മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
വീണ്ടും ഒരു യാത്ര. ഒരു വർഷത്തിന് ശേഷം.
ഈ ഒരു വർഷം അനുഭവിച്ച വേദനകൾ ഒരു ജന്മത്തിന്റെതായിരുന്നു ശരീരത്തിനും മനസിനുമേറ്റ ആഘാതം അത്രമേൽ വലുതായിരുന്നു..പാർവതി ബസിൽ ഓടി മറയുന്ന കാഴ്ചകളിൽ കണ്ണ് നട്ടു കൊണ്ട് ആലോചിച്ചു.
ഇനിയൊരു യാത്ര ആഗ്രഹിച്ചിട്ടില്ല. എങ്ങോട്ടും പോകാൻ തോന്നിയിട്ടില്ല. പൗർണമിയുടെ കല്യാണം ആയതു കൊണ്ട് മാത്രമാണ് ഇറങ്ങി തിരിച്ചത്..
ഒന്നും മറക്കാൻ സാധിക്കുന്നില്ല
കഴിഞ്ഞ വർഷം അങ്ങോട്ട് പോയ പാർവതി അല്ല ഇപ്പൊ. അവൾ സങ്കടത്തോടെ ഓർത്തു. വിനുവേട്ടനും അഖിലയും അപകടത്തിൽ മരിച്ചു എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.
പക്ഷെ അത് ആത്മഹത്യ ആയിരുന്നു എന്ന് തനിക്ക് അറിയാം .കൂടെ അഖിലയെയും കൊണ്ട് പോയി. തന്നെ അപകടപ്പെടുത്തിയത് അഖിലയാണ് എന്ന് വിനുവേട്ടന് അറിയാമായിരുന്നിരിക്കണം
അത് വിനുവേട്ടന്റ പെരുമാറ്റത്തിൽ നിന്നും വാക്കുകളിൽ നിന്നും ഊഹിച്ചതാണ്.
ആ കണ്ണിൽ ജീവിതത്തോടുള്ള ഒരു മടുപ്പ് ഉണ്ടായിരുന്നു. ഒരു നിരാശ ഉണ്ടായിരുന്നു.
തന്നെ അഭിമുഖീകരിക്കാതിരിക്കാൻ കഴിയുന്നതും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അഖിലയെ കൂട്ടിക്കൊണ്ടു വരൻ പോയ ദിവസം മാത്രമാണ് മുന്നിൽ വന്നത്.അതും യാത്ര ചോദിക്കാൻ.
അപ്പോഴാണ് സർവ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു മാപ്പ് ചോദിച്ചതും.
വിനുവേട്ടൻ എന്നും തനിക്ക് ഏട്ടന്റെ സ്ഥാനത്തായിരുന്നു .കൂടപ്പിറപ്പുകൾ ഇല്ലാത്ത തനിക്ക് ആകെയുള്ള ഒരു കൂടപ്പിറപ്പ് .കളിയ്ക്കാൻ ചിരിക്കാൻ ..ഒക്കെ..ഒരിക്കലും വേറെ ഒരു സ്ഥനത്ത് കണ്ടിട്ടില്ല . വിനുവേട്ടന്റ്എമനസ്സിൽ അങ്ങനെയാണെന്ന് അറിഞ്ഞപ്പോഴേക്ക് ഞെട്ടിപ്പോയി .ഒരു സൂചന പോലും ഉണ്ടായിരുന്നില്ല.
അപ്പോഴേക്ക് താൻ മനസ്സ് കൊണ്ട് നന്ദന്റെ യിക്കഴിഞ്ഞിരുന്നു
താൻ എന്ത് തെറ്റാണു ചെയ്തത് എന്നവൾ ആലോചിച്ചു നോക്കി. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ചു എന്നല്ലാതെ ഒന്നും ചെയ്തിട്ടില്ല. ആർക്കും ആശ കൊടുത്തട്ടില്ല. ആരെയും മോഹിപ്പിച്ചു ചതിച്ചിട്ടില്ല .എന്നിട്ടും …
നന്ദൻ അവളെ ഒന്ന് നോക്കി
ഏതോ ചിന്തകളിൽ മുഴുകിയിരിക്കുകയാണ്. കഴിഞ്ഞ വര്ഷം ഉത്സാഹത്തോടെ അങ്ങോട്ട് പോയ പാർവ്വതിയല്ല ഇത്. ഈ ഒരു വർഷം അവൾ സ്വയം മറന്നൊന്നു ചിരിക്കുന്നത് പോലും കണ്ടിട്ടില്ല.
ശരീരത്തിന്റെ മുറിവുകളൊക്കെ പൊറുത്തു വരുന്നതേയുള്ളു. മനസ്സിന്റെ മുറിവുകളൊക്കെ …അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു.
പാർവതി അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.
“ഒന്നും ആലോചിക്കേണ്ട “അവൻ മെല്ലെ പറഞ്ഞു
അവൾ ആ തോളിലേക്ക് ശിരസ്സ് ചായ്ച്ചു കണ്ണുകളടച്ചു.
തറവാട്ടിൽ ബന്ധുക്കളെല്ലാവരും എത്തിയിരുന്നു. ആഘോഷങ്ങൾക്ക് കുറവൊന്നുമില്ല. എല്ലാവരും ഓടിപ്പാഞ്ഞൊക്കെ നടക്കുന്നുണ്ട്.
“നിങ്ങൾ എന്താ ഇത്ര വൈകിയത് ?നാളെയാണ് കല്യാണം എന്ന് മറന്നോ ?വേണു തെല്ല് ശാസനയോടു ചോദിച്ചു.
“നിങ്ങൾ ഒരാഴ്ച മുന്നേ വരേണ്ടതല്ലേ നന്ദ ?” ജാനകിയും പരിഭവം മറച്ചു വെച്ചില്ല
“ശ്രീക്കുട്ടിക്ക് എക്സാം ആയിരുന്നു “അവൻ മെല്ലെ പറഞ്ഞു പാർവതിയൊന്നും പറയാതെ അകത്തേക്ക് കയറി പോയി.
എല്ലാവരും എല്ലാം മറന്നത് പോലെ.അവളോട് എല്ലാവരും വന്നു കുശലം ചോദിക്കുകയൂം വിശേഷങ്ങൾ പറയുകയും ചെയ്തു. ആൾക്കാർ എന്ത് പെട്ടെന്നാണ് ഓരോ മരണങ്ങള മറക്കുന്നത്? അവൾ ചിന്തിച്ചു.
ജീവിച്ചിരിക്കുമ്പോൾ അത്ര മേൽ പ്രിയമുള്ളത് ഓർമകളായി കഴിയുമ്പോൾ ഇടക്ക് വല്ലപ്പോഴും ഓർക്കുന്ന ഒന്നായി മാറുന്നു.
അവൾ പടികൾ കയറി മൂന്നാമത്തെ നിലയിലെ ബാൽ ക്കണിയിലെത്തി നിന്നു
ഇവിടെ നിന്നപ്പോഴായിരുന്നു പൈശാചിക മുഖവുമായി അഖില ആക്രോശിച്ചു കൊണ്ട് തള്ളിയിട്ടത്. താൻ ഇത്ര ഉയരത്തിൽ നിന്നാണ് താഴേക്ക് വീണത്.
അവൾ താഴേക്ക് നോക്കി.
മരിച്ചു പോകേണ്ടതായിരുന്നു. പ്രാർത്ഥന കൊണ്ട് മാത്രം രക്ഷപെട്ടു വന്നതാണ്.
നന്ദന്റെ,
ശ്രീക്കുട്ടിയുടെ,
അച്ഛന്റെയും അമ്മയുടെയും,
വിനുവേട്ടന്റെ ..
അവളുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു.
“പാറു”എന്നൊരു വിളിയൊച്ച മുഴുങ്ങുന്ന പോലെ
“നീ എന്തിനാ പാറു അവിടെ നിൽക്കുന്നത് മാറി നിൽക്ക് “എന്ന് ശാസിക്കുന്നത് പോലെ.
പണ്ടൊക്കെ മാവിൻ തുഞ്ചത്തു കയറുമ്പോൾ വിനുവേട്ടൻ വിളക്കും
“നിനക്ക് എത്ര മാങ്ങാ വേണം ഞാൻ പറിച്ചു തരാം.നീ വീഴും മോളെ “എന്ന് പറയും
ഒരു മുറിവേൽക്കാതെ പൊന്നു പോലെ കൊണ്ട് നടക്കുമായിരുന്നു തന്നെ ..പ്രണയമായിരുന്നു എന്നത് താൻ അറിഞ്ഞില്ലെന്ന് മാത്രം.അവനവിടെ എവിടെയോ നിന്ന് തന്നെ നോക്കുന്നത് പോലെ അവൾക്ക് തോന്നി. അല്ലെങ്കിലും അവനെങ്ങനെ ഇവിടെ വിട്ടു പോകാനാകും?
ഇവിടെ നിന്ന് പോകാൻ എനിക്കിഷ്ടമല്ല എന്ന് ഒരായിരം വട്ടം പറഞ്ഞിട്ടുണ്ട് .ഒടുവിലും പറഞ്ഞു ഇവിടെ വല്ല കൃഷിയും ചെയ്തു കൂടിയാൽ മതി എന്ന്.
“ചേച്ചി എന്തിനാ ഒറ്റയ്ക്ക് ഇവിടെ വന്നു നിൽക്കുന്നത് ?’
പൗർണമി
അവളുടെ കണ്ണിൽ വലിയ സന്തോഷങ്ങളൊന്നുമില്ല.
പാർവതി അവളുട ശിരസ്സിൽ തലോടി
“വിനുവേട്ടനെ ഓർക്കാത്ത ഒരു ദിവസമില്ല ചേച്ചി ..”അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് പാർവതിയെ കെട്ടിപ്പിടിച്ചു.
“ഇങ്ങനെ മരിക്കേണ്ടവനായിരുന്നോ വിനുവേട്ടൻ ?വിനുവേട്ടൻ പാവമായിരുന്നു..” അവൾ കരച്ചിലിനൊടുവിൽ പറഞ്ഞു കൊണ്ടിരുന്നു.
പാർവതി അവളെ ഇറുകി പിടിച്ചു നിശ്ചലയായി നിന്നു
“ചേച്ചിയെ വലിയ ഇഷ്ടമായിരുന്നു .ജീവനായിരുന്നു .ഇപ്പൊ പറയാൻ പാടുണ്ടോ എന്നെനിക്കറിയില്ല ..ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട് പാറുവിനെ മറക്കണമെങ്കിൽ വിനു മരിക്കണമെന്ന്…” പാർവതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“മനുഷ്യന്മാർ എന്തിനാ ഇങ്ങനെ സ്നേഹിക്കുന്നത് അല്ലെ മോളെ ?സമാധാനം കളയാൻ ആയിട്ട് ഇങ്ങനെ എന്തിനാ സ്നേഹിക്കുന്നത് ?”
അവൾ കണ്ണീർ അമർത്തി തുടച്ചു.
“പോട്ടെ ഒക്കെ കഴിഞ്ഞില്ലേ ?മോള് സന്തോഷമായിട്ടിരിക്കണം കിച്ചുവിനെ ജീവനെ കണക്കു സ്നേഹിക്കണം .നമ്മളീ ഭൂമിയിൽ ആകെ ബാക്കി വെയ്ക്കുന്നത് നമ്മൾ മറ്റുള്ളവർക്ക് കൊടുക്കുന്ന സ്നേഹമാണ് ..”
പൗർണമി തലയാട്ടി
“ഈ കല്യാണം നടക്കുന്നതിനു രണ്ടു പേരോടാണ് എനിക്ക് കടപ്പാട് .നന്ദേട്ടനോടും ..പിന്നെ വിനുവേട്ടനോടും ..അവരില്ലായിരുന്നെങ്കിൽ എന്റെ വിധി ചിലപ്പോ മാറിയേനെ ” അവൾ പറഞ്ഞു
“ആരുടെ വിധിയും ആർക്കും മാറ്റാൻ കഴിയില്ല മോളെ ..വിധി മനുഷ്യന് മാറ്റാൻ കഴിയുന്ന ഒന്നല്ല ..നിനക്ക് കിച്ചുവിനെ കിട്ടണമെന്നത് ദൈവത്തിന്റെ തീരുമാനമാണ് .നല്ലതേ വരൂ ..”
“ചേച്ചി വാ.ഇവിടെ നിൽക്കണ്ട. “അവൾ പാർവതിയുടെ കൈ പിടിച്ചു നടന്നു.
കല്യാണം കേമമായി തന്നെ നടന്നു
കിച്ചു രോഗാവസ്ഥയെ മറി കടന്നത് കണ്ടു പാർവതിക്ക് സന്തോഷം തോന്നി.
എല്ലാം ശരിയാകട്ടെ.ആർക്കും സങ്കടങ്ങൾ ഒന്നും ഉണ്ടാകാതിരിക്കട്ടെ.കല്യാണം നടക്കുമ്പോൾ അവൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
വരന്റെ വീട്ടിലേക്ക് പോകുന്ന സമയമെത്തി. പൗർണമി അവളെ കെട്ടിപിടിച്ചു കരഞ്ഞു. പാർവതി ആ ശിരസ്സിൽ തലോടി. അവിടെയെവിടെയോ വിനു നിന്നു നോക്കും പോലെ വീണ്ടുമവൾക്ക് തോന്നി
ഈ വിവാഹം നടക്കാൻ ഏറ്റവും ആഗ്രഹിച്ചവരിൽ ഒരാൾ. ഇന്ന് അവനില്ല. അവൾക്ക് തന്റെ മനസിനെന്തൊക്കെയാ സംഭവിക്കുന്നതെന്നോർത്തു ആകുലത തോന്നി. ഒക്കെ മറക്കാൻ കഴിഞ്ഞെങ്കിൽ എന്ന് അവൾ പ്രാർത്ഥിച്ചു പോയി.
അവർ അന്ന് തന്നെ തിരിച്ചു പോരാൻ തീരുമാനിച്ചിരുന്നു.
“നന്ദ …”പാർവതി അവന്റെ അരികിൽ ചെന്ന് വിളിച്ചു.
“നമുക്ക് തിരിച്ചു പോകുമ്പോൾ അഖിലയുടെ വീട്ടിൽ ഒന്ന് ചെന്നിട്ട് പോകാം “
നന്ദൻ ശരി എന്ന് തലയാട്ടി
“നമ്മളാരും പിന്നെ അങ്ങോട്ട് പോയിട്ടില്ലല്ലോ “
“പോകാം പാറു ..”അവൻ പറഞ്ഞു
അഖിലയുടെ വീട്ടിലാരും ഉണ്ടായിരുന്നില്ല. വീട് പൂട്ടികിടന്നു
“അവർ അച്ഛനുമമ്മയും അഖിലയുടെ ഏട്ടന്റെ അടുത്തേക്ക് പോയി. ദുബായിലേക്ക്. അവരിപ്പോ അവിടെയാണ് “
തൊട്ടടുത്ത് താമസിക്കുന്ന അഖിലയുടെ ഇളയമ്മ അങ്ങോട്ടേക്ക് വന്നു പറഞ്ഞു.
“അഖിലയെ അടക്കിയത് ഇവിടെ തന്നെയല്ലേ ?’പാർവതി ചോദിച്ചു
“അതെയതെ ..അവിടെ..”അവർ ചൂണ്ടി കാണിച്ചു
“ഞങ്ങൾക്കൊന്നു കാണാൻ ..”
“പിന്നെ എന്താ താക്കോല് എന്റെ കൈയിലുണ്ട് .ഞാൻ തുറന്നു തരാമല്ലോ വരൂ..”
എല്ലാം കാടു പിടിച്ചു കിടക്കുന്നു
“ഞാനും വയസായ എന്റെ ഭർത്താവും മാത്രമേയുള്ളു വീട്ടിൽ.മക്കളെല്ലാം പുറത്താ..ഇടക്കൊക്കെ ഒരു പെണ്ണ് വരും. വീടും സ്ഥലവുമൊക്കെ തൂത്തിട്ടു പോകും ഇപ്പൊ അവള് വരാറുമില്ല “അവർ പറഞ്ഞു കൊണ്ടിരുന്നു.
അവർ അഖിലയെ അടക്കിയ സ്ഥലത്ത് എത്തി. ഒരു മൺകൂന. അവിടെ ചെടികളൊക്കെ വളർന്നു നിൽക്കുന്നു.
കുറച്ചു കൂടി കഴിഞ്ഞാൽ ഇവിടെ ഒരാളെ അടക്കിയിരുന്നു എന്ന് വിശ്വിസിക്കാനാവാത്ത വിധം മണ്ണും ചെടികളും മൂടി പോകുമെന്ന് അവളോർത്തു.
ഇത്രയേ ഉള്ളു മനുഷ്യൻ. കുറച്ചു മണ്ണും പാഴ്ച്ചെടികളും.
അവൾ കുറച്ചു നേരംകണ്ണടച്ച് പ്രാത്ഥിച്ചു. പിന്നെ തിരികെ പോരുന്നു
വീണ്ടും യാത്ര
പഴയ ജീവിതത്തിലേക്ക് ..താനും നന്ദനും ശ്രീകുട്ടിയും അടങ്ങുന്ന തങ്ങളുടെ സ്വർഗത്തിലേക്ക്..ഇനിയൊരു വേദനകളും തന്നെ തേടി വരാതിരിക്കട്ടെ എന്നവൾ പ്രാർത്ഥിച്ചു
സങ്കടങ്ങൾ ഒക്കെ ഒഴിഞ്ഞു പോകട്ടെ
ഓർമ്മകൾ…നല്ല ഓർമകൾ മാത്രം നിൽക്കട്ടെ
അവൾ കണ്ണുകളടച്ചു നന്ദന്റ ചുമലിലേക്ക് ചേർന്നിരുന്നു
ഒരു ഉറക്കത്തിനായി കാത്ത്…
സീരിസ് അവസാനിച്ചു