ചില സമയത്ത് സ്നേഹം പോരാതെ വരും ജീവിക്കാൻ. എനിക്കിപ്പോ അത് മനസ്സിലാകുന്നു. സെൽഫ് റസ്പെക്റ്റ് നഷ്ടപ്പെടുത്തി….

Story written by Vasudha Mohan

=====================

ജീവൻ ഫ്ലാറ്റിലേക്ക് വരുമ്പോൾ മീര ടിവി കാണുകയായിരുന്നു. ഒന്നും അറിയാത്ത ഭാവത്തിൽ ഉള്ള അവളുടെ ഇരിപ്പു കണ്ടപ്പോൾ അവന് ദേഷ്യം ഇരച്ചു കയറി.

“മീരാ…”

അവൾ തിരിഞ്ഞ് നോക്കി.

“നീ മാനേജർക്ക് resignation letter കൊടുത്തോ?”

“മമ്. അതേ”

അവൾ മറുപടി പറഞ്ഞ് ടിവി കാണൽ തുടർന്നു. ജീവൻ ടിവി ഓഫ് ആക്കി അവൾക് അഭിമുഖം ആയി ഇരുന്നു.

“അതെന്തിനാണെന്നാ എൻ്റെ ചോദ്യം?”

“എനിക്ക് ആ ജോലി ഇഷ്ടമല്ലാത്തത് കൊണ്ട് തന്നെ!”

“ഒരു വർഷം ആയി നീ ജോലിയിൽ കയറിയിട്ട്. ഇപ്പൊ എന്താ പെട്ടെന്നൊരു ഇഷ്ടക്കുറവ്. ഞാൻ എന്ത് കഷ്ടപ്പെട്ടാണ് നിനക്ക് ആ ജോലി തരപ്പെടുത്തിയത് എന്ന് അറിയാമോ? അതു റിസൈൻ ചെയുമ്പോ നിനക്കെന്നോട് ഒരു വാക്ക് ചോദിക്കാൻ തോന്നിയോ? സൗമ്യ വന്ന് ചോദിച്ചപ്പോൾ എൻ്റെ തൊലി ഉരിഞ്ഞു പോയി.”

മീര നിശബ്ദയായി അതെല്ലാം കേട്ടു കൊണ്ടിരുന്നു.

“എന്താ നിനക്കൊന്നും പറയാനില്ലേ?”

“I need divorce”

മീരയുടെ പെട്ടെന്നുള്ള മറുപടി കേട്ട് ജീവൻ പകച്ചു.

“മീരാ…നീ എന്താ ഈ പറയുന്നത്? എന്താ നിൻ്റെ പ്രശ്നം?”

“എൻ്റെ പ്രശ്നം കേൾക്കാൻ ജീവന് സമയം ഉണ്ടോ?”

അവളുടെ ചുണ്ടിൽ ഒരു പുച്ഛചിരി വിടർന്നു.

“മീരാ, നീ എന്തൊക്കെയാ ഈ പറയുന്നത്?”

“ഞാൻ പറയുന്നത് ഒരിക്കലും ജീവൻ മനസ്സിലാക്കാനോ കേൾക്കണോ ശ്രമിച്ചിട്ടില്ല”

അവളുടെ വാക്കുകളിൽ വേദന നിറഞ്ഞു.

“നിനക്കെന്താ പറയാൻ ഉള്ളത്?”

“ഞാൻ പറഞ്ഞിട്ടാണോ ജീവൻ എനിക്കാ ജോലി വാങ്ങി തന്നത്?”

“നീ എൻ്റെ അതേ ഓഫീസിൽ ജോലി ചെയ്താൽ രണ്ടുപേർക്കും സൗകര്യമല്ലെ, കൂടുതൽ സാലറി, അടുത്ത് തന്നെ ഓഫീസ്…”

“ഇതൊന്നും എൻ്റെ ചോദ്യത്തിനുള്ള മറുപടി അല്ല. ഞാൻ പറഞ്ഞിട്ടാണോ ജീവൻ എനിക്കാ ജോലി വാങ്ങി തന്നത്?”

“അല്ല. പക്ഷേ…” മീര അവനെ കയുയർത്തി തടഞ്ഞു

“എൻ്റെ ആദ്യത്തെ ജോലി എനിക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് ജീവന് അറിയാമോ? Teaching was my passion. അതാണ് ജീവൻ എന്നെ കൊണ്ട് resign ചെയിച്ച് വേറെ ‘നല്ല ജോലി ‘ വാങ്ങി തന്നത്.”

“നീ അത് എന്നോട്…”

“1st wedding anniversary ക്ക് എല്ലാവരുടെയും മുൻപിൽ വെച്ച് ഓഫർ ലെറ്റർ നീട്ടുമ്പോൾ എങ്ങനെ പ്രതികരിക്കണം ആയിരുന്നു ഞാൻ. എല്ലാവരും പറഞ്ഞു lucky girl എന്ന്. ഞാനും ആദ്യം അങ്ങനെ വിചാരിച്ചു. പിന്നെ പിന്നെ എൻ്റെ ഇഷ്ടങ്ങൾ ഒക്കെയും നിങ്ങളുടെ താൽപര്യങ്ങൾക്ക് വേണ്ടി വേണ്ടെന്ന് വെക്കാൻ തുടങ്ങിയപ്പോൾ പതിയെ ഞാൻ തിരിച്ചറിഞ്ഞു എൻ്റെ വഴി ഇതല്ലെന്ന്. ഇത് പറയാൻ കുറച്ച് വൈകി പോയോ എന്ന് മാത്രമാണ് സംശയം.”

“മീരാ.. I love you and you know that.”

“ചില സമയത്ത് സ്നേഹം പോരാതെ വരും ജീവിക്കാൻ. എനിക്കിപ്പോ അത് മനസ്സിലാകുന്നു. സെൽഫ് റസ്പെക്റ്റ് നഷ്ടപ്പെടുത്തി കിട്ടുന്ന സ്നേഹം ഞാൻ അങ്ങ് വേണ്ടെന്ന് വെക്യാണ്.”

“ജോബ് മാത്രമാണോ നിൻ്റെ പ്രശ്നം?”

മീര ജീവൻ്റെ മുഖത്തേക്ക് നോക്കി.

“അല്ല. നീ കഴിഞ്ഞ ദിവസം എന്നോട് ചോദിക്കാതെ ആ രമക്ക് എൻ്റെ സാരികൾ എടുത്ത് കൊടുത്തില്ലേ”

“അത് കുറെ പഴയതല്ലെ. നിൻ്റേൽ എത്ര പുതിയ സാരികൾ ഉണ്ട്.”

“അതെനിക്ക് ഏറ്റവും പ്രിയപ്പെട്ട സാരി ആയിരുന്നു. എൻ്റെ ആദ്യ സമ്പാദ്യത്തിൽ നിന്ന് വാങ്ങിയത്.”

“അതങ്ങ് തിരിച്ച് വാങ്ങിയാൽ പോരേ”

“സാരി തിരിച്ച് ഞാൻ വാങ്ങി. പ്രശ്നം അതല്ല. എനിക്ക് പ്രിയപ്പെട്ടതെല്ലാം നീ എന്നിൽ നിന്ന് അകറ്റാൻ നോക്കുന്നതാണ്.”

“മീരാ, നീ പറഞ്ഞ് പറഞ്ഞ് എവിടേക്കാ പോകുന്നത്”

“ഞാൻ ഫോണിൽ സംസാരിക്കുമ്പോൾ ഒക്കെ loud speaker ൽ ഇട്ട് ജീവനും കേൾക്കണം. അവരോട് സംസാരിക്കണം. ജീവൻ ഫോണിൽ സംസാരിക്കുമ്പോൾ ഒരിക്കലെങ്കിലും അങ്ങനെ ഞാൻ ആവശ്യപെട്ടിട്ടുണ്ടോ?”

“നിൻ്റെ ആളുകളെ എല്ലാം ഞാൻ എൻ്റേതും കൂടി ആണെന്ന് കരുതുന്നതാണോ തെറ്റ്? “

“എനിക്ക് എൻ്റെ ചേച്ചിയോടും ഫ്രണ്ട്സിനോടും എത്ര കാര്യങ്ങൾ പ്രൈവറ്റ് ആയി പറയാനുണ്ടാകും എന്നറിയാമോ.”

“അതൊന്നും ഞാൻ കേൾക്കാൻ പാടില്ലാത്തത് ആണെന്നാണോ?”

“ജീവൻ്റെ മുന്നിൽ എനിക്ക് ഒരു ഭാര്യ ആവാനേ പറ്റൂ. ചേച്ചിയുടെ കുഞ്ഞനുജത്തി ആയി കൊഞ്ചാൻ പറ്റില്ല, പൊട്ടത്തരം പറയുന്ന കൂട്ടുകാരി ആയി കൂടു മാറാൻ പാടില്ല, ഇടയ്ക്കൊരു സിനിമ പാട്ടിൻ്റെ വരിപോലും മൂളാൻ പറ്റില്ല. കാരണം ജീവൻ തന്നെ പറഞ്ഞിട്ടുണ്ട്. ‘കല്യാണം കഴിഞ്ഞതിൻ്റെയും ഒരു reputed company യുടെ സ്റ്റാഫ് ആയിരിക്കുന്നതിൻ്റെയും meturity ഞാൻ keep ചെയ്യണം എന്ന്.”

“മീര ഇത് ഒരിക്കൽ എങ്കിലും എന്നോട് സൂചിപ്പിച്ചിട്ടുണ്ടോ?”

“ഒരു പത്തു തവണ എങ്കിലും ഞാൻ ഇത് പറയാൻ വേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ ഒന്നെങ്കിൽ ഇന്ന് കമ്പനിയിൽ നല്ല പ്രഷർ ഉണ്ടായിരുന്നു തല വേദനിക്കുന്നു എന്ന് പറയും അല്ലെങ്കിൽ ഞാൻ ഇന്ന് നല്ല മൂടിൽ ആണ് അത് പരാതി പറഞ്ഞ് കളയല്ലേ എന്നു പറഞ്ഞ് എൻ്റെ വായടപ്പിക്കും”

ജീവൻ തല കുനിച്ച് ഇരുന്നു. മീര അകത്ത് പോയി ഒരു കവർ എടുത്ത് ജീവൻ്റെ കയ്യിൽ കൊടുത്തു. അത് തുറക്കുമ്പോൾ ജീവൻ്റെ കൈ വിറച്ചു. അത് വായിച്ച ഞെട്ടലിൽ ജീവൻ മീരയെ നോക്കി.

“ഡിവോർസ് നോട്ടീസ് അല്ല. ഒരു കോളേജിൽ പഠിപ്പിക്കാൻ ഉള്ള അപ്പോയിൻ്റ്മെൻ്റ് ലെറ്റർ ആണ്. ജീവന് എന്നോടുള്ള സ്നേഹത്തിൻ്റെ ആഴം എനിക്കറിയാം. നമുക്കിടയിൽ ഉള്ളത് ഒരു communication gap ആയിരുന്നു. ജീവന് ഒരു അവസരം കൂടി തരികയാണ് ഞാൻ. എൻ്റെ ഭാഗത്ത് തെറ്റുകൾ ഉണ്ടെങ്കിൽ ഞാനും തിരുത്താൻ തയാറാണ്.”

അവൾ വിട്ടുപോകുന്നില്ലെന്ന ആശ്വാസത്തിൽ ജീവൻ അവളെ ചേർത്ത് പിടിച്ചു…

തെറ്റുകൾ തിരുത്താൻ ഒരവസരം എല്ലാവരും അർഹിക്കുന്നു. ഒരേ ഒരു അവസരം മാത്രം.