ഒരിക്കൽ പോലും നേരിൽ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്തിട്ടില്ല. ഇനി ഇതെങ്ങാനും മേനോൻ അറിഞ്ഞാലാണ്…

ശത്രുവും മിത്രവും…

Story written by Nisha Pillai

===================

തന്റെ പുതിയ ബെൻസ് കാർ,ഡ്രൈവർ കഴുകുന്നതും നോക്കി മുറ്റത്തുള്ള പുൽത്തകിടിയിൽ കിടക്കുന്ന, ചാരു കസേരയിൽ ശങ്കരമേനോൻ ഇരുന്നു.അടുത്ത വീട്ടിലെ രാമനാഥൻ രണ്ട് വർഷം മുൻപേ ഒരു ബെൻസ് സ്വന്തമാക്കിയിരുന്നു,അന്ന് മുതലുള്ള ഒരാഗ്രഹമാണ് ഒരു ബെൻസ് വാങ്ങണമെന്ന്.ഉടനെ വാങ്ങിയാൽ അസൂയകൊണ്ടാണെന്ന് നാട്ടുകാർ പറയുമെന്ന് മകനാണ് പറഞ്ഞത്.അതിനാൽ ഇപ്പോൾ കാത്തിരുന്ന് അതിനേക്കാൾ മികച്ചതൊന്ന് വാങ്ങിയത്.ഇനി അവന്റെ മുന്നിലൂടെ സീതയെയും കൊണ്ട് അമ്പലത്തിലൊക്കെ ഒന്ന് പോകണം.അവളെ താൻ പൊന്നു പോലെയാണ് ഇത്രയും വർഷം നോക്കിയതെന്ന് അവനൊന്നു കാണണം.

അടുത്ത വീട്ടിലെ ടെറസിൽ നിന്നും വെള്ളയും ചുവപ്പും നിറത്തിലുള്ള എന്തോ ഒന്ന് പറന്നു വന്ന് മേനോന്റെ പറമ്പിലെ കണിക്കൊന്നയിൽ ചുറ്റി.കാറ്റടിച്ചപ്പോൾ അത് നിലത്തു വീണു.

“എന്താടാ ആ പറന്ന് വന്നു വീണത്? ” ഡ്രൈവറോട് ചോദിച്ചു.

“അപ്പുറത്തെ വീട്ടിലെ കൊച്ചിന്റെ പട്ടമാണ് കൊച്ചേട്ടാ.”

ഡ്രൈവർ നന്ദു മറുപടി നൽകി.കേൾക്കേണ്ട താമസം മേനോൻ എഴുന്നേറ്റു കൊന്നയുടെ ചുവട്ടിലേക്ക് നടന്നു.പട്ടം നാലഞ്ചു കഷണമായി വലിച്ചു കീറി ,കാൽ കീഴിലിട്ടു ചവിട്ടി .

അടുക്കളയിൽ നിന്നും മേനോന്റെ ഭാര്യ സീതമ്മയും മരുമകൾ പ്രീതിയും ഇറങ്ങി വന്നു.നന്ദുവിൽ നിന്നും കാര്യങ്ങൾ ഗ്രഹിച്ച സീതമ്മ ഭർത്താവിനെ ഉപദേശിക്കാൻ ശ്രമിച്ചു.

“എന്താണ് ശങ്കരേട്ടാ ,ആ കുട്ടി ടെറസിൽ നിന്നും നോക്കുന്നത് കണ്ടില്ലേ.അതങ്ങു കൊടുത്താൽ പോരായിരുന്നോ.നശിപ്പിച്ചു കളയണമായിരുന്നോ.ഇതിപ്പോൾ….?”

തിരിഞ്ഞ് നിന്ന ശങ്കര മേനോന്റെ ക്രൂരമായ നോട്ടം താങ്ങാനാകാതെ സീതമ്മ തിരിഞ്ഞു നടന്നു.പിറകെ ശങ്കരമേനോനും.പേടിച്ചു വിറച്ച മരുമകൾ പ്രീതിയും പുറകെ ചെന്നു.ഇനി വീട്ടിൽ ഒരു കലഹം നടക്കും,സീതമ്മ കരയും,സീത ഇന്ന് മുഴുവൻ മുറിയിൽ നിന്നുമിറങ്ങില്ല.ശങ്കരമേനോൻ ദേഷ്യപ്പെട്ടു ക്ലബ്ബിലേക്ക് പോകും.വൈകിട്ട് ചീട്ടു കളിച്ചു, ക-ള്ള് കുടിച്ചു മടങ്ങിയെത്തുമ്പോൾ ,അയാൾ രാവിലെ നടന്നതൊക്കെ മറക്കും.പിണങ്ങിയിരിക്കുന്ന ഭാര്യയുടെ പിണക്കം മാറ്റാൻ അവരുടെ കാലിൽ വരെ മേനോൻ പിടിക്കും.നാളെ അവർ വീണ്ടും സന്തോഷത്തോടെ ഒരു പുതിയ ദിവസം തുടങ്ങും .

രാമനാഥന്റെ വീടുമായി സംബന്ധിച്ച എന്തെങ്കിലും പ്രശ്നം വീണ്ടും വരും വീണ്ടും പരസ്പരം വഴക്ക്,പിണക്കം .അങ്ങനെ പോകുന്നു സീതമ്മയുടെ ജീവിതം.മകനും മരുമകളും കൊച്ചുമകനുമൊക്കെ ആയിട്ടും അവരുടെ വിവാഹ ജീവിതത്തിൽ യാതൊരു മാറ്റവുമില്ല.

ആ നാട്ടിൽ പരസ്യമായിരുന്നു രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ശത്രുതയുടെ കഥ.അതിനു നാൽപതു വർഷത്തെ പഴക്കവുമുണ്ട്.

നാട്ടിലെ രണ്ടു പേരുകേട്ട കുടുംബക്കാർ ആയിരുന്നു,തെക്കേക്കരക്കാരും പുത്തൻകാവ് വീട്ടുകാരും.തെക്കേക്കരയിലെ ശങ്കരനും പുത്തൻക്കാവിലെ രാമനാഥനും എഴുത്തു പള്ളിക്കൂടം മുതൽ കൂട്ടുകാരാണ്.ആ സൗഹൃദത്തിന്, അവരുടെ കോളേജ് കാലഘട്ടം വരെ ഒരു മാറ്റവും വന്നില്ല. ,ദൃഢമായി മുന്നോട്ടു പോയി.അടി കേസിലും പെണ്ണ് കേസിലും അവരുടെ സംഘം മുന്നിലായിരുന്നു.

ആയിടയ്ക്കാണ് മദ്രാസ്സിൽ എൻജിനീയറായിരുന്ന ശങ്കരന്റെ മൂത്ത അമ്മാവൻ വാസുദേവൻ ജോലിയിൽ നിന്നും വിരമിച്ചു നാട്ടിലേക്കെത്തിയത്.അദ്ദേഹം, ശങ്കരന്റെ സമപ്രായക്കാരിയായ മകൾ സീതയെ ശങ്കരന്റെ അതേ കോളേജിൽ എം എ യ്ക്ക് ചേർത്തു.അതായത് നാലഞ്ചു ആണുങ്ങൾ മാത്രമുണ്ടായിരുന്ന അവരുടെ സൗഹൃദ വലയത്തിലേക്ക് സീതയും സ്വാഗതം ചെയ്യപ്പെട്ടു.

ഒരു പെണ്ണിന്റെ ആഗമനത്തോടെ ആ സൗഹൃദം കൂടുതൽ ദൃഢമാകുകയും അടി പിടി കേസുകളൊക്കെ അവർ ഒഴിവാക്കാനും തുടങ്ങി.സംഘാംഗങ്ങൾ എല്ലാവരും തന്നെ തന്റേടിയും മിടുക്കിയും സുന്ദരിയുമായ സീതയുടെ മുന്നിൽ ആരാണ് കൂടുതൽ മെച്ചം എന്ന് തെളിയിക്കാനായി കാത്തു നിന്നു.ഏറ്റവും കൂടുതൽ മാറ്റമുണ്ടായത് രാമനാഥനിലായിരുന്നു.അവളെ തീരെ ഗൗനിക്കാതിരുന്നത് ശങ്കരനുമായിരുന്നു.രാമനാഥനും സീതയും തമ്മിൽ മറ്റാരുമറിയാതെ എന്തോ ഒന്ന് തീഷ്ണമായി കത്തി പടരാൻ തുടങ്ങി.അതിനെ പ്രേമമെന്ന് കൂട്ടുകാരികൾ കളിയാക്കിയപ്പോഴൊക്കെ സീത അതിനെ സൗഹൃദത്തിൻ്റെ കുപ്പായത്തിലൊളിപ്പിച്ചു. കോളേജിൽ അവരുടെ ബന്ധം പാട്ടായി.ശങ്കരൻ മാത്രം ഒന്നുമറിഞ്ഞില്ല.ആരോ ചിലർ ചുവരിൽ ചിത്രം വരച്ചു വച്ചപ്പോഴാണ് തന്റെ മുറപ്പെണ്ണിനെ ആത്മാർത്ഥ മിത്രം തട്ടിയെടുത്തതായി ശങ്കരൻ അറിയുന്നത്.

രാമനാഥൻ, ശങ്കരൻ്റെ മുന്നിൽ തന്റെ മനസ് തുറന്നെങ്കിലും,ശങ്കരന് കൂട്ടുകാരൻ തന്നെ ഇത്രനാളും ചതിച്ചതായിരുന്നു എന്ന് തോന്നി. രാമനാഥന്റെ സ്വപ്നങ്ങളെ തകർക്കുന്ന ഒരു വാർത്തയായിരുന്നു നാട്ടിൽ പിറ്റേന്ന് പരന്നത്.സീതയുടെ കല്യാണം,അഞ്ചാം ദിനം തറവാട്ട് വീട്ടിൽ വച്ച് ശങ്കരൻ സീതയുടെ കഴുത്തിൽ താലി ചാർത്തും.നാടെല്ലാം ക്ഷണിച്ചെങ്കിലും രാമനാഥനും കുടുംബത്തിനും മാത്രം ക്ഷണം ഉണ്ടായില്ല.അന്ന് മുതൽ രണ്ടു തറവാട്ടുകാരും ശത്രുതയോടെ പെരുമാറുകയും ചെയ്തു.

നാൽപതു വർഷങ്ങൾക്കു ശേഷവും ശങ്കര മേനോന് ഒരു മാറ്റവുമില്ല.ഒരു മതിൽ കെട്ടിന്റെ അപ്പുറവും ഇപ്പുറവും ശത്രുക്കളായി അവർ ഇപ്പോഴും ജീവിക്കുന്നു.ഏക മകനായ രാജീവിന്റെ കല്യാണം കഴിഞ്ഞതോടെയാണ് സീതമ്മയ്ക്കു കുറച്ചെങ്കിലും ആശ്വാസം കിട്ടിയത്.അതിനു കാരണക്കാരിയായത് മരുമകളായ പ്രീതിയാണ്.പ്രീതിയും രാമനാഥന്റെ മകൾ അമ്മുവും സുഹൃത്തുക്കളാണ്. വീട്ടുകാരുടെ മുന്നിൽ വച്ച് മിണ്ടാറില്ലെങ്കിലും അവർ ആരുമറിയാതെ ഫോണിലൂടെയും നാട്ടിൽ നിന്നു പുറത്തു പോകുമ്പോൾ നേരിട്ടും മിണ്ടാറുണ്ടായിരുന്നു.

മേനോന്റെ ഏക മകൻ രാജീവ് വലിയ ബിസിനസ്കാരനായിരുന്നു.അയാൾ കേരളത്തിലും തമിഴ്‌നാട്ടിലുമായി ധാരാളം ഫാക്ടറികൾ നോക്കി നടത്തിയപ്പോൾ രാമനാഥന്റെ മകൻ അമേരിക്കയിൽ എൻജിനീയറും മകളുടെ ഭർത്താവു അറിയപ്പെടുന്ന കാർഡിയോളജിസ്റ്റും ആയി.മകളും കുടുംബവും രാമനാഥനോടൊപ്പം ഒന്നിച്ചായിരുന്നു താമസം.

രാമനാഥന്റെ മകളുടെ മകനായ പാർത്ഥിവിന്റെ പട്ടമാണ് രാവിലെ പറന്നു വന്നു മേനോനെ ദേഷ്യം പിടിപ്പിച്ചത്.മേനോൻ ദേഷ്യം മാറാൻ വേഷം മാറി ക്ലബ്ബിലേക്ക് പോവുകയും ചെയ്തു.കട്ടിലിൽ കിടന്നു വിതുമ്പിയ സീതയുടെ അടുത്തേയ്ക്കു പ്രീതിയെത്തി.

“അമ്മാ ഒന്നെണീറ്റ് വന്നേ,അമ്മയുടെ ഈ കണ്ണീരു കാണണ്ട എനിക്ക്.അച്ഛൻ സ്വന്തം സന്തോഷം തേടി ക്ലബിൽ പോയി.ഇനി സന്ധ്യയ്ക്കേ മടങ്ങി വരൂ.അച്ഛനവിടെ കൂട്ടുകാരുമായി സന്തോഷിക്കുമ്പോൾ അമ്മ ഇവിടെ സങ്കടപെടേണ്ട കാര്യമെന്താണ്.അത് എന്തൊരു അനീതിയാണ്.പെണ്ണിന് മാത്രം എന്നും സങ്കടവും കണ്ണീരും.”

“അങ്ങനെയൊന്നും പറയല്ലേ മോളെ.”

“ഞാൻ പറയും,എന്നോ ഒരാളെ സ്നേഹിച്ചു എന്ന് കരുതി.അയാളുമായി ബന്ധപെടുന്നതെല്ലാം അമ്മയെ സങ്കടപെടുത്താനുള്ളതാണോ.അമ്മയൊന്ന് വന്നേ, നമുക്കിത്തിരി ബിരിയാണി ഉണ്ടാക്കാം.അമ്മയുടെ കൈപ്പുണ്യം ഒന്ന് വേറെയാ.”

മരുമകൾക്ക് വേണ്ടി സ്വന്തം ദുഃഖം മാറ്റി വച്ചു സീത അടുക്കളയിലേയ്ക്ക് നടന്നു.പ്രീതിയ്ക്കാകട്ടെ അമ്മായിഅമ്മ സ്വന്തം അമ്മയെ പോലെയാണ്.സ്വന്തം അമ്മയിൽ നിന്ന് അവൾക്കും മകനും ഇത്രയും സ്നേഹം ലഭിച്ചിട്ടില്ല.ഭർത്താവ് രാജീവിനോട് അക്കാര്യത്തിൽ അവൾക്കു അസൂയയാണ്.അമ്മയെ ഈ ദുഃഖത്തിൽ നിന്നും കര കയറ്റണം എന്നവൾ കുറെ ആയി ആലോചിക്കുന്നു.

പാർത്ഥിവിന്റെ പട്ടം അച്ഛൻ കീറി കളഞ്ഞതിൽ മാപ്പു പറയാൻ അവൾ അമ്മുവിനെ വിളിക്കുന്നു.സീത കേൾക്കാനായി സ്പീക്കറിൽ ഇട്ടായിരുന്നു സംസാരം.

“ഓ സാരമില്ലെടി നിന്റെ അമ്മായിയപ്പന്റെ കാര്യം ഞങ്ങൾക്കെല്ലാം അറിയാമല്ലോ.അവന്റെ അച്ചാച്ചൻ അവന് വേറെ പട്ടം വാങ്ങി കൊടുത്തു.ഇവരുടെയൊക്കെ കാലം വരെ അതൊക്കെ ഇങ്ങനെ തന്നെ നടക്കും.നമുക്ക് പോലും പരസ്പരം മിണ്ടാൻ പറ്റില്ലല്ലോ.”

“ഇവിടെ അമ്മയ്ക്ക് നല്ല സങ്കടമായി .ഞാൻ അമ്മയുടെ കയ്യിൽ ഫോൺ കൊടുക്കാം.അവിടുത്തെ അമ്മയില്ലേ അടുത്ത് .”

“ഇവിടെ അമ്മയും അച്ഛനും അടുത്ത് തന്നെയുണ്ട്.”

സീത ഞെട്ടി രാമനാഥന്റെ ഭാര്യ നിർമ്മലയെ വർഷങ്ങളായി കാണുന്നുണ്ടെങ്കിലും ഒരിക്കൽ പോലും നേരിൽ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്തിട്ടില്ല.ഇനി ഇതെങ്ങാനും മേനോൻ അറിഞ്ഞാലാണ്.

“‘അമ്മ പേടിക്കാതെ സംസാരിച്ചോ,ഇതാരും അറിയാൻ പോകുന്നില്ലിവിടെ ,രാജീവേട്ടൻ പോലും,പിന്നെ ഇതെന്റെ ഫോൺ ആണല്ലോ.”

സീത ഫോൺ വാങ്ങി.നെഞ്ചിൽ പേടിയുടെ പെരുമ്പറ കൊട്ടുന്നു.

“സീതേച്ചി സുഖമല്ലേ.എപ്പോഴും കരുതും ആ ഗേറ്റു തള്ളി തുറന്നു കയറി വന്നു ചേച്ചിയോട് സംസാരിക്കണമെന്ന്.ഇവിടുത്തെ ആളെന്നെ വഴക്കു പറയും.അവളെ ഇനിയും കൂടുതൽ വിഷമിപ്പിക്കാനാണോയെന്ന്.”

“ക്ഷമിക്കണം നിർമ്മലേ ,കൊച്ചിന്റെ പട്ടം കീറി ചവിട്ടി തേച്ചപ്പോൾ എനിക്കാകെ വിഷമം ആയി.”

“ചേച്ചി അത് കള ,ഒരു പട്ടമല്ലേ,മനുഷ്യന്റെ മനസ്സിനെ ചവിട്ടി മെതിക്കുന്നു ,അപ്പോഴാ … എന്തായാലും സന്തോഷമുണ്ട്.ചേച്ചിയോട് സംസാരിച്ചതിന് .ഞാൻ ഈ നാട്ടിൽ മരുമകളായി വന്നിട്ട് മുപ്പത്തിയെട്ടു വർഷം കഴിഞ്ഞു.എത്ര സന്തോഷമായി കഴിയേണ്ട രണ്ടു കുടുംബങ്ങളാണ്.ഇതൊന്നും ആരുമറിയില്ല ചേച്ചീ .ഫ്രീ ആകുമ്പോൾ വിളിക്കണേ ചേച്ചി.”

സീതയുടെ ആദ്യത്തെ പേടിയൊക്കെ പതിയെ മാറി വന്നു.രണ്ടു വീട്ടിലെയും പെണ്ണുങ്ങൾ തമ്മിൽ ടെറസിൽ നിന്നു കൊണ്ടും, ഫോണിലൂടെയും സംസാരിക്കാൻ തുടങ്ങി.പുതിയകാവിൽ എല്ലാം രാമനാഥന്റെ അറിവോടെയായിരുന്നു.അയാൾക്ക്‌ പഴയ കൂട്ടുകാരനോട് ശത്രുതയില്ലായിരുന്നു.അയാളുടെ ദേഷ്യം സീതയെ നഷ്ടപ്പെട്ടതിലായിരുന്നു,എല്ലാം അറിയുന്ന കൂട്ടുകാരൻ്റെ ചതി അയാൾ മറന്നു.നിർമല അയാളുടെ ജീവിതത്തിൽ വന്നതോടെ പഴയതെല്ലാം മറന്നതായി അയാൾ അഭിനയിച്ചു.അയാൾ നല്ലൊരു ഭർത്താവും കുടുംബനാഥനുമായി.

പ്രീതിയുടെ നിർബന്ധപ്രകാരം സീതയുടെ പിറന്നാളിന് രാജീവ് ഒരു ആൻഡ്രോയിഡ് ഫോൺ ആണ് അമ്മയ്ക്ക് വാങ്ങി നൽകിയത്.

“എടാ ഇവൾക്കിതൊക്കെ ഉപയോഗിക്കാൻ അറിയുമോ? ഇവൾക്കിതിന്റെയൊക്കെ ആവശ്യമെന്താണ്.അവൾക്കു കുറച്ചു പട്ടു സാരിയോ വല്ല കമ്മലോ മാലയോ ഒക്കെ മതിയാകും.”

ശങ്കര മേനോൻ കളിയാക്കി.

“അച്ഛാ അഞ്ചു പേരുള്ള ഈ വീട്ടിൽ നാലു കാറെന്തിനാണ്?യാത്ര ചെയ്യാൻ ഹോണ്ട സിറ്റി പോരെ ,പിന്നെ എന്തിനാണ് കഴിഞ്ഞ മാസം ഒരു ബെൻസ് കാർ വാങ്ങിയത്.”

രാജീവ് മറുപടി പറഞ്ഞു.പ്രീതി ഇടയ്ക്കു കയറി.

“നമ്മുടെ ജോലിക്കാരി ശാന്ത ഉപയോഗിക്കുന്ന ഫോൺ അച്ഛൻ കണ്ടിട്ടില്ലേ.അമ്മ പഴയൊരു പോസ്റ്റ് ഗ്രാജ്വേറ്റ് ആണല്ലോ.എല്ലാവർക്കും വേണ്ടി ഇവിടെ അടുക്കളയിൽ കിടന്ന് നരകിയ്ക്കുന്നു.ഇത് അമ്മ പറഞ്ഞിട്ടൊന്നുമല്ല,എന്നാലും അമ്മയ്ക്കും ആഗ്രഹങ്ങൾ ഒക്കെ ഉണ്ടാകില്ലേ.”

പ്രീതയുടെ ശബ്ദം ഉയർന്നത് മേനോന് ഇഷ്ടമായില്ല.

“എന്റെ ഭാര്യയുടെ ഇഷ്ടങ്ങൾ മറ്റാരേക്കാളും എനിക്കറിയാം.അവൾക്കു വേണ്ടത് അവൾ പറയുമ്പോൾ ഞാൻ വാങ്ങി കൊടുക്കാറുണ്ട്.”

“അതൊക്കെ അച്ഛന്റെ തോന്നലുകളാണ്.അഭിമാനമുള്ള ഒരു സ്ത്രീയും ആരോടും,അത് സ്വന്തം ഭർത്താവ് ആയാലും എനിക്കിത് വേണമെന്ന് ആവശ്യപ്പെടാറില്ലയെന്ന സത്യം അച്ഛൻ മനസിലാക്കണം.”

ശങ്കരമേനോൻ ദേഷ്യപ്പെട്ടു സീതയുടെ അടുത്ത് സോഫയിൽ ഇരുന്നു.

“എനിക്ക് തന്നെ മനസിലായിട്ടില്ലായെന്ന്.”

“സത്യമല്ലേ ശങ്കരേട്ടാ.എന്റെ മനസ്സ് ശങ്കരേട്ടൻ കണ്ടിട്ടുണ്ടോ.എനിക്കിവരോട് അസൂയ തോന്നുന്നു.പതിനാലു വർഷമേ ആയിട്ടുള്ളു അവരുടെ കല്യാണം കഴിഞ്ഞിട്ട്.പരസ്പരം എന്തൊക്കെ വേണമെന്ന് അവർക്കു നല്ല ധാരണയുണ്ട്.”

“അപ്പോൾ എനിക്കെന്തു വേണമെന്ന് നിനക്കറിയാമോ?”

“അറിയാം നിങ്ങൾ പറയുന്നതൊക്കെ ശരി വച്ച് ഞാൻ ഇവിടെ കഴിയണം, അടിമയെ പോലെ.നിങ്ങൾക്കെതിരെ പറയുന്ന ഓരോ നാവിനെയും ഭാര്യയെന്ന അധികാരമുപയോഗിച്ചു ഞാൻ അടപ്പിയ്ക്കണം.നിങ്ങൾക്ക് വേണ്ടി എല്ലാവരെയും ഞാൻ പരാജയപ്പെടുത്തണം ,നിശ്ശബ്ദരാക്കണം.”

അന്നും മേനോൻ വസ്ത്രം മാറി ക്ലബ്ബിൽ പോകുമെന്ന് കരുതിയെങ്കിലും മേനോൻ പോയില്ല.മേനോൻ മുറിയിൽ കയറി കിടന്നു.സീത ശരിക്കും പേടിച്ചു.കുറെ നേരം കാത്തിരുന്നു,അയാൾ പുറത്തു വന്നില്ല.വീട്ടിൽ സീതയും എട്ടാം ക്ലാസുകാരനായ കൊച്ചുമകൻ നരേന്ദ്രനും തനിച്ചായപ്പോൾ സീത മേനോന്റെ അടുത്തേയ്ക്കു പോയി നോക്കി.

മുൻകോപിയാണ്,ചിലപ്പോൾ തല്ലിയെന്നിരിക്കും.മുൻ അനുഭവങ്ങൾ അങ്ങനെയാണ്.എല്ലാം സഹിക്കാനുള്ള കരുത്താർജ്ജിച്ചും കൊണ്ട്, അകത്തേയ്ക്കവൾ പോയി നോക്കി. മേനോൻ്റെ മുഖം വലിഞ്ഞു മുറുകിയിരിക്കുന്നു.ചുണ്ടുകൾ വശത്തേക്ക് കോടിയിരിക്കുന്നു.അവ്യക്തമായ ശബ്ദം കേട്ടു.സീത പേടിച്ചു അടുത്തേയ്ക്കു നടന്നു.വിയർത്തു കുളിച്ച ശരീരം.അയാൾക്ക് എന്തോ സംഭവിച്ചിട്ടുണ്ട്.

“നരൻ …..”

സീത നീട്ടി വിളിച്ചു.കൊച്ചു മകൻ ഓടി എത്തി.

“മോനെ അപ്പൂപ്പന് വയ്യെന്ന് തോന്നുന്നു,നീ ഓടി പോയി ആരെയെങ്കിലും വിളിച്ചു കൊണ്ട് വാ.”

സീത മേനോന്റെ ഷർട്ട് ഊരി വിയർപ്പു തുടച്ചു മാറ്റി.അപ്പോഴേക്കും നരനൊപ്പം രാമനാഥനും മരുമകൻ ഡോക്ടർ ആനന്ദും ഓടി വന്നു.

“അമ്മുമ്മേ റോഡിൽ വേറെയാരെയും കണ്ടില്ല.പാർത്ഥിവിന്റെ അച്ഛൻ ഡോക്ടറല്ലേ.”

പെട്ടെന്ന് തന്നെ രാമനാഥന്റെ കാറിൽ ശങ്കരമേനോനെ ആശുപത്രിയിൽ എത്തിച്ചു.കൃത്യമായ ചികിത്സ സമയത്ത് കൊടുക്കാൻ പറ്റിയത് കൊണ്ട് മേനോൻ രക്ഷപെട്ടു.പെട്ടെന്നുണ്ടായ വികാരക്ഷോഭത്താലാണ് മേനോന് ഈ അവസ്ഥ ഉണ്ടായത്. രാമനാഥൻ എന്നും വന്നു മേനോന്റെ രോഗവിവരങ്ങൾ തിരക്കി കൊണ്ടിരുന്നു.മേനോൻ സംസാരിക്കാൻ തുടങ്ങിയെങ്കിലും സീതയോടയാൾ മൗനം പാലിച്ചു .സീതയാകട്ടെ അയാളുടെ മൗനത്തെ അവഗണിച്ചു അയാളുടെ പരിപാലനം മാത്രമാണ് തന്റെ ജീവിത ലക്ഷ്യമെന്ന നിലയിൽ കൂടെ കഴിഞ്ഞു.ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തിയ ദിവസം അയാൾ സീതയെ അരികിൽ വിളിച്ചു.

“നിന്റെ മനസ്സിൽ ഒരു അഗ്നിപർവതം പുകഞ്ഞിരുന്നുവെന്ന് ഞാൻ അറിഞ്ഞില്ല.ഇനി എന്തെങ്കിലും പുകയുന്നുണ്ടെങ്കിൽ എടുത്തു പുറത്തേയ്ക്കു ഇട്ടേക്കണം.എനിക്കെന്റെ പഴയ സീതമ്മയെ തിരികെ വേണം.ആദ്യം കേട്ടപ്പോൾ ഒരു വിഷമം തോന്നിയെന്നത് സത്യമാണ്.”

സീത അയാളുടെ അടുത്തിരുന്നു.അയാളുടെ നെഞ്ചിൽ തടവി കൊണ്ട് അവൾ ചോദിച്ചു.

“പറയാമോ?,ഉൾക്കൊള്ളുമോ ഈ ഹൃദയമെല്ലാം,ഒരു പക്ഷെ ഞാൻ പറയാതിരുന്നാൽ …എന്റെ അവസാന ആഗ്രഹമാണെന്നു കരുതി സാധിച്ചു തന്നോളൂ.”

“പറയൂ.”

“രാമനാഥന്റെ മാനേജർ പണ്ട് നമ്മുടെ ടൗണിലുള്ള അൻപത് സെന്റ് സ്ഥലം വന്നു ചോദിച്ചപ്പോൾ അങ്ങ് അയാളെ ആട്ടിയിറക്കി വിട്ടായിരുന്നു .ഞാൻ അന്വേഷിച്ചപ്പോൾ അവർക്കു അവിടെയൊരു കാൻസർ റിസർച്ച് സെന്റർ തുടങ്ങാനാണ് എന്നറിഞ്ഞു.നമ്മുടെ നാട്ടിൽ അങ്ങനെയൊരു സംരംഭം തുടങ്ങാനും അതിൽ നമുക്കും എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ അത് വലിയൊരു കാര്യമായി എനിക്ക് തോന്നുന്നു.മകനോട് ചോദിച്ചിട്ടു അങ്ങൊരു തീരുമാനത്തിലെത്തണം.”

“ഞാൻ രാമനാഥനെ നേരിട്ട് വിളിച്ചു അറിയിച്ചു കൊള്ളാം.ഒരു പക്ഷെ ഞാനിന്നു ജീവിച്ചിരിക്കുന്നതിനു കാരണം നിന്റെ പ്രാർത്ഥനയും അവന്റെ വീട്ടുകാരുടെ സമയോചിതമായ ഇടപെടലും കൂടിയാണ്.ആ വസ്തു നമുക്ക് കൊടുത്തേയ്ക്കാം.”

“നല്ല തീരുമാനമാണ്.എനിക്ക് മറ്റൊരു ആഗ്രഹം കൂടിയുണ്ട്.ഈ വീടും സ്ഥലവും മകന് കൊടുത്തു നമുക്ക് കുടുംബ വീട്ടിലേയ്ക്കു മാറാം.എനിക്ക് അവിടെ കിടന്നു മരിക്കാനാണ് ആഗ്രഹം.അവിടെയാണ് എന്റെ അച്ഛനും അമ്മയും ഉറങ്ങുന്നത്.”

“അതൊക്കെ നമുക്ക് പിന്നീട് തീരുമാനിക്കാം.”

“ഇവിടെയാകുമ്പോൾ നമ്മുടെ ഇടയിലേക്ക് വീണ്ടും രാമനാഥൻ കടന്നു വരും ,അത് വീണ്ടും പ്രശ്നങ്ങൾക്കു കാരണമാകും.”

“എന്ത് പ്രശ്നം.? ഈ വയസ്സാം കാലത്തു നീയിനി അയാളുടെ കൂടെ പോകുമെന്നൊന്നും എനിക്ക് പേടിയില്ല.”

മേനോൻ പൊട്ടിച്ചിരിച്ചു.

“എനിക്ക് തന്നെ നൂറു ശതമാനം വിശ്വാസമാണ്.പിന്നെ തന്റെ മനസ്സറിയാൻ ഞാൻ കുറച്ചു വൈകി.ആശുപത്രിയിൽ വച്ച് ഞാൻ അവനുമായി സംസാരിച്ചിരുന്നു.ഞങ്ങള് തമ്മിൽ ഇപ്പോൾ പിണക്കമൊന്നുമില്ല.ഇന്ന് വൈകിട്ട് അവനോടും കുടുംബത്തോടും ഇങ്ങോട്ടു വരാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട് “

“അല്ലെങ്കിലും അകലെയുള്ള മിത്രത്തെക്കാൾ നല്ലത് അടുത്തുള്ള ശത്രുവാണ്.”

“ശത്രു എന്ന പദം ഇനി മുതൽ വീട്ടിൽ നിരോധിച്ചിരിക്കുന്നു”

വൈകിയെങ്കിലും തന്റെ വാക്കുകൾക്ക് പരിഗണനയും പ്രസക്തിയും ലഭിച്ചതിൽ സന്തോഷമായിരുന്നു സീതയ്ക്ക്.തന്റെ പുതിയ ഫോണിൽ നിർമ്മലയുമായി സംസാരിക്കുമ്പോൾ വൈകിട്ട് നേരത്തെ വരണമെന്ന കാര്യം സീത ഓർമ്മിപ്പിച്ചു.അവളുടെ സന്തോഷപൂർണ്ണമായ പെരുമാറ്റം കണ്ടപ്പോൾ തന്നിലെ മുരടൻ ഭർത്താവ്, അവളുടെ സന്തോഷത്തെ ഇതുവരെ കെടുത്തിയതിൽ അയാൾക്ക് സങ്കടം തോന്നി.മനസ്സ് കൊണ്ട് അവളോട് മാപ്പു പറഞ്ഞു.

✍️നിഷ പിള്ള