ശ്രീഹരി ~ അധ്യായം 38, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ദേവമാതാ ഹോസ്പിറ്റലിന്റെ തണുത്തു വിറങ്ങലിച്ച ഇടനാഴികളിൽ മരണം എപ്പോ വേണേൽ കടന്നു വരാൻ സ്വാതന്ത്ര്യമുള്ള ഒരു ബന്ധുവിനെപ്പോലെ നിൽപ്പുണ്ട് എന്ന് ശ്രീഹരിക്ക് തോന്നി

അവനും മരിച്ചവനായി. ശരീരവും മനസ്സും മരവിച്ചു മരിച്ചു പോയവൻ. വെന്റിലേറ്ററിലേക്ക് മാറ്റിയ പ്രിയപ്പെട്ടവളെ ഒരു നോക്ക് കാണാൻ അവൻ കാത്ത് നിന്നു

ബാലചന്ദ്രൻ സാർ ഏതോ മുറിയിലുണ്ട്

അദേഹത്തിന്റെ ബിപി ഷൂട്ട്‌ ആയി. ഷുഗർ വളരെ കുറഞ്ഞും പോയി. അദ്ദേഹത്തോട് അടുപ്പമുള്ള എല്ലാവരും ഹോസ്പിറ്റലിൽ ഉണ്ട്. മന്ത്രിമാർ വരെ

അദ്ദേഹം ആശുപത്രിയിലായിട്ടും വരാതെയിരുന്ന രണ്ടു പെണ്മക്കളും വന്നിട്ടുണ്ട്. ആർക്കും പകയോ പിണക്കമോ ഇല്ല. എല്ലാവർക്കും അവൾ പ്രിയപ്പെട്ടവളായിരുന്നു

ശ്രീഹരിയേ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. നാട്ടിൽ നിന്ന് തോമസ് ചേട്ടനും ജെന്നിയും മേരിചേച്ചിയും ആശുപത്രിയിലേക്ക് വന്നു

അവർക്ക് ശ്രീഹരിയേ നോക്കാൻ കൂടി കഴിയുന്നില്ല. എങ്ങനെയായിരുന്നു ആക്‌സിഡന്റ് എന്ന് അവരാരോടോ ചോദിച്ചു

ഡ്രൈവർ ഉറങ്ങിപ്പോയത്രേ..മരത്തിൽ ചെന്നിടിക്കുകയായിരുന്നു. ഡ്രൈവർ അവിടെ വെച്ചു തന്നേ മരിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് അഞ്ജലിയെ പുറത്തെടുത്തത്

മരിച്ചു എന്ന് തന്നെയാണ് കരുതിയത്. ചെറിയ ഒരനക്കം കണ്ട് നാട്ടുകാർ എത്രയും വേഗം ആശുപത്രിയിൽ എത്തിച്ചു

നാലു സർജറി എങ്കിലും കഴിഞ്ഞിട്ടുണ്ടാവും. ബ്രെയിനിന്നാണ് കൂടുതൽ പരുക്ക്. ഡോക്ടർമാർ അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു

ഒരു തവണ എങ്കിലും റെസ്പോണ്ട് ചെയ്തിരുന്നെങ്കിൽ എങ്ങനെ എങ്കിലും ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാമെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. ബാലചന്ദ്രന്റെ നിലവിളികൾക്കോ സങ്കടങ്ങൾക്കോ ചെറുചലനം പോലുമുണ്ടാക്കാൻ സാധിച്ചില്ല. നില തീരെ വഷളായപ്പോൾ വെന്റിലേറ്ററിലേക്ക് മാറ്റി

പക്ഷെ അത് എത്ര നാൾ?

ശ്രീഹരി വരട്ടെയെന്ന് ബാലചന്ദ്രൻ ഡോക്ടർമാരോട് പറഞ്ഞു. അവനൊന്നു ജീവനോടെ കണ്ടോട്ടെ. അത് കഴിഞ്ഞു മതി

ശ്രീഹരി വന്നു

കണ്ടു..വെന്റിലേറ്റർ മാറ്റാനവൻ സമ്മതിച്ചില്ല. അവൾ മരിക്കില്ല. അവൾക്ക് എന്നെ ഒറ്റയ്ക്ക് ഇട്ടേച്ച് പോകാൻ കഴിയില്ല. അവൻ ഡോക്ടർമാരോട് പറഞ്ഞു. കുറച്ചു ദിവസം കൂടി എന്ന് കെഞ്ചി. ദിനവും രാത്രിയെന്നില്ലാതെ പകലെന്നില്ലാതെ വിശപ്പും ദാഹവുമില്ലാതെ ആശുപത്രി വരാന്തയിൽ തളർന്നു നിന്നു

ദൈവങ്ങളോട് അവന് ദേഷ്യം തോന്നി. തനിക്ക് ആരെയും തന്നില്ല. അച്ഛൻ, അമ്മ, സഹോദരങ്ങൾ, ആരെയും

ആകെ ഉണ്ടായിരുന്നത്…തന്റെ ജീവിതത്തിലെ വിളക്കായിരുന്നവളായിരുന്നു. അവളെയും ഇപ്പൊ…

ഒരു തവണ കണ്ടിട്ട്, മിണ്ടിയിട്ട് ഇത് പോരാരുന്നോ എന്ന് ദൈവത്തോട് അവൻ വിലപിച്ചു കൊണ്ടേയിരുന്നു. അവൾക്ക് പകരം എന്നെ കൊണ്ട് പൊയ്ക്കൂടേ എന്ന് തർക്കിച്ചു. അവൾ പാവമല്ലായിരുന്നോ എന്ന് കരഞ്ഞു. ഞാൻ ഇനി ഒരിക്കലും നിന്നേ വണങ്ങില്ല എന്നവർത്തിച്ചു പറഞ്ഞു. അവൾക്കെന്തെങ്കിലും സംഭവിച്ചാൽ നിന്റെ മുന്നിൽ ഞാൻ എന്നെയും അവസാനിപ്പിക്കും എന്ന് സത്യം ചെയ്തു.അതവൻ തീരുമാനിച്ചിരുന്നു. അഞ്ജലിയില്ലാത്ത ഈ ലോകം തനിക്ക് വേണ്ട. അവളുടെ കളിചിരികളില്ലാത്ത, വിളിയൊച്ചയും അനക്കവുമില്ലാത്ത ഈ ലോകം താൻ ഉപേക്ഷിച്ചു കളയും.

“ഹരി…” അവൻ തിരിഞ്ഞു നോക്കി

“ഡോക്ടർ ഫാത്തിമ മുഹമ്മദ്‌ “

“ഹരിക്ക് ഒരിക്കൽ കൂടി കാണണ്ടേ? വെന്റിലേറ്റർ മാറ്റാൻ പോകുകയാണ്. ഇനി ഇങ്ങനെ കൂടുതൽ ദിവസം ഇട്ടിട്ട് കാര്യമില്ല. ” ഹരി ഞെട്ടിപ്പകച്ചു നോക്കി

എന്താ പറഞ്ഞതെന്ന് അവൻ ശരിക്കും കേട്ടില്ല. അവൻ ശൂന്യമായ കണ്ണുകളോടെ ഡോക്ടറെ നോക്കി. അവർക്ക് അവനോട് സഹതാപം തോന്നി
പാവം…

“ഒന്ന് കയറി കണ്ടോളു ” അവർ ആ തോളിൽ പിടിച്ചു

“ദൈവം രക്ഷിക്കട്ടെ “

അവൻ അകത്തേക്ക് ചെന്നു. അവളുടെ മുഖം ശാന്തമായിരുന്നു. ഉറങ്ങി കിടക്കുമ്പോലെ അപകടത്തിൽ മുഖത്തിന്‌ ഒന്നും സംഭവിച്ചിരുന്നില്ല. ഒരു പോറൽ പോലുമില്ല. പൂർണചന്ദ്രന്റെ ശോഭയുള്ള മുഖം

“പൊന്നേ.. എന്നെയൊന്നു നോക്ക് ‘ അവൻ ആ മുഖത്തേക്ക് മുഖം അടുപ്പിച്ചു

“ഇങ്ങനെ ശിക്ഷ തരാനാണോ വേഗം വരാൻ പറഞ്ഞത്?”

“എനിക്ക് ആരുമില്ലാന്ന് അറിഞ്ഞൂടായിരുന്നോ?”

“ഞാൻ ചെയ്തു പോയ തെറ്റ്.. ആ തെറ്റ് ഞാൻ തിരുത്തട്ടെ “

അവൻ പോക്കറ്റിൽ കിടന്ന മാല അവളുടെ കഴുത്തിൽ ഇട്ട് കൊടുത്തു

“ദേ പൊട്ടിച്ച് കളഞ്ഞ ആ മാല തന്നെ ശ്രീ ഇട്ടു കേട്ടോ.. ഇനി പിണക്കം മാറി കണ്ണ് തുറക്ക് “

“ഞാനെന്ത് ചെയ്യും മോളെ?”

അവന്റെ കണ്ണുനീർ മഴ പോലെ അവളിലേക്ക് പെയ്തു കൊണ്ടിരുന്നു

“ഞാൻ… ഞാനെന്ത് ചെയ്യും?”

അവൻ ആ പാദങ്ങൾ ചേർത്തു പിടിച്ചു മുഖം അമർത്തി

ആദ്യമായി പ്രണയം തുറന്നു പറഞ്ഞത് ഇങ്ങനെ ആയിരുന്നു. അവളുടെ പാദങ്ങളിൽ ചുംബിച്ചത്. പാദങ്ങളിൽ മുഖം ചേർത്ത് എന്റെയല്ലേ എന്ന് ചോദിച്ചത്? നാണത്താൽ കൂമ്പിയ മുഖം മാറോടു ചേർന്നത്എന്നെ ഇഷ്ടമല്ലേ എന്ന് ചോദിച്ചപ്പോൾ ജീവനാണെന്ന് പറഞ്ഞത്. അവളുടെ പാദങ്ങളിൽ മുഖം ചേർത്തിരിക്കാനായിരുന്നു എന്നും ശ്രീഹരിക്ക് ഇഷ്ടം. അവളിലും താഴെ നിൽക്കാൻ ഒരു നാണക്കേടും തോന്നിയിട്ടില്ല. ആണിന്റെ അഹന്തയോ ഈഗോയോ ഒന്നുമവളുടെ മുന്നിലില്ല

അവളത്രയും മൂല്യമുള്ള നിധിയായിരുന്നു. ദരിദ്രനായ ഒരു അനാഥന്റെ ജീവിതത്തിൽ കടന്നു വന്ന ദേവത. എന്നിട്ടും പിണങ്ങി, ദേഷ്യപ്പെട്ടു, അകന്ന് നിന്നു. ചിലപ്പോൾ ഒക്കെ കൂടെയുള്ളതിന്റെ വിലയറിയില്ല മനുഷ്യന്

നഷ്ടപ്പെട്ട് നോക്കണം. പിന്നെ ഒരിക്കലും കിട്ടാതെ എന്നെന്നേക്കുമായി നഷ്ടപ്പെടണം. അപ്പൊ കരയും. ഭ്രാന്തനെ പോലെ ഓടും

ശ്രീഹരിയും ഇപ്പൊ ആ അവസ്ഥയിലായിരുന്നു. ഭ്രാന്ത് പിടിച്ച പോലെ

അവൻ അവളുടെ മുഖത്തേക്ക് ചുണ്ട് അടുപ്പിച്ചു വീണ്ടും വിളിച്ചു

“അഞ്ജലീ..”

“എന്റെ മോള് പൊയ്ക്കോ..പിന്നാലെ ഞാനും വരും.ഒറ്റയ്ക്ക് ആക്കില്ല വാക്ക്.എവിടെ ആണെങ്കിലും ഒന്നിച്ച്. ഞാനത് നിനക്ക് ആദ്യമേ തന്ന വാക്കാണ്. അത് ഞാൻ പാലിക്കും. എന്റെ പൊന്ന് ഇനി വേദനിക്കണ്ട. ശ്രീ വരും…”

അവൻ ആ നെറ്റിയിൽ മുഖം അമർത്തി ചുംബിച്ചു

“തിരിച്ച് ഒരുമ്മ തരുവോ?” അവൻ ദയനീയമായി ചോദിച്ചു

“അഞ്ജലീ….” അവൻ നെഞ്ചു പൊട്ടി അലറി വിളിച്ചു പോയി.

“സാർ പ്ലീസ്…”

നഴ്സ് വന്നവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു

“എന്തിനാ എന്നെ പിടിച്ചു മാറ്റുന്നത്?”

അവൻ അവരുടെ കൈ കുടഞ്ഞു കളഞ്ഞു

“എന്റെ… എന്റെ ഭാര്യയാ ഇത്… എന്റെ.. എന്റെ ജീവൻ.മരിക്കാൻ പോവാ. എന്നെ വിട്ട് പോകാൻ പോവാ.. എനിക്ക് കാണണ്ടേ? ഇനിയാരെ ഞാനിങ്ങനെ വിളിക്കും? എന്റെ അഞ്ജലിന്ന്..ഞാനാരെ വിളിക്കും?”

അവൻ പൊട്ടിക്കരഞ്ഞു കൊണ്ട് അവളുടെ പാദങ്ങളിൽ മുഖം അമർത്തി

“എന്റെ പൊന്ന് എന്നെ വിട്ട് പോകല്ലെടി പ്ലീസ്.. പ്ലീസ് “അവൻ കൈ കൂപ്പി തൊഴുതു കൊണ്ട് കെഞ്ചി

“പോവല്ലേ… കാല് പിടിച്ചു പറയുവാ പോവല്ലേ നിന്റെ ശ്രീ മരിച്ചു പോകും മോളെ “

ആ നഴ്സിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി

അവർക്ക് അവന്റെ ഭാഷ മനസിലായില്ല. പക്ഷെ അവൻ പറഞ്ഞത് എന്താണെന്ന് മനസിലാക്കാൻ ഭാഷ വേണ്ടായിരുന്നു. എത്രയോ രംഗങ്ങൾ ഇത് പോലെ അവരുടെ മുന്നിൽ അരങ്ങേറിയിട്ടുണ്ട്. ഉറക്കം നഷ്ടപ്പെടുത്തിയ എത്രയോ വേർപാടുകൾ.

ഈ ആളെ തനിക്ക് അറിയാം. ഇത് ശ്രീഹരിയാണ്. കണ്ടിട്ടുണ്ട്. പാട്ട് കേട്ടിട്ടുണ്ട്

ദൈവമേ ഇയാളെ എന്തിനായിരുന്നു ഇങ്ങനെ പരീക്ഷിച്ചത്?

ഓരോ ഇന്റർവ്യൂവിലും അഞ്ജലിയെ കുറിച്ച് പറയാറുണ്ട്. അത് കേട്ടിട്ടുള്ളവർക്കെല്ലാം ആ സ്നേഹം അറിയാം. ഇയാൾ ഇതെങ്ങനെ സഹിക്കുമെന്ന് ഓർക്കവേ അവളുടെ കണ്ണ് വീണ്ടും നിറഞ്ഞൊഴുകി

ശ്രീഹരി അഞ്ജലിയെ നോക്കിക്കൊണ്ടിരുന്നു

“ഒരിക്കൽ ഒരിക്കൽ മാത്രം ഒന്ന് എന്നെ നോക്കാമോ?” അവൻ നെഞ്ചു പൊട്ടി ചോദിച്ചു

അവന് തന്റെ സമനില തെറ്റുമെന്ന് അവന് തോന്നി. ഭ്രാന്ത് പിടിക്കുന്ന പോലെ

ഇവൾ ഇവളെന്താ ഈ ചെയ്യുന്നത്? എന്തിനാ എന്നെ ഇട്ടേച്ച് പോകുന്നത്?

അവന് കണ്ണീർ വറ്റി

“സാർ പുറത്ത് പോകാമോ?” അവർ ചോദിച്ചു

അവൻ എഴുന്നേറ്റു

ഒരിക്കൽ കൂടി അവളുടെ അടുത്ത് ചെന്നു

“പോവാ… കാണാം ” അവൻ ആ കവിളിൽ ഒന്ന് തലോടി

പിന്നെ തിരിഞ്ഞു നടന്നു.

പെട്ടെന്ന് വിരലിൽ ഒരു പിടിത്തം വീണു. അവൻ ഞെട്ടലോടെ നോക്കി

ഒരനക്കം..അവളുടെ വിരലുകൾ അവന്റെ വിരലുകളിൽ മുറുകുന്നു

“അഞ്ജലീ “

അവൻ പെട്ടെന്ന് അവളെ കുലുക്കി വിളിക്കാൻ ആഞ്ഞതും നഴ്സ് ബലമായി പിടിച്ചു മാറ്റി

“അവളെന്നെ..അവളുടെ വിരലുകൾ..നോക്ക്..നോക്ക് ” അവൻ ചൂണ്ടി

നഴ്സ്  അത്ഭുതത്തോടെയത് കണ്ടു. അഞ്ജലിയുടെ വിരലുകൾ വിറയ്ക്കുന്നു. അവർ വാതിൽ തുറന്നു പുറത്തേക്ക്  ഓടി

ഡോക്ടർ…. എന്നൊരു വിളി ഇടനാഴിയിൽ മുഴങ്ങി

ശ്രീഹരി തളർന്നു നിലത്ത് മുട്ട് കുത്തി. ശിരസ്സ് അവളുടെ ബെഡിൽ അർപ്പിച്ചു. വിറയ്ക്കുന്ന ഒരു കൈത്തലം അവന്റെ ശിരസ്സിൽ വന്നു പതിഞ്ഞു

അത് അവന്റെ തലമുടിയിൽ ഇറുക്കി പിടിച്ചു

അവളുടെ അടഞ്ഞ കണ്ണുകളിൽ നിന്ന്ഒരു തുള്ളി തുള്ളി കണ്ണീർ ഒലിച്ചിറങ്ങി

(തുടരും )