ടൂർ ബസ് കടന്ന് പോകുന്നത് കുരിശുങ്കൽ. വീടിന്റെ മുന്നിൽ കൂടിയാണ്. അവൾ മെസ്സേജ് അയച്ചു കൊണ്ട് ഇരുന്നു
ചാർലി ഉറങ്ങിയിരുന്നില്ല. ഉള്ളിൽ നിറഞ്ഞ ഭാരം. വെളുപ്പിന് രണ്ടു മണിക്ക് ബസ് സ്റ്റാർട്ട് ചെയ്തു
നിമ്മി അവളുടെ ബോയ് ഫ്രണ്ട്നൊപ്പം പിന്നിൽ ഇരുന്നു. മുന്നിൽ രുക്‌മിണിക്കൊപ്പം ആയിരുന്നു സാറ വശത്തെ സീറ്റിൽ. ബസ് ഒന്ന് ആടിയുലഞ്ഞു നിന്നപ്പോ അവൾ പെട്ടെന്ന് നോക്കി
ചാർളി
അവൻ കയ്യിൽ ഇരുന്ന പാക്കറ്റുകൾ അവളെ ഏൽപ്പിച്ചു. പിന്നെ കമ്പിയിൽ അമർന്നിരുന്ന ആ കയ്യിൽ പിടിച്ചു
“പുറത്ത് നിന്ന് സ്നാക്സ് ഒന്നും കഴിക്കണ്ട ട്ടോ “
അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു. അവൻ പിന്നോട്ട് മാറുമ്പോൾ അതെ സങ്കടത്തോടെ അവൾ നോക്കിയിരുന്നു. അവൻ ഒരു പൊട്ട് പോലെ മറഞ്ഞപ്പോ കണ്ണുകൾ അടച്ചു ചുണ്ട് കടിച്ചു പിടിച്ചു ആ പൊതി നെഞ്ചിൽ ചേർത്ത് പിടിച്ചു.
രുക്കു അതിശയത്തോടെ അത് നോക്കിയിരുന്നു. അവളും പ്രണയിച്ചാണ് വിവാഹം കഴിഞ്ഞത്. ഇത് പോലെ ഉള്ള രംഗങ്ങൾ ഒന്നും അവർക്കിടയിൽ ഉണ്ടായില്ല. സ്നേഹം, പ്രണയം ഒക്കെയുണ്ട്. പക്ഷെ ഇത് അപൂർവമാണെന്ന് തോന്നി
അവൾ ഫോൺ എടുക്കുന്നത് കണ്ട് രുക്കു ഒഴിഞ്ഞു കിടന്ന ഒരു സീറ്റിലേക്ക് മാറിയിരുന്നു
“മോളെ..”
“ഇച്ചാ എനിക്ക് നെഞ്ചു പൊട്ടി പോണ പോലെ തോന്നുന്നു. ഇച്ചാ എന്തിനാ ഞാൻ ടൂർ പൊക്കോളാൻ പറഞ്ഞത്? ഇച്ചന് പറഞ്ഞൂടാരുന്നോ പോവണ്ടാന്ന് “
അവൾ എഴുതിയിരിക്കുന്നത് വായിക്കെ ഉള്ളിൽ ഒരു വേദന വന്ന് പോയി
“എടി പോ- ത്തേ ഇത് ടൂർ ആണ്. സന്തോഷിച്ച് അടിച്ചു പൊളിച്ചിട്ട് വാ..അതല്ലേ രസം. ഇത് കല്യാണത്തിന് ശേഷം കിട്ടില്ല കേട്ടോ “
“എനിക്ക് എന്റെ ഇച്ചായന്റെ കൂടെ പള്ളിയിൽ ഇരുന്നു വർത്താനം പറയുന്ന സുഖമുണ്ടോ ഇതിന്? എന്റെ ഇച്ചായനെ കണ്ടു കൊണ്ടിരിക്കുന്ന സുഖമുണ്ടോ? ഇല്ല..ഇത് എനിക്ക് സങ്കടം ആണ് ഇച്ചാ.ഇപ്പൊ മനസിലാക്കുവാ ഞാൻ..എത്ര അധികമായിട്ടാ ഞാൻ സ്നേഹിക്കുന്നെന്ന്..കാണാതെ ഇരിക്കാൻ പറ്റണില്ല ഇപ്പൊ..ഇച്ചാന് എന്നോട് ഇത്രേ സ്നേഹം ഇല്ല അതാ അങ്ങനെ മനസിലാവാത്തത് “
“ഞാൻ തന്ന പാക്കേറ്റിൽ ഹെഡ് ഫോൺ ഉണ്ട് എടുത്തു വെയ്ക്ക് എന്നിട്ട് വോയിസ് കേൾക്..ഞാൻ വോയിസ് ഇടാം “
അവൾ പാക്കറ്റ് തുറന്നു നോക്കി
ചിപ്സ്, ചോക്ലറ്റ്സ്, ജ്യൂസ് പാക്കേറ്റ്സ്, വെള്ളം..പിന്നെ ഒരു ലെറ്റർ, ഒരു ഹെഡ് ഫോൺ
അവൾ ലെറ്റർ ബാഗിൽ വെച്ചു. പിന്നെ ഹെഡ് ഫോൺ ഘടിപ്പിച്ചു
“എന്റെ പൊന്നിന് എന്നോട് എന്തും പറയാം ഇത് ഒഴിച്ച്..സ്നേഹം ഇല്ലന്ന് ഒഴിച്ച്..അത് കേൾക്കുന്നത് വിഷമം ആണ് മോളെ .. ചാർലി ഇപ്പൊ ജീവിക്കുന്നത് പോലും നിന്നിലാ. നിന്റെ ഓർമ്മകളിൽ..ഓരോ ഇടങ്ങളിൽ പോകുമ്പോൾ എന്റെ സാറയ്ക്ക് എന്താ വാങ്ങണ്ടത് എന്നാ ആലോചിക്കുക അങ്ങനെ വാങ്ങി കൂട്ടുന്നതാ കണ്മഷിയും പൊട്ടും ഒക്കെ..ഇനിയും ഉണ്ട് നേരിട്ട് തരാം..സസ്പെൻസ് ആണ്.”
അവളുടെ കണ്ണ് നിറഞ്ഞോഴുകി
“എന്റെ ഇച്ച” എന്ന് മാത്രം അവൾ ടൈപ് ചെയ്തു
“മോള് എന്റെ പൊന്നാടി..ഇച്ചായന്റെ ജീവൻ. നേരിട്ട് കാണുമ്പോൾ, നിന്റെ മുഖം കാണുമ്പോൾ സത്യത്തിൽ ഒന്നും പറയാൻ പറ്റുകേല കണ്ടോണ്ട് നിൽക്കാനേ തോന്നു. അതാ മിണ്ടാതെ നിന്ന് പോണത്. നമ്മൾ ഒറ്റയ്ക്ക് അധികം കണ്ടിട്ടുമില്ല അത് കൊണ്ടാ ട്ടോ “
അവൾ എന്താ എഴുതുക എന്ന് ആലോചിച്ചു. മനസ്സ് നിറഞ്ഞ പോലെ
എന്റെ ഇച്ചാ….ഉമ്മ്മ്മ…
അങ്ങനെ ടൈപ്പ് ചെയ്തിട്ട് നേർത്ത ചിരിയോടെ നോക്കിയിരുന്നു
“ഉമ്മ വേണോ എന്റെ സാറ കൊച്ചിന്?”
അവളുടെ ദേഹത്ത് കൂടി വൈദ്യുതി പാഞ്ഞത് പോലെ തോന്നി
“ഉമ്മ തരാം അടുത്ത തവണ കാണട്ടെ..”
അവൾക്ക് പെട്ടെന്ന് ഒരു പേടി വന്ന്
“ഫോണിൽ കൂടി മതി “
ചാർലി അത് വായിച്ചു ചിരിച്ചു പോയി
“ജീവനില്ലാത്ത ഈ സാധനത്തിൽ കൂടി തരാനുള്ളതല്ല ചാർളിയുടെ ഉമ്മ.. അത് എന്റെ കൊച്ചിന് അവകാശപ്പെട്ടതാ. അത് ചുമ്മാ ടൈപ്പ് ചെയ്തും വോയിസ് മെസ്സേജ് അയച്ചുമൊന്നും വേസ്റ്റ് ആക്കി കളയുകേല ചാർലി. നേരിട്ട് തരും..എന്റെ കൊച്ചിനെ നെഞ്ചിൽ ചേർത്ത് പിടിച്ച്.. ആ ചുണ്ടിൽ തരും.”
“വേണ്ട പോ…”
“ഇനി അങ്ങനെ പറഞ്ഞിട്ട് ഒരു കാര്യോമില്ല മോളെ.ഇനി കാണുന്ന നിമിഷം അത് ഞാൻ തരും
എന്റെ കുഞ്ഞ് കണ്ണടച്ച് അത് ഏറ്റു വാങ്ങിയ മതി..നമ്മുടെ ആദ്യചുംബനം.. “
“പേടിയാ ഇച്ചാ ” അവൾ സത്യം പറഞ്ഞു
“കടിച്ചു തിന്നത്തോന്നുമില്ല കൊച്ചേ. കുഞ്ഞ് ഒരുമ്മ. ചുണ്ട് ചുണ്ടിൽ മുട്ടിച്ച് ഒരുമ്മ..ഒരു സെക്കന്റ് ഉള്ള ഒരുമ്മ. പേടിക്കണ്ട. ഇനി മോള് ഇത് ഓഫ് ചെയ്തു വെച്ച് ഉറങ്ങിക്കോ എനിക്കും ഉറങ്ങണം. തോട്ടത്തിൽ പോകണം.”
“ഇച്ചാ?”
“ഉം “
“എന്നെ ഒരു ദിവസം കൊണ്ട് പോകണേ തോട്ടത്തിൽ. എനിക്ക് വലിയ ഇഷ്ടാണ് അതൊക്ക കാണാൻ..”
അവൻ അത് എങ്ങനെ പറയും എന്നോർത്ത് ഇരിക്കുവായിരുന്നു. പറഞ്ഞാൽ അവൾ തെറ്റിദ്ധരിച്ചാലോ എന്ന് ഓർത്തു
“പരീക്ഷ തീരട്ടട്ടോ കൊണ്ട് പോകാം “
അവൾ സമ്മതിച്ചു
“ഒരു ഫോട്ടോ അയച്ചു തരാമോ ഇച്ചാ “
അങ്ങനെ ഒന്നും ഇതിന് മുൻപ് ഒരിക്കലും സാറ ചോദിച്ചിട്ട് കൂടിയില്ല. അവൻ ഒരു സെൽഫി അയച്ചു
“നമ്മൾ ഒന്നിച്ചു ഒരു ഫോട്ടോ പോലുമില്ല”
അവൾ
“ആ സങ്കടം മാറ്റി തരാം “
അവൻ പറഞ്ഞു
പിന്നെ ഫോൺ കട്ട് ചെയ്തു. കണ്ണുകൾ അടച്ച് അവനെ ഓർത്തിരുന്നു. പിന്നെ കുറച്ചു ഉറങ്ങി
വണ്ടർ ലാ എത്തും മുന്നേ ബ്രേക്ക്‌ഫാസ്റ്റ്
“കഴിച്ചോ?” അവന്റെ മെസ്സേജ്
“അവൾ ഇഡലിയുടെയും സാമ്പാറിന്റെയും ഒരു പിക് അയച്ചു “
ഒരു ചിരി വന്നു മറുപടി
“ഇച്ചാ കഴിച്ചോ? അവൾ ചോദിച്ചു
ചാർലി കുറച്ചു നേരം അത് നോക്കിയിരുന്നു
“ഇല്ല “
“എപ്പോ കഴിക്കും?”
“നീ കഴിച്ചിട്ട്..”
അവൾ നേർത്ത പുഞ്ചിരിയോടെ ആ മെസ്സേജ് നോക്കിയിരുന്നു
“ചക്കരയാ ട്ടോ. ഞാൻ കഴിക്കാൻ പോവാ. കഴിച്ചോ “
അവൾ ഫോൺ മാറ്റി വെച്ച് കഴിക്കാൻ തുടങ്ങി
അവർ വണ്ടർ ലായിൽ ചെല്ലുമ്പോ വേറെയും സ്റ്റുഡന്റസ് ഉണ്ടായിരുന്നു
അവൾ ഓരോന്ന് കണ്ടു കൊണ്ട് മറ്റുള്ളവർക്ക് ഒപ്പം നടന്നു
“റൈഡിൽ കേറുന്നില്ലേ?” രുക്കു ചോദിച്ചു
അവൾ ഇല്ല എന്ന് തലയാട്ടി എന്നിട്ട് ഒരു സ്ഥലത്ത് ഇരുന്നു
കാഴ്ചകൾക്ക് ഒന്നും ഒരു ഭംഗിയില്ല. മനസ്സിൽ ആ മുഖം ആണ്. കാതിൽ ആ ശബ്ദം. വയ്യ….
രുക്കു അവൾക്കരികിൽ വന്നിരുന്നു
“ചാർളിയെ ആദ്യമായ് കണ്ടിട്ട് എത്ര മാസമായി?”
“അഞ്ചു മാസം നാലു ദിവസം അഞ്ചു മണിക്കൂർ മുപ്പത് മിനിറ്റ് പത്തു സെക്കൻഡ് ” അവൾ വാച്ചിൽ നോക്കി പറഞ്ഞു
രുക്കു അമ്പരന്ന് പോയി
“പാല് കൊടുക്കാൻ പോയപ്പോഴാ ആദ്യം കണ്ടത്. പുലർച്ചെ ആറു മണിക്ക് “
“ഇത്രയും ഓർത്തു വെച്ചേക്കുന്നതു അതിശയം തന്നെ “
“എന്റെ ജീവനാ അത്..ഓർക്കാതെ പിന്നെ..? മറന്നിട്ടു വേണ്ടേ.. ഓരോന്നും ഡേറ്റ് സമയം ഒക്കെ വെച്ചിട്ട് ഓർമ്മ ഉണ്ട്. പിണക്കം ഇണക്കം ഒക്കെ. ഇച്ചായനോട് ചോദിച്ചു നോക്കിക്കോ ഇത് പോലെ കൃത്യമായി പറയും. ഇച്ചാനും ഒന്നും മറക്കില്ല. എന്നെ ആദ്യമായിട്ട് കണ്ടപ്പോ ഇട്ട ഡ്രസ്സ് ഏതാ എന്ന് ചോദിച്ചു നോക്കിക്കോ. വെള്ളയിൽ കറുപ്പ് പുള്ളിയുള്ള ഉടുപ്പായിരുന്നു. ആള് പറയും. സ്നേഹം തുടങ്ങി കഴിഞ്ഞാണെങ്കിൽ എല്ലാ ദിവസത്തെയും പറയും. ഒന്നും മറക്കില്ല “
“അസൂയ തോന്നുന്നു ട്ടോ “
അവൾ മെല്ലെ ചിരിച്ചു
“ടീച്ചർ ആ റൈഡിൽ പോകട്ടെ?” കുട്ടികൾ വന്ന് ചോദിക്കുന്നു
രുക്കു ആയിക്കോഎന്ന് കൈ കാണിച്ചു
“മോളെന്താ ഒന്നിലും കേറാത്തെ?”
അവൾ ഒന്ന് തിരിഞ്ഞു
“എന്റെ എല്ലാ സന്തോഷങ്ങളും ആദ്യം ഇച്ചായനോപ്പം മതി.. ഞാനും ഇച്ചാനും ഒരു ദിവസം ഇവിടെ വരും. അന്ന് ഈ റൈഡിൽ എല്ലാം എന്റെ ഇച്ചാന്റെ കൂടെ ഞാൻ കയറും.. ഞങ്ങളത് ഒന്നിച്ചാവും കയറുക. അത് മതി ടീച്ചർ എനിക്ക്..”
രുക്കു കണ്ണ് നിറഞ്ഞിട്ട് ദൂരെ എവിടെയോ നോക്കി ഇരുന്നു
ഫോൺ വന്നപ്പോൾ അവൾ നോക്കി
“മോൾക്ക് ആണ് സംസാരിക്ക് ” അവൾ ഫോൺ വാങ്ങിച്ചപ്പോ രുക്കു കുട്ടികളുടെ അടുത്തേക്ക് നടന്നു പോയി
“എന്റെ ഇച്ചാ..”
അവളുടെ വിളിയൊച്ചക്ക് അവൻ മറുപടിയായി മൂളി
“ഇച്ചാ?”
“മോള് പറയടി “
അവൾ പറഞ്ഞു തുടങ്ങി.
തുടരും….