ഒളിപ്പിച്ചു വെച്ച കണ്ണുനീരോടെ അവൻ പറഞ്ഞത് കേട്ടപ്പോൾ എന്റെ ഉള്ളം വിറച്ചു പോയി..

എഴുത്ത്: നൗഫു ചാലിയം

===============

“ഉമ്മാ… ഞാൻ രണ്ടര ലക്ഷം രൂപ കൂടേ അയച്ചിട്ടുണ്ട്…

ഇനി കല്യാണ ചിലവിലേക് എന്തേലും ബാക്കി പൈസ വേണേൽ ഒരു മാസം അവധി പറയാം…

കല്യാണം അടിപൊളിയായി നടക്കട്ടെ ട്ടോ…”

രാവിലെ തന്നെ എന്റെ മോൻ ഐഎംഒ യിൽ വിളിച്ചു പറയുന്നത് കേട്ടപ്പോൾ ഞാൻ അതൊന്നും ശ്രദ്ധിക്കാതെ അവനോട് ചോദിച്ചു..

“നിനക്ക് വന്നൂടെ ടാ… നിന്റെ പെങ്ങളെ കല്യാണമല്ലേ നാളെ…”

“ഹേയ് അതൊന്നും ശരിയാവൂല ഉമ്മ… നാട്ടിലേക് വരാനുള്ള പൈസ കൂടേ ഉണ്ടേൽ ബാക്കിയാവുന്ന കടങ്ങൾ കൂടേ വീട്ടാമായിരുന്നു…”

ഒളിപ്പിച്ചു വെച്ച കണ്ണുനീരോടെ അവൻ പറഞ്ഞത് കേട്ടപ്പോൾ എന്റെ ഉള്ളം വിറച്ചു പോയി..

“എന്റെ മകൻ…

പതിനാലാം വയസിൽ ഏറ്റെടുത്തതാണ് അവൻ ഈ കുടുംബം..

ഇക്ക ഒരു ആക്‌സിഡന്റിൽ ഒരു വാക് പോലും മിണ്ടാതെ പോയപ്പോൾ.. അന്നിറങ്ങിയതാണ് കിട്ടുന്ന പണിക്കെല്ലാം പോകും.. അതിൽ കൂടുതലും അടുത്തുള്ള ചെങ്കൽ കോറിയിൽ ആയിരുന്നു അവന് പണി…

ആ പണി വേണ്ട മോനേ.. ചെറിയ എന്തേലും പണിക് പൊയ്ക്കൂടേ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു…

ഓവർ ടൈം പണി ഉണ്ടാവും ഉമ്മാ.. അവരുടെ കൂടേ നിന്നാൽ രാത്രിയിലും പൂഴി കടത്താനോ അങ്ങനെ എന്തേലും ചില്ലറ പണികൾക്കും അവർ വിളിക്കും…

കൈയെല്ലാം പൊട്ടി… ചുട്ടു നീറി പുകഞ്ഞാണ് ഭക്ഷണം പോലും കഴിക്കുക..

ഒരു ഉരുള എന്റെ കയ്യിൽ വാരിയെടുത്തു അവന്റെ വായിലേക്ക് കൊടുക്കാമെന്നു കരുതിയാൽ പോലും തൊട്ടടുത്തു ഇരിക്കുന്ന കുഞ്ഞു പെങ്ങളെ അവൻ നോക്കും അവനെ അവൾ കളിയാക്കുമോ എന്നായിരുന്നു അവന്റെ പേടി…

എന്നാലും ഞാൻ അവന് വാരി കൊടുക്കും… അവൻ അത് ആശ്വാദിച്ചെന്ന പോലെ കഴിക്കുമ്പോൾ ആയിരുന്നു എന്റെ ഉള്ളം നിറഞ്ഞിരുന്നത്…

അങ്ങനെ രാവ് മുഴുവൻ പണി അടുത്തായിരുന്നു തറവാട്ടിൽ നിന്നും ഒരു കുഞ്ഞു വീട്ടിലേക് ഞങ്ങൾ താമസം മാറിയത്…

അതിലും അവന്റെ വിയർപ്പ് തന്നെ കൂടുതൽ…

അവന്റെ കഷ്ടപ്പാട് കണ്ടായിരുന്നു ഒരു കൂട്ടുകാരൻ സൗദിയിലേക്കു കൊണ്ട് പോയത്…

അവന്റെ ആത്മാർത്ഥ നിറഞ്ഞ ജോലിയും ആയിരുന്നു ഒരു കാരണം…

ഒരു മാസം കൂടേ കഴിഞ്ഞാൽ ജോലി കയറ്റം കിട്ടാൻ സാധ്യത ഉണ്ടെന്നും പറഞ്ഞു നിൽക്കുന്ന സമയത്താണ് മോൾക് നല്ലൊരു ആലോചന വരുന്നതും അത് ഞങ്ങൾ ഉറപ്പിക്കുന്നതും..

അത് മറ്റാരും അല്ല…അവനെ കൊണ്ട് പോയ കൂട്ടുകാരൻ തന്നെ ആയിരുന്നു മോളെ കെട്ടാൻ ഇരിക്കുന്നത്…”

“എന്നാലും നീ ഇല്ലാതെ എങ്ങനെയാട..നീ സുലു വിന്റെ കല്യാണത്തിന് വരുമെന്ന് പറഞ്ഞു അവൾ ഇവിടെ എല്ലാവരോടും പറഞ്ഞു നടക്കുന്നുണ്ട്…ഇനി ഓളെ സങ്കടം കൂടേ ഞാൻ കാണണമല്ലോ പടച്ചോനെ…”

“അതൊന്നും സാരമില്ല ഉമ്മാ… ഓൾക് ഇന്നൊരു ദിവസം കൂടേ അല്ലേ സങ്കടം ഉണ്ടാവൂ…ഇന്ഷാ അള്ളാഹ് നാളെ മുതൽ പുതിയൊരു ജീവിതം തുടങ്ങുകയല്ലേ.. അവൾ റിലാക്സ് ആയിക്കോളും എന്നായിരുന്നു അവന്റെ മറുപടി…”

“അതെല്ലടാ… ഓളെ കൈ പിടിച്ചു കൊടുക്കാൻ നീയല്ലേ വേണ്ടത്…”

അവനെ എങ്ങെനെ യെങ്കിലും വരുവിക്കാനായി ഞാൻ വീണ്ടും പറഞ്ഞു..

” എന്റെ ഉമ്മാ മൂത്താപ്പയും എളാപ്പയുമൊക്കെ ഇല്ലേ അവിടെ…ഓല് ആരെങ്കിലും പിടിച്ചു കൊടുത്തോളും..ഞാൻ അവരോട് വിളിച്ചു പറയാൻ..നിങ്ങളിങ്ങനെ പറഞ്ഞു എന്നെ സങ്കട പെടുത്തല്ലേ ഉമ്മാ എന്നും പറഞ്ഞു അവൻ ഫോൺ വെച്ചു…”

ഫോൺ വെച്ച ഉടനെ തന്നെ ആയിരുന്നു മോള് വന്നത്…

“അബൂക്ക വരില്ലേ ഉമ്മാ…? “

എന്റെ അരികിലേക് വന്ന ഉടനെ തന്നെ അവൾ ചോദിച്ചു..

” വരും മോളെ…”

അവളെങ്കിലും അവൻ വരുമെന്ന് കരുതി സമാധാനിച്ചോട്ടെ എന്നും കരുതി ഞാൻ പറഞ്ഞു…

“മണിക്കൂറുകൾ വീണ്ടും നീങ്ങി…

ഒരു കല്യാണത്തിന്റെ എല്ലാ ചടങ്ങുകളും എന്റെ വീട്ടിൽ നടക്കുന്നുണ്ടായിരുന്നു വെങ്കിലും എന്റെ മനസ്സ് അപ്പോഴും എന്റെ മോന്റെ കൂടേ ആയിരുന്നു…”

അവനില്ലാതെ ഈ വീട്ടിൽ ഒരു കല്യാണം…”

“പിറ്റേന്ന് പുലർച്ചെ പുറത്ത് ബഹളം നല്ല കേട്ടിട്ടായിരുന്നു ഞാൻ ഉണർന്നത്…

ഞാൻ എന്താണ് സംഭവം എന്നറിയാതെ ഓടി പിടിച്ചു എഴുന്നേറ്റ് പുറത്തേക് ഓടിയപ്പോൾ കാണുന്നത് എന്റെ മോൻ കയ്യിലൊരു ഭാഗും പിടിച്ചു നിൽക്കുന്നതാണ്…അവന്റെ കുഞ്ഞു പെങ്ങളുടെ വിവാഹത്തിന് ഒരു സർപ്രൈസ് എന്ന പോലെ…എന്റെ മോൻ വന്നിരിക്കുന്നു…

ഇന്നലെ മുഴുവൻ ഞാൻ എന്റെ റബ്ബിനോട് തേടിയതിനുള്ള ഉത്തരം എന്ന പോലെ…”

ഇഷ്ട്ടപെട്ടാൽ 👍

ബൈ

നൗഫു…😍