കടലെത്തും വരെ ~ ഭാഗം 33, എഴുത്ത് : അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഈശ്വര ..എന്തൊക്കെയാ ഈ കുട്ടി പറയുന്നത് .?അമ്മെ എന്നെ വിശ്വാസിക്ക് അവൾക്ക് കുറച്ചു ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ ഡോക്ടർ പറഞ്ഞതനുസരിച്ചാണ് ഞങ്ങൾ അ-ബോർഡ് ചെയ്തത് .അന്ന് ഇത് വീട്ടിൽ വിളിച്ചു പറയാൻ നിർബന്ധിച്ചതാ ഞാൻ .വേണ്ട ന്നു പറഞ്ഞതവൾ തന്നെയാ .അത് ഒരു അഞ്ചു വർഷം മുന്നെയാ . “

അവർക്ക് വീണ്ടും സംശയമായി

“ഒന്നാലോചിച്ചു നോക്ക്. ഇ അഞ്ചു വർഷത്തിനിടയിൽ നിങ്ങൾ എത്ര തവണ ഫോണിൽ സംസാരിച്ചിരിക്കുന്നു .അവൾ എപ്പോഴെങ്കിലും  ആരോപണങ്ങൾ പറഞ്ഞിട്ടുണ്ടോ ?”

“ഇല്ല “അമ്മയുടെ സ്വരം നേർത്തു.

“എന്നെ കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞിട്ടുണ്ടോ ?”

അവർ ഇല്ല എന്ന് തലയാട്ടി

“ഇനി നിങ്ങൾക്ക് വിഷമമാകില്ല എങ്കിൽ ഞാൻ ഒരു കാര്യം പറയാം .അവൾക്കൊരു അഫയർ ഉണ്ടായിരുന്നു ഗോവിന്ദ്.നിങ്ങൾക്ക് അറിയാമല്ലോ “
അവരുടെ മുഖം വിളറി

“എനിക്കും അറിയാം “”അവൻ ഗൗരവത്തിൽ പറഞ്ഞു

“അമേരിക്കയിൽ ആയിരുന്നപ്പോൾ അവർ തമ്മിൽ ഫോൺ വിളികൾ ഉണ്ടായിരുന്നു. അതിന്റെ പേരിൽ ഞങ്ങൾ വഴക്കു കൂടാറുണ്ടായിരുന്നു .ഇവിടെ വന്നപ്പോ നിങ്ങളുടെ വീട്ടിലേക്ക് വന്ന ദിവസം അവൾ അവനെ കാണാൻ പോയിരുന്നു .ഒന്നിച്ചു ജീവിക്കാൻ ..”

അവർ മുഖം താഴ്ത്തി. അപമാനത്തിന്റെ നിമിഷങ്ങൾ

“എന്നിട്ടും ഞാൻ ക്ഷമിച്ചു ..അവളെന്നോട് പറഞ്ഞു അവന്റ കൂടെ ജീവിക്കാൻ പോവാണെന്നു …സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ ഒന്ന് അടിച്ചു പോയി .അതിനാണ് പിണങ്ങി  പോന്നത് “അവന്റെ ശബ്ദം ഇടറി.

അഖിലയുടെ അച്ഛന്റെ മുഖം കോപത്തിൽ ചുവന്നു

അയാൾ അഖിലയുടെ മുറിക്ക് നേരെ പാഞ്ഞു ചെന്ന് കതകിൽ ആഞ്ഞു ഇടിച്ചു

“വാതിൽ തുറക്കെടി”അയാൾ അലറി

അഖില വാതിൽ തുറന്നിറങ്ങി വന്നതും മുഖം അടച്ചൊന്നു കൊടുത്തു അയാൾ.

“തറവാടിന്റെ പേര് കളയാനുണ്ടായ ജന്മം .ഇറങ്ങി പൊക്കോ ഇപ്പൊ ഈ വീട്ടിൽ നിന്ന് ..”

അയാൾ അവളെ പിടിച്ചു വലിച്ചു വിനുവിന്റെ മുന്നിൽ കൊണ്ട് വന്നു നിർത്തി

അവനെ കണ്ടതും അവൾ പിന്തിരിഞ്ഞോടാൻ ഭാവിച്ചു.

“അച്ഛനറിയാമോ അവളെന്നെ കൊ–ല്ലാൻ കൊണ്ട് വന്ന ഉറക്ക ഗുളികകളും പോയ്സണും ആണ് ഇത് ” അവൻ കയ്യിലിരുന്ന മരുന്നുകൾ ടീപ്പോയിൽ ഇട്ടു.

“അല്ലെങ്കിൽ നുണയാണെന്ന് അവൾ പറയട്ടെ “

“അതെ ഞാൻ നിന്നെ കൊല്ലാൻ തന്നെ കൊണ്ട് വന്നതാ ..നീ എന്ത് ചെയ്യും ?”

ഒരു ഭ്രാന്തിയെ പോലെ അവൾ അലറി അവന്റെ ഷർട്ടിൽ കുത്തി പിടിച്ചുലച്ചു.

“കണ്ടോ ..ഇപ്പൊ പറ ഞാൻ പറഞ്ഞതൊ ഇവൾ പറഞ്ഞതോ തെറ്റ് ?” അച്ഛനുമമ്മയും നടുക്കത്തോടെ നിന്ന് പോയി.

“എനിക്കിതു പോലീസിൽ പരാതി കൊടുക്കാം.ഈസി ആയിട്ട് ഡിവോഴ്സ് കിട്ടും ..മാത്രവുമല്ല ഇവൾ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കുകയും ചെയ്യും ..പക്ഷെ എനിക്കിവളോട് സ്നേഹം മാത്രമേയുള്ളു അച്ഛാ ..ഇപ്പോഴും ഇവൾ എന്റെ കൂടെ വരുമെങ്കിൽ ഞാൻ കൊണ്ട് പൊയ്ക്കോളാം “

ആ ഒരു വാചകത്തിൽ വിനു അവർക്കു മുന്നിൽ ദൈവത്തോളം വലിയവനായി

“അഖില നീ മര്യാദയ്ക്ക് പോകാൻ നോക്കിക്കേ ..നീ ഇത്ര ക്രൂര ആയിരുന്നോ ?നിന്നെ  എങ്ങനെ വിശ്വസിക്കും ?ഞങ്ങൾക്കും നീ വിഷം തരില്ലെന്ന് ആര് കണ്ടു ..ഇറങ്ങിക്കോണം വീട്ടിൽ നിന്ന് “

അഖിലയ്ക്ക് മനസിലായി.

വിനുവിന്റെ അഭിനയം ഫലിച്ചിരിക്കുന്നു.

താൻ ട്രാപ്പിലാണ്…അവൾ പെട്ടെന്ന് പുറത്തേക്ക് ഓടാൻ ശ്രമിച്ചു.

വിനു അവളെ പെട്ടെന്ന് കടന്നു പിടിച്ചു നെഞ്ചോട് ചേർത്ത് നിർത്തി.

“പാറുവിനെ തള്ളിയിട്ട കാര്യം കൂടി പറയട്ടെ ?” അവൻ അടക്കി ചോദിച്ചു. അവൾ പെട്ടെന്ന് തളർന്നു.

ദുർബലമായ ശരീരം അവന്റെ കൈക്കുള്ളിൽ നിന്ന് വിറച്ചു

“പാർവതി ഒന്ന് വീണു ..ഒരാഴ്ചയായി ഹോസ്പിറ്റലിൽ ആണ് .എന്റെ വൈഫ് ഒഴിച്ചല്ലാവരും വന്നു ..എല്ലാരും തിരക്കുന്നു .ഞാൻ എത്ര നാൾ ഇങ്ങനെ ഒഴിവു കഴിവുകൾ പറഞ്ഞു പിടിച്ചു  നിൽക്കും ..എന്റെ കൂടെ വരാൻ പറ അച്ഛാ “

അവൻ ദയനീയമായി അപേക്ഷിച്ചു

“അയ്യോ പാർവതിക്ക് എന്ത് സംഭവിച്ചു ?”അമ്മയാണ് ചോദിച്ചത്

“ഒന്ന് വീണു. മൂന്നാം നിലയിൽ നിന്ന് “അവൻ അഖിലയെ നോക്കി പറഞ്ഞു

“എന്നിട്ട് ?”

“സീരിയസ് ആയിരുന്നു ..ഇപ്പൊ അപകടനില തരണം ചെയ്തു “

“ഈശ്വര ഞങ്ങൾ കൂടി വരട്ടെ മോനെ ” വിനു ഉള്ളിൽ ഒന്ന് ചിരിച്ചു

“നിങ്ങൾ ഉടനെ വരണമെന്നില്ല അമ്മെ ..ഇവൾ പക്ഷെ വന്നാൽ നന്നായിരുന്നു “

“ഇവൾ വരും പിന്നെ വരാതെ ..” അഖിലയുടെ മുന്നിൽ മറ്റു മാർഗങ്ങളൊന്നുമില്ലായിരുന്നു. അവൾ കാറിൽ കയറി

കാർ വളരെ സാവധാനമാണ് പൊയ്ക്കൊണ്ടിരുന്നത്

“അഖില നീ എന്ത് ചെയ്താലും ഞാൻ ക്ഷമിച്ചേനെ.എന്നെ കൊ–ല്ലാമായിരുന്നു നിനക്ക് .ഞാൻ ആണ് നിന്നെ ദ്രോഹിച്ചിട്ടുള്ളത് ..എന്നും ഞാൻ തന്നെയായിരുന്നു നിന്റെ ശത്രുവും ..നിനക്ക് അറിയുമോ നന്ദനെ കൊ* ന്നു കളഞ്ഞാലോ എന്ന് ഞാൻ പലവട്ടം ചിന്തിച്ചിട്ടുണ്ട് .വിനുവിന് അത് വളരെ ഈസി ആണ് താനും .പക്ഷെ എന്റെ പാറു അയാളെ ജീവനെ പോലെ സ്നേഹിക്കുന്നുണ്ട് .അവൾ വേദനിക്കുന്നത് എനിക്ക് സഹിക്കാൻ വയ്യ ,ഞാൻ വേദനിച്ചാലും സാരമില്ല ..അവൾ സന്തോഷമായി ഇരിക്കണം ..”അവന്റെ ശബ്ദം ഒന്നിടറി

“പ്രണയം എന്നത് ഒരു നോവാണ് അഖില …”അവൻ അവളെ നോക്കി വരണ്ട ഒരു ചിരി ചിരിച്ചു

“ഓരോ നിമിഷവും  നമ്മെ കൊന്നു കളയുന്ന നോവ് …അവളെ വേദനിപ്പിക്കാതിരിക്കാൻ ഞാൻ ഏതറ്റം വരെയും പോകും ..ലോകത്തിന്റെ ഏതറ്റം വരെയും ..ഒരു പക്ഷെ നിന്നെ ഞാൻ സ്നേഹിച്ചു പോയേനെ അഖില ..ആദ്യരാത്രിയിൽ ഞാൻ നിന്റെ ഫോണിലെ വീഡിയോ കണ്ടില്ലായിരുന്നുവെങ്കിൽ ,നിന്റെ കൂട്ടുകാരിയോട് ഗോവിന്ദിനെ കുറിച്ച് പറഞ്ഞു കരയുന്നതു കെട്ടില്ലായിരുന്നുവെങ്കിൽ ..പിന്നെ ഓരോ ദിവസവും പലപ്പോഴും ഫോണിൽ ഗോവിന്ദിന്റെ ഫോട്ടോകൾ നോക്കുന്നത് ശ്രദ്ധയിൽ പെട്ടില്ലായിരുന്നുവെങ്കിൽ ..ഞാൻ ഒരു പക്ഷെ നിന്നെ സ്നേഹിച്ചു പോയേനെ ..നീ എന്നെ ചതിച്ചതു പോലെ ഞാൻ നിന്നെ ചതിച്ചിട്ടുണ്ടോ അഖില ?”

അഖില നിശബ്ദയായി ഇരുന്നു

അവനിപ്പോൾ പറഞ്ഞത് ഒക്കെ അവൾക്കു പുതിയ കേൾവികളായിരുന്നു

അവൻ പറഞ്ഞതൊക്കെ സത്യവുമായിരുന്നു

“അപ്പോഴൊക്കെ പാറു എന്റെ ഉള്ളിൽ ഒരു നിലവിളക്കിന്റെ ശോഭയോടെ തെളിഞ്ഞു വന്നു .ഞാൻ മറക്കാൻ ആഗ്രഹിച്ചപ്പോഴൊക്കെ ..പിന്നെ പിന്നെ ഒരിക്കലും ചേരാതെ നമ്മൾ രണ്ടു ധ്രുവങ്ങളിലായി ..കല്യാണത്തനു മുൻപ് നീ അബോർഷൻ ചെയ്തത് ഞാൻ അറിഞ്ഞില്ല എന്ന് കരുതിയോ ?”

അഖില ഞെട്ടി പോയി

“നീ ഗർഭിണി ആയി ചെക്കപ്പിന് പോയത് ഓർമ്മയുണ്ടോ ?അന്ന് ഡോക്ടർ എന്നോട് പറഞ്ഞു ആദ്യത്തെ തവണ അബോർഷൻ ചെയ്തപ്പോ നിന്റെ ഗർഭപാത്രത്തില് കേടു സംഭവിച്ചു എന്ന് ..ഒരു പക്ഷേ ഈ പ്രെഗ്നൻസി നിന്നെ  മരണത്തിലേക്ക് എത്തിച്ചേക്കാം എന്നും ..നീ എന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്ക് “

അഖില കുനിഞ്ഞിരുന്നു .കുറ്റബോധം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു

“പറയു നിന്നെ അപകടത്തിലാക്കാതിരിക്കാൻ ഞാൻ  ചെയ്തത് ശരിയോ തെറ്റോ ?”

അവൾ ഒന്നും മിണ്ടിയില്ല

“പറയടി “അവൻ അലറി

“ശരി ..”അവൾ വിക്കി

“ഇതൊക്കെയറിഞ്ഞിട്ടും ഞാൻ നിന്നോട് ചോദിച്ചോ ?”

“ഇല്ല “

“എന്താ ചോദിക്കാതിരുന്നത് ?”

അവൾ ദയനീയമായി നോക്കി

“പറ എന്താ ?

“വിനു എന്നെ സ്നേഹിച്ചിരുന്നോ?” അവൾ അറിയാതെ ചോദിച്ചു പോയി

“ഇല്ല “അവൻ ശാന്തമായി ഉത്തരം പറഞ്ഞു

“ഞാൻ നിന്നെ ഒരിക്കലും സ്നേഹിച്ചിരുന്നില്ല അഖില .പക്ഷെ സ്നേഹിക്കാൻ ആഗ്രഹിച്ചിരുന്നു മറ്റേതു പുരുഷനെയും പോലെ ..പക്ഷെ നീ …”

അവൾ കണ്ണീരോടെ അവനെ നോക്കി

“നിന്നെ പോലെയുള്ള പെൺകുട്ടികൾ ചതിക്കുന്നതു എത്ര പേരെയാണെന്നു അറിയുമോ നിനക്ക് ? നീ മൂലം ഞാൻ നശിച്ചു ..ഇന്നും മറ്റൊരുവന്റെ ഭാര്യയെ ഓർക്കുന്നുണ്ട് ഞാൻ ..എനിക്ക് എന്നോട് തന്നെ പുച്ഛമാണ് ..”

അവൻ കാറിനു വേഗത കൂട്ടി

“നമ്മൾ രണ്ടു പേരും ഈ ഭൂമിയിൽ ജീവിക്കാൻ അർഹതയില്ലാത്തവരാണ് അഖില …” അഖില ഭയത്തോടെ വിനുവിനെ നോക്കി

“നിനക്ക് നീന്താൻ അറിയാമോ? “അവൾ “ഇല്ല” എന്ന് തലയാട്ടി

“എനിക്ക് വെള്ളം പേടിയാണ് ..”അവൻ ഒന്ന് ചിരിച്ചു

“ഞാൻ നീന്തൽ പഠിച്ചിട്ടില്ല “

കാര്  ഒരു പാലത്തിലേക്ക് പ്രവേശിച്ചു.

“അപ്പൊ ഗുഡ് ബൈ ..അടുത്ത ജന്മം ഉണ്ടെകിൽ കുറച്ചു കൂടി നന്നായി ജീവിക്കാം .ഒന്നിച്ചല്ല.രണ്ടിടങ്ങളിൽ “

കാറിന്റെ വേഗത കാറ്റിന്റെ വേഗതയ്‌ക്കൊപ്പമായി. പാലം തകർത്ത് അത് പുഴയുടെ മാറിലേക്ക് അലറി കുതിച്ചു.

തറവാട്ടിൽ വിനുവിന്റെ ശരീരം തണുത്ത് നിശ്ചലമായി കിടന്നു

പാർവതി ഒഴികെ എല്ലാവരും അവിടയുണ്ടായിരുന്നു

“കാർ ഓവർ സ്പീഡ് ആയിരുന്നത്രേ ..”ആരോ പറഞ്ഞു

“വൈഫിന്റെ ബോ-ഡി സ്വന്തം വീട്ടിലാണോ ?”ആരോ ചോദിക്കുന്നു

“അത് പിന്നെ അങ്ങനെയല്ലേ വേണ്ടത് ?”കേട്ടു നിന്ന ആരോ അതിനു മറുപടി കൊടുത്തു.

ഉയർന്ന നിലവിളികൾക്കിടയിൽ അവന്റെ ശരീരം ചിതയിലേക്ക് വെച്ചു.

അവനിഷ്ടമുള്ള ശർക്കര മാവിന്റെ  ശിഖരങ്ങൾ കൊണ്ട്  അന്ത്യനിദ്ര.

നന്ദൻ അപ്പോഴും അത് വിശ്വസിക്കാനാവാതെ അവിടെ തന്നെ നിന്നൂ. ആൾക്കാരൊക്കെ പിരിഞ്ഞു പോയിട്ടും അവനങ്ങനെ തന്നെ നിന്നൂ.

“നന്ദാ ..ചോദിക്കുന്നത് അവിവേകമാണെങ്കിൽ എന്നോട് ക്ഷമിക്കണം കേട്ടോ..അടുത്ത ജന്മം പാറുവിനെ എനിക്ക് തന്നേക്കാമോ ?”

പുഴക്കരയിൽ വെച്ചായിരുന്നു ആ ചോദ്യം.

വിനുവിന്റെ ജീവിതം മുഴുവൻ ഒരു തുറന്ന പുസ്തകമായി മുന്നിൽ വെച്ചു കഴിഞ്ഞവസാനം ചോദിച്ചതാണ് .സാധാരണ ഗതിയിൽ തനിക്ക് ദേഷ്യം വരേണ്ടതാണ് .വന്നില്ല അവനോടു അപ്പൊ സഹതാപമാണ് തോന്നിയത് വേദനയാണ് തോന്നിയത് ..പക്ഷെ ഇനി എത്ര ജന്മം ഉണ്ടെങ്കിലും അവളെ ആർക്കും ഞാൻ കൊടുക്കില്ല എന്ന സത്യം  അവനോടു പറഞ്ഞില്ല .പകരം ഒന്ന് ചേർത്ത് പിടിക്കുക മാത്രം ചെയ്തു

“വിനു …നീ സ്നേഹിച്ചത് എന്റെ പ്രാണൻ തന്നെയായി പോയി. മറ്റെന്താണെങ്കിലും ഞാൻ ഈ കൈവെളളയിൽ വെച്ചു തന്നേനെ ..”അവൻ കണ്ണീരോടെ പറഞ്ഞു

പിന്നെ മെല്ലെ തിരഞ്ഞു നടന്നു

“നന്ദാ എന്നൊരു വിളിയൊച്ച കേട്ട പോലെ

അവൻ തിരിഞ്ഞു നോക്കി

അവിടെയെവിടെയോ അവനുണ്ട് ..അല്ല ഉള്ളിലിപ്പോഴും അവനുണ്ട്.

നന്ദൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ പാർവതി കണ്ണടച്ച് കിടക്കുകയായിരുന്നു അവളുടെ കണ്കോണില് കൂടി അപ്പോഴും കണ്ണീരൊഴുക്കുന്നഉണ്ടായിരുന്നു

“പാറു ..”നന്ദൻ അവളെ തൊട്ടു

അവൾ പെട്ടെന്ന് കണ്ണ് തുറന്നു

“നീ എന്തെങ്കിലും കഴിച്ചോ ?”

“ഉം നേഴ്സ് കൊണ്ട് തന്ന കഞ്ഞി കുടിച്ചു “അവൾ സ്വാഭാവികമായി പറഞ്ഞു

“വിനു ..”

“നന്ദേട്ടാ നല്ല തലവേദന ഞാൻ ഒന്നുറങ്ങട്ടെ “അവൾ മെല്ലെ പറഞ്ഞു

നന്ദൻ തല കുലുക്കി

“ലൈറ്റ് ഓഫ് ചെയ്തേക്ക് “അവൻ ലൈറ്റ് ഓഫ് ചെയ്തു മുറിയിൽ നിന്നിറങ്ങി പോയി

“പാറു …ഇത് അവൾ ചെയ്തതല്ലേ ?”വിനു ചോദിച്ചത് അവളുടെ ചെവിയിൽ മുഴങ്ങി.

“അയ്യോ എന്താ പറയുന്നേ വിനുവേട്ടാ ..ഞാൻ …”

“പാറു …”ഒരു ശാസന “നീ എന്നോട് ഒരിക്കലും കള്ളം പറഞ്ഞിട്ടില്ല .ഇന്നും പറയണ്ട “

താൻ നിശബ്ദയായി

“മോൾ എന്നോട് ക്ഷമിക്കണേ ..”വിനുവേട്ടൻ തന്റെ ശിരസ്സിൽ തൊട്ടു വിങ്ങി കരഞ്ഞു “എല്ലാം ഞാൻ കാരണമാ ..നീ ഇന്നനുഭവിക്കുന്ന വേദനകൾക്കെല്ലാം കാരണം ഞാനാ ..നീ സങ്കടപ്പെടാതിരിക്കാനാ ഞാൻ ഈ നാട്ടിൽ പോലും വരാതെ ഇത്രയും നാൾ ..” വിനുവേട്ടൻ വേദനയോടെ പറഞ്ഞു

കുറച്ചു നേരം കൂടി അങ്ങനെ ഇരുന്നു

പിന്നെ മെല്ലെ പുഞ്ചിരിച്ചു.

“ഇനിയൊരു വിഷമവും ഉണ്ടാവില്ലട്ടോ.എന്റെ വാക്കാ..”

കുറച്ചു നേരം തന്റെ മുഖം നോക്കിയിരുന്നിട്ട് എഴുനേറ്റു പോയി.

പിന്നെ കേൾക്കുന്നത് ..

ഉള്ളിൽ ഇരുന്നു ആരോ പറയുന്നുണ്ട്.അപകടമല്ല. ആത്മഹത്യയാണ്. കൂടെ അഖിലയെയും…

ദൈവമേ …

ഒരു നിലവിളി തൊണ്ടയിൽ കുടുങ്ങി കിടന്നു. സ്നേഹിച്ചു പോയത് കൊണ്ട് മാത്രം ജീവിതം ഇല്ലാതായ ഒരാൾ ..

അതും തന്നെ സ്നേഹിച്ചു പോയത് കൊണ്ട് മാത്രം ..

ക്ഷമിക്കണേ വിനുവേട്ടാ ..അവൾ കണ്ണീരോടെ അറിയാതെ ഉറക്കെ പറഞ്ഞു പോയി.

തുടരും…