഴ്ച ഡൽഹിയിലേക്ക് ടൂർ പോയി. അടിച്ചു പൊളിച്ചു ജീവിതം ആസ്വദിച്ചു.

ടൂർ കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ ഒരു രാത്രി രണ്ടു പേരും ഉറങ്ങാൻ കിടന്നതായിരുന്നു. പല കാര്യങ്ങളും സംസാരിക്കുന്നതിനിടയിൽ സന്ധ്യ സനിലിനോടായി പറഞ്ഞു. ഏട്ടാ, എനിക്ക് ഒരു കമ്പ്യൂട്ടർ സ്ഥാപനം തുടങ്ങിയാലോ എന്നു തോന്നുന്നു. സനിലേട്ടൻ റിട്ടയേഡ് ആവാൻ ആയില്ലേ. ഞാൻ ഇവിടെ വെറുതെ ഇരുന്ന് മടുത്തു.

സനിൽ പറഞ്ഞു. നിനക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് നോക്കാം. ഞാൻ ഒന്ന് അന്വേഷിക്കട്ടെ.

പിറ്റേ ദിവസം തന്നെ ഇൻറർനെറ്റ് കഫേ നടത്തേണ്ട കാര്യങ്ങൾ അന്വേഷിച്ച് സനിൽ നടന്നു. രാത്രിയായപ്പോൾ സനിൽ സന്ധ്യയ്ക്ക് ഒരു സന്തോഷ വാർത്ത തന്നെ അറിയിച്ചു. ഞാൻ ഓക്കേ ആക്കിയിട്ടുണ്ട്. നമുക്ക് നാളെ പോയി നോക്കാം.

ദിവസങ്ങൾ കടന്നു. ഇൻറർനെറ്റ് കട ഉദ്ഘാടന ദിവസം. സന്ധ്യയും മക്കളും മനോഹരമായി ഒരുങ്ങി. മക്കളും ഭാര്യയും ചേർന്ന് തന്നെ കട ഉദ്ഘാടനം ചെയ്യട്ടെയെന്ന് സനിൽ പറയുകയും ചെയ്തു. പിറ്റേ ദിവസം മുതൽ സന്ധ്യ ജോലിക്ക് പോകാൻ തുടങ്ങി. അതിനിടയിൽ വൈകുന്നേരങ്ങളിൽ കാർ ഡ്രൈവിംങ്ങും പഠിക്കാനായി പോയി.

രണ്ട് മാസത്തെ ലീവ് കഴിഞ്ഞ് സനിൽ പോയി. സന്ധ്യ ഡ്രൈവിംങ്ങ് പഠിച്ചു കഴിഞ്ഞതിനാൽ സനിലിൻ്റെ കാർ എടുത്തായിരുന്നു ജോലിക്ക് പോയിരുന്നത്. അങ്ങനെ സന്ധ്യയുടെ ഇൻറർനെറ്റ് കഫെ നല്ല ഉയർച്ചയിലെത്തി.

രണ്ട് വർഷത്തോളമായി കഫെ തുടങ്ങിയിട്ട്. രണ്ടാം വാർഷികത്തിന് ഈ തവണ സനിലേട്ടൻ ഉണ്ടാവും. റിട്ടയേഡിയതിനാൽ ഇനി ഇവിടെ തന്നെ കാണുമല്ലോ….

നവംബർ 22 ആയിരുന്നു. രാവിലെ സനിലും സന്ധ്യയും മക്കളും അമ്മയും അച്ഛനും കഫെയിലേക്ക് പോയി. രണ്ടാം വാർഷികം വളരെ നല്ല രീതിയിൽ ആഘോഷിച്ചു.

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി…

ഒരു ദിവസം 20 വയസ് തോന്നിക്കുന്ന ആദർശ് കഫെയിൽ പഠിക്കാൻ ചേർന്നു.

സന്ധ്യ പഠിപ്പിക്കുന്നതിനിടയിൽ സന്ധ്യയുടെ സൗന്ദര്യം ആസ്വദിച്ച് അവനിരുന്നു. ഇതൊന്നും സന്ധ്യ അത്ര ശ്രദ്ധിച്ചില്ല. ഒരാഴ്ച ആയപ്പോൾ സന്ധ്യയുമായി കൂടുതൽ അടുത്തു. ആദർശിൻ്റെ മായാവിദ്യകളിൽ സന്ധ്യ മയങ്ങിപ്പോയി. വൈകുന്നേരങ്ങളിൽ പഠിക്കാൻ വന്നിരുന്ന ആദർശ് രാവിലെ ആരുമില്ലാത്ത സമയങ്ങളിൽ വരാൻ തുടങ്ങി. സന്ധ്യയുമായി ആദർശിനുള്ള അടുപ്പം അത്ര നല്ല രീതിയിലല്ലെന്ന് മനസ്സിലാക്കിയ അടുത്ത കടയിലെ ചേട്ടൻ സനിലിനോട് ഒന്നു സൂക്ഷിച്ചുകൊള്ളാൻ പറഞ്ഞു . ഇത് കേട്ട സനിൽ ആകെ തകർന്നു പോയി. ഭാര്യയെ ജീവനു തുല്യം സ്നേഹിക്കുന്ന സനിലിന് ഇത് വിശ്വസിക്കാനായില്ല

ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം സനിൽ കഫെയിൽ വരുമ്പോൾ കാണാൻ പാടില്ലാത്ത കാഴ്ച കണ്ടു. സന്ധ്യയും, ആദർശും ചുണ്ടോട് ചുണ്ട് ചേർത്ത് നിൽക്കുന്നു. ഇത് കണ്ട സനിൽ ഓടിച്ചെന്ന് സന്ധ്യയ്ക്ക് കരണക്കുറ്റിക്ക് ഇട്ട് കൊടുക്കുകയായിരുന്നു. ആദർശിനെ പിടിച്ച് പുറത്താക്കി കഫെ പൂട്ടി സനൽ സന്ധ്യയെയും കൊണ്ട് കാറെടുത്ത് അവളുടെ വീട്ടിലേക്ക് പറന്നു. ഇനി ഇവൾ ഇവിടെ നിൽക്കട്ടെ എന്നു  പറഞ്ഞ് സനിൽ സ്വന്തം വീട്ടിലേക്ക് തിരിച്ചു. ഒന്നും പറയാനാവാതെ താൻ ചെയ്തത് തെറ്റാണെന്ന് മനസിലാക്കി സന്ധ്യ പൊട്ടിക്കരഞ്ഞു. സന്ധ്യ വീട്ടിൽ വന്നിട്ട് ഒരാഴ്ച പിന്നിട്ടു…….

രണ്ട് കുട്ടികളും സനിലിൻ്റ കൂടെ. കുട്ടികളോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയ സനിൽ സന്ധ്യയ്ക്കായി ഡൈവോഴ്സ് നോട്ടീസ് അയക്കാൻ തീരുമാനിച്ചു.

അന്നൊരു വ്യാഴാഴ്ച ആയിരുന്നു. രാവിലെ ഉണർന്ന് സനിലിലേട്ടൻ ഇന്നെങ്കിലും തന്നെ കൂട്ടാൻ വരുമെന്ന് കാത്തിരിക്കുന്ന സന്ധ്യയ്ക്ക് പോസ്റ്റ്മാൻ നൽകിയത് എന്താണെന്ന് തുറന്നു നോക്കാൻ കഴിഞ്ഞില്ല. അതിനു മുന്നെ അവൾ പൊട്ടിക്കരഞ്ഞു. തന്നെ ജീവനു തുല്യം സ്നേഹിച്ച സനിലേട്ടൻ ഇനി മുതൽ തൻ്റെ ആരുമെല്ലാതാവുന്നു എന്ന സത്യം….