“സത്യം പറ നീ എന്നെ കാണാൻ വന്നതാണോ.?”
രുക്കു ചാർളിയുടെ മുഖത്ത് കൂർപ്പിച്ചു നോക്കി.കോളേജിൽ ആദ്യമായിട്ടാണ് ചാർലി വരുന്നത്
“പിന്നല്ലാതെ”
അവൻ കയ്യിൽ ഇരുന്ന അമുൽ ചോക്ലറ്റ് അവൾക്ക് കൊടുത്തു
“ഞാൻ ഇത് വിശ്വസിക്കണം “അവൾ ചുഴിഞ്ഞു നോക്കി
“ശെടാ ഇതാണ് പറയുന്നത് മനുഷ്യർക്ക് ആത്മാർത്ഥതയും സ്നേഹവും നിറഞ്ഞ ഒരു ഹൃദയം ഉണ്ടാകാൻ പാടില്ല. ശരി എടി ഞാൻ പോവാ “
രുക്കു ആ കയ്യിൽ പിടിച്ചു നിർത്തി
“ഒന്നാം ക്ലാസ്സ് മുതൽ ഉള്ള ഈ സ്വഭാവം മാറിയില്ല ഇത് വരെ. ഇമോഷണൽ ബ്ലാക്ക് മെയിലിങ് “
“പോ- ടീ “
“ദേ സത്യം പറ സാറയെ കാണാൻ അല്ലെ?”
“ആണെങ്കിൽ?”
രുക്കുവിന്റെ മുഖം വിടർന്നു
“ആണോ?”
“ഉം”
“സത്യം?”
അവൻ തലയാട്ടി
“അവളുടെ ഡാൻസ് ഉണ്ട് ഇപ്പൊ “
“അറിയാം “
“വാ “
“ഞാൻ അങ്ങനെ വന്നാ പ്രശ്നം ആണെടി എന്റെ കസിൻ ഉണ്ട്
ഇവിടെ.. “
“ടീച്ചേർസ് ഇരുന്ന് കാണുന്ന സ്ഥലത്ത് വാ. മുകളിൽ.. ബാൽക്കണിയിൽ..ഞാൻ പറഞ്ഞോളാം എന്റെ ഫ്രണ്ട് ആണെന്ന് “
അവൻ അവൾക്കൊപ്പം പോയി
രുക്കു അവനെ സഹ അധ്യാപകർക്ക് പരിചയപ്പെടുത്തി നൃത്തം തുടങ്ങി ചമയങ്ങൾ അണിഞ്ഞു വന്നപ്പോ വേറെ ഒരാളെ പോലെ. നൃത്തം സാറ തോമസ്
എന്ന് അന്നൗൻസ് ചെയ്യുമ്പോൾ ഭയങ്കര കയ്യടി
അതിമനോഹരം ആയി അവൾ നൃത്തം ചെയ്യുന്നത് അവൻ നോക്കി ഇരുന്നു. സിനിമ ഗാനവും ക്ലാസിക്കലും ചേർന്നുള്ള ഒരു ഫ്യൂഷൻ. മണിച്ചിത്രത്താഴിലെ നാഗവല്ലി.. പിന്നെ ഏതൊക്കെയോ സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള നൃത്തങ്ങളുടെ സമന്വയം.
“ആള് സ്വന്തം ആയിട്ട് സ്റ്റെപ് ഇട്ടു പഠിക്കുന്നത” രുക്കു ഇടയ്ക്ക് പറഞ്ഞു
അവൻ അവളിൽ നിന്നും കണ്ണെടുത്തില്ല. മൊബൈലിൽ അത് ഷൂട്ട് ചെയ്യുകയും ചെയ്തു. നൃത്തം അവസാനിച്ചപ്പോ ഗംഭീര കയ്യടി
അവൻ എഴുന്നേറ്റു
“ഞാൻ പോവാണ് “
“ഡാ കുറച്ചു കൂടി കഴിഞ്ഞു പോകാം കിച്ചു നേരെത്തെ വരും “
“ഞാൻ പിന്നെ ഒരു ദിവസം വരാം. ഇപ്പൊ പോട്ടെ..”
രുക്കു അവന്റെയൊപ്പം ചെന്നു
“ചാർലി?”
അവൻ ബുള്ളറ്റിൽ കയറുകയായിരുന്നു
“നീ അവളോട് പറഞ്ഞോ.?”
“ഇല്ല “
“അവൾക്ക് ഇഷ്ടം ആണോ.?”
“ഉം.”
“അവൾ പറഞ്ഞോ?”
“പറയാതറിയില്ലേ ചില ഇഷ്ടങ്ങൾ?”
“അറിയാം. പക്ഷെ പരസ്പരം എപ്പോഴെങ്കിലും. അത് ഒന്ന് പറഞ്ഞു വെയ്ക്കണം. അവൾക്ക് സീരിയസ് ആയിട്ട് ഇവിടെ നിന്ന് ഒരു പ്രൊപോസൽ ഉടനെ പോകുന്നുണ്ട്. കോളേജിലെ ആന്റണി സാറിന്റെ മകൻ ജിയോ. ജിയോ ഡോക്ടർ ആണ്. ഇവിടെ വരാറുണ്ട്. അവൾക്ക് അറിയില്ല എന്നേയുള്ളു. ജിയോയ്ക്ക് അവളെ ഇഷ്ടമാണ്. കോഴ്സ് കഴിഞ്ഞ പ്രൊപോസൽ ആയിട്ട് ചെല്ലും. അവളുടെ വീടിന്റെ സ്ഥിതിയൊക്കെ എല്ലാർക്കും അറിയാം. അത് കൊണ്ട് തന്നെ അങ്ങനെ ഒരു വിഷയം ഇല്ല. ജിയോ ഒറ്റ മകനാണ്. സാറയെ കാണാൻ വേണ്ടി മാത്രമാ ഇടയ്ക്കിടെ അവൻ ഇവിടെ വരുന്നത്. അവളോട് പറഞ്ഞിട്ടില്ല എന്നാണ് ഇത് വരെ എനിക്കു തോന്നിട്ടുള്ളത്. എന്നോട് കുറച്ചു അടുപ്പം ഉണ്ട് ആന്റണി സാറിന്. അങ്ങനെ പറഞ്ഞതാണ്. എന്തെങ്കിലും ഉണ്ടെങ്കിൽ നീ അത് അവളോട് പറയ്..”
അവന്റെ മനസ്സ് കലങ്ങി. അവൻ ഒന്ന് മൂളി
ബാത്‌റൂമിൽ പോയിട്ട് ഡ്രസ്സ് മാറാൻ വരികയായിരുന്നു സാറ
ചാർലി നിൽക്കുന്നത് അവൾ കണ്ടു
വന്നോ…എപ്പോ…
അവൾ പരിസരം മറന്നു പോയി
ഒറ്റ ഓട്ടം
തൊട്ട് മുന്നിൽ വന്നപ്പോഴേ ചാർലി അവളെ കണ്ടുള്ളു. അവൻ പെട്ടെന്ന് ചിരിക്കണോ വേണ്ടയോ എന്ന് സംശയിച്ചു
“എനിക്കു അറിയാമായിരുന്നല്ലോ വരുമെന്ന് ” അവൾ സന്തോഷത്തോടെ ചിരിച്ചു
രുക്കുവിനെ അവൾ കാണുന്നില്ല. എന്ന് തോന്നി. അവളുടെ മുഖം വിയർത്തു നനഞ്ഞിരുന്നു
“പോവാണോ?”
അവൻ പോക്കെറ്റിൽ നിന്ന് ടവൽ എടുത്തു കൊടുത്തു. സാറ മുഖം തുടച്ചു
“ഉം പോവാണ്”
അവൾ ഇമ വെട്ടാതെ അവനെ നോക്കി നിന്നു
“വൈകുന്നേരം വീട്ടിൽ കാണണെ “
“ഉം “
“പോട്ടെ..”
അവൻ ഒന്ന് മൂളി
അവൾ തിരിഞ്ഞു ഓടി പോയി. ഇടയ്ക്കിടെ തിരിഞ്ഞു നോക്കികൊണ്ട്
“നീ ചോദിക്കണ്ട ” രുക്കു മെല്ലെ പറഞ്ഞു
“ങേ?”
“അല്ല അവളോട് ഇഷ്ടം ആണോന്ന് നീ ചോദിക്കണ്ട..”
രുക്കു അവൾ പോയിടത്തേക്ക് നോക്കി
“ജീവനാണ്…അത് മനസിലാക്കാൻ ആ നെഞ്ചിന്റെ കിതപ്പും പിടച്ചിലും കണ്ടാ മതി. ഇനിയും ഏത് കൊമ്പത്തെ പ്രൊപോസൽ വന്നിട്ടും കാര്യമില്ല ചാർലി. അവള് നിന്നിൽ അഡിക്റ്റഡ് ആണ്..നോക്ക് എന്നെ പോലും കണ്ടില്ല. ഒരു വാക്ക് മിണ്ടിയില്ല..”
ചാർളിയുടെ കണ്ണ് ഒന്ന് കലങ്ങി
“പാവം കൊച്ചാണ്.. വിഷമിപ്പിക്കല്ലേടാ..”
അവൻ മിണ്ടിയില്ല
“വേണ്ടെന്ന് പിന്നെ തോന്നരുത്. നിന്റെ സ്റ്റാറ്റസ് ഒക്കെ ഒത്തിരി വ്യത്യാസം ഉണ്ട്.. പിന്മാറണം എങ്കി ഇപ്പൊ മാറിപ്പോകണം. അവൾക്ക് ഒരു ആശ കൊടുത്തിട്ട് പിന്നെ നടന്നില്ലെങ്കിൽ….നിനക്ക് നല്ല ഉറപ്പ് ഉണ്ടെങ്കിൽ മാത്രം മുന്നോട്ട് പോയ മതി..കൊച്ചു പെണ്ണാണ് ഇപ്പൊ ആ മനസ്സ് നിന്നെ മാത്രം ഓർത്ത്.. അങ്ങനെ ആവും. നമ്മൾ കുറച്ചു കൂടെ പ്രായവും പക്വതയും ഒക്കെ ഉള്ളവരല്ലേ? നിന്റെ ചേട്ടന്മാർ അപ്പൻ ഒക്കെ…ചേട്ടൻ പണ്ട് നിന്റെ ചേച്ചിയോട് ചെയ്തതൊക്കെ നമുക്ക് അറിയാമല്ലോ. സ്നേഹിച്ചു പോയി എന്നുള്ളത് കൊണ്ട് മാത്രം ഒരു ചെറുപ്പക്കാരന്റെ ജീവിതം പോയില്ലേ? ഇതിലും സ്വത്ത് ഉള്ളവരായിരുന്നു. ഇത് തീരെ പാവങ്ങളാ. എന്നും നിനക്ക് നോക്കിക്കൊണ്ട് ഇരിക്കാൻ പറ്റുമോ? കുടുംബത്തിന്റെ പേര് പോയ അവർക്ക് നീയെന്നില്ല സ്വന്തം രക്തം എന്നുമില്ല
നീ ജയിലിൽ പോയതൊക്കെ ഒരു അപമാനം ആയിട്ടല്ല ക്രെഡിറ്റ് ആയിട്ടായിരിക്കും വിചാരിച്ചു വെച്ചേക്കുന്നേ.. അത് പോലല്ല നീ ഒരു പെണ്ണിനെ സ്നേഹിക്കാൻ തുടങ്ങുമ്പോ ഒന്നുടെ ആലോചിച്ചു നോക്കിട്ട് മതി.. അതിനു ഒരു വിഷമം വരരുത് “
“എന്നെ കൊണ്ട് ഇനി മാറാൻ പറ്റത്തില്ല രുക്കു..” അവൻ മെല്ലെ പറഞ്ഞു
“ഞാൻ..തുടക്കത്തിൽ നോക്കിയിരുന്നു.. ഇവളെ കാണാതെ നിൽക്കാൻ..പറ്റത്തില്ല..പക്ഷെ നീ പറഞ്ഞ പോലെ എനിക്ക് അറിയാം ചേട്ടനെ. ഇപ്പൊ അളിയന്മാരും കണക്കാ. ഞാൻ ഒന്നുടെ ആലോചിച്ചു നോക്കട്ടെ.ഞാൻ ഇഷ്ടം പറഞ്ഞിട്ടില്ലേ.പറയുന്നില്ല.ചിലപ്പോൾ കുറച്ചു കഴിഞ്ഞു അവൾ എന്നേ മറന്നേക്കാം. ഇപ്പൊ കൊച്ചല്ലേ. കുറച്ചു വളരുമ്പോൾ നല്ല ആലോചന ഇത് പോലെ ഡോക്ടർടെ ഒക്കെ ആലോചന വരുമ്പോൾ… അതിന്റെ ഒക്കെ മുന്നിൽ ചാർലി ഒന്നുമല്ല. ചാർളിക്ക് എന്താ ഉള്ളത്? കൊറേ കാശ്… അവളുടെ യോഗ്യത എന്നേക്കാൾ എത്രയോ ഉയരത്തിലാണ്.അവൾക്ക് വേറെ ചോയ്സ് ഉണ്ടെങ്കിൽ പോയിക്കോട്ടെ..”
“അവൾക്കൊ? നിന്നെ വിട്ടിട്ടോ?”
“ഉം “
“ഒന്നങ്ങ് തന്നാലുണ്ടല്ലോ.. അതിന്റെ മുഖം കണ്ടില്ലെടാ നീ? പാവം… നീ മാറാതിരുന്നാ മതി.. സ്നേഹിച്ചിട്ട് പിന്നെ ഏത് കാരണത്തിലും ഉപേക്ഷിച്ചു പോകേണ്ടി വന്ന സാറയെ പോലെ ഒരു പെൺകുട്ടി ചിലപ്പോൾ അതിനെ അതിജീവിക്കില്ല ചാർലി. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പം പോകുന്ന ഇന്നിന്റെ ചില പിള്ളേരെ പോലെ. അല്ല സാറ. ഇപ്പൊ ഇവിടെ നിർത്താൻ പറ്റുമെങ്കിൽ നിർത്തിക്കോ.. മുന്നോട്ട് പോയ.. പിന്നെ അവളെ ഉപേക്ഷിച്ചു പോകരുത്.. തമാശക്ക് ടൈം പാസ്സിന് സാറയെ പോലെ ഒരു പെണ്ണ് വേണ്ട ചാർലി..”
“ഞാൻ അങ്ങനെ ഉള്ള ഒരാളാണോ രുക്കു? ഇത് വരെ ഒരു പെണ്ണിനോടും ഞാൻ ഇത്രയ്ക്കും അറ്റാച്ഡ് ആയിട്ടില്ല. സ്കൂൾ ടൈമിൽ പോലുമില്ല. നിനക്ക് അറിയാവുന്നതല്ലേ. പക്ഷെ എന്റെ സ്വഭാവം.. എന്റെ രീതികൾ.. എന്റെ കുടുംബം.. എന്റെ ശത്രുക്കൾ ഒക്കെ അവളെ മോശമായി ബാധിക്കും.. അവളുടെ സമാധാനം പോകും.. ഞാൻ ശ്രമിച്ചു നോക്കാം രുക്കു.. പറ്റുമോന്ന് അറിയില്ല “
“നീ എന്തിനാടാ സ്വയം വേദനിക്കുന്നത്? അത് വേണ്ട. ഇപ്പൊ. സന്തോഷം ആയിട്ട് പോകുകയല്ലേ അത് പോലെ പൊ
പിന്നെ വരുന്നിടത്തു വെച്ച് കാണാം,
അവൻ ഒന്നും മിണ്ടിയില്ല
അവന്റെ ബുള്ളറ്റ് അകന്ന് പോകുന്നത് രുക്കു നോക്കി നിന്നു
വീട്ടിൽ വന്നിട്ടും രുക്കു പറഞ്ഞത് തന്നെ ആയിരുന്നു ചാർളിയുടെ മനസ്സിൽ. അവൾ പറഞ്ഞത് നുറു ശതമാനം ശരിയാണ്. അപ്പ സമ്മതിക്കും. പക്ഷെ ചേട്ടന്മാർ…തന്നെ പേടിയുണ്ടാകും. അവർക്ക്
നേരേ നേരേ വരില്ല. ഒളിപ്പോര് ആണ് ശീലം
ഒരു ആക്‌സിഡന്റ് അല്ലെങ്കിൽ അത് പോലെ. എന്തെങ്കിലും. താൻ അറിയുക പോലുമില്ല. അറിഞ്ഞാലും എന്താ ചെയ്ക. എല്ലാം കഴിഞ്ഞിട്ട് അവരെ എന്ത് ചെയ്തിട്ടെന്താ? ദേവത പോലെ ഒരു പെണ്ണാണ് സാറ. മാതാവിന്റെ മുഖമാണ്. അവള് ജീവിക്കണം. ഒരു പാട് വർഷം ജീവിക്കണം. ഭർത്താവും കുഞ്ഞുങ്ങളും ഒക്കെ ആയിട്ട്. അത് അവൾ അർഹിക്കുന്നുണ്ട്. തന്നെ പോലെ വൃത്തികെട്ട ഒരു തെ-മ്മാടിയുടെ കൂടെ ചേർത്ത് എറിഞ്ഞുടയ്ക്കണ്ട അത്
അവൻ ദീർഘമായി ശ്വസിച്ചു
പ്രണയം പറഞ്ഞിട്ടില്ല. കല്യാണം കഴിക്കാമെന്ന് വാക്ക് കൊടുത്തിട്ടില്ല. ഇഷ്ടം ആണ്. കൂട്ട് ആണ്. അത്രേ ഉള്ളു
അത് മാത്രമേ പറഞ്ഞിട്ടുള്ളു
ഉള്ളോ ചാർലി?
അവന്റെ മനസാക്ഷി അവനോട് ചോദിച്ചു
അവൾക്ക് വേണ്ടിയാണ്
അവൾക്ക് ഒന്നും പറ്റാതെ ഇരിക്കാൻ
ചാർലി ഇങ്ങനെ നീറി നീറി ഒടുങ്ങിക്കൊള്ളാം
ഇനിയൊരു പെണ്ണിനെ ചാർളിക്ക് വേണ്ട താനും
അവൻ മുഖം പൊത്തി കുനിഞ്ഞിരുന്നു
ഞാൻ നിന്നെ ഉപേക്ഷിക്കുകയാണ് സാറ. എന്നോട് ക്ഷമിക്ക്. അവൻ മെല്ലെ പറഞ്ഞു
പിന്നെ പൊട്ടിക്കരഞ്ഞു കൊണ്ട് മുഖം പൊത്തി
തുടരും…