എഴുത്ത്: സജിത തോട്ടാഞ്ചേരി
======================
“എൻ്റെ ഈ മാസത്തെ സാലറിയിൽ എന്തോ കുറവ് കാണിക്കുന്നുണ്ട് .ഒന്ന് നോക്കി തരാമോ കീർത്തി മോളെ “
ഓഫീസിലെ ആൻ്റണി ചേട്ടൻ കീർത്തിയുടെ അടുത്തു വന്നു അപേക്ഷ പോലെ ചോദിച്ചു
“ഞാൻ ആ സെക്ഷൻ അല്ലാലോ ചേട്ടാ. സാലറി കാര്യങ്ങൾ ഒക്കെ ചോദിക്കേണ്ടവരോട് പോയി ചോദിക്കു” കീർത്തി ഒട്ടും ശ്രദ്ധിക്കുക പോലും ചെയ്യാതെ മറുപടി പറഞ്ഞു
അവളുടെ മറുപടി കേട്ട് നിരാശ ഭാവത്തിൽ പോകുന്ന ആന്റണി ചേട്ടനെ കണ്ടപ്പോൾ ക്ലീനിങ് സ്റ്റാഫ് ആയ മേഴ്സി ചേച്ചിക്ക് വല്ലാത്ത വിഷമം തോന്നി.
“എന്താ മോളെ, ഇവിടുത്തെ ആരോടും മോൾ ഇങ്ങനെ അല്ലാലോ പെരുമാറുന്നെ. ആർക്കായാലും പറ്റുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കാനും, അല്ലേൽ ചെയ്യേണ്ട ആളെ വിളിച്ചു ശെരിയാക്കി കൊടുക്കാനും മോൾക്ക് ഒരു മടിയും ഇല്ലാലോ..” ആന്റണി ചേട്ടൻ പോയപ്പോൾ മേഴ്സി ചേച്ചി അടുത്ത് വന്നു കീർത്തിയോട് ചോദിച്ചു
“എനിക്ക് ഇപ്പൊ സമയം ഇല്ലാത്തോണ്ടാ മേഴ്സികുട്ടീ” മേഴ്സി ചേച്ചീടെ താടിയിൽ പിടിച്ചു കൊണ്ട് കീർത്തി പറഞ്ഞു
“എനിക്ക് അങ്ങനെ തോന്നിയില്ല. നേരത്തെ ഒരു അകൽച്ച പോലെ ഉള്ള പെരുമാറ്റം തന്നെ ആയിരുന്നു മോൾക്ക് അയാളോട്. ഈയിടെയായി കുറച്ചു ദേഷ്യം പോലെ എനിക്ക് തോന്നുന്നുണ്ട്. എന്തെങ്കിലും കാര്യം ഇല്ലാതെ അങ്ങനെ വരില്ലാലോ. എന്നോട് പറയാവുന്നതാണെങ്കിൽ പറയ്” മേഴ്സി പറഞ്ഞു
“ചേച്ചി പറഞ്ഞത് ശെരിയാണ്. ചെറിയൊരു അകൽച്ച എനിക്ക് അയാളോട് ഉള്ളിലുണ്ട്. കുറച്ചു നാൾ മുന്നേ വരെ ഇവിടെ ഉള്ള മറ്റുള്ളവർ പറഞ്ഞ അറിവ് മാത്രം ആയിരുന്നു എനിക്ക് ഇയാളെ പറ്റി. സ്വന്തം അച്ഛനെയും അമ്മയെയും നോക്കാത്ത ആൾ ആണെന്ന്. അത് കേട്ടപ്പോഴേ എനിക്ക് അയാളെ ഇഷ്ടം അല്ലായിരുന്നു. അന്ന് ഇയാളുടെ അച്ഛൻ മരിച്ചു നമ്മൾ കാണാൻ പോയില്ലേ…അന്നത്തോടെ എനിക്ക് ഇയാളോട് വല്ലാത്ത വെറുപ്പായി. ഇത്രേം വയ്യാത്ത രണ്ടു പേരെ അല്ലെ ഇയാൾ തനിയെ നിറുത്തിയിരിക്കുന്നെ..ആ പഴയ വീട്ടിൽ ഈ രണ്ടു വയസ്സായ മനുഷ്യർ എത്ര കഷ്ടപ്പെട്ടായിരിക്കും തനിയെ ജീവിച്ചിട്ടുണ്ടാകുക, ആരോഗ്യം ഉള്ളവർ ആണെങ്കിൽ പോട്ടെ..ഇതിപ്പോ ആ അമ്മയ്ക്ക് നിവർന്നു നില്ക്കാൻ പോലും വയ്യ. അച്ഛൻ കൂടി പോയിട്ടും ഇപ്പൊ അമ്മയെയും തനിയെ അല്ലെ നിറുത്തിയേക്കുന്നെ. ഇയാൾക്ക് കൂടെ കൊണ്ട് പൊയ്ക്കൂടേ. ആ അമ്മയുടെ സ്വഭാവം എന്താ എന്നൊന്നും എനിക്ക് അറിയില്ല. എന്നാലും ഇയാളെ വളർത്തി വലുതാക്കിയ ആളല്ലേ. വയ്യാതാകുമ്പോ എങ്കിലും കൂടെ കൊണ്ട് പോയി നോക്കണ്ടേ. ചിലവിനു പോലും കൊടുക്കാറില്ലെന്നും അവർക്ക് കിട്ടുന്ന ചെറിയ പെൻഷൻ കൊണ്ടാണ് ജീവിക്കുന്നെ എന്നും ആരൊക്കെയോ പറഞ്ഞു കേട്ടിരുന്നു. അതും കൂടി സത്യം ആണേൽ ഇയാളൊക്കെ എന്തിനാ മകൻ ആണെന്ന് പറഞ്ഞു ജീവിക്കുന്നെ”
വല്ലാത്തൊരു വെറുപ്പ് കീർത്തിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു
“അതിനു ഇയാളെ മാത്രം എന്തിനാ പറയുന്നേ മോളെ, ഇയാൾക്ക് ഒരു അനിയൻ കൂടി ഉണ്ട്. അവനും കൊണ്ട് പോകില്ല. അങ്ങോട്ടും ഇങ്ങോട്ടും വാശിയാ. പിന്നെ ഭാര്യമാർ സമ്മതിക്കുന്നുണ്ടാകില്ല, അല്ലാതെ എന്ത് പറയാൻ.” മേഴ്സി പറഞ്ഞു
“ഉള്ളവർക്ക് അതിന്റെ വില അറിയില്ല ചേച്ചി. ഇല്ലാതാവണം, അപ്പോഴേ മനസ്സിലാവൂ. ഇയാളും കൊള്ളാം, ഇയാളുടെ അനിയനും കൊള്ളാം..എനിക്ക് ആ സ്ഥാനത്തു ആരും ഇല്ലാത്തോണ്ടാകും, ഇങ്ങനെ ഉള്ള മക്കളോട് വെറുപ്പാണ്”
പറഞ്ഞു തീരുമ്പോഴേക്കും കീർത്തിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. മെഴ്സിക്ക് മുഖം കൊടുക്കാതെ അവൾ തന്റെ കമ്പ്യൂട്ടറിൽ തന്നെ നോക്കി ഇരുന്നു.
എന്തോ ചോദിക്കാനായി തിരികെ കയറി വന്ന ആന്റണി ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു എന്ന് അവർ രണ്ടു പേരും അറിഞ്ഞില്ല. അയാളുടെ കണ്ണുകൾ എന്ത് കൊണ്ടോ നിറഞ്ഞിരുന്നു. ഭാര്യയും അമ്മച്ചിയും ഒത്തു പോകാത്തതിനാൽ ആയിരുന്നു ആദ്യം മാറി താമസിച്ചത്. പിന്നെ അവരെ കൂടെ കൊണ്ട് പോകേണ്ട കാര്യം ഒരിക്കൽ പോലും ആലോചിച്ചിട്ടില്ല. അനിയന് കൊണ്ട് പോയാൽ എന്താ എന്നൊരു വാശിയും ഇടയ്ക്ക് തോന്നുമായിരുന്നു. തനിയെ താമസിക്കുന്നതിൽ ഒരു ബുദ്ധിമുട്ടും അപ്പനും അമ്മയും പറഞ്ഞിരുന്നുമില്ല. അവർ പറഞ്ഞില്ലെങ്കിൽ കൂടി ഞാൻ സ്വയം ചെയ്യേണ്ടതായിരുന്നില്ലേ…എനിക്കും വയസ്സാകുന്നു. നാളെ എൻ്റെ മക്കൾ ഇങ്ങനെ ചെയ്താൽ എന്താകും എന്റെ വിഷമം….വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടയിൽ അയാൾ സ്വയം കുറ്റപ്പെടുത്തികൊണ്ടിരിക്കുകയായിരുന്നു.
“നീയെന്താ പതിവില്ലാതെ ഈ നേരത്തു വന്നേ…വരാറില്ലലോ” വീടിന്റെ ഉമ്മറത്തു ഇരിക്കുകയായിരുന്ന അമ്മച്ചി പതിവില്ലാതെ മകനെ കണ്ടു അത്ഭുതപ്പെട്ടു.
“എടുക്കാൻ ഉള്ളതൊക്കെ എടുത്തോ. ഇനി ഇവിടെ തനിയെ നിൽക്കണ്ട, ഞാൻ കൊണ്ട് പോകാണ് എന്റെ കൂടെ. ഇനി അവിടെ നിന്നാൽ മതി ” ആന്റണി അമ്മച്ചിയോട് പറഞ്ഞു.
മറുപടി ഒന്നും പറയാതെ കണ്ണ് നിറഞ്ഞു നിൽക്കുന്ന അമ്മച്ചിയെ കണ്ടപ്പോൾ ആണ് ആ പാവം അങ്ങനെ ഒരു വിളി ആഗ്രഹിച്ചിരുന്നു എന്ന് അയാൾക്ക് മനസ്സിലായത്. അമ്മച്ചിയുടെ മുഖത്തു നോക്കാൻ ഉള്ള ശക്തി ഇല്ലാത്തതിനാൽ അകത്തു കയറി അത്യാവശ്യം ഉള്ള വസ്ത്രങ്ങൾ എടുത്ത് പുറത്തു ഇറങ്ങിയപ്പോഴും മകൻ പറഞ്ഞത് വിശ്വാസം ഇല്ലാതെ നിന്നിടത്തു തന്നെ നിൽക്കുകയായിരുന്നു ആ പാവം അമ്മ.
“വീട് നമുക്ക് ഇടയ്ക്ക് വന്നു വൃത്തിയാക്കി ഇടാം. ഇവിടെ തനിച്ചു നിൽക്കണ്ട” ഇത്ര മാത്രം പറഞ്ഞു അമ്മയെ ചേർത്ത് പിടിച്ചു ആ പടിയിറങ്ങുമ്പോൾ മനസ്സ് കൊണ്ട് മാപ്പു പറഞ്ഞിരുന്നു അയാൾ
“മോളെ, ഞാൻ എന്റെ അമ്മച്ചിയെ കൂടെ കൊണ്ട് പോയിട്ടോ, ഇത്ര നാളും ഞാൻ നല്ലൊരു മകൻ അല്ലായിരുന്നു..ഇനി എങ്കിലും എനിക്ക് എന്റെ അമ്മയെ സ്നേഹിക്കണം..കുറച്ചു നാൾ മുന്നേ വരെ ഇത് അത്ര വലിയ തെറ്റായി എനിക്ക് തോന്നിയിട്ടില്ല. അല്ലെങ്കിൽ ചിന്തിച്ചിട്ടില്ല. ഇന്നലെ മോള് പറയുന്നതെല്ലാം ഞാൻ കേട്ടിരുന്നു…എന്നേക്കാൾ പകുതി വയസ്സുള്ള മോൾ വേണ്ടി വന്നു എന്റെ കണ്ണ് തുറപ്പിക്കാൻ…അമ്മച്ചിയുടെ ഇന്നലത്തെ സന്തോഷം കണ്ടപ്പോൾ കുറച്ചു കൂടെ മുന്നേ ഇത് ചെയ്തിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നാതിരുന്നില്ല. ഭാര്യ ആദ്യം നീരസം ഭാവിച്ചെങ്കിലും എന്റെ ഉറച്ച തീരുമാനം കണ്ടപ്പോൾ എതിർത്തൊന്നും പറഞ്ഞില്ല. ഇനി എന്ത് വന്നാലും ഞാൻ അമ്മച്ചിയെ ഒറ്റയ്ക്ക് ആക്കില്ല…”
ആൻ്റണി കീർത്തിയോട് പിറ്റേന്ന് കാലത്തു വന്നു പറഞ്ഞു
താൻ പറഞ്ഞെതെല്ലാം അയാൾ കേട്ടുവെന്നു അറിഞ്ഞപ്പോൾ മനസ്സിൽ എന്തോ പോലെ തോന്നിയെങ്കിലും അത് നല്ലൊരു തീരുമാനത്തിന് കാരണമായല്ലോ എന്ന് കീർത്തി ആശ്വസിച്ചു.
“അമ്മേം അച്ഛനും ഇല്ലാതെ ബന്ധുക്കളുടെ അടുത്തു നിന്ന് വളർന്നത് കൊണ്ടാകാം എനിക്ക് അങ്ങനെ ഒക്കെ തോന്നിയത്. ഇത് വരെ ഉണ്ടായിരുന്ന ദേഷ്യം ഒക്കെ എനിക്ക് ഇപ്പൊ മാറി. അങ്ങനെ ഒക്കെ പറഞ്ഞതിന് എന്നോട് ഒന്നും തോന്നേണ്ട ട്ടോ…” കീർത്തി പറഞ്ഞു.
“ഏയ്, ഇല്ല മോളെ. പറഞ്ഞത് കുറച്ചു കുറഞ്ഞു പോയെന്നെ ഉള്ളു. ഇനി എന്റെ സാലറി ഒന്ന് ശെരിയാക്കി തരാമോ…” ചിരിച്ചു കൊണ്ട് ആന്റണി ചോദിച്ചു
ആന്റണിയുടെ സാലറിയുടെ ഡീറ്റെയിൽസ് നോക്കുന്ന കീർത്തിയെ വല്ലാത്തൊരു സ്നേഹത്തോടെ നോക്കുകയായിരുന്നു അവരുടെ സംസാരം ശ്രദ്ധിച്ചിരുന്ന മേഴ്സി അപ്പോൾ….
~സജിത തോട്ടാഞ്ചേരി