ദുഃഖമാണ് ഐഷു എല്ലാത്തിന്റേയും അന്ത്യം. ഒടുവിൽ എന്നിലും നിന്നിലും ബാക്കിയാകുന്നതും ഈ ദുഃഖം മാത്രമാകും….

നിശബ്ദപ്രണയം…

എഴുത്ത്: ലക്ഷ്മിശ്രീനു
==================

ഐശ്വര്യ…

എല്ലാവരുടെയും ഐഷു….

മേലെപ്പാട്ട് വീട്ടിൽ രാഘവന്റെയും സാവിത്രിയുടെയും ഏകമകൾ.

ആരും ഒന്ന് നോക്കി നിന്ന് പോകുന്ന സൗന്ദര്യം. അരയോളം വരുന്ന തിങ്ങിനിറഞ്ഞമുടി അത് ആയിരുന്നു അവളുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടിയത്. ഗോതമ്പിന്റെ നിറം വിടർന്ന കണ്ണുകൾ വളഞ്ഞകട്ടിയുള്ള പുരികകൊടി. ഇടത് കവിളിന് താഴെ ആയി ഒരു കാക്കപുള്ളിയും ചിരിക്കുമ്പോൾ തെളിഞ്ഞു കാണുന്ന നുണക്കുഴികവിളും. നീണ്ടമൂക്കിൻ തുമ്പിൽ ഒരു നീലക്കൽ മൂക്കുത്തി. ഒതുങ്ങിയഅംഗലാവണ്യം……

പാടവും തോടും പുഴയും മലകളും കുന്നുകളും കാവും കുളവും ഒക്കെ ഉള്ള പ്രകൃതിരമണീയമായ ഒരു ഗ്രാമം. ആർക്കും ആരോടും തമ്മിൽ ശത്രുതയോ പകയോ ഒന്നുമില്ല. ഉള്ളത് കൊണ്ട് ഓണം പോലെ കഴിഞ്ഞു പോകുന്ന പച്ചയായ കുറച്ചു മനുഷ്യർ.

ഐഷുന്റെ ജീവിതത്തിൽ പ്ലസ് ടു പഠനകാലം മുതൽ കാവൽ ആയി ഒരു സുഹൃത്ത് ആയി ഒരാൾ കടന്നു വന്നു. തന്നെക്കാൾ വയസ്സിനു മൂത്തയാൾ. ആൾക്ക് സാഹിത്യം പ്രിയമാണ്. ഐഷുവും അദ്ദേഹത്തിന്റെ സാഹിത്യത്തിൽ പൊതിഞ്ഞവരികളെ പ്രണയിച്ചു നിശബ്ദമായി….

കുട്ടികളുടെ ബഹളം ആണ് ഐഷുനെ ഓർമ്മകളിൽ നിന്ന് തിരിച്ചു കൊണ്ട് വന്നത്. അമ്മയുടെ കത്തുമായി പിയൂൺ വന്നപ്പോൾ മനസ്സിൽ എന്തോ ഒരു വല്ലായ്മ തോന്നി. അത് പൊട്ടിച്ചു വായിച്ചത് ആണ്. ആ കത്തിലെക്ക് നോക്കുമ്പോൾ താൻ ഒരുപാട് കാലം പിന്നോട്ട് പോകുന്നു. കത്തിലെ രണ്ടുവരിയിൽ തന്റെ മനസ്സ് കുടുങ്ങി പോയി…

ബെൽ അടിച്ചിരിക്കുന്നു ലാസ്റ്റ് പിരീഡ് ആണ് കഴിഞ്ഞത് ഇനി നേരെ വീട്ടിലേക്ക്…..

സ്റ്റാഫ്‌ റൂമിൽ എത്തുബോഴും തന്റെ മനസ്സ് കൈപിടിയിൽ ആയിരുന്നില്ല. കെട്ട് പൊട്ടിയ പട്ടം പോലെ അത് പറന്നു നടന്നു. ഷീബ ടീച്ചർന്റെ വിളി ആണ് തന്നെ വീണ്ടും ബോധമണ്ഡലത്തിലേക്ക് കൊണ്ട് വന്നത്..

“എന്ത് പറ്റി ടീച്ചർക്ക്…? ഇന്ന് പതിവില്ലാതെ ക്ലാസ്സിൽ നിന്ന് ബഹളം കേട്ട് ഞാനും രാജീവ് സാറും വന്നു നോക്കിയിരുന്നു. അപ്പോൾ ടീച്ചർ മേശ മേൽ തലചായ്ച്ചു കിടക്കുന്നത് ആണ് കണ്ടത് “

“ഒരു തലവേദന “

ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു ബാഗും എടുത്തു ഇറങ്ങി. പുറത്ത് നല്ല മഴക്കോളുണ്ട്. കുടയില്ല കൈയിൽ, നനഞ്ഞാലും കുഴപ്പമില്ല. മനസ്സിലെ തീ കെട്ടടങ്ങാൻ അത് പോരാ….

ഓരോന്ന് ആലോചിച്ചു കൂട്ടി വീട്ടിലേക്ക് നടന്നു. കോളേജിൽ നിന്ന് വീട്ടിലേക്ക് നടന്നു വരേണ്ട ദൂരമെ ഉള്ളു…പകുതി വഴിയിൽ എത്തിയപ്പോൾ തന്നെ മഴ ചാറി തുടങ്ങി. കുറച്ചു കൂടെ മുന്നോട്ട് നടന്നപ്പോൾ മഴ അതിന്റെ ദേഷ്യമോ സങ്കടമോ ശക്തിയിൽ ഭൂമിയിൽ പതിച്ചു അറിയിച്ചു. കാർമേഘങ്ങൾ ഇരുണ്ടുകൂടി അന്തരീക്ഷം പാടെ മാറി. ഒന്നും അറിയാതെ ഒന്നും ശ്രദ്ധിക്കാതെ ഐഷു നടന്നു. ഒരു വീട്ടിൽ  പേയിംഗ് ഗസ്റ്റ്‌ ആയി ആണ് താമസം.

“അയ്യോ എന്താ ടീച്ചറെ ഒന്ന് വിളിച്ചു പറഞ്ഞു എങ്കിൽ കുട കൊടുത്തു വിടില്ലായിരുന്നോ. വെറുതെ നനഞ്ഞു അസുഖം വരുത്തി വയ്ക്കാൻ ആയി “

തന്റെ അമ്മയുടെ പ്രായം ഉണ്ട്. തന്നോട് വല്യ സ്നേഹമാണ്. അമ്മയെ പോലെ ശകാരിക്കാനും ചേർത്ത് പിടിക്കാനും.

“വല്ലപ്പോഴും അല്ലെ ഈ മഴയുള്ളൂ. അത് നനഞ്ഞുന്ന് വച്ചു ഒന്നും സംഭവിക്കില്ല എന്റെ ഗീതമ്മേ ” അത്രയും പറഞ്ഞു ഒരു പുഞ്ചിരിയോടെ തന്റെ മുറിയിലേക്ക് പോയി.

പിന്നെ കുളിയും ചായകുടിയുമായി. പിന്നെ കുറച്ചു സമയം എന്തൊക്കെയോ വായിച്ചു. പിന്നെ ഗീതമ്മയോട് സംസാരിച്ചു .രാത്രികുറച്ചു കഞ്ഞികുടിച്ചു തന്റെ മുറിയിലേക്ക് വീണ്ടും വന്നു..

വാതിലടച്ചു കിടക്കാൻ നേരം ഡയറി എടുത്തു അതിലെ അമ്മയുടെയും അച്ഛന്റെയും ചിത്രങ്ങൾ ഒന്ന് നോക്കി. പിന്നെ തന്റെ സ്വന്തം എന്ന് താൻ വിശ്വസിച്ച മഹിയേട്ടന്റെയും…

കണ്ണിൽ കണ്ണീർ ഇരുണ്ടുകൂടികാഴ്ച മറക്കാൻ തുടങ്ങിയപ്പോൾ ചിത്രങ്ങൾ മാറ്റി വച്ചു. പിന്നെ അന്നത്തെ വിഷയങ്ങൾ കുറിക്കാൻ തുടങ്ങി..

ഇന്ന് തന്റെ ജീവിതത്തിലെ മറ്റൊരധ്യായം കൂടെ കഴിഞ്ഞു പോയിയിരിക്കുന്നു. ഇന്ന് നാട്ടിൽ നിന്ന് അമ്മയുടെ കത്തും അർച്ചന കഴിപ്പിച്ച പ്രസാദവും ഉണ്ടായിരുന്നു. കത്തിലെ വാചകം ഇത്രമാത്രം.

“നാളെ നിനക്ക് 32വയസ്സ് തികയുന്നു. നിന്റെ ജീവിതത്തിലെ ഒരു വർഷം കൂടെ കഴിഞ്ഞു പോയി. ഞാനും അച്ഛനും സുഖമായിരിക്കുന്നു. നിനക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു. “

ഇതു ആയിരുന്നു വാചകം. കാലം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. താൻ ഇന്നും അന്ത്യമില്ലാത്ത ഒരു യാത്രയിൽ ആണ്. ആരെയോ തേടി, അല്ല ആർക്കോ വേണ്ടി എന്തിനോ വേണ്ടി സ്വന്തം ഇഷ്ടങ്ങൾ ഒക്കെ നഷ്ടമാക്കിയൊരു യാത്ര. ഒടുവിൽ എന്നിൽ ബാക്കിയായത് തീരാദുഃഖത്തിന്റെ ആഴക്കടൽ മാത്രം.

ഐഷുവിൽ നിന്ന് ഇപ്പൊ ഒരുപാട് മാറി ഐശ്വര്യ എന്ന ഒരു കോളേജ് അധ്യാപികയായ്. പക്ഷെ ഉള്ളിലെ പ്രണയിനിക്ക് ഇന്നും വയസ്സ് 18….അർത്ഥമില്ലാത്ത കുറച്ചു വരികൾ കൂടെ കുത്തികുറിച്ച് ഡയറി മടക്കിയവൾ കിടക്കയിലേക്ക് ചാഞ്ഞു വീണ്ടും അവളുടെ ഓർമ്മകൾ കാലങ്ങലൊരുപാട് പിന്നിലേക്ക് പോയി…

ഐഷു പഠിക്കാൻ മിടുക്കി ആയിരുന്നു. സ്കൂളിലും കോളേജിലും എല്ലാം മിടുക്കി ആയിരുന്നു. ബി.എ. പാസ്സ് ആയ ശേഷം തനിക്ക് പഠിക്കാൻ മോഹം ഉണ്ടായിരുന്നില്ല..താൻ ബി എ ക്ക് ജോയിൻ ചെയ്ത സമയം ദൂരെ എങ്ങോ ജോലി കിട്ടി മഹിയേട്ടൻ പോയിരുന്നു.

ദാരിദ്ര്യവും കഷ്ടപാടും കൂടെ ഉണ്ടായിരുന്നത് കൊണ്ട് മഹിയേട്ടന് ജീവിതത്തിൽ തന്റെ ഇഷ്ടത്തിനൊത്തു പഠിക്കാനും ഇഷ്ടപെട്ട ജോലി തിരഞ്ഞെടുക്കാനും കഴിഞ്ഞില്ല. അമ്മ മാത്രം ആയിരുന്നു മഹിയേട്ടന് സ്വന്തമായി ഉണ്ടായിരുന്നത്. ഒരുപാട് സാഹിത്യം ഉള്ളിൽ ഉള്ളത് കൊണ്ട് ഒരു എഴുത്തുകാരൻ ആകും എന്ന് തന്നെ   ആണ് താൻ വിശ്വസിച്ചത്.

അങ്ങനെ കുറച്ചു ദിവസത്തെ അവധിക്ക് മഹിയേട്ടൻ നാട്ടിലെത്തുമ്പോൾ ആയിരുന്നു തന്റെ പിറന്നാൾ ദിവസം വന്നത്. അമ്പലത്തിൽ പോകും വഴി പാടവരമ്പിൽ തന്നെയും കാത്തു മഹിയേട്ടൻ ഉണ്ടായിരുന്നു…ഒരു മുഴം മുല്ലപ്പൂവ് ആയിരുന്നു അന്ന് തനിക്ക് തന്ന പിറന്നാൾ സമ്മാനം. തന്റെ തുമ്പുകെട്ടിയിട്ട മുടിയിൽ നിന്നുതിർന്നു വീണ ജലകണങ്ങളെ കുറിച്ചും തന്റെ കേശഭംഗിയെ കുറിച്ചും വാ തോരാതെ വർണിച്ചു കൊണ്ട് ആയിരുന്നു. പരമേശ്വരന് മുന്നിലന്നെത്തിയത്.

അന്ന് താൻ വെറുതെ വിശ്വസിച്ചു മഹിയേട്ടൻ തനിക്ക് ഉള്ളത് ആണെന്ന് (വിശ്വാസങ്ങൾ പലതും തനിക്ക് തെറ്റി. അത് കാലം കുറച്ചു കഴിഞ്ഞു ആണെങ്കിലും താൻ ഇന്നത് മനസിലാക്കുന്നു )

പഠിത്തം കഴിഞ്ഞു താൻ വീട്ടിൽ ഇനി എന്ത് എന്ന ചിന്തയിൽ നിൽക്കുമ്പോൾ ആണ്, പെട്ടന്ന് ഒരു ദിവസം മഹിയേട്ടന്റെ അമ്മ മരിച്ചു എന്ന വാർത്ത അറിഞ്ഞത്. പക്ഷെ മഹിയേട്ടന് വരാൻ കഴിയാത്ത ജോലിതിരക്ക് ആയിരുന്നു. ഒടുവിൽ മരണത്തിന്റെ അടിയന്തിരചടങ്ങുകൾക്ക് മഹിയേട്ടൻ എത്തിയിരുന്നു.

ഒടുവിൽ ചടങ്ങുകൾ കഴിഞ്ഞു പോകുന്നതിന് മുന്നേ അവസാനമായി മഹിയേട്ടൻ തന്നെയും താൻ മഹിയേട്ടനെയും കണ്ടത്. തന്റെ വീടിന്റെ ഉമ്മറത്തെ ചെമ്പകചോട്ടിൽ വച്ചായിരുന്നു…അന്ന് തന്നോട് പറഞ്ഞ വാചകങ്ങൾ ഇന്നും ഞാൻ ഓർക്കുന്നു.

“ദുഃഖമാണ് ഐഷു എല്ലാത്തിന്റേയും അന്ത്യം. ഒടുവിൽ എന്നിലും നിന്നിലും ബാക്കിയാകുന്നതും ഈ ദുഃഖം മാത്രമാകും. അനന്തമായ പ്രണയത്തിനവസാനം നമ്മളിൽ ബാക്കിയാകുന്നത് കാത്തിരിപ്പിന്റെ അനശ്വരമായ ദീർഘവീക്ഷണങ്ങളാകും”

“എന്നെയി നാടുമായി ബന്ധിക്കുന്ന ഒരു കണ്ണി നീ മാത്രം ആണ് ഐഷു. എന്റെ കത്തുകൾക്കായി നീയും നിന്റെ മറുപടികൾക്കായ് ഞാനും കാത്തിരിക്കും…”

അത്രയും പറഞ്ഞു പോകും മുന്നേ കുറച്ചു നിമിഷം തന്റെ കണ്ണിൽ നോക്കി നിന്നു. താനും ആ കണ്ണുകളിൽ എന്തോ തേടിയലഞ്ഞു…

ആർത്തലച്ചുപെയ്തമഴ തന്നെയും മഹിയേട്ടനെയും നനച്ചു കുതിർത്തു എന്നിട്ടും എന്തോ പിന്തിരിഞ്ഞു പോകാൻ മനസ്സ് അനുവദിച്ചില്ല. ഇനിയും ഒരുപാട് നേരം അല്ല അവസാനശ്വാസം വരെ ആ കണ്ണുകളിലെ ആഴങ്ങളിൽ ഇറങ്ങി ചെല്ലാൻ മനസ്സ് വല്ലാതെ വെമ്പൽ കൊണ്ടു….

അന്ന് മഹിയേട്ടൻ പറഞ്ഞ വാചകങ്ങൾക്ക് അർത്ഥം ഇന്നറിയുന്നു. എന്നിൽ ഇന്ന് ബാക്കിയായത് ദുഃഖവും കാത്തിരുപ്പും മാത്രം. ഒരിക്കലും അവസാനിക്കാത്തൊരു കാത്തിരിപ്പ്.

മഹിയേട്ടൻ പോയി കഴിഞ്ഞു തനിക്ക് കത്തുകൾ അയച്ചു. അതിൽ വിശേഷം പറയലും ഒപ്പം ഏതെങ്കിലും ഒരു കടുകട്ടി സാഹിത്യവാചകവും.

തന്റെ ഇരുപതിയൊന്നാം പിറന്നാൾ ദിവസം തന്നെ തേടി മഹിയേട്ടന്റെ കത്ത് വന്നു. ആദ്യത്തെ വാചകം ഇതു ആയിരുന്നു.

ഐഷുന് ഒരു വയസ്സ് കൂടിയിരിക്കുന്നു നിന്നിലെ ഒരു വസന്തകാലം കൂടെ പൊഴിഞ്ഞു..ഇനിയുള്ള യാത്രയിൽ നീ നിന്നെ ബലപെടുത്തുക, പെണ്ണ് എന്ന് ചൊല്ലി ഒതുങ്ങി കൂടാതെ…

ഐഷുന് എന്റെയും എന്റെ സഹധർമ്മിണിയുടെയും വക പിറന്നാൾ ആശംസകൾ…

ഇന്നലെ ആയിരുന്നു ഐഷു എന്റെ വിവാഹം. ഞാൻ ഒരുപാട് കാലമായി എന്റെ മനസിൽ കൊണ്ട് നടന്ന എന്റെ പ്രണയിനിയുമായി..

തന്റെ പിറന്നാൾ ദിവസം തന്നെ തന്റെ ഹൃദയത്തെ കീറിമുറിച്ചു ചുടുരക്തം പൊഴിക്കാൻ കഴിവുള്ള വാക്കുകൾ ആയിരുന്നു അത്. തന്റെ വർഷങ്ങളായുള്ള പ്രണയം തന്നിൽ നിന്നകന്നു മറ്റൊരുവൾക്ക് സ്വന്തമായി…

ഹൃദയം പിടഞ്ഞവേദനയിലും അച്ഛനും അമ്മയ്ക്കും മുന്നിൽ ചിരിച്ചു കൊണ്ട് നിന്നു. രാത്രിയുടെ മറവിൽ താൻ ചങ്ക്പൊട്ടി കരഞ്ഞു. ഇനി ഒരിക്കലും ഒരു പുതുവസന്തം തന്നിൽ വന്നു ചേരില്ല. തന്നിലേക്ക് ഉള്ള വസന്തം എന്നെന്നേക്കുമായി അവസാനിച്ചു..

പിറ്റേന്ന് കത്തിനു മറുപടി അയച്ചു. ഒരുപാട് വർഷം സന്തോഷത്തോടെയുള്ള ദാമ്പത്യം നിങ്ങളിൽ വന്നു ഭവിക്കട്ടെ ഒരായിരം മംഗളാശംസകൾ…….

അത് ആയിരുന്നു അവസാനമായി താൻ തന്റെ മഹിയേട്ടന് എഴുതിയ കത്ത്. പിന്നെ തന്നെ തേടി വന്ന കത്തുകൾ ഒന്നും താൻ വായിച്ചിട്ടില്ല. മറുപടിയും എഴുതിയില്ല.

പിന്നെ താൻ ആരോടോ ഉള്ള വാശിപോലെ പഠിച്ചു എം .എ. പാസ്സായി ലക്ച്ചർ ആയി. എല്ലാം ഒരു വാശിപോലെ താൻ നേടിഎടുത്തു. ഒടുവിൽ ആ നാട്ടിൽ നിന്ന് താൻ മാറ്റി നടപ്പെട്ടു…ഇവിടെ ഇന്ന് തന്നെ നോവിക്കാൻ പഴയ ഓർമ്മകൾക്ക് കഴിയുന്നു. പക്ഷെ അത് ഒരിക്കലും തന്റെ പ്രീയപ്പെട്ടവർക്ക് മുന്നിൽ തെളിഞ്ഞു കണ്ടില്ല…….

അങ്ങനെ ഓരോന്ന് ആലോചിച്ചു ഐഷു ഉറക്കത്തിലേക്ക് വഴുതി വീണു…

രാവിലെ ഉണർന്നപ്പോൾ മുതൽ നാട്ടിലേക്ക് പോകാൻ മനസ്സ് വെമ്പൽ കൊള്ളുന്നു. പത്തുവർഷങ്ങൾക്കിപ്പുറം പിറന്നനാട്ടിലേക്ക് ഒരു യാത്ര അവിടെ തന്നെ തേടി അമ്മയും അച്ഛനും ഉണ്ട്…ഒട്ടും വൈകാതെ തന്നെ കോളേജിൽ ഒരു ലോങ്ങ്‌ ലീവിനെഴുതി കൊടുത്തു കൊണ്ട് ഐഷു അവളുടെ വിരഹകാലമവസാനിപ്പിച്ചു സ്വന്തം നാട്ടിലേക്ക് തിരിച്ചു….

യാത്രയിൽ ഉടനീളം തന്റെ മനസ്സിൽ പഴയത് ഒക്കെ ഒരു ചിത്രം പോലെ തെളിഞ്ഞു….

കാലത്തിനൊപ്പം തന്റെ ഗ്രാമവും മാറി. മണ്ണ്പാതകൾ മാറി. പാടം പറമ്പ് ഒക്കെ മാറി…

വീടിനു മുന്നിൽ ബാഗും താങ്ങി ഓട്ടോയിൽ താൻ വന്നിറങ്ങുമ്പോൾ തന്നെ കണ്ടു അമ്മയും അച്ഛനും ഞെട്ടി സന്തോഷം കൊണ്ട് കരയുന്നു, ചിരിക്കുന്നു, തന്നെ ചേർത്തണക്കുന്നു. വീടിനുള്ളിൽ കയറും മുന്നേ ഒരിക്കൽ കൂടെ ആ ചെമ്പകത്തെ നോക്കി. എന്നിലെ വസന്തം അവസാനിച്ചത് പോലെ അവയും ശോഷിച്ചു പോയി. അതിൽ ഇനി ഒരു പുതു വസന്തം പൂക്കില്ല, എന്നിലും ഇനി ഒരു പ്രണയിനിയോ വസന്തകാലമോ പൂക്കില്ല. എല്ലാം കാലത്തിന്റെ കണക്ക് പുസ്തകത്തിൽ അവസാനിച്ചു……

ഐഷു വിന്റെ പൂർണമാകാത്ത ജീവിതത്തിലെ അപൂർണമായപ്രണയവിരഹം ഇവിടെ അവസാനിക്കുന്നു. ഇനി അവളിൽ ഒരു പ്രണയിനി ഉണരില്ല….

ശുഭം…

By ലക്ഷ്മിശ്രീനു