ഇതാരാ എന്റെ മുറിയുടെ വാതിൽ തുറന്നിട്ടത്, എന്ന് പിറുപിറുത്തു കൊണ്ട് അരുൺ ദേഷ്യത്തോടെ മുറിക്കകത്തു കയറി നോക്കി…

തിരിച്ചറിവ്…

എഴുത്ത്: ശിവ എസ് നായർ

=======================

“ഇതാരാ എന്റെ മുറിയുടെ വാതിൽ തുറന്നിട്ടത്…” എന്ന് പിറുപിറുത്തു കൊണ്ട് അരുൺ ദേഷ്യത്തോടെ മുറിക്കകത്തു കയറി നോക്കി.

പക്ഷേ മുറിയിൽ ആരും ഉണ്ടായിരുന്നില്ല.

“അമ്മേ ഇതാരാ എന്റെ മുറിയുടെ വാതിൽ തുറന്നിട്ടത്… “

അമ്മയുടെ മറുപടി ഉണ്ടായില്ല

നോക്കിയപ്പോൾ ഒരു പേപ്പർ നാലായി മടക്കി മേശപ്പുറത്തു വച്ചേക്കുന്നു…ആകാംക്ഷയോടെ അവൻ അതെടുത്തു തുറന്നു നോക്കി. അതൊരു കത്ത് ആയിരുന്നു.

“ഇതാരാ തനിക്കിപ്പോ കത്ത് എഴുതി കൊണ്ട് ഇവിടെ വച്ചത്… “

അരുൺ കത്ത് വായിക്കാൻ തുടങ്ങി…

“പ്രിയപ്പെട്ട എന്റെ ഏട്ടന് വാവ എഴുതുന്നത്…നാളത്തെ സൂര്യോദയം കാണാൻ ഞാൻ ഉണ്ടാവില്ല… ഇനി ഒരു കരടായി ഏട്ടന്റെ ജീവിതത്തിലും നമ്മുടെ വീട്ടിലും ഞാൻ ഉണ്ടാവില്ല. എന്നെങ്കിലും ഏട്ടൻ എല്ലാം ക്ഷമിച്ചു എന്നെ സ്നേഹിക്കുമെന്ന് കരുതിയാണ് ഞാൻ ജീവിച്ചത്. അമ്മയും മറ്റുള്ളവരും ദേഷ്യവും വെറുപ്പും കളഞ്ഞു എനിക്ക് പറ്റിയ തെറ്റ് ക്ഷമിച്ചു മോളായി സ്നേഹിച്ചിട്ടും ഏട്ടന്റെ മനസ്സിൽ ഇന്നും പടിയിറക്കിവിട്ട അനിയത്തിയോട് ഒരു തരി സ്നേഹം പോലും ഉണ്ടായില്ലല്ലോ എന്നോർത്ത് നെഞ്ച് പൊട്ടുന്നു ഏട്ടാ.

ഏട്ടൻ എന്നെ ഒരുപാട് വെറുക്കുന്നുണ്ടെന്ന് എനിക്കറിയാം. എനിക്ക് ഒരിക്കലും സഹിക്കാൻ പറ്റാത്തത് ഏട്ടന് എന്നോടുള്ള വെറുപ്പാണ്. അതുകൊണ്ട് ഞാൻ മ-രിക്കാൻ തീരുമാനിച്ചു ഏട്ടാ. ഏട്ടനെ ഈ അനിയത്തിക്ക് ജീവനാണ്. ഒരുപാട് ഇഷ്ടാണ് എനിക്ക് ഏട്ടനെ. ഞാൻ മരിച്ചു കഴിഞ്ഞെങ്കിലും എന്റെ തെറ്റ് ക്ഷമിച്ചു ഏട്ടൻ എന്നെ സ്നേഹിക്കണം. ഈ ജീവിതത്തിൽ എനിക്ക് ഇനി നേടാനും നഷ്ടപ്പെടാനും ഒന്നുമില്ല. ഏട്ടന്റെ ഇഷ്ടം നേടിയെടുക്കണം എന്നുണ്ടായിരുന്നു അത് നടന്നില്ല.

പണ്ട് മുതലേ ഏട്ടൻ ഭയങ്കര ഗൗരവക്കാരൻ ആയിരുന്നെങ്കിലും സ്നേഹം പ്രകടിപ്പിച്ചില്ലെങ്കിലും അമ്മ പറയുമായിരുന്നു ഏട്ടന് എന്നെ ഇഷ്ടാണ് പ്രകടിപ്പിക്കാൻ അറിയില്ല എന്നൊക്കെ. എനിക്കും അറിയാമായിരുന്നു ഏട്ടൻ പ്രകടിപ്പിച്ചില്ലെങ്കിലും എന്നെ ഇഷ്ടമുണ്ടെന്ന്. പക്ഷേ ഏട്ടൻ എന്നോട് പ്രകടിപ്പിക്കുന്ന വെറുപ്പ് അതെനിക്ക് സഹിക്കാൻ കഴിയുന്നില്ല…

അതുകൊണ്ട് ഞാൻ പോകുവാ….. “

എന്ന് സ്വന്തം വാവ

കത്ത് വായിച്ചു കഴിഞ്ഞതും അവന്റെ കയ്യിലുരുന്ന് ആ കടലാസ് കഷ്ണം വിറകൊണ്ടു.

ഉടനെ അരുൺ വാവേ എന്നുറക്കെ വിളിച്ചു കൊണ്ട് വാവയുടെ മുറിയിലേക്ക് ഓടി.

ഒറ്റ ചവിട്ടിനു വാതിൽ പൊളിച്ചു അകത്തു കയറിയ അവൻ കണ്ടത് ര-ക്തം തളം കെട്ടി കിടക്കുന്നതാണ്. കട്ടിലിൽ കൈ മുറിച്ചു ബോധ ശൂന്യയായി വാവ കിടപ്പുണ്ടായിരുന്നു. അരുൺ അമ്മേന്ന് ഉറക്കെ വിളിച്ചു കൊണ്ട് ഓടിപോയി വാവയെ പൊക്കിയെടുത്തു.

ഒച്ചപ്പാടും ബഹളവും കേട്ട് അമ്മ ഓടിയെത്തി. ചോര വാർന്നൊലിക്കുന്ന വാവയുടെ കൈത്തണ്ട കണ്ടതും അവർ ഞെട്ടിത്തരിച്ചു നിന്നു.

“അമ്മേ വേഗം ആംബുലൻസ് വിളിക്ക്…. എത്രേം പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോണം… ചോര ഒരുപാട് പോയിട്ടുണ്ട്… “

അവർ വേഗം ആംബുലൻസിനെ ഫോൺ ചെയ്തു… അതേസമയം അരുൺ ഒരു തുണി കൊണ്ട് അവളുടെ കൈത്തണ്ട ചുറ്റിക്കെട്ടി.

**********************

വാവയെ ഐസിയുവിലേക്ക് അഡ്മിറ്റ്‌ ചെയ്തു.

വിവശനായി കൈകളിൽ മുഖം അമർത്തിയിരുന്ന അരുണിന്റെ അടുക്കലേക്ക് അമ്മ ചെന്നു. തോളിൽ അമ്മയുടെ കരതലം അമർന്നപ്പോൾ ചോദ്യഭാവത്തോടെ അവൻ അമ്മയുടെ മുഖത്തേക്ക് ഉറ്റുനോക്കി.

“എന്തിനാടാ മോനെ അവൾ അങ്ങനെ ചെയ്തത്….”

അമ്മയുടെ ചോദ്യത്തിന് മറുപടി ഒന്നും പറയാതെ അവൻ പോക്കറ്റിൽ ഇരുന്ന കത്തെടുത്തു അവർക്ക് നൽകി.

കത്ത് വായിച്ചു അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“എത്ര വർഷമായി നീ അവളുടെ മുഖത്തു പോലും നോക്കിയിട്ട്… അമ്മയ്ക്ക് മോനെ കുറ്റം പറയാൻ പറ്റില്ല…. കാരണം തെറ്റ് അവളുടേതായിരുന്നു…. എന്നാലും നീ സ്വപ്നം കണ്ട നിലയിൽ അവൾ എത്തിയിട്ടും നീ മാത്രം അവളോട്‌ ക്ഷമിച്ചില്ല… സങ്കടം സഹിക്കാൻ കഴിയാഞ്ഞിട്ടാകും അവൾ…. ” വാക്കുകൾ പൂർത്തിയാക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല.

അമ്മയെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അവന് അറിയില്ലായിരുന്നു. മനസ്സിൽ ഒരു തരം മരവിപ്പായിരുന്നു…

ഇതേ അവസ്ഥ ആയിരുന്നു മൂന്നു വർഷം മുൻപ് ഒരു ദിവസം വാവ മറ്റൊരുത്തനൊപ്പം വീട്ടുകാരെയും നാണംകെടുത്തി സ്വന്തം നാടും വീടും ഉപേക്ഷിച്ചു പോയതറിഞ്ഞപ്പോഴുള്ള അവസ്ഥ.

അന്ന് പടിയിറക്കി അവളെ മനസ്സിൽ നിന്ന്. പിന്നെ അറിഞ്ഞു അവളുടെ ഇഷ്ടത്തോടെ പോയതല്ലെന്നും അവന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങി പോയതാണെന്നും. പോയത് പോലെ അവൾ തിരിച്ചു വന്നു. ജീവിതത്തിൽ എല്ലാരേം നഷ്ടപ്പെട്ടു എന്നറിഞ്ഞിട്ടും അവൾ വാശിയോടെ ജീവിച്ചു. അത് അവളെ ആരുമില്ലാതെ ഒറ്റപ്പെടുത്തിയ അവനോടുള്ള വാശി ആയിരുന്നു…. പിന്നെ നഷ്ടപ്പെട്ട വീട്ടുകാരുടെ ഇഷ്ടം വീണ്ടെടുക്കാനും….

സത്യാവസ്ഥ അറിഞ്ഞപ്പോൾ അമ്മ അവളെ വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നു. പക്ഷെ ഞാൻ അവളോട്‌ ക്ഷമിക്കാൻ തയ്യാറല്ലായിരുന്നു. കൂടെ ഇറങ്ങി ചെന്നില്ലെങ്കിൽ ആ-ത്മ-ഹത്യ ചെയ്യുമെന്ന് അവൻ ഭീഷണിപെടുത്തിയപ്പോൾ എന്നോട് ഒരു വാക്ക് പറഞ്ഞെങ്കിൽ അവളെ ഞാൻ രക്ഷിക്കുമായിരുന്നു. പകരം അവന്റെ ഭീഷണിക്ക് വഴങ്ങി അവന്റൊപ്പം പോയി കഴുത്തു നീട്ടി കൊടുത്തു. എന്നിട്ട് അവനെ ഡിവോഴ്സ് ചെയ്തു അവൾ പക വീട്ടി. വീട്ടിൽ ഒരു വാക്ക് പറഞ്ഞെങ്കിൽ അവൾക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് എനിക്ക് തോന്നി. അതുകൊണ്ട് തന്നെ അവളോട്‌ ക്ഷമിക്കാനോ മിണ്ടാനോ എനിക്ക് തോന്നിയില്ല എന്നതാണ് സത്യം…

ചിന്തകളിൽ മുഴുകി ഇരുന്നപ്പോഴാണ് അമ്മ വന്നു വിളിച്ചത്.

“മോനെ അവൾക്കു അത്യാവശ്യമായി ബ്ലഡ്‌ വേണമെന്ന് ഒരു നേഴ്സ് വന്നു പറഞ്ഞു… “

“ആ ശരി.. “

അരുൺ ബ്ലഡ്‌ കൊടുക്കാനായി നഴ്സിനൊപ്പം പോയി.

***********************

“കുട്ടി അപകടനില തരണം ചെയ്തു. സെഡേഷൻ കൊടുത്തിട്ടുണ്ട് മയക്കത്തിലാണ്…. വാർഡിലേക്ക് മാറ്റുമ്പോൾ കാണാം… ” ഡോക്ടർ പറഞ്ഞു

ഐസിയുവിന്റെ ചില്ലിനുള്ളിൽ കൂടി അരുൺ തന്റെ അനിയത്തിയെ നോക്കിയിട്ട് തിരിഞ്ഞതും തൊട്ട് പിന്നിൽ സാരിത്തുമ്പ് കൊണ്ട് വിതുമ്പൽ അടക്കിപ്പിടിച്ചു അമ്മ നിൽപ്പുണ്ടായിരുന്നു.

“ഇനിയും നിന്റെ പിണക്കം മാറിയില്ലേ അവളോട്‌… “

“അവളോട് എനിക്ക് പിണക്കമൊന്നുമില്ലമ്മേ…. “

“ഇനിയും നീ അവളോട്‌ മിണ്ടാതെ ഇരിക്കല്ലേ മോനെ… നീ ആഗ്രഹിച്ച പോലെ അവളൊരു സർക്കാർ ഉദ്യോഗസ്‌ഥ ആയില്ലേ…. അറിവില്ലായ്മ കൊണ്ട് പറ്റിയ തെറ്റ് അവൾ തിരുത്തി ധൈര്യത്തോടെ ജീവിച്ചു കാണിച്ചില്ലേ മോനെ…. “

“എന്നാലും ഈ ധൈര്യം അന്ന് അവൻ ഭീഷണി പെടുത്തിയപ്പോൾ അവൾ കാണിച്ചിരുന്നെങ്കിൽ…. “

“നടന്നതൊക്കെ അവളുടെ വിധി…നമ്മളല്ലാതെ വേറെ ആരുമില്ല അവൾക്ക്…. ഇനിയുമെന്റെ മോൻ അവളോട്‌ അകൽച്ച കാണിക്കല്ലേ…. “

“ഉം…. “

*********************

പിറ്റേന്ന് വാവയെ വാർഡിലേക്ക് മാറ്റി. തൊട്ടരികിൽ തന്നെ അമ്മ ഉണ്ടായിരുന്നു

ബോധം വന്നപ്പോൾ അവൾ ആദ്യം തിരക്കിയത് അരുണിനെ ആയിരുന്നു….

“അമ്മേ ഏട്ടൻ എവിടെ…. ഏട്ടൻ അറിഞ്ഞോ… “

“അവൻ തന്നെയാ നിന്നെ ഹോസ്പിറ്റലിൽ കൊണ്ട് വന്നത്…. പുറത്തു നിൽപ്പുണ്ട്… “

“എന്നോടുള്ള വെറുപ്പ് ഇനിയും മാറി കാണില്ല അല്ലെ… “

“എന്റെ മോളെ നീ അവന്റെ ഒരേ ഒരു പെങ്ങൾ അല്ലെ എത്ര വെറുപ്പ് പുറത്തു കാണിച്ചാലും ഉള്ളിന്റെ ഉള്ളിൽ സ്നേഹം ഉണ്ടാവും… ഇനി എന്റെ മോൾ ഒരു അബദ്ധവും കാണിക്കരുത്… ” ഒഴുകി വന്ന കണ്ണുനീർ തുടച്ചു കൊണ്ട് അവളുടെ കൈത്തലം കവർന്നു കൊണ്ട് അവർ പറഞ്ഞു.

അപ്പോൾ അരുൺ അകത്തേക്കു കയറി വന്നു. കയ്യിൽ അവൾക്കേറെ ഇഷ്ടമുള്ള തേൻ മിട്ടായും കൊണ്ട്.

അവളുടെ കണ്ണുകൾ അത്ഭുതത്താൽ വികസിച്ചു.

ഒരു കസേര നീക്കിയിട്ട് അരുൺ കട്ടിലിനു അടുത്തായി ഇരുന്നു.

“ഏട്ടാ എന്നോട് ഇനിയെങ്കിലും ഒന്ന് മിണ്ടു… ” അവൾ അവന്റെ കരം ഗ്രസിച്ചു.

അവളുടെ കൈത്തലത്തിനു മുകളിൽ മറ്റേ കൈ അമർത്തി പിടിച്ചു അരുൺ പറഞ്ഞു… “ഇനി മോളെ ജീവിതത്തിൽ എന്ത് പ്രശ്നം ഉണ്ടെങ്കിലും ഏട്ടനോട് തുറന്നു പറയണം… എന്റെ ദേഷ്യവും ഗൗരവ സ്വഭാവവും ആണ് നീ പലതും എന്നോട് പറയാതെ മറച്ചു വെക്കാൻ കാരണം എന്ന് വൈകിയെങ്കിലും ഏട്ടന് മനസിലായി.ഇനിയെന്നും നിന്റെ നിഴലായ് ഞാൻ ഒപ്പം ഉണ്ടാവും.

എനിക്ക് സ്നേഹം പ്രകടിപ്പിക്കാൻ ഇങ്ങനെയേ അറിയൂ… ” അത്രയും പറയുമ്പോൾ തന്നെ ഉള്ളിൽ അടക്കി പിടിച്ച സങ്കടം ഗൗരവക്കാരനായ ഏട്ടന്റെ കണ്ണുകളിൽ നീർകണമായി പൊടിഞ്ഞു തുടങ്ങിയിരുന്നു…

അത്രേ ഉള്ളു സ്നേഹ ബന്ധങ്ങൾ ഒരിക്കലും നമ്മളെ സ്നേഹിക്കുന്ന വീട്ടുകാരെ മറന്നു ഒന്നും ചെയ്യാതിരിക്കുക…. ഒന്ന് വീണാൽ താങ്ങി നിർത്താൻ അവരെ ഉണ്ടാവു.എന്ത് പ്രശ്നം ആയാലും ധൈര്യത്തോടെ വീട്ടിൽ പറഞ്ഞാൽ തീരാവുന്നതേയുള്ളു…. നമ്മുടെ മക്കൾക്കായാലും പെങ്ങൾക്കായാലും എന്തും വീട്ടിൽ തുറന്നു പറയാനുള്ള ധൈര്യം നമ്മൾ പകർന്നു കൊടുക്കണം.

എന്ന് സ്നേഹപൂർവ്വം,
Siva S Nair