ശ്ശെടാ, ഇവൾക്കിതെന്നാ പറ്റി? എല്ലാ ദിവസവും ഇവള് തന്നെയല്ലേ എനിക്ക് ചായ ഇട്ട് തരുന്നത്…

Story writen by Saji Thaiparambu
====================

ഡീ ചായ എടുത്തില്ലേ…?

ഉമ്മറത്ത് വന്ന് പടിക്കെട്ടിൽ കിടന്ന പത്രമെടുത്ത് കസേരയിലേയ്ക്ക് ചാരിയിരുന്ന് കൊണ്ട് ദിനേശൻ അടുക്കളയിലേക്ക് നോക്കി വിളിച്ച് ചോദിച്ചു.

ഇന്നാ, കുടിക്ക്, വല്ലപ്പോഴും അടുക്കളയിൽ വന്ന് ഒരു ചായ ഇട്ട് കുടിച്ചെന്ന് കരുതി, കൈയ്യൊന്നും ഒടിഞ്ഞ് പോകത്തില്ല കെട്ടോ?

ടീപ്പോയിൽ ചായക്കപ്പ് കൊണ്ട് ശക്തിയിൽ വച്ചിട്ട് അരിശത്തോടെ വിമല തിരിച്ച് പോയി.

ശ്ശെടാ, ഇവൾക്കിതെന്നാ പറ്റി? എല്ലാ ദിവസവും ഇവള് തന്നെയല്ലേ എനിക്ക് ചായ ഇട്ട് തരുന്നത്?

ദിനേശൻ അന്ധാളിപ്പോടെ ഇരുന്നു.

ഡാ പിള്ളേരേ, മണി ഏഴ് കഴിഞ്ഞു  അങ്ങോട്ടെഴുന്നേറ്റേ, ഹൊ എന്ത് സുഖമായിട്ട് കിടന്നുറങ്ങുന്നു, വല്ലതും അറിയണോ?

അകത്തേയ്ക്ക് പോയ വിമല കുട്ടികളെ ചീത്ത പറയുന്നത് കേട്ടപ്പോഴാണ്, ദിനേശൻ അങ്ങോട്ട് ചെന്നത്.

അവര് കിടന്നോട്ടെ വിമലേ, ഇന്ന് ഞായറാഴ്ചയല്ലേ സ്കൂളൊന്നുമില്ലല്ലോ ?

അതൊക്കെ എനിക്കറിയാം, എന്ന് വച്ച് പിള്ളേര് രാവിലെ എഴുന്നേറ്റ് ശീലിച്ചില്ലെങ്കിലേ, നിങ്ങളെപ്പോലെ മടിയനായിപ്പോകും…

ശ്ശെടാ, ഇവളിന്ന് എൻ്റെ നേരെയാണല്ലോ പോരെടുക്കുന്നത്?

പിറുപിറുത്ത് കൊണ്ട് ദിനേശൻ വീണ്ടും സിറ്റൗട്ടിലേയ്ക്ക് വന്നിരുന്നു.

ദേ കഴിക്കാനെടുത്ത് വച്ചിരിക്കുന്നു, വേണേൽ വന്ന് കഴിക്ക്…

ബൈക്ക് കഴുകി വച്ചിട്ട് കുളിക്കാനായി ഒരുങ്ങുമ്പോഴാണ് വിമല വന്ന് അത് പറഞ്ഞത്

ഇനിയിപ്പോൾ കുളിച്ചിട്ട് കഴിക്കാമെന്ന് വച്ചാൽ, തിരിച്ച് വരുമ്പോൾ, അവള് ചിലപ്പോൾ ഭക്ഷണം തന്നില്ലെന്ന് വരും

വിമലയുടെ സ്വഭാവമറിയാവുന്നത് കൊണ്ട്, ഭക്ഷണം കഴിച്ചിട്ട് കുളിക്കാമെന്ന് അയാൾ തീരുമാനിച്ചു.

ഇഡ്ഡലിക്ക് ഭയങ്കര കട്ടിയാണല്ലോ വിമലേ, ഉഴുന്ന് കുറച്ചാണോ ചേർത്തത് ?

അതേ, ഞാൻ മിഷ്യനൊന്നുമല്ല ,എന്നും കൃത്യതയോടെ ചേരുവകൾ ചേർത്ത് ചെയ്യാൻ, ഇഷ്ടപ്പെട്ടില്ലെങ്കിൽ പോയി വല്ല ഹോട്ടലീന്നും കഴിക്ക്…

ഭാര്യയുടെ അലർച്ചയും മുഖഭാവവും കണ്ട്, പിന്നീടൊന്നും മിണ്ടാതെ അയാൾ പ്രാതല് കഴിച്ച് എഴുന്നേറ്റു.

ഉച്ചയ്ക്കത്തെ കാര്യവും വിഭിന്നമായിരുന്നില്ല.

തലേന്ന് വൈകുന്നേരം ഓഫീസിൽ നിന്ന് വരുമ്പോൾ ദിനേശൻ വലിയ സന്തോഷത്തിലായിരുന്നു. പിറ്റേന്ന് ഞായറാഴ്ചയായത് കൊണ്ട് ഭാര്യയും മക്കളുമൊത്ത് കളിച്ച് ചിരിച്ച് സന്തോഷത്തോടെ ഒരുദിവസം കഴിയാമല്ലോ എന്ന് വിചാരിച്ചു. പക്ഷേ, ഭാര്യ രാവിലെ മുതൽ ഭ-ദ്ര-കാ-ളിയെ പോലെ ഉറഞ്ഞ് തുള്ളുന്നത് കണ്ട് അയാളുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു

എന്താ ആലോചിച്ച് കിടക്കുന്നത് ?

രാത്രിയിൽ കുളി കഴിഞ്ഞ് ബെഡ് റൂമിലേയ്ക്ക് വന്ന വിമല ഭർത്താവിനോട് ചോദിച്ചു

ഹേയ് ഒന്നുമില്ല…

സോറീട്ടോ, ഞാനിന്ന് നിങ്ങളോട് ഒരുപാട് പരുഷമായിട്ട് പെരുമാറി, റിയലി സോറി

ഹേയ്, അതൊന്നും സാരമില്ല,,

അല്ലാ, ഞാനത്രയൊക്കെ വയലൻ്റായിട്ടും, നിങ്ങളെന്താ തിരിച്ചെന്നോടൊന്നും പറയാതിരുന്നത്? എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെയിരുന്നു, കുളിക്കാൻ നിന്നപ്പോൾ അതൊക്കെ ഓർത്ത് എനിക്ക് കരച്ചില് വന്നു

എൻ്റെ വിമലേ, ഇത് എല്ലാ മാസവും ഞാൻ അനുഭവിക്കുന്നതല്ലേ? ഇന്ന് ഞായറാഴ്ച ആയത് കൊണ്ട്, കുറച്ച് കൂടുതൽ അനുഭവിക്കേണ്ടി വന്നു, രാവിലെ നീ ചായ കൊണ്ട് തന്ന് ചൂടായപ്പോൾ എനിക്കൊന്നും മനസ്സിലായില്ലായിരുന്നു, പിന്നെ ഷർട്ടെടുക്കാൻ അലമാര തുറന്നപ്പോൾ, വിസ്പറിൻ്റെ കവറ് പൊട്ടിച്ച് വച്ചിരിക്കുന്നത് കണ്ടു, അപ്പാഴാണ് നിൻ്റെ ദേഷ്യത്തിൻ്റെ കാരണം മനസ്സിലായത്. അപ്പോൾ പിന്നെ, നിൻ്റെ ബുദ്ധിമുട്ടറിയാവുന്ന ഞാൻ, നിന്നോട് തിരിച്ച് ചൂടായിട്ട് വല്ല കാര്യമുണ്ടോ ?

ഓഹ് നിങ്ങളാണ് എൻ്റെ ഭാഗ്യം. ഒരു സ്ത്രീയുടെ മനസ്സും ശരീരവും ഓരോ സമയത്തും, പ്രതികരിക്കുന്നത് എന്തിനൊക്കെയാണെന്ന്  മനസ്സിലാക്കി, അതിനനുസരിച്ച് പൊരുത്തപ്പെട്ട് ജീവിക്കാൻ, നിങ്ങളെപ്പോലെ ചുരുക്കം ചില ഭർത്താക്കൻമാർക്കേ കഴിയൂ, അക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്….

A saji thaiparambu stories
~sajithaiparambu