പ്രണയ പർവങ്ങൾ – ഭാഗം 27, എഴുത്ത്: അമ്മു സന്തോഷ്

പാലായിലേക്ക് പോകുന്ന കാര്യം ആരോടും പറഞ്ഞില്ല ചാർലി. അവന് പാലാ സ്വന്തം നാട് പോലെ തന്നെ ആണ്. ധാരാളം ബന്ധുക്കൾ ഉള്ള സ്ഥലം

“എവിടെ ആണ് എന്ന് ഒരു പ്രാവശ്യം വിളിച്ചപ്പോൾ പള്ളിയിലേക്ക് ഇറങ്ങി എന്ന് പറഞ്ഞു അവൾ

ആ പള്ളി അവന് അറിയാം. അവിടേ എത്തി അവൻ അവളെ കാത്തു നിന്നു. പള്ളിയുടെ പടവുകൾ ഇറങ്ങി സാറ അരികിലേക്ക് വന്നപ്പോ ചാർലി ഒന്ന് ചെറുതായി ചിരിച്ചു. ഇളം നീല ഉടുപ്പ് മുട്ട് വരെ എത്തി നിൽക്കുന്നു. ആകാശ നീലിമയുടെ സ്‌കർഫ് തലയിൽ. കണ്ണെഴുതി പൊട്ട് വെച്ചിട്ടുണ്ട്

അന്നങ്ങനെ പറഞ്ഞ ശേഷം എന്നും ഇങ്ങനെയാണ് സാറ. അത് കാണാൻ അവന് ഇഷ്ടം ആണ്

“കൂടെയാരോ ഉണ്ടാകുമെന്ന് പറഞ്ഞിട്ട് ഒറ്റയ്ക്കാണല്ലോ ” അടുത്തു വന്നപ്പോൾ അവൻ ചോദിച്ചു

“അവളുടെ കാല് ഒന്നുള്ക്കി. എന്നോട് പോകണ്ടാന്നു എല്ലാരും പറഞ്ഞതാ. പക്ഷെ..”

അവൾ നുണക്കുഴി വിരിയിച്ചു ചിരിച്ചു

“പക്ഷെ..?”

“പോരാതെ പിന്നെ? വരുമ്പോൾ ഞാൻ ഇല്ലെങ്കിൽ?”

“ഇല്ലെങ്കിൽ?”

“ഇല്ലെങ്കിൽ പിന്നെ തെ- മ്മാടി ആകും. “

ചാർളിയുടെ ഉള്ളു തുളുമ്പുന്നുണ്ടായിരുന്നു

“എങ്ങനെയാ വന്നേ?” അവൾ ചോദിച്ചു

“കാറിൽ “

“എന്താ പറയാം എന്ന് പറഞ്ഞത്?”

“നീ കയറ്..ഒരു റൗണ്ട് ചുറ്റി തിരിച്ചു കൊണ്ട് വിടാം ” അവൾ പകച്ച മിഴികൾ ഒന്നുടെ തുറന്നു

“എന്താ?”

“കാറിൽ കയറാൻ “

“ഇവിടെ നിന്ന് പറഞ്ഞോ”

“പേടിയുണ്ട് എന്നെ?” അവൻ ആ കണ്ണുകളിലേക്ക് നോക്കി

സാറ മെല്ലെ മുഖം കുനിച്ചു

“ശരി വേണ്ട..ഞാൻ പോകാം..” അവൻ തിരിഞ്ഞു

സാറ ചുവന്ന മുഖത്തോടെ ആ കയ്യിൽ പിടിച്ചു

“ഉടനെ ദേഷ്യം വന്ന് പൊയ്ക്കോണം.. “

“പിന്നല്ലാതെ എന്റെ കൂടെ കാറിൽ വന്നിട്ടില്ലേ നിയ്” അവൾ ആ രാത്രി ഓർത്തു

“നീ വരുന്നോ ഇല്ലിയോ”

“എന്റെ കർത്താവെ, ഇങ്ങനെ ഒരു സാധനം? എല്ലാവരോടും ഇങ്ങനെ ആണോ” അവൻ ആ കണ്ണിലേക്കു നോക്കി. മുറുകെ പിടിച്ചിരിക്കുന്ന കയ്യിലേക്കും…

“വരുന്നോ ഇല്ലയോ?

“എന്റെ ച- ട്ടമ്പീ ഞാൻ തോറ്റു ” കാറിൽ കടന്നിരുന്നിട്ട് അവൾ പറഞ്ഞു

“സീറ്റ് ബെൽറ്റ്‌ ഇട് “

അവൾ ആദ്യമായിട്ടാണ് ഒരു കാറിന്റെ മുന്നിൽ ഇരിക്കുന്നത്. അവൾ ശ്രമിച്ചിട്ടും നടക്കുന്നില്ല എന്ന് കണ്ടപ്പോ അവൻ തന്നെ ബെൽറ്റ്‌ ഇട്ട് കൊടുത്തു

“ഞാൻ ആദ്യായിട്ടാ ഇത്രയും വലിയ കാറിൽ കയറുന്നത് ” അവൾ കണ്ണുകൾ  വിടർത്തി ഉള്ളിൽ നോക്കി

“നല്ല ഭംഗി ഉണ്ട് “

അവൻ ചെറുതായി ചിരിച്ചു

“അന്ന് ഈ കാർ അല്ലായിരുന്നു ല്ലോ.”

“ഉം “

“എത്ര എണ്ണം ഉണ്ട്?”

അവൻ ചിരിച്ചതേയുള്ളു

“എ സി കുറച്ചേ “

അവൻ അത് കുറച്ചു

അവൾ തണുത്ത കൈകൾ മുഖത്ത് ഉരച്ചു

“തണുത്തു…എന്താ പറയാം ന്ന് പറഞ്ഞെ..,?” അവൾ ചോദിച്ചു

“എന്റെ ചേച്ചിയുടെ രണ്ടു മക്കൾക്ക് കണക്കും സയൻസും ഒരു മാസം വൈകുന്നേരം കുറച്ചു സമയം ട്യൂഷൻ കൊടുക്കാൻ ആളുണ്ടോ എന്ന് ചേച്ചി ചോദിച്ചു. അമ്മച്ചി നിന്നോട് ചോദിക്കും. നിനക്ക് പറ്റുമോന്ന്..”

“ഞാനോ?”

“ചെറിയ കുട്ടികൾ ആണ്”

“ഞാൻ..എന്താ പറയേണ്ടത്?”

“നീ വരണം..വരാമെന്ന് പറ “

“ശോ ഞാൻ ഇത് വരെ ട്യൂഷൻ ഒന്നും ആർക്കും എടുത്തു പരിചയമില്ല “

“സാരമില്ല ഇത് കാനഡയിൽ പഠിക്കുന്ന കുട്ടികൾ ആണ്. ബേസിക്സ് പറഞ്ഞു കൊടുത്താൽ മാത്രം മതി “

“എന്നാലും ഞാൻ?”

“നിനക്ക് സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിച്ചോ. നിനക്ക് വേണേൽ ഞാൻ ട്യൂഷൻ എടുത്തു തരാം “

അവൾ പൊട്ടിച്ചിരിച്ചു

“എന്നാ പിന്നെ ഈ പറയുന്ന ആൾക്ക് എടുത്തുടെ?”

“ആ ബെസ്റ്റ് ഒരു അനുസരണ ഇല്ലാത്ത പിള്ളാര “

“ഞാനും അങ്ങനെയാ ” അവൾ കുസൃതിയിൽ പറഞ്ഞു

അവൻ ചരിഞ്ഞു നോക്കി. കള്ളച്ചിരി

“നിനക്ക് അത് ഞാൻ പഠിപ്പിച്ചു തരാം. അനുസരണ “

“പിന്നെ….പിന്നെ “
ചാർലി വെറുതെ കാർ ഓടിച്ചു കൊണ്ട് ഇരുന്നു. കുറേ സംസാരിച്ചു. അവൻ അല്ല. അവൾ…കുറേ സംസാരിച്ചു ചിരിച്ചു തമാശ പറഞ്ഞു. അവൻ കേട്ടിരുന്നു. ഒരു കടയുടെ മുന്നിൽ അവൻ ഒതുക്കി നിർത്തി

“ഇപ്പൊ വരാം ” അവൻ പോകുന്നത് അവൾ നോക്കിയിരുന്നു

തിരിച്ചിറങ്ങി വന്നപ്പോൾ രണ്ടു പാക്കേറ്റ്കൾ

“ദാ..അവൻ ഒരെണ്ണം നീട്ടി

“ഐസ് ക്രീം “

“കഴിക്ക്..” അവൻ തന്റെ കൈയിലെ പൊട്ടിച്ച് ഒരു സ്പൂൺ വായിൽ വെച്ചു. അവൾ അവന്റെ കയ്യിൽ ഇരിക്കുന്നതിനു കൈ നീട്ടി
“ഇതാണോ ഇഷ്ടം?” അവൾ തലയാട്ടി

“ഞാൻ കഴിച്ചു പോയെടി വേറെ വാങ്ങി തരാം “

അവൾ വേണ്ട എന്ന് തലയാട്ടി പിന്നെ കയ്യിൽ ഇരുന്നത് അവനു കൊടുത്തു അത് വാങ്ങി കഴിച്ചു തുടങ്ങി

“ഞാൻ കരുതി നിനക്ക് ചോക്ലറ്റ് ഫ്ലെവർ ഇഷ്ടം ആയിരിക്കുമെന്ന്. എനിക്കു പണ്ടേ വാനിലയാണിഷ്ടം “

“എനിക്കു ചോക്ലേറ്റ് ഇഷ്ടാണല്ലോ…”

“പിന്നെ..?”

അവൻ പെട്ടെന്ന് നിർത്തി. സാറ വെളിയിലേക്ക് നോക്കിയിരുന്നു കഴിച്ചു അവളെന്തിനാണ് അത് വാങ്ങിയതെന്ന് തിരിച്ചറിയവേ ആ അവന്റെ ഉള്ളിൽ മഞ്ഞു പെയ്തു തുടങ്ങി. ചൂട് ഒന്ന് അടങ്ങിയത് പോലെ

“ദാ..”

ഒരു പൊതി

“എന്താ ഇത്?”

“ഞാൻ ചേച്ചിയുടെ കൂടെ കഴിഞ്ഞ ആഴ്ച ടൗണിൽ പോയപ്പോൾ വാങ്ങിയതാ “

അവൾ അത് തുറന്നു നോക്കി

“കറുത്ത കുപ്പിവളകൾ “

“ഹായ് എനിക്ക് വലിയ ഇഷ്ടം ആണ് കുപ്പിവളകൾ. ഇട്ടിട്ടില്ല എന്നേയുള്ളു. മറ്റുള്ളവരുടെ കയ്യിൽ കിടക്കുമ്പോൾ കൊതി വരും.”
അവൻ അത് അവൾക്ക് ഇട്ടു കൊടുത്തു

“എന്റെ വീട് മുഴുവൻ പെൺപിള്ളേരാ, അത് കൊണ്ട് ഇത്തരം കാര്യങ്ങൾ അറിയാതെ ശ്രദ്ധിക്കും. നീ കൈകൾ ഇങ്ങനെ ശൂന്യമാക്കി ഇട്ടേക്കുന്ന ഞാൻ കണ്ടിട്ടുണ്ട്. വളയിട് ഇനിം വാങ്ങി തരാം. നിറച്ചും.. ഇടൂ..നല്ല ഭംഗിയാ നിനക്ക് ” അവൻ ഓരോ വളയായി ഇട്ട് കൊടുക്കുമ്പോൾ പറഞ്ഞു

അവൾ അത് മുഖത്തോട്ട് ചേർത്ത് വെച്ചു ചിരിച്ചപ്പോൾ അവൻ മൊബൈലിൽ ഒരു ഒരു ഫോട്ടോ എടുത്തു

“എന്നാ തിരിച്ചു വരിക?” അവൻ ചോദിച്ചു

“ശനിയാഴ്ച..” അവൾ പറഞ്ഞു

പുറത്ത് സന്ധ്യയാവുന്ന പോലെ

“വീടിന്റെ അടുത്ത് വരെ ബസ് പോകുമോ.?”

“ഇല്ല. ഇറങ്ങി ഒരു കിലോമീറ്റർ നടക്കണം..സാരോല്ല ബസ് സ്റ്റോപ്പിൽ വിട്ട മതി “

“ഞാൻ കൊണ്ട് വിടാം..കുറച്ചു ഇപ്പുറത് നിർത്തിയ പോരെ?”

“വേണ്ട. ബസ് സ്റ്റോപ്പിൽ വിട്ടാ മതി.”

“സാറ?”

“ഉം “

“രാത്രി ആകുന്നു.ഞാൻ കൊണ്ട് വിടാം. എനിക്ക്…അത് ടെൻഷൻ ആണ് “

അവൾ നേർമ്മയായി ചിരിച്ചു

“ഞാൻ എപ്പോഴും ബസിൽ അല്ലെ പോവാ? രാത്രിയും പകലുമെല്ലാം..അതിനെന്താ?”

അവൻ നിശബ്ദനായി

“ഒന്നുല്ല..ശരി ഞാൻ വിടാം “

“എന്താ മുഖം വല്ലാതായത്?” അവൾ പെട്ടെന്ന് വാടി പോയ മുഖം ശ്രദ്ധിച്ചു

“ശരി എന്നെ കൊണ്ട് വിട്.. പോരെ?” അവൻ പുഞ്ചിരിച്ചു കൊണ്ട് അവളെ നോക്കി

“ഇത് ചീത്ത സ്വഭാവം ആണ് കേട്ടോ
ഇമോഷണൽ ബ്ലാക്ക് മെയിലിങ്,

“പോടീ..എനിക്ക് അത് ടെൻഷൻ ആണ്..അതിനോരു കാരണം ഉണ്ട് “

“എന്താ?”

“പിന്നെ പറയാം “

“ഇപ്പൊ പറ “

“ഞാൻ ജയിലിൽ ആയിരിക്കുമ്പോ എന്റെ മുറിയിൽ ഒരു സന്ദീപ് എന്ന ചെറുപ്പക്കാരനായിരുന്നു സഹതടവുകാരൻ. സന്ദീപിന് ഒരു അനിയത്തി. അച്ഛൻ ഇല്ല. അത് കൊണ്ട് അനിയത്തി എന്ന് വെച്ചാ വലിയ സ്നേഹമാണ്. ഒരു ദിവസം ട്യൂഷൻ പോയിട്ട് വന്നില്ല..ബസിലാണ് വരിക. രാത്രി ഒരു ഏഴര. അപ്പോഴാണ് അറിഞ്ഞത് ബസ് ബ്രേക്ക്‌ ഡൌൺ ആയി. ഈ കുട്ടി കയറിയിട്ടില്ല. പിന്നെ മൂന്ന് ദിവസം കഴിഞ്ഞു കിട്ടി. റേ- പ്പ്  ചെയ്തിട്ട് കൊ-  ന്നു കളഞ്ഞു. ചെയ്തവരെ പോലീസ് പിടിച്ചു. കോടതിയിൽ വെച്ച് സന്ദീപ് അതിലൊരുത്തനെ കുത്തി. അവൻ മരിച്ചു പോയി. അങ്ങനെ ആണ് ജയിലിൽ..അവൻ പറയും രാത്രി ആയി കഴിഞ്ഞാൽ പെൺപിള്ളേർ കേരളത്തിൽ സേഫ് അല്ലന്ന്. നീ സന്ധ്യ കഴിഞ്ഞു എങ്ങും പോകണ്ട. അഥവാ പോണം എന്നുണ്ടെങ്കിൽ പപ്പയുടെ കൂടെ മതി.അല്ലെങ്കിൽ…”

“അല്ലെങ്കിൽ?”

“എന്നെ വിളിച്ച മതി “

അവളുടെ കണ്ണുകൾ തുളുമ്പി

“ഞാൻ വരാം ഏത് പാതിരാത്രിയിലും “

അവൾ അവന്റെ തോളിലേക്ക് പെട്ടെന്ന് തല ചേർത്ത് വെച്ചു

ഒരു നിമിഷം ബോധം വന്നപ്പോൾ പിടഞ്ഞ് അകന്നു മാറുകയും ചെയ്തു. അവളുടെ സ്റ്റോപ്പിൽ എത്തി

“ഇവിടെ നിർത്തിയ മതി “

അവൻ നിർത്തി

“വിളിക്കാം “

“വീട്ടിൽ എത്തുമ്പോ വിളിക്ക് “

“ഉം “

സാറ കാറിൽ നിന്നിറങ്ങി അവന്റെ വശത്ത് വന്നിട്ട് പേഴ്സ്ൽ നിന്ന് ഒരു കുഞ്ഞ് പൊതിയെടുത്തു കൊടുത്തു

“വീട്ടിൽ ചെന്നിട്ട് നോക്കിയ മതി ” അവൻ തലയാട്ടി

അവനെ വിട്ടു പോകാൻ മടിച്ച പോലെ. അവൾ നിന്നു

“ഇച്ചാ…?”

അവൾ ആദ്യമായി വിളിക്കുകയായിരുന്നു

അവൻ പെട്ടെന്ന് മുഖം ഉയർത്തി. ആ വിളി നേരിട്ട് അവന്റെ ആത്മാവിലേക്കാണ് എത്തിയത്

“ഇച്ചാന്ന് വിളിച്ചോട്ടെ?” അവൻ തലയാട്ടി

“സൂക്ഷിച്ചു പോണേ ” അവൻ ഒന്ന് മൂളി

“ഞാൻ വേഗം വരാവേ ” അവൻ ചിരിക്കാൻ ശ്രമിച്ചു

പിന്നെ അവൾ റോഡ് ക്രോസ്സ് ചെയ്തു ഓടി പോകുന്നത് അവൻ നോക്കിയിരുന്നു

തുടരും….