അത്‌ നേരാ ഇച്ചായാ, എനിക്കും സിനിമ കാണാനൊക്കെ മോഹമുണ്ട്‌. വീട്‌ വിട്ടങ്ങനെ പോകാൻ സമയമുണ്ടോ…

Story written by Jijo Puthanpurayil

=================

“ഹന്നക്കൊച്ച് എന്തിയേടി?”

“അവളാ തോമാച്ചന്റെ വീട്ടിൽ സിനിമ കാണാൻ പോയി. ഞായറാഴ്ച സിനിമ പതിവാണല്ലോ അവൾക്ക്‌”

“കുട്ടികളല്ലേ പോയിരുന്ന് കാണട്ടേന്നേ. ഇവിടാണെങ്കിൽ കറന്റും കിട്ടിയിട്ടില്ല. അഞ്ച്‌ പോസ്റ്റ്‌ വേണം ഇവിടേക്ക്‌. പഞ്ചായത്തെങ്ങാനും ഇട്ട്‌ തന്നാൽ കിട്ടും. ഇനിയും എത്ര വർഷങ്ങൾ കാത്തിരിക്കണം. സ്വന്തമായി ലൈൻ വലിക്കാന്ന് വെച്ചാൽ കാശുമില്ല. അല്ലേലും കൂലിപ്പണിക്കാർക്ക്‌ സ്വപ്ന സാക്ഷാത്കാരം അന്യമാണല്ലോ”

“ഇച്ചായനെന്തിനാ വിഷമിക്കുന്നത്‌. കിട്ടുമ്പോ കിട്ടിയാൽ മതി. മണ്ണെണ്ണ വിളക്കിന്റെ ഭംഗിയൊന്നും കറന്റ്‌ ബൾബിനില്ല”

“ഒന്ന് പോടി….ഇങ്ങനൊക്കെ പറഞ്ഞ്‌ സ്വയം ആശ്വസിക്കാം. പാവപ്പെട്ടവന്റെ ആഗ്രഹങ്ങൾ ആശ്വാസ വാക്കിൽ കുതിർത്തി പുഴുങ്ങി തിന്നാൻ കൊള്ളാം. ഇല്ലടി, നമ്മളദ്ധ്വാനിച്ച്‌ തന്നെയല്ലേ  ഈ കൊച്ച്‌ ഓട്‌ വീടുണ്ടാക്കിയത്‌. ഇത്‌ പോലെ തന്നെ നമ്മള് കറന്റും എടുക്കും”

“ഇച്ചായൻ മാത്രം പണം മുടക്കിയെന്തിനാ ലൈൻ വലിക്കുന്നത്‌, അപ്പുറത്തെ രണ്ട്‌ വീട്ടുകാരും കൂടി സഹകരിച്ചാൽ കാര്യങ്ങളെളുപ്പമാവില്ലേ?”

“അതൊക്കെയെത്ര വട്ടം പറഞ്ഞതാ. അവർക്കാർക്കും പണം മുടക്കി വേണ്ടായെന്ന്”

“അത്‌ നോക്കിക്കൊ, ഇച്ചായൻ പണം മുടക്കി വലിച്ചാൽ അവർ പിറ്റേ ആഴ്ച ഇതിൽ നിന്ന് വലിക്കും, രണ്ട്‌ വീട്ട്‌ കാർക്ക്‌ കൂടി ഒരു പോസ്റ്റ്‌ ഇവിടെ നിന്ന് മതിയാകും”

“എടുക്കുവാണെങ്കിൽ എടുക്കട്ടെ. എന്തായാലും അടുത്ത വർഷം നമ്മൾ കറന്റെടുക്കും, ഒരു ടിവി യും വാങ്ങും. എന്നും വല്ലവന്റെ വീട്ടിൽ പോയി ടിവി കണ്ടാലവർക്ക്‌ ഇഷ്ടമാവില്ല. അവർക്കുമില്ലേ അവരുടെ സ്വകാര്യത”

“അത്‌ നേരാ ഇച്ചായാ, എനിക്കും സിനിമ കാണാനൊക്കെ മോഹമുണ്ട്‌. വീട്‌ വിട്ടങ്ങനെ പോകാൻ സമയമുണ്ടോ”

“എന്നാ നമുക്ക്‌ പട്ടണത്തിൽ പോയൊരു സിനിമ കണ്ടാലോ?”

“അതിനൊക്കെ കാശൊത്തിരിയാവില്ലേ, അഞ്ചെട്ട്‌ മാസം മുന്നേ നമ്മൾ പോയതല്ലേ”

“സാരമില്ലടി മറിയക്കുട്ടി, വല്ലപ്പോഴുമല്ലേ പോകുന്നുള്ളു.”

“എന്നാ പിന്നെ അടുത്ത ശനിയാഴ്ച പോകാം”.

“എന്നാ അങ്ങനെ ചെയ്യാം. എനിക്ക്‌ നല്ല വിശപ്പ്‌ നീയാ കപ്പ പുഴുങ്ങിയതും ഉണക്കമീൻ ചുട്ടതും ഇങ്ങെടുത്തേ.”

“ഞാൻ കട്ടനുണ്ടാക്കട്ടെ ഇച്ചായാ, നമുക്കൊരുമിച്ച്‌ തിന്നാം. ഹന്ന മോള്‌ തിന്നിട്ടാ പോയത്‌.”

“ആ അപ്പോഴേക്കും ഞാൻ ഇല വെട്ടിക്കൊണ്ടു വരാം. ഇലയിൽ തിന്നുന്ന സുഖമൊന്നും പ്ലേറ്റിൽ തിന്നാൽ കിട്ടില്ല.”

“ശരിയിച്ചായാ..”

കപ്പപ്പുഴുക്കും ഉണക്കച്ചാള ചുട്ടതും അവരൊരിലയിൽ വിളമ്പി. അപ്പോഴേക്കും ഹന്നക്കൊച്ച്‌ സിനിമ കഴിഞ്ഞു വന്നു അവർക്കൊപ്പം കൂടി.

മറിയക്കുട്ടി എഴുന്നേറ്റ്‌ പോയി രണ്ട്‌ ചാള കൂടി കനലിലിട്ട്‌ ചുട്ടു കുറച്ച്‌ പുഴുക്കും കൂടി ഇലയിൽ വിളമ്പി. ഒരൊരോ നാട്ട്‌ വർത്തമാനങ്ങളും പറഞ്ഞവർ കപ്പയും മീനും തിന്നു.

കുറച്ച്‌ കൃഷിയും പിന്നെ കൂലിപ്പണിയുമുള്ള ബേബിച്ചൻ പണം കൂട്ടി വെച്ചു, കുറിയും ചേർന്നു.

അപ്പോഴേക്കും പഞ്ചായത്തിൽ കമ്യൂണിസ്റ്റ്‌ പാർട്ടി അധികാരത്തിൽ വന്നു. ആ വാർഡിലെ എല്ലാവർക്കും പഞ്ചായത്ത്‌ വക പോസ്റ്റ്‌ ഇട്ട്‌ കൊടുത്തു.

ആ ആഴ്ച തന്നെ അവർ കറന്റെടുത്തു. ചെറുതായി വയറിംഗ്‌ ചെയ്ത്‌ വെച്ചിരുന്നു.

കൂട്ടി വെച്ച പൈസ കൊടുത്തൊരു ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ടിവി വാങ്ങി.

ഇപ്പോൾ ബേബിച്ചന്റെ വീട്ടിലാണ്‌ അടുത്തുള്ളവർ ഞായറാഴ്ചകളിൽ ടിവി കാണാൻ വരുന്നത്‌.

വർഷങ്ങൾ കുറച്ച് കഴിഞ്ഞു. ഹന്നാ മോള്‌ പഠിച്ചു വലുതായി. ബേബിച്ചൻ കൂലിപ്പണിക്ക്‌ പോകും പറമ്പിൽ കപ്പയും ചേനയും കാച്ചിലും നടും.

“ഇച്ചായാ”

“എന്നതാടി പെണ്ണേ”

“ഹന്ന മോളെ കെട്ടിച്ച്‌ വിടണ്ടേ. വയസ്സിരുപത്തൊന്നായി”

“അറിയാം, അവളു പഠിക്കുവല്ലേ. ഒന്നു രണ്ട്‌ വർഷം കഴിയട്ടേ. അപ്പോഴേക്കും പണവുമാവും അവളുടെ പഠിപ്പും തീരും, കുറച്ച്‌ ജീവിത പക്വതയുമാവും”

“അപ്പോൾ ഓടിട്ട വീട്ടിൽ വെട്ടം കയറാൻ വെച്ച ചില്ലിൽ കൂടി നറു നിലാവ്‌ അകത്ത്‌ ചെറിയൊരു സുഖ പ്രകാശം പരത്തി.

ബേബിച്ചനും മറിയക്കുട്ടിയും ചില്ലിലൂടെ പൂർണ്ണ ചന്ദ്രനെ കണ്ട്‌ എപ്പോഴോ ഉറങ്ങി പോയി.

തഴപ്പായയിലെ ഉറക്കത്തിനു നല്ല സുഖമായിരുന്നു.

~ജെപി