ശ്രീഹരി ~ അധ്യായം 36, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“ശ്രീഹരിയേ മാനേജർ വിളിക്കുന്നു “

ഓഫീസ് അസിസ്റ്റന്റ് ദേവ് വന്നു പറയുമ്പോൾ ശ്രീ വസ്ത്രങ്ങൾ പാക്ക് ചെയ്യുകയായിരുന്നു. അടുത്ത ഒരാഴ്ച വേറെ രാജ്യത്താണ്. വൈകുന്നേരം ഫ്ലൈറ്റ്. അവന് മടുത്തു തുടങ്ങിയിരുന്നു ഇനി മേലിൽ ഇത്തരം പ്രോഗ്രാമിന് പോവില്ലാന്ന് അവൻ നിശ്ചയിച്ചു

അവൻ മാനേജർ ആൽബിയുടെ മുറിയിൽ ചെന്നു

” പേയ്‌മെന്റ് അയയ്ക്കാൻ ഹരിയുടെ ബാങ്ക് അക്കൗണ്ട് നമ്പർ തരണം.”

“എനിക്ക് അതിന്റെ നമ്പർ ഓർമയില്ല ആൽബി. ഞാൻ പാസ്സ് ബുക്ക്‌ വീട്ടിൽ വെച്ച വന്നത് “

“വീട്ടിൽ വിളിച്ചു ചോദിച്ചാൽ പോരെ?”

അവൻ തലയാട്ടി

ഇതിനു മുൻപൊക്കെ ചെറിയ പ്രതിഫലം ആയിരുന്നു അതൊക്കെ ചെക്ക് ആയിട്ട് തരാൻ പോയപ്പോ താൻ തന്നെയാണ് മാധവിനോട് ക്യാഷ് ആയി മതി എന്ന് പറഞ്ഞു വാങ്ങിയത്. അപ്പൊ അതിന് അത്യാവശ്യം ഉണ്ടായിരുന്നു. വീട്ടിൽ പാസ്സ് ബുക്ക്‌ ഉണ്ട് അല്ലെങ്കി തോമസ് ചേട്ടനോട് പറഞ്ഞാൽ മതി. പക്ഷെ വേണ്ട..

അവൻ അഞ്ജലിയുടെ ഫോണിൽ വിളിച്ചു. അവൾ പശുക്കൾക്ക് ഭക്ഷണം കൊടുക്കുകയായിരുന്നു

“എന്താ ശ്രീ?”

“നിന്റെ അക്കൗണ്ട് നമ്പർ കോഡ് എല്ലാം വാട്സാപ്പ് ചെയ്യ് “

“എന്തിനാ?”

“ചെയ്യാൻ പറഞ്ഞാൽ എന്റെ പൊന്ന് അത് ചെയ്യ് “

അവൾ അത് ചെയ്തു

“എന്റെ സാലറി വരും. “

“എന്റെ അക്കൗണ്ടിലേക്ക് എന്തിന് അയച്ചു? ശ്രീയുടെ അക്കൗണ്ടിൽ അയച്ച മതി”

“അത് വേണ്ട..ഇനി ഇത് ഇങ്ങനെ മതി ” അഞ്‌ജലിക്ക് ദേഷ്യം വന്നു

“ദേ ശ്രീ എനിക്ക് ഇതൊന്നും ഇഷ്ടമല്ല ട്ടോ. “

“നിന്റെ അക്കൗണ്ടിൽ അയയ്ക്കുന്നല്ലേ ഉള്ളു. നി എടുക്കണ്ട ട്ടോ..” അവൻ ചിരിച്ചു

“എന്റെ നിന്റെ എന്നൊന്നുമില്ല കൊച്ചേ  എനിക്ക്.. ഇത് വരെ എനിക്ക് കാശ് ആവശ്യമുണ്ടായിരുന്നു. മുംബൈ നല്ല ചിലവുള്ള നഗരമാണ് എന്ന് ഞാൻ പറയാതെ നിനക്ക് അറിയാം. കോഫീ ഷോപ്പിൽ ഒക്കെ ജോലി ചെയ്തിട്ടുണ്ട് ഞാൻ…” അവളുടെ നെഞ്ച് പിടച്ചു

“ഇപ്പൊ  ചിലവൊക്കെ നടന്നു പോകുന്നുണ്ട്. താമസം ഉണ്ട്.ഭക്ഷണം ഉണ്ട്. ഡ്രസ്സ്‌ ഇവര് തരും.. പിന്നെ എന്തിനാ എനിക്ക് കാശ്?എന്റെ പെണ്ണ് കാരണമാ ഇപ്പൊ ഇങ്ങനെ. അപ്പൊ ആ കാശ് നിനക്ക് അവകാശപ്പെട്ടതാ സോറി നമുക്ക്.. മനസിലായ?”

“രാവിലെ എന്നെ സങ്കടപ്പെടുത്താൻ.. വെറുതെ ഇരിക്ക് ശ്രീ ” അവൾ സങ്കടത്തിൽ പറഞ്ഞു

“സത്യമാ മോളെ. കാശിനോട് അന്നും ഇന്നും ആഗ്രഹം ഇല്ലാ. പിന്നെ പാട്ട്. അത് എല്ലാരും പറയും പോലെ ജീവനൊന്നുമല്ല.പാടാൻ ഇഷ്ടമാ. അത്ര തന്നെ. പ്രൊഫഷൻ ആക്കാനൊന്നും വയ്യ.  ഇനി നി എന്ത് പറഞ്ഞാലും പിണങ്ങിയ പോലും ഞാൻ നിന്നേ വിട്ട് നിൽക്കുന്ന പ്രശ്നം ഇല്ല.എനിക്ക് നമ്മുടെ നാട് മതി.എന്റെ കൊച്ചിന് ഞാൻ ഒരു കൊട്ടാരം പണിതു തരും. അത് കഴിഞ്ഞു ഞാൻ ഈ പണി നിർത്തുവേം ചെയ്യും “

അഞ്ജലിയുടെ മിഴികൾ  പെട്ടെന്ന് നിറഞ്ഞു

“ശ്രീ എന്റെ ലോകം ഇപ്പൊ ചെറിയതാണ്. ഈ ഗ്രാമം ഇവിടെയുള്ളവർ..എനിക്ക് കൊട്ടാരമൊന്നും വേണ്ട. എന്റെ ശ്രീ മാത്രം മതി. വേറെയൊന്നും എനിക്ക് വേണ്ട ശ്രീ “

ശ്രീഹരി അത് കേട്ടിരുന്നു അത് അവന് അറിയാം. അവൾ എങ്ങനെ ആണ് എന്ന് നന്നായി അറിയാം. ഈ ജന്മം അവൻ അവളോട് കടപ്പെട്ടിരിക്കുന്നു എന്നും അറിയാം

“പിന്നെ ശ്രീ. മുംബൈയിൽ എന്റെ വീടുണ്ട്.എന്റെ എന്ന് വെച്ച അമ്മയുടെ. അമ്മയുടെ ഫാമിലി മൊത്തം അവിടെയുണ്ട്. ഇങ്ങോട്ട് പോരും മുന്നേ അവിടെയൊക്കെ ഒന്ന് പോയിട്ട് വരണേ. ഞാൻ വിളിച്ചു പറയാം “

“നാട്ടിൽ വന്നിട്ട് നമുക്ക് ഒന്നിച്ചു വന്നാൽ പോരെ?”

“പോരാ.. ശ്രീ എന്റെ വീട്ടിൽ പോകണം. അമ്മമ്മ ഉണ്ട്. പൊയ്ക്കാണൂ..”

“സമ്മതിച്ചു.. പക്ഷെ എനിക്ക് എങ്ങനെ എങ്കിലും ഓടി വന്നാൽ മതി എന്നൊരു മൈൻഡ് ആയിരുന്നു.നിന്നേ കൊണ്ട് ഞാൻ തോറ്റു “

“പയ്യെ തിന്നാ പനയും തിന്നാം.വെപ്രാളം പാടില്ല “

അവൾ കള്ളച്ചിരി ചിരിച്ചു

“പയ്യെ ആണോ അല്ലിയോ എന്നൊക്കെ നീ അറിയാൻ പോന്നേയുള്ളൂ മോളെ… ഇവിടെ മനുഷ്യൻ ക്ഷമയുടെ നെല്ലിക്കോട് ഭാസ്കരനെ കണ്ടിട്ട് നിൽക്കുവാ..അപ്പോഴാണ് പയ്യെ തിന്നാൻ ഉപദേശം. മിണ്ടരുത്. നീ കാരണമാ ഞാൻ ഈ അനുഭവിക്കുന്നതൊക്ക “

“ആ ഇനിപ്പോ എന്നെ പറ.. ഇപ്പൊ നോക്കിക്കേ എത്ര പാട്ട് പാടി? എത്ര രാജ്യങ്ങളിൽ പോയി? എത്ര പോപ്പുലർ ആയി? യു ട്യൂബിൽ ഒക്കെ ട്രെൻഡിംഗ് ആണ് ശ്രീയുടെ പാട്ടുകൾ അറിയുമോ? ഇത് വല്ലതും കാണുന്നുണ്ടോ??”

“എനിക്ക് ഒരു രാജ്യമേ അറിയൂ അഞ്ജലി. അത് നീ എനിക്ക് കാട്ടി തന്നതാണ്. നീ എന്നെ കൊണ്ട് പോയിട്ടുള്ളത്. നമ്മുടെ പ്രണയത്തിന്റെ രാജ്യം. വേറെയൊന്നും എന്നെ മോഹിപ്പിക്കുന്നില്ല. ഹൃദയത്തിൽ തൊട്ടാണ് പറയുന്നത്. എന്നെ നീ ഇത് പോലെ എങ്ങും അയയ്ക്കരുത്. എനിക്ക് അതിഷ്ടമല്ല. എനിക്ക് പാടാൻ ഇഷ്ടം തന്നെ. പാടാം. പക്ഷെ അതിന് വേണ്ടി എന്റെ ഇഷ്ടങ്ങൾ മാറ്റി വെയ്ക്കുക അസാധ്യമാണ്. നീ കൂടെയുണ്ടെങ്കിൽ ഒരു പക്ഷെ ഇത് പോലെ ഞാൻ പോകുമായിരിക്കും ഇല്ലെങ്കിൽ.. ഇതാണ് അവസാനത്തെയും ആദ്യത്തെയും പ്രോഗ്രാംസ് “

“ഞാൻ ഉണ്ടാകും വാക്ക് ” അവൾ ഉറപ്പോടെ പറഞ്ഞു

“സാലറി വന്നിട്ടില്ലെങ്കിൽ നീ മെസ്സേജ് അയയ്ക്ക്. ഇവിടെ പറയാനാ. ഇനി വിളിക്കില്ല. വൈകുന്നേരം ഫ്ലൈറ്റ്. ഇത് വേറെ രാജ്യം. അവിടെ ചെന്നിട്ട് വിളിക്കാം.. മടുത്ത്.”

“ഇനി ഒരാഴ്ച കൂടി… പിന്നെ… പിന്നെ “

“പിന്നെ?”

“പിന്നെ… നമ്മുടെ സ്വർഗത്തിൽ… ഒന്നിച്ചു ചേർന്ന് ഒറ്റ മനസ്സായി ഒറ്റ ഉടലായി… അങ്ങനെ…”

“എന്റെ കണ്ട്രോൾ കളയരുത്. മതി “

അവൾ പൊട്ടിച്ചിരിച്ചു

“അപ്പൊ ശരി ഉമ്മ്മ്മ്മ്മ്മ ” അവൻ ഒരു ചുംബനം കൊടുത്തു..

അഞ്ജലി തിരിയുമ്പോൾ പിന്നിൽ ജെന്നി. അവൾ നെഞ്ചിൽ കൈ കെട്ടി ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട് നിൽക്കുന്നു.

“കെട്ടിയോനും കെട്ടിയോളും ഇണങ്ങിയോ?”

“ആ അതങ്ങനാ കെട്ടിയോനും കെട്ടിയോളുമാകുമ്പോൾ പിണങ്ങും ഇണങ്ങും. അതിനിടയിൽ കാഴ്ചക്കാർക്കെന്തു കാര്യം?”

“ശോ.. എന്താ ഉശിർ!എന്താ ചുണ “

അഞ്ജലി ചുണ്ട് കടിച്ചു ചിരിച്ചു

“ചേച്ചി ഭയങ്കര ഹോട്ട് ആണ് കേട്ടോ.. എന്താ ഭംഗി “

“അയ്യടാ ഹോട്ട് പോലും… ഈ ഭാഷ ഒക്കെ എങ്ങനെ വരുന്നു?”

“അതൊക്കെ താനെ വരും.”

“നീ എന്റെ കൂടെ നിൽക്കണം കേട്ടോ ജെന്നി. ഹോസ്പിറ്റലിന്റെ പണി നീ കൂടി ശ്രദ്ധിക്കണം. പണി തീർന്നു വർക്കിംഗ്‌ ആയാൽ നഴ്സിംഗ് സുപ്രണ്ട് പിന്നെ ആരാ?”

ജെന്നി ഞെട്ടി പോയി

“ഹോസ്പിറ്റലോ എവിടെ?”

“നമ്മുടെ നാട്ടിൽ? പപ്പാ പറഞ്ഞില്ലേ?”

“പപ്പയെ കാണാൻ കിട്ടണ്ടേ? അല്ലെങ്കിലും എന്നോട് പപ്പായും അമ്മയും അധികം മിണ്ടാറില്ല. വിഷ്ണുവിന്റെ കാര്യം അറിഞ്ഞതിൽ പിന്നെ “

അഞ്ജലി അവളുടെ അരികിൽ വന്നു

“എല്ലാം ശരിയാകും. ഞാൻ ഇവിടെ ഒരു ഹോസ്പിറ്റൽ പണിയുന്നു. വളരെ വലുതായിട്ടല്ല. എന്നാൽ തീരെ ചെറുതല്ല. ഇവിടെ ഉള്ളവർ ഇപ്പൊ പത്തു പന്ത്രണ്ട് കിലോമീറ്റർ പോയിട്ടല്ലേ ഹോസ്പിറ്റലിൽ പോകുന്നത്? അതിനൊരു മാറ്റം വേണ്ടേ? പിന്നെ ഒരു ചെറിയ നഴ്സറി സ്കൂൾ. ഗവണ്മെന്റ് സ്കൂൾ മോശമല്ല കേട്ടോ. പക്ഷെ കുറച്ചു കൂടി വ്യത്യസ്തമായ ഒന്ന് എന്റെ ചിന്തയിലുണ്ട്. കുട്ടികളുടെ ടാലെന്റിന് പ്രാധാന്യം കൊടുത്തു കൊണ്ട് നടക്കുന്ന ഒരു സ്കൂൾ. നഴ്സറി സ്കൂൾ ആയിട്ടാണ് തുടങ്ങുന്നതെങ്കിലും ഭാവിയിൽ അത് വലിയ സ്കൂൾ ആയേക്കാം. സ്ഥലം കിട്ടും പോലെ…”

ജെന്നി ആദരവോടെ അവളെ നോക്കി നിന്നു. ജെന്നിക്ക് അവളെയൊന്ന് തൊഴാൻ തോന്നിപ്പോയി

“ഹരിയേട്ടനോട് പറഞ്ഞോ?”

“ഇല്ല. വരട്ടെ. സർപ്രൈസ് ” അവൾ ചിരിച്ചു

“ഹരിയേട്ടന്റെ ഭാഗ്യമാ ചേച്ചി.” അവൾ ഹൃദയത്തിൽ തട്ടിയാണത് പറഞ്ഞത്

“എന്റെ ഭാഗ്യം ശ്രീയാ ജെന്നി.. ഒരു പെണ്ണിനെ ഇങ്ങനെ സ്നേഹിക്കാൻ ഒരാൾക്ക് എങ്ങനെയാ കഴിയുക എന്നോർത്ത് ഞാൻ ചിലപ്പോൾ അതിശയിച്ചു പോയിട്ടുണ്ട്..ഒരു മുറിയിൽ ബുക്ക്‌ വായിച്ചു ദിവസങ്ങൾ മുന്നോട്ട് കൊണ്ട് പോയിരുന്ന ഒരു അഞ്ജലിയുണ്ടായിരുന്നു. ഒരു തൊട്ടാവാടി.. ശ്രീഹരിയുടെ പെണ്ണ് മിടുക്കിയവണം തന്റെടിയാവണം എന്നൊക്കെ പറഞ്ഞ് എന്നെ മോട്ടിവെറ്റ് ചെയ്തത് ശ്രീയാണ്. നൃത്തം ഞാൻ വീണ്ടും തുടങ്ങിയത്, പാടി തുടങ്ങിയത്, ബിസിനസിലേക്ക് വീണ്ടും ശ്രദ്ധിച്ചു തുടങ്ങിയത് ഒക്കെ ശ്രീ കാരണമാ. ഞാൻ മാറ്റി നിർത്തുമ്പോളാ ശ്രീക്ക് ദേഷ്യം വരിക അതിന് മാത്രമേ എന്നോട് ദേഷ്യപ്പെട്ടു സംസാരിക്കുകയുള്ളു.ഞങ്ങളുടെ പിണക്കം പോലും ശ്രീയെ ഞാൻ മാറ്റി നിർത്തിയതിനാണ്. എന്റെ ലോകം ഇപ്പൊ ശ്രീയാ. ശ്രീക്ക് വേണ്ടിയാ ഞാൻ ഇതൊക്കെ ചെയ്യുന്നത്. ശ്രീയുടെ നാട്ടുകാർ എന്റെയും കൂടിയാ. ഈ നാട് ഇപ്പൊ എന്റെ കൂടിയാ.”

അവൾ ചിരിച്ചു

“പപ്പയും അമ്മയും എന്റെ സ്വന്തം അച്ഛനെയും അമ്മയെയും പോലെ തന്നെ ആണ്. നീ എന്റെ അനിയത്തിയും “

ജെന്നി വിതുമ്പി കരഞ്ഞു കൊണ്ട് അവളെ ഇറുക്കി കെട്ടിപിടിച്ചു

ഏതോ ജന്മത്തിൽ തങ്ങൾ ചെയ്ത പുണ്യം. ദൈവത്തിന്റെ അനുഗ്രഹം ഉള്ള മാലാഖ. അല്ല…തങ്ങൾക്കായ് ദൈവം അയച്ച മാലാഖ

(!തുടരും )