കൂടെ വരാൻ ഇറങ്ങിയതാ, വേണ്ടെന്ന് ഞാൻ തന്നെയാ പറഞ്ഞത്. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല…

അറിയാത്ത ബന്ധങ്ങൾ…
എഴുത്ത്: ദേവാംശി ദേവ
===================

തറവാട്ടുമുറ്റത്തേക്ക് കാർ ചെന്ന് നിന്നപ്പോൾ മുറ്റത്ത് കൂടി നിന്നവരെല്ലാം അങ്ങോട്ടേക്ക് നോക്കി..ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി വരുന്ന എന്നെ കണ്ടതും പല കണ്ണുകളിലും പല ഭാവങ്ങളായിരുന്നു..ചിലർക്ക് അത്ഭുതം മറ്റുചിലർക്ക് അവിശ്വാസം മറ്റു ചിലർക്ക് പുച്ഛം.

ആരെയും നോക്കാതെ ഞാൻ അകത്തേക്ക് നടന്നു..ഉമ്മറപടികൾ കയറി അകത്തേക്ക് ചെന്നപ്പോൾ തന്നെ എന്റെ കണ്ണുകൾ ആദ്യം തേടി ചെന്നത് ഉമ്മറത്തെ ചുമരിലെ അമ്മയുടെ ചിത്രത്തിലേക്ക് ആയിരുന്നു..

അതവിടെ ഉണ്ടായിരുന്നില്ല..പ്രതീക്ഷിച്ചത് ആയിരുന്നതുകൊണ്ട് വലിയ അത്ഭുതവും തോന്നിയില്ല.

ഹാളിൽ അമ്മായിയുടെ കരച്ചിൽ കേൾക്കുന്നുണ്ട്. അങ്ങോട്ടേക്ക് ചെന്നപ്പോൾ കണ്ടു…ഹാളിന് നടുവിലായി അമ്മാവന്റെ ശരീരം കിടത്തിയേക്കുന്നത്..

അമ്മായിയും ബന്ധുക്കളും ഒരുവശത്തുണ്ട്..എന്നെ കണ്ടതും കരച്ചിലിന്റെ ശബ്ദം കൂടി..എങ്കിലും ആ ഭാഗത്തേക്ക് നോക്കാനെ പോയില്ല..അമ്മാവന്റെ കാൽക്കൽ ചെന്ന് അവസാനമായി ആ കാലു തൊട്ടു വന്ദിച്ചു..എത്ര പിടിച്ചു നിർത്താൻ ശ്രെമിച്ചിട്ടും കഴിയാതെ രണ്ടുതുള്ളി കണ്ണുനീർ ആ കാൽക്കലേക്ക് വീണു.

ഒരിക്കൽ ഒറ്റപ്പെട്ടുപോയവൾക്ക് കൈ താങ്ങ് ആയ മനുഷ്യൻ.

തിരികെ തറവാടിന്റെ പടികൾ ഇറങ്ങുമ്പോൾ കണ്ടു അമ്മാവന്റെ മകൻ വിനോദിനെ..അച്ഛൻ മരിച്ചു കിടക്കുന്ന സമയത്തും കൂട്ടുകാരോടൊത്ത് കുടിച്ചു കൂ- ത്താടി ശരീരത്തിലേക്ക് കു-ത്തി കയറുന്ന നോട്ടവുമായി നിൽക്കുന്നവനെ..കൊ- ല്ലാനുള്ള ദേഷ്യം തോന്നിയെങ്കിലും ഒന്നും മിണ്ടാതെ ഞാനാ പടിയിറങ്ങി..എന്നെന്നേക്കുമായി.

“മോള് പോകുവാണോ..ചടങ്ങൊക്കെ കഴിഞ്ഞിട്ട് പോയാൽ പോരേ..” അടുത്ത വീട്ടിലെ മാമനാണ്..അമ്മാവന്റെ കൂട്ടുകാരൻ.

“പോകുവാണ് മാമാ..അവസാനമായി ഒന്ന് കാണണമെന്നു ഉണ്ടായിരുന്നു..എന്തായാലും അത് നടന്നല്ലോ..”

“ഹരീന്ദ്രൻ..”

“കൂടെ വരാൻ ഇറങ്ങിയതാ..വേണ്ടെന്ന് ഞാൻ തന്നെയാ പറഞ്ഞത്..അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല.”

“അത് തന്നെയാ ശരി..തറവാട് അടുത്താഴ്ച ജെപ്തി ചെയ്യും. അതറിഞ്ഞപ്പോ തളർന്നു വീണതാ അനി. എല്ലാം വിനോദിന്റെ തോന്നിവാസങ്ങളാ..എല്ലാത്തിനും കൂട്ടു നിന്നത് സുമംഗലയും..ഇപ്പോ അവൾക്ക് ആരും ഇല്ലാതായി..പോകാനൊരിടവും ഇല്ല. വിനോദ് മുഖ്യ ദിവസവും വീട്ടിൽ വരാറില്ല..ഒരു കേസിന്റെ റിമാൻഡ് കഴിഞ്ഞ് രണ്ടാഴ്ച മുൻപ് ഇറങ്ങിയതേയുളളു.” ഒന്നും മിണ്ടാതെ എല്ലാം കേട്ടു നിന്നു.

“പോകാൻ തീരുമാനിച്ച സ്ഥിതിക്ക് ഇനി വൈകിക്കേണ്ട..മോള് പൊയ്ക്കോ.”

തിരികെ വീട്ടിലേക്ക് തിരിച്ചെങ്കിലും മനസ്സ് ആ തറവാട്ട് മുറ്റത്തു തന്നെ കുടുങ്ങി കിടക്കുകയിരുന്നു..

അത്യാവശ്യം സ്വത്തുവകകളൊക്കെയുള്ള തറവാട് ആയിരുന്നു എന്റെ അമ്മ അരുന്ധതിയുടേത്. അമ്മയുടെ ഏക സഹോദരനായിരുന്നു അനിരുദ്ധൻ എന്ന തന്റെ അനിമാമ..

സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം. അമ്മയുടെ അടുത്ത കൂട്ടുകാരിയായിരുന്നു സുമംഗല. അനിമാമയോട് തന്റെ കൂട്ടുകാരിക്ക് പ്രത്യേകിച്ചൊരിഷ്ടമുണ്ടെന്ന് മനസിലാക്കിയപ്പോൾ അമ്മതന്നെ മുൻകൈ എടുത്ത് ആ വിവാഹം നടത്തി കൊടുത്തു..പിന്നീട് അമ്മയുടെ വിവാഹവും ആഡംബരപൂർവം തന്നെ നടന്നു..

എനിക്ക് പതിനഞ്ച് വയസായപ്പോയാണ് അമ്മ മരിക്കുന്നത്. എന്ത് അസുഖം വന്നാലും നിസാരമായി മാത്രം കാണുന്ന അമ്മക്ക് മഞ്ഞപിത്തത്തിനു മുൻപിൽ തോറ്റു കൊടുക്കേണ്ടി വന്നു. രണ്ടു വർഷം കഴിഞ്ഞപ്പോൾ അച്ഛൻ വേറെ വിവാഹം കഴിച്ചു. അതോടെ അമ്മയുടെ സ്നേഹം മാത്രം അറിഞ്ഞു വളർന്ന ഞാൻ രണ്ടാനമ്മയുടെ ദ്രോഹവും അറിയാൻ തുടങ്ങി..കാര്യങ്ങളൊക്കെ മനസിലാക്കിയപ്പോൾ അമ്മാവൻ എന്നെ തറവാട്ടിലേക്ക് കൊണ്ടു വന്നു.

തന്റെ ഭർത്താവിന്റെ സഹോദരിയുടെ, തന്റെ അടുത്ത കൂട്ടുകാരിയുടെ, തനിക്കൊരു ജീവിതം തന്നവളുടെ മകൾ..അച്ഛനും അമ്മയും നഷ്ടപ്പെട്ട് മുന്നിൽ വന്നു നിൽക്കുന്നു എന്നൊന്ന് ചിന്തിക്കുക കൂടിചെയ്യാതെ അമ്മായി എന്നെ ആ വീട്ടിലെ വേലക്കാരിയാക്കി മാറ്റി..ആദ്യമൊക്കെ അമ്മാവൻ എതിർത്തിരുന്നു..പിന്നീട് എന്റെ പേര് ചൊല്ലി അവരുടെ ജീവിതത്തിലെ സ്വസ്ഥത നഷ്ടപെടുന്നു എന്ന് തോന്നിയത് കൊണ്ടാകാം പതിയെ പതിയെ അമ്മാവനും ഒന്നും മിണ്ടാതായി.

************************

തുറന്നിട്ട ഗേറ്റിലൂടെ കാർ പോർച്ചിലേക്ക് കയറുമ്പോൾ കണ്ടു വരാന്തയിലെ ചാരുകസേരയിൽ ഇരുന്ന് ഏതോ പുസ്തകം വായിക്കുന്ന ഹരീദ്രൻ എന്ന മനുഷ്യനെ..

കാറിൽ നിന്നും ഇറങ്ങി ഒരു നിമിഷം അദ്ദേഹത്തെ തന്നെ നോക്കി നിന്നു.

“കുട്ടി നേരത്തെ ഇങ്ങ് പോന്നു അല്ലേ..” ആ മനുഷ്യന്റെ ചോദ്യമാണ് എന്നെ ഉണർത്തിയത്.

“അതല്ലേ നല്ലത്.” തിരിച്ചൊരു മറു ചോദ്യം ചോദിച്ചു.

“അല്ലേ എന്ന് ചോദിച്ചാൽ….ആണ്. എങ്കിലും…”

“എങ്കിലും തെറ്റായ് പോയി എന്നല്ലേ പറയുന്നത്.”

“തീർത്തും പറയുന്നില്ല..”

“തെറ്റായിരിക്കാം..എങ്കിലും എനിക്കിതാണ് ശരി. അവസാനമായി അമ്മാവനെയൊന്ന് കാണാൻ പോയി..അത് മാത്രം മതി.”

“കുട്ടി വരാൻ താമസിക്കുമെന്ന് കരുതി ഞാൻ എനിക്ക് മാത്രമേ കട്ടൻ തിളപ്പിച്ചുള്ളൂ. കുട്ടിക്കുള്ളത് ഇപ്പോ എടുക്കാം.”

“ഞാൻ എടുത്തോളാം.”

“അതുവേണ്ട..ഇത്രയും ദൂരം കാറ് ഓടിച്ചു വന്നതല്ലേ..ഞാൻ എടുത്തിട്ട് വരാം.” അദ്ദേഹം അകത്തേക്ക് പോയി..എന്റെ ഓർമകൾ ഭൂതകാലത്തിലേക്കും.

പ്ലസ് ടു കഴിഞ്ഞ് അമ്മായിയുടെ നിർബന്ധം കാരണം പഠിത്തം നിർത്തി പൂർണമായും ആ വീട്ടിലെ ജോലിക്കാരിയായി മാറിയ സമയം.

ആ സമയത്താണ് നാട്ടിലെ വില്ലേജ് ഓഫീസിലേക്ക് പുതിയ വില്ലേജ് ഓഫീസർ സ്ഥലം മാറി വന്നത്.

ഹരീന്ദ്രൻ. അവിവാഹിതൻ..തറവാടിനടുത്തുള്ള വീട്ടിൽ താമസം.

അദ്ദേഹത്തിനുള്ള ആഹാരം വീട്ടിൽ നിന്നും കൊടുക്കാമെന്ന് അമ്മായി ഏറ്റു.

വേണ്ടെന്നും ഹോട്ടലിൽ നിന്നും കഴിക്കാമെന്നും അദ്ദേഹം പറഞ്ഞിട്ടും കേൾക്കാതെ തറവാട്ടിൽ നിന്നും തന്നെ ആഹാരം കൊടുത്തു തുടങ്ങി. മാസം നല്ലോരു തുക ആഹാരത്തിന് അദ്ദേഹം നൽകി.

രാവിലെയും രാത്രിയും ഭക്ഷണം കൊണ്ട് കൊടുക്കേണ്ട ജോലി എനിക്കായിരുന്നു..അങ്ങനെയാണ് അദ്ദേഹവുമായി പരിചയപെടുന്നത്. തന്നേക്കാൾ ഇരുപത് വയസോളം മുതിർന്നയാൾ.

ഒരുപാട് വായിക്കുന്ന അദ്ദേഹം എനിക്കും വായിക്കാൻ പുസ്തകങ്ങൾ നൽകി. ആളുടെ നാടിനെ പറ്റിയും അമ്മകൂടി മരിച്ചതോടെ ഒറ്റപെട്ടുപോയ വീടിനെ പറ്റിയും ജോലിയെ പറ്റിയും ജോലി ചെയ്‌ത സ്ഥലങ്ങളെ പറ്റിയുമൊക്കെ സംസാരിച്ചു.

അമ്മായി എന്നോട് കാണിക്കുന്ന ദ്രോഹങ്ങൾ അറിഞ്ഞപ്പോൾ പ്രതികരിക്കാൻ പ്രേരിപ്പിച്ചു.

പഠനം നിർത്തിയത് അറിഞ്ഞപ്പോൾ പഠിക്കാൻ നിർബന്ധിച്ചു.

തന്റെ സങ്കടങ്ങളെല്ലാം പറയാനൊരു കേൾവിക്കാരൻ തന്നെയായിരുന്നു ആ മനുഷ്യൻ.

അമ്മാവനും അമ്മായിയും അമ്മായിയുടെ വീട്ടിൽ പോയൊരു രാത്രി മ- ദ്യപിച്ചുവന്ന അമ്മാവന്റെ മകനും കൂട്ടികാരും പി- ച്ചി ചീ- ന്താൻ വന്നപ്പോൾ രക്ഷയ്ക്ക് എത്തിയതും ആ മനുഷ്യൻ തന്നെയായിരുന്നു.

“എനിക്ക് സ്ഥലമാറ്റമായി..ഒരാഴ്ചക്കൂടി കഴിഞ്ഞാൽ ഇവിടുന്ന് പോകണം..അത് സാരമില്ല..ഒരാഴ്ച ലീവ് എടുക്കാം..കുട്ടിക്ക് ഇഷ്ടമാണെങ്കിൽ എന്റെ കൂടെ വരാം..എന്റെ മരണം വരെ ഞാൻ കാണും കുട്ടിക്ക്.”

പിന്നീട് ഒന്നും ചിന്തിക്കാൻ ഇല്ലായിരുന്നു. ആ രാത്രി തന്നെ കൂടെ ഇറങ്ങി. അതോടെ നാട്ടിൽ മുഴുവൻ ഞാൻ അദ്ദേഹത്തിന്റെ കൂടെ ഒളിച്ചോടി പോയി എന്ന് പാട്ടായി..

അതൊന്നും ശ്രദ്ധിക്കാൻ പോയില്ല. അമ്മാവനോ അമ്മായിയോ പരാതിയൊന്നും കൊടുക്കാത്തതുകൊണ്ട് കൂടുതൽ അന്വേഷണം ഒന്നും ഉണ്ടായില്ല.

പുതിയ സ്ഥലത്ത്, പുതിയ വീട്ടിൽ താമസം..തുടർപഠനം..

ആഗ്രഹിച്ചതുപോലെ തന്നെ ഒരു ബാങ്ക് ഉദ്യോഗസ്ഥയുമായ്..

“കുട്ടി..ദാ ഈ കട്ടൻചായ കുടിക്കു.” ഒരു ഗ്ലാസ് തന്റെ നേർക്ക് നീട്ടി നിൽക്കുന്ന ഹരീന്ദ്രൻ എന്ന് മനുഷ്യൻ.

ആരാണ് തനിക്ക് അയാൾ..

ഒരു താലി ചരടിനാലോ നിയമപരമായൊരു ഒപ്പിനാലോ എന്നെ അദ്ദേഹം തളച്ചിട്ടിട്ടില്ല. ഒരു മുറിയിൽ ഒരുമിച്ച് ഉറങ്ങിയയിട്ടില്ല..എന്റെ ആഗ്രഹങ്ങൾക്ക് തടസം നിൽക്കുകയോ അഭിപ്രായങ്ങൾ എന്നിലേക്ക് അടിച്ചേൽപ്പിക്കുകയോ ചെയ്തിട്ടില്ല..

ആരാണ് ഈ മനുഷ്യൻ തനിക്ക്..

പുനർജ്ജന്മം തന്ന പിതാവോ…വിഷമങ്ങളിൽ കൂടെ നിൽക്കുന്ന കൂടപിറപ്പോ..ആവലാതികൾ പങ്കുവെയ്ക്കാവുന്ന സുഹൃത്തോ..പനിച്ചൂടിൽ ചുട്ട് പൊള്ളുമ്പോൾ ഉറങ്ങാതെ കൂട്ടിരിക്കൂന്ന അമ്മയോ..ജീവിതം പങ്കുവെയ്ക്കുന്ന പങ്കാളിയോ…

ആരാണ് തനിക്ക് ഇയാൾ..

പേരറിയാത്ത….നിർവചിക്കാൻ കഴിയാത്തൊരു ബന്ധം..അതാണയാൾ..തൻെറ മാത്രം ഹരീന്ദ്രൻ…