കടലെത്തും വരെ ~ ഭാഗം 25, എഴുത്ത് : അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“എനിക്കറിയാം ..ഞാൻ ചെയ്തത് തെറ്റായിരുന്നു എന്ന് …ഞാൻ പറഞ്ഞല്ലോ അതിന്റെ ശിക്ഷയും എനിക്ക് കിട്ടി ..”

“ഈ വിനു നിന്നെ സ്നേഹിച്ചിരുന്നെങ്കിൽ ..നീ ഈ ജീവിതത്തിൽ ഹാപ്പി ആയിരുന്നെങ്കിൽ നീ എന്നെ തേടി വരുമായിരുന്നോ ?” അവൻ ഗൗരവത്തിൽ ചോദിച്ചു

അഖില വിളറി വെളുത്തു “പറയ് ..ആൻസർ മി ?”

“അത് ..അത് …”

“ഇല്ല …നൂറു വട്ടം ഇല്ല ..നീ അതിൽ ഭ്രമിച്ച് അവന്റെ കുഞ്ഞുങ്ങളെയും പ്രസവിച്ചു അങ്ങനെ ജീവിച്ചേനെ ..എന്നെ കുറിച്ച് ഓർക്കുക പോലുമില്ല .അപ്പൊ എന്നോടുള്ള ദിവ്യപ്രണയമല്ല നിന്നേ ഇവിടെ എത്തിച്ചത് .”അവൻ കിതച്ചു

“നീ എന്താ വിചാരിച്ചത് എന്നെ കുറിച്ച് ?ഉം ?കാല് പോയത് കൊണ്ട് ഗോവിന്ദ് തളർന്നു പോയിട്ടുണ്ടാകുമെന്നോ ?അതോ ഇന്നും നിന്നെയോർത്തു കരഞ്ഞു കൊണ്ടിരിക്കുന്നുവെന്നോ ?അതോ നീ വീണ്ടും വിളിക്കുമ്പോൾ വീണ്ടും നിന്നിൽ മയങ്ങി നിന്നെ കൂട്ടി പുതിയ ജീവിതം തുടങ്ങുമെന്നോ ?അത്രക്ക് വിഢിയാണോ ഗോവിന്ദ് ?വേറെ ഏതു പെണ്ണിനെ സ്നേഹിച്ചാലും ഇനി നിന്നെ സ്നേഹിക്കുമോ ഗോവിന്ദ് ?”അവൻ രോഷത്തോടെ ചോദിച്ചു

അവൾ നടുക്കത്തോടെ അങ്ങനെ ഇരുന്നു പോയി. അവന്റെ കണ്ണിലെ പക ,ക്രോധം ..ചുവപ്പ് ഒക്കെ കണ്ട് പകച്ചു പോയി

“നിന്നെ പോലെയുള്ള സ്ത്രീകൾ കൂടി വരികയാ ഇപ്പൊ സമൂഹത്തിൽ..സ്നേഹിക്കുക ,,ജീവിതം ആസ്വദിക്കുക ..അതിലും മികച്ചത്തതൊന്നു കിട്ടുമ്പോൾ അങ്ങോട്ട് പോകുക . ഇവനെ കണ്ടില്ലെന്ന് നടിച്ചേക്കുക .പിന്നെയാ അറിയുക ചെന്നിടം നരകം ..അപ്പൊ പിന്നെ പഴയവൻ അവിടെയുണ്ടോന്ന് നോക്കും .അവൻ ഒരു പാവമാണല്ലോ.കരഞ്ഞു കാല് പിടിച്ച വീണ്ടും …ഗോവിന്ദ് പാവമല്ല …സാധുവുമല്ല ..നിന്റെ വിവാഹം നടന്ന ദിവസം അന്ന് തീർന്നു നീ എന്റെ മനസിൽ …പിന്നെ ഏതു പെണ്ണിനെ കണ്ടാലും പകയാണ് തോന്നുക .പെണ്ണ് എന്ന് വെച്ചാൽ ചതി എന്ന് എഴുതി വെച്ച് എന്റെ ഹൃദയത്തിൽ ഞാൻ .വാശിയായിരുന്നു എനിക്ക് പഴയ ഞാൻ ആകാതിരിക്കാൻ ..”

“ഗോവിന്ദ് എന്ത് പറഞ്ഞാലും ഞാൻ കേൾക്കും “അവൾ മെല്ലെ പറഞ്ഞു

“ഞാൻ അതർഹിക്കുന്നുണ്ട് ..ഗോവിന്ദിനെ ഉപേക്ഷിച്ചു പോകാതിരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. എനിക്ക് സകലയിടത്തു നിന്നും പ്രെഷർ ഉണ്ടായിരുന്നു ,എന്നെ പോലെയൊരു പെണ്ണിന് അതൊന്നും താങ്ങാൻ പറ്റില്ലായിരുന്നു “

മനു വന്നു.ചായ അവൾക്ക് മുന്നിൽ വെച്ച് കോഫീ അവനു മുന്നിലും  വെച്ചു

“.ഒരു കോഫീ കൂടി വേണം അഞ്ചു മിനിറ്റ കഴിഞ്ഞു മതി ” അവൻ പറഞ്ഞു

“ആഗ ടീച്ചർ വരുന്നുണ്ടോ സർ ?” മനു ചിരിയോടെ ചോദിച്ചു

ഗോവിന്ദ് മെല്ലെ ചിരിച്ചു കൊണ്ട് തലയാട്ടി

അഖില ആ പേര് ആദ്യമായി കേൾക്കുകയായിരുന്നു

“ആഗ ..ആരാണ് ആഗ ?”

“എന്റെ പെണ്ണാണ് ..എന്റെ ഭാര്യ “

അവൻ നിറചിരിയോടെ പറഞ്ഞു

അഖിലയുടെ പതനം പൂർണമായി. അവളുടെ വിരലുകൾ വിറച്ചു. അവൾ ചായ കപ്പ് താഴെ വെച്ച് ചുണ്ടു നനച്ചു.

“എന്നായിരുന്നു കല്യാണം ?”

“ഇന്ന് രാവിലെ …”അവനെ ചിരിച്ചു

അവൾ ഒന്നും മനസിലാകാതെയെന്നോണമവനെ നോക്കി

“ചുമ്മാ ..ആഗ എന്റെ കോളേജിലെ ടീച്ചർ ആണ് ..ഇപ്പോ എന്റെ നല്ല പാതിയാണ്.” അവൻ പറഞ്ഞു

“കല്യാണം കഴിഞ്ഞില്ലേ ?”

“അങ്ങനെ ചോദിച്ചാൽ…ഈ നാട്ടുകാരും വീട്ടുകാരും ഒക്കെ പൂവിട്ട് നടത്തുന്ന കല്യാണമില്ലേ ..?തന്റെയും വിനുവിന്റെയും പോലെ ..അത് നടന്നില്ല ..പക്ഷെ..” അപ്പോഴേക്കും അവർക്കരികിലേക്ക് അതിസുന്ദരിയായ ഒരു പെൺകുട്ടി നടന്നു വന്നു

“അഖില ഇത് ആഗ …ഇവൾക്ക് അഖിലയെ അറിയാം ഞാൻ പറഞ്ഞിട്ടുണ്ട് “

അഖിലയുടെ നാവിൽ ഉമിനീർ വറ്റി.അവൾ ചിരിക്കാൻ ശ്രമിച്ചു.

ആഗ ചിരിച്ചതയേയുള്ളു.

അവൾ ഗോവിന്ദിനരികിൽ കസേര വലിച്ചിട്ടിരുന്നു.

“ദേ ടീച്ചർ കോഫീ.ടീച്ചറിന്റെ സ്പെഷ്യൽ ..”മനു അവൾക്കുള്ള കോഫീ കൊണ്ട് കൊടുത്തു

“താങ്ക്സ് മനു “

മനു പോയി

ഇളം നീല കോട്ടൺ സാരി ആയിരുന്നു ആഗ ഉടുത്തിരുന്നത്. കഴുത്തിൽ ഒരു കരിമണിമാല മാത്രം.കാതിൽ ഒരു മൊട്ടു കമ്മൽ.കണ്ണെഴുത്തോ ചമയങ്ങളോ ഇല്ല .കയ്യിൽ ഒരു വാച്ചുണ്ട് .നീളൻ മുടി ഇറുകെ പിന്നിയിട്ടിക്കുന്നു

അതിസുന്ദരിയാണ് ആഗ .പെട്ടെന്നവൾക്കസൂയ തോന്നി

ഇവൾ എന്ത് കണ്ടിട്ടാണ് കാലില്ലാത്ത ഒരുത്തനെ പ്രേമിച്ചിട്ടുണ്ടാകുക ?”

കോഫീ കുടിക്കുമ്പോഴും ആഗ ഒരു വക്കും മിണ്ടിയില്ല

“ആഗയുടെ പരെന്റ്സ് ഒക്കെ എന്ത് ചെയ്യുന്നു ?” അവൾ എന്തെങ്കിലും ചോദിക്കണമല്ലോ എന്ന്  കരുതി ചോദിച്ചു

“ഡോക്ടർസ് ആണ് “ആഗ പറഞ്ഞു

“ഇവിടെ തന്നെയോ?”

“അല്ല ചെന്നൈ .”

“ഓക്കേ “അവൾ പറഞ്ഞു.

ആഗയുടെ കണ്ണിൽ ഒരു അവജ്ഞ തെളിഞ്ഞു നിന്നതു അവൾ കണ്ടു.അവൾക്ക് മതിയായി തുടങ്ങിയിരുന്നു .വന്നതേ അബദ്ധമായി എന്നവൾക്ക് തോന്നി

“ശരി ഗോവിന്ദ് .ഞാൻ ഇറങ്ങുകയാണ് “

“ശരി അഖില ..കഴിയുമെങ്കിൽ ഇനി കാണാതിരിക്കുക ” അവൻ മൂർച്ചയോടെ പറഞ്ഞു

അവൾ കുനിഞ്ഞ ശിരസ്സോടെ നടന്നകന്നു.

ആഗ മെല്ലെ അവന്റെ വിരലുകളിൽ വിരൽ കോർത്ത് ആ മുഖത്തേക്ക് നോക്കി.

“ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നുണ്ടോന്നു അറിയണമെന്നാണെങ്കിൽ നെഞ്ചിൽ കൈ വെച്ച് നോക്കണം “അവൻ അടക്കി പറഞ്ഞു പിന്നെ അവളുടെ കയ്കളെടുത്തു നെഞ്ചിൽ വെച്ച് ചിരിച്ചു കൊണ്ട് ആ കണ്ണുകളിലേക്ക് നോക്കി.

“ഐ ലവ് യു ഗോവിന്ദ് ” അവൾ മെല്ലെ പറഞ്ഞു. ഗോവിന്ദ് മെല്ലെ ചിരിച്ചു

പിന്നെ പുറത്തേക്ക് നോക്കി

“നീ എന്താ അവളെക്കുറിച്ചു ചോദിക്കാത്തത് ?അവളെന്തിനാണ് വന്നത്,എന്താ ഞങ്ങൾ സംസാരിച്ചത് ,എന്നൊക്കെ ?”ഗോവിന്ദ് തല തിരിച്ചു നോക്കി ചോദിച്ചു

“അവൾ സംസാരിച്ചത് തീർച്ചയായും പഴയ കാര്യങ്ങളാകും.അവൾക്ക് ഈ ബന്ധം പുതുക്കണമെന്നുണ്ടാകും. അവൾ ഈ വിവാഹജീവിതത്തിൽ സന്തോഷവതിയല്ലഎന്നുള്ളത് ആ മുഖത്ത് എഴുതി വെച്ചിട്ടുണ്ട് ..”

ഗോവിന്ദ് അതിശയത്തോടെ അവളെ നോക്കി

“നീ പഠിച്ചത് സൈക്കോളജിയാണോ ?”

അവൾ ചിരിച്ചു പോയി

“ശരിയല്ലേ ?”

“അതെ.എന്നാൽ പറയു ഞാൻ എന്താ പറഞ്ഞിട്ടുണ്ടാകുക ?”

“തീർച്ചയായും ഗോവിന്ദ് അവളെ അധിക്ഷേപിച്ചിട്ടുണ്ടാകും .ഉള്ളിൽ ഉറങ്ങി കിട്ടുന്നതൊക്കെ പുറത്തേക്ക് വന്നിട്ടുണ്ടാകും .അവൾ തളർന്നിരിക്കുമ്പോൾ എന്റെ പേര് അവസാനത്തെ അത്താണിയായി അടിച്ചു കയറ്റിയിട്ടുമുണ്ടാകും “

“എന്റെ പൊന്നോ.സമ്മതിച്ചു …ഇതൊക്കെ എങ്ങനെ സാധിക്കുന്നടാ ഉവ്വേ ?”

അവൻ കളിയാക്കി

“അതൊന്നും പറയൂല സീക്രെട് ..”അവൾ കണ്ണ് ചിമ്മി

അവൻ ചുറ്റുമൊന്നു നോക്കി .ആരുമില്ല ….പെട്ടെന്നവൻ കുനിഞ്ഞു അവളുടെ കഴുത്തിൽ ചുംബിച്ചു അവളൊന്നു പിടഞ്ഞകന്നു

“ദേ ..പിള്ളേർ മൊബൈലിൽ പിടിച്ചു കോളേജിൽ ഫ്ലാഷ് ആക്കും കേട്ടോ “

“പോടീ…”അവനവളുടെ തോളിൽ തലയണച്ചു വെച്ച് കണ്ണുകളടച്ചു ..മനസ്സിന് ഒരു സുഖമുണ്ടിപ്പോ ..അവളെ ഓർത്തു നീറിയ ദിനങ്ങളുടെ ഓർമ അവനിലേക്ക് വന്നു. ജീവനെ കണക്ക് സ്നേഹിച്ചത് ഉടലും ഉയിരും പങ്കിട്ട് ആഘോഷിച്ച സ്നേഹം. ഒടുവിൽ വിട്ടു പോകുമ്പോൾ ആ കാല് പിടിച്ചു പറഞ്ഞു എനിക്ക് നീയില്ലാതെ ജീവിക്കാൻ വയ്യാ.. പോകരുത് പ്ലീസ്… ആ ഓർമയിലായിരുന്നു ബൈക്ക് നിയന്ത്രണം വിട്ടതും അപകടവും. പിന്നെ പിന്നെ മനസ്സ് മരവിച്ചു. ചത്തു ജീവിച്ചു. നന്ദനാണ് മാറ്റിയത്.. ഉപദേശിച്ചു മാറ്റിയത്. നന്ദനെ ഒന്ന് വിളിക്കാൻ തോന്നി അവന്. എവിടെ നിന്നോ വന്ന ദൈവദൂതന്റെ മുഖമാണ് അവനെന്നു ഗോവിന്ദ് ഓർക്കാറുണ്ട്. 

“ഇതായിരുന്നു അപ്പൊ സർപ്രൈസ് ?”ആഗ ചോദിച്ചപ്പോൾ അവന്റെ ചിന്തകൾ മുറിഞ്ഞു.

“ഉം “അവൻ ഒന്ന് മൂളി

“അവരുടെ മനസ്സിലിപ്പോ എന്തായിരിക്കും ?”

അതിനു ഗോവിന്ദ് മറുപടി പറഞ്ഞില്ല

അഖിലയുടെ മനസ്സിൽ അപ്പോൾ ലോകത്തോട് മുഴുവൻ ദേഷ്യമായിരുന്നു നിരാശയായിരുന്നു

പകയായിരുന്നു

ഈ കല്യാണം നടത്തിയ മാതാപിതാക്കളെ അവൾ വെറുത്തു

തന്നെ സ്നേഹിക്കാത്ത വിനുവിനെ അവൾ വെറുത്തു

ഒടുവിൽ അഭയം തേടി ചെന്നപ്പോ ആക്ഷേപിച്ച ഗോവിന്ദിനെയുംഅവൾ വെറുത്തു

ഒടുവിൽ തന്നോട് തന്നെയും അവൾക്ക് വെറുപ്പ് തോന്നി

ഇനിയും ആ പഴയ ജീവിതത്തിലേക്ക് പോകാൻ അവൾക്ക് ഭയം തോന്നി. അയാൾക്ക് ഇഷ്ടത്തിനുപയോഗിക്കാനുള്ള ശരീരം പേറുന്ന യന്ത്രം ആയി  മാത്രം പഴയ പോലെ ജീവിക്കണം .വയ്യ അതിലും ഭേദം ഒറ്റയ്ക്കുള്ള ജീവിതമാണ് .അല്ലെങ്കിൽ മരണം

രണ്ടിലൊന്ന്. അവളുടെ മുഖം ഇരുണ്ടു .അവളെ വഹിച്ചു കൊണ്ടിരുന്ന ബസ് ഓടിക്കൊണ്ടിരുന്നു

തുടരും…