ഞാൻ കിതക്കുന്നുണ്ടായിരുന്നു. കുറച്ചു നേരത്തേക്ക് അവൾ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കിയിരുന്നു…

സൈക്കോപാത്ത്…

Story written by Jainy Tiju

===================

തലവേദനിക്കുന്നു എന്ന് പറഞ്ഞ് രേഖ കയറിവന്നപ്പോഴെ എനിക്ക് വല്ലായ്മ തോന്നി. പതിയെ ഒരു കപ്പ് കാപ്പിയുമായി ഞാൻ അവളെ അന്വേഷിച്ചു ബെഡ്റൂമിലേക്ക് ചെന്നു. ഡ്രസ്സ് പോലും മാറാതെ കണ്ണടച്ചു കിടക്കുന്നുണ്ടായിരുന്നു അവൾ .

“രേഖേ, എന്തുപറ്റി നിനക്ക്? പനിയുണ്ടോ?”

ഞാൻ പതുക്കെ അവളുടെ നെറ്റിയിൽ കൈവെച്ചു.

അവൾ പെട്ടന്ന് എഴുന്നേറ്റു എന്നെ കെട്ടിപിടിച്ചു..അവൾ അങ്ങനെയാണ്. സന്തോഷം വന്നാലും സങ്കടം വന്നാലും എന്നെ ഇറുക്കെ പിടിച്ചിരിക്കണം കുറച്ചു നേരം.ഞാൻ അനങ്ങാതെ ഇരുന്നുകൊടുത്തു. അവൾക്ക് എന്തോ കാര്യമായി പറയാനുണ്ട് എന്ന് എനിക്ക് മനസിലായി.

” ഡേവിച്ചാ, വീ ആർ ഓൾമോസ്റ്റ് ദെർ.ഞങ്ങൾ എന്റെ റിസർച്ചിന്റെ അവസാനസ്റ്റേജ് എത്തിയിരിക്കുന്നു. “

എനിക്ക് പെട്ടെന്ന് ചിരി വന്നു. ഇതിനാണ് പെണ്ണ് മനുഷ്യനെ ടെൻഷൻ അടിപ്പിച്ചത്.

” പക്ഷെ, ഡേവിച്ചാ, ഇനിയുള്ളതാണ് ഏറ്റവും റിസ്ക്. തനിക്ക് അറിയാലോ സൈക്കോപതി ജനറ്റിക്കലി ട്രാൻസ്ഫർ ചെയ്യപ്പെടുന്നു എന്നതാണ് എന്റെ ടോപ്പിക്ക്. എന്നുവെച്ചാൽ ഒരാളുടെ ഇത്തരം ക്രിമിനൽ മൈൻഡ് മക്കളിലേക്കും പാരമ്പര്യമായി പകർന്നു കിട്ടുന്നു എന്ന്. എത്രകാലം അത് അത് പുറത്തു വരാതെയിരുന്നാലും ഏതെങ്കിലും സാഹചര്യത്തിൽ ഒരു ട്രിഗർ ഉണ്ടായാൽ അത് പുറത്ത് വരുകതന്നെ ചെയ്യുമെന്ന്. തിയറിറ്റിക്കലി അത് പ്രൂവ് ആയിട്ടുണ്ട്. ഇനി വേണ്ടത് കുറച്ചു സ്ട്രോങ്ങ്‌ എവിഡൻസ് ആണ്. “

” ഇതൊക്കെ എനിക്ക് അറിയാവുന്നതല്ലേ ടാ. ” ഞാൻ അരുമയോടെ ചോദിച്ചു.

” ഇച്ചാ, അതിനു എനിക്കിനി വേണ്ടത് അയാളെ കണ്ടുപിടിക്കുക എന്നതാണ്. ശങ്കരനാരായണന്റെ മകൻ കാർത്തിക് നെ. “

” ആര്? ” ഞാൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു.

” 25 വർഷങ്ങൾക്ക് മുൻപ് പന്ത്രണ്ട് പേരെ മൃ ഗീ യമായി കൊ ലപ്പെടുത്തിയതിനു തൂ ക്കി ക്കൊ ന്ന സൈക്കോപാത്ത്കാസർഗോട്ടുകാരൻ ശങ്കരനാരായണനെ ഓർക്കുന്നില്ലേ, അയാളുടെ മകൻ കാർത്തിക്. “

ഞാൻ ഒരു നിമിഷം ഞെട്ടിവിറച്ചു. ഉള്ളിലൂടെ ഒരു വെള്ളിടി കടന്നു പോയി.

“എന്തിനാ നീയിപ്പോ അയാളെ അന്വേഷിക്കുന്നത്. അയാളും നിന്റെ റിസർച്ചും തമ്മിൽ എന്താണ് ബന്ധം? “

അറിയാതെ എന്റെ ശബ്ദം ഉയർന്നു.

” ശൂ, പതുക്കെ. മറ്റാരും അറിയരുത്. ഇതെന്റെ പ്രൊഫഷണൽ സീക്രെട്ട് ആണ്. പക്ഷെ, തനിക്കു ഇക്കാര്യത്തിൽ ഇന്റെരെസ്റ്റ്‌ ഉള്ളത് കൊണ്ട് മാത്രമാണ് ഞാനിത് തന്നോട് പറയുന്നത്. അതും എത്തിക്സ് നു വിരുദ്ധമാണ്. താനൊരു സൈക്കോളജിസ്റ് ആയതുകൊണ്ടും പലകേസുകളുടെ കാര്യത്തിലും താനെന്റെ ഫോറെൻസിക് ടീമിനെ സഹായിക്കാറുള്ളത് കൊണ്ടുമാണ് ഞാനിതൊക്കെ തന്നോട് പറയുന്നത്. “

” രേഖ, എനിക്കറിയാം. പക്ഷെ, അയാൾക്ക് ഇതിലെന്താ കാര്യമെന്നാ ഞാൻ ചോദിക്കുന്നത്? “

” ഇച്ചാ, ഞാൻ പറയുന്നത് താൻ ശ്രദ്ധിച്ചു കേൾക്കണം. 6 വർഷങ്ങൾക്ക് മുൻപ് ബാംഗ്ലൂരിൽ അഞ്ചു കൊലപാതകങ്ങൾ അടുപ്പിച്ചു നടന്നതോർക്കുന്നുണ്ടോ. ഇനിയും പോലീസിന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത അഞ്ചു പെൺകുട്ടികളുടെ മരണം.ശങ്കരനാരായണന്റെ കേസിലെ അതേ രീതിയിലാണ് ഇതിലും കൊല നടന്നിട്ടുള്ളത്. ഇനി എനിക്ക് അറിയേണ്ടത് ഈ കാർത്തിക് ശങ്കറിന് ആ കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്നതാണ്. അതിനാദ്യം അയാളെ കണ്ടുപിടിക്കണം. ആ കാലഘട്ടത്തിൽ അതായത്, 2016-2017 സമയത്ത് അയാൾ ബാംഗ്ലൂർ ഉണ്ടായിരുന്നോ എന്നതാണ്. “

” മതി. ഇവിടെ വെച്ച് നിർത്തിക്കോ നിന്റെ ഗവേഷണവും തിയറിയും ഒക്കെ. അതൊക്കെ വേണമെങ്കിൽ പോലീസ് കണ്ടുപിടിച്ചോളും. നീയിനി ഇതിന്റെ പുറകെ പോകാൻ ഞാൻ സമ്മതിക്കില്ല. “

” ഡേവിച്ചാ ഞാൻ.. ” അവളെ പൂർത്തിയാക്കാൻ ഞാൻ സമ്മതിച്ചില്ല.

” ഫോറെൻസിക് മെഡിസിൻ ആണ് നീ പഠിച്ചത് സമ്മതിച്ചു. കുറഞ്ഞ സമയം കൊണ്ട് അറിയപ്പെടുന്ന ഒരു പോലീസ് സർജൻ ആയതിലും ഞാൻ അഭിമാനിച്ചു. സൈക്കോപതിയെക്കുറിച്ച് ഗവേഷണം നടത്തുന്നു എന്ന് പറഞ്ഞപ്പോഴും കൂടെ നിന്നിട്ടേയുള്ളു. പക്ഷെ, ഇത് അനുവദിച്ചു തരാൻ പറ്റില്ല. നിന്റെ ജീവൻ അപകടത്തിലാവുന്ന ഒന്നിനും ഞാൻ അനുവദിക്കില്ല. “

ഞാൻ കിതക്കുന്നുണ്ടായിരുന്നു.കുറച്ചു നേരത്തേക്ക് അവൾ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കിയിരുന്നു.

” ഇച്ചാ, തന്റെ പേടി എനിക്ക് മനസ്സിലാവുന്നുണ്ട്. പക്ഷെ, എന്റെ ഈ തിയറി പബ്ലിഷ് ആവുമ്പോൾ അതോരു ചരിത്രം ആവും. അതിന് പുറകെ ഒരുപാട് പഠനങ്ങൾ നടക്കും. സമൂഹത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾ തന്നെ ഉണ്ടാക്കാൻ കഴിയും . അതിനെല്ലാം പുറമെ താൻ ആലോചിച്ചു നോക്കിക്കെ, ഇനിയുള്ള തലമുറ പഠിക്കുന്ന ക്രിമിനോളജിയിൽ ഒരു ചാപ്റ്റർ ഡോക്ടർ രേഖ ജോസെഫിന്റെ ആയിരിക്കും. ഈ എന്റെ. “

അവൾ ചിരിച്ചു.

” രേഖാ, തന്റെ എക്സൈറ്റ്മെന്റ് എനിക്ക് മനസ്സിലാവും. ഇതിപ്പോ അയാൾ തന്നെയാണെന്ന് എന്താണുറപ്പ്? ഇനി ആണെങ്കിൽ തന്നെ അയാളുടെ പുറകെയുള്ള പോക്ക് സേഫല്ല. സ്റ്റേറ്റ് പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് ഇത്രയും കാലമായി ഒരു തുമ്പ് പോലും കിട്ടാത്തവനെ വിലകുറച്ചു കാണരുത്. അവനിലേക്കെത്തുന്നു എന്ന് തോന്നിയാൽ അവൻ അടങ്ങിയിരിക്കുമെന്ന് തോന്നുന്നുണ്ടോ? അവന്റെ അടുത്ത ടാർഗറ്റ് നീയായിരിക്കും ഉറപ്പ്. അങ്ങനെ ഒരു റിസ്ക് നമുക്ക് വേണോ മോളെ? “

ഞാൻ അവളെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു.

” എടൊ, താനിത്ര ടെൻഷൻ ആവണ്ട. പോലീസിന്റെ ഒരു ടീം തന്നെ കൂടെയുണ്ട്. ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ” അവൾ പറഞ്ഞു.

” ടീമെന്നു പറയുമ്പോ നിന്റെ ഐജി ആദിത്യൻ ആയിരിക്കും ലീഡ്? ” ഞാൻ അല്പം പുച്ഛത്തോടെ ചോദിച്ചു.

“എടോ മാപ്പിളേ, ആദിയേട്ടന്റെ പേര് പറയുമ്പോ തനിക്കിപ്പോഴും ഒരു ടീനേജ് കാമുകന്റെ സ്വരമുണ്ട്.” അവൾ പൊട്ടിച്ചിരിച്ചു.

” പിന്നെ, അതൊന്നുമല്ല. ഈ പറഞ്ഞവൻ നേർക്ക് നേരെ വന്നാൽ ആ കിഴങ്ങനെക്കൊണ്ടൊന്നും അനങ്ങാൻ പറ്റില്ലെന്ന് പറഞ്ഞെന്നെ ഉള്ളൂ. ” ഞാനും സിറ്റുവേഷനു കുറച്ചു അയവു വരുത്താൻ ശ്രമിച്ചു.

” മോളെ, ഞാൻ പഠിച്ച സൈക്കോളജി അനുസരിച്ച് അവൻ ഇപ്പോൾ അഞ്ചാറു വർഷമായി അനങ്ങുന്നില്ലെങ്കിൽ അതിനർത്ഥം എന്തോ ഒന്ന് അവനെ തടയുന്നുണ്ട് എന്നാണ്. അത് ഒരുപക്ഷെ അയാളു ജീവനോടെ ഇല്ല എന്നതാവാം ,അല്ലെങ്കിൽ അയാൾ ഈ നാട് വിട്ടു പോയതാകാം, ചിലപ്പോൾ ആരുടെയെങ്കിലും ഭ്രാന്തമായ പ്രണയവുമാവാം. ഇനി അവസാനത്തേതാണെങ്കിൽ, അയാൾക്ക് ആ ബന്ധം നഷ്ടപ്പെടുമെന്ന തോന്നൽ മതി അയാൾ അടക്കിവെച്ചിരിക്കുന്ന കൊലപാതകചിന്തക്ക് ട്രിഗർ ആവാൻ.. അയാളെ തടയാൻ എളുപ്പമാവില്ല. ” ഞാൻ വീണ്ടും നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു.

” ഇച്ചാ, ഒരു തെറ്റും ചെയ്യാതെ ക്രൂ രമായി കൊല ചെയ്യപ്പെട്ട അഞ്ചു പെൺകുട്ടികൾക്ക് നീതി വേണ്ടേ? മാത്രമല്ല, താൻ പറഞ്ഞപോലെ അയാൾ ഒരു പെണ്ണിനോടൊപ്പം ജീവിക്കുന്നുണ്ടെങ്കിൽ ആ സ്ത്രീയുടെ ജീവനും അപകടത്തിലല്ലേ, ഏത് നിമിഷവും സംഭവിക്കാവുന്ന ഒരു മരണത്തിൽ നിന്ന് അവരെയും മറ്റു ഒരുപാട് പേരെയും രക്ഷിക്കാൻ കഴിഞ്ഞാൽ നല്ലതല്ലേ? പിന്നെ അവർക്ക് കുഞ്ഞുങ്ങളുണ്ടെങ്കിൽ അവരും ഭാവിയിൽ സമൂഹത്തിനു അപകടം ആയേക്കാമെന്നു നേരത്തെ തിരിച്ചറിയണ്ടേ? എനിക്ക് പേടിയില്ല. താനുണ്ടല്ലോ എന്റെ കൂടെ. “

പറഞ്ഞുകൊണ്ട് അവളെന്റെ നെഞ്ചിൽ മുഖമമർത്തി. അവിടെയാണ് ഞങ്ങളുടെ തർക്കങ്ങളെന്നും തീർന്നിരുന്നത്. അവളുടെ പ്രണയമാണെന്നുമെന്റെ ബലഹീനത എന്ന് അവൾക്ക് നന്നായറിയാം.

കുറച്ചു നാൾ പിന്നെ ഒന്നും കേട്ടില്ല.. പുരോഗതി ഒന്നുമുണ്ടായിട്ടുണ്ടാവില്ല എന്ന് ഞാനും കരുതി. എന്റേതായ ഞാനും തിരക്കുകളിലേക്ക് മടങ്ങി.

ഇന്നവൾ കയറിവന്നപ്പോൾ ഞാൻ അടുക്കളയിൽ ആയിരുന്നു.അതീവ സന്തോഷത്തോടെയാണ്‌ അവൾ എന്റെ അടുത്തേക്ക് വന്നത്.

” ഇച്ചാ, ഞാൻ തന്നെ പേടിപ്പിക്കേണ്ട എന്ന് കരുതി പറയാതെ ഇരിക്കുകയായിരുന്നു. കാർത്തികിനെ കുറിച്ചുള്ള അന്വേഷണം നല്ല രീതിയിൽ തന്നെ പുരോഗമിക്കുന്നുണ്ടായിരുന്നു. ശങ്കരനാരായണന്റെ അറസ്റ്റോടു കൂടി കാർത്തിക്കും അമ്മയും കാസറഗോഡ് വിട്ടു മംഗലാപുരത്തേക്ക് പോയിരുന്നു. പിന്നീട് അവരെക്കുറിച്ച് ഒരു വിവരവും ഇല്ലാതായി. അന്നത്തെ അയാളുടെയും അമ്മയുടെയും ഫോട്ടോയും ചില വിവരങ്ങളും വെച്ച് അന്വേഷണം നടക്കുന്നുണ്ടായിരുന്നു. അന്ന് നാടുവിടുമ്പോൾ അയാൾക് ഏകദേശം പത്തുവയസ്സ് കാണും. അങ്ങനെയാണെങ്കിൽ ഈ കേസ് നടക്കുമ്പോൾ ഏകദേശം 28-30 വയസ്സുണ്ടാവും. ആ രീതിയിൽ അന്വേഷിച്ചിട്ട് വല്യ ഡെവലപ്പ്മെന്റ് ഒന്നുമുണ്ടായില്ല. ഇന്ന് സുപ്രധാനമായൊരു വിവരം കിട്ടിയത്.. അയാളെ തിരിച്ചറിയാനുള്ള ഒരു വഴി. മംഗലാപുരത്തു വെച്ച് അയാളുടെ അമ്മ മരിച്ചതിനെതുടർന്നു അയാളെ ഒരു ക്രിസ്ത്യൻ കുടുംബം ദത്തെടുത്തിരുന്നു. എന്നുവെച്ചാൽ ഇപ്പോൾ അയാളുടെ പേര് കാർത്തിക് ശങ്കർ എന്നായിരിക്കാൻ സാധ്യതയില്ല എന്നർത്ഥം. അഡോപ്ഷൻ നടന്നത് ലീഗലി ആണെങ്കിൽ അയാളിലേക്ക് ഇനി അധികദൂരമില്ല. “

പറഞ്ഞു കൊണ്ട് അവളെന്നെ കെട്ടിപിടിച്ചു. എന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി.. എന്റെ തൊണ്ട വറ്റിവരണ്ടു. എന്ത് ചെയ്യണമെന്ന് അറിയാത്തപോലെ… എനിക്ക് എല്ലാം നഷ്ടപ്പെടാൻ പോകുന്നു. എന്റെ രേഖ, എന്റെ കുടുംബം..ആറു വർഷങ്ങൾക്ക് ശേഷം എന്റെ ചെവിയിൽ വീണ്ടും വണ്ടുകൾ മുരണ്ടു. തലയ്ക്കുള്ളിലിരുന്നാരോ കൊല്ല് കൊല്ലവളെ എന്ന് ആർത്തു വിളിച്ചു. പുതിയൊരു ഇര മുന്നിൽ കിട്ടുമ്പോഴുണ്ടായിരുന്ന ഉന്മാദം വീണ്ടും അനുഭവിച്ചു . ഡേവിഡ് എബ്രഹാം എന്ന ഞാൻ രേഖയോടുള്ള ഭ്രാന്തമായ പ്രണയത്തിൽ അടക്കിനിർത്തിയിരുന്ന എന്റെ ഉള്ളിലെ ആ പഴയ കാർത്തിക് ഉയർത്തെഴുന്നേൽക്കുന്നപോലെ. അതേ, ഡേവിഡ് തോൽക്കുകയാണ്, കാർത്തിക് വിജയിക്കുകയും . എന്റെ കൈകളിലേക്ക് രക്തം ഇരച്ചു കയറി.. അവളെ ചേർത്ത് പിടിച്ചിരുന്ന രണ്ടുകൈകളിലൊന്നു കൊണ്ട് സ്ലാബിൻ മുകളിലിരുന്ന ചുറ്റികയിൽ ഞാൻ പിടി മുറുക്കി…

” രേഖമോളെ, ഒന്നിങ്ങോട്ട് ഓടിവന്നേ.എന്റീശോയേ, ഞാനെന്താ ഈ കാണുന്നെ? “

റാഹെലടത്തിയുടെ ശബ്ദം മുറ്റത്തു നിന്ന് കേട്ടതോടെ ഞങ്ങൾ അകന്നുമാറി. ഞാൻ പെട്ടെന്ന് ചുറ്റികയിൽ നിന്ന് കയ്യെടുത്തു.

രേഖയാണാദ്യം മുറ്റത്തേക്ക് ഓടിയത്. പുറകെ ഞാനും. മുറ്റത്ത് ഞങ്ങളുടെ നാലുവയസ്സുകാരൻ അലൻകുട്ടൻ ഇരുപ്പുണ്ട്.അടുത്തൊരു കോഴിക്കുഞ്ഞും. ഞങ്ങൾ ഇല്ലാത്തപ്പോൾ അവനെ നോക്കുന്നത് റാഹലെടത്തി ആണ്. പിന്നെ അടുക്കളയിൽ സഹായത്തിനും. എല്ലാം കൂടി പുള്ളിക്കാരി ഒരു ഓൾ ഇൻ ഓൾ ആണ്.

” എന്റെ മക്കളെ, കഴിഞ്ഞയാഴ്ചയാ ഈ കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയേ. ഇതിപ്പോ നാലുദിവസം ആയി കുഞ്ഞുങ്ങൾ ഓരോന്നും ഈരണ്ടുമായി ചത്തുകിടക്കുന്നു. എന്നാ പറ്റിയെ എന്നോർത്ത് ഞാനാകെ മനപ്രയാസപ്പെട്ടിരിക്കുകയായിരുന്നു. ഇന്നിതാണ്ടേ, നോക്കുമ്പോ ഈ കൊച്ചിതിന്റെ കഴുത്തു പിടിച്ചു തിരിച്ചിട്ട് അത് കിടന്നു പിടയുന്നത് നോക്കിക്കൊണ്ടിരിക്കുന്നു. “

റാഹലെടത്തി വീണ്ടും പതം പറയുന്നുണ്ട്. രേഖ അവരെ ആശ്വസിപ്പിക്കുന്നുണ്ട്. അവൻ കുഞ്ഞല്ലേ പറഞ്ഞു മനസ്സിലാക്കാം എന്നൊക്കെ പറയുന്നുണ്ട്. ഞാൻ ശ്രദ്ധിച്ചത് അവന്റെ കണ്ണുകളായിരുന്നു. അത് വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. ചുണ്ടിൽ ഒരു കൊച്ചുകുഞ്ഞിന് ചേരാത്ത വികലമായ ഒരു ചിരിയും. ആ കണ്ണിലെ തിളക്കത്തിൽ ഞെട്ടലോടെ ഞാനെന്റെ പ്രതിരൂപം കണ്ടു…..

~ജെയ്‌നി റ്റിജു