അവന്റെ മുഖം കണ്ടാൽ തന്നെ അറിയാം അവന് പൈസക് അത്രക്ക് അത്യാവശ്യം ഉണ്ടെന്ന്…

എഴുത്ത്: നൗഫു ചാലിയം
====================

എനിക്കൊരു അഞ്ഞൂറ് റിയാൽ കടം തരുമോ…..?

കടയിൽ സാധനങ്ങൾ ഇറക്കുന്ന സമയത്തായിരുന്നു വല്ലപ്പോഴും എന്നോട് ഒന്ന് ചിരിക്കുന്നവൻ എന്റെ അരികിലേക് വന്നു തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചത്…

കടം ചോദിക്കുന്നവന്റെ ആസ്ഥാന സിമ്ബൽ ആണല്ലോ തല ചെറിയൽ…

ഞാൻ അവനെ തന്നെ നോക്കി..

അവന്റെ പേരോ നാടോ ആരാണെന്നോ…ഒന്നും എനിക്കറിയില്ലായിരുന്നു…ഈ കടയിൽ തന്നെ അവനേ രണ്ടു മാസമായി കണ്ടുള്ള പരിചയം മാത്രം…

“ഉപ്പാക് സുഖമില്ല എന്ന് പറഞ്ഞു വിളിച്ചിരുന്നു വീട്ടിൽ നിന്നും…ഞാൻ ആണ് മൂത്ത ആള്…ബാക്കി ഉള്ളവർ പഠിക്കാന് നാട്ടിൽ…ഈ മാസത്തെ ശമ്പളം മുഴുവൻ ഞാൻ വാങ്ങിച്ചു…കുറച്ചു അഡ്വാൻസും..ഹാർട്ടിനു ബ്ലോക്ക് ഉണ്ടെന്ന ഉമ്മ വിളിച്ചപ്പോ പറഞ്ഞത്…ഇനിയും വേണം കുറച്ചു പൈസ കൂടെ…സർജറി വേണ്ടി വരുമെന്ന ഡോക്ടർ പറയുന്നേ…അതാ…അതാ ഞാൻ ഇങ്ങളോട് ചോദിച്ചേ…”

അവന്റെ മുഖം കണ്ടാൽ തന്നെ അറിയാം അവന് പൈസക് അത്രക്ക് അത്യാവശ്യം ഉണ്ടെന്ന്…പക്ഷെ ഒരു പരിചയം ഇല്ലാത്ത ആൾക്ക് ഞാൻ എങ്ങനെ…

എന്റെ നിർത്തം കണ്ടിട്ടാണെന്ന് തോന്നുന്നു…അവൻ എന്റെ കയ്യിലെക് അവന്റെ മൊബൈൽ ഫോൺ വെച്ചു തന്നു..

“ഇക്ക ഇത് വെച്ചോ…ഞാൻ പൈസ തിരികെ തരുമ്പോ തന്നാൽ മതി…എനിക്കിവിടെ ആരെയും പരിചയമില്ല…പിന്നെയും പരിചയം വല്ലപ്പോഴും എന്നോട് ചിരിക്കുന്ന നിങ്ങളെ യാ…”

അവൻ പറഞ്ഞതും ആ കണ്ണിൽ ഒരു കുഞ്ഞു ജല കണിക നിറഞ്ഞു വന്നത് ഞാൻ കണ്ടു…

ഞാൻ അവന്റെ ഫോൺ അവനു തന്നെ കൊടുത്തു…പേയ്സ് എടുത്തു അഞ്ചു നൂറു റിയാലിന്റെ നോട്ടുകൾ അവനു കൊടുത്തു…

“താങ്ക്സ് ഇക്കാ…ശമ്പളം കിട്ടുന്ന അന്ന് ഞാൻ ഈ പൈസ തരും ഇക്കാക്ക് എന്നും പറഞ്ഞു എന്നോട് പുഞ്ചിരി തൂകി അവൻ പോയി..”

പിറ്റേന്നും പതിവ് പോലെ ഞാൻ ആ കടയിലേക്ക് സാധനം ഇറക്കാൻ പോയി..

പക്ഷെ ഇന്നലെ കണ്ടവൻ അവിടെ ഇല്ലായിരുന്നു…

പടച്ചോനെ എന്റെ അഞ്ഞൂറ്..

പെട്ടന്ന് തന്നെ എന്റെ മനസിലെക് വന്നത് അതായിരുന്നു…

“പറ്റിക്കാൻ എളുപ്പം നമ്മൾ മലയാളീസിനെ ആണല്ലോ…”

“ജാബിറിക്കാ പുതിയ ആളെവിടെ? “

കൌണ്ടറിൽ ഇരിക്കുന്ന ഇക്കയോടായി ഞാൻ ചോദിച്ചു..

“എടാ അവൻ ഒരു ഉംറ ചെയ്യാൻ പോയി..അവന്റെ ഉപ്പ രാവിലെ മരണ പെട്ടു…ഉപ്പാക് വേണ്ടി ഉംറ ചെയ്യാൻ പോയതാ…“

“റബ്ബേ എന്നോട് പൊറുക് നീ…അവനെ കാണാതെ ആയ ഒരു നിമിഷം ഞാൻ എന്താണ് ചിന്തിച് പോയത്..”

അവനു സമാധാനം കൊടുക്കണേ എന്നാ പ്രാർത്ഥനയോടെ ഞാൻ അവിടെ സാധനം ഇറക്കി അടുത്ത കടയിലേക്ക് പോയി..

വൈകുന്നേരം റൂമിൽ ഇരിക്കുന്ന സമയത്താണ് എനിക്കൊരു ഫോൺ കാൾ വന്നത്..

“സലീമിക്ക ഞാൻ ആണ്…റഹീസ്…”

“ഏതു റഹീസ്…”

അങ്ങനെ ഒരാളെ പരിചയമേ ഇല്ലാത്തത് കൊണ്ട് തന്നെ ഞാൻ ചോദിച്ചു..

“ഇക്ക ഞാൻ ഇന്ന കടയിലെ ഇക്കനോട് അഞ്ഞൂറ് റിയാൽ വാങ്ങിച്ചില്ലേ ആ റഹീസ്..

അവൻ പറഞ്ഞതും എനിക്ക് ആളെ മനസിലായി…ഞാൻ അവനോട് കാര്യം എന്താണെന്ന് ചോദിച്ചു..

“ഇക്ക..ഞാൻ ഇങ്ങളെ റൂമിന്റെ താഴെ ഉണ്ട്.. എനിക്ക് റൂം അറിയില്ല…ഞാൻ ആ പൈസ തിരികെ തരാൻ വന്നതാ…ഞാൻ നാട്ടിലേക് പോവാ രാത്രി…”

അവൻ എന്നോട് പറഞ്ഞതും ഞാൻ വേഗം വസ്ത്രം മാറ്റി പുറത്തേക് ഇറങ്ങി..ഒരു പുഞ്ചിരിയോടെ അവൻ എന്നെ കാത്തെന്ന പോലെ നിൽക്കുന്നുണ്ടായിരുന്നു..

“ഈ പൈസ ഉപ്പാക് ആവശ്യം വന്നില്ല…ഉപ്പ പോയി…”

ഞാൻ അതറിഞ്ഞു എന്ന പോലെ തല കുലുക്കി…

“വീട്ടിൽ ഉമ്മയും പെങ്ങളും അനിയനും ഒറ്റക്കാണ്…അവർ ഉപ്പ പോയതിന്റെ വേദനയിലാ…ഞാൻ പോയിട്ട് വേണം  ഒന്ന് സമാധാനപെടുത്താൻ..നേരെയാക്കണം എല്ലാവരെയും..…”

അവൻ പുഞ്ചിരിച്ചു കൊണ്ട് തന്നെ എന്നോട് പറഞ്ഞു…

“ഇക്കാക് തരാനുള്ള പൈസ തന്നിട്ട് പോകാമെന്നു കരുതി…അതാ പോകുന്നതിന് മുമ്പ് വന്നേ…”

അവൻ എന്റെ നേരെ ഞാൻ ഇന്നലെ കൊടുത്ത നൂരിന്റെ അഞ്ചു നോട്ടുകൾ നീട്ടികൊണ്ട് പറഞ്ഞു..

“എനിക്കാ പൈസ വാങ്ങിക്കാൻ തോന്നിയില്ല…എന്റെ അനിയനെ പോലെ ഉള്ളവൻ…ഉപ്പ പോയിട്ടും കരയാതെ പിടിച്ചു നിൽക്കുന്നവൻ..

ആ പൈസ കയ്യിൽ വെച്ചോ… എനിക്ക് ഇപ്പൊ വേണ്ടാ…

ഞാൻ അവനോട് പറഞ്ഞു..

“ഇക്ക അതെല്ല ഞാൻ ഇനി ഇങ്ങോട്ട് വരുമോ എന്നറിയില്ല…പൊരുത്തം ഇല്ലാത്തത് ഒന്നും കയ്യിൽ വെക്കരുതെന്ന ഉപ്പ പറഞ്ഞിട്ടുള്ളത്..അതാ..”

അവൻ എനിക്ക് നേരെ ആ പൈസ വീണ്ടും നീട്ടി കൊണ്ട് പറഞ്ഞു…

“ആര് പറഞ്ഞു എനിക്ക് പൊരുത്തം ഇല്ലെന്ന്…ഞാൻ എന്റെ അനിയന് കൊടുത്ത പോലെയാ കാണുന്നത്..അത് നീ വെച്ചോ.. നാട്ടിൽ പോയാലും വിളിക്കണം…പൈസക് ആവശ്യം വന്നാലും…ഇക്കയെ പോലെ തന്നെ കണ്ടാൽ മതി…”

ആ സമയം ആയിരുന്നു അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയത്…

“കരയെല്ലേടാ…കണ്ണ് തുടക്ക്…”

ഞാൻ അവനെ സമാധാനപെടുത്തി എന്റെ നെഞ്ചിലേക് ചേർത്ത് പിടിച്ചു…

“നല്ല പണി എന്തേലും ഉണ്ടേൽ ഞാൻ അറിയിക്കും ഈ നമ്പറിൽ തന്നെ വിളിച്ചാൽ മതിയെന്നും പറഞ്ഞു ഞാൻ അവനെ സമാധാനപെടുത്തി പറഞ്ഞു വിട്ടു..”

അവിടെ നിന്നും പോകുന്ന സമയമത്രയും അവൻ എന്നെ തിരിഞ്ഞു തിരിഞ്ഞ് നോക്കുനുണ്ടായിരുന്നു…

ബൈ

~നൗഫു