പ്രണയ പർവങ്ങൾ – ഭാഗം 24, എഴുത്ത്: അമ്മു സന്തോഷ്

“എന്റെ ഫോൺ കണ്ടോ മമ്മി?’

കുറെ നേരമായി അവൾ അത് തിരഞ്ഞു നടക്കുന്നു

“മേശപ്പുറത്ത് എടുത്തു
വെച്ചാരുന്നല്ലോ ” മേരി പറഞ്ഞു

“കണ്ടില്ലല്ലോ മമ്മി ശരിക്കും ഓർത്തു നോക്കിക്കേ മേശപ്പുറത്ത് തന്നെ ആണോ വെച്ചത്?”

“മോളെ നീ പോയപ്പോ കട്ടിലിൽ കിടക്കുവാരുന്നു. ഞാൻ അതെടുത്തു എവിടെയോ വെച്ചു നീ ഒന്ന് വിളിച്ചു നോക്കിക്കേ,

“ഞാൻ വിളിച്ചു നോക്കി. എനിക്ക് തോന്നുന്നു മൊബൈൽ ഓഫ്‌ ആണെന്ന്. ശോ കാണുന്നില്ല “

“എന്റെ കുഞ്ഞേ നീ അവിടെയൊക്കെ നോക്കിക്കെ. എനിക്കു ജോലിയുണ്ടെന്ന്” മേരി അസഹിഷ്ണുതയോട് പറഞ്ഞു.

സാറ അവിടെ മുഴുവൻ തിരഞ്ഞു. ഒന്നര ദിവസം ആയി മൊബൈൽ കൈ കൊണ്ട് തൊട്ടിട്ടു. പള്ളിയിൽ പോകുമ്പോൾ സാധാരണ അവൾ അത് കൊണ്ട് പോകില്ല. അന്ന് ചാർളിയെ വിളിക്കാനുള്ള കൊണ്ട് കൊണ്ട് പോയതാ, അവന്റെ വീട് നിറഞ്ഞ ആളിനെ അവൾ നേരിട്ട് കാണുകയും ചെയ്തു. പിന്നെ അവനെ വിളിച്ച അവനൊരു ബുദ്ധിമുട്ട് ആയാലോന്നു കരുതിയ അവൾ ഫോൺ നോക്കാഞ്ഞത് പോലും…പക്ഷെ ക്രിസ്മസ്ന്റെ അന്ന് പാലായ്ക്ക് പോവാണെന്നും അഞ്ചാറ് ദിവസം കഴിഞ്ഞേ വരുവുള്ളു. എന്നും അവനോട് പറയണമെന്നുണ്ടായിരുന്നു അവൾക്ക്. ഇല്ലെ പിന്നെ അത് മതി വഴക്കിന്. ചാർളിക്ക് എപ്പോഴാണ് ദേഷ്യം വരിക എന്ന് ഇപ്പോഴും സാറയ്ക്ക് പിടിത്തം കിട്ടിയിട്ടില്ല. ആളുടെ മനസ്സിൽ എന്താ എന്നും ഊഹിക്കാൻ പറ്റില്ല. അത് ഒരു കലങ്ങിയ ജലാശയം പോലെയാണ്. ഒരു പക്ഷെ അനുഭവങ്ങൾ കാരണം ആയിരിക്കും. ജയിലിൽ പോയ ആളല്ലേ? ഒത്തിരി സങ്കടങ്ങൾ ഉള്ളിൽ കണ്ടേക്കാം.

ഒടുവിൽ അലമാരയിൽ നിന്ന് ഫോൺ കിട്ടി. ചാർജ് തീർന്ന് പോയി

അയ്യോ. ഇന്ന് കോളാണ്. വിളിച്ചു കാണും. മെസ്സേജ് ഇട്ടും കാണും. തനിക്ക് ഒരു സ്നേഹം ഇല്ലാന്ന് തോന്നി കാണും

അവൾ അത് ചാർജിൽ ഇട്ട് ഓൺ ആക്കി. എന്നിട്ട് നോക്കി

അവന്റെ മെസ്സേജ്. കുറെ അധികം ഉണ്ട്

“സാറ നീ എവിടെയാ?

“ഇവിടെ നല്ല തിരക്കാടി “

“എനിക്ക് ദേഷ്യം വരുന്നു. നീ എന്താ മെസ്സേജ് നോക്കാത്തത്?”

“ഞാൻ അതിലെ ഒന്ന് വന്നാരുന്നു. നിന്നെ കണ്ടില്ല “

“ഞാൻ വിളിച്ചു നീ എന്താ ഓഫ്‌ ചെയ്തു വെച്ചേക്കുന്നേ “

“പള്ളിയിൽ വരാൻ വിളിച്ചപ്പോ  ചുറ്റും ആളായിരുന്നു അതാണ്‌ വരാഞ്ഞേ, സോറി

എടി നീ എന്താ റിപ്ലൈ തരാത്തത്?

ഒടുവിൽ ദേഷ്യം വന്നിട്ടാവും നീ എവിടെ ആണെടി പോ- ത്തേ എന്ന്…അവൾക്ക് ചിരി വന്നു

“എന്റെ ഫോൺ കാണാതെ പോയി അതാ ” എന്നവൾ മെസ്സേജ് ഇട്ടു നോക്കി ഓൺലൈൻ അല്ല. ചിലപ്പോൾ തിരക്കാവും

എന്ത് മാത്രം ആൾക്കാരാ അവിടെ?നിറച്ചും കുട്ടികൾ. വീട് നിറഞ്ഞ് അവരുടെ കളിയും ചിരിയും. നല്ല രസമായിരിക്കും

കുറെ നേരം കഴിഞ്ഞു

ഫോൺ ചാർജ് ആയപ്പോൾ അവൾ എടുത്തു വിളിച്ചു നോക്കി. എടുക്കുന്നില്ല.

ഇതെന്നാ പറ്റി?

“പാതിരാ കുർബാനക്ക് വരുമോ?”

എന്നൊരു മെസ്സേജ് ഇട്ട് അവൾ ഫോൺ സൈലന്റ്ലിട്ടു. ചാർലി ഉണർന്നപ്പോൾ തന്നെ നാലുമണിയായി. അവൻ ഒന്നുടെ തിരിഞ്ഞു കിടന്നു

തലേന്ന് ബോധം പോകുന്ന വരെയാ കുടിച്ചത്. തലയ്ക്കു നല്ല ഭാരം. അവൻ പിന്നെയും കുറെ നേരം കൂടി കിടന്നുറങ്ങി. സന്ധ്യയോടെ എഴുന്നേറ്റു കുളിച്ചു

വന്നു മൊബൈൽ എടുത്തു നോക്കി
സാറ…

കുറെ മിസ്സ്‌ കാൾ. കുറെ മെസ്സേജ്

“അതേ മൊബൈൽ ഓഫ് ആയി പോയതാ “

“മമ്മി എടുത്തു എവിടെയോ വെച്ചു മറന്നും പോയി “

“സോറി പിണങ്ങല്ലേ ട്ട ” അവൻ അതൊക്ക വായിച്ചു നോക്കി. പുറത്തേക്ക് നോക്കി. രാത്രി ആകുന്നു. വിളിക്കണ്ട, മെസ്സേജ് ഇടാം

“ഞാൻ ഉറങ്ങിപ്പോയി ” അവൻ അങ്ങനെ ടൈപ്പ് ചെയ്തിട്ട് റിപ്ലൈ വരുന്നോന്നു നോക്കി

“ഇല്ല “

കുറച്ചു നേരം നോക്കിട്ട് അമ്മ വിളിച്ചത് കൊണ്ട് അവൻ താഴെ ചെന്നു

“എന്റെ കുഞ്ഞേ എന്തൊരു ഉറക്കമായിരുന്നെടാ നിനക്ക് വിശക്കുന്നില്ലേ?ഷേർലി ചോദിച്ചു

“എന്താ ഉള്ളെ” അവൻ ചോദിച്ചു

“ചോറ് തരട്ടെ?”

“വേണ്ട അപ്പമുണ്ടോ?”

“ഇരിക്ക് ചൂടോടെ തരാം “

അവൻ ഒന്ന് മൂളി

കാൾ വരുന്നു. സാറ. അവൻ പെട്ടെന്ന് എഴുന്നേറ്റു മുറ്റത്തേക്ക് പോയി. മുറ്റത്തു ഷെറി ചേച്ചി, ബെല്ല ചേച്ചി, കുട്ടികൾ നിറച്ചും ആൾക്കാർ. അവൻ ഒന്ന് പതറി. ബെല്ല അവനെ നോക്കുന്നുണ്ട്. ശ്രദ്ധിക്കുകയും ചെയ്യും. അതാണ് സ്വഭാവം. അവനു അവളെ നന്നായി അറിയാം

“അതേയ് ഞാൻ…നാളെ പാലായ്ക്ക് പോവാണേ.അവധി തീർന്നിട്ട് വരുവുള്ളു” സാറ പറഞ്ഞു

അവൻ ഒന്ന് മൂളി

“അവിടെയാ അമ്മേടെ കുടുംബം. അവിടെയാ പോകുന്നെ. ഫോൺ മമ്മി എടുത്തു അലമാരയിൽ വെച്ചു എന്നിട്ട് മറന്നും പോയി അത് ഓഫ്‌ ആയിരുന്നു. കുറെ തപ്പി. അതാ മെസ്സേജ് കാണാഞ്ഞേ,”

അതിനും അവൻ മൂളി

“എന്നോട് പിണങ്ങിയാണോ” ആ സ്വരത്തിന് ഒരു നനവ്

“എന്തിനാ?”

“വീട്ടിൽ വന്നപ്പോൾ. എല്ലാരും ഉള്ള കൊണ്ട ഞാൻ നോക്കാതെ മിണ്ടാത് ഒക്കെ പൊരുന്നേ. അവരെന്തോ വിചാരിക്കും, അതാ “

“ആ “

അവനൊരു താല്പര്യമില്ല സംസാരിക്കാൻ എന്ന് അവൾക്ക് തോന്നി.അത് അവൾ  ചോദിക്കുകയും ചെയ്തു

“എന്താ വല്ലാതെ?”

“ഒന്നുമില്ല “

കുറച്ചു നേരമവൾ മിണ്ടാത് നിന്നു

“എന്നോട് ഒന്നും പറയാനില്ലേ”

ചാർളിയുടെ ഉള്ളു ഒന്ന് പിടഞ്ഞു. ബെല്ലയുടെ നോട്ടം, പിള്ളേരുടെ നോട്ടം, അവൻ മിണ്ടിയില്ല

“വെക്കുവാ. നാളെ രാവിലെ പോകും,” അവൻ ഒന്ന് മൂളി

പിന്നെയും കുറച്ചു നേരമവൾ കാത്തു

“എന്താ എന്നോട് ഒന്നും പറയാത്തത്?” അവൾ സങ്കടത്തിൽ ചോദിച്ചു

“ഒന്നുല്ല “

ഫോൺ പെട്ടെന്ന് കട്ട്‌ ആയി

ആരെങ്കിലും അടുത്ത് വന്നിരിക്കും. അതോ കരച്ചിൽ വന്നു കാണുമോ. കരഞ്ഞു കാണും. അതാണെന്ന് അവനു തോന്നി

സത്യമായിരുന്നു , സാറ കരഞ്ഞു പോയിരുന്നു. അവൾക്ക് അവൻ അങ്ങനെ പെരുമാറിയപ്പോ സങ്കടം വന്നു. അങ്ങനെ അല്ല സാധാരണ, ചാർലി നന്നായി സംസാരിക്കും. ആ വാക്കുകൾ സ്നേഹം നിറഞ്ഞതാണ്. അവന്റെ സംഭാഷണത്തിൽ നിന്ന് മനസ്സിൽ കലക്കൽ ഉണ്ടോന്ന് അറിയാം. പക്ഷെ ഇപ്പൊ…

എല്ലാരും വീട്ടിൽ ഉണ്ട്. അവന്റെ ആൾക്കാർക്കൊപ്പം ആണ് അവൻ. താൻ ആരാണ്? ഒരു കൂട്ട്. വെറും കൂട്ട്…സംസാരിക്കാൻ കൂടി സമയം ഇല്ല

നിനക്ക് ഇനിയും മതിയായില്ലേ സാറ?ഉള്ളിൽ ഇരുന്ന് ആരോ ചോദിക്കുന്നു

മെസ്സേജ് വരുന്നത് കണ്ടവൾ നോക്കി

“എടി ചുറ്റും ആൾക്കാരാ. ഒരു സ്വൈര്യം ഇല്ല. സോറി. ഞാൻ പാതിരാ കുർബാനയ്ക്ക് വരും. നീ കരയണ്ട. എനിക്ക് ദേഷ്യം ഇല്ല. എനിക്ക് നിന്നോട് ഇനി പിണങ്ങാൻ കഴിയില്ല സാറ..ഞാൻ വരും. നമുക്ക് കാണാം ” അവൾ പെട്ടെന്ന് സങ്കടം മറന്നു ചിരിച്ചു

“ഉം ” എന്ന് മാത്രം ടൈപ്പ് ചെയ്തു സാറ

“മുഖം തുടച്ചേ ” അവൾ തന്നെ ചിരിച്ചു പോയി

“തുടച്ചു..”

“സാറ?”

“ഉം?”

“വരുമ്പോൾ കണ്ണെഴുതി പൊട്ട് തൊട്ട് വാ. നീ കണ്ണെഴുതിയാ നല്ല ഭംഗിയാ “

സാറയ്ക്ക് നാണം വന്നു “വരാം “

അത് റീഡ് ആയി. അവൾ ഫോൺ അലമാരയിൽ വെച്ചു

പാതിരാ കുർബാനക്ക് പോകാൻ ഏത് ഉടുപ്പ് ഇടണമെന്ന് ചിന്തിച്ചു. കടും മറൂണിൽ കറുപ്പ് ഫ്രിൽ വെച്ച ഒരെണ്ണം. ഇത് മതി

അവൾ അത് ധരിച്ചു. നീളൻ മുടി ചീകി ഒരുയിട്ടു കണ്ണെഴുതി..ഒരു കുഞ്ഞ് പൊട്ട് വെച്ചു. കണ്ണാടിയിൽ നോക്കി

“കൊള്ളാമോ ഇച്ചായാ?” മെല്ലെ ചോദിച്ചു

പിന്നെ ചിരിയോടെ ഒരു നിമിഷം മുഖം പൊത്തി

“ആരാരുന്നു ഫോണിൽ.?”

അവൻ ഭക്ഷണം കഴിക്കുമ്പോൾ ബെല്ല അടുത്ത് വന്നിരുന്നു

“ഒരു ഫ്രണ്ട് “

“കിച്ചുവാ?”

“അല്ല “

“രുക്കു?”

“ഊഹും.”

“പിന്നാരാ ജോഷിയാണോ?”

“ശെടാ ഇതെന്താ ക്രോസ്സ്..എന്റെ എല്ലാ ഫ്രണ്ട് നെയും അറിയാമോ?” അവൻ ചായ കുടിച്ചു കൊണ്ട് ചോദിച്ചു

“ഇത് വരെ അറിയാം പുതിയതായ് വല്ലാരോം ഉണ്ടോന്ന് ആർക്ക് അറിയാം “

സ്റ്റാൻലി അങ്ങോട്ട് വന്നു

“അപ്പന് തോന്നുന്നില്ലേ ഇവന് എന്തോ മാറ്റം ഉണ്ടെന്ന്? ഇല്ലെങ്കിൽ ഇത്രയും ദിവസം അടുപ്പിച്ചവൻ ഇവിടെ നിൽക്കുവോന്നുമില്ല “

സ്റ്റാൻലി അവനെ ചുഴിഞ്ഞു നോക്കി

“നിന്റെ ഫോൺ ഒന്ന് തന്നെ നോക്കട്ട് ഏത് ഫ്രണ്ട് ആണെന്ന് “

“അയ്യടാ..അങ്ങനെ നോക്കണ്ട “

അവൻ വേഗം എഴുന്നേറ്റു എങ്കിലും അവൾ ഫോൺ പിടിച്ചു മേടിച്ചു

“ഇതാരാ angel?”

സ്റ്റാൻലി അവന്റെ മുഖം ശ്രദ്ധിക്കുകയായിരുന്നു

“ആരാടാ Angel?”

“എന്റെ കൂടെ പഠിച്ചതാ. ചേച്ചിക്ക് അറിയാൻ പാടില്ല. ക്രിസ്മസ് ആയത് കൊണ്ട് വിഷ് ചെയ്യാൻ വിളിച്ചത എന്റെ പൊന്നോ “

ബെല്ല എളിക്ക് കൈ കൊടുത്തു

“എന്നിട്ട് നീ വിഷ് ചെയ്യുന്നത് ഞാൻ കേട്ടില്ലല്ലോ “

“എന്റെ അപ്പാ സത്യമായിട്ടും വിഷ്  ചെയ്യാൻ വിളിച്ചതാ..ഈ ചേച്ചി “

സ്റ്റാൻലി തലകുലുക്കി പുറത്തോട്ട് പോയി

“ഇതെന്തൊരു കഷ്ടം ആണെന്ന് നോക്ക് “

ഫോൺ പിടിച്ചു മേടിച്ചവൻ സ്റ്റെപ് കേറി മുകളിൽ പോയി

മുറിയിൽ എത്തി. നേർത്ത ചിരിയോടെ അവളുടെ ഫോട്ടോയിൽ നോക്കി

Dp യിൽ നിന്നും സ്ക്രീൻ ഷോട്ട്  എടുത്ത ഒരു ഫോട്ടോയായിരുന്നു അത്

തൂവെള്ള ഉടുപ്പ് അണിഞ്ഞ സാറ

“ചാർളിയുടെ മാലാഖ.” അവൻ മെല്ലെ പറഞ്ഞു

“എനിക്ക് എന്തിഷ്ടമാണെന്നോ നിന്നെ “

അവൻ ആ മുഖത്ത് മുഖം അമർത്തി

തുടരും….