ചാർലി റിക്കവർ ആയി തുടങ്ങി. വേണേൽ നാളെ ഡിസ്ചാർജ് ആക്കാമെന്ന് ഡോക്ടർ പറഞ്ഞു
അന്ന് സാറ വിളിച്ചപ്പോൾ അവൻ അത് പറഞ്ഞു
“എനിക്കിപ്പോ എഴുന്നേറ്റു നടക്കാൻ പറ്റും”
“എത്ര ദിവസം ആയെന്നറിയോ ഇച്ചാ ഒന്ന് കാണാതെ?’ അവളുടെ സ്വരം ഇടറി
“അറിയാം ഇരുപത്തിഒന്ന് ദിവസം പതിനാലു മണിക്കൂർ 40മിനിറ്റ് ആറു സെക്കന്റ് “
അവൾ അതിശയിച്ചു പോയി
താനും ഇങ്ങനെയാ. എല്ലാം ഓർത്തു വെയ്ക്കും. അവനെ ആദ്യമായി കണ്ടത് മുതൽ ഉള്ള ഓരോന്നും…ദിവസം, മാസം, സമയം എല്ലാം…അവനും തന്നെ പോലെ, ഉള്ളിൽ ഒരു കുളിർമഴ പെയ്യുന്നുണ്ട്
“ഇപ്പൊ മുറിവൊക്കെ ഉറങ്ങിയോ?”
“ഉം കാലിന്റെ വേദന കുറച്ചു കൂടെ ഉണ്ട് അതാണ് ഒരു പ്രശ്നം. മാറും “
“ഞാൻ പറഞ്ഞിട്ടല്ലേ അന്ന് രാത്രി യാത്ര ചെയ്തത്. ഞാൻ കാരണമാ .”
“പോടീ വരാനുള്ളത് വരും..”
“അതേയ് ഇച്ചാ പിന്നെ…”
“ഉം “
“അതേയ്…”
“പറ…”
“എനിക്ക് കാണാൻ തോന്നുന്നു “
അവന് ചിരി വന്നു “വീഡിയോ വാ “
വീഡിയോയിൽ അവൾ. ബാക്കിൽ പള്ളി
“ഈ നട്ടുച്ചക്ക് നീ എന്തിനാ കൊച്ചേ പള്ളിയിൽ വന്നേ “
“എനിക്ക് വിളിക്കണ്ടേ? ശനിയാഴ്ച അവധിയാ കോളേജ് “
“കണ്ണെഴുതിട്ടില്ല. പൊട്ടുമില്ല എനിക്കിതു ഇഷ്ടം അല്ല സാറ “
“ഒരുങ്ങാനൊന്നും തോന്നില്ല ഇച്ചാ. മനസ്സിനെന്തു സങ്കടം ആണെന്ന് അറിയോ..ഉറക്കം ഇല്ലാതായിട്ട് എത്ര ദിവസം ആയിന്നോ?”
അവൻ മൂളി
“എന്റെ ഇച്ചാ വന്നിട്ടെ ഞാൻ കണ്ണെഴുതി പൊട്ട് തൊടുവുള്ളു. അത് ദൈവത്തോടുള്ള എന്റെ സമരമാ “
അവൻ ചിരിച്ചു
“ദൈവത്തോട് എന്ത് സമരം?”
“ഞാൻ ഇരുപത്തിനാലു മണിക്കൂറും പ്രാര്ഥിക്കുന്നതാർക്ക് വേണ്ടിയാണോ ആ ആളെ തന്നെ നോക്കിക്കേ കിടത്തി കളഞ്ഞത്? എന്നിൽ. നിന്നും മാറ്റി. എനിക്ക് കാണാൻ പറ്റാത്ത ദൂരെ മാറ്റി. ഞാൻ പിണങ്ങിയാ കർത്താവിനോട്. എന്റെ ഇച്ചാനെ നോവിച്ചു ” അവൾ വിങ്ങി പൊട്ടി
“എന്ത് മാത്രം വേദന അനുഭവിച്ചു കാണും. എന്റെ ഇച്ചാ ?”
“എടി കുരിശിൽ തറച്ചപ്പോൾ കർത്താവ് അതിലും കൂടുതൽ വേദന സഹിച്ചു കാണും “
“അത് സാരമില്ല കർത്താവു ദൈവമല്ലേ? നമ്മൾ മനുഷ്യരല്ലേ ആ വ്യത്യാസം ഇല്ലെ? പിന്നെ.. കർത്താവിനു ഇങ്ങനെ ഓർത്തു കരയാൻ പെണ്ണൊന്നുമില്ലാരുന്നു. എന്റെ ഇച്ചാന് ഞാൻ ഇല്ലാരുന്നോ.. എന്നേ കൂടെ കരയിച്ചു “
അവന് ചിരിക്കണോ കരയണോ എന്നറിയാതെയായി. സ്നേഹത്തിൽ മുങ്ങി മരിക്കുക എന്നൊക്കെ പറയും പോലെ. ആയിരുന്നു ആ അനുഭവം. സാറയുടെ പ്രണയത്തിൽ അവൻ സ്വയം മറന്നു. അതവനെ കീഴ്പ്പെടുത്തി കളഞ്ഞു. മ! യ ക്കുമരുന്നിന് അടിമ ആയവരുടെ അവസ്ഥ. വിളിക്കുന്ന നേരം കഴിഞ്ഞു പോയ ഭ്രാന്ത് പിടിക്കും. ആ സമയം ഫോൺ വന്നില്ലെങ്കിൽ കലിയാണ്
അവൾ ഫോൺ വെച്ചു കഴിഞ്ഞു നോക്കിയപ്പോൾ ഷെല്ലി മുറിയിൽ വന്നിട്ട് പോരുന്നതാവൻ കണ്ടു. അന്ന് പോരമായിരുന്നു അവന്. ഫൈനൽ സ്കാനിംഗ് കൂടെ കഴിഞ്ഞോട്ടെ എന്ന് ഡോക്ടർ പറഞ്ഞത് കൊണ്ടാണ് വെയിറ്റ് ചെയ്തത്
“ഇന്ന് നീ ആരോടാ സംസാരിച്ചത് ഉച്ചക്ക്?” ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോ ഷെല്ലി ചോദിച്ചു
“ഒരു ഫ്രണ്ട്നോട് ” അവൻ പറഞ്ഞു
“അതാരാണ്?”
“ചേട്ടൻ അറിയില്ല “
“ഞാൻ അറിയാതെ ഏത് ഫ്രണ്ട് ആണ് നിനക്ക്?”
ചാർലി ആ മുഖത്തേക്ക് നോക്കി. ഷെല്ലിയെ അവനു ശരിക്ക് അറിയാം. പുറമെയ്ക്ക് ശാന്തത ഭാവിക്കുന്നെങ്കിലും അവൻ അങ്ങനെയല്ല. ശത്രു ആരാണെങ്കിലും അവരെ അവസാനിപ്പിക്കാൻ മടിയില്ല ചേട്ടന്. താൻ സാക്ഷിയാണ് പലതിനും. കുടുംബത്തിന്റെ അന്തസ്സ് സമ്പത്ത് ഒക്കെ നോക്കി മാത്രം കൂട്ട് കൂടുന്ന ആള് കൂടിയാണ്. സാറയുടെ കാര്യം അറിഞ്ഞാൽ അവളെ ചിലപ്പോൾ അപകടപ്പെടുത്താൻ പോലും മടിക്കില്ല
“ഒരു ഫ്രണ്ട് ” അവൻ പറഞ്ഞു
“ചാർലി അത് ഒരു പെൺകുട്ടിയാണോ?”
ചാർലി കൈ കഴുകി തിരിഞ്ഞു
“Yes”
“അപ്പൊ വെറും ഫ്രണ്ട് അല്ല “
“അതെന്താ വെറും ഫ്രണ്ട്സ് ആയിക്കൂടെ പെണ്ണിനും ആണിനും?”
“ആവാം..പക്ഷെ നിനക്ക് ഇത് അങ്ങനെ അല്ല. സത്യം പറ ചാർലി “
“ഫ്രണ്ട്സ് ആണ്. ഇപ്പൊ. അത്രേ ഉള്ളു “
“ശരി ആരാ അത്?”
“അത് പറയാൻ പറ്റില്ല..ചേട്ടനോട് ഞാൻ ഇത്തരം പേർസണൽ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടോ ഇല്ലല്ലോ..എന്നോടും വേണ്ട “
ഷെല്ലിയുടെ മുഖം ചുവന്നു
“ചാർലി..നീ ഇപ്പൊ റിലേഷൻ ഉണ്ടാക്കിയിരിക്കുന്ന ഈ പെണ്ണ്.. നിന്റെ ഫ്രണ്ട് അല്ലെന്ന് എനിക്ക് അറിയാം. അത് ആരാണെങ്കിലും ഞാൻ കണ്ടു പിടിക്കും. നമ്മുടെ കുടുംബത്തിന് ചേരാത്ത ഒരു ബന്ധം ആണെങ്കിൽ അത് നീ മറന്നേര്. അത് നടക്കുകേല..കുരിശുങ്കൽ കുടുംബത്തിന്റെ അന്തസ്സ്..”
“എന്ത് അന്തസ്സ്…ഒരുത്തനെ കൊ- ന്നേച്ച് രണ്ടു വർഷം ജയിലിൽ കിടന്നവൻ ആ കുടുംബത്തിലേയാ, അവൻ ജ്വലിച്ചു
“അത് സാരമില്ലടാ ആണുങ്ങൾ ആയാ അങ്ങനെയാ ചിലപ്പോൾ കൊ- ല്ലും ജ- യിലിൽ പോകും അത് ആണായതു കൊണ്ടാ, ധൈര്യം ഉള്ളത് കൊണ്ടാ. പോഴൻ അല്ലാത്തത് കൊണ്ടാ. അത് പോലെയല്ല കല്യാണം. അടുത്ത തലമുറ ജനിക്കേണ്ടത് അവളുടെ വയറ്റിലാ. ഏതെങ്കിലും കുടിലിൽ നിന്നോ അന്യമതത്തിൽ നിന്നോ കല്യാണം കഴിക്കാമെന്ന് നീ വ്യാമോഹിക്കേണ്ട ചാർലി..നിനക്ക് എന്നെ അറിയാം..വിജയേ അറിയാം. ക്രിസ്റ്റീയേം അറിയാം..നടക്കുകേല “
ചാർലി ജനാല തുറന്നു എ സി ഓഫ് ചെയ്തു. പുറത്തെ ഇരുട്ടിലേക്ക് നോക്കി
“നിന്റെ പെണ്ണ് ഭൂമിയിൽ ഉണ്ടാവില്ല ചാർലി ” ചാർലി തിരിഞ്ഞു
“നിങ്ങളും ” അവൻ ശാന്തമായി പറഞ്ഞു
“ഈ നിമിഷം വരെ അവൾ എന്നോട് യെസ് പറഞ്ഞിട്ടില്ല. ഇനി പറഞ്ഞാൽ ചാർലി അവളെ കെട്ടും. എന്റെ കുഞ്ഞുങ്ങളെ അവള് പ്രസവിക്കുകയും ചെയ്യും. കൊ- ല്ലും എന്ന് ചേട്ടൻ ഇപ്പൊ പറഞ്ഞത് എന്റെ കുഞ്ഞ് ജനിക്കേണ്ട ഗർഭപാത്രത്തിന്റെ ഉടമയെയാണ്. എന്റെ ഭാര്യയെ…”
അവൻ കൈ നെഞ്ചിൽ പിണച്ചു കെട്ടി
“കുരിശുങ്കൽ തറവാട്ടിലെ ചാർലിക്ക് ഒറ്റ വാക്കെയുള്ളു. അവൾ യെസ് പറഞ്ഞാൽ ഞാൻ അവളെ കെട്ടും ഉടനെ അല്ല. പക്ഷെ കെട്ടും. ഇനി അതിന്റെ ആധാരം കണ്ടു പിടിച്ചു ചെന്ന് അവളെ തൊട്ടാ..ര- ക്തം ഒന്നും ചാർളിക്ക് വിഷയമേയല്ല. എതിരിൽ നിങ്ങളുടെ കൂടെ എന്റെ അപ്പൻ നിന്നാലും ചാർളിക്ക് പുല്ലാ…എന്റെ പെണ്ണിനെ തൊട്ടാ കുടുംബം മറന്നേക്കണം ചേട്ടൻ..ഒരു കുഞ്ഞ് പോലും കാണത്തില്ല കുരിശുങ്കൽ തറവാട്ടിൽ. ജയിലിൽ പോകാൻ ചാർലിക്ക് മടിയില്ല..പക്ഷെ തീർത്തിട്ടെ പോകു. ഇനി എന്നെ തീർക്കാൻ നോക്കിയാൽ അതും നടക്കുകേലാ…അത് മറ്റാരേക്കാളും ചേട്ടന് അറിയാം. ചാർളിയുടെ മറ്റേ മുഖം ചേട്ടന് അറിയാം. ര- ക്തം കണ്ട് അറപ്പ് മാറിയ കൈ ആണെന്ന് നിങ്ങൾക്ക് മൂന്നു പേർക്കും അറിയാം..അത് കൊണ്ട് ഭീഷണി വേണ്ട..ചേട്ടൻ കൊച്ചിക്ക് പൊ.ബിസിനസ് ശ്രദ്ധിക്ക് കൊച്ചിനേം ഭാര്യയെയും ശ്രദ്ധിക്ക്..എന്റെ പെണ്ണ് സേഫ് ആകുന്ന വരെ നിങ്ങളും സേഫ് ആണ്..എല്ലാവരും സേഫ് ആണ്..”
ഷെല്ലി നടുങ്ങി നിൽക്കുകയാണ്
ചാർളിയുടെ മുഖം ഒരു മൃ- ഗത്തിന്റെതായി കഴിഞ്ഞു
“അവളെ തൊട്ടാ…” അവന്റെ നീട്ടപ്പെട്ട ചൂണ്ടു വിരൽ വിറച്ചു
“ചേട്ടൻ ഈ കാര്യത്തിൽ എന്തിനാ ഇടപെടുന്നത്? ഉം? അവളാരാ എന്താ എന്നൊക്ക ഞാൻ പറയും. കല്യാണം ആകുമ്പോ..അത് വരെ ഫോളോ ചെയ്യരുത്..അത് വേണ്ട.. ഇത്രയും വർഷം ഞാൻ ഒരു പെണ്ണിനെ കുറിച്ചും ആലോചിച്ചിട്ടില്ല. പഠിച്ചു കൊണ്ടിരിക്കുന്ന സമയവും അതിനു ശേഷവും ചേട്ടനും മറ്റുള്ള ചേട്ടൻമാർക്കും വേണ്ടിയാ ഞാൻ …ഇനി എനിക്കു വേണ്ടി ഞാൻ ജീവിക്കട്ടെ അവളെ ഓർക്കരുത്…എന്റെ പെണ്ണാ അത്..എന്റെ ചേട്ടന് ഓർക്കാൻ ഉള്ളതല്ല. ഒരു കൊച്ചു പെണ്ണാ ചേട്ടാ അത്..ഒരു പാവം.. അവളെ ഓർക്കരുത്..എന്റെ പെണ്ണിനെ മറ്റൊരുത്തൻ ഓർക്കുന്ന പോലും എനിക്കു ഇഷ്ടമല്ല…അതേതവൻ ആണെങ്കിൽ കൂടി..വേണ്ടാ “
അവന്റെ മുഖം വീണ്ടും മാറി
ഷെല്ലി എഴുന്നേറ്റു പോയി
ചാർലി ഫോൺ എടുത്തു. ഒന്ന് രണ്ടു നമ്പർ ഡയൽ ചെയ്തു. കുറച്ചു സംസാരിച്ചു. പിന്നെ വാട്സാപ്പ് നോക്കി
“ഇച്ചാ കഴിച്ചോ “
അവൻ മെല്ലെ പുഞ്ചിരിച്ചു
“ഇച്ചാ പിന്നെ ഞങ്ങളുടെ പൂച്ച പ്രസവിച്ചു
അഞ്ച് കുഞ്ഞുങ്ങൾ.. പിക് അയയ്ക്കെ..”
ഫോട്ടോസ് വരുന്നത് അവൻ നോക്കിയിരുന്നു
“എല്ലാം പെണ്ണ് ആണെന്നാ തോന്നുന്നേ..”
അവൻ ഉം എന്ന് ടൈപ്പ് ചെയ്തു
“അമ്മ പൂച്ചേ കാണാനില്ല ട്ടോ”
“സാറ?”
“എന്തെ?”
“നിന്റെ ഒരു പിക് അയച്ചേ..”
ഫോട്ടോ വന്നു
വെളുത്ത തുണിയിൽ കറുപ്പ് പൂക്കൾ ഉള്ള ഉടുപ്പ്. ഒരു കുഞ്ഞ് കുട്ടി. അവൻ വാത്സല്യത്തോടെ അത് നോക്കിയിരുന്നു
“ഇച്ചാ?”
“പറ “
“നാളെ വരുമോ”
“അറിയില്ല “
“വന്ന എങ്ങനെ കാണും”
“കാണാം “
“ഇച്ചാക്ക് വയ്യല്ലോ “
“നീ എന്റെ വീട്ടിൽ തന്നെ അല്ലെ ദിവസവും വരുന്നത്?”
“ആ “
“അപ്പൊ കാണാമെടി “
“ഉം “
“മോള് ഉറങ്ങിക്കോ ട്ടോ “
“ആ ഗുഡ്നെറ് “
ഗുഡ്നെറ് “
അവൻ അത് മുഴുവൻ ഡിലീറ്റ് ചെയ്തു
കോൺടാക്ട്ടും ഡിലീറ്റ് ചെയ്തു
മൂന്ന് ദിവസം കഴിഞ്ഞു പറയാമെന്നു പറഞ്ഞെങ്കിലും അവൾ ഇത് വരെ പറഞ്ഞില്ല. അവൻ ചോദിച്ചുമില്ല. ഇനി ചോദിക്കണ്ടന്ന് അവന് അറിയാം. അവൻ ഫോൺ ടേബിളിൽ വെച്ചു
“ഷെല്ലി പോയോ?” സ്റ്റാൻലി മുറിയിലേക്ക് വന്നു
“പോയി “
“അപ്പ മുറിയിൽ പോയി കിടന്നോ ഞാൻ തനിച്ചു കിടന്നോളാം “
“അത് സാരമില്ലടാ ഇവിടെ ഒരു ബെഡ് കൂടെ ഉണ്ടല്ലോ. ഞാൻ ഇവിടെ കിടന്നോളാം “
സ്റ്റാൻലി കിടക്കയിൽ ഇരുന്നു
“അപ്പ ഞാൻ അന്ന് ദേഷ്യപ്പെട്ടു. സോറി അപ്പ “
സ്റ്റാൻലി മെല്ലെ ഒന്ന് ചിരിച്ചു
“ആ കൊച്ചിനെ കാണാൻ പറ്റാത്ത ദേഷ്യം അല്ലാരുന്നോ നിനക്ക്? ഇപ്പൊ നോക്കിക്കെ എത്ര ദിവസമായി?”
അവന്റെ മുഖം ചുവന്നു
“ഷെല്ലി ചേട്ടൻ ഇന്ന് കുറച്ചു ഭീഷണി…ഒക്കെയായിട്ട് “
പിന്നെ അവൻ നടന്നത് മുഴുവൻ പറഞ്ഞു. സ്റ്റാൻലി എല്ലാം കേട്ടു
“നീ ശരിക്കും കാര്യമായിട്ടാണോ?”
“അതെ “
“ആ കൊച്ചോ?”
“ഒന്നും പറഞ്ഞിട്ടില്ല “
“ആരും അറിയാതിരിക്കുന്നതാണ് അതിനു നല്ലത്. ഇവരെ വിശ്വസിക്കാൻ വയ്യ “
അവൻ ഒന്നും മിണ്ടിയില്ല
“നീ കുടുബത്ത് നിൽക്കുന്നത് അപ്പന് സന്തോഷം ആണെടാ…”
അവൻ ലൈറ്റ് അണച്ചു. കണ്ണുകൾ അടച്ചു
ഇച്ചാ…കുഞ്ഞ് ഒരു വിളിയോച്ച
എന്റെ ഇച്ചായൻ അല്ലെ
ച- ട്ടമ്പി, തെ- മ്മാടി, ദു- ഷ്ടൻ
അവന് ചിരി വന്നു
കുഞ്ഞ് വാവയെ പോലെ പുഞ്ചിരി തൂകുന്ന മുഖം ഉള്ളിൽ തെളിഞ്ഞു. അവൻ ഒന്ന് തിരിഞ്ഞു കിടന്നു
തുടരും…