കർമ…
എഴുത്ത്: ദേവാംശി ദേവ
===================
“കരുണ..എന്താ നിന്റെ ഉദ്യേശം.”
“ഏടത്തി..എനിക്ക്..എനിക്ക് ഒട്ടും പറ്റാഞ്ഞിട്ട് ആണ്..ദയവ് ചെയ്ത് എന്നെ മനസിലാക്കണം.” പറയുമ്പോൾ കരുണ കരഞ്ഞു പോയിരുന്നു.
“നിർത്തടി നിന്റെ കള്ള കണ്ണീര്. നിന്റെ ഏട്ടന്റെ ഭാര്യയായി ഈ വീട്ടിൽ വന്നു കയറിയ അന്നുമുതൽ നിന്നെ കൊണ്ട് ഞാൻ അനുഭവിക്കുന്നതാ.
കുട്ടികാലത്തെ അച്ഛനും അമ്മയും മരിച്ചുപോയതാ, ഏട്ടൻ വളർത്തിയതാ എന്നൊക്കെ പറഞ്ഞ് നിന്റെ വേലക്കാരിയെ പോലെയാ ഞാൻ ഇതിനകത്ത് ജീവിച്ചത്. നിന്റെ ഏട്ടന് എന്നും നീ കഴിഞ്ഞെ ആരും ഉള്ളു. അത് ഭാര്യ ആണെങ്കിലും മക്കൾ ആണെങ്കിലും. നിന്റെ കല്യാണം കഴിഞ്ഞപ്പോൾ ഞാനൊന്ന് ആശ്വസിച്ചതാ..ഇനിയെങ്കിലും സ്വസ്ഥമായി ജീവിക്കാമല്ലോ എന്ന്. അപ്പോഴാ..മൂന്നു മാസം പോലും തികയും മുൻപേ കെട്യോനോട് പിണങ്ങി വന്നേക്കുന്നത്.”
“ഏടത്തി ദയവ് ചെയ്ത് എന്നെ മനസിലാക്കണം. എനിക്ക് ഒട്ടും പറ്റാഞ്ഞിട്ടാ..”
“ദാമ്പത്യ ജീവിതമാകുമ്പോൾ അങ്ങനെ തന്നെയാണ്. കുറച്ച് പൊട്ടലും ചീറ്റലുമൊക്കെ കാണും..അല്ലാതെ സിനിമയിലും സീരിയലിലുമൊക്കെ കാണുമ്പോലെ അല്ല.”
“അതൊക്കെ എനിക്ക് അറിയാം ഏടത്തി. പക്ഷെ ഇത് അങ്ങനെയല്ല.
ഓരോ ദിവസവും അമ്മക്കും മോനും ഓരോ ആവശ്യങ്ങളാ..അതൊന്നും എന്റെ ഏട്ടനെ കൊണ്ട് കൂട്ടിയാൽ കൂടില്ലെന്ന് അറിയാവുന്നത് കൊണ്ട് എല്ലാം സഹിച്ചും ക്ഷമിച്ചും തന്നെയാ ഞാൻ ജീവിച്ചത്. പക്ഷെ ഇപ്പോ വീട് വെയ്ക്കാൻ അഞ്ചു ലക്ഷം രൂപ വേണമെന്ന് പറഞ്ഞാ ബഹളം. അതിന്റെ പേരിൽ എന്നെ ഉപദ്രവിക്കുന്നുമുണ്ട്.”
“അപ്പോ അതാണ് കാര്യം. ഏട്ടന്റെ കൈയ്യിൽ നിന്ന് പണം ഊറ്റാനുള്ള വിദ്യയാണ് ഇതൊക്കെ അല്ലേ..”
“അയ്യോ..അങ്ങനെ അല്ല..”
“നിർത്തെടി നിന്റെ പഞ്ചപാവം ചമയൽ. കൃഷ്ണേട്ടൻ വരും മുൻപേ നീ ഇവിടുന്ന് ഇറങ്ങണം. ഇല്ലെന്നുണ്ടെങ്കിൽ നിന്റെ മുന്നിൽ കത്തി ചാമ്പലാകും ഞാനും എന്റ്റെ മക്കളും.”
സുമ ഉറഞ്ഞു തുള്ളിയപ്പോൾ മറ്റൊന്നും പറയാൻ നിൽക്കാതെ ബാഗും എടുത്ത് കരുണ ആ പടി ഇറങ്ങി. ഭർത്താവിന് അനിയത്തിയോടുള്ള അമിതമായ സ്നേഹം എന്നും സുമയെ ദേഷ്യം പിടിപ്പിച്ചിട്ടേയുള്ളൂ. ആ ദേഷ്യം മുഴുവൻ കരുണ ഇറങ്ങിയതും വാതിൽ വലിച്ചടച്ച് സുമ തീർത്തു.
മൂന്നു ദിവസങ്ങൾക്ക് ശേഷമുള്ളൊരു അർദ്ധരാത്രി..ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് കൃഷ്ണനും സുമയും ഉണർന്നത്.
“ഹലോ..”
“കൃഷ്ണനല്ലെ..”
“അതേ..നിങ്ങൾ ആരാ..”
“ഞാൻ ടൗൺ സ്റ്റേഷൻ എസ് ഐ ആണ്. നിങ്ങളുടനെ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ വരെ വരണം. നിങ്ങളുടെ അനിയത്തിയെ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്.”
“അയ്യോ സാറെ എന്റെ കുഞ്ഞിന് എന്താ പറ്റിയത്.” കൃഷ്ണന്റെ ശബ്ദമൊരു നിലവിളിയായി മാറി.
“നിങ്ങൾ വേഗം വരൂ..വന്നിട്ട് സംസാരിക്കാം.”
“എന്താ കൃഷ്ണേട്ടാ..എന്താ പറ്റിയത്.” കൃഷ്ണന്റെ പരിഭ്രാന്തി കണ്ട് സുമ പേടിയോടെ ചോദിച്ചു.”
“കരുണമോൾ മെഡിക്കൽ കോളേജിലാണെന്ന്..എന്തുപറ്റിയോ എന്റെ കുഞ്ഞിന്.”
കൃഷ്ണന്റെ മറുപടി കേട്ടപ്പോൾ സുമക്ക് ദേഷ്യമാണ് വന്നത്. അവൾക്ക് സുഖമില്ലെങ്കിൽ അവളുടെ ഭർത്താവില്ലേ കൂടെ..ഈ പാതിരാത്രി ഇങ്ങനെ ഇറങ്ങി ഓടേണ്ട കാര്യമുണ്ടോ..
എന്ന് അവൾ മനസ്സിൽ ചിന്തിച്ചെങ്കിലും കൃഷ്ണനോടതാ അത് തുറന്നു ചോദിക്കാനുള്ള ധൈര്യം സുമക്കില്ലായിരുന്നു.
കുഞ്ഞുങ്ങളുടെ അടുത്തുള്ളൊരു ബന്ധുവീട്ടിൽ ആക്കിയ ശേഷം ഓട്ടോയിൽ കൃഷ്ണനൊപ്പം സുമയും ഹോസ്പിറ്റലിലേക്ക് പോയി.
“നിങ്ങളാണോ കൃഷ്ണൻ..”
“അതേ സാറെ..ഞാനാ കൃഷ്ണൻ..എന്റെ കുഞ്ഞെവിടെ..എന്താ അവൾക്ക് പറ്റിയത്.”
“മിസ്റ്റർ കൃഷ്ണൻ നിങ്ങൾ പറയുന്നത് സമാധാനത്തോടെ കേൾക്കണം..കരുണ…കരുണ ആ- ത്മഹത്യ ചെയ്തു.”
ഒരു ഞെട്ടലോടെയാണ് കൃഷ്ണനും സുമയും അത് കേട്ടത്.
“എസ്ക്യൂസ് മീ സർ..” ഒരു ഡോക്ടർ അവരുടെ അടുത്തേക്ക് വന്നു.
“പ്രാഥമിക പരിശോധനയിൽ ആ കുട്ടിയുടേത് ആ- ത്മഹത്യയാണെന്ന് തോന്നുന്നില്ല..
കാരണം ആ കുട്ടി രണ്ടു ദിവസമായി ആഹാരം കഴിച്ചിട്ടില്ലെന്ന് തോന്നുന്നു.
മാത്രമല്ല അതിന്റെ ശരീരം മുഴുവൻ ആരോ മർദ്ധിച്ചതിന്റെയും പൊള്ളിച്ചതിന്റെയും പാടുകളാണ്. കൂടാതെ ക്രൂ- രമായി ബ! ലാത്സം- ഗം ചെയ്യപെട്ടിട്ടും ഉണ്ട്. ഇങ്ങനെയൊരു അവസ്ഥയിൽ ഒരു പെൺകുട്ടിക്ക് എഴുന്നേറ്റ് നിന്ന് കെട്ടിതൂങ്ങാനുള്ള ആരോഗ്യമൊന്നും കാണില്ല..കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം പറയാം.”
ഡോക്ടർ നടന്നു പോയതും ഒരു സ്ട്രക്ച്ചറിൽ കരുണയുടെ ബോഡി കൊണ്ടുവന്നു..അതു കണ്ടതും കൃഷ്ണൻ ബോധം മറഞ്ഞ് താഴേക്ക് വീണു.
**********************
“അമ്മേ…വന്നേ…ഇവിടെ വന്നിരിക്ക്.”
ഏറെ നേരമായി ICU വിനു മുൻപിൽ ചുമരിൽ ചാരി നിന്ന സുമയെ മകൻ അനൂപിന്റെ ഭാര്യ കാർത്തിക പിടിച്ച് കസേരയിലേക്ക് ഇരുത്തി.
“ഇങ്ങനെ കരയല്ലേ അമ്മേ..നമ്മുടെ അമ്മുവിന്റെ ജീവൻ തിരികെ കിട്ടിയില്ലേ..അതുപോരെ നമുക്ക്. ഇനിയുള്ള കാലം മുഴുവൻ പൊന്നുപോലെ നോക്കാം നമുക്ക് അവളെ.”
ഒരു നിമിഷം സുമ, കാർത്തികയെ തന്നെ നോക്കിയിരുന്നു.
ഈ പെൺകുട്ടിക്ക് ചിന്തിക്കാൻ കഴിഞ്ഞതുപോലെ വർഷങ്ങൾക്ക് മുൻപ് തനിക്കും ചിന്തിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആ സമയം സുമക്ക് തോന്നി.
കരുണയുടെ മരണത്തിൽ കൃഷ്ണൻ അവളുടെ ഭർത്താവിനെതിരെ പരാതി കൊടുത്തു..കേസ് കോടതിയിൽ നടക്കവേ രണ്ട് വർഷങ്ങൾക്ക് ശേഷം ഒരു അറ്റാക്കിന്റെ രൂപത്തിൽ കൃഷ്ണനും പോയി..പിന്നെ കേസിന്റെ പുറകെ നടക്കാൻ ആരും ഇല്ലാത്തുകൊണ്ട് തന്നെ കരുണയുടെ ഭർത്തവും വീട്ടുകാരും രക്ഷപെട്ടു
കൃഷ്ണൻ പോയ ശേഷം വളരെ കഷ്ടപ്പെട്ടാണ് സുമ അനൂപിനെയും അമ്മുവിനെയും വളർത്തിയത്.
ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അമ്മു ഒരു ചെറുപ്പക്കാരനുമയി ഇഷ്ടത്തിൽ ആണെന്ന് അറിയുന്നത്. അവനെക്കുറിച്ച് അന്വേഷിച്ച അനൂപ് അവന്റെ സ്വഭാവം ശരിയല്ലെന്ന് പല പ്രാവശ്യം പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാതെ അവൾ അവനോടൊപ്പം ഇറങ്ങി പോയി..
എന്നാൽ ഒരു വർഷം പോലും ആ ദാമ്പത്യത്തിന് ആയുസ്സ് ഉണ്ടായിരുന്നില്ല..അവന്റെയും വീട്ടുകാരുടെയും പീ! ഡനം സഹിക്കാൻ കഴിയാതെ ഇരുനില വീടിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി ആ! ത്മഹ ത്യക്ക് ശ്രെമിച്ചു അമ്മു.
എന്നാൽ മരണം അവളെ കൊണ്ടുപോയില്ല..നട്ടല്ലിനു കാര്യമായ പരുക്കേറ്റതിനാൽ എഴുന്നേൽക്കാനോ സ്വയം ശരീരമൊന്ന് അനക്കാനോ അവൾക്ക് കഴിയില്ലെന്ന് ഡോക്ടർ വിധി എഴുതി.
ഓരോന്ന് ഓർക്കേ സുമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“കരയല്ലേ അമ്മേ..” കാർത്തിക അവരെ ചേർത്തു പിടിച്ചു.
ആരൊക്കെ സമാധാനിപ്പിച്ചാലും തന്റെ കണ്ണുനീർ ഇനി തോരില്ലെന്ന് സുമക്ക് അറിയാമായിരുന്നു. താൻ ചെയ്തുപോയ പാപത്തിന് തന്റെ മകളിലൂടെ കാലം തനിക്ക് നൽകിയ ശിക്ഷയാണ് ഇത്..തന്റെ മരണം വരെ തന്റെ മകളുടെ അവസ്ഥ കണ്ട് താനിനി ഉരുകി തീരണമെന്ന് അവർക്ക് ഉറപ്പായിരുന്നു.