ബാക്കി എന്ത് കാര്യങ്ങൾ, എനിക്ക് ഇവളുടെ കാര്യം അല്ലാതെ വേറെന്താ ഏട്ടാ ഉള്ളത്. രജനി മറുപടി പറഞ്ഞു.

Story written by Sajitha Thottanchery
========================

“നീ ഇങ്ങനെ ഉള്ള പൈസ മുഴുവൻ എടുത്ത് പഠിപ്പിക്കാൻ ചിലവാക്കിയാൽ ബാക്കി കാര്യങ്ങൾക്ക് എന്ത് ചെയ്യും”. ആങ്ങള ദേഷ്യത്തോടെ രജനിയോട് പറഞ്ഞു.

“ബാക്കി എന്ത് കാര്യങ്ങൾ, എനിക്ക് ഇവളുടെ കാര്യം അല്ലാതെ വേറെന്താ ഏട്ടാ ഉള്ളത്”. രജനി മറുപടി പറഞ്ഞു.

“ബാക്കി എന്ത് കാര്യങ്ങൾ എന്നോ. പെണ്ണിനെ ദേ ന്ന്‌ പറയുബോഴേക്കും കെട്ടിച്ചു വിടാറാകും. അതിന്റെ ചിലവ് എങ്ങനെ നോക്കാമെന്നാ കരുതുന്നെ. ഉള്ള സമ്പാദ്യം മുഴുവൻ പഠിക്കാൻ എടുത്ത് ചിലവാക്കിയാൽ വേണ്ട കാര്യങ്ങൾ ആകുമ്പോൾ എന്റെ അടുത്ത് കൈ നീട്ടി വന്നേക്കരുത്. ഇപ്പോഴേ പറഞ്ഞേക്കാം. അവനവന്റെ സാഹചര്യങ്ങൾ കൂടി അറിഞ്ഞു വളർത്തണം മക്കളെ. അതിനുള്ള രീതിയിൽ ഉള്ള പഠിപ്പൊക്കെ മതി ന്ന്‌ പറഞ്ഞു മനസ്സിലാക്കണം. ആകെ ഉള്ളത് ഈ വീടാ. പിന്നെ ബാങ്കിൽ കിടക്കുന്ന അളിയന്റെ വീതം കിട്ടിയ ആ പണവും. അത് മുഴുവൻ എടുത്ത് പഠിപ്പിച്ചാൽ എങ്ങനെയാ “

കല്യാണ ചിലവ് തലയിൽ ആകുമോ എന്നാ പേടി ഏട്ടന്റെ ആ വാക്കുകളിൽ നിന്നും രജനിക്ക് വ്യക്തമായി.

“ഏട്ടൻ ഏത് കാലത്താ ജീവിക്കുന്നെ. കല്യാണം ആണോ വലിയ കാര്യം. പെൺകുട്ടികളെ ആരുടെയെങ്കിലും തലയിൽ കെട്ടി വച്ചാൽ സമാധാനം ആയിരുന്നു എന്ന് ചിന്തിക്കുന്ന കാലം ഒക്കെ കഴിഞ്ഞില്ലേ. സ്വന്തം കാലിൽ നിൽക്കുന്നതല്ലേ വലിയ കാര്യം. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ഒക്കെ നമ്മളും കാണുന്നതല്ലേ. ഏത് അവസ്ഥയിലും ജീവിക്കാൻ ഉള്ള ഒരു വരുമാനം അല്ലേ ആദ്യം വേണ്ടത്”. ബഹുമാനത്തോടെ തന്നെ രജനി പറഞ്ഞു.

“അതിനു പെണ്ണിന്റെ താളത്തിന് തന്നെ തുള്ളണോ. ഏതെങ്കിലും ഒരു ഡിഗ്രിക്ക് ചേർത്താൽ പോരെ ” അനിഷ്ടത്തോടെ ഏട്ടൻ പറഞ്ഞു.

“അത് പോരാ ഏട്ടാ. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം അവളുടെ വിദ്യാഭ്യാസം തന്നെ ആണ്. മറ്റെന്തിനേക്കാൾ പൈസ ചിലവാക്കേണ്ടതും അതിനു തന്നെയാ. മരിച്ചു പോയ അവളുടെ അച്ഛന്റെ സ്വത്ത്‌ ഉപയോഗിക്കേണ്ടതും അതിനു വേണ്ടി തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. തനിയെ ജീവിച്ച ബുദ്ധിമുട്ട് എന്നോളം നിങ്ങൾക്ക് മനസ്സിലാവില്ല. എനിക്ക് ഒരു ജോലി ഉള്ളതോണ്ട് നിങ്ങളുടെ മുന്നിൽ കൈ നീട്ടേണ്ടി വന്നില്ല. അല്ലെങ്കിലോ….?

പിന്നെ അവളുടെ കല്യാണം. അത് കയ്യിലുള്ള സമ്പാദ്യം മുഴുവൻ കൂട്ടി വച്ചു നടത്തേണ്ട ഒന്നാണെന്നു എനിക്ക് തോന്നീട്ടില്ല. സ്വന്തമായി ഒരു വരുമാനം ആയാൽ, ഏത് അവസ്ഥയെയും അതിജീവിക്കാമെന്ന് അവൾക്ക് ഉറപ്പായാൽ….അന്ന് അവൾക്ക് ഒരു കൂട്ട് വേണമെന്ന് തോന്നിയാൽ അവൾ തന്നെ തീരുമാനിക്കട്ടെ ന്നേ അവളുടെ കല്യാണം. അല്ലാതെ കല്യാണം എന്ന് പറഞ്ഞു ഉള്ളത് മുഴുവൻ മാറ്റി വയ്ക്കാൻ ഞാൻ തയ്യാറല്ല. കുറച്ചൊക്കെ മാറി ചിന്തിച്ചു തുടങ്ങണം നമ്മളും.

എന്തായാലും ഇനിയിപ്പോ അവൾ പഠിപ്പ് പകുതിയിൽ നിറുത്തി കല്യാണം കഴിക്കാൻ തീരുമാനിച്ചാലും അതിനായി ആ പണം ഞാൻ ഉപയോഗിക്കാൻ തീരുമാനിച്ചിട്ടില്ല. അത് കൊണ്ട് ഏട്ടനും പേടിക്കണ്ട. അവൾക്ക് ഞാൻ കൊടുക്കാൻ ഉദ്ദേശിക്കുന്ന ധനം പഠിപ്പ് മാത്രം ആണ്. അവളുടെ ജീവിതത്തിൽ ബാക്കി എല്ലാം അവൾ അത് കൊണ്ട് ഉണ്ടാക്കി എടുക്കണം. എന്റെ ജീവിതം കണ്ട് വളർന്നതല്ലേ. മാറ്റി ചിന്തിക്കാൻ തരമില്ല”. രജനി ഉറപ്പിച്ചു പറഞ്ഞു.

തിരിച്ചു പറയാൻ ഒന്നുമില്ലാത്തതിനാലോ….പറഞ്ഞിട്ട് കാര്യമില്ലെന്ന് ചിന്തിച്ചിട്ടോ….പിന്നീട് ഒന്നും പറയാതെ അയാൾ യാത്ര പറഞ്ഞു ഇറങ്ങി.

ഇറങ്ങി നടക്കുന്ന അമ്മാവനെ പുഞ്ചിരിയോടെ യാത്രയാക്കുന്ന അമ്മയോട് എന്നത്തേക്കാൾ ബഹുമാനം കൂടുകയായിരുന്നു ഇതെല്ലാം കേട്ട് അവിടെ നിന്നിരുന്ന വൈഗക്ക് അപ്പോൾ. ഒപ്പം അമ്മയുടെ പ്രതീക്ഷയെക്കാൾ മുകളിൽ എത്തി തന്റെ വിജയത്തിൽ സന്തോഷിക്കുന്ന അമ്മയെ കാണാൻ ഉള്ള തിടുക്കവും ആ മുഖത്തുണ്ടായിരുന്നു.

~Sajitha Thottanchery