എന്താ പെണ്ണെ പതിവില്ലാതെ നിനക്കൊരു കൊഞ്ചൽ. ഉമ്മിത്തുവിനാണോ അതോ ന്റെ ആമിക്കാണോ എന്നെ കാണാൻ തിടുക്കം…

കാണാക്കിനാവ്

എഴുത്ത്: ഭാവനാ ബാബു

================

ബസിലെ തിരക്കൊന്നൊഴിഞ്ഞു തുടങ്ങിയപ്പോൾ പിൻ സീറ്റിലിരുന്ന് ഞാൻ ക്യാഷ് ബാലൻസ് ചെക്ക് ചെയ്യാൻ തുടങ്ങി. ഇനിയും അറേഴ് സ്റ്റോപ്പ് കൂടി കഴിഞ്ഞാലേ ബസ് ഒതുക്കിയിടാൻ പറ്റുള്ളൂ..പെട്ടെന്നാണ് വാട്ട്സ് അപ്പിൽ നിന്നും തുരുതുരാ മെസ്സേജ് ടോൺ കേട്ടത്. ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ ആമിനയുടെ വോയിസ്‌ നോട്ട്…..

“ഇക്കാ നിങ്ങളെവിടെയാണ്.നേരം ഒത്തിരി ആയല്ലോ? ഇവിടെ നിങ്ങടെ പുന്നാര ഉമ്മിത്തു, “വാപ്പച്ചി എപ്പോ വരുമെന്ന് ചോദിച്ചു കയറു പൊട്ടിക്കുന്നുണ്ട് .”

“എന്താ പെണ്ണെ പതിവില്ലാതെ നിനക്കൊരു കൊഞ്ചൽ.ഉമ്മിത്തുവിനാണോ അതോ ന്റെ ആമിക്കാണോ എന്നെ കാണാൻ തിടുക്കം.”?

കുസൃതി നിറച്ചുള്ള എന്റെ മറുപടി കണ്ടതും പെണ്ണൊന്ന് പരിഭവിച്ച പോലെ….

“ഞങ്ങളെ ഒറ്റക്കാക്കി കൂട്ടുകാരന്റെ നിക്കാഹെന്നും പറഞ്ഞ് മൂന്നാലു ദിവസം അടിച്ചു പൊളിക്കാൻ പോയത് ഇക്കയല്ലേ.നേരം വെളുത്തപ്പോൾ നാട്ടിലെത്തിയിട്ട് വീട്ടിലെക്കൊന്ന് എത്തിനോക്കാതെ സന്ധ്യ മയങ്ങിയപ്പോൾ പുന്നാര വാക്കും കൊണ്ട് വന്നേക്കുവാ .നിങ്ങള് പറയുന്നതൊന്നും കേൾക്കാൻ എന്നെ കിട്ടൂല്ല “

കാര്യം ആമിക്ക് എന്നെ ജീവനാണെങ്കിലും ചില നേരത്തെ അവളുടെ കുറുമ്പുകളെന്നെ ദേഷ്യം പിടിപ്പിക്കാറുണ്ട്.

“ഞാനും ബഷീറും, തമ്മിലുള്ള ആത്മബന്ധം നിനക്ക് അറിയാവുന്നതല്ലേ? നിന്നേം മോളേം കൂടെ കൊണ്ട് പോകാൻ നിന്നപ്പോഴല്ലേ, ഉമ്മക്ക് പെട്ടെന്നൊരു ശ്വാസം മുട്ടലും, പനിയും വന്നത്…. ന്നിട്ടും സുമി പറഞ്ഞതല്ലേ നമ്മള് തിരിച്ചു വരുന്നത് വരെ അവളവിടെ ഉമ്മയെ നോക്കി നിൽക്കാന്ന്. അപ്പൊ നീയത് സമ്മതിച്ചില്ല.പോരാത്തതിന് എന്നെ നിർബന്ധിച്ച് പറഞ്ഞു വിടുകേം ചെയ്തു .”

ആമി വരാത്തതിന്റെ നിരാശ ഉള്ളിലൊതുക്കി കൊണ്ട് ഞാൻ പറഞ്ഞു.

“ഉമ്മച്ചിയെ ഇവിടെ ഒറ്റക്കാക്കി പോയാൽ എനിക്ക് ഒരു സമാധാനവും കിട്ടില്ല ഇക്കാ.. കാര്യം ഞാൻ മരുമോൾ ഒക്കെ ആണെങ്കിലും എന്റെ സ്വന്തം ഉമ്മയെപ്പോലെതന്നെയാണ് ഇവിടുത്തെ ഉമ്മച്ചിയും.

“രാവിലെ ഞാനിവിടെ എത്തിയപ്പോൾ തന്നെ ലേറ്റ് ആയി. പിന്നെ വണ്ടിയിൽ കിടന്ന യൂണിഫോമൊക്കെ വലിച്ചു കേറ്റി ഞാൻ വേഗം റെഡിയായി . ഉറക്കക്ഷീണം ഉള്ളത് കൊണ്ട് ഉണ്ണിയോട് വണ്ടിയെടുക്കാൻ പറഞ്ഞിട്ട്, ഞാൻ കണ്ടക്ടറായിട്ട് നിന്നു.”

അവളുടെ സങ്കടം മാറ്റാനെന്നോണം ഞാൻ പറഞ്ഞു.

“സോറി ഇക്കാ…. പെട്ടെന്നെന്തോ ഓർത്ത് പറഞ്ഞതാണ് “ചെറിയൊരു വിതുമ്പലോടെ അവൾ പറഞ്ഞു.

“അതൊക്കെ പോട്ടെ പെണ്ണെ .വിഷമമൊക്കെ മറന്ന് എന്റെ ആമിയൊന്ന് ഫ്രഷ് ആയിക്കെ. നാലഞ്ച് ദിവസമായി നിന്നെയൊന്നു കൈയിൽ കിട്ടാത്തതിന്റെ പ്രശ്നം എനിക്കുമുണ്ട് . അടക്കാൻ പറ്റാത്തൊരു കൊതി മനസ്സിലിങ്ങനെ കിടന്നു കറങ്ങുന്നുണ്ട് .നീ വേഗം മോളെ ഉറക്കി റെഡി ആയിട്ടിരിക്ക്. പത്തു പതിനഞ്ച് മിനിറ്റിനുള്ളിൽ ഞാനവിടെയെത്തും. എന്നിട്ട് വേണം നമുക്കൊരു…..”

പാതി നിർത്തിയ എന്റെ വാക്കുകൾ അവളിലൊരു കുളിർ മഴ പെയ്യിച്ചത് പോലെ.

“അയ്യേ ഈ ഇക്കാന്റെ ഒരു കാര്യം. ഞാൻ പോവാ….”

ആമി നാണം കൊണ്ട് നെറ്റും ഓഫാക്കി എങ്ങോട്ടോ പോയി.അതോടെ നേരിയൊരു മന്ദാഹാസത്തോടെ, ടിക്കറ്റ് കൊടുക്കാനായി സീറ്റിൽ നിന്നും ഞാനെഴുന്നേറ്റു.

തൊട്ടടുത്ത സ്റ്റോപ്പിൽ നിന്ന് എല്ലാവരും കയറിയെന്ന് കണ്ടപ്പോൾ ബസ് ഞാൻ ബെല്ലടിച്ചു വിട്ടു…. ബസ് മുന്നോട്ട് എടുത്തപ്പോൾ ,പെട്ടെന്നൊരാൾ ഓടി വന്ന് ബസിൽ ചാടി കയറിയതും, പിടി വിട്ട് റോഡിലേക്ക് തെറിച്ചു വീണതും, ഒരുമിച്ചായിരുന്നു.ഇത് കണ്ട യാത്രക്കാരുടെ നിലവിളി കേട്ടാണ് ഉണ്ണി ബസ് സഡൻ ബ്രേക്കിട്ട് നിർത്തിയത്.

ഞാൻ ധൃതിയിൽ ബസിൽ നിന്നും ചാടിയിറങ്ങി. നെഞ്ചിടിപ്പോടെ അയാളുടെ അടുത്തേക്ക് നടന്നു … കമിഴ്ന്നു കിടക്കുകയായിരുന്ന അയാളെ തട്ടി വിളിച്ചതും, ചെറിയൊരു ഞെരക്കത്തോടെ അയാൾ മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചു…. ഇൻഷാ അള്ളാ…. കുഴപ്പമൊന്നുമില്ല.

“ഇവനൊക്കെ കണ്ണും മൂക്കും ഇല്ലാതെയാണോ വണ്ടി ഓടിക്കുന്നത്…. ഇവന്റെയൊക്കെ ബസിന്റെ പെർമിറ്റ് ആദ്യം ക്യാൻസൽ ചെയ്യിക്കണം.”

ചുറ്റിലുമുള്ള ആളുകൾ ഓരോന്ന് പറഞ്ഞെന്നെ കുറ്റപ്പെടുത്താൻ തുടങ്ങി. ഞാൻ അതൊക്കെ അവഗണിച്ചു കൊണ്ട് അയാളെ താങ്ങിപ്പിടിച്ചു കൊണ്ടു ബസിലെ പിന്നിലെ സീറ്റിലിരുത്തി…. അപ്പോഴാണ് അയാളിൽ നിന്നും മ-ദ്യത്തിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടത്…. “പുള്ളിക്കാരൻ ഫുൾ ഫിറ്റാണ്…. “തൊട്ടടുത്തിരുന്ന ആൾ എന്നോട് പറഞ്ഞു…

“എവിടെയാണ് നിങ്ങൾക്ക് ഇറങ്ങേണ്ടത് “? കുടിക്കാനായി ബോട്ടിൽ നീട്ടി കൊണ്ട് ഞാൻ അയാളോട് ചോദിച്ചു….

“എനിക്ക് കിഴക്കേക്കോട്ടയിൽ പോണം….” ഒട്ടും വ്യക്തതയില്ലാതെ അയാൾ പറഞ്ഞു

പടച്ചോനെ, പെട്ടല്ലോ.ഇതവിടുന്ന് പുറപ്പെടുന്ന ബസാണ്… ഇനി എന്ത് ചെയ്യും എന്നോർത്തു ഞാനാകെ വല്ലാത്തൊരു പ്രതിസന്ധിയിലായി.

ഏറെ വൈകാതെ ഞാൻ മറ്റൊരു നടുക്കുന്ന സത്യം തിരിച്ചറിഞ്ഞു.അയാളുടെ കണ്ണുകൾക്കൊട്ടും കാഴ്ചശക്തിയില്ല …. അത് കണ്ടപ്പോൾ പെട്ടെന്നെന്റെ മനസ്സിലേക്ക് ഓടിയെത്തിയത് ജന്മനാ അന്ധനായിട്ടും , ലോട്ടറി വിറ്റ് എന്നേം, ഉമ്മേനേം, സുമിയെയും പൊന്നുപോലെ നോക്കാൻ കഷ്ടപ്പെട്ട എന്റുപ്പയുടെ വാത്സല്യം നിറഞ്ഞ മുഖമാണ്.

ഒരു ദീർഘ നിശ്വാസത്തോടെ ഓർമ്മകളെ ഉള്ളിലൊതുക്കി ഞാൻ അയാളെ നോക്കി

ഒരുപാട് ആലോചനകൾക്ക് ശേഷമാണ് ഈ പ്രശ്നത്തിനൊരു പരിഹാരം തേടി ഞാൻ ഉണ്ണിയോട് കാര്യങ്ങളെല്ലാം പറഞ്ഞത് …

“കണ്ണുകാണാത്ത അങ്ങേര് എന്തിനാ മൂക്കറ്റം ക-ള്ള് വലിച്ചു കേറ്റിയത്.വണ്ടി ഒതുക്കാൻ പോകുമ്പോ ഓരോരോ ഓരോരോ മാരണങ്ങള് കേറി വന്നോളും . നീ ഒരു കാര്യം ചെയ്യ്. തൊട്ടടുത്ത സ്റ്റോപ്പിൽ അങ്ങേരെ ഇറക്കി വിട്.എന്നിട്ട് നമുക്ക് നമ്മുടെ പാട്ടിനു പോകാം. ആ ഏണി എടുത്ത് മണ്ടേൽ വച്ചാ, ന്റെ പൊന്നുമോനെ നമുക്കിന്നു വീടെത്തി പറ്റാൻ കഴിയില്ല.”

അയാളെ കൈയൊഴിയാനുള്ള ഉണ്ണിയുടെ ആവേശം എനിക്കൊട്ടും ഇഷ്ടമായില്ല. അത്രത്തോളം കണ്ണിൽ ചോര ഇല്ലാത്തവനാകാൻ എനിക്ക് പറ്റില്ല. പക്ഷെ ഇയാളെ ഞാൻ പിന്നെ എന്ത് ചെയ്യും… ആ ചിന്ത എന്നെ വല്ലാതെ ആസ്വസ്ഥനാക്കി.

എന്ത് ചെയ്യണമെന്നറിയാതെ ഒരെത്തും പിടിയുമില്ലാതെ നിന്നപ്പോഴാണ് ഒരു നിമിത്തം പോലെ ജോണിച്ചായൻ.തൊട്ടടുത്ത സ്റ്റോപ്പിൽ നിന്നും കയറിയത്. ബസിൽ ഞങ്ങൾക്ക് പകരം ഇടവേളകളിൽ കണ്ടക്ടർ ആയി പോകുന്നത് ഇച്ചായനാണ്. നടന്നതൊക്കെ ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോൾ എന്തു കൊണ്ടോ പുള്ളിക്കാരനൊന്നും മറുത്ത് പറഞ്ഞില്ല…. ഞാൻ ടിക്കറ്റ് റാക്കും പൈസയും ഭദ്രമായി ഇച്ചായനെ ഏൽപ്പിച്ചു കൊണ്ട് അയാളെയും കൊണ്ട് ഞാനാ സ്റ്റോപ്പിലിറങ്ങി.

ഇയാളുടെ പേരോ, വീടോ, അഡ്രെസ്സൊ ഒന്നുമെനിക്ക് അറിയില്ല. പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചാൽ അതിനേക്കാൾ വലിയ ഇടങ്ങേറാകും.ആത്മഗതമെന്നോണം ഞാൻ പറഞ്ഞു.

“എവിടെയാ നിങ്ങളുടെ വീട് “? എന്റെ ചോദ്യം കേട്ടതും നാവ് കുഴഞ്ഞുകൊണ്ട് അയാൾ എന്തൊക്കെയോ പറഞ്ഞു. ആ ശ്രമങ്ങളൊക്കെ വിഫലമായപ്പോൾ ഞാൻ അയാളുടെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോണെടുത്തു…. ഹോ ഭാഗ്യം ലോക്ക് ചെയ്തിട്ടില്ല. കുറച്ചു മുൻപ് അയാളുടെ ഫോണിലേക്ക് വന്ന ലാസ്റ്റ് നമ്പരിലേക്ക് ഞാൻ ഡയൽ ചെയ്തു. അതെതോ ഷോപ്പിലെ നമ്പർ ആയിരുന്നു.നിരാശയോടെ ഞാൻ വീണ്ടും അയാളുടെ ഫോൺ കോൺടാക്ട് ചെക്ക് ചെയ്തു….. അയാളുടെ മകനെന്ന ഉറപ്പിൽ ഞാനെന്റെ ഫോണിൽ നിന്നും ഒരു നമ്പറിലേക്ക് വിളിച്ചു…. ഏറെ നേരത്തെ റിങ്ങിനു ശേഷം മറുവശത്ത് നിന്ന് ആരോ കാൾ അറ്റൻഡ് ചെയ്തു….

“ഹലോ ആരാണ്…..??” ആകാംഷയോടെയായിരുന്നു അയാളുടെ ചോദ്യം.

“എന്റെ പേര് ഷെഫീഖ്…. നിങ്ങളുടെ അച്ഛൻ കുറച്ചു സുഖമില്ലാത്ത അവസ്ഥയിൽ എന്റെ ഒപ്പം നിൽക്കുകയാണ്…. കാഴ്ച ശക്തി ഇല്ലാത്തത് കൊണ്ട് ഒറ്റക്ക് ഓട്ടോയിൽ കേറ്റി വിടാനും തോന്നുന്നില്ല…. നിങ്ങളുടെ അഡ്രെസ്സൊന്നു തന്നിരുന്നെങ്കിൽ ഞാൻ ഇദ്ദേഹത്തെ അവിടെ എത്തിക്കാമായിരുന്നു”

ഞാൻ പറയുന്നത് കേട്ട് ഒട്ടും ഉന്മേഷമില്ലാതെ അയാൾ വീടിന്റെ അഡ്രെസ്സ് എന്നോട് പറഞ്ഞു. ഇവിടുന്ന് അയാളുടെ വീട്ടിലേക്ക് ഓട്ടോയിൽ ഏകദേശം മുക്കാൽ മണിക്കൂർ യാത്രയുണ്ട്…. ഞാൻ വേഗം ഒരോട്ടോ വിളിച്ചു അയാളെ അതിനുള്ളിലേക്ക് വലിച്ചു കേറ്റി… ഇടക്കെപ്പോഴോ ആമിയുടെ ഫോൺ ഇടതടവില്ലാതെ വന്നു കൊണ്ടിരുന്നു…. അവളെന്നെയും കാത്ത് ഉറങ്ങാതെ ഇരിക്കുകയാകും…. അതോർത്തപ്പോൾ ചെറിയൊരു വിഷമം തോന്നി…. ഞാൻ വേഗം അവളെ തിരിച്ചു വിളിച്ചു…. ആവേശത്തോടെയാണ് അവൾ ഫോൺ എടുത്തത് “ആമി ചെറിയൊരു പ്രശ്നമുണ്ട്. ഞാനിച്ചിരി വൈകും “അതും പറഞ്ഞു മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ വേഗം കാൾ കട്ടാക്കി.

ഓട്ടോ നല്ല സ്പീഡിൽ പോകുകയാണ്. രാത്രി വൈകുന്തോറും റോഡിലെ തിരക്ക് കുറഞ്ഞു വന്നു. ഇനിയും കുറച്ചു ദൂരം കൂടിയുണ്ട്. എന്റെ ക്ഷമ ചെറുതായി നശിച്ചു തുടങ്ങി. പെട്ടെന്നാണ് അയാൾ വലിയൊരു ശബ്ദത്തോടെ ഓട്ടോയിൽ ശർദിച്ചത്…. അതിന്റെ കുറച്ചു അവശിഷ്ടങ്ങൾ എന്റെ ഉടുപ്പിലും, പാന്റിലുമൊക്കെ പറ്റി പിടിച്ചു…. പക്ഷെ ആ ദുർഗന്ധം എനിക്ക് വളരെ അസഹനീയമായി തോന്നി.

ഇത് കണ്ടതും ഓട്ടോ ഡ്രൈവർ വണ്ടി സൈഡ് ആക്കി, എന്നെയൊന്നു രൂക്ഷമായി നോക്കി.

“ചേട്ടാ, ഇത് ശരിയാകില്ല കേട്ടോ “? ഓട്ടോ ഡ്രൈവർ അയാളെ നോക്കി ദേഷ്യത്തോടെ പല്ലിറുമ്മി കൊണ്ട് എന്നോട് പറഞ്ഞു….

“നാശം പിടിക്കാൻ കെളവൻ ഓട്ടോ മൊത്തം വാള് വച്ച് നശിപ്പിച്ചു…. സാറെന്റെ ഓട്ടോ കഴുകി തന്നിട്ട് തിരിച്ചു പോയാൽ മതി “

ഓട്ടോ ഡ്രൈവർ കലി കൊണ്ട് തുള്ളുകയാണ്.

“എന്റെ പൊന്നനിയാ… ഞാൻ എന്ത് വേണേലും ചെയ്യാം. ആദ്യം ഇയാളെ ഞാനൊന്ന് വീട്ടിൽ കൊണ്ടാക്കട്ടെ. നീ ഒന്ന് വണ്ടി എടുക്കടെ ” കൈകൂപ്പി കൊണ്ട് ഞാനവനോട് കെഞ്ചി പറഞ്ഞു.

അതോടെ ദേഷ്യമൊന്നടക്കി അയാൾ ഓട്ടോ സ്റ്റാർട്ട്‌ ചെയ്തു…. കുറച്ചു സമയത്തിന് ശേഷം ഓട്ടോ വലിയൊരു രണ്ട് നില വീടിന് മുന്നിൽ നിന്നു.

“ഇതാണ് സാറേ വീട്….” ഇത് തന്നെയാകുമോ. സംശയത്തോടെ ഞാനൊരു നിമിഷം മടിച്ചു നിന്നെങ്കിലും ഞാൻ അയാളെയും കൊണ്ട് വീടിനുള്ളിലേക്ക് നടന്നു.

“ഞാൻ നിൽക്കണോ അതോ പോണോ “? ഡ്രൈവറുടെ ചോദ്യം കേട്ടതും ഞാനൊരു നിമിഷം ചിന്തിച്ചു….

“ഒരഞ്ചു മിനിറ്റ് നീ വെയിറ്റ് ചെയ്യ്…. ഞാൻ ഇയാളെ ആരെയെങ്കിലും ഏൽപ്പിച്ചിട്ട് തിരികെ വരാം.”

“എന്തും സഹിക്കാം സാറേ, പക്ഷെ ഈ നാറ്റോം സഹിച്ചു കൊണ്ട് ഇവിടെയിങ്ങനെ” മൂക്ക് പൊത്തി കൊണ്ട് അവൻ പറഞ്ഞു. അത് കേട്ട് വിളറിയ ചിരിയുമായി ഞാൻ അയാളെയും പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു. ഗേറ്റ് തുറന്ന് ഞാൻ കാളിങ് ബെല്ലടിച്ചു…..

കുറച്ചു നിമിഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആ കതക് ഞങ്ങളുടെ മുന്നിൽ മലർക്കെ തുറന്നു. എന്റെ തൊട്ട് മുന്നിൽ നിൽക്കുന്ന ആളെ ഞാൻ ശ്രദ്ധിച്ചു നോക്കി.എന്നേക്കാൾ കഷ്ടിച്ച് അയാൾക്കൊരു മൂന്നോ നാലോ വയസ്സ് കൂടുതൽ ഉണ്ടാകും…..

“ഞാൻ ഷെഫീഖ്. കുറച്ചു മുന്നേ വിളിച്ചില്ലേ .”

എന്റെ വാക്കുകൾ മുഴുമിപ്പിക്കും മുന്നേ ഞാൻ പറയുന്നതൊക്കെ തീർത്തും അവഗണിച്ചു കൊണ്ട് വലിഞ്ഞു മുറുകിയ മുഖത്തോടെ ആ മനുഷ്യനെ താങ്ങിപ്പിടിച്ചു അയാൾ സോഫയിലിരുത്തി….

“ആകെ ഛർദിച്ചു നാശമായിരിക്കുകയാണ്. കുളിപ്പിച്ച് എവിടെയെങ്കിലും ഇരുത്തുന്നതാകും നല്ലത്.” ശബ്ദം താഴ്ത്തിക്കൊണ്ട് ഞാൻ പറഞ്ഞു.

അത് കേട്ടതും അരിശത്തോടെ “പൈലിചേട്ടാ അച്ഛനെയൊന്ന് തേച്ചു കുളിപ്പിച്ച് അകത്തേക്ക് കിടത്ത് ” എന്നയാൾ ആരോടോ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു…

“താങ്കൾ അയാളുടെ മകനാണോ? “കുശലാന്വേഷണം പോലെ ഞാൻ ചോദിച്ചു.

“ഞാൻ ആരാണെങ്കിലും തനിക്കെന്താ. ഇതിനെയൊക്കെ ആ വഴിയിൽ കളഞ്ഞിട്ട് തനിക്കെങ്ങോട്ടെങ്കിലും പൊയ്ക്കൂടേ “?

അയാളുടെ ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി.

“ഇയാളെന്തൊക്കെയാടോ പറയുന്നത്? ഒന്നുമില്ലേലും ഇത് തന്റെ അച്ഛനല്ലേ “? സങ്കടത്തോടെ ഞാൻ ചോദിച്ചു.

“തൂഫ്ഫ്…. അച്ഛൻ…. ജനിച്ച അന്ന് തൊട്ട് ഞാൻ ഇയാളെ കാണുന്നത് ഇങ്ങനെയാണ്. അല്ലെങ്കിലും ചിലതൊക്കെ ച-ത്താലേ കുടുംബത്തിന് ഗതി പിടിക്കുകയുള്ളൂ “

ആ വാക്കുകൾ കേട്ടതും…..എന്റെ ഉള്ളം കാല് പെരുത്ത് കയറി.വർഷങ്ങൾക്ക് മുൻപ് സുമിയുടെ നിക്കാഹിന്റെ പിറ്റേന്ന്, ചൂട് ബിരിയാണിയും, ബീ-ഫും രുചിയോടെ അകത്താക്കുന്നതിനിടയിൽ സുലൈമാനിക്കെന്റെ വായിൽ നിന്നാണ് ഞാൻ ഇതുപോലൊരു സംസാരം ആദ്യമായി കേട്ടത്…. “ആ പൊട്ടക്കണ്ണൻ ച-ത്തതോടെ കുടുംബം രക്ഷപ്പെട്ടു “ഇത് കേട്ടതും മുന്നും പിന്നുമൊന്നും നോക്കാതെ ഞാനയാളുടെ ചെക്കിട്ടത്ത് ഒരെണ്ണം ആഞ്ഞു പൊട്ടിച്ചു. തൊട്ടടുത്തിരുന്ന അയാളുടെ മരുമകൻ ഇത് കണ്ട് അരിശം മൂത്ത് ചാടി എഴുന്നേറ്റു.”എന്താടാ ഷെരീഫെ, നിനക്ക് പ്രാന്ത് പിടിച്ചോ? മാമാ പറഞ്ഞതിൽ എന്താണ് തെറ്റ് “?

അവന്റെ ചോദ്യം കേട്ടതും എന്റെ ദേഷ്യം ഇരട്ടിച്ചു.

“നിന്റെ മാമയ്ക്ക് ആണെടാ മുഴു വട്ട്. എല്ലില്ലാത്ത നാക്കും കൊണ്ട് ഓരോന്ന് വിളിച്ചു പറയുമ്പോൾ ആളും പരിസരവും ഏതെന്ന ബോധം വേണം. നീയൊക്കെ വിളിച്ചു പറയുന്നത് ശരിയാ. എന്റെ വാപ്പാന്റെ നഷ്ടപരിഹാരം കൊണ്ടാണ് ഞാനെന്റെ പെങ്ങളുടെ നിക്കാഹ് നടത്തുന്നത്. അതിന് മുന്നേ നീയൊക്കെ ഒരു കാര്യം ഓർക്കണം. അതെന്റെ വാപ്പാന്റെ ജീവന്റെ വിലയാണത് . സ്വന്തം കുടുംബത്തിന് തന്നെ കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടാകട്ടെ ന്ന് കരുതി ആ പാവം ജീവനൊടുക്കിയതാണോ, അതോ ആക്സിഡൻഡാണോ എന്ന് തിരിച്ചറിയാൻ കഴിയാതെ ഞാനിപ്പോഴും ഇരുട്ടിൽ തപ്പുകയാണ് . ചില രാത്രികളിൽ അതോർത്തിട്ടെനിക്ക് ഉറക്കം പോലും വരാറില്ല.ജീവൻ പൊലിയുന്നത് വരെ ഉപ്പാന്റെ മനസ്സിൽ ഞങ്ങൾ മാത്രമായിരിക്കും ഉണ്ടായിരുന്നത്…. ആ മനുഷ്യനെ പറ്റിയാണ് നീയൊക്കെ മനസാക്ഷി ഇല്ലാണ്ട് ഓരോന്ന് വിളിച്ചു പറയുന്നത്. വാക്കുകൾ ഇടറി ദുഃഖ ഭാരത്തോടെ തിരിഞ്ഞു നടക്കുമ്പോൾ, കുറച്ചുകലെ മാറി നിന്ന് ഉമ്മ കണ്ണീർ വാർക്കുന്നുണ്ടായിരുന്നു. ഒന്നാശ്വസിപ്പിക്കാൻ പോലും കഴിയാതെ ഞാൻ തരിച്ചു നിന്ന നിമിഷം………

“താനെന്താ മിഴിച്ചു നിൽക്കുന്നത് “? പെട്ടെന്നായിരുന്നു അയാളുടെ മകന്റെ ചോദ്യം…

പുച്ഛം കലർന്ന ഭാവത്തിൽ ഞാനയാളെ നോക്കി ചിരിച്ചു.എന്നിട്ട് തുടർന്നു..ഞാനൊരു നിമിഷം, എന്റെ ഉപ്പയുടെ സ്നേഹം ഓർക്കുകയായിരുന്നു.ഓരോ നിമിഷവും ആ വേർപാടിന്റെ അളവ് ഞാനറിയുന്നുണ്ട്.

തനിക്കെന്റെ അച്ഛന്റെ കഥ കേൾക്കണ്ടേ?മുഴുവൻ കേട്ട് കഴിയുമ്പോൾ സ്നേഹം കിട്ടാതെ അനാഥത്വത്തിലെന്നോണം ഉഴറുന്ന മറ്റു ചില ജീവിതങ്ങളും ഈ ഭൂമിയിലുണ്ടെന്ന് തനിക്ക് മനസ്സിലാകും.

“എനിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് എന്റെ അമ്മ ഞങ്ങളെ വിട്ട് എങ്ങോട്ടോ പോയത്. ഏറെ തിരഞ്ഞിട്ടും അവരിപ്പോഴും, ജീവനോടെ ഉണ്ടോ അതോ മരിച്ചു പോയോ എന്നു പോലും എനിക്ക് നിശ്ചയമില്ല. അന്നെന്റെ അനിയത്തിക്ക് ആറു വയസ്സ്. അവളുടെ തോരാത്ത കണ്ണീരു കണ്ട് ഞാനാ സ്ത്രീയെ ഓരോ നിമിഷവും വെറുത്തു പോയി.പക്ഷെ കാലങ്ങൾ പിന്നിട്ടപ്പോഴാണ് എന്റെ അമ്മ എത്ര ശരിയായിരുന്നു എന്ന് ഞാനറിയുന്നത്….”

അയാൾ പറയുന്നതൊക്കെ ശ്വാസമടക്കി ഞാൻ കേട്ടു കൊണ്ട് നിന്നു.

“പഠിക്കാൻ മിടുക്കരായിരുന്നു ഞാനും എന്റെ അനിയത്തിയും. സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടും ഞങ്ങൾക്കില്ല . എന്നിട്ടും അച്ഛനിങ്ങനെ കുടിച്ച് ജീവിതം നശിപ്പിക്കുന്നത് എന്തിനാണെന്ന് മാത്രം എനിക്കിതു വരെ മനസ്സിലായിട്ടില്ല. എന്നിട്ടും ഞാനും, അവളും ഞങ്ങളുടേതായ ലോകത്ത് സന്തോഷം കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.

“ഏറെ പ്രതീക്ഷകളോടെയായിരുന്നു അഞ്ച് വർഷങ്ങൾക്ക് മുൻപ് എന്റെ അനിയത്തിയുടെ വിവാഹപന്തൽ ഈ മുറ്റത്ത് ഒരുങ്ങിയത്…. അച്ഛനോട് ആ ദിവസമെങ്കിലും കുടിക്കരുതെന്ന ഒറ്റ പ്രാർഥനയെ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളു…. ഒരു പക്ഷെ ജീവിതത്തിലാദ്യമായി ഞാൻ ആവശ്യപ്പെട്ടത് അതൊന്നു മാത്രമായിരിക്കാം. എന്നിട്ടും അയാളത് കേട്ടില്ല. മൂക്കറ്റം മ-ദ്യപിച്ച് വന്ന് ആ വിവാഹം അച്ഛൻ അലമ്പാക്കി.അതോടെ അവളുടെ എല്ലാ സ്വപ്നങ്ങളും അസ്തമിച്ചു.”

“വിവാഹം മുടങ്ങിയതോടെ അവൾ കടുത്ത ഡിപ്രെഷനിലേക്ക് പോയി. രണ്ട് വർഷത്തോളം സ്നേഹിച്ചവരായിരുന്നു അവളും, ആ പയ്യനും.അതൊക്കെ ഓർത്തപ്പോൾ അവൾ മാനസികമായി വല്ലാതെ തളർന്നു. പിന്നെ ഒരു സൈക്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്താണ് അവളുടെ രോഗം പൂർണ്ണമായും മാറിയത്. എന്റെ സ്നേഹപൂർവമായ നിർബന്ധം കൊണ്ട് അവൾ തിരികെ ജീവിതത്തിലേക്ക് വന്നു.കഴിഞ്ഞ മാസം കൂടെ ജോലി ചെയ്യുന്ന ഒരാൾ അവൾക്ക് വേണ്ടി ഒരു പ്രൊപോസൽ ആയിട്ട് വന്നു. ഒടുവിൽ അമ്പലത്തിൽ വച്ചൊരു ചെറിയ താലികെട്ട് ചടങ്ങ് നടത്തി ഞാനവളെ സന്തോഷത്തോടെ യാത്രയാക്കി…. എന്റെ അച്ഛനെന്ന് പറയുന്ന മനുഷ്യൻ അവൾ എവിടെ പോയി എന്നൊരു വാക്ക് ഇന്നു വരെ എന്നോട് ചോദിച്ചിട്ടില്ല.ഒരു പക്ഷെ അവളുടെ അഭാവം പോലും എന്റെ അച്ചൻ അറിഞ്ഞിട്ടുണ്ടാകില്ല.

“നിങ്ങൾക്കറിയുമോ, പഠിപ്പും, ജോലിയുമൊക്കെ ഉണ്ടായിട്ടും വിവാഹം എന്നത് എനിക്കിന്നുമൊരു പാഴ്ക്കി നാവ് മാത്രമാണ്. കുടിച്ചും, വഴി നീളെ ഛർദിച്ചും നടക്കുന്ന ഒരാളുടെ വീട്ടിലേക്ക് സ്വന്തം മകളെ അയക്കില്ലെന്ന് അച്ഛനമ്മമാർ പറയുമ്പോൾ എനിക്കവരെ കുറ്റപ്പെടുത്താനും കഴിയില്ല. അച്ഛനെ വിട്ട് എങ്ങോട്ടെങ്കിലും പോകാനും തോന്നുന്നില്ല. എന്തൊക്കെ പറഞ്ഞാലും ജീവൻ നൽകിയ എന്റെ അച്ഛനല്ലേ.ഈ കഥകളൊക്കെ ഷെഫീഖിന് ഒരു പക്ഷെ അവിശ്വസനീയമായിരിക്കും. എടോ, ജന്മം നൽകിയവരുടെ സ്നേഹം ആവോളം നുകരാനും വേണം ഒരു യോഗമൊക്കെ. ഇനി അതൊക്കെ ഓർത്തിട്ട് “

മുറിഞ്ഞു പോയ വാക്കുകളിൽ ഉണ്ടായിരുന്നു അയാൾക്ക് ജീവിതത്തോടുള്ള നിരാശയും വ്യഥയുമെല്ലാം. ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി, അടക്കാൻ കഴിയാത്തൊരു ദുഃഖം ആ മനസ്സിനുള്ളിലേക്ക് അലയടിച്ചെത്തുന്നത് ഞാനറിയുന്നുണ്ടായിരുന്നു . തൊട്ടടുത്ത നിമിഷം ഞാൻ അയാളെ അശ്വസിപ്പിക്കാണെന്നോണം സ്നേഹത്തോടെയൊന്ന് ആശ്ലേഷിച്ചു …..

ഒന്ന് രണ്ട് മിനിറ്റുകൾക്ക് ശേഷം ചെറിയൊരു നിശ്വാസത്തോടെ അയാളെന്നിൽ നിന്നും വേർപെട്ട് തിരിഞ്ഞു നടക്കുമ്പോൾ എന്റെ മനസ്സാകെ ശൂന്യമായിരുന്നു. എല്ലാ മക്കളും എന്നെ പോലെ ഭാഗ്യം കിട്ടിയവരല്ല എന്ന തിരിച്ചറിവോടെ ഞാനാ വീടിന്റെ പടികൾ ഇറങ്ങുമ്പോൾ കാത്തിരിപ്പിന്റെ ദൂരം എണ്ണിയിരിക്കുന്ന സ്നേഹത്തിന്റെ മൂന്ന് മുഖങ്ങളെന്റെ മനസ്സിൽ നിറഞ്ഞു വന്നു…..

~ചെമ്പകം