ആ, നീ എന്നാ വേണേലും ചെയ്യ്‌. വയ്യാന്ന് തോന്നിയാല്‍ പിന്നെ പോവണ്ട കെട്ടോ…

Story written by Jijo Puthanpurayil

======================

ഇന്ന് കഞ്ഞീം ചമ്മന്തിയുമേ ഉള്ളു ഇച്ചായ…

ഇന്നലെ വാങ്ങിയ ഉണക്ക മീൻ കഴിഞ്ഞോടി?

അയ്യോ ഇച്ചായാ, അത് പൂച്ച തിന്നു.

ഉറിയില്‍ വെച്ചില്ലേ നീ…

വെച്ചതായിരുന്നു, ഇന്നലത്തെ മഴയത്ത് വെള്ളം ചോര്‍ന്നു മീന്‍ കുട്ട മുഴുവന്‍ നനഞ്ഞു. ഇന്നുച്ചക്ക് കുറച്ചു വെയില് കണ്ടപ്പോള്‍ പാറയില്‍ ഉണക്കാന്‍ വെച്ചതാ, എവിടുന്നോ രണ്ട് മൂന്ന് പൂച്ചകള്‍ വന്നു തിന്നച്ചായ. ഓടിച്ചെന്ന് നോക്കിയപ്പോള്‍ ഒരു മീനിന്‍റെ വാല് മാത്രം ബാക്കി.

ആ സാരമില്ലടി, ഇനി കടയില്‍ പോകുമ്പോള്‍ മേടിക്കാം.

അതെ ഇച്ചായ ഒരു കാര്യം പറയട്ടെ!

ഉം പറ

പുര മേയണം ചോര്‍ച്ചയുണ്ട്.

ആ മേയാം

പുതുമഴ പെയ്തിട്ട് ഇത് രണ്ടാമത്തെ മഴയാ, അപ്പുറത്തെ പരീതും, അമ്മിണിയുമൊക്കെ മഴയ്ക്ക് മുന്നേ പുര മേഞ്ഞു.

എന്റേല്‍ കാശില്ല ശോശാമ്മേ

അറിയാം ഇച്ചായ, എവിടുന്നെങ്കിലും കടം വാങ്ങി മേഞ്ഞില്ലെങ്കില്‍ എങ്ങനെ കിടക്കും. ഇന്നലെ നമ്മള്‍ രണ്ടാളും എണീറ്റിരുന്നത് ഓര്‍മ്മയില്ലേ?

ഉണ്ടടി, ഞാനൊന്ന് നോക്കട്ടെ

ഇച്ചായ

എന്നതാടി കൊച്ചെ

അരിയും, പഞ്ചസാരയും, ചായപ്പൊടിയും തീര്‍ന്നു, കാലത്ത് ചായ തികത്താന്‍ ഒന്നുമില്ല. അതു മാത്രമല്ല, പിള്ളേർക്ക് സ്കൂളിൽ പോകാൻ ബാഗ് വാങ്ങണം, കുട, യൂണിഫോം എല്ലാം വാങ്ങണം. എന്ത് ചെയ്യും എന്റെ പടച്ച തമ്പുരാനെ.

ഉം, നാളെ പൈലി മുതലാളിയുടെ പറമ്പില്‍ പണിയുണ്ട്. നാളെ വൈകുന്നേരം കുറച്ച് പലചരക്ക് വാങ്ങി കൊണ്ടുവരാം.

ഇച്ചായ ഞാനൊരു കാര്യം ചോദിക്കട്ടെ.

ഉം, എന്തിനാടി ഒരു മുഖവുര?

ഇച്ചായന് ഇഷ്ടമല്ലാത്ത ഒരു കാര്യമാ

അതെന്താടി എനിക്കിഷ്ടമില്ലാത്ത കാര്യം

അതെ ഇച്ചായ, നാളെ മുതല്‍ ഞാനും പണിക്ക് പൊക്കോട്ടെ? തെയ്യാമയുടെ കൂടെ കളപറിക്കാന്‍ പോയാല്‍ കാശ് കിട്ടില്ലേ. നമ്മുക്ക് കടം വാങ്ങി പുര മേയുന്ന കാശ് അടച്ച് വീട്ടാലോ

വേണ്ട നീ പണിക്ക് പോകണ്ട. നീ വീട്ടിലും പുറത്തും കഷ്ടപ്പെടണ്ട. പുര മേയാനുള്ള വക ഞാന്‍ നോക്കട്ടെ.

അതല്ല ഇച്ചായ, ഞാനും കൂടി പണിക്ക് പോയാല്‍ അത്രയുമായില്ലേ. എനിക്കിപ്പോ ആരോഗ്യമുണ്ട്. വീട്ടിലെ പണികളൊക്കെ ഒരൊഴുക്കിന് പോയ്ക്കോളും, കുറച്ചു കഞ്ഞി വെക്കണം, കൂട്ടാന്‍ ഉണ്ടാക്കണം, തുണിയലക്കണം. അതൊക്കെ അതിന്റെയൊപ്പം അങ്ങ് തീരുമെന്നെ. എന്നെ തടയരുത്, പിള്ളേരും ഉണ്ടല്ലോ. അവര്‍ക്ക് യുണി ഫോം തുടങ്ങിയവ വാങ്ങണം. വേനലവധിക്ക് അവര്‍ എന്‍റെ അനിയത്തിയുടെ വീട്ടിലായത് കൊണ്ട് നനയണ്ട. അവര്‍ വരുമ്പോഴേക്കും പുര മേയണം. ഇതൊക്കെ ചെയ്യാൻ കാശ് വേണ്ടേ ഇച്ചായാ.

ഞാനും കൂടി പണിക്ക് പോയാല്‍ ഇച്ചായന്റെ ഭാരം കുറച്ചു കുറയും

മോനച്ചന്‍ കുറച്ച് നേരം ആലോചിച്ചു. എന്നിട്ട് പറഞ്ഞു

ആ, നീ എന്നാ വേണേലും ചെയ്യ്‌. വയ്യാന്ന് തോന്നിയാല്‍ പിന്നെ പോവണ്ട കെട്ടോ

ശരി ഇച്ചായ, ഞാന്‍ നാളെ തന്നെ പോകാം. പണിയുണ്ട് ഇഷ്ടംപോലെ.

ഇന്ന് മഴ പെയ്യാതിരുന്നാല്‍ മതിയായിരുന്നു. ശോശാമ്മ സ്വയം പറഞ്ഞു.

റാന്തല്‍ വിളക്കിന്‍റെ തിരി താഴ്ന്നു, അവര്‍ തഴ പായയില്‍ കിടന്നുറങ്ങി. അന്ന് ഭാഗ്യത്തിന് മഴ പെയ്തില്ല.

പിറ്റേ ദിവസം ശോശാമ്മ തെയ്യാമ്മയുടെ ഒപ്പം പണിക്ക് പോയി. മോനച്ചന്‍ പൈലി മുതലാളിയുടെ കയ്യില്‍ നിന്നും കുറച്ചു പണം കടം വാങ്ങി.

കുളത്തില്‍ അഴുകാനിട്ട ഓല പിറ്റേ ദിവസം മുതല്‍ ശോശാമ്മയും അടുത്ത വീട്ടിലെ ജാനകിയും മെടയാന്‍ തുടങ്ങി. മൂന്ന് ദിവസം കൊണ്ട് ഓല മുഴുവന്‍ മെടഞ്ഞു. കുറച്ചു തികയില്ല എന്ന് തോന്നിയത് കൊണ്ട് അപ്പുറത്തെ വീട്ടില്‍ മെടഞ്ഞു വെച്ചിരുന്നത് രണ്ട് കെട്ടു കടം വാങ്ങി.

അടുത്ത ദിവസം തന്നെ മേല്‍ക്കൂര പൊളിച്ചു താഴെയിറക്കി, മാറ്റേണ്ട പട്ടികയും കഴുക്കോലും മാറ്റി അന്ന് തന്നെ ഓല മേഞ്ഞു.

വൈകീട്ട്  ആറുമണിയായപ്പോഴേക്കും എല്ലാം കഴിഞ്ഞു. പണിക്കാര്‍ക്ക് കൂലിയും കൊടുത്ത് ശോശാമ്മയും മോനച്ചനും എല്ലാം വൃത്തിയാക്കാന്‍ തുടങ്ങി. എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം രാത്രി പതിനൊന്നു മണി.

ഇത്തിരി കഞ്ഞിയും കുടിച്ചവര്‍ കിടന്നു.

അതിരാവിലെ എഴുന്നേറ്റ് അപ്പുറത്തെ വീട്ടില്‍ നിന്നും ശോശാമ്മ കുറച്ചു ചാ-ണകം കൊണ്ടുവന്നു വെച്ചു. ചകിരി കത്തിച്ച് കുറച്ചു കരിയുണ്ടാക്കി വെച്ചു. എന്നിട്ട് കട്ടന്‍ തികത്തി, ചോറും വെച്ചു. ഇന്നലത്തെ മീന്‍ കൂട്ടാന ബാക്കിയുള്ളത് കൊണ്ട് കൂട്ടാന്‍ വെക്കേണ്ടി വന്നില്ല.

മോനച്ചനും ശോശാമ്മയും പണിക്ക് പോയി.

വൈകീട്ട് ശോശാമ്മ വന്നു. ചാണകത്തിൽ കരി അരച്ച് ചേര്‍ത്ത് തറ മുഴുവനും മെഴുകി വൃത്തിയാക്കി. അപ്പോഴേക്കും മോനച്ചന്‍ കുറച്ച് പച്ച മീണുമായി വന്നു.

എന്തിനാ ഇച്ചായാ മീനൊക്കേ വാങ്ങിയത്. ഇച്ചായന്റെ കയ്യിൽ കാശുണ്ടോ. പുര മേയാൻ വാങ്ങിയ കാശ് കൊടുക്കണം, പിടിച്ച ചിട്ടി അടയ്ക്കണം. ഞാനും കൂടി ഇപ്പോ പണിക്ക് പോകുന്നുണ്ടല്ലോ, നമുക്ക് കടം ആദ്യം വീട്ടണം. പിന്നെ ഇ-റച്ചിയും മീനുമോക്കെ ഇഷ്ടം പോലെ വാങ്ങിത്തിന്നാലോ.

സാരമില്ലടി കൊച്ചെ, ഉള്ളത്‌കൊണ്ട് ഓണം പോലെ കഴിയാം കൊച്ചെ എന്ന് പറഞ്ഞവളെ തന്റെ ദേഹത്തോട് ചേർത്ത് നിർത്തി.

വൈകീട്ട് കിടക്കാന്‍ നേരം മോനച്ചന്‍ ശോശാമ്മയോട്‌ പറഞ്ഞു

എടീ

എന്താ ഇച്ചായ

എനിക്കെന്നാടി നിന്നെ ഇത്തിരി നല്ല പുരയില്‍ കിടത്താന്‍ പറ്റുക?

ഇച്ചായ, ഇതെന്നാ നമ്മുടെ നല്ല പുരയല്ലേ ?

അതേടി എന്നാലും, സിമന്റിട്ട തറയുള്ളൊരു ഓട്‌ വീട്. ഇപ്പോ നമുക്ക് ഓല ഉണ്ടാക്കണം, ചാണകം എപ്പോഴും വേണം, അങ്ങനെ കഷ്ടപ്പാട് കൂടുതലല്ലേ ശോശാമ്മേ.

നമ്മുടെ പിള്ളേര്‍ പഠിച്ചു വളരട്ടെ, അവര്‍ക്ക് ജോലി കിട്ടുമ്പോള്‍ നമ്മുക്ക് ഇത്തിരി കൂടി നല്ല കാലം വരുമായിരിക്കും അല്ലേ ഇച്ചായാ?

അതേടി. എന്നാലും എത്ര വര്‍ഷങ്ങള്‍ കാത്തിരിക്കണം. ഇപ്പോള്‍ നമ്മള്‍ രണ്ടാളും പണിക്ക് പോകുന്നുണ്ടല്ലോ. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിയട്ടെ നമുക്ക് നോക്കാം അല്ലിയോ കൊച്ചെ.

സ്നേഹം കൂടുമ്പോള്‍ മോനച്ചന്‍ ശോശാമ്മയെ കൊച്ചെ എന്നാണ് വിളിക്കുക.

അന്ന് പുറത്ത് നല്ല മഴ പെയ്തു. റാന്തല്‍ വിളക്കിന്‍റെ തിരി താഴ്ന്നു. മോനച്ചന്‍ ശോശാമ്മയെ കെട്ടിപ്പിടിച്ചു തഴപ്പായയിൽ കിടന്നുറങ്ങി.

അപ്പോള്‍ വഴി തെറ്റിയ ഒരു മഴത്തുള്ളി പുതിയ ഓലയുടെ ഇടയില്‍ കൂടി ശോശാമ്മയുടെ മുഖത്ത് വീണ് മോനച്ചന്റെ മുഖത്തേക്ക് തെറിച്ചു. ഉറക്കത്തില്‍ അവരതറിഞ്ഞില്ല.

അപ്പോഴും പുറത്ത് മഴ കനക്കുകയായിരുന്നു.

~ജെപി