തിരികെ വീട്ടിലേക്ക് പോകുമെന്നാണ് ഞാൻ കരുതിയത്.പക്ഷെ മിസ്സിങ് ആകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല…

രണ്ട് നക്ഷത്രങ്ങൾ…

എഴുത്ത്: ഭാവനാ ബാബു

==================

രാവിലെ ഉറക്കം വിട്ടുണരുമ്പോൾ മോഹന് നല്ല പനിയും മേല് വേദനയും ഉണ്ടായിരുന്നു … ക്ഷീണം കാരണം കണ്ണ് തുറക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി അയാൾ …. ചൂട് കട്ടനിട്ട് കുടിച്ചാൽ ചെറിയൊരു ആശ്വാസം കിട്ടിയാലോ എന്നോർത്ത് മോഹൻ അടുക്കളയിൽ ചെന്നൊരു കട്ടൻ ചായയിട്ട് കുടിച്ചു നോക്കി…. ചെറുതായൊന്നു വിയർത്തെങ്കിലും, ജനൽപ്പാളികളിലൂടെ അരിച്ചിറങ്ങുന്ന കുളിർക്കാറ്റ് പോലും തന്നെ തണുപ്പിക്കുന്നതായി അയാൾക്ക് തോന്നി …. എന്തായാലും ഇന്ന് പണിക്ക് പോകാൻ പറ്റില്ല. കുറച്ചു നേരം കൂടി കിടക്കാം എന്നോർത്തു അയാൾ കട്ടിലിലേക്ക് വീണ്ടും ചുരുണ്ടു കൂടി.

കുറച്ചു കഴിഞ്ഞ് കതകിലെ നിർത്താതെയുള്ള മുട്ട് കേട്ടാണ് മോഹൻ ചാടിപ്പിടഞ്ഞെ ഴുന്നേറ്റത്. സ്ഥാനം തെറ്റിയ കൈലി മുണ്ട് നേരെയാക്കി സാക്ഷ തിരിച്ചു കതക് തുറന്നതും, തൊട്ടടുത്ത വീട്ടിലെ സുമേച്ചി “മോനേ ” ന്നും വിളിച്ച് ഹാളിനുള്ളിലേക്ക് പാഞ്ഞടുത്തു .അവരുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു…..

“എന്താ ചേച്ചി കാര്യം…. എന്തു പറ്റി?” പരിഭ്രമത്തോടെ മോഹൻ ചോദിച്ചു….

“മോനേ നമ്മുടെ നന്ദൂട്ടിയെ കാണുന്നില്ലെടാ. “

“അയ്യോ ചേച്ചി നന്ദു എങ്ങോട്ട് പോയി? എപ്പോഴാ അവളെ കാണാതായത് “?
വിറയാർന്ന ശബ്ദത്തിൽ മോഹൻ ചോദിച്ചു.

“ഏകദേശം മുക്കാൽ മണിക്കൂർ ആയിക്കാണും അവളെ കാണാതായിട്ട്.ശോഭ രാവിലെ ജോലിയൊക്കെ ഒതുക്കി വച്ചു നന്ദുവിനെ അവളുടെ അമ്മായിയമ്മയെ ഏൽപ്പിച്ചു കമ്പനിയിലേക്ക് പോയി.അവർക്കാണേൽ ഈയിടെ ചെറിയ ഓർമ്മക്കുറവുണ്ടെന്ന് ശോഭ പറഞ്ഞിരുന്നു. നന്ദുവിന് ചോറും കൊടുത്ത് ഉച്ചയ്ക്ക് ഉറങ്ങാൻ കിടന്നപ്പോൾ മുൻപിലത്തെ കതകടയ്ക്കാൻ മറന്നു. അവളതുവഴി പുറത്തേക്കിറങ്ങി എങ്ങോട്ടോ പോയിട്ടുണ്ടാകും. പത്തു പതിനാറ് വയസ്സുള്ള ബുദ്ധി സ്ഥിരത ഇല്ലാത്ത കൊച്ചല്ലേ എങ്ങോട്ട് പോയതാവോ എന്തോ…. എന്തായാലും മോനൊന്ന് ചെന്ന് നോക്ക് “.

“ശോഭ ഇതറിഞ്ഞോ സുമേച്ചി?”.

“ഞാനിങ്ങോട്ട് വരുമ്പോ ശോഭക്കൊച്ചൊരു ഒറ്റട്ടോയിൽ വന്നിറങ്ങുന്നത് കണ്ടു.ഇതറിഞ്ഞാധി കേറി അതൊരു വഴിയായിട്ടുണ്ട് “

ഈ ലോകത്ത് ശോഭക്ക് സ്വന്തമെന്നു പറയാൻ നന്ദൂട്ടി മാത്രമേ ഉള്ളു…ബുദ്ധി വൈകല്യമുള്ളൊരു കുഞ്ഞു ജനിച്ചതോടെ ശോഭയുടെ ഭർത്താവ് സുകുവിന് ശോഭയോടും, നന്ദുവിനോടും വെറുപ്പായി. നന്ദുവിന് രണ്ട് വയസ്സുള്ളപ്പോഴാണ് അയാൾ അവരെ ഉപേക്ഷിച്ചു എങ്ങോട്ടോ പോയത്…. അതോടെ ആരെയും ആശ്രയിക്കാതെ ശോഭ നന്ദുവിനെ വളർത്താൻ തുടങ്ങി …. ബുദ്ധി വൈകല്യമുണ്ടെങ്കിലും സുന്ദരിയായിരുന്നു നന്ദു….. മൂന്നാം വയസ്സിൽ അവളുടെ പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞാണ് ശോഭ നന്ദുവിനെ ശാസ്ത്രീയ സംഗീതം അഭ്യസിപ്പിക്കാൻ തീരുമാനിച്ചത്.പല ഗുരുക്കന്മാരും നന്ദുവിനെ കൈയൊഴിഞ്ഞെങ്കിലും ശോഭ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു…. ഒടുവിൽ തന്റെ വൈകല്യത്തെ തോൽപ്പിച്ചു നന്ദു നല്ലൊരു ഗായികയായി.. ഇന്ന് നാട്ടിലെ ഏത് പരിപാടിക്കും നന്ദുവിന്റെ പാട്ട് കച്ചേരി നിർ ബന്ധമാണ്…. അങ്ങനെയാണ് നന്ദു നാട്ടുകാരുടെ പൊന്നോമനയായത്.

“നന്ദു എങ്ങോട്ടായിരിക്കും പോയിട്ടുണ്ടാകുക”? ഒരെത്തും പിടിയും കിട്ടാതെ മോഹൻ ആസ്വസ്ഥനാകാൻ തുടങ്ങി.

“എടാ നീ ഓരോന്ന് ഓർത്തുനിന്ന് സമയം കളയാതെ വേഗം കൊച്ചിനെ കണ്ടു പിടിക്കാൻ നോക്ക് “.

സുമേച്ചി മോഹനോട് ഉച്ചത്തിൽ പറഞ്ഞു.

അത് കേട്ടതും, ഷർട്ടുമിട്ട് കതക് വലിച്ചടച്ചു ഓട്ടോ എടുക്കാൻ തുടങ്ങിയപ്പോഴാണ് സുമേച്ചി പെട്ടെന്നൊരു കാര്യം പറഞ്ഞത്…….

“മോനേ എനിക്കൊരു സംശയം “

“എന്താ ചേച്ചി കാര്യമെന്താന്ന് വച്ചാൽ വേഗം പറയ് …..”അക്ഷമയോടെ മോഹൻ പറഞ്ഞു.

“അന്നത്തെ പോലെ അവൻ തന്നെയായിരിക്കുമോ നമ്മുടെ കൊച്ചിനെ….”

പാതിയിൽ മുറിഞ്ഞു പോയ സുമേച്ചിയുടെ വാക്കുകൾ കേട്ട് മോഹൻ ഞെട്ടി…..

അയാളുടെ മനസ്സിൽ ആറ് മാസം മുന്നേയുള്ള രാത്രിയിലെ സംഭവം തെളിഞ്ഞു വന്നു ….

അന്ന് താൻ ജംഗ്ഷനിൽ ആളെയും ഇറക്കി വീട്ടിലേക്ക് തിരിച്ചു വരികയായിരുന്നു….. ഏകദേശം നൂറ്റമ്പത് മീറ്റർ ഇപ്പുറമാണ് നന്ദുട്ടി തന്റെ ഓട്ടോയ്ക്ക് മുന്നിൽ വട്ടം ചാടുന്നത്. പെട്ടെന്ന് ബ്രെക്കിട്ടത് കൊണ്ടു അവൾക്കൊന്നും പറ്റിയില്ല….. താൻ വേഗം ഓട്ടോയിൽ നിന്നും ചാടിയിറങ്ങി…. എന്നെ കണ്ടതും “മാമാ എന്നവ്യക്തമായി വിളിച്ചു കൊണ്ടു അവൾ തന്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന് നിന്നു. അവളെന്തോ കണ്ട് പേടിച്ചുവെന്ന് തനിക്ക് വ്യക്തമായിരുന്നു.

“എന്ത് പറ്റി മോളെ….. എന്താ കാര്യം “? അവളെ തന്നിൽ നിന്നും അടർത്തി മാറ്റി കൊണ്ടു മോഹൻ ചോദിച്ചു….

അവളൊന്നും മിണ്ടാതെ ഇരുട്ടിലേക്ക് തിരിഞ്ഞു നോക്കി.

അപ്പോഴാണ് മോഹൻ കുറച്ചകലെയായി നിൽക്കുന്ന ഒന്ന് രണ്ട് നിഴൽ രൂപങ്ങളെ ശ്രദ്ധിക്കുന്നത്…. ഇരുട്ടിലേക്ക് ഒതുങ്ങിനിന്ന ഒരുത്തന്റെ മുഖം മോഹൻ വ്യക്തമായി കണ്ടു … ആനന്ദ്…. തന്നെ പഠിപ്പിച്ച വേണു മാഷിന്റെ മകൻ.

“ആനന്ദേട്ടൻ മോളെ എന്താ ചെയ്തത് “? മോഹൻ വാത്സല്യത്തോടെ നന്ദുവിനോട് ചോദിച്ചു.

ഒന്നും പറയാതെ വലിഞ്ഞു മുറുകിയ മുഖവുമായി നന്ദു ഒന്നു കൂടി മോഹന്റെ നെഞ്ചോട് ചേർന്നു നിന്നു…. അവളുടെ ഹൃദയം വല്ലാതെ മിടിക്കുന്നതായി മോഹന് അനുഭവപ്പെട്ടു.

കുറച്ചു കഴിഞ്ഞതും, ശോഭയും, അവളുടെ അമ്മായിയമ്മയും കുറച്ചു നാട്ടുകാരും തന്നെയും, നന്ദുവിനെയും ആ അവസ്ഥയിൽ കാണാനിടയായി….

അപ്പോഴാണ് നന്ദുവിനെ കുറച്ചു നേരമായി കാണാനില്ലെന്ന സത്യം വേദനയോടെ മോഹൻ മനസ്സിലാക്കുന്നത്.

“എടാ, നീയാള് കൊള്ളാമല്ലോ…. അപ്പൊ നിന്റെ കൈയിലായിരുന്നു നന്ദൂട്ടി അല്ലെ “?

കൂട്ടത്തിലോരൽപ്പം വഷളനായിരുന്ന പഞ്ചായത്ത് മെമ്പർ സുകേഷ് ചോദിച്ചു.

ശോഭയെ കണ്ടതും, നന്ദു മോഹനെ വിട്ട് അവൾക്കരികിലെത്തി.

ശോഭ അവളെ വാരിപ്പിടിച്ച് തുരു തുരാ ഉമ്മവച്ചു. എന്തെന്നറിയാതെ നന്ദുവിന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഈ സമയം കൂടെ നിന്ന ചിലർ നന്ദുവിന്റെ തിരോധനത്തിന് പിന്നിൽ മോഹനാണെന്ന് അപവാദം പറയാൻ തുടങ്ങി.

ഇത് കേട്ടതും മോഹന് സങ്കടമായി…. അവന്റെ നോട്ടം മുഴുവൻ ശോഭയിലായിരുന്നു.

നാട്ടുകാരിൽ പലർക്കും അറിയില്ലെങ്കിലും, ശോഭയുടെ അച്ഛന് മറ്റൊരു സ്ത്രീയിൽ ജനിച്ച മകനാണ് താനെന്ന സത്യം അവൾക്ക് അറിയാമായിരുന്നു. ഒരേ രക്തത്തിൽ പിറന്നതാണെങ്കിലും, പരസ്പരം പരിചയം കാണിക്കാത്ത രണ്ടു പേർ.

“എല്ലാരും മാറി നിൽക്ക്….മോഹൻ നിര പരാധിയാണ്…. അവനൊന്നും ചെയ്തിട്ടില്ല ” അക്രോശത്തോടെ തൊട്ടടുത്ത വീട്ടിലെ സുമേച്ചി ആൾക്കൂട്ടത്തിന്റെ നടുവിൽ കയറി പറഞ്ഞു.

“പിന്നെ നന്ദു എവിടെയായിരുന്നു? അവളുടെ ചുരിദാർ ചെറുതായി കീറിപ്പറഞ്ഞു പോയിട്ടുണ്ടല്ലോ.? നീ ഇവനെ രക്ഷിക്കാനുള്ള ഭാവമാണോ “?

അസോസിയേഷൻ പ്രസിഡന്റ്‌ കരുണൻ സർ സുമയോട് ചോദിച്ചു.

“ഈ കൊച്ച് ഇവിടെയെങ്ങനെയെത്തിയെന്നോ, അരമണിക്കൂറായി ഇതെവിടെ ആയിരുന്നെന്നോ എനിക്കറിയില്ല. ഞാൻ കടയിൽ പോയി തിരിച്ചു വരുമ്പോഴാണ്, പേടിച്ചരണ്ട നന്ദൂട്ടി മോഹന്റെ ഓട്ടോയ്ക്ക് മുന്നിൽ ചാടുന്നത് “.

സുമയുടെ സംസാരത്തിൽ എന്തോ പന്തികേട് ഉണ്ടെന്ന് നാട്ടുകാർക്ക് മനസ്സിലായില്ലെങ്കിലും മോഹനത് ശ്രദ്ധിച്ചിരുന്നു.

“എനിക്കാരോടുമൊരു പരാതിയുമില്ല, പരിഭവവുമില്ല.. എന്റെ മോളെ യാതൊരു കുഴപ്പവുമില്ലാതെ തിരിച്ചു കിട്ടിയല്ലോ. എനിക്കത് മതി “

ആശ്വാസത്തോടെ കൈകൂപ്പി കൊണ്ടു ശോഭ നന്ദൂട്ടിയെയും കൊണ്ടു വീട്ടിലേക്ക് നടന്നു.

ഇതോടെ ആളുകളെല്ലാം പരസ്പരം എന്തൊക്കെയോ പറഞ്ഞുകൊണ്ട് വഴി പിരിഞ്ഞു.

മോഹൻ വിഷാദം നിറഞ്ഞ മുഖത്തോടെ ഓട്ടോയിലിരുന്നു…. തൊട്ടരികിലായി സുമയും നിൽപ്പുണ്ടായിരുന്നു.

“ചേച്ചിയും ആനന്ദിനെ കണ്ടുവല്ലേ “.?

ആ ചോദ്യം കേട്ട് ആദ്യമൊന്ന് നടുങ്ങിയെങ്കിലും ശരിയെന്ന മട്ടിൽ സുമ തലയാട്ടി.

“എന്ത് ചെയ്യാനാ… മരിച്ചു പോയ നമ്മുടെ വേണു മാഷിന്റെ മോനായി പോയില്ലേ…. നല്ല അധ്യാപകനുള്ള അവാർഡ് വാങ്ങിയ മനുഷ്യനായിരുന്നു…. ആകെയുള്ള മകനാണെ ങ്കിലോ കള്ളും കുടിച്ച് കഞ്ചാവുമടിച്ച് തേരാ പാരാ ആ മനുഷ്യന്റെ പേര് കളയാനായിട്ട് ജീവിക്കുന്നു. “

ദുഖത്തോടെ മോഹൻ പറഞ്ഞു.

“വല്ലാത്ത വിധി തന്നെ ” താടിയിൽ കൈ കൊടുത്ത് കൊണ്ടു സുമ പറഞ്ഞു.

“പന്നീടെ നെഞ്ചും കൂട് ചവിട്ടി കലക്കുകയാണ് വേണ്ടത്…. പക്ഷെ ടീച്ചർ ഹാർട്ട്‌ സർജറി കഴിഞ്ഞ് ഇന്നലെ വീട്ടിലെത്തിയതേ ഉള്ളു. അതോർത്ത് മാത്രമാണ് ഞാനവനെ വെറുതെ വിടുന്നത് “.

പല്ലിറുമ്മി കൊണ്ടു മോഹൻ പറഞ്ഞു.

“അതാണ് മക്കളെ…. അവരൊരു പാവം പിടിച്ച സ്ത്രീയാണ് …..എന്നാലും നീ അവനെയൊന്നോങ്ങി വച്ചേക്കണം “

സുമ ഒരു മുന്നറിയിപ്പ് പോലെ മോഹനോട് പറഞ്ഞു…..

“എടാ, നീ പകൽക്കിനാവ് കണ്ട് നിൽക്കുകയാണോ?… നമുക്ക് നന്ദൂട്ടിയെ കണ്ട് പിടിക്കണ്ടേ “?

“ചേച്ചി, ഞാനന്ന് നന്ദൂട്ടിയെ കാണാതായ സംഭവം ഓർത്തു നിന്നതാ “.

മോഹൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു കൊണ്ടു പറഞ്ഞു.

അപ്പോഴാണ് അംഗൻ വാടിയിലെ സൈറ ടീച്ചർ “നന്ദുവിനെ കിട്ടിയോ” എന്ന് ചോദിച്ചു കൊണ്ടു ഞങ്ങളുടെ അടുത്തേക്ക് വന്നത്.

“ഇല്ല ചേച്ചി…. ഒരറിവുമില്ല…. ഉച്ചക്ക് രണ്ട് മണിക്ക് കാണാതായ കൊച്ചാണ്…. ഇപ്പോൾ നേരം മൂന്നര കഴിഞ്ഞു.

സങ്കടം ഉള്ളിലടക്കി മോഹൻ പറഞ്ഞു.

“നട്ടുച്ചക്കൊരു ഷാളും കടിച്ചു പിടിച്ചു അവൾ നമ്മുടെ ആനന്ദിന്റെ വീട്ടിലേക്ക് പോണത് ഞാൻ കണ്ടതാ…..”

അത് കേട്ടതും മോഹനും, സുമയും നടുങ്ങി.

“ചേച്ചി ശരിക്കും കണ്ടിരുന്നോ അവളെ ” പരിഭ്രമത്തോടെ മോഹൻ ചോദിച്ചു.

“അതെന്തോന്ന് ചോദ്യമാ മോഹനാ…. മാഷിന്റെ വീടിനടുത്തല്ലേ നമ്മുടെ അംഗൻ വാടി “.

പറഞ്ഞു തീർന്നതും,ഇരച്ചു കയറിയ ദേഷ്യവുമായി മോഹൻ ഓട്ടോയെടുത്ത് ആനന്ദിന്റെ വീട്ടിലെത്തി. ഒറ്റ കുത്തിപ്പിന് ഗേറ്റ് ചവുട്ടി തുറന്ന് മോഹൻ ഉള്ളിലേക്ക് കടന്നു… അവിടെയെങ്ങും അവനെ കണ്ടില്ല . പെട്ടെന്നാണ് ലാപ്പ് ടോപ്പിന്റെ മുന്നിലിരുന്ന് ആരെയോ വീഡിയോ കോൾ ചെയ്യുന്ന അനന്ദിനെ മോഹൻ കണ്ടത്.

മാസങ്ങൾക്ക് മുൻപ് മനസ്സിലടക്കി വച്ച അരിശമെല്ലാം മോഹന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് ചാടി.നന്ദുവിന്റെ കരഞ്ഞു കലങ്ങിയ മുഖം ഓർത്തതും, മോഹന്റെ സമനില തെറ്റി.അട്ടഹസിച്ചു കൊണ്ടവൻ ആനന്ദിന്റെ കസേരയിലേക്കൊറ്റ ചവിട്ട് കൊടുത്തു .പ്രതീക്ഷിക്കാതെ കിട്ടിയ പ്രാഹരത്തിൽ ആനന്ദ് കസേരയിൽ നിന്ന് തറയിലേക്ക് മലർന്ന് വീണതും, അവന്റെ ബനിയന് കുത്തി പിടിച്ചു മോഹൻ അവനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു….. എന്നിട്ടും കലി അടങ്ങാതെ അവന്റെ ഇരു കരണത്തും മോഹൻ മാറിമാറി അടിക്കാൻ തുടങ്ങി.

“മോനേ മോഹനാ, നിർത്തെടാ, നിർത്ത് എന്നെയും, മാഷെയും ഓർത്തു അവനെ ഒന്നും ചെയ്യല്ലേടാ “

കരച്ചിൽ കേട്ട് തല ഉയർത്തി നോക്കിയ മോഹൻ കണ്ടത്, തന്റെ കാലിൻ ചുവട്ടിൽ യാചനയോടെ ഇരിക്കുന്ന ഗിരിജ ടീച്ചറെയായിരുന്നു.

ടീച്ചറിന്റെ ദൈന്യത നിറഞ്ഞ മുഖം കണ്ടതും, മോഹൻ ആനന്ദിന്റെ പിടി വിട്ടു….

കിതപ്പോടെ ആനന്ദ് കട്ടിലിലേക്ക് ചാഞ്ഞിരുന്നു….. അവനു നന്നായി ദേഹം വേദനിച്ചുവെന്ന് മോഹന് മനസ്സിലായി.എങ്കിലും തന്റെ ചെയ്തിയിൽ അയാൾക്കൊട്ടും കുറ്റബോധം തോന്നിയില്ല.

“മോഹൻ, എനിക്കറിയാം അന്ന് നന്ദുവിനെ ഉപദ്രവിക്കാൻ ശ്രമിച്ചത് ആനന്ദാണെന്ന് …. നാളുകൾക്ക് ശേഷം ഇവൻ തന്നെ അതൊരു കുറ്റ സമ്മതം പോലെ എന്നോടേറ്റു പറഞ്ഞിരുന്നു……അന്ന്, ജീവിതത്തിലാദ്യമായി ഞാനിവനെ പൊതിരെ തല്ലി. എന്റെ ശിക്ഷണം കൊണ്ടോ, ഇവന്റെ നല്ല സമയം കൊണ്ടോ, അതിനു ശേഷം ലഹരി ഉപേക്ഷിച്ച് ഇവൻ നല്ലൊരു മനുഷ്യനായി. ഇപ്പോളിവൻ ജോലി ചെയ്തു മര്യാദക്ക് ജീവിക്കുകയാണ് “.

ഗിരിജ ടീച്ചർ പറഞ്ഞത് കേട്ട് അവിശ്വസനീയതയോടെ മോഹൻ ആനന്ദിനെ നോക്കി.

“ചേട്ടാ, എന്നെ വിശ്വസിക്ക്, അമ്മ പറഞ്ഞതെല്ലാം സത്യമാണ്…. അന്ന് നന്ദൂട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കൂട്ടത്തിൽ ഞാനില്ലെങ്കിലും, ഉന്മാദാവസ്ഥയിൽ അന്ധനായ എന്റെ നിർദേശമനുസരിച്ചാണ് അവരങ്ങനെയൊരു തെറ്റ് ചെയ്യാൻ ശ്രമിച്ചത്.നന്ദൂട്ടിയോട് എനിക്കും വാത്സല്യമാണ് മോഹനേട്ടാ, പക്ഷെ അന്ന് കഞ്ചാവ് തലക്ക് പിടിച്ചു എന്തൊക്കെയോ…. പറ്റി പോയി ചേട്ടാ…. ബോധം വന്നപ്പോഴാണ് എന്റെ തെറ്റിന്റെ ആഴമെനിക്ക് മനസ്സിലായത്.പിന്നെ പ്രായശ്ചിത്തത്തിന്റെ വഴികളിലൂടെയായിരുന്നു എന്റെ യാത്ര മുഴുവനും “.

“അപ്പോൾ പിന്നെ നന്ദു എങ്ങോട്ട് പോയി “?

ഉത്തരം കിട്ടാത്ത ചോദ്യത്തോടെ മോഹൻ, ടീച്ചറെയും, ആനന്ദിനെയും മാറി മാറി നോക്കി.

“ഉച്ചക്ക് അവൾ ഇവിടെ വന്നിരുന്നു എന്നത് സത്യമാണ്. പാതി മയക്കത്തിലായത് കൊണ്ടു ഞാനവളെ അത്രക്ക് ശ്രദ്ധിച്ചില്ല മോഹനാ “.

ഗിരിജ ടീച്ചർ മുഖം താഴ്ത്തിക്കൊണ്ട് പറഞ്ഞു.

“ഞാനപ്പോൾ ചോറുണ്ണുകയായിരുന്നു മോഹനേട്ടാ, അവൾ അവിടെയും ഇവിടെയുമൊക്കെ കറങ്ങി, എന്റെ പ്ളേറ്റിൽ നിന്നൊരു പപ്പടവും എടുത്തു കൊണ്ട് തുള്ളിച്ചാടി ഇവിടുന്ന് പോയി. അവളിങ്ങനെ ഇടക്കിടക്ക് വരുന്നത് കൊണ്ടു, തിരികെ വീട്ടിലേക്ക് പോകുമെന്നാണ് ഞാൻ കരുതിയത്.പക്ഷെ മിസ്സിങ് ആകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല”.

ആനന്ദ് പറയുന്നത് സത്യമാണെന്ന് മോഹന് തോന്നി.

പിന്നെ നന്ദു എങ്ങനെ അപ്രത്യക്ഷയായി. കാടു കയറിയ ചിന്തകൾ മോഹനെ ഭ്രാന്ത് പിടിപ്പിക്കുവാൻ തുടങ്ങി….

“മോഹനേട്ടാ…. പെട്ടെന്നെന്തോ ഓർത്തത് പോലെയായിരുന്നു ആനന്ദിന്റെയാ വിളി.

“എന്താ ആനന്ദ്, ആകാംക്ഷയോടെ മോഹൻ അവനോട് ചോദിച്ചു.

“നന്ദു വരുന്നതിന് ഒരഞ്ചു മിനിറ്റ് മുൻപേ ബലൂണും, കളിപ്പാട്ടവുമൊക്കെ വിൽക്കുന്നൊരു ബംഗാളി ഈ പരിസരത്ത് കിടന്നു കറങ്ങുന്നുണ്ടായിരുന്നു.ഇനി അയാളായിരിക്കുമോ നമ്മുടെ നന്ദുവിനെ കടത്തി കൊണ്ട് പോയത് “?

അത് കേട്ടതും, മോഹൻ ഞെട്ടിത്തരിച്ചു..

“നീ അവനെ ഇതിന് മുൻപ് എവിടെയെങ്കിലും വച്ച് കണ്ടിട്ടുണ്ടോ “?

ആനന്ദിന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കികൊണ്ട് മോഹൻ ചോദിച്ചു.

“ഉവ്വ്….മോഹനേട്ടാ….അമ്പലത്തിലെ ഉത്സവ ത്തിന് കച്ചവടക്കാരുടെ കൂട്ടത്തിൽ അവനും ഉണ്ടായിരുന്നു…. അവന്റെ മുഖത്തൊരു വേട്ടേറ്റതു പോലുള്ളൊരു നീണ്ട പാടുണ്ട്. അതാണാ മുഖം എന്റെ മനസ്സിലിങ്ങനെ പതിഞ്ഞു പോയത്.ഒരുപക്ഷെ ഉത്സവത്തിന് നന്ദു പാടുന്നത് അവൻ കണ്ടിട്ടുണ്ടാകും…..”

ഉത്സവം കഴിഞ്ഞിട്ട് ഇന്നേക്ക് രണ്ടാം ദിവസം .. ചുറ്റിലുമുള്ള ഏതെങ്കിലും സി. സി. ടീവി ക്യാമറയിൽ അവന്റെ മുഖം പതിഞ്ഞിട്ടുണ്ടെങ്കിൽ അവനെ പൂട്ടാൻ എളുപ്പമാണ് . മോഹന്റെ ചിന്തകൾ ശര വേഗത്തിൽ പാഞ്ഞു.

മോഹൻ ഉടനെ ഉത്സവ കൺവീനർ രാജീവിനെ വിളിച്ചു…. ഒറ്റ ശ്വാസത്തിൽ എല്ലാ വിവരങ്ങളും അവനോട് പറഞ്ഞു.

“നീ പേടിക്കേണ്ടളിയാ, അവനെ നമുക്ക് പൊക്കാം . അമ്പലത്തിൽ കച്ചവടത്തിന് വരുന്ന എല്ലാവരുടെയും, ഫോട്ടോയും, ഫോൺ നമ്പറും നിർബന്ധമായി രെജിസ്റ്ററിലെഴുതി സൂക്ഷിക്കണമെന്ന് കഴിഞ്ഞ കമ്മറ്റിയിൽ അംഗങ്ങളെല്ലാം ചേർന്ന് പാസ്സാക്കിയിരുന്നു…. അത് കൊണ്ടു അവനേത്‌ പാതാളത്തിൽ പോയി ഒളിച്ചാലും, നമ്മുടെ നന്ദൂട്ടിയെ നമുക്ക് കൊണ്ടു വരാമെടാ”.

ആളിക്കത്തുന്ന മനസ്സിലേക്ക് പ്രതീക്ഷയുടെ ഒരു കിരണം പോലെയായിരുന്നു രാജീവിന്റെ വാക്കുകൾ.

വാട്ട്സ് ആപ്പിൽ തന്റെ ചങ്ക് കൂട്ടുകാരുടെ മെസ്സേജുകളോരോന്നായി മോഹനെ തേടി തുരുതുരാ വന്നു കൊണ്ടിരുന്നു. അവരാരും നന്ദൂട്ടിയെ കണ്ടിട്ടില്ല. അപ്പോൾ നന്ദുവിനെ തട്ടി കൊണ്ടു പോയത് അവൻ തന്നെയാണ്. മോഹന്റെ കണക്കു കൂട്ടലുകൾ ബംഗാളിയി ലേക്ക് മാത്രമായൊതുങ്ങി….

ആനന്ദ് പറഞ്ഞ അടയാളം വച്ച് അവന്റെ ഫോട്ടോ രാജീവ്‌ അയച്ചു തന്നു….

“ഇതാണോ നീ പറഞ്ഞ ബംഗാളി? “ഫോൺ ഉയർത്തി മോഹൻ ആനന്ദിനോട് ചോദിച്ചു.

“അതെ ഇവൻ തന്നെ “.ആവേശത്തോടെ ആനന്ദ് പറഞ്ഞു.

തൊട്ടു പിന്നാലെ, ഫോൺ നമ്പറും, രാജീവ്‌ അയച്ചു..കിഷൻ കുമാർ അതായിരുന്നു അവന്റെ പേര്.തെളിവുകളെല്ലാം ശേഖരിച്ചു കൊണ്ട് മോഹൻ പോലീസ് സ്റ്റേഷനിലേക്ക് പോകാനൊരുങ്ങിയപ്പോഴാണ് ….’ഞാനുമുണ്ട് ചേട്ടാ ‘എന്ന് പറഞ്ഞുകൊണ്ടു ആനന്ദും മോഹന്റെ പിന്നാലെ കൂടിയത്.

സ്റ്റേഷനിൽ ചെന്നപ്പോൾ ആരും മോഹന്റെ പരാതി ശ്രദ്ധിച്ചില്ല. കരഞ്ഞു കാലു പിടിച്ചു നോക്കിയിട്ടും എസ്. ഐ. വന്നില്ലെന്ന മുടന്തൻ ന്യായം പറഞ്ഞു പോലീസുകാർ മോഹൻ നിരാശയിലാഴ്ത്തി.സമയമിപ്പോൾ അഞ്ചു മണി കഴിഞ്ഞു…. കുറച്ചു കൂടി കഴിഞ്ഞാൽ നേരമിരുട്ടും. ദേഷ്യവും, സങ്കടവും ഉള്ളിലൊതുക്കി മോഹൻ സ്റ്റേഷന്റെ പുറത്തിറങ്ങി.

“ചേട്ടാ, പോലീസ് മൈൻഡ് ചെയ്യുന്നില്ലല്ലോ.? ആ കിഷൻ നന്ദൂനേം കൊണ്ടു നാട് വിട്ടാൽ പിന്നെ നമ്മളവളെ എവിടെപ്പോയി കണ്ടു പിടിക്കും?”

ആനന്ദിന്റെ ചോദ്യം മോഹന്റെ സമനില തെറ്റിക്കാൻ തുടങ്ങി.

“ഞാനൊരു കാര്യം ചെയ്യാം, എന്റെ ഫ്രണ്ടിന്റെ അച്ഛൻ, ഇവിടുത്തെ എം. എൽ. ഏ യുടെ അടുത്തയാളാണ്. നമുക്കൊന്ന് വിളിച്ചു നോക്കിയാലോ “.

“നേരം കളയാതെ ഒന്ന് വേഗം വിളിക്കെടാ”…. മോഹൻ വെപ്രാളത്തോടെ പറഞ്ഞു.

മുകളിൽ നിന്നും വിളി വന്നതോടെ കാര്യങ്ങളെല്ലാം ഞൊടിയിടയിലാണ് നടന്നത്… വയർലെസ്സിലൂടെ നന്ദുവിന്റെ മിസ്സിങ് സിറ്റി മുഴുവൻ പാസ്സ് ചെയ്തു.. മൊബൈൽ ലൊക്കേഷൻ നോക്കിയപ്പോൾ കിഷൻ റയിൽവേ സ്റ്റെഷനിൽ ആണെന്ന് പോലീസിന് അറിയാൻ കഴിഞ്ഞു.

ആനന്ദും, മോഹനും, അസ്ത്രം വിട്ടത് പോലെ റയിൽവേ സ്റ്റേഷനിലേക്ക് വിട്ടു…. പെട്ടെന്നാണ് മോഹന്റെ ചിന്ത വഴി മാറി, റെയിൽവേ സ്റ്റേഷൻ എന്നത് മെയിൻ ബസ് സ്റ്റോപ്പ് ആയി മാറിയത്.

“എന്താ ചേട്ടാ, ഓട്ടോ ഇങ്ങോട്ട് തിരിച്ചത് “?ആശങ്കയോടെ ആനന്ദ് ചോദിച്ചു.

“പോലീസ് നൽകിയ വിവരമനുസരിച്ച്, റെയിൽവേ സ്റ്റേഷൻ എത്തിയതും കിഷന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയി…. അതിന്റെ തൊട്ടടുത്താണല്ലോ ഈ മെയിൻ ബസ് സ്റ്റോപ്പുള്ളത്.നമുക്ക് ഇവിടെയൊന്നു കേറി നോക്കാം .”

മോഹന്റെ നിഗമനങ്ങൾ ശരിയാണെന്ന് ആനന്ദിനും തോന്നി.

ബസ് സ്റ്റോപ്പിന്റെ അരികും, മൂലയുമൊക്കെ പരിശോധിച്ചിട്ടും, നന്ദുവിനെയോ, കിഷനെയോ കണ്ടെത്താൻ മോഹന് കഴിഞ്ഞില്ല. കടുത്ത നിരാശയിലും അയാൾ പ്രതീക്ഷ കൈവെടിഞ്ഞില്ല…. പെട്ടെന്നാണ് ഒരു മൂലയ് ക്ക് ഒഴിഞ്ഞു കിടന്ന സിമന്റ് ബഞ്ചിലിരിക്കുന്ന ഒരാളെയും അയാളെ ചാരി ഇരിക്കുന്ന പെൺകുട്ടിയെയും മോഹൻ ശ്രദ്ധിച്ചത്. സൂക്ഷിച്ചു നോക്കിയപ്പോൾ അത് നന്ദു തന്നെ.

ആ കാഴ്ച മോഹന് വല്ലാത്തൊരാശ്വാസമായി. ഒടുവിൽ നന്ദുവിനെ കണ്ടെത്തിയിരിക്കുന്നു. ചെറിയൊരു മയക്കത്തിലാണ് നന്ദുവെന്ന് മോഹന് മനസ്സിലായി. അവൾ ബഹളം വച്ചപ്പോൾ കിഷൻ മയങ്ങാനായി അവൾക്കെന്തോ ജ്യൂസിൽ കലർത്തി കൊടുത്തിട്ടുണ്ടാകും …

എടുത്തു ചാടി എന്തെങ്കിലും ചെയ്‌താൽ അത് നന്ദുവിന്റെ ജീവൻ തന്നെ അപകടത്തിലാക്കുമെന്ന് മോഹൻ ഭയപ്പെട്ടു. അത്കൊണ്ട് തന്നെ ഒരൽപ്പം നീങ്ങി നിന്ന് അയാൾ പോലീസിനെ ഇൻഫോം ചെയ്തു….

ആനന്ദ് കിഷന്റെ ചലനങ്ങൾ വീക്ഷിച്ചു കൊണ്ടു തൊട്ടടുത്തായി നിലയുറപ്പിച്ചു.

പെട്ടെന്ന് നാലഞ്ചു മഫ്റ്റി പോലീസുകാർ അവിടേക്കെത്തി കിഷനെ അറസ്റ്റ് ചെയ്ത് നന്ദുവിനെ മോചിപ്പിച്ചു … കുഴഞ്ഞു വീഴാൻ തുടങ്ങിയ നന്ദുവിനെ മോഹൻ തന്റെ കൈകളിൽ കോരിയെടുത്തു കൊണ്ട് ജീപ്പിനുള്ളിൽ കേറി.

ബോധം നശിച്ച നന്ദുവിനെയും കൊണ്ടു പോലീസ് നേരെ പോയത് ഹോസ്പിറ്റലിലേക്കാ യിരുന്നു. ഒരു ഇൻജെക്ഷൻ കൊടുത്തതും മെല്ലെ കണ്ണുകൾ ചിമ്മി നന്ദു ഞെട്ടി എഴുന്നേറ്റു….

കരഞ്ഞു നിലവിളിക്കാൻ തുടങ്ങിയ അവൾ മോഹനെയും, അനന്ദിനെയും കണ്ടതോടെ ശാന്തയായി..റിപ്പോർട്ട്‌ എല്ലാം നോർമൽ ആണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അവളെ ഡിസ്ചാർജ് ചെയ്ത് ഞങ്ങൾ പോലീസ് സ്റ്റേഷനിലെത്തി.

അരമണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തപ്പോൾ കിഷൻ ഗത്യന്തരമില്ലാതെ കുറ്റമേറ്റു പറഞ്ഞു.

“മോഹൻ , കാര്യങ്ങളൊക്കെ നമ്മൾ വിചാരിച്ചതിലും അപ്പുറമാണ്…. നന്ദുവിനെ സേലത്ത് എത്തിച്ച് ഏതോ മാർവാഡിക്ക് വിൽക്കാനായിരുന്നു ആ നായിന്റെ മോന്റെ പ്ലാൻ…. അത് വരെ അവൾക്കൊരു പോറലും ഏൽക്കരുതെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് അവൻ നന്ദുവിനെ ഉപദ്രവിക്കാതിരുന്നത്….”

എസ്. ഐ പറഞ്ഞത് കേട്ട് മോഹന്റെ രക്തം തിളയ്ക്കാൻ തുടങ്ങി.ഈ ഭൂമിയിലവനെ ബാക്കി വച്ചേക്കാൻ പാടില്ലെന്ന് വരെ മോഹന് തോന്നി

“സർ, എനിക്കവനെ ഒറ്റക്കൊന്ന് കാണാൻ പറ്റുമോ “?

അത് ചോദിക്കുമ്പോൾ മോഹന്റെ കണ്ണുകളിലൊരു രൗദ്രഭാവം തെളിയുന്നുണ്ടായിരുന്നു.

“എന്താ മോഹൻ നിന്റെ ഉദ്ദേശ്യം,? “സംശയത്തോടെ നെറ്റി ചുളിച്ചു കൊണ്ട് എസ്. ഐ ചോദിച്ചു….

” സാറെ,ഈ നന്ദു, എന്റെ അനന്തിരവളാണ് …. എട്ടും പൊട്ടും തിരിയാത്ത അവളെ വിൽക്കാനൊരുങ്ങിയ ആ പന്ന മോനിട്ട് ഒരെണ്ണം കൊടുത്തില്ലെങ്കിൽ ഞാൻ പിന്നെ ജീവിച്ചിരുന്നിട്ടെന്തു പ്രയോജനം? ഒരഞ്ചു മിനിറ്റത്തേക്കൊന്ന് പ്ലീസ് “

മോഹൻ എസ്. ഐ യുടെ മുന്നിലിരുന്ന് കെഞ്ചി.

തനിക്കും ഈ പ്രായത്തിലൊരു മകളുണ്ടല്ലോ എന്നോർത്തപ്പോൾ എസ്. ഐ മറുത്തൊന്നും പറയാതെ മോഹന് മൗനാനുവാദം നൽകി.

ലോക്ക് അപ്പിലെ സ്റ്റൂളിൽ മുഖവും താഴ്ത്തി ഇരിക്കുകയായിരുന്ന കിഷനെ കണ്ടതും മോഹന്റെ തല പെരുത്ത് കയറി..പോലീസ് അവനെ നല്ല പോലെ പെരുമാറിയിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മോഹന് മനസ്സിലായി. എങ്കിലും അവനൊരേറ്റ പണി കൊടുക്കാതെ പോകാൻ മോഹന്റെ മനസ്സനുവദിച്ചില്ല. സർവശക്തിയുമെടുത്ത് മോഹൻ മുട്ട് മടക്കി കിഷന്റെ അടിനാഭിക്കിട്ടു തന്നെ ആഞ്ഞൊരെണ്ണം കൊടുത്തു….. നിലവിളിയോടെ വയറും താങ്ങിപ്പിടിച്ച് കിഷൻ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ , മുഷ്ടി ചുരുട്ടി വീണ്ടും തല്ലാനായി മോഹൻ കൈയോങ്ങിയതും ബഹളം കേട്ട് വന്ന പോലീസുകാർ അവനെ വലിച്ചെടുത്തുകൊണ്ട് ലോക്ക് അപ്പിന്റെ പുറത്തേക്ക് കൊണ്ട് പോയി.

“അങ്ങനെ ആ തരിപ്പങ്ങ് മാറിക്കിട്ടിയല്ലേ മോഹനേട്ടാ “?

ചെറു പുഞ്ചിയോടെയുള്ള ആനന്ദിന്റെ ചോദ്യം കേട്ടതും, ഗൗരവത്തോടെ മോഹൻ തല കുലുക്കി .

“അപ്പൊ ശെരി ചേട്ടാ, ഞാനിറങ്ങുന്നു “.

യാത്ര പറഞ്ഞിറങ്ങിയ ആനന്ദിനെ മോഹൻ സ്നേഹത്തോടെ അശ്ലേഷിച്ചു.

മോഹൻ വിവരം അറിയിച്ചതിനെ തുടർന്ന് ശോഭ കരഞ്ഞു ബഹളം വച്ചു സ്റ്റേഷനിലെത്തി. പരിഭ്രാന്തയായി കാലു തെറ്റി വീഴാൻ തുടങ്ങിയ അവളെ താങ്ങിപ്പിടിച്ചു കൊണ്ട് മോഹൻ നന്ദുവിന്റെ അടുത്തേക്ക് കൊണ്ടു പോയി.

സ്റ്റേഷനിലെ ഫോർമാലിറ്റിയൊക്കെ കഴിഞ്ഞ് ,ശോഭ, നന്ദുവിനെയും കൊണ്ട്
ആട്ടോയിൽ കയറി.ശോഭ അവളുടെ കൈയിൽ മുറുക്കെ പിടിച്ചിരിക്കുന്നത് മോഹൻ മിററിലൂടെ കാണുന്നുണ്ടായിരുന്നു. അവളുടെ അരക്ഷിതാവസ്ഥയെക്കുറിച്ചോർത്തപ്പോൾ മോഹന്റെ മനസ്സിലും സങ്കടം നിറഞ്ഞു.

വീടെത്തിയതും, നന്ദുവിനെ കാണാനായി സുമേച്ചി ഓടി വന്നു….

ശോഭയുടെ ചിരിക്കുന്ന മുഖം കണ്ട സന്തോഷത്തിൽ മോഹൻ ഓട്ടോ സ്റ്റാർട്ട് ചെയ്തു വളയ്ക്കാൻ തുടങ്ങിയപ്പോഴാണ്, ഏട്ടാ എന്നു വിളിച്ചു കൊണ്ടു ശോഭ അവനെ വീട്ടിലേക്ക് ക്ഷണിച്ചത്…..

“മോളെ എത്ര നാളായി ഞാനിങ്ങനെയൊരു വിളിയും പ്രതീക്ഷിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ” ശബ്ദം ഇടറി കൊണ്ടു മോഹനവളോട് പറഞ്ഞു.

അവളുടെ കണ്ണുകളിൽ തന്നോടുള്ള സ്നേഹമറിഞ്ഞതും എതിർപ്പ് കാണിക്കാതെ മോഹൻ അവളുടെ പിന്നാലെ നടന്നു…..

” സുകുവേട്ടൻ പോയതോടെ നന്ദുവിനെ എങ്ങനെയെങ്കിലും വളർത്തണമെന്നൊരു ചിന്ത മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിട്ടുള്ളൂ. കമ്പനിയിൽ പതിനഞ്ചു വർഷം തുടരെ ജോലി ചെയ്‌താൽ പെൻഷൻ പോലൊരു തുക മാസം തോറും മുടങ്ങാതെ കിട്ടും…. അതിന് വേണ്ടിയാണ് ഞാനീ പെടാപ്പാടൊക്കെ പെടുന്നത്…. ഇനി വയ്യ മോഹനേട്ടാ, ഒക്കെ ഞാനിവിടെ വച്ചു നിർത്തുകയാണ് “.

ശോഭ പറഞ്ഞതു കേട്ട് എന്ത് ചെയ്യണമെന്നറിയാതെ മോഹൻ ആലോചനയിലായി.

“നിന്റെയും, മോളുടെയും കാര്യങ്ങളൊക്കെ നോക്കാൻ ഞാനില്ലേ ശോഭേ എന്ന് പറയാൻ മോഹൻ ഒരുപാട് വട്ടം തുനിഞ്ഞതാണ്. അതിനു വേണ്ടിയാണ് മരുഭൂമിയിൽ കെടന്നുണ്ടാക്കിയ പൈസ കൊണ്ട് ശോഭയുടെ വീടിനടുത്തു തന്നെ ഒരു ചെറിയ വീട് അയാൾ തട്ടിക്കൂട്ടിയെടുത്തതും. പക്ഷെ എന്തുകൊണ്ടോ മനസ്സിലുള്ളതൊക്കെ പറയാനുള്ളൊരു സാഹചര്യം അയാൾക്ക് കിട്ടിയിരുന്നില്ല.

“അപ്പൊ വീട്ട് ചിലവൊക്കെ എങ്ങനെ കഴിയും?മാത്രല്ല, അഞ്ചാറു മാസം കൂടി കഴിഞ്ഞാൽ പതിനഞ്ച് വർഷം തികയില്ലേ”? അതു വരെ കുറച്ചു കഷ്ടപ്പെട്ടെ പറ്റു “.

നന്ദുവിന് ചോറ് വാരി കൊടുത്ത് കൊണ്ടു സുമ പറഞ്ഞു..

“വയ്യ സുമേച്ചി.വീട് വീട്ടിറങ്ങിയാൽ ഇവളെ കുറിച്ചോർത്ത് എനിക്കൊരു സമാധാനവുമില്ല. അന്നേ ഞാനിത് ചെയ്യേണ്ടതായിരുന്നു. ഇനിയൊരു പരീക്ഷണത്തിനും കൂടി ഇവളെ വിട്ടുകൊടുക്കാനെനിക്ക് വയ്യ “.

അലിവോടെ നന്ദുവിനെ നോക്കികൊണ്ട് ശോഭ പറഞ്ഞു….

“മോളെ,നിനക്കറിയോ,ഈ നിൽക്കുന്ന മോഹന്റെ അമ്മ ചല്ലി കൊത്താൻ പോകുമ്പോഴും, കല്ല് ചുമക്കാൻ പോകുമ്പോഴും ഇവനെ എന്നെയേല്പിച്ചിട്ടാണ് പോയിരുന്നത്…അതുപോലെ നാളെ മുതൽ ഞാൻ നന്ദൂട്ടിയെയും കണ്ണിലെ കൃഷ്ണ മണി പോലെ നോക്കിക്കൊള്ളാം… കൂടുതലൊന്നും ചിന്തിച്ച് ആധി കേറ്റാതെ കൊച്ച് ജോലിക്ക് പോകാൻ നോക്ക്.”

സുമേച്ചി പറയുന്നത് കേട്ട് അത്ഭുതത്തോടെ ശോഭയും, മോഹനും മുഖത്തോട് മുഖം നോക്കി…..

“സുമേച്ചിക്ക് എന്റെ നന്ദൂട്ടിയൊരു ഭാരമാകില്ലേ “? നിറ മിഴികളോടെ ശോഭ ചോദിച്ചു.

“അനാഥയെ പോലെ ഒറ്റമുറി വീട്ടിൽ കഴിയുന്ന എനിക്ക് നന്ദൂട്ടി എങ്ങനെയാ കൊച്ചേ ഒരു ഭാരമാകുന്നത്?.

സുമയുടെ വാക്കുകൾ ശോഭയ്ക്ക് ആശ്വാസമാവുകയായിരുന്നു….. അവൾ സ്നേഹത്തോടെ സുമയെ കെട്ടിപ്പുണർന്നു….

തന്റെ അനുജത്തിയുടെ ജീവിതത്തിലേക്ക് പുതുവെളിച്ചമായി വന്ന സുമേച്ചിയെ മോഹൻ നിറഞ്ഞ മനസ്സോടെയാണ് നോക്കി നിന്നത് … പ്രത്യാശയോടെ ജനലിലൂടെ ആകാശം നോക്കി നിന്ന നന്ദുവിന്റെ മിഴികളിലപ്പോൾ രണ്ട് നക്ഷത്രങ്ങൾ മിഴിവോടെ തിളങ്ങുന്നുണ്ടായിരുന്നു.

✍️ചെമ്പകം