പ്രണയ പർവങ്ങൾ – ഭാഗം 39, എഴുത്ത്: അമ്മു സന്തോഷ്

വിജയ്, ക്രിസ്റ്റി, ഷെല്ലി

മൂവരും കോട്ടയത്തു കുമരകത്തുള്ള  വിജയുടെ റിസോർട്ലായിരുന്നു. ഷെല്ലി വീണ്ടും ഗ്ലാസുകൾ നിറയ്ക്കുന്നത് കണ്ട് വിജയ് അവനെ തടഞ്ഞു

“ചേട്ടാ മതി. അവൻ എന്തെങ്കിലും മണ്ടത്തരം പറഞ്ഞുന്ന് വെച്ച്. നമുക്ക് അറിഞ്ഞൂടെ അവനെ..ചേട്ടനറിഞ്ഞൂടെ
എത്ര വയസ്സ് മുതൽ ഒപ്പം ഉള്ളതാ..ചേട്ടൻ എന്ന് വെച്ചാ ജീവനല്ലേ അവന്..ദേഷ്യം വരുമ്പോൾ അവൻ പണ്ടെയിങ്ങനെയാ. ദേഷ്യം പിടിപ്പിക്കാതിരിക്കണ്ടേ? ചേട്ടൻ എന്തിനാ അവനോട് അങ്ങനെ ഒക്കെ സംസാരിക്കാൻ പോയെ? ആ പെണ്ണിന്റ കാര്യം നമുക്ക് അന്വേഷിച്ചു കണ്ടു പിടിച്ചിട്ട് ഇരു ചെവിയറിയാതെ തീർത്ത പോരാരുന്നോ? ഒരു ആക്‌സിഡന്റ്. ആര് അറിയുമായിരുന്നു. കുറച്ചു നാള് കരഞ്ഞോണ്ട് നടന്നിട്ട് അവൻ ഇതൊക്ക അങ്ങ് മറന്നേനെ. ആരാ ഒരു പെണ്ണിൽ. തന്നെ ജീവിതകാലം മുഴുവൻ കഴിയാൻ പോണത്..”

ഷെല്ലി എഴുന്നേറ്റു ബാൽകണിയിൽ ഇറങ്ങി നിന്നു

“എന്നാലും അവനെന്റെ മുഖത്ത് നോക്കി പറഞ്ഞു കളഞ്ഞു കുരിശുങ്കൽ തറവാട്ടിലെ മുഴുവൻ എണ്ണത്തിനെയും തീർത്തു കളയുമെന്ന്. എന്നിട്ട് ജയിലിൽ പോകുമെന്ന്. അത്രയ്ക്ക് ഒക്കെ ഉണ്ടോടാ ഒരു പെണ്ണ് കൊടുക്കുന്ന സ്നേഹം. എന്നേക്കാൾ നിങ്ങളെക്കാൾ നമ്മുടെ കുടുംബത്തേക്കാൾ വലുതായി അവനെ മുക്കിക്കളയാൻ മാത്രം അടിമയാക്കി കളയാൻ മാത്രം ആ പെണ്ണിലെന്തുവാ ഉള്ളത്? പെണ്ണിനെ കാണാത്തവർ ഒന്നുമല്ലല്ലോ നമ്മൾ മൂന്നു പേരും.”

“ഒരു വ്യത്യാസം ഉണ്ട് ഷെല്ലി ചേട്ടാ നമ്മൾ ഒത്തിരി പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്. അറിഞ്ഞിട്ടുണ്ട്. അതിൽ വലിയ കാര്യമൊന്നുമില്ലന്ന് മനസിലാക്കിയിട്ടുമുണ്ട്. ഇവൻ അത് അറിഞ്ഞിട്ടില്ല. അത് കൊണ്ടാണ്..ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. റിസോർട്ൽ നല്ല പെൺപിള്ളേർ വന്നു പെടുമ്പോൾ ചാർളിയെ വിളിച്ചിട്ടുണ്ട്. വന്നു രുചി നോക്കി പോടാ എന്ന് പറഞ്ഞിട്ടിമുണ്ട്. വരത്തില്ല..താല്പര്യമില്ല എന്ന് പറയും. ആ കാര്യത്തിൽ അവൻ സ്ട്രോങ്ങാ. അത് കൊണ്ടാ പ്രണയം വന്നു തലയ്ക്കു പിടിച്ചു പോയതും. ഇരുപത്തിയെഴു വയസ്സ് വരെ ഒരു പെണ്ണിനെ വഹിക്കാത്ത ശരീരവും മനസ്സുമാണ്. തീർച്ചയായും ആ പെണ്ണ്  അവനെ കുടുക്കി കളഞ്ഞു കാണും..വല്ല ലോ ക്ലാസ്സ്‌ ഫാമിലിയോ വല്ല ഹിന്ദുവോ മുസ്ലിമോ ഒക്കെയാണെങ്കിൽ എന്റെ ചേട്ടാ നമുക്ക് തല പൊക്കി നടക്കാൻ ഒക്കുകേല…നാറും.” വിജയ് പറഞ്ഞു

“അങ്ങനെ ഒന്നും അവൻ ചെയ്യുകേല
പെണ്ണ് ക്രിസ്ത്യൻ തന്നെയാ. അന്ന് പാതിരാ കുർബാനക്ക് ഒരു പെണ്ണ് അടുത്ത് നിന്ന് മിണ്ടുന്നതു കണ്ടെന്നു പറഞ്ഞില്ലേ? അതാരാണെന്ന് ഒന്ന് അന്വേഷിച്ച് അറിയണം ” ക്രിസ്റ്റി പറഞ്ഞു

“അപ്പൊ ഇവൻ പാലായ്ക്ക് പോയതോ. പെണ്ണ് നമ്മുടെ ഇടവകയാണെങ്കിൽ ഇവനെ പാലായിൽ ഒരു പെണ്ണിന്റെ ഒപ്പം കണ്ടെന്നു പറഞ്ഞതോ..ഇവിടെയെങ്ങുമല്ല..വേറെ എവിടെയോ ആണ്. അവൻ പറയില്ല. നമ്മൾ ഇനി അത് ചോദിക്കണ്ട. തത്കാലം അന്വേഷിച്ചു പോകണ്ട. വിടാം. നമ്മൾ എന്ത് ചെയ്യുന്നു എന്ന് അവനും ശ്രദ്ധിക്കുമല്ലോ. നമ്മളെക്കാൾ കാഞ്ഞ ബുദ്ധിയാ അവനു..നമുക്ക് ഇനിയും അവനെ ആവശ്യമുണ്ട്. നമ്മുടെ എല്ലാ കാര്യങ്ങൾക്ക് പിന്നിലും അവന്റെ ബുദ്ധിയും കഴിവും ഉണ്ട്. അവനെ പിണക്കി നിർത്തിയാൽ നമ്മുടെ കാര്യം ഒന്ന് ആലോചിച്ചു നോക്ക് ” വിജയ് ചോദിച്ചു

“അത് ശരിയാ ചേട്ടാ. ഞാനും ഈ കണ്ട ബിസിനസ്കളു നടത്തുന്നത് അവനുണ്ട് എന്നുള്ളത് കൊണ്ടാ. ഞാനങ്ങ് കാനഡയിലാണെങ്കിലും അവൻ ഇതൊക്ക നോക്കിക്കൊള്ളും. ഇക്കാലത്ത് സ്വന്തം സഹോദരൻമാരെ പോലും വിശ്വസിക്കാൻ പറ്റില്ല. അത് കൊണ്ടല്ലേ ഇത് നോക്കാൻ ഞാൻ എന്റെ അനിയൻമാരെ ഏൽപ്പിക്കാത്തത്. ഷെല്ലി ചേട്ടൻ അവനോട് ഒരു സോറി പറഞ്ഞേക്ക് വെറുതെ..പിണങ്ങേണ്ട. നഷ്ടം നമുക്ക് തന്നെയാ. നമുക്ക് ഇനിയും അവനെ കൊണ്ട് ആവശ്യമുണ്ട്..അവനു നമ്മളെ കൊണ്ട് ഒരാവശ്യവും ഇല്ല താനും. അവൻ കല്യാണം കഴിക്കുന്ന സമയം ആകുമ്പോ നോക്കാം. അവൻ നമ്മള് പറയുന്ന പെണ്ണിനെ കല്യാണം കഴിച്ചാ പോരെ.. അത് നമുക്ക് നോക്കാം ഇപ്പൊ കോംപ്രമൈസ് ആണ് ബുദ്ധി “

ഷെല്ലിക്കും അത് തോന്നിയിരുന്നു. എടുത്തു ചാടി അവനെ പ്രകോപിപ്പിക്കുന്നത് ദോഷം ചെയ്യും. ഒരു പാട് കാര്യങ്ങൾ അവനെ കൊണ്ട് ചെയ്യാൻ ഉണ്ട്. അവനെ കൊണ്ട് ആവശ്യമുണ്ട്. സ്വന്തം ചോ- രയാണ്. പിണങ്ങി ഇരിക്കുന്നത് ആരെങ്കിലും അറിഞ്ഞാൽ അതും നാണക്കേട്. അയാൾ അനിയന്മാർ പറഞ്ഞത് പോലെ ചെയ്യാൻ തീരുമാനിച്ചു. തത്കാലം ഒന്ന് ഒതുങ്ങി കളയാം

പക്ഷെ അവന്റെ പെണ്ണ് കുരിശുങ്കൽ കുടുംബത്തിന്റെ അന്തസ്സിന് ചേർന്നതല്ലങ്കിൽ തീർക്കും എന്നാ നിശ്ചയത്തിനു മാത്രം ഒരു മാറ്റവും വന്നില്ല. അത് അയാളുടെ ഉള്ളിൽ ഇരുന്നു തിളച്ചു

സ്കാനിംഗ് കഴിഞ്ഞു. അപ്പോഴേക്കും ഉച്ച ആയി

“പെർഫെക്ട്..ആള് പെർഫെക്ട് ആയിട്ടുണ്ട്. പിന്നെ കുറച്ചു മുറിവുകൾ അത് ഉണങ്ങാൻ ഉള്ള മരുന്നുകൾ ഉണ്ട്. കാലിന്റെ ബാൻഡ് എയ്ഡ് മാറ്റുന്നുണ്ട്. ഇനി കുറച്ചു ഫിസിയോ ചെയ്തു നോക്കാം. അതിന് തെറാപ്പിസ്റ്റ് വരും വീട്ടിൽ. കുറച്ചു ദിവസം..ഇനി ഇന്ന് ഡിസ്ചാർജ് ഇല്ല. നാളെ രാവിലെ പോകാം.

അവൻ ഒന്ന് തലയാട്ടി

ക്രിസ്ടിയും വിജയും മുറിയിൽ ഉണ്ടായിരുന്നു

“എടാ നീ എന്താ ചേട്ടനോട് ആവശ്യം ഇല്ലാത്തതൊക്കെ പറഞ്ഞത്? ചേട്ടന് എത്ര വിഷമം ആയിന്ന് അറിയാമോ. സ്വന്തം കുഞ്ഞിനെ ക്കാളും നിന്നെ സ്നേഹിക്കുന്ന ആളാ. പുള്ളി എന്തെങ്കിലും പറഞ്ഞുന്ന് വെച്ച് ഉടനെ കൊ- ല്ലും തി- ന്നും..”

ചാർലി അവരെ രണ്ടു പേരെയും മാറി മാറി നോക്കി. കോംപ്രമൈസ് ആണ് ഉദ്ദേശം. ചേട്ടൻ പറഞ്ഞു വിട്ടതാണെന്നും അവൻ ഊഹിച്ചു

“എന്റെ പെണ്ണിനെ കൊ- ല്ലും എന്നൊക്ക പച്ചക്ക് പറഞ്ഞാൽ ഞാൻ പിന്നെ എന്തോ വേണം? കേട്ടോണ്ട് നിൽക്കണോ.. “

“എടാ അങ്ങനെ ഒക്കെ ആരെങ്കിലും ചെയ്യുമോ? ചേട്ടൻ ഒരു ആവേശത്തിൽ പറയുന്നതല്ലേ. അത് നിന്റെ ഇഷ്ടം നീ എന്താ എന്ന് വെച്ചാ ചെയ്തോ.. ചേട്ടൻ പറഞ്ഞു അത്. ദേഷ്യം വന്നപ്പോൾ പറഞ്ഞു പോയതാടാ “

“ഞാൻ പക്ഷെ ദേഷ്യം വന്നു പറഞ്ഞതല്ല. കാര്യമായിട്ട് തന്നെ പറഞ്ഞതാ. അവളുടെ ദേഹത്ത് ഒരു പോറൽ വീണാ ഞാൻ നിങ്ങളെയെ സംശയിക്കുവുള്ളു..അത് ഉറപ്പിച്ച ആരാണെങ്കിലും അത് ആരാണെങ്കിലും…പിറ്റേന്ന് അടക്കമാ..വെറുതെ പറയില്ല ചാർലി
അത് ചേട്ടന്മാർക്ക് നല്ലോണം അറിയാം..അവൾക്ക് പിന്നാലെ നിങ്ങളാരും അന്വേഷണം നടത്തി മെനക്കെടേണ്ട. ഞാൻ ഒരു സത്യക്രിസ്ത്യാനിയെ മാത്രമേ കെട്ടു…അതോർത്തു പേടിക്കണ്ട. പിന്നെ കാശ്…എന്റെ സ്വത്ത് എത്ര ആണെന്ന് നിങ്ങൾക്ക് മൂന്നു പേർക്ക് വല്ല ഊഹവും ഉണ്ടോ. നിങ്ങളുടെ എല്ലാവരുടെയും വീതം അപ്പൻ തന്നതാ…ഇനിയുള്ളത് എനിക്കുള്ളതാ. അപ്പന്റെ സ്വത്തും എന്റെ അമ്മയുടെ സ്വത്തും..ഏകദേശം നിങ്ങൾ മൂന്നു പേരുടെയും സ്വത്തിന്റെ മൂന്നിരട്ടി വരും അത്. എന്റെ പെണ്ണിന് അത് മാത്രം മതി…അവളുടെ വീട്ടിലെ സ്വത്ത് കൊണ്ട് എനിക്കു തിന്നണ്ട..അത് കൊണ്ട് അത്  വിട്ടേക്കാൻ ചേട്ടനോട് പറ “

വിജയും ക്രിസ്ടിയും പരസ്പരം നോക്കി

സ്വത്തിന്റെ കണക്കുകൾ അവൻ ആദ്യമായ് പറയുകയാണ്. വീതം പണ്ടേ നടന്നതാണ്. പക്ഷെ ഇനിയും അപ്പൻ തരും എന്നൊരു സൂചന ഉണ്ടായിരുന്നു. ഷെല്ലിക്കും ചാർളിക്കും തുല്യമായി തന്നെ ആണ് വീതിച്ചത്. പിന്നെ എങ്ങനെ ഇവനു അത്രയും വർധിക്കുന്നത്?

അതിനുള്ള മറുപടി പിന്നീട് ഷെല്ലി അവർക്ക് കൊടുത്തു

അമ്മയുടെ സ്വത്ത് അമ്മയ്ക്ക് ആർക്ക് വേണേൽ കൊടുക്കാം. അത് അമ്മയുടെ ഇഷ്ടം ആണ്. അപ്പനെക്കാൾ ആസ്തി അമ്മയ്ക്കാണ്. കുടുംബത്തെ ഏറ്റവും ഇളയ ആളെന്ന സ്നേഹം അമ്മയ്ക്ക് ചാർളിയോട് ഉണ്ട്. അവനാണ് കുടുംബത്തെ ഇനി മുന്നോട്ട് കൊണ്ട് പോകേണ്ടത് എന്നും അമ്മയ്ക്ക് അറിയാം. കുടുംബത്തിൽ താമസിക്കുന്ന ആൾക്കാണ് തന്റെ സ്വത്തെന്ന് അമ്മ നേരെത്തെ പ്രഖ്യാപിച്ചു കഴിഞ്ഞതാ. അന്ന് പക്ഷെ ചാർലി തീരുമാനം എടുത്തിട്ടില്ല. ഇന്ന് അങ്ങനെ പറഞ്ഞെങ്കിൽ. അവൻ ഇനി കുടുംബത്തിൽ തന്നെ ആയിരിക്കും താമസിക്കുക. അതായത് പെണ്ണ് നമ്മുടെ നാട്ടിലാണ് എന്നർത്ഥം. അത് പതിയെ കണ്ടു പിടിക്കാം ഇപ്പൊ വേണ്ട. ഇപ്പൊ ഉള്ള പ്രതിസന്ധി ചാർലി അപ്പന്റെ സ്വത്തിന്റെ കണക്ക് നോക്കുമ്പോഴാണ്. നമ്മൾ അവിടെ ചെയ്തു വെച്ച കള്ളത്തരം മുഴുവൻ അവൻ അറിയും.. “

വിജയുടെയും ക്രിസ്റ്റിയുടെയും മുഖത്ത് ഒരു പകപ്പ് നിറഞ്ഞു

തുടരും…