പ്രണയ പർവങ്ങൾ – ഭാഗം 16, എഴുത്ത്: അമ്മു സന്തോഷ്

ഷേർലി വരുമ്പോൾ സാറ ചീര അരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അവരെ കണ്ടവൾ അത്ഭുതത്തോടെ മുറം താഴെ വെച്ച് എഴുനേൽക്കാൻ ശ്രമിച്ചു

“മമ്മിയെ ” അവൾ അകത്തേക്ക് നോക്കി വിളിച്ചു

മേരി അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നപ്പോ ഷേർളിയെ കണ്ടു

“അയ്യോ ആരാ ഈ വന്നേക്കുന്നെ. വാ ഇരിക്ക് ” കസേര പൊടി തുടച്ച് നീക്കിയിട്ട് കൊടുത്ത് മേരി

“സാറക്ക് വയ്യാന്നു പറഞ്ഞു “

“മോൾ ബസിൽ നിന്ന് ഒന്ന് വീണു”

“നോക്കട്ട് വലിയ മുറിവാണോ?”

സാറ പാവാട മെല്ലെ ഉയർത്തി

“എന്റെ കർത്താവെ ഇത് തൊലി മുഴുവൻ. പോയിട്ടുണ്ടല്ലോ..ഹോസ്പിറ്റലിൽ പിന്നെ  പോയില്ലേ?”

“ഇന്നലെ കൊണ്ട് പോയി പിന്നേം ഗുളിക തന്നു “

“എന്തിനാ ഈ ജോലി ഒക്കെ ചെയ്യുന്നത്?” അവർ വാത്സല്യത്തോടെ ചോദിച്ചു

അവളുടെ കയ്യും ഉരഞ്ഞു കീറിയിട്ടുണ്ട്. അവർ അതിൽ ഒന്ന് തലോടി

“മോള് കുറച്ചു കൂടെ സൂക്ഷിക്കണം കേട്ടോ “

അവൾ മെല്ലെ തലയാട്ടി. മേരി അടുക്കളയിൽ പോയി. അവർക്ക് വിറച്ചിട്ട് കയ്യും കാലും ഓടുന്നില്ലായിരുന്നു

ഒരു നാരങ്ങ ഇരുന്നത് വേഗം പിഴിഞ്ഞ് അവർ മധുരം ചേർത്ത് ഗ്ലാസിൽ എടുത്തു

“മൂത്ത ആള് എവിടെ?”

“ചേച്ചി ക്ലാസ്സിൽ പോയി. ഒരു കോഴ്സ്ന് ചേർന്നിട്ടുണ്ട്. കമ്പ്യൂട്ടർന്റെ “

“നടക്കുമ്പോ വേദന ഉണ്ടോ?”

അവൾ തലയാട്ടി. വാടിയ മുഖം

ഷേർലി ആ മുഖം അടുപ്പിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു

“വിഷമിക്കണ്ട കേട്ടോ വേഗം മാറി ഉഷാറായിട്ട് സൈക്കിൾ ചവിട്ടി വീട്ടിലോട്ട് വാ “

അവളുട കണ്ണുകൾ ചെറുതായി നിറഞ്ഞു

“നാരങ്ങ വെള്ളമാണ് ” മേരി കൊണ്ട് കൊടുത്തു

ഷേർലി അത് കുടിച്ചു

“ഞായറാഴ്ച പള്ളിയിൽ വരുമോ.?”

“വരും. “

“എത്ര വയ്യെങ്കിലും മോള് അത് മുടക്കത്തില്ല. അവളുടെ പ്രാർത്ഥന ആണ് ഞങ്ങളുടെ ബലം “

മേരി അവളെ ചേർത്ത്. പിടിച്ചു

“അങ്ങനെ വേണം കുഞ്ഞുങ്ങൾ.. “

പിന്നെയും കുറച്ചു നേരം കൂടി അവർ ഇരുന്നു

“എങ്ങനെയ വന്നത്?” അവൾ ചോദിച്ചു

“ഇച്ചായൻ കൊണ്ട് ആക്കി. ടൗണിൽ പോയിട്ട് ഇപ്പൊ വന്നിട്ടുണ്ടാകും. ചാർളിയോട് പറഞ്ഞപ്പോ. അവനു വീട് അറിഞ്ഞൂടാത്രെ.”

സാറയുടെ ഇടനെഞ്ചിൽ ഒരു വേദന വന്നു

“ഞാൻ ഇപ്പൊ തന്നെ അങ്ങനെ പോകത്തില്ല. കുറച്ചു തലകറക്കം ഉണ്ട് ” അവർ എഴുന്നേറ്റു

“മമ്മി..ദേ അമ്മ ഇറങ്ങുന്നു..” സാറ ഉറക്കെ വിളിച്ചു പറഞ്ഞു

മേരി അടുക്കളയിൽ ആയിരുന്നു

“അയ്യോ ഇറങ്ങുവാണോ..”

“പോട്ടെ…പള്ളിയിൽ വെച്ച് കാണാം “

അവൾ ആ കൈകൾ എടുത്തു കൈവെള്ളയിൽ മുത്തി

മുജ്ജന്മത്തിൽ ഇവൾ തന്റെ മകളായിരുന്നോ എന്ന് ഷേർലിക്ക് തോന്നുന്നുണ്ടായിരുന്നു

“എങ്ങനെ ഉണ്ട്?” സ്റ്റാൻലി ചോദിച്ചു

“കാലിലും കയ്യിലുമൊന്നും തൊലി ഇല്ല. ഹൊ ദൈവമേ കണ്ടാൽ പേടി ആകും. എന്നിട്ടും അമ്മയെ സഹായിക്കുവാ ചീര അരിഞ്ഞു കൊണ്ട് ഇരിക്കുവാ ഞാൻ ചെന്നപ്പോ..എന്നാ നല്ല കൊച്ചാ ഇച്ചായാ.. നല്ല പ്രാർത്ഥനയും പക്വതയും ഒക്കെ ഉള്ള കുഞ്ഞാ..”

സ്റ്റാൻലി വെറുതെ കെട്ടിരുന്നതേയുള്ളു

ചാർലി ബാൽകണിയിൽ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവരുടെ കാർ വരുന്ന കണ്ടവൻ താഴേക്ക് വന്നു

ഷേർളിയെ വിട്ടിട്ട് സ്റ്റാൻലി തോട്ടത്തിലേക്ക് പോയി

“പോയിട്ട് എന്തായി?”

അവൻ അവരുടെ തോളിൽ കൂടി കയ്യിട്ടു

“ആ കൊച്ചിന് വയ്യടാ, അതിന്റെ കാലും കയ്യും ഒക്കെ മുറിഞ്ഞു കീറിയിരിക്കുവാ
പാവം…”

അവൻ ഒന്ന് മൂളി

“അപ്പ വീട്ടിലോട്ട് വന്നോ?”

“ഇല്ല എങ്ങനെ വന്നെന്ന് കൊച്ച് ചോദിച്ചു. ഞാൻ പറഞ്ഞു അപ്പയാ കൊണ്ട് വിട്ടെന്ന്. നിനക്ക് വീട് അറിയില്ലെന്ന് പറഞ്ഞു “

ചാർലി ഞെട്ടിപ്പോയി

“അമ്മഎന്തിനാ അത് പറയാൻ പോയെ”

“എന്താ നിനക്ക്  വീട് അറിയാമോ?”

“അതല്ല ആ കൊച്ചു വിചാരിച്ചു കാണും ഞാൻ ഈ നാട്ടുകാരനായിട്ട് വീട് അറിയുകേല എന്ന്. മോശമല്ലേ?”

“നിനക്ക് അറിഞ്ഞൂടാഞ്ഞിട്ടല്ലേ?സാരമില്ല. അത് അങ്ങനെ ഒന്നും ചിന്തിക്കില്ല. അതിനു നിന്നെ തന്നെ ശരിക്കും അറിഞ്ഞൂടാ പിന്നെയാ “

ചാർലി എഴുന്നേറ്റു. ഉള്ളതും കൂടി ഇപ്പൊ പോയികിട്ടി

വീട് അറിഞ്ഞൂടാ എന്ന് താൻ പറഞ്ഞെന്ന് തന്നെ അമ്മ പറഞ്ഞു കാണും. ഇനി ഒന്നും പ്രതീക്ഷിക്കണ്ട. കണ്ട ഭാവം പോലും നടിക്കില്ല

അവനുള്ളിൽ എന്തോ നീറിപ്പിടയുന്നുണ്ടായിരുന്നു

പോകാമായിരുന്നു, ഒന്ന് കണ്ടു എങ്ങനെ ഉണ്ട് എന്ന് മര്യാദയുടെ പേരിൽ എങ്കിലും ചോദിക്കാമായിരുന്നു

പകരം ഒരു നുണ പറഞ്ഞു. അത് അവൾ അറിയുകയും ചെയ്തു

അവൻ ഒരു ബോട്ടിൽ എടുത്തു. സോഡായും…വാതിൽ അടച്ചു. ഗ്ലാസ്സിലേക്ക് പകർന്നു സിപ്പ് ചെയ്തങ്ങനെ ഇരുന്നു

എത്ര കുപ്പി ഒഴിഞ്ഞു. എന്ന് നോക്കിയില്ല. എപ്പോഴോ വീണു കിടന്നു ഉറങ്ങി. വൈകുന്നേരം ആണ് കണ്ണ് തുറന്നത്

“ക-ള്ളുകുടി കുറച്ചു കൂടുന്നുണ്ട് ചാർലി ” ഭക്ഷണം കഴിക്കാൻ ഇറങ്ങി ചെന്നപ്പോ അമ്മ ശാസിച്ചു

“ഉറങ്ങി പോയതാ അമ്മേ, വിശക്കുന്നു വിളമ്പിക്കെ “

അമ്മ കൊടുത്ത ഭക്ഷണം കഴിച്ചിട്ട് അവൻ  മുറ്റത്തേക്ക് ഇറങ്ങി

“എങ്ങോട്ടാ?”

“വെറുതെ.. വേഗം വരാം “

അവൻ പോകുന്നത് അവർ നോക്കി നിന്നു

സാറ ജനലിലൂടെ റോഡിലേക്ക് നോക്കിയിരിക്കുകയായിരുന്നു. ജനലിൽ കൂടെ നോക്കിയാൽ ദൂരെ മെയിൻ റോഡ് കാണാം. സാറയുടെ വീട് ഒരു ചെറിയ ഉയരത്തിലാണ്. താഴെ റോഡിലൂടെ പോകുന്നവരെ കാണാം. ആ റോഡ് ചെന്ന് ചേരുന്നത് ദൂരെയുള്ള മെയിൻ റോഡിലാണ്. അവിടെ അവളുടെ വീട് മാത്രം ഉള്ളു

കുറച്ചു ഇറക്കത്തിലാണ് ബാക്കിയുള്ള വീടുകൾ

അവൾ ചായ കുടിച്ചു കൊണ്ട് നോക്കിയിരുന്നു

ചാർളിയുടെ ബുള്ളറ്റ് തൊട്ട് താഴെ ഉള്ള റോഡിൽ കൂടി ഒരു തവണ കടന്ന് പോയി. അവൾ ജനൽ കമ്പിയിൽ മുറുകേ പിടിച്ചു. അത് കുറച്ചു ദൂരം പോയിട്ട് തിരിച്ചു വന്നു. ഇക്കുറി സ്പീഡ് കുറച്ചു. അവളുടെ വീടിന്റെ നേരെ നോക്കി.

ചാർലി അവളെ കണ്ടു, അവൾ ചാർളിയെയും

സാറ കൈ എത്തിച്ച ജനൽ വലിച്ചടച്ചു. പിന്നെ അങ്ങനെ ഇരുന്നു

എന്റെ വീട് അറിഞ്ഞൂടാ അല്ലെ, നാളെ എന്നെയും അറിഞ്ഞൂടാതെ വരും. അതാണ് പുരുഷൻ. ചേച്ചിക്ക് പറ്റിയത് തനിക്ക് പറ്റരുത്. ആരും വേണ്ട. ആരും….

എന്റെ വീട് അറിയില്ലെന്ന് പറഞ്ഞിരിക്കുന്നു. അതിനർത്ഥം തന്നെ പോലുമറിയില്ലന്നാണ്

താൻ ശരിക്കും എത്ര വലിയ വിഡ്ഢി ആണെന്ന് സാറ ഓർത്തു. തന്നെ ഒരു പാട് ഇൻസൾട്ട് ചെയ്ത ഒരാളാണ്. ചേച്ചിയുടെ ജീവൻ രക്ഷിച്ചു എന്നുള്ള കടപ്പാട്. ആ സ്നേഹം വെച്ച് താൻ ആണ് അങ്ങോട്ട്…

നിമ്മി നുറു തവണ പറഞ്ഞു അങ്ങോട്ട് കുണുങ്ങി ചെല്ലുന്ന പെണ്ണുങ്ങൾ കാശു കണ്ടിട്ടാണ് പ്രേമിക്കാൻ ചെല്ലുന്നതെന്നാണ് അയാളുടെ വിചാരം എന്ന്. കൊച്ചിയിൽ ഏതോ റിലേഷൻ ഉണ്ടെന്ന്. വെറുതെ ഓരോന്നിൽ ചെന്ന് പെടരുത് എന്ന്..

അവൾ കണ്ണുകൾ ഇറുക്കി അടച്ചു

പൊയ്ക്കോ. എനിക്ക് കാണണ്ട, എന്റെ വീട് അറിഞ്ഞൂടാല്ലോ പൊയ്ക്കോ

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ട് ഇരുന്നു…

തുടരും