Story written by Maaya Shenthil Kumar
=======================
ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾക്കിടയിൽ ഒന്നുമില്ലെന്ന് മനസ്സിലാക്കിയിട്ടും ഒരേ കൂരയ്ക്ക് കീഴെ രണ്ടു മനസ്സായി ജീവിക്കേണ്ടി വന്നത് മോളെ ഓർത്തായിരുന്നു..
ഇന്നലെ അതും അവസാനിച്ചു…
മ്യൂച്ചൽ ഡിവോഴ്സ് പേപ്പറിൽ ഒപ്പുവയ്ക്കുമ്പോൾ എന്തുകൊണ്ടോ ഒന്നും തോന്നിയില്ല…സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കി എന്നെന്നേക്കുമായി നന്ദേട്ടൻ ഈ വീട് വിട്ടിറങ്ങുമ്പോൾ പരസ്പരം ഒന്ന് നോക്കിയതുപോലുമില്ല…
ജോലിയുള്ളതു കൊണ്ട് മോളെ നന്നായി എനിക്കൊറ്റയ്ക്കു വളർത്താമെന്ന ആത്മവിശ്വാസമോ തന്റേടമോ ഒക്കെ ഉണ്ടായിരുന്നു…
ഏറെ നാളത്തെ മനഃസംഘര്ഷങ്ങള്ക്കു ശേഷം അന്നാണ് മോളെ ഞാൻ ശ്രദ്ധിച്ചത്..പക്ഷെ അവളുടെ മാറ്റം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി..അവളുടെ കാര്യങ്ങളൊക്കെ തനിച്ചു ചെയ്യുന്നുണ്ടായിരുന്നു…സ്കൂളിൽ നിന്ന് വന്നതുപോലും ഞാനറിഞ്ഞില്ല..
വഴക്കിനിടയിൽ ഞങ്ങളെപ്പോഴോ അവളെ മറന്നുപോയിരുന്നു… ഞങ്ങൾ പരസ്പരം വഴക്കടിക്കുമ്പോൾ ഞങ്ങൾക്കിടയിൽ നിന്ന് കരയുന്ന തൊട്ടാവാടി കുഞ്ഞിൽ നിന്നും അവളേറെ വളർന്നപോലെ തോന്നി..
ഞങ്ങളുടെ വഴക്കുകൾ എത്രപെട്ടന്നാണ് അവളുടെ കുട്ടികുറുമ്പുകളെ തട്ടിയെടുത്തത്…അവളിലെ കുട്ടിത്തത്തെ കവർന്നു കളഞ്ഞത്..
രാത്രി എന്തോ ശബ്ദം കേട്ട് ഉറക്കു ഞെട്ടിയപ്പോഴാണ് ഞാൻ തനിച്ചാണെന്നു ആദ്യമായി തോന്നിയത്…ലൈറ്റ് ഇട്ട് എല്ലായിടത്തും നോക്കി ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയിട്ടും എന്തോ ഒരു ഭയം എന്നെ വലിഞ്ഞുമുറുക്കുന്നുണ്ടായിരുന്നു…അതോടെ അന്നത്തെ ഉറക്കം പോയി…
പിന്നീട് പല രാത്രികളിലും എത്ര അടക്കിപിടിച്ചാലും മറ നീക്കി ഒരു ഉൾഭയം പുറത്തേക്കു വരാറുണ്ട്…
മോളെ സ്കൂളിലേക്ക് വിട്ട് ഓഫീസിലെത്തിയപ്പോഴാണ് വീട് അടച്ചിരുന്നോ എന്ന സംശയം വന്നത്. അടുത്ത വീട്ടിൽ വിളിച്ചുപറഞ്ഞു അടച്ചെന്നു ഉറപ്പു വരുത്തുന്നവരെ ജോലിയിലൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..അച്ഛനടുത്തില്ലാത്ത സങ്കടം മോൾക്കുണ്ടാകരുതെന്നു കരുതിയാണ് അവൾക്കിഷ്ടപ്പെട്ട സാധനങ്ങളൊക്കെ വാങ്ങി വന്നത്..പക്ഷെ അവളിലെ സന്തോഷങ്ങളും, ആഗ്രഹങ്ങളും എന്നെ മാഞ്ഞുപോയിരിക്കുന്നു എന്ന് ഞാനപ്പോഴാണ് അറിഞ്ഞത്..
ഭക്ഷണം ഉണ്ടാക്കുന്നതിനിടയിൽ നോക്കിയപ്പോഴാണ് സാധനങ്ങൾ പലതും തീർന്നത് ഞാൻ അറിഞ്ഞത്…എന്റെ എന്ത് കാര്യമാണ് നിങ്ങൾ നോക്കുന്നതെന്നും ചോദിച്ചു നന്ദേട്ടനുമായി വഴക്കടിക്കുമ്പോൾ ഒരിക്കലും മുടങ്ങാതെ ഇവിടെയെത്തുന്ന ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള കാര്യങ്ങളെ പറ്റി ഞാൻ ചിന്തിച്ചിട്ടേയില്ലായിരുന്നു..
പെട്ടെന്നൊരു ദിവസം കറന്റ് കട്ട് ആയപ്പോഴാണ് ആദ്യമായി കറന്റ് ബിൽ അടക്കാൻ മറന്നതിനെപ്പറ്റി ഓർത്തത്..പിന്നെങ്ങനെ പലതും…
ഞാൻ മനഃപൂർവം മറന്നതൊക്കെയും…ഒന്നും ചെയ്യാറില്ലെന്നു പറഞ്ഞ് കുറ്റപ്പെടുത്തുമ്പോഴും ഈ വീട് മുഴുവൻ ആ ചുമലിലായിരുന്നെന്നു അധികം വൈകാതെ ഞാൻ തിരിച്ചറിഞ്ഞു…ജോലിക്കിടയിൽ വീട്ടിലെ കാര്യങ്ങളൊന്നും എനിക്കറിയേണ്ടി വന്നില്ല എന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്..എന്റെ മറവികളെ ഓർമപ്പെടുത്താൻ ഒരാളില്ലാതായപ്പോഴാണ് അതിന്റെ ആഴം ഞാനറിയുന്നത്..
ഓഫീസിൽ ഉച്ചയ്ക്ക് ഊണുകഴിക്കാനിരുന്നപ്പോ അമ്മ വിളിച്ചപ്പോഴാണ് അമ്മു മോളുടെ പിറന്നാൾ ഞാൻ മറന്നുപോയി എന്ന് മനസ്സിലായത്…ഇങ്ങനത്തെ വിശേഷദിവസങ്ങൾ ഒന്നും നന്ദേട്ടൻ ഓർക്കാറില്ല എന്ന കാര്യം പറഞ്ഞാണ് ഞങ്ങൾ ആദ്യം വഴക്ക് ആരംഭിച്ചത്..അന്നെനിക്ക് ഓർക്കാൻ മറ്റൊന്നുമുണ്ടായിരുന്നില്ല…അങ്ങനെ തുടങ്ങിയ വഴക്ക് പിന്നീട് മറ്റുപല കാര്യങ്ങളിലേക്കും നീണ്ടു..പതിയെ പതിയെ ഓരോ ദിവസവും വഴക്കായി..
ആദ്യമൊക്കെ ആരെങ്കിലും ഒരാൾ പിണക്കം മാറ്റുമായിരുന്നു പിന്നെ ഈഗോ അതിനു സമ്മതിക്കാതെയായി…ദിവസങ്ങളോളം മിണ്ടാതിരുന്നു…ആദ്യം മനസ്സുകൊണ്ടും പിന്നെ ശരീരം കൊണ്ടും ഞങ്ങളൊരുപാട് അകന്നു.. പക്ഷെ അപ്പോഴും നന്ദേട്ടനൊരു കർചീഫ് വാങ്ങുന്നുണ്ടെങ്കിൽ പോലും എനിക്കും മോൾക്കും എന്തെങ്കിലും വാങ്ങാറുണ്ട്..പക്ഷെ ചെയ്യുന്നതിനേക്കാളേറെ ചെയ്യാത്തത് മുഴച്ചു നിന്നു..
ഇന്നിപ്പോ തിരക്കിൽ ഞാനും മറന്നുതുടങ്ങിയിരിക്കുന്നു എല്ലാം..ഉച്ചയ്ക്ക് തന്നെ ലീവ് എടുത്തു മോളെയും കൂട്ടി അവൾക്കെന്തോക്കെയോ വാങ്ങിക്കൊടുത്തു…എല്ലാവര്ഷത്തെയും പോലെ അവളെയും കൂട്ടി കടപ്പുറത്തേക്ക് പോയി..എന്നത്തേയും പോലെ എനിക്ക് പിന്തുടരാൻ മുന്നിൽ രണ്ട് കാല്പാടുകൾ ഇല്ലെന്നുള്ള സത്യത്തിനു മുന്നിൽ എന്റെ കാലുകൾ ഇടറി…
അതുവരെയുണ്ടായിരുന്ന സമ്പാദ്യങ്ങൾ ചേർത്തു ആഗ്രഹിച്ചു വാങ്ങിയ വീട് എന്റെ പേരിൽ രജിസ്റ്റർ ചെയ്യുമ്പോൾ എന്തിനെന്ന ചോദ്യത്തിന്, നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ നിന്നെ അവിടുന്നാരും ഇറക്കി വിടരുത്…മുഴുവനായും പറയാൻ സമ്മതിക്കാതെ ആ വായ പൊത്തി നന്ദേട്ടനില്ലെങ്കിൽ ഞാനും ഇല്ല എന്ന് പറഞ്ഞ് ആ നെഞ്ചിൽ ചേർന്നതും..അന്നെന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചതിന്റെ ചൂട് ഇപ്പോഴും അവിടെയുണ്ടെന്നു തോന്നാറുണ്ട്…
എന്നിട്ടും എവിടെയായിരുന്നു ഞങ്ങൾക്ക് തെറ്റിയത്…എങ്ങനെയായിരുന്നു പത്തുവർഷത്തെ സ്നേഹം ഒരൊറ്റ കടലാസ്സിൽ ഒരു ഒപ്പ് കൊണ്ട് തീർക്കാൻ കഴിഞ്ഞത്..
കൂടെയുണ്ടായപ്പോൾ തിരിച്ചറിയാതെ പോയ കരുതലും, സ്നേഹവും വിട്ടകന്നപ്പോഴാണ് വല്ലാത്തൊരു വേദനയായി തളർത്തികളഞ്ഞത്..
ആറു മാസത്തിനു ശേഷം ഉള്ള ഒരു അവസാന സിറ്റിങ്ലിലാണ് കോടതിയിൽ വച്ചു ഞങ്ങൾ വീണ്ടും കാണുന്നത്…രണ്ടുപേർക്കും എന്തൊക്കെയോ പറയാനുണ്ടായിരുന്നു പക്ഷെ ഒന്നും പറഞ്ഞില്ല..
കോടതി കാര്യങ്ങളൊക്കെ കഴിഞ്ഞ് ഇനി നമുക്കൊന്ന് നടന്നാലോ എന്ന് നന്ദേട്ടൻ ചോദിച്ചപ്പോൾ..പഴയതുപോലെ ചേർന്നു നടക്കാൻ ഞാനും ആഹ്രഹിക്കുന്നുണ്ടെന്നു ഉറക്കെ പറയണമെന്ന് തോന്നി…
ഞങ്ങൾ നടന്നു…
പണ്ടെന്നോ കാപ്പി കുടിക്കാറുണ്ടായിരുന്ന തട്ടുകടയിൽ നിന്നും വീണ്ടും ഒരു കാപ്പി..ഒരിക്കൽ കൈപിടിച്ച് നടന്ന സ്ഥലങ്ങൾ…ഇഷ്ടപ്പെട്ട വഴികൾ….മോൾക്കിഷ്ടപെട്ട കടൽക്കര…എന്റെ ഇഷ്ടങ്ങളൊന്നും മറന്നിട്ടില്ല എന്ന് പറയാതെ പറയുന്നുണ്ടായിരുന്നു…കൂടെ ചേർന്നു നടന്നു ഞാനും…
മോള് തനിച്ചല്ലേ നീ പൊയ്ക്കോ എന്ന് പറഞ്ഞപ്പോഴാണ് വീണ്ടും തനിച്ചാവുകയാണെന്നു ഒരു വിങ്ങലോടെ ഞാനോർത്തത്..
പിരിഞ്ഞു രണ്ടു ദിശകളിലേക്ക് നടക്കുമ്പോൾ കാലുകൾക്കു വേഗത കുറയുന്നത് ഞാനറിഞ്ഞു…ഒന്ന് തിരിച്ചു വിളിച്ചെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു..
പക്ഷെ ചിലതൊന്നും നഷ്ടപ്പെടുത്തുന്ന അത്ര എളുപ്പത്തിൽ തിരിച്ചു കിട്ടില്ല എന്ന് തിരിച്ചറിയുകയായിരുന്നു…