മഞ്ഞുതുള്ളി…
എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്
========================
മാനന്തവാടി നഗരഹൃദയത്തിലെ നെസ്റ്റ് ഹോട്ടലിലാണ്, അവർ കുടുംബസമേതം മുറിയെടുത്തത്. രാവിലെ തൃശൂരിൽ നിന്നും പുറപ്പെട്ട്, ഇവിടെയെത്തുമ്പോൾ സന്ധ്യയാകാറായിരുന്നു.
മക്കളിരുവരും കാറിൽത്തന്നെ ചെറുമയക്കങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു. രാത്രിയിൽ അവർ ആവശ്യപ്പെട്ട ഭക്ഷണം വാങ്ങിച്ചു നൽകി. യാത്രാക്ഷീണത്തിന്റെ ശേഷിപ്പാകാം, രണ്ടാളും പത്തുമണിയാകുമ്പോളേയ്ക്കും നല്ല ഉറക്കമായിരിക്കുന്നു.
ജയദീപ്, പിൻവാതിൽ സാവകാശം തുറന്ന് ബാൽക്കണിയിലേക്കു നീങ്ങി. വർഷ, പതിയെ പുറകെ ചെന്നു. അകത്ത് കട്ടിലിൽ, പത്തുവയസ്സുകാരിയും പതിമൂന്നുവയസ്സുകാരനും മൂടിപ്പുതച്ചു കിടന്നു. ബാൽക്കണിയിൽ നിന്നും നഗരക്കാഴ്ച്ചകൾ മങ്ങാതെ കാണാൻ കഴിയുന്നുണ്ട്. പനമരം – മാനന്തവാടി റോഡിലെങ്ങും കോടമഞ്ഞു മൂടിയിരിക്കുന്നു.
”വീണ” തിയേറ്ററിൽ നിന്നും ഫസ്റ്റ്ഷോ കഴിഞ്ഞു പോകുന്നവരുടെ തിരക്ക്. കുറച്ചുപേർ നടന്നു മടങ്ങുന്നുണ്ട്. അവർ, കൈകൾ നെഞ്ചോടു പിണച്ചുകെട്ടിയിരിക്കുന്നു. പുകമഞ്ഞിലൂടെ അവർ നടന്നകലുമ്പോൾ, ഉച്ഛാസങ്ങളിൽ പുക പടരുന്നു. തിയേറ്ററിനു പുറത്തെ ചെറിയ ഉന്തുവണ്ടിക്കടയിൽ ചുടുചായ നുകർന്നു ശീതം ശമിപ്പിക്കുന്ന നാട്ടുകാർ. രാത്രിയോട്ടക്കാരായ റിക്ഷാ ഡ്രൈവർമാർ. അവരിലൊരാൾ വളരെ തൻമയത്വത്തോടെ സി–ഗരറ്റു വലിച്ചു പുകയൂതുന്നു. സി-ഗരറ്റു പുക, കോടയിൽ സന്നിവേശിക്കുന്നു.
ജയദീപിനു ഒരു സി–ഗരറ്റു വലിച്ചു പുകയുതിർക്കാൻ വല്ലാത്തൊരു മോഹം തോന്നി. വർഷ, അയാൾക്കരികിലേക്കു ചേർന്നു നിന്നു. അയാളുടെ അരക്കെട്ടിൽ അവൾ കൈ ചുറ്റി. അവളുടെ ഉടലിനു വല്ലാത്തൊരു ചൂടനുഭവപ്പെടുന്നതായി ജയദീപിനു തോന്നി. അയാൾ, അവളെ തന്നിലേക്കു ചേർത്തുപിടിച്ചു. അവളുടെ ഉടൽ സമൃദ്ധികൾ, അവന്റെ ധമനികളിലെ രക്തത്തെ തിളപ്പിക്കാൻ തുടങ്ങിയിരുന്നു.
അവളുടെ കവിളിൽ കവിളുരസിക്കൊണ്ട് അവൻ, വീണ്ടും പുറം കാഴ്ച്ചകളിലേക്കു മിഴി നിരക്കി. നിലാച്ചേലയുടുത്ത മാനന്തവാടി നഗരം. ഗാന്ധി പാർക്കിനപ്പുറം, വഴികൾ പിരിയുന്നു. അതിലൊന്നു താഴെയങ്ങാടി വഴിയായി ഉരുവപ്പെട്ട്, വളഞ്ഞും പുളഞ്ഞും താഴ്ന്നും അകലങ്ങളിലേക്കു നീണ്ടകലുന്നു.
“ജയദീപ്, കുളിയൊക്കെ കഴിഞ്ഞു ഫ്രഷ് ആയല്ലോ; ഞാനൊന്നു കുളിച്ചിട്ടു വരാം.
നമുക്ക് ഒത്തിരി നേരം ഈ ബാൽക്കണിയിലിരുന്നു മഞ്ഞു നുകരണം. ദാ, വരണു ട്ടാ”
വർഷ, പതിയേ പിന്തിരിഞ്ഞു അകത്തേക്കു നടന്നു. ഉടലിനെപ്പൊതിഞ്ഞ ചൂടു വേറിട്ടു. പഴശ്ശികുടീരത്തിനും, ജില്ലാ ആശുപത്രിയ്ക്കും മുന്നിലുള്ള താഴെയങ്ങാടി വഴി, മഞ്ഞച്ച വെട്ടം പുതച്ചു നീണ്ടുകിടന്നു. കബനി നദിയിലേക്കു ചെന്നെത്തുന്ന നിരത്ത്. കാലിക്കച്ചവടക്കാരുടെ ഇടമായ പാണ്ടിക്കടവിലേക്കുള്ള വഴി. രാത്രിയിൽ നഗരം ശാന്തമാകുമ്പോൾ, എവിടെ നിന്നൊ തുടിതാളം കേൾക്കുന്നു. വയനാടിന്റെ ഉടയോരുടെ ദ്രുതതാളങ്ങൾ; ആർപ്പും കലമ്പലുകളും. ഉയർന്നു പൊന്തുകയും അമർന്നു താഴുകയും ചെയ്യുന്നു.
ജയദീപ് നോക്കി നിൽക്കേ, കാലം ഇരുപത്തിയേഴാണ്ടു പുറകോട്ടു സഞ്ചരിച്ചു…
തൃശൂരെ പ്രമുഖ സ്വർണ്ണാഭരണ നിർമ്മാതാവ് എന്ന സ്ഥിതിയിൽ നിന്നും മാറി, വയനാട്ടിലെ ജ്വല്ലറിക്കു വേണ്ടി പൊന്നുപണിയെടുക്കുന്ന വെറും ആഭരണ നിർമ്മാണത്തൊഴിലാളിയായി മാറി. പതിനേഴു വയസ്സു മാത്രം പ്രായമുള്ള യുവാവ്.
താഴെയങ്ങാടി വഴിയിൽ, നിരയിട്ട വ്യാപാരശാലകളുടെ ഇടയിലൂടെ കുത്തനെ ഒരു മരഗോവണി മുകളിലേക്കു നീളുന്നു. ‘സ്ഫടികം’ സിനിമയിലെ മോഹൻലാലിന്റെ ചീട്ടുകളി സങ്കേതത്തിലേക്കുള്ള ഗോവണിപ്പടികൾ കണക്കേ അവ ഉയരത്തിലേക്കു നീണ്ടു. പിടിച്ചു കയറാനായി ഒരു ചണക്കയർ തൂങ്ങിക്കിടന്നു. കാലം, കയറിനെ മിനുക്കിയിരുന്നു. ഗോവണി കയറിച്ചെല്ലുന്നിടത്താണ്, ആഭരണ നിർമ്മാണത്തിനായി പാർത്ത വീട് നിലകൊണ്ടത്.
എന്നും പുലരിയിലുണർന്ന്, മുകൾ നിലയിൽ നിന്നും താഴേക്കു നോക്കി നിൽക്കും. മഞ്ഞുവീണു കുതിർന്ന വഴിയാകെ ഇരുണ്ടു കിടക്കുന്നുണ്ടാകും. വയനാടിന്റെ ഉടയോരും, സൈക്കിളിൽ ചായ വിൽക്കുന്നവരും ഇടയ്ക്കിടെ മഞ്ഞുകവചം ഭേദിച്ച് തലങ്ങും വിലങ്ങും സഞ്ചരിക്കുന്നുണ്ടാകും.
ഒരു ജൂൺ പുലരി…
പതിവു നിൽപ്പു തുടരുമ്പോളാണ്, ഒരു പെൺകൊടി മഞ്ഞിലൂടെ നടന്നു വരുന്നതു കണ്ടത്. തലയിൽ ചൂടിയ പനിനീർപ്പൂവാണ് ആദ്യം തെളിഞ്ഞത്. ഇരുവശത്തേക്കും മെടഞ്ഞു, റിബൺ കെട്ടിയ മുടിയും, കരിനീല മുഴുപ്പാവാടയും, വെള്ള ഫുൾ ജാക്കറ്റുമിട്ടൊരു കൗമാരക്കാരി. മൺനിറമുള്ള ഉടൽ; ഇരുണ്ട ചുണ്ടുകൾ, വിടർമിഴികൾ. അവൾ മഞ്ഞിലൂടെ നഗരത്തിലേക്കു നടന്നു മറഞ്ഞു.
പിന്നെയുള്ള ദിവസങ്ങളിൽ, ഗോവണിപ്പടിയിറങ്ങി താഴെ വന്നുനിന്നു. ഹൈസ്കൂൾ വിദ്യാർത്ഥിനിയുടെ വേഷം ധരിച്ച്, അവൾ എന്നും മുന്നിലൂടെ കടന്നുപോയി. ഗോവണിയറ്റത്തേ സന്ദർശകനെ അവളും പ്രതീക്ഷിക്കാൻ തുടങ്ങിയിരുന്നു. പഴശ്ശിരാജാ മെമ്മോറിയൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി, അങ്ങനെ പ്രണയിനിയാവുകയായിരുന്നു.
വരയില്ലാത്ത കടലാസിൽ, അവൾ നിര തെറ്റിച്ച് എഴുതിയ വാക്കുകൾ ഹൃദയത്തെ വല്ലാതെ ത്രസിപ്പിച്ചിരുന്നു. അധികം കാലം സൗഹൃദം നിലനിന്നില്ല. ഓട്ടോത്തൊഴിലാളിയായ അവളുടെ പിതാവ്, ഒരപകടത്തിൽ മരിക്കുകയും, അതിനെത്തുടർന്ന് അവളും അമ്മയും മാനന്തവാടി വിട്ടു മറ്റൊരു ഇടത്തു താമസമാക്കുകയും ചെയ്തു.
മാധ്യമങ്ങളില്ലാക്കാലത്തു ഒരു പ്രണയം പൊടുന്നനെ ചരിത്രമാവുകയായിരുന്നു.
എന്നോ, ഗോവണിത്താഴെയുടെ ഏകാന്തതയിൽ പങ്കിട്ട ചുംബനത്തിന്റെ വേവുചൂട് കുറേക്കാലം കൂടി ഹൃദയത്തെ പൊള്ളിച്ചു.
കാലവും കഥയും മാറി…
കാൽ നൂറ്റാണ്ടിനപ്പുറം, അതിസമ്പന്നനായ ജയദീപ്, കുടുംബസമേതം വയനാടു വന്നിരിക്കുകയാണ്. സ്വന്തം, വിവാഹവാർഷികം ആഘോഷിക്കാനായി.
വർഷ, വീണ്ടും അയാൾക്കരികിലെത്തി. രാത്രിയുടുപ്പിൽ അവൾ കൂടുതൽ ചേതോഹാരിയായിരിക്കുന്നു. ഉടലിൽ നിന്നും ഏതോ സുഗന്ധദ്രവ്യം പ്രസരിക്കുന്നു. അവരിവരും മഞ്ഞും നുകർന്ന് ഏറെ നേരം അവിടെ ചിലവഴിച്ചു. പിന്നെ, കിടപ്പറയിലേക്കു നടന്നു.
ഇരുട്ടിൽ, കുട്ടികളുടെ ഉച്ഛാസതാളങ്ങൾ ക്രമത്തിൽ കേൾക്കാമായിരുന്നു. സ്വന്തം ശയ്യയിൽ, അവരുടെ ഉടലുകളൊന്നു ചേർന്നു. വിരികളുലഞ്ഞു, നിശ്വാസങ്ങൾക്കു തീ പിടിച്ചു. വേറിടുമ്പോൾ, അവളയാളുടെ കാതിൽ മൊഴിഞ്ഞു;
“ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി, ഡിയർ”
രാവു പുലർന്നു. ജയദീപാണ് ആദ്യമുണർന്നത്. പതിയെ എഴുന്നേറ്റ് അയാൾ ബാൽക്കണിയിലേക്കു നടന്നു. താഴേക്കു നോക്കി നിൽക്കേ, മഞ്ഞിനെ കീറിമുറിച്ച് ഒരു പെൺകൊടി നടന്നുപോകുന്നതു കണ്ടു. ഇരുവശത്തും മുടി മെടഞ്ഞു കെട്ടി, പനിനീർപ്പൂവും ചൂടി, മുഴുപ്പാവാടയും ഫുൾ ജാക്കറ്റുമിട്ടൊരു പെൺകുട്ടി. അവൾ, താഴെ നിരത്തിലൂടെ അലസം നടന്നു നീങ്ങുന്നു. അവളെയും കാത്ത്, ഏതോ വ്യാപാരസ്ഥാപനത്തിന്റെ അടഞ്ഞ ഷട്ടറിനു മുന്നിലായി ഒരു കൗമാരക്കാരൻ നിൽപ്പുണ്ടായിരുന്നു. അവർ പരസ്പരം പുഞ്ചിരിച്ചു. പതിയേ ഒന്നിച്ചു നടന്നുമറഞ്ഞു. കാലത്തിന്റെ തനിയാവർത്തനം പോലെ. പുലർമഞ്ഞു പെയ്തുകൊണ്ടേയിരുന്നു…