പുതിയതായി പണി കഴിച്ച വീട്ടിൽ നിന്നിറങ്ങുമ്പോൾ ഒന്നു കൂടി തിരിഞ്ഞു നോക്കി നിറകണ്ണുകളോടെ ആഷിഖ് സോജയെ അനുഗമിച്ചു…

സോജ രാജകുമാരി

എഴുത്ത് : സലീന സലാവുദീൻ

================

ഖത്തറിൽ ഒരു ഓയിൽ കമ്പനിയിലെ ക്വാളിറ്റി മാനേജരാണ് ആഷിഖ്. അത്യാവശ്യം നല്ല സാമ്പത്തികവും സുമുഖനുമായ ആഷിഖ് നാട്ടിൽ വന്നപ്പോൾ വീട്ടുകാരുടെ പ്രേരണയാൽ ബ്രോക്കർ മൊയ്തു കൊണ്ടു വന്ന ആലോചന പ്രകാരം പെണ്ണു കാണാൻ പോയി

ചായയുമായി വന്ന മൊഞ്ചത്തി കുട്ടിയെ ഒറ്റ നോട്ടത്തിൽ തന്നെ ആഷിഖിന് ബോധിച്ചു.

പരസ്പരം സംസാരിച്ചപ്പോൾ തന്നെ സോജ എന്ന നുണക്കുഴിക്കാരിയുടെ ചിരിയിൽ അവൻ മയങ്ങി.

ഇവൾ തന്റെ പെണ്ണാണ് എന്ന് അപ്പോൾ തന്നെ ആഷിഖ് മനസ്സിൽ കുറിച്ചിട്ടു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇരു കുടുംബക്കാരുടെയും ആശീർവാദത്തോടെ വിവാഹം മംഗളമായി നടന്നു.

അവളുടെ കണ്ണുകളുടെ വശ്യതയിൽ മയങ്ങി വീണ അവന് എപ്പോഴും തന്റെ പ്രിയതമയെ കണ്ടു കൊണ്ടിരിക്കണം.

വിവാഹ ശേഷം പത്നി സോജയെ വേർപിരിഞ്ഞിരിക്കാൻ അവന് വലിയ ബുദ്ധിമുട്ടായി.

അവൻ തന്റെ പ്രിയതമയെ സോജ രാജകുമാരി എന്നാണ് സ്നേഹത്തോടെ വിളിക്കുക.

‘സിന്ദഗി’ എന്ന സിനിമയിൽ സൈഗാൾ ആലപിച്ച ഗാനം അവന് പ്രിയപ്പെട്ടതാണ്.
തന്റെ സോജ രാജകുമാരിയെ കുറിച്ചു എപ്പോഴും മൂളിപ്പാട്ട് പാടി നടക്കുന്നത് അവനൊരു ഹരമാണ്.

സോ ജാ രാജകുമാരി സോ ജാ 
സോ ജാ മൈ ബാലിഹാരി സോ ജാ 
സോ ജാ രാജകുമാരി സോ ജാ

സോ ജാ മിഥേ സപ്നേ ആയേ 
സപ്നോ മേ പി ദരസ് ദിഖായേ 
ഉദ് കർ രൂപ്നഗർ മേ ജയേ 
രൂപ്നഗർ കി സഖിയാ ആയേ…..

ആഷിഖിന്റെ ഈ അമിത സ്നേഹം സോജ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും അവൾ അംഗീകരിച്ചു കൊടുക്കില്ല.

മൂന്ന് മാസങ്ങൾക്ക് ശേഷം ആഷിഖ് തിരിച്ചു കമ്പനിയിൽ പോയെങ്കിലും മനസ് മുഴുവൻ നാട്ടിലായിരുന്നു.

നാട്ടിലെ സ്കൂൾ ടീച്ചറായ സോജ ജോലി ഉപേക്ഷിച്ചു അവന്റെ കൂടെ ഖത്തറിൽ പോകുന്നതിന് തടസ്സം നിന്നു.

ഒരു വർഷം ആയപ്പോൾ തന്നെ അവർക്കൊരു കുഞ്ഞ് പിറന്നു. അവളെ പോലെ തന്നെ അതേ കണ്ണും മൂക്കും നുണക്കുഴിയുമുള്ള കൊച്ചു സുന്ദരിക്കുട്ടി കൂടി അവരുടെ ജീവിതത്തിലോട്ട് വന്നപ്പോൾ ആഷിഖ് ആരോടും പറയാതെ ജോലിയും ഉപേക്ഷിച്ചു നാട്ടിലേക്ക് ഓടി കിതച്ചു വന്നു.

സ്കൂൾ ടീച്ചറായ സോജ ജോലിക്കു പോകുമ്പോൾ ആഷിഖ് കുഞ്ഞിനേയും നോക്കി വീട്ടിലിരിക്കും. മാസങ്ങൾ കഴിഞ്ഞപ്പോൾ സോജ നിർബന്ധിച്ചു ആഷിഖിനെ വീണ്ടും ഖത്തറിൽ പറഞ്ഞു വിട്ടു.

ഇടയ്ക്കിടെ ആഷിഖ് നാട്ടിൽ വരാതിരിക്കാൻ വേണ്ടി സോജ വെക്കേഷൻ സമയത്ത് കുഞ്ഞിനേയും കൂട്ടി ഖത്തറിൽ  പോകുമായിരുന്നു.

ഇതിനിടയിൽ വീണ്ടും ഒരു സുന്ദരിക്കുട്ടി കൂടി അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നു.

രണ്ടു കൺമണികളേയും ചേർത്ത് പിടിച്ചു സോജ രാജകുമാരിയ്ക്ക് വേണ്ടി ആഷിഖ് ജീവിച്ചു. അവൾ പറയുന്നത് പോലെ അനുസരിച്ചു.

കുട്ടികൾക്കും അവൾക്കും വേണ്ടി നാട്ടിലൊരു ബംഗ്ലാവ് തന്നെ പണിതു. അവൻ അയച്ചു കൊടുക്കുന്ന പൈസ കൊണ്ട് അവളുടെ ഇഷ്ടത്തിന് അനുസരിച്ച് ഓരോരുത്തർക്കൂം ഓരൊ മുറികളും, ചിത്രപണികളും ചെയ്ത വീടുണ്ടാക്കി.

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞു, പുതിയ വീട്ടിൽ കുറച്ചു ദിവസം താമസിച്ചു. അവന്റെ സോജ രാജകുമാരിയോടൊപ്പം നാട്ടിൽ സ്ഥിരതാമസമാക്കാൻ അവന് അതിയായ മോഹം.

പക്ഷേ പെൺകുട്ടികൾ വളർന്നു വരുന്നു, അതുകൊണ്ട് നാട്ടിൽ നിൽക്കാതെ തിരികെ പോകാൻ പ്രിയതമ പറഞ്ഞപ്പോൾ ആഷിഖിന് അനുസരിക്കേണ്ടി വന്നൂ.

അധികനാൾ അവന് പിടിച്ചു നിൽക്കാനായില്ല, അവൻ പണിയിപ്പിച്ച പുതിയ കൊട്ടാരത്തിൽ തന്റെ രാജകുമാരിയോടും കുട്ടികളോടൊപ്പം കഴിയാനുള്ള തീവ്രമായ ആഗ്രഹം അവനെ മാനസികമായി ജോലി ചെയ്യാനുള്ള താലപര്യമില്ലാതാക്കി.

മാനസികമായി പിടിച്ചു നിൽക്കാൻ കഴിയാതെ നാട്ടിലേക്ക് കയറി വന്ന അവനെ സോജ വഴക്ക് പറഞ്ഞു.

നാട്ടിൽ എന്തെങ്കിലും ബിസിനസ് ചെയ്യാമെന്ന് പറഞ്ഞപ്പോൾ കാശില്ലാതെ ഒന്നും നടക്കില്ലന്ന് സോജ പറഞ്ഞു.

ഞാൻ അയച്ചു തന്ന കാശെല്ലാം നിന്റെ കൈയ്യിലുണ്ടല്ലൊ മോളേ..കുറച്ചു എടുത്ത് നമുക്കൊരു കച്ചവടം തുടങ്ങാം.

അതിൽ നിന്ന് ഒരു കാശ് പോലും തരില്ല, കൂട്ടികളുടെ ആവശ്യത്തിനുള്ളതാണ്.

ഇതിനിടയിൽ സോജ പുതിയൊരു കാറും വാങ്ങിയിരുന്നു. കുട്ടികളും സോജയും സ്കൂളിൽ പോകുമ്പോൾ വീട്ടിലെ ജോലികളൊക്കെ ചെയ്തും പൂന്തോട്ടം പരിപാലിച്ചും അവൻ സമയം നീക്കി.

പുറത്തേക്ക് പോകാൻ എനിക്കൊരു ബുള്ളറ്റ് വാങ്ങണം സോജാ….

പെട്രോൾ വാങ്ങാൻ പോലും കാശില്ലാത്ത നിങ്ങൾക്കെന്തിനാ ബുള്ളറ്റ്…

കാശ് നിന്റെ കൈയ്യിലുണ്ടല്ലോ. അത് മതിയല്ലോ മോളേ…ഇക്ക ഇവിടെ കിടന്ന് കറങ്ങാതെ തിരിച്ചു കമ്പനിയിൽ പോയി ജോലി നോക്ക്.

എനിക്ക് ഇനി നിന്നെയും പിള്ളാരേയും കാണാതെ ജീവിക്കാനാവില്ല, ഈ പുതിയ കൊട്ടാരത്തിൽ ഇനിയുള്ള കാലം നമുക്കൊരുമിച്ച് സന്തോഷമായി ജീവിക്കാം.

അതൊന്നും പറ്റില്ല, ഇക്ക ജോലിക്ക് പോകുന്നില്ലെങ്കിൽ നമുക്ക് ഈ വീട് വിൽക്കാം.

സോജാ…. നീ എന്താ ഈ പറഞ്ഞത്. തമാശക്ക് പോലും ഇനി മേലിൽ നീയിത് പറയരുത് മോളേ…

രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീട്ടിൽ ഒരു പുതിയ ബുള്ളറ്റ് ഷോറൂമിൽ നിന്ന് കൊണ്ടു വന്നു.

ആഷിഖ് അന്തം വിട്ടു നോക്കിയപ്പോൾ വണ്ടിയുടെ താക്കോലും രജിസ്ട്രേഷൻ പേപ്പറും ഡെലിവറി ബോയ് ആഷിഖിനെ ഏല്പിച്ചു മടങ്ങി.

വൈകുന്നേരം സോജയും കുട്ടികളും സ്കൂളിൽ നിന്ന് വന്നപ്പോൾ സന്തോഷത്തോടെ ഇരിക്കുന്ന ആഷിഖിനെ കണ്ടു.

ഇക്ക സന്തോഷമായൊ! വരു നമുക്ക് പുറത്ത് പോയിട്ട് വരാം.

നീ എന്നൊട് പറയാതെ വാങ്ങിയതെന്താ? കളർ പോലും എന്നോട് ചോദിച്ചില്ലല്ലോ!

കളർ ഏതായാലെന്താ ബുള്ളറ്റ് കിട്ടിയില്ലേ. ശരി, നീ കുറച്ചു കാശ് എന്റെ അക്കൌണ്ടിലോട്ട് ട്രാൻസ്ഫർ ചെയ്യ് സോജാ…പെട്രോൾ അടിക്കാൻ
എപ്പോഴും നിന്റടുത്ത് കാശ് ചോദിക്കണ്ടല്ലോ!

പെട്രോൾ അടിക്കാനും ചെലവിനും ഇക്ക എന്തെങ്കിലും ജോലി കണ്ടെത്തണം. ബാങ്കിൽ കിടക്കുന്ന കാശ് എടുത്തു ചിലവാക്കാൻ പറ്റില്ലന്ന് സോജ പറഞ്ഞപ്പോൾ ആഷിഖിന് സങ്കടമായി.

എങ്കിലും പുതിയ ബുള്ളറ്റിൽ തന്റെ സോജ രാജകുമാരിയേയും കയറ്റി പട്ടണം ചുറ്റി ഭക്ഷണവും കഴിച്ച് കുട്ടികൾക്ക് കഴിക്കാൻ ഭക്ഷണവും വാങ്ങി തിരികെ വീട്ടിലെത്തി.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഒരു വൈകുന്നേരം ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ സോജ പറഞ്ഞു,
നമുക്ക് ഈ വീട് വാടകക്ക് കൊടുക്കാം ഇക്കാ…മാസം പതിനയ്യായിരം വാടക തരാമെന്ന് ഒരാൾ പറഞ്ഞു.

അതുകേട്ടതും ആഷിഖ് ഞെട്ടി. നമുക്ക് സന്തോഷമായി താമസിക്കാൻ ഉണ്ടാക്കിയ വീട് വാടകയ്ക്ക് കൊടുക്കാനോ?

നമുക്ക് താമസിക്കാൻ ചെറിയൊരു കുടുംബ വീട് ഉണ്ടല്ലൊ ഇക്കാ…അങ്ങോട്ട് മാറി താമസിക്കാം.

അതു മതിയായിരുന്നെങ്കിൽ ഇത്രയും കഷ്ടപ്പെട്ടും ആഗ്രഹിച്ചും ഈ വീട് വയ്ക്കണ്ടായിരുന്നല്ലോ സോജ…

എന്നു പറഞ്ഞാൽ ചെലവിന് പൈസ വേണ്ടെ ഇക്കാ. കൊട്ടാരത്തിൽ കിടന്നാൽ വയറ് നിറയുമോ!

സോജാ, നീ എന്തോക്കെയാണ് ഈ പറയുന്നത്…ഞാൻ ഇത്രയും നാൾ നിനക്കും മക്കൾക്കും വേണ്ടി ജീവിക്കാനുള്ളതെല്ലാം ഉണ്ടാക്കിയില്ലേ?

ഇനി എനിക്ക് ഈ വീട്ടിൽ നിങ്ങളോടൊപ്പം ജീവിക്കണം..എന്റെ രണ്ട് കൺമണികളേയും ചേർത്ത് പിടിച്ചു അവരെ സംരക്ഷിച്ചു ഞാൻ ഈ വീട്ടിൽ ജീവിച്ചോട്ടെ മോളേ!

നീ അവിവേകമൊന്നും പറയല്ലേ ! കുറച്ചു കാശ് മുടക്കി ഒരൂ ബിസിനസ് ചെയ്യാം ഞാൻ. നാളെ തന്നെ നീ കുറച്ചു കാശ് എന്റെ അക്കൌണ്ടിലോട്ട് ട്രാൻസ്ഫർ ചെയ്യ്.

ബാങ്കിൽ കിടക്കുന്ന കാശെടുക്കാൻ ഞാൻ സമ്മതിക്കില്ല, രണ്ട് പെൺമക്കൾ വളർന്നു വരുന്നത് ഇക്ക കണ്ടില്ലേ?

ഞാൻ ഉണ്ടാക്കിയ കാശ് തന്നെയല്ലെ സോജ, എനിക്ക് ഒരു ആവശ്യത്തിന് ആ പൈസ ഉപകരിക്കില്ലേ! ഇത്രയും നാൾ നിന്നെയും മക്കളെയും നോക്കിയതു പോലെ ഇനിയും എനിക്ക് കഴിയും.

ഞാൻ സ്കൂളിലെ ജോലി രാജി വയ്ക്കാൻ പോകുന്നു. ഇക്ക പറഞ്ഞത് പോലെ നമുക്ക്  ഏന്തെങ്കിലും ബിസീനസ് ചെയ്യാം

നീ എന്താണ് പറയുന്നതെന്ന് ബോധമുണ്ടോ സോജ!  വെറുതെ ജോലി കളയല്ലെ…

ഇക്ക നല്ലൊരു ജോലി കളഞ്ഞല്ലേ നാട്ടിൽ നിൽക്കുന്നത്. പിന്നെ ഞാൻ ജോലി ഉപേക്ഷിച്ചാലെന്താ?

സോജ, ബിസിനസ് ചെയ്യുന്നത് അത്ര നിസ്സാര കാര്യമല്ലന്ന് ഓർമ്മ വേണം.

നിനക്ക് ഞാൻ നാട്ടിൽ നിൽക്കൂന്നത് ഇഷ്ടമില്ലെങ്കിൽ തിരിച്ചു പോകാം. പക്ഷേ പഴയതു പോലെ ജോലി ചെയ്യാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.

അതെനിക്ക് മനസ്സിലായി ഇക്ക, അതൂകൊണ്ടല്ലെ ഞാൻ ബിസിനസ് ചെയ്യാമെന്ന് പറഞ്ഞത്. ഇക്കയും കൂടെ അവിടെ ഇരുന്നാൽ മതി. നമ്മുടെ മക്കളെ കല്യാണം കഴിച്ചു വിടുന്നത് വരെ എന്തെങ്കിലും ചെയ്തു കാശ് ഉണ്ടാക്കണം.

നിനക്ക് കാശുണ്ടാക്കണം എന്ന ചിന്ത മാത്രമെയുള്ളൂ…ബന്ധങ്ങളും സ്നേഹവും ആണ് ജീവിതത്തിൻ ഏറ്റവും വലുതെന്ന് നീ മനസ്സിലാക്കണം.

നിന്റെ ഇഷ്ടം പോലെ എന്തെങ്കിലും ചെയ്യു, പിന്നീട് ദുഖിക്കാൻ ഇടയുണ്ടാവരുത് മോളെ… നന്നായി ആലോചിച്ചു തീരുമാനിക്ക്. ഞാൻ കൂടെയുണ്ടാവും.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവളൊരു ടൂവീലർ ഡീലർഷിപ്പ് തുടങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ട് പോയി.

കുടുംബ വീട്ടിലെ വാടകക്കാരെ ഒഴിപ്പിച്ചു അവൾ ആഷിഖിനേയും കുട്ടികളേയും കൂട്ടി താമസവും അങ്ങോട്ട് മാറ്റി.

പുതിയ വീട് പതിനയ്യായിരം രൂപയ്ക്ക് ഒരു ഡോക്ടറുടെ കുടുംബത്തിന് വാടകയ്ക്കും കൊടുത്തു.

പുതിയതായി പണി കഴിച്ച വീട്ടിൽ നിന്നിറങ്ങുമ്പോൾ ഒന്നു കൂടി തിരിഞ്ഞു നോക്കി നിറകണ്ണുകളോടെ ആഷിഖ് സോജയെ അനുഗമിച്ചു.

പിന്നെ കാര്യങ്ങളെല്ലാം സോജയുടെ ഇഷ്ടപ്രകാരം തന്നെ മുന്നോട്ട് പോയി. അവളൊരു കെട്ടിടം വാടകയ്ക്കെടൂത്ത് ഡീലർഷിപ്പ് കമ്പനിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി.

ആദ്യമൊക്കെ കൂട്ടിന് വിളിച്ചു കൊണ്ടിരുന്ന ആഷിഖിനെ പിന്നെ അവൾ ഒഴിവാക്കി ഒറ്റയ്ക്ക് മേൽനോട്ടം ഏറ്റെടൂത്തു. രണ്ടുമൂന്ന് ജീവനക്കാരേയും നിയമിച്ചു.

പിന്നെ ഒരൂ മേൽനോട്ടക്കാരന്റെ റോൾ പോലും ആഷിഖിന് ഉണ്ടായിരുന്നില്ല.
പതിയെ അവൻ മാനസികമായി തകർന്നു.

അവൾ ബിസിനസിന്റെ തിരക്കിലേക്കിറങ്ങി പോയപ്പോൾ അവനെ ശ്രദ്ധിക്കാനോ വീട്ടിൽ ഭക്ഷണം പാചകം ചെയ്യാൻ പോലും സമയം കണ്ടെത്താതായി.

ഭക്ഷണം ഓർഡർ ചെയ്തു വരുത്തി കഴിക്കാനും തുടങ്ങിയപ്പോൾ, ആഷിഖിന് ഭക്ഷണത്തോടും വിരക്തിയായി.

ഇതിനിടയിൽ അവൾ രഹസ്യമായി പുതിയ വീട് കോടികളുടെ ഇടപാടിന് വിൽപ്പനയും നടത്തി.

ആധാരമെഴുത്ത് ഓഫീസിൽ അവൾ  വിളിച്ചു കൊണ്ട് പോയി ഒപ്പ് വയ്പിച്ചപ്പോഴാണ് തന്റെ സ്വപ്നഭവനവും നഷ്ടപ്പെടുകയാണെന്ന സത്യം ആഷിഖ് മനസ്സിലാക്കിയത്.

തകർച്ചയുടെ അവസാന ആണിയും തന്റെ നെഞ്ചിൽ തറച്ചതു പോലെ തോന്നിയ ആഷിഖ് പിന്നെ ആരോടും മിണ്ടാതെയായി.

കുട്ടികളുടെ വിവാഹത്തിന് വേണ്ടിയാണ് വീട് വിറ്റതെന്ന് പറഞ്ഞ സോജയോട് മറുത്തൊന്നും ഉരിയാടാതെ ആഷിഖ് നിശബ്ദനായി.

പെൺകുട്ടികൾക്ക് ഒരുപാട് കല്യാണ ആലോചനകൾ വന്നെങ്കിലും അതെല്ലാം ഓരൊ കുറ്റങ്ങൾ പറഞ്ഞ് ഒഴിവാക്കി കൊണ്ടിരുന്നു.

എല്ലാം കണ്ടും കേട്ടും ഒരു മൂക സാക്ഷിയെ പോലെ ആ വീട്ടിൽ ആരോടും മിണ്ടാതെ, ഉണ്ണാതെ, ഉറങ്ങാതെ അവൻ കഴിഞ്ഞു കൂടി.

ബിസിനസ് ആവശ്യത്തിന് പുറത്തു പോകുന്ന സോജ പലപ്പോഴും ദിവസങ്ങൾ കഴിഞ്ഞു മടങ്ങി വരാൻ തുടങ്ങിയത് അവനെ മാനസിക രോഗിയാക്കി.

പതിവിന് വിപരീതമായി ആഷിഖിന്റെ ഫോണിൽ വന്ന ഒരു മെസേജ് അവനെ ഞെട്ടിച്ചു. ഇക്ക പത്തു ലക്ഷം രൂപ ഉടൻ കണ്ടെത്തണം.

സോജയുടെ മെസേജ് കണ്ട അവൻ ഉടൻ തന്നെ തന്റെ അനുജനെ വിളിച്ചു പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു.

നീ പെട്ടെന്ന് പത്ത് ലക്ഷം രൂപ ഞാൻ നൽകിയ അക്കൌണ്ട് നമ്പരിൽ അയച്ചു കൊടുക്കണം. സോജ മടങ്ങി വന്നാലുടൻ നിനക്ക് പൈസ മടക്കി തരും.

അപ്പോൾ തന്നെ അനുജൻ ആഷിക്കിനെ തിരിച്ചു വിളിച്ചു. ചേട്ടത്തി ഇതിനു മുമ്പ് തന്റെ കൈയ്യിൽ നിന്ന് പല പ്രാവശ്യം പണം വാങ്ങിയിട്ടുണ്ട്. വീട് വിറ്റപ്പോൾ തിരിച്ചു തരാമെന്ന് പറഞ്ഞെങ്കിലും ഇനിയും മുഴുവനും തിരിച്ചു നൽകിയിട്ടില്ല.
ചോദിക്കുമ്പോൾ തിരിച്ചു തരാം അല്ലെങ്കിൽ ബിസിനസിൽ പാർട്ടണർ ആക്കാമെന്നാണ് പറയുന്നത്. എനിക്ക് കാശ് എത്രയും പെട്ടെന്ന് വേണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.

വീട് വിറ്റ പൈസ ബാങ്കിലുണ്ടാവും അവൾ വന്നാലുടനെ തിരികെ തരാൻ ഞാൻ പറയാം, ഇപ്പോൾ എന്റെ സോജയെ നീ സഹായിക്കണം. ദയവായി എന്റെ സോജയെ നീ രക്ഷിക്കണം.

ബാങ്കിലൊന്നും ഇല്ലാത്തത് കൊണ്ടാണല്ലൊ ചേട്ടത്തി ഇപ്പോൾ പൈസ അത്യാവശ്യമായി ആവശ്യപ്പെട്ടത്. കോടികളല്ലെ ബിസിനസ്സിൽ കൊണ്ട് നിക്ഷേപിച്ചു തുലച്ചത്. എന്റെ കൈയ്യിൽ തരാൻ പൈസയൊന്നുമില്ല.

ആഷിഖ് ഉടൻ ഫോൺ കട്ട് ചെയ്തു. സോജ ഫോൺ വിളിക്കുന്നു. അവൻ ഫോൺ എടുത്തില്ല, വീണ്ടും വീണ്ടും ഫോൺ റിങ് ചെയ്തു കൊണ്ടിരുന്നു.

സമനില തെറ്റിയ അവൻ മുറിയിൽ കയറി കതകടച്ചു. തന്റെ വീട്, കുട്ടികളുടെ ഭാവി, എല്ലാം തനിക്ക് നഷ്ടമായിരിക്കുന്നു. ഇനി ഈ ഭൂമിയിൽ ജീവിക്കാൻ താൻ അർഹനല്ല.

തന്റെ പ്രിയപ്പെട്ടവളുടെ ചുരിദാറിന്റെ ഷാളെടുത്ത് നെഞ്ചിൽ ചേർത്ത് വച്ചു അവൻ തേങ്ങി കരഞ്ഞു, പിന്നെ ഒരു കസേരയെടൂത്ത് സീലിങ് ഫാനിൽ ഷാളിന്റെ ഒരറ്റം കൊണ്ട് കുരുക്കിട്ടു, മറ്റേയറ്റം കുരുക്കിട്ട് തന്റെ കഴുത്തിലേക്കിട്ടു.

ഒരു നിമിഷത്തെ പിടച്ചിലിൽ അവൻ ഈ ലോകത്ത് നിന്നും യാത്രയായി. മൂകമായ നിശബ്ദതയെ ഭേദിച്ചു കൊണ്ട് അവന്റെ ഫോൺ റിങ് ചെയ്തു കൊണ്ടേയിരുന്നു….