കടലെത്തും വരെ ~ ഭാഗം 12, എഴുത്ത് : അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“വേഗം വാ “പാർവതി അവിടേക്ക് വന്നു

“ഇതാരാ “

“ഇത് ജിഷ ചേച്ചി സൗരവിന്റെ ചേച്ചിയ ..സൗരവിനെ ഞാൻ പരിചയപ്പെടുത്തിയിട്ടില്ലേ പണ്ട്  .. ഇവരുടെ സ്കൂളും എന്റെ സ്കൂളും തമ്മിലാ മത്സരം നടക്കാറ് “

പാറു ചിരിച്ചു

“ശരി ശരി വേഗം വന്നോളൂ …ദീപാരാധനയ്ക്ക് സമയം ആകുന്നുണ്ട് ഇവിടെ നിന്ന് തുടങ്ങി ക്ഷേത്രം വരെയും ആളുണ്ടാവും എന്ന നന്ദൻ പറഞ്ഞതു എല്ലാവരെയും നിരയായി നിർത്തട്ടെ ഞാൻ അങ്ങോട്ട് പോവാ ട്ടോ വേഗം അങ്ങോട്ടേക്ക് വന്നേക്കണേ “

അവൾ തലയാട്ടി

“സൗരവ് ചേട്ടാ ഇനി ഇത് പെൺകുട്ടികളുടെ സെഷൻ ആണ് ചേട്ടൻ അമ്പലത്തിലേക്ക് പൊയ്ക്കോ അവിടെ വെച്ചു കാണാം “അവൾ സൗരവിനോടായി പറഞ്ഞു

“അപ്പൊ ഒകെ “.അവൻ പോയി

ജിഷയെയും കൊണ്ട് വരി നില്ക്കാൻ ശ്രീകുട്ടിയും നടന്നു നീങ്ങി

“നീ പോണില്ല അമ്പലത്തിൽ ?”അഖില വേഷം മാറ്റാതെയിരിക്കുന്നത് കണ്ടു വിനു ചോദിച്ചു

“ഇല്ല എനിക്ക് പെരിയഡ്‌സ് ആയി “

“ഓ കൃത്യസമയം ..”അവൻ പുച്ഛിച്ചു

“ഇത് നമ്മൾ വിചാരിച്ചാൽ നിർത്താൻ പറ്റുന്ന സാധനമൊന്നുമല്ല “

“ഇത് വരുമെന്ന്  അറിയാമാരുന്നല്ലോ നിനക്ക് ?പിന്നെ എന്റെ കൂടെ ഇങ്ങോട്ട് കെട്ടിയെടുത്ത എന്തിനാ ?അവിടെ നിന്ന് കൂടായിരുന്നോ ?”

“ഓ എന്ന കൂടുതൽ സൗകര്യമായേനെ കാമുകിയോട് കൊഞ്ചാൻ ” അവൾ പൊട്ടിത്തെറിച്ചു

അവളുടെ മുഖം അടച്ചു ഒരടി വീണു. ഒന്നല്ല അവന്റെ കൈത്തരിപ്പ് തീർക്കും വരെ അവൻ അവളെ തല്ലി

“മിണ്ടരുതെടി ” അവൻ വിറച്ചു കൊണ്ട് പറഞ്ഞു

“ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് നിന്നെ പോലെ വിലകെട്ട ഒരുവൾ അല്ല അവൾ എന്ന് ..അവളുടെ പേര് പറയാൻ പോലും നിനക്ക് യോഗ്യത ഇല്ല ശ-വമേ”

അവളെ കാല് കൊണ്ട് തട്ടിയെറിഞ്ഞു അയാൾ വാതിൽ കടന്നു പോയി

കണ്ണ് നിറഞ്ഞതു പോലുമില്ല അഖിലയ്ക്ക് അവൾക്കിതിപ്പൊ പതിവായി കഴിഞ്ഞിരുന്നു. അവൾ പതിയെ എഴുനേറ്റ് വാതിൽ ചേർത്ത അടച്ചു. പിന്നെ കട്ടിലിൽ വന്നിരുന്നു. മൊബൈൽ എടുത്തു. ഒരു നമ്പർ ഡയൽ ചെയ്തു

റിങ് കേൾക്കുമ്പോൾ അവൾക്ക് അവളുടെ ഹൃദയമിടിപ്പ് കേൾക്കാമായിരുന്നു. ഹൃദയം പൊട്ടിത്തെറിച്ചു താൻ മരിച്ചു പോകുമെന്ന് അവൾക്ക് തോന്നി.

മാളികപ്പുറം തറവാട്ടിൽ നിന്നും ക്ഷേത്രം വരെയുള്ള നിരത്തുകളുടെ വശങ്ങൾ  പൂക്കൾ കൊണ്ടുള്ള തോരണം കൊണ്ട് അലങ്കരിച്ചിരുന്നു .പല നിറത്തിലും ഭംഗിയിലുമുള്ള പൂക്കൾ വിതറിയിട്ടുണ്ട് .അലങ്കാര ബൾബുകൾ പ്രകാശം തൂകി നിൽക്കുന്നു . പകലിനേക്കാൾ പ്രകാശം ഉണ്ടായിരുന്നു അവിടെ .നിരത്തിന്റെ വശങ്ങളിൽ ജനങ്ങൾ തൊഴുകൈയ്യോടെ നിന്നിരുന്നു .തറവാട്ടിലെ ഭഗവതി വർഷത്തിൽ ഒരിക്കൽ ക്ഷേത്രത്തിൽ പോവുകയാണ് .അവിടെ സഹോദരിയെ കാണാൻ .ചേച്ചിയും അനിയത്തിയുമാണ് രണ്ടു ഭഗവതിമാരും എന്നാണ് വിശ്വാസം.ഒരാളെ തറവാട് വക ക്ഷേത്രത്തിൽ കുടിയിരുത്തിയിരിക്കുന്നു .മറ്റെയാൾ പൊതു ജനങ്ങൾക്കായുള്ള ക്ഷേത്രത്തിലാണ്.വർഷത്തിൽ ഒരു തവണ ഉത്സവത്തിന് അവർ പരസ്പരം കാണുന്നുണ്ട് രണ്ടു ക്ഷേത്രങ്ങളിലും ഒരേ ദിവസമാണ് ഉത്സവം .അന്നേ ദിവസം ചിറ്റാറിക്കര ഗ്രാമം ആഘോഷത്തിലാണ് ജാതി മതഭേദമെന്യേ എല്ലാവരും അന്ന് ക്ഷേത്രത്തിലുണ്ടാവും .എല്ലാ കാര്യത്തിലും എല്ലാവരും കൈ മെയ് മറന്നു പണിയെടുക്കും .എല്ലാ മതസ്ഥർക്കും ക്ഷേത്രത്തിൽ പ്രവേശനം ഉണ്ട്അത് കൊണ്ട് തന്നെ അതൊരു വലിയ ഉത്സവവുമാണ് .

കറുപ്പ് കരയുള്ള നേര്യതും മുണ്ടുമായിരുന്നു പാർവതിയുടെ വേഷം. കറുപ്പ് ഷർട്ടും മുണ്ടും നന്ദൻ. പാർവതിയുടെ അടുത്ത് തന്നെ ഉണ്ടായിരുന്നു അയാൾ. വിനു അത് നോക്കി നിൽപ്പുണ്ടായിരുന്നു.

അവരുടെ ചേർച്ച.

ദീപപ്രഭയിൽ അവളുടെ മുഖം ചുവന്നിരുന്നു നന്ദന്റെയും അങ്ങനെ തന്നെ

“പാർവതിയും പരമേശ്വരനും പോലെ “Nജാനകി വേണുവിനോട് അവരെ ചൂണ്ടി പറഞ്ഞു

“ഇവർ വിവാഹം കഴിക്കാതെയിരുന്നെങ്കിൽ ഈ കാഴ്ച നമുക്ക് നഷ്ടമാകുമായിരുന്നു “അവർ കള്ളചിരി ചിരിച്ചു

“കൊള്ളാമല്ലോ നീ.ഇത് പറയാൻ പറ്റിയ സ്ഥലം തന്നെ “

വേണു പറഞ്ഞു

അവരെ കാണുന്ന എല്ലാവരുടെയും ഉള്ളിൽ ആ തോന്നൽ ഉണ്ടായിരുന്നു. അത്ര മേൽ ചേർച്ചയുണ്ടായിരുന്നു. അത്രമേൽ ഭംഗിയുണ്ടായിരുന്നു

താലപ്പൊലിയെടുത്തവരെല്ലാം ക്ഷേത്രത്തിൽ എത്തിയപ്പോ ദീപാരാധനയ്ക്കുള്ള മണി മുഴങ്ങി. നട അടച്ചു.

എല്ലാവരും ഭക്തി പുരസ്സരം കൈ കൂപ്പി കണ്ണുകളടച്ചു പ്രാർത്ഥിച്ചു നിന്നു.

പൊടുന്നനെ വെളിയിൽ ഒരാരവം ഉയർന്നു.

“ആന ഇടഞ്ഞേ “

ഒരു നിലവിളി. ആൾക്കാർ ഭയത്തോടെ പിന്തിരിഞ്ഞു നോക്കി.

ശരിയായിരുന്നു.Nരാമകൃഷ്ണൻ എന്ന ആന ഇടഞ്ഞു കഴിഞ്ഞു.

“ആരും പേടിക്കണ്ട എന്ന് അന്നൗൺസ്‌മെന്റ് കേൾക്കുന്നുണ്ടായിരുന്നിട്ടും ആൾക്കാർ നിലവിളിയോടെ നാലു പാടും ചിതറി ഓടി.

ആന പാപ്പാനെ കുടഞ്ഞെറിയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പാപ്പാൻ ആനയുടെ പുറത്തു അള്ളിപ്പിടിച്ചു കിടന്നു.

“പോലീസിനെ വിളിക്ക് “

ആരോ അലറുന്ന ശബ്ദം

പടക്കപ്പുരയ്ക്ക് നേരെ ഓടുന്ന ആനയെ കണ്ടു വീണ്ടും ജനക്കൂട്ടം അലറിവിളിച്ചു

അയ്യോ അങ്ങോട്ട് പോകല്ലേ എന്നുള്ള നിലവിളികൾ

ഈശ്വര മുഴുവൻ നശിക്കുമല്ലോ എന്നുള്ള കരച്ചിലുകൾ

നന്ദൻ പൊടുന്നനെ അങ്ങോട്ടേക്ക് നടന്നു

അയ്യോ പോകല്ലേ നന്ദാ. പാർവതി ആ കയ്യിൽ പിടിച്ചു നിർത്തി

നന്ദൻ  കൈ തട്ടി കളഞ്ഞു. അവൻ സധൈര്യം ആനയുടെ നേർക്ക് നടക്കുന്ന കണ്ട ജനക്കൂട്ടം സ്തബ്ദരായി

ഈശ്വര അതാരാ ആരോ ചോദിക്കുന്നു

അറിയില്ലേ പാർവതിക്കുട്ടിയുടെ കെട്ടിയോനാ അത് ..

“ദൈവമേ ഈ കുട്ടി ഇതെന്തു ഭാവിച്ചാ? എത്ര മിടുക്കൻ ആണെങ്കിലും ഇടഞ്ഞു നിൽക്കുന്ന ആനയുടെ മുന്നിൽ ചെന്ന് പെട്ടാൽ എന്താ കഥ? “

ആരോ ചോദിച്ചു

“ശ്രീക്കുട്ടി ..കുട്ടിയുടെ അച്ഛൻ ദേ ആനയുടെ അരികിലേക്ക് പോകുന്നു ..”സൗരവ് ഓടി വന്നു പറഞ്ഞു

അവൾ പേടിയോടെ അവന്റെ ഒപ്പം അവിടേക്ക് ചെന്നു.. അവൻ പറഞ്ഞത് ശരിയായിരുന്നു.. നന്ദൻ ആനയുടെ മുന്നിലേക്ക് നടക്കുന്നതവൾ കണ്ടു

നന്ദൻ എന്തൊക്കെയോ പറയുന്നുണ്ട്. ആന തുമ്പി കൈ വീശുന്നു

നന്ദൻ ആ തുമ്പിക്കയ്യിൽ തലോടുന്നു

പെട്ടെന്നൊന്നും ഇണങ്ങാൻ സമ്മതിക്കില്ല എന്ന ഭാവത്തിൽ ആന അവന്റെ കൈ തട്ടി തെറിപ്പിക്കുന്നു. നന്ദൻ വീണ്ടും ആ കൈ കൊണ്ട് തലോടുന്നു

ആന ഓട്ടം നിർത്തി കഴിഞ്ഞിരുന്നു. അത് നന്ദനെ നോക്കി നിൽപ്പാണ്

പാപ്പാൻ ആ തക്കത്തിന് മുകളിൽ നിന്നിറങ്ങി ചങ്ങല എടുക്കാൻ ഓടി

“നിനക്ക് വിശക്കുന്നുണ്ടോ ?” അവൻ അതിനോട് ചോദിച്ചു

ഒരു അലർച്ചയായിരുന്നു മറുപടി

“വാ “നന്ദന്റെ പിന്നാലെ അനുസരണയുള്ള ഒരു കുട്ടിയെ പോലെ അവൻ വരുന്നത് കണ്ടു സർവരും അമ്പരന്നു പോയി. അവനെ ചങ്ങലക്കിടാൻ വന്ന പാപ്പാനെ അവൻ തടഞ്ഞു

“പനമ്പട്ടയും വെള്ളവും കൊണ്ടുവാ ” അവൻ ഗൗരവത്തിൽ പറഞ്ഞു

“ആനയെ പട്ടിണിക്കിട്ടാണോ എഴുന്നള്ളിപ്പിന് കൊണ്ട് വരുന്നത്?” അവൻ രോഷത്തോടെ ചോദിച്ചു

അയാൾ മുഖം താഴ്ത്തി അയാളുടെ കാലുകൾ നിലത്തുറയ്ക്കുന്നില്ലായിരുന്നു

“നല്ല വെള്ളമാണല്ലോ നി?നിന്റെ വയറ്റിലോട്ട് കൃത്യമായിട്ട് സാധനം എത്തുണ്ടല്ലോ അല്ലെ? ഈ മിണ്ടാപ്രാണിക്ക് കൊടുക്കാൻ വയ്യ അല്ലെ ?പോയി കൊണ്ട് വാടോ “

പഴവും ശർക്കരയും ഒക്കെ കഴിച്ചു തൃപ്തനായി അവൻ ശാന്തനാകും വരെ നന്ദൻ അവിടെ തന്നെ നിന്നു

അവൻ പോകാൻ നേരം ആന അവന്റെ കയ്യിൽ തുമ്പി കൈ കൊണ്ട് ചുറ്റിപിടിച്ചു

അതിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ട നന്ദന്റെ കണ്ണുകളും നിറഞ്ഞു

“സാരല്ല്യ മോനെ ..ഇനി വികൃതി കാണിക്കരുത് കേട്ടോ ..ഞാൻ തൊഴുതിട്ട് വരാം “

ആന പിടി അയച്ചു

അവന്റെ തുമ്പി കൈയിൽ ഒരു ഉമ്മ കൊടുത്തിട്ട് ഒന്നുടെ അവനെ തലോടി. പിന്നെ ക്ഷേത്രതിലേക്ക് നടന്നു

ചുറ്റും കയ്യടികളും ആർപ്പുവിളികളും ആൾക്കാർ അവനെ വളഞ്ഞു അവനെ അവർ കോരിയെടുത്തു ചുമലിലിരുത്തി

ജയ് വിളികളോടെ മൈതാനത്തിനു ചുറ്റും നടന്നു. ചെറിയച്ഛന്മാരും ചെറിയമ്മാരും അമ്മാവന്മാരും ഒക്കെ ഓടി വന്നു

“എന്റെ നന്ദ നീ എന്ത് ബുദ്ധിമോശമാണ് കാണിച്ചത് ?ഇടഞ്ഞു നിൽക്കുന്ന ആനയുടെ മുന്നിൽ പോയതെന്തിനാണ് മോനെ ?അതിനു ബുദ്ധിയില്ലാത്ത അല്ലെ ?എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ ആലോചിച്ചു നോക്കിയായിരുന്നു ?

നന്ദൻ പുഞ്ചിരിച്ചു

“നമ്മുട തോന്നൽ ആണ് വലിയമ്മാമ അതിനു ബുദ്ധി ഇല്ലന്ന് .മനുഷ്യന്റെ അത്ര അപകടകാരിയല്ല ആനകൾ ..ആന എന്നല്ല ഒരു ജീവജാലവും .അതിനു രണ്ടു ദിവസമായി ഭക്ഷണം കിട്ടിയിട്ടില്ല .അതിനു വിശന്നു അത് പ്രതികരിച്ചു അത്ര തന്നെ “

“അത് നിനക്കെങ്ങനെ മനസിലായി ?” മനു അവന്റെ കൈ പിടിച്ചു

“വിശപ്പറിഞ്ഞവന് അത് വേഗം മനസിലാകും അച്ഛാ “അവൻ ഇടർച്ചയോടെ പറഞ്ഞു

“കുറച്ചു ദിവസം ആയി കാണും അവർ അതിന് വയറ് നിറച്ചു ഭക്ഷണം കൊടുത്തിട്ട്. ആ സാധു മൃഗത്തിന്റെ കണ്ണിൽ മദപ്പാടില്ലായിരുന്നു.അതിനു വിശപ്പായിരുന്നു,അത് തുമ്പിക്കൈ കൊണ്ട് നിലത്തൊക്കെ തിരയുന്നത് ഞാൻ ശ്രദ്ധിച്ചു.എന്തെങ്കിലും തിന്നാൻ കിട്ടുമോന്ന് നോക്കിയതാ .ചെന്ന് കാര്യം പറഞ്ഞപ്പോ അവനു മനസിലായി “

നന്ദൻ മെല്ലെ ചിരിച്ചു

തുടരും