പ്രണയ പർവങ്ങൾ – ഭാഗം 17, എഴുത്ത്: അമ്മു സന്തോഷ്

ചാർലി കുറച്ചു നേരം ആ അടഞ്ഞ ജനലിൽ നോക്കി നിന്നു പിന്നെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത് ഓടിച്ചു പോയി

എനിക്ക് വേണ്ടെടി നിന്നെ…അവൻ മനസ്സിൽ പറഞ്ഞു

ചാർളിയെ ആരും തോൽപ്പിക്കാൻ ആയിട്ടില്ല. ഒരു പീക്കിരി പെണ്ണല്ലേ നി. എനിക്കു വേണ്ട പൊ

അവൻ വണ്ടി കൊണ്ട് തോട്ടത്തിലേക്ക് പോയി. തോട്ടത്തിലൂടെ വെറുതെ ഓടിച്ചു കൊണ്ടിരുന്നു. പിന്നെ എപ്പോഴോ മനസ്സ് തണുത്തപ്പോ വീട്ടിൽ വന്നു

അപ്പോഴേക്കും അർധരാത്രി ആയി

പിറ്റേന്ന് വെളുപ്പിന് അവൻ കൊച്ചിയിലേക്ക് പോകുകയും ചെയ്തു. ആരോടും പറഞ്ഞില്ല. ബുള്ളറ്റിൽ ഒരു പോക്ക്

അവളുടെ വീടിന്റെ അരികിൽ കൂടി പോകുമ്പോൾ മാത്രം അറിയാതെ മനസ്സ് ഇടറി. നോക്കരുത് എന്ന് കരുതി പക്ഷെ നോക്കി

ഇരുട്ടാണ്…ആ ജനാല അടഞ്ഞു കിടക്കുന്നു. അതിനപ്പുറം മുറിവേറ്റ ഒരു പക്ഷിയുണ്ട്. വിശുദ്ധയായ ഒരു പെണ്ണ്. താൻ കാരണം ഇനി ആ മനസ്സ് വിഷമിക്കണ്ട

അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഓടിച്ചു പോയി

അവൻ മൊബൈലിൽ എന്തോ നോക്കിയിരിക്കുന്നത് കണ്ട് ഷെല്ലി അരികിലേക്ക് വന്നു.

“അപ്പ പറഞ്ഞു നി വരുന്നില്ലെന്ന് എനിക്ക് അറിയാമല്ലോ നി വരുമെന്ന്. വിജയുടെ കൺസ്ട്രക്ഷൻ നടക്കുന്ന സ്ഥലത്തു എന്തോ പ്രശ്നം ഉണ്ട്. നമുക്ക് അവിടെ വരെ ഒന്ന് പോകണം. ലീഗൽ ആണെങ്കിൽ. അങ്ങനെ അല്ലെങ്കിൽ ഇങ്ങനെ..എന്തായാലും പോകാം “

അവൻ എഴുന്നേറ്റു

“ഡ്രസ്സ്‌ മാറുന്നില്ലേ?”

“എന്തിന്?”

അവൻ മൊബൈൽ പോക്കെറ്റിൽ ഇട്ടു
ബെല്ല എന്താ എന്ന് ആംഗ്യത്തിൽ ചോദിച്ചു

ഷെല്ലി കൈ മലർത്തി

അവന്റെ മുഖത്ത് ഒരു പരുക്കൻ ഭാവം

കാർ സ്റ്റാർട്ട്‌ ചെയ്തു ചാർലി. കാർ ഓടിക്കൊണ്ടിരുന്നു. അവൻ അധികമൊന്നും സംസാരിച്ചില്ല

“ചാർലി?”

കാർ ഡ്രൈവിങ്ങിൽ ശ്രദ്ധിക്കുകയായിരുന്നു ചാർലി

അവനൊന്നു മൂളി

“എന്തെങ്കിലും പ്രശ്നം ഉണ്ടോ?”

“ഇല്ല “

“നി വീട്ടിൽ പറയാതെയാണോ പോന്നത്?”

“അവരൊക്കെ ഉറങ്ങുവാരുന്നു ” അവൻ അലക്ഷ്യമായി പറഞ്ഞു

“അപ്പൻ വിളിക്കുന്നു നി സംസാരിക്ക് “

“ചേട്ടൻ പറഞ്ഞ മതി ഞാൻ ഡ്രൈവ് ചെയ്യുകയാണെന്ന് “

ഷെല്ലി കാൾ എടുത്തു

“അവനു ഫോൺ കൊടുക്ക് ഷെല്ലി ” അപ്പന്റെ സ്വരത്തിൽ മാറ്റമുണ്ട്

“അവൻ ഡ്രൈവ് ചെയ്യുവാ അപ്പാ
ഞങ്ങൾ കോട്ടയത്തോട്ട് പൊയ്ക്കൊണ്ടിരിക്കുവാ “

“തോന്ന്യാസം പോലെ ഇറങ്ങി പോയതെന്താ എന്ന് അപ്പൻ ചോദിച്ചുന്ന് പറ. ഈ വീട്ടിലുള്ളത് അവന്റെ അപ്പനും അമ്മയും ആണെന്ന് കൂടെ പറ. ഒന്ന് പറഞ്ഞിട്ട് പോകാനുള്ള മര്യാദ കാണിക്കാൻ പഠിച്ചിട്ടില്ല അവൻ “

“ഞാൻ പറയാം. അപ്പാ ചെന്നിട്ട് വിളിക്കാം “

ഷെല്ലി ഫോൺ കട്ട്‌ ചെയ്തു

ചാർളിയുടെ മുഖം കണ്ടിട്ട് ഒന്നും ചോദിക്കാനും തോന്നുന്നില്ല. ഈ മുഖം ജയിലിൽ ആയിരിക്കുമ്പോഴേ കണ്ടിട്ടുള്ളു

വിജയുടെ കൺസ്ട്രക്ഷൻ ഫീൽഡിൽ കുറച്ചു പ്രശ്നങ്ങളെയുണ്ടായിരുന്നുള്ളു. അത് വേഗം തീർന്നു. ഓഫീസിൽ കാണേണ്ടവരെയൊക്കെ അവർ പോയി കണ്ടു. കൊടുക്കേണ്ടതൊക്കെ കൃത്യമായി കൊടുത്തപ്പോ ബില്ലുകൾ പാസ്സ് ആയി. വൈകുന്നേരം അവർ അവിടെ തങ്ങി

“നി എന്താ വല്ലാതെ?” ജെറി അടുത്ത് വന്നിരുന്നു നെറ്റിയിൽ തൊട്ടു

ചാർലി ആ കൈ. പിടിച്ചു മാറ്റി

“ഈ ചെറുക്കന് ഇത് എന്തോന്ന് പറ്റി ഷെല്ലിചേട്ടാ?”

“ആ “

“എന്താഡാ അപ്പൻ വല്ലോം പറഞ്ഞോ.?”

“എനിക്കു ഒന്നുറങ്ങണം തലവേദന എടുക്കുന്നു.” അവൻ എഴുന്നേറ്റു

“നിന്റെ മുറി  വിരിച്ചിട്ടുണ്ട് ചെല്ല് ” ജെറി പറഞ്ഞു

അവൻ പോയപ്പോ അവൾ ഷെല്ലിയുടെയും വിജയുടെയും അടുത്ത് പോയിരുന്നു

“എന്താ വല്ലതും പ്രശ്നം ഉണ്ടോ?”

“എന്റെ അറിവിൽ ഇല്ല ” ഷെല്ലി പറഞ്ഞു

“അവന്റെ മുഖം എന്താ വല്ലാതെ?” അവൾ വെപ്രാളപ്പെട്ടു

“ഒന്നുല്ല എന്റെ ജെറി..തലവേദന എന്ന് പറഞ്ഞില്ലേ അതായിരിക്കും ” വിജയ് ആശ്വസിപ്പിച്ചു

“അങ്ങനെ കുഞ്ഞ് തലവേദന വന്നാലൊന്നും വാടി പോകുന്നവനല്ല ഞങ്ങളുടെ ചെറുക്കൻ. അവന്റെ മനസ്സിന് എന്തോ വിഷമം ഉണ്ട്. ഞാൻ പോയി ചോദിച്ചു നോക്കട്ട് ‘

“എന്റെ പൊന്ന് ജെറി അവൻ ഒന്നുറങ്ങിക്കോട്ടെ രാവിലെ ചോദിക്കാം “

“എന്നാ പിന്നെ ഷെറി ചേച്ചിയെ വിളിക്കാം “

“നി മൊബൈൽ കട്ട്‌ ചെയ്തേ. ചേച്ചിയെ കൂടി വിഷമിപ്പിക്കാൻ. നി പോയി കിടക്ക് ” ജെറി എഴുന്നേറ്റു പോയി

വിജയ് ഷെല്ലിയുടെ ഗ്ലാസിലേക്ക് കുറച്ചു വോ- ഡ്ക പകർന്നു

“ഇവനെ പിടിച്ചു കെട്ടിച്ചാലോ, വയസ്സ് ട്വന്റി സിക്സ് ആയില്ലേ?”

“കഴിഞ്ഞു “

“എന്റെ കസിൻ ഒരു പെങ്കൊച്ചുണ്ട്. നല്ല കൊച്ചാ. പിജി ചെയ്തു. ജോലി ആയിട്ടില്ല. അപ്പനും അമ്മയ്ക്കും ഒറ്റ മോളാ “

“നേരെത്തെ ആണെങ്കിൽ ഇങ്ങോട്ട് വന്നേനെ ആലോചനകൾ നുറു പേര്. ഇപ്പൊ ഇവന് ഇങ്ങനെ ഒരു ഹിസ്റ്ററി ഉള്ളപ്പോ അത്..”

“എന്ത് ഹിസ്റ്ററി? ഒരു കുഴപ്പവുമില്ല. ന്യായമായ കാര്യമേ ചെയ്തുള്ളു. അത് സാരമില്ല ” വിജയ് പറഞ്ഞു

“എങ്കിൽ നി ഒന്ന് ആലോചിക്ക്. എവിടെ ഉള്ളവരാ?”

“കൊച്ചിയിലാ. ചേട്ടൻ അന്വേഷിച്ചോ. കളപ്പുരയ്‌ക്കൽ മാത്യു. പാലാരിവട്ടത്താ.”

“ആ ഞാൻ നോക്കിയെടുത്തോളം “

അവർ കുറെ നേരം കൂടി സംസാരിച്ചിരുന്നു
ചെന്നു കിടന്നെങ്കിലും അവൻ ഉറങ്ങിയില്ല. വെറുതെ ഇരുട്ടിൽ  നോക്കി കിടന്നു

“ഇനിയെന്നാ കൊച്ചിയിൽ പോവാ?” അവൻ ഒന്ന് തിരിഞ്ഞു കിടന്നു

“ഈ കേക്ക് എങ്കിലും കഴിക്ക് ” നീട്ടിപിടിച്ച കൈകൾ

വിരിയുന്ന നുണക്കുഴി

“ഇനി മിണ്ടില്ലേ എന്നോട്?” അവൻ ഇരുട്ടിനോട് ചോദിച്ചു

“സോറി ” അവൻ മെല്ലെ പറഞ്ഞു

ദിവസങ്ങൾ കഴിഞ്ഞു പോയി…

ഒരു ദിവസം ഷേർലി വിളിച്ചു

“അമ്മയെ കാണാൻ പോലും തോന്നുന്നില്ലേ മോനെ?” ആ ചോദ്യത്തിൽ ചാർലി തളർന്നു

കാണാൻ കൊതിയാണ്. പക്ഷെ..പോയ അവളെ കാണും. ഉള്ളിൽ തടഞ്ഞു നിർത്തിയിരിക്കുന്നത് പുറത്ത് വരും. അത് കൊണ്ടാണ് പോകാത്തത്. പക്ഷെ ചാർലി പോയി. സ്റ്റാൻലി അവനെ വഴക്ക് ഒന്നും പറഞ്ഞില്ല. ഒന്നും പറയരുത് എന്ന് ഷേർലി ചട്ടം കിട്ടിയിരുന്നു

അവൻ വല്ലാതെ ക്ഷീണിച്ചു പോയി അവർക്ക് തോന്നി

“നി എന്താ ഒന്നും കഴിക്കുന്നില്ലായിരുന്നോ എന്നാ കോലമാ താടിയും വളർത്തി മുടിയും വളർത്തി..”

അവൻ ഒന്നും പറയാതെ അമ്മയെ ഒന്ന് ചേർത്ത് പിടിച്ചു

പിന്നെ മുറിയിലേക്ക് പോയി

സാറ എന്നും നോക്കും

അന്ന് ജനൽ വലിച്ചടച്ചതിനു ശേഷം മൂന്നാഴ്ച ആയി. അവനെ പിന്നെ ആ വീട്ടിൽ കണ്ടിട്ടില്ല. സ്കൂളിലോ പരിസരത്ത് എങ്ങുമോ കണ്ടില്ല. കൊച്ചിയിൽ ആവും. ഇഷ്ടം ഉള്ളവരുടെ കൂടെ….

അവൾ ഓർക്കും

“ഇന്ന് കുറച്ചു കുറവാണ്. പശു കലം തട്ടി മറിച്ചു ” സാറ സിന്ധുവിനോട് പറഞ്ഞു

“അയ്യോ ഇന്നാരുന്നു വേണ്ടത്. ചാർലി കൊച്ച് വന്നിട്ടുണ്ട് “

അവളുടെ ഹൃദയം പെട്ടെന്ന് ഒന്ന് കുതിച്ചു ചാടിപക്ഷെ അവൾ പെട്ടെന്ന് തന്നെ സ്വയം നിയന്ത്രിച്ചു

പാടില്ല

അവൾ സൈക്കിൾ ഓടിച്ചു പോകുന്നത് ചാർലി കണ്ടു. തിരിഞ്ഞു നോക്കിയില്ല

അവന്റെ ഹൃദയം ഒന്ന് നൊന്തു. സ്നേഹം ഉണ്ടായിരുന്നു അവൾക്ക്. കാണുമ്പോൾ വിടരുമായിരുന്നു ആ മുഖം. ഓടി വന്നു മിണ്ടും

ഇപ്പൊ…

അവളെ കുറ്റം പറയാൻ വയ്യ. ആക്‌സിഡന്റ് ആയി കിടന്നിരുന്നു. താൻ പോയില്ല. ആ വീട് പോലും അറിയില്ല എന്ന് കള്ളം പറഞ്ഞു

എന്തിനാ അങ്ങനെ ഒരാളോട് സംസാരിക്കുന്നത് എന്ന് കരുതി കാണും

അവൻ ദീർഘമായി നിശ്വസിച്ചു

ഞങ്ങൾ പാവങ്ങളായ കൊണ്ടാണോ കഴിക്കാത്തെ…ആ ചോദ്യം ഉള്ളിൽ കിടന്നു കുത്തുന്നുണ്ട്

അവൾ കരുതുന്നുണ്ടാകും താൻ അങ്ങനെ ഉള്ള ഒരാൾ ആണെന്ന്..

ഇനി മിണ്ടില്ലായിരിക്കും . അവൻ താഴെ ചെന്നു

“കൊച്ച് എഴുന്നേറ്റോ?” സിന്ധു അവനു ഒരു ചായ നീട്ടി

“ഇങ്ങനെ മിണ്ടാതെയും പറയാതെയും ഇറങ്ങി പോകരുത് കേട്ടോ. അമ്മച്ചി എത്ര വിഷമിച്ചന്ന…ഞാൻ പോലും ആധി കേറിപ്പോയി. പിന്നെ കൊച്ചിന്റെ അപ്പ പറഞ്ഞപ്പോഴാ സമാധാനം ആയെ”

അവൻ ചായ മൊത്തി കുടിച്ചു

“ഇവിടെ വേറെ എന്നാ ഉണ്ട് വിശേഷം?”

“ഇവിടെ എന്നാ വിശേഷം
നോമ്പ് തുടങ്ങി. അപ്പൊ ജോലി സുഖം. ഒന്നുല്ല. “

അവൻ ചിരിച്ചു പിന്നെ ചായക്കപ്പ് വെച്ചിട്ട് മുറിയിലേക്ക് പോയി

ഞായറാഴ്ച ആണ്. പള്ളിയിൽ പൊയ്ക്കളയാം

ഷേർലി നോക്കുമ്പോൾ  ചാർലി ഡ്രസ്സ്‌ മാറ്റി ഇറങ്ങി വരുന്നു

“നി എങ്ങോട്ടാ?”

“പള്ളില്. എന്തെ?”

അവർ അത്ഭുതത്തോടെ സ്റ്റാൻലിയെ നോക്കി

“എങ്ങോട്ടാണെന്ന്?”

“പള്ളിയിൽ “

ചാർലി അപ്പന്റെ കയ്യിൽ നിന്ന് കീ വാങ്ങിച്ചു

“ഞാൻ ഓടിക്കാം ” അയാൾ ഒരു ചെറു ചിരി പാസ്സാക്കി

പിന്നെ അവന്റെ കയ്യിൽ കീ കൊടുത്തു

തുടരും…