എന്റെ ഉപബോധ മനസ്സിനെ കുളിർ മഴ പെയ്യിക്കാൻ ഒരു ഗൂഢ പുഞ്ചിരി എന്റെ അകതാരിൽ നിന്ന് ചുണ്ടിലേക്ക് പടർന്നിരുന്നു…

പെയ്തൊഴിയാത്ത പ്രണയ നൊമ്പരങ്ങൾ….

എഴുത്ത്: ഷാജി മല്ലൻ
================

കല്യാണ ആൽബത്തിനു മുന്നിലെ കാഴ്ച്ചകളുടെ തിരക്കിന് അല്പം ഒഴിവു വന്നപ്പോൾ ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിന്റെ എന്റെ തിരക്കും അല്പം കുറഞ്ഞിരുന്നു. മോളും മരുമകനുമായി ബന്ധുവീടുകളിലേക്കുള്ള ഓട്ടപ്രദക്ഷിണത്തിലാണ് ഇക്കാക്ക. അവരു രണ്ടു പേരും മടങ്ങുന്നതിനു മുൻപ് ഞങ്ങൾക്ക് ദുബായിക്ക് മടങ്ങേണ്ടതുണ്ട്.

ആൽബത്തിലേ പേജുകൾ മറിക്കുമ്പോൾ ഫോട്ടോകളുടെ മിഴിവും സൗന്ദര്യവും കണ്ട് നല്ല സന്തോഷം തോന്നി. കല്യാണവും മരണവുമൊന്നുമില്ലാതെ കൂട്ടുകുടുംബാദികളെ കാണാൻ കിട്ടില്ലെന്നോർത്ത് തെല്ലു കുണ്ഠിതം തോന്നാതുമിരുന്നില്ല.

കോവിഡുകാലത്തിനുശേഷം നടന്ന കല്യാണമായതിനാലും കുടുംബത്തിലെ ആദ്യ ചെറുമകളുടെ നിക്കാഹായതിനാലും ഞങ്ങൾ നാട്ടിലെത്തുന്നതിനു മുൻപേ രണ്ടു വല്യുപ്പാമാരും കൂടി കൂട്ടുകുടുംബാദികളെ എല്ലാം ക്ഷണിച്ചിരുന്നു. ഇക്കാക്കാന്റെ കൂട്ടുകാരെല്ലാം എത്തിയതിന്റെ ശേഷിപ്പുകൾ ആൽബത്തിൽ കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയി.

ഡിഗ്രി കഴിഞ്ഞു സിൽവർ ജൂബിലിയും കഴിഞ്ഞ വരെങ്കിലും ഹാൾ ആകെ പിടിച്ചുലച്ച പൊട്ടിച്ചിരികളും സ്കിറ്റുകളുമായി വേദി അവർ കൈയ്യടക്കിയിരുന്നു.

അവരുടെ ഇടയിൽ നിന്ന് രണ്ടു കണ്ണുകൾ പലപ്പോഴും തന്റെ നേർക്ക് നീണ്ടു വരുന്നത് ശ്രദ്ധിച്ചിരുന്നു. ആദ്യ ഗെറ്റോ കഴിഞ്ഞതിനു ശേഷം FBയിലും ഓർക്കുട്ടിലും പിന്നെ കുറേ നാൾ കഴിഞ്ഞു ഇൻസ്റ്റയിലുമെല്ലാം ഫ്രണ്ട് റിക്വസ്റ്റുകളുടെ കുത്തൊഴുക്കായിരുന്നു. അന്ന് അങ്ങേരോട് അല്പനേരം  കുശലാന്വേഷണം നടത്തിയതിന്റെ ബാക്കിപത്രം!!.

അവസാനം ആളെ ബ്ലോക്ക് ചെയ്യേണ്ടി വന്നു.

പിന്നെ ഇക്കാക്കാന്റെ നാട്ടിൽ നടന്ന ഒരു  ഗെറ്റുഗതറിനും പങ്കെടുക്കാൻ തോന്നിയില്ല. ഇക്കാക്ക കാര്യം അവതരിപ്പിക്കുമ്പോഴെ എന്തേലും ഒഴിവുകഴിവുകൾ പറഞ്ഞ് രക്ഷപ്പെടും. നാട്ടിൽ വെച്ചല്ലാതെ നടത്തുന്ന പരിപാടികൾക്കും അയാളുടെ സാന്നിദ്ധ്യമില്ലാത്തതിനാൽ പങ്കെടുക്കുന്നതിൽ ഇക്കാക്കയ്ക്ക് അതിൽ പരാതിയുമില്ല.

കല്യാണ ഹാളിന്റെ കോർണറിൽ ആരുമായോ സൗഹൃദം പങ്കുവെയ്ക്കുന്നതിന്റെ ഇടയിൽ അയാളെ മുമ്പിൽ കണ്ടപ്പോൾ ചെറിയൊരമ്പരപ്പ് തോന്നാതിരുന്നില്ല.

“എടേയ് കുഞ്ഞേ ഇയാള് വിളിച്ചില്ലേലും ഞാൻ കല്യാണത്തിനു വന്നൂട്ടോ, ഉപ്പാനേം ഉമ്മാനേം ഒക്കെ പരിചയപ്പെട്ടുട്ടോ!”

അയാളുടെ ചിരിച്ച മുഖത്തോടെയുള്ള സംസാരം കേട്ടപ്പോൾ എന്റെ മുഖത്തെ മാംസപേശികൾ വലിച്ചു മുറുക്കം ഉപേക്ഷിച്ചു അയയാൻ തുടങ്ങി. മറ്റു  ഉപചാരവാക്കുകൾ  ഒന്നും പറഞ്ഞില്ലേലും നന്ദി പറയാനും ഭക്ഷണം കഴിക്കാൻ മറക്കല്ലേയെന്നും പറയാനും ഞാൻ മറന്നില്ല.

അയാൾ പെട്ടന്ന് അവിടെ നിൽക്കാതെ വാഷ് റൂമിലേക്ക് പോയെങ്കിലും ഒരു വേള അയാൾ വരുമോയെന്ന് ആശങ്കപ്പെട്ടിരുന്ന എന്റെ ഉപബോധ മനസ്സിനെ കുളിർ മഴ പെയ്യിക്കാൻ ഒരു ഗൂഢ പുഞ്ചിരി എന്റെ അകതാരിൽ നിന്ന് ചുണ്ടിലേക്ക് പടർന്നിരുന്നു…

ദൂരെ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ഇക്കാക്കന്റെയും അയാളുടേയും ചാട്ടക്കാരികളായ ക്ലാസ് മേറ്റ്സിനെ കണ്ടപ്പോൾ അയാളെ അനുഗമിച്ചിരുന്ന കണ്ണുകളെ ഞാൻ പിൻവലിച്ചു, എന്നാലും കുറച്ചു നേരം കൂടി എന്റെ മനസ്സ് അയാളോട് അനുതാപം പ്രകടിപ്പിച്ചു കൊണ്ട് സഞ്ചരിച്ച പോലെ ഇപ്പോൾ തോന്നുന്നു.

അല്പസമയത്തേക്ക് പലരുമായും ഞാൻ കുശലാന്വേഷണം നടത്തിയെങ്കിലും അവയെല്ലാം യാന്ത്രികമായിരുന്നു. അയാൾ മടങ്ങി ചെല്ലുമ്പോൾ അവരെന്തൊക്കെയോ പറഞ്ഞ് കളിയാക്കുന്നതുപോലെ തോന്നി. ആദ്യ ഗെറ്റുഗതറിനു ചെന്നപ്പോൾ തന്നെ അയാളുടെ പേര് പറഞ്ഞ് ബോധപൂർവ്വം കളിയാക്കിയതാണ് ഇപ്പോൾ തോന്നുന്നു. സത്യത്തിൽ അയാളുമായോ ഇക്കാക്കയുമായോ ഒന്നും തനിക്ക് പ്രണയമുണ്ടായിരുന്നില്ല. ഇക്കാക്ക ജൂനിയറായ തന്നെ കണ്ടിഷ്ടപ്പെട്ട് തന്നോട് ചോദിക്കാതെ വീട്ടിൽ വന്നു ആലോചിച്ചു. അയാളാകട്ടെ തന്റെ ഇഷ്ടം അറിയാനും തന്റെ പഠിത്തം തീരാനും കാത്തിരുന്നു. നേരിൽ പ്രത്യക്ഷപ്പെടാതെ പോസ്റ്റുകാർഡിൽ പ്രണയദൂതും പരീക്ഷയ്ക്കുള്ള പഴയ യൂണിവേഴ്സിറ്റി ചോദ്യപേപ്പറുകളുംഅയച്ചുകൊണ്ട് തന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. കുറച്ചു കൂടി പ്രാക്ടിക്കലായ ആളെ വീട്ടുകാർ പരിഗണിച്ചു.

ആൽബത്തിൽ എന്റെ കണ്ണുകൾ അയാളെ പരതികൊണ്ടിരുന്നോണ്ടാകാം ഒരു ഫോട്ടോയിലേക്ക് എന്റെ ശ്രദ്ധ ഉടക്കി നിന്നത്. അയാൾ എന്തോ ഒരു ഗിഫ്റ്റ് ചിഞ്ചുമോളെ ഏൽപിക്കുന്നു.

എന്താണോ വോയെന്തോ?

പണ്ടത്തെ കാലംപോലല്ല ഇപ്പോൾ ആരൊക്കെ എന്തൊക്കെ ഗിഫ്റ്റ് നല്കിയെന്നു പോലും നോക്കാനുള്ള ക്ഷമ പിള്ളേർക്കില്ല.

ഫങ്ങ്ഷൻ കഴിഞ്ഞിട്ട് ഒരാഴ്ച്ചയാകുന്നു. ഗിഫ്റ്റുകൾ വാരി വലിച്ചിട്ടിരിക്കുന്ന മുറി അന്ന് അടച്ച് ബന്ധവസാക്കിയതാണ്. അതൊന്നു തുറന്നു നോക്കി അയാളുടെ പ്രസന്റേഷൻ കാണാൻ മനസ്സ് വെറുതെ വെമ്പൽ കൊള്ളുന്ന പോലെ തോന്നി.

അയാളാണ് തന്റെ പുറകിൽ കൂടിയിരിക്കുന്നതെന്ന എന്റെ പരിഭവം പറച്ചിൽ ഒരു വേള  മനസ്സിൽ അയാളോട് ഉരുകിയിറങ്ങുന്ന സ്നേഹം മറച്ചു വെയ്ക്കാൻ ഞാൻ വ്യഗ്രതപ്പെടുന്നതിന്റെ പ്രതിദ്ധ്വനിയായി എനിക്ക് തോന്നി. ഫോട്ടോയിൽ വ്യക്തത വരുത്താൻ സ്റ്റുഡിയോക്കാരൻ എത്തിച്ച പെൻഡ്രൈവ് ലാപിൽ ഇട്ടുനോക്കാൻ എന്റെ പതിവ് മടി മാറ്റിവെച്ച് ഞാൻ എഴുനേറ്റു.

ഗിഫ്റ്റുകൾക്കിടയിൽ നിന്ന് അധികം ആയാസപ്പെടാതെ സ്വർണ്ണ വർണ്ണ കടലാസാൽ അലംകൃതമായ അയാളുടെ ഗിഫ്റ്റ് കണ്ടെത്തി. ഇന്ദ്രനീല നിറത്തിൽ പവിഴ മണികൾ കൊരുത്തെടുത്ത മാല സെറ്റ് കണ്ടപ്പോൾ അറിയാതെ കൈകൾ കഴുത്തിൽ പരതി. പഠിച്ചിരുന്ന കാലത്തെ തന്റെ ട്രേഡ് മാർക്ക് ആയിരുന്നു അവ. ഇക്കാക്ക പിന്നീട് പല പ്രാവശ്യം വാങ്ങി തരുമെന്ന് വാഗ്ദാനം നല്കിയ സ്വർണ്ണ നൂലിൽ കൊരുത്തെടുത്ത മാല. സമ്മാന പ്പൊതിയോടൊപ്പം വെച്ച അയാളുടെ സന്ദേശം കൂടി കണ്ടപ്പോൾ അയാളെയും കുടുംബത്തേയും കല്യാണം ക്ഷണിക്കാതിരുന്നതിൽ ഒരു തരം കുറ്റബോധം എന്നിൽ പടർന്നു. അതിരുകളില്ലാത്ത കലർപ്പില്ലാത്ത സ്നേഹത്തിന് മരണമില്ലെന്നു തോന്നി.

തന്റെ കല്യാണത്തിനും അയാളെ വിളിച്ചില്ലായിരുന്നു. കല്യാണലോചന നടത്തിയെന്ന കാരണത്താൽ അതു നടക്കാതിരുന്നതുകൊണ്ട് അയാൾക്ക് കൂടുതൽ വിഷമവാകേണ്ട എന്നു കരുതിയാണ് അന്നങ്ങനെ ചെയ്തത്. അന്നും അയാൾ എന്തോ ഗിഫ്റ്റ് അയച്ചിരുന്നു. അയാളുടെ ഇരട്ട പേരിലുള്ള ഗിഫ്റ്റ് ബാഗ് കണ്ടപ്പോൾ തന്നെ തുറന്നു നോക്കാൻ പോലും മെനക്കെടാതെ ഞാൻ അലമാരയിൽ ഒളിപ്പിച്ചതാണ്. പിന്നീട് പുതിയ വീട്ടിലേയ്ക്ക് താമസം മാറിയപ്പോൾ വീട്ടിൽ നിന്നു കൊടുത്തുവിട്ട ഗിഫ്റ്റുകളിൽ അതുമുണ്ടായിരുന്നു. അയാളുടെ എന്നുടായിപ്പാണെന്ന സന്ദേഹം പലപ്പോഴും എന്താണെന്നറിയാനുള്ള ജിജ്ഞാസയെ ശമിപ്പിച്ചുക്കൊണ്ടിരുന്നു. പിന്നെ ഗൾഫ് വാസമായതിനാൽ അതിനെക്കുറിച്ചു മറന്നു, മെല്ലെ വിസ്മൃതിയിലാണ്ടു.

ഷെൽഫിലെ എന്റെ ഗിഫ്റ്റുകളിൽ നിന്ന് അയാളുടെ പഴയ ഗിഫ്റ്റ് പൊടിതട്ടിയെടുക്കുമ്പോൾ ഒരു പ്രണയിനിയുടെ നിശ്വാസ ചൂട് എനിക്കു മുണ്ടെന്ന് തോന്നി. നിറം മങ്ങിയ വർണ്ണക്കടലാസ് അഴിച്ചു മാറ്റിയപ്പോൾ പറിച്ചു മാറ്റിയ ഹൃദയം തുന്നിയ കൈലേസിൽ പൊതിഞ്ഞ ഒരു മൗത്ത് ഓർഗൻ!!!. ഇക്കാക്കായുടെ ഇഷ്ട വിനോദോപകരണം. ഒരേ ഹോസ്റ്റലിലെ താമസക്കാരായിരുന്നെല്ലോ അവർ. അയാളുടെ പരിഭവങ്ങളില്ലാത്ത സ്നേഹത്തോട് അപ്പോൾ യാതൊരു കാലൂഷ്യവും എനിക്ക് തോന്നിയില്ല.

ചായ കുടികഴിഞ്ഞു ശിശിര സന്ധ്യയിൽ ഇക്കാക്കാനോടൊപ്പം തോട്ടത്തിലെ മഞ്ഞുവീണ പാതയിലൂട പതിവു നടത്തതിനിടയിൽ ഹൗസ് കോട്ടിനുള്ളിൽ നിന്നു തുടച്ചുമിനുക്കിയെടുത്ത മൗത്ത് ഓർഗൻ സമ്മാനിക്കുമ്പോൾ എന്റെ കണ്ണുകളിൽ ഒരു നനവു പടർന്നിരുന്നു. തുന്നിച്ചേർക്കാൻ പറ്റാത്ത ഒരു നഷ്ട പ്രണയത്തിൻ്റെ…….

~ഷാജി മല്ലൻ