പ്രണയ പർവങ്ങൾ – അവസാനഭാഗം 103, എഴുത്ത്: അമ്മു സന്തോഷ്

എൽ എ എ മുഹമ്മദ്‌ സഫീർ ആ ധിക്കാരം നിറഞ്ഞ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി

“ചാർലി എസ് ഐ ” അടുത്തിരുന്ന പി എ പറഞ്ഞു

“ഓ ചാർലി..” അയാൾ പുച്ഛത്തോടെ പറഞ്ഞു

“ഓ ചാർളിയല്ല കുരിശുങ്കൽ സ്റ്റാൻലി മകൻ ചാർലി..”

“തന്നോട് ഞാൻ പറഞ്ഞിരുന്നു വരുമെന്ന് “

“അത് പൊതുജന സേവനത്തിനല്ലല്ലോ സാറെ..സാറിന്റെ പാർട്ടിയിലെ ഒരുത്തൻ പെണ്ണ് കേസിൽ അകത്തു കിടപ്പുണ്ട്. അവനെ വിടണം എന്ന് പറയാനല്ലേ?”

ചാർലി ആ കണ്ണിൽ നോക്കി

“ജാമ്യത്തിൽ വിട്ടാൽ മതി. സ്റ്റേഷൻ ജാമ്യത്തിൽ “

“നടക്കുകേല. എഫ് ഐ ആർ എഴുതി പോയി. കോടതിയിൽ നിന്ന് ജാമ്യം കിട്ടിമെങ്കിൽ കൊണ്ട് പൊയ്ക്കോ “

“നിനക്ക് ഭയങ്കര തിളപ്പ് ആണല്ലോടാ കൊച്ചനെ. അത് അത്ര നല്ലതല്ലല്ലോ “

“കുറച്ചു തിളച്ചോട്ടെന്ന്. പ്രായം കുറവല്ലേ സാറെ..” ചാർലി പരിഹാസത്തോടെ ചിരിച്ചു

“സസ്‌പെൻഷൻ അടിച്ചു കിട്ടുമ്പോൾ ഇത് അങ് തീർന്നോളും “

“ഓ ചുമ്മാതാ..ഡിസ്മിസ്സ് ചെയ്താൽ പോലും തീരില്ല. കാരണം കാക്കി കേറിയിട്ട് തിളച്ചു തുടങ്ങിയ ചോ- രയല്ല. കുരിശുങ്കൽ ചാർളിയുടെ ചോരയ്ക്ക് ചൂട് കൂടുതലാ. സർ വിട്ടോ “

അയാൾ രോഷത്തോടെ എഴുന്നേറ്റു പോയി.

കാര്യം നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന് പണ്ടാരോ പറഞ്ഞത് പോലെ ചാർലിക്ക് സസ്‌പെൻഷൻ കിട്ടി. സത്യത്തിൽ അവന് അത് വലിയ സന്തോഷം ആയി

അവളുടെ കൂടെ ഇരിക്കാമല്ലോ. ജീവിതം വലിയ തട്ടു മുട്ടലുകൾ ഇല്ലാതെ താളത്തിൽ പോകുകയാണ്

“പതിവില്ലാതെ വല്ലാതെ വീർപ്പു വരുന്നുണ്ട് വയറിനു. ഒന്ന് കൊണ്ട് പോയി സ്കാൻ ചെയ്തടാ ചെക്കാ “

ബെല്ല ആ ഞായറാഴ്ച വന്നപ്പോൾ പറഞ്ഞു

“ആദ്യമൊന്ന് പ്രെഗ്നൻസി ടെസ്റ്റ്‌ ചെയ്തതല്ലത് അവർ പിന്നെ ഹോസ്പിറ്റലിൽ പോയിട്ടുല്ലായിരുന്നു

സാറയ്ക്കും വല്ലാത്ത ഒരു അസ്വസ്ഥത തോന്നി തുടങ്ങിയിരുന്നു

അങ്ങനെ ചാർലിയും ഷെല്ലിയും ബെല്ലയും അപ്പനും അമ്മയും എല്ലവരും കൂടിയാണ് ഡോക്ടറെ കാണാൻ പോയത്

വിശദമായ പരിശോധനകൾ

സ്കാനിംഗ്

ചാർലിക്ക് ടെൻഷൻ അടിച്ചിട്ട് വയ്യ. അവൻ ഷെല്ലിയുടെ കയ്യിൽ പിടിച്ചു

“ഇതെന്താ ഇത്രയും പരിശോധിക്കാൻ ഉള്ളത്?”

അവൻ പേടിയോടെ ചോദിച്ചു

സാറ നടന്നു വരുന്നത് കണ്ട് അവൻ എഴുന്നേറ്റു ഓടി അരികിൽ ചെന്നു

“എന്താ മോളെ വല്ല കുഴപ്പം ഉണ്ടോ?”

അവളുടെ മുഖത്ത് നാണം. അവൾ ഇല്ല എന്ന് തലയാട്ടി

“പിന്നെ എന്താ ഇത്രയും ടെസ്റ്റ്‌ ഒക്കെ?”

അവൾ കൂടെയുള്ളവരെ നോക്കി

“എന്താ സാറ?” ബെല്ല ചോദിച്ചു

“സാറ തോമസിന്റെ husband ആരാ?” ചാർലി എഴുന്നേറ്റു

“ഡോക്ടർ വിളിക്കുന്നു “

അവൻ ഷെല്ലിയുടെ കൈ പിടിച്ചു

“ചേട്ടനും കൂടി വാ “

“അയ്യേ, നീ പോയെടാ “

“ചേട്ടാ പ്ലീസ്. അല്ലെങ്കിൽ അപ്പ വാ “

ഒടുവിൽ ഷെല്ലി കൂടെ ചെന്നു

“ഇരിക്ക് “

ഡോക്ടർ കുറച്ചു പ്രായമുള്ള ഒരു സ്ത്രീ ആയിരുന്നു

“ചാർലി?”

“ഞാൻ ആണ് “

ഡോക്ടറുടെ മുഖത്തും ഒരു നാണം

“എന്റെ ഭാര്യ അല്ലിയോ ഗർഭിണി ഇവരെന്തിനാ നാണിക്കുന്നെ?” ചാർലി ഷെല്ലിയുടെ ചെവിയിൽ ചോദിച്ചു

ഷെല്ലി ചിരി കടിച്ചു പിടിച്ചു

“സാറയെ അഡ്മിറ്റ് ചെയ്യണം ” ചാർലി നടുങ്ങി പോയി

“മൂന്ന് മാസമേ ആയുള്ളൂ ല്ലോ. എന്തെങ്കിലും കുഴപ്പം ഉണ്ടോ ഡോക്ടറെ?”

“കുഴപ്പംഉണ്ട് എന്ന് പറയാൻ പറ്റില്ല. ഇല്ല എന്ന് പറയാനും പറ്റില്ല..പ്രസവം വരെ കിടക്കേണ്ടി വരും “

“അതെന്താ?”

“സാറയുടെ വയറ്റിൽ നാലു കുഞ്ഞുങ്ങൾ ഉണ്ട്. അപൂർവ മാണത്. ഭാഗ്യവും. പക്ഷെ അറിയാമല്ലോ റിസ്ക് ആണ് “

ചാർലി വാ പൊളിച്ചു പോയി

“നാലു കുഞ്ഞുങ്ങളോ?”

“യെസ്..അത് കൊണ്ട് സൂക്ഷിച്ചു വേണം ഓരോന്നും. ഇരുപത്തിനാലു മണിക്കൂറും മെഡിക്കൽ കെയർ വേണം.അത് കൊണ്ട് അഡ്മിറ്റ് ചെയ്തേ പറ്റു “

അവൻ തലയാട്ടി

“അപ്പൊ. അഡ്മിറ്റ് ചെയ്യുകയല്ലേ?”

അവൻ ശൂന്യത നിറഞ്ഞ കണ്ണുകളോടെ ഷെല്ലിയെ നോക്കി

“അതെ ഡോക്ടർ ” ഷെല്ലി പറഞ്ഞു

“നാലു കുട്ടികൾ എന്നത് റിസ്ക് ആയത് കൊണ്ടാണ് കേട്ടോ. സാറയുടെ ഹെർട്ട് ബീറ്റ് ഒക്കെ എപ്പോഴും നോക്കണം..”

അവൻ വീണ്ടും തലയാട്ടി

“ശരി “

ചാർലി വിറയാർന്ന പാദങ്ങൾ പെറുക്കി വെച്ച് എഴുന്നേറ്റു. അവന്റെ നെഞ്ചു ശക്തിയായി മിടിച്ചു കൊണ്ടിരുന്നു

എന്റെ കർത്താവെ എന്റെ കൊച്ചിന് അത് താങ്ങാൻ പറ്റുമോ?

ഷെല്ലി അവനെ ഒന്ന് തോണ്ടി

“എന്നാലും എന്റെ പൊന്നെടാ ഉവ്വേ. എന്നാ… ഒരു…?”

“ദേ ചേട്ടൻ ആണെന്നൊന്നും നോക്കുകേല പിടിച്ചിടിക്കും ഞാൻ
എനിക്ക് ടെൻഷൻ വരുന്നു ചേട്ടായി..ശോ “

“നീയിനി നാലു വർഷത്തേക്ക് അവളുടെ അടുത്ത് പോയേക്കരുത്..ഇങ്ങനെ ഉണ്ടോ ഒരു ആക്രാന്തം “

“ശെടാ ഞാൻ നോർമൽ ആയിട്ടാ എല്ലാം..”

അപ്പൻ വരുന്ന കണ്ട് അവൻ നിർത്തി

“കർത്താവ് വലിയവനാ മോനെ..”

ഷെല്ലി ആക്കിയ പോലെ ഒന്ന് തലയാട്ടി

“കൊച്ചിനെ നല്ല പോലെ നോക്കണം. ഇപ്പൊ ആരോടും പറയാൻ നിൽക്കണ്ട. ദൃഷ്ടി ദോഷം വരും. പ്രസവിച്ചു കഴിഞ്ഞു പറഞ്ഞ മതി..”

ചാർലി സമ്മതിച്ചു

അപ്പൻ സന്തോഷത്തോടെ പോകുന്നത് നോക്കി നിന്നു അവൻ

“ആർക്ക് ദൃഷ്ടി ദോഷം വരുമെന്ന്. നിനക്ക്..നീയല്ലേ ഈ പണി മുഴുവൻ…നാണമില്ലേഡാ ഉവ്വേ “

ഷെല്ലി കളിയാക്കി കൊ- ന്നു

“ആ കണക്കായി പോയി. ഒന്ന് കഴിഞ്ഞപ്പോ നിങ്ങളുടെ ഫാക്ടറി പണി മുടക്കിയല്ലോ അസൂയ പെട്ടിട്ട് കാര്യമില്ല.”

അവൻ തിരിച്ചു നല്ലത് കൊടുത്തു

തമാശ ഒക്കെ പറഞ്ഞെങ്കിലും സാറയെ കാണുമ്പോൾ അവന്റെ ഉള്ളു പിടയും

അവളുടെ പപ്പയും അമ്മയും വന്നു. അന്ന വിദേശത്തു പോയി കഴിഞ്ഞിരുന്നു. അവർക്കും പേടി ഇല്ലാതില്ല. സാറയുടെ അമ്മയോടും പപ്പയോടും സ്ഥിരമായി അവൻ തന്നെ നിന്നോളാം എന്ന് പറഞ്ഞു.

അവർക്ക് ഒരു ചിരി. ഒരു അടക്കം പറച്ചിൽ

“അവർക്ക് എന്തോന്നാ ഇത്രയ്ക്കും ചിരി?”

അവർ പൊയ്ക്കഴിഞ്ഞു അവൻ ചോദിച്ചു

“നാലു പിള്ളേർ എന്ന് പറഞ്ഞ പിന്നെ ചിരിക്കുകലെ?”

“എടി ദൈവം തന്നതല്ലിയോ?””

“ആണോ..അല്ലാതെ എന്റെ പൊന്ന് തന്നതല്ല “

അവൾ അവന്റെ മുഖം പിടിച്ചു താഴ്ത്തി കവിളിൽ ഉമ്മ വെച്ചു

“എനിക്ക് വിഷമം ആണെടി. പേടിയാ “

“എന്നാത്തിനാ..എല്ലാം ഒരു കുഴപ്പവുമില്ലാതെ നടക്കും “

അവൻ ആ മുഖം മാറോട് ചേർത്ത് വെച്ചു

“എന്റെ കൊച്ചിന് ഒന്നും വരല്ലേ തമ്പുരാനെ ” അത് മാത്രം ആയിരുന്നു പ്രാർത്ഥന

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. എട്ടാം മാസം ആയപ്പോൾ സാറയ്ക്ക് തീരെ വയ്യാത്ത അവസ്ഥ ആയി. കിടക്കാനും ഇരിക്കാനും അവൾ നന്നേ ബുദ്ധിമുട്ട് അനുഭവിച്ചു. ചാർലിക്ക് അത് കാണുന്നത് സങ്കടം ആയിരുന്നു

“നമുക്ക് നാളെ അതങ്ങ് ചെയ്തേക്കാം “

ഡോക്ടർ വന്നു പറഞ്ഞു കഴിഞ്ഞപ്പോ മുതൽ അവന്റെ മുഖത്ത് രക്തം ഇല്ല. അവന് മാത്രം അല്ല എല്ലാവരും അതെ പോലെയാണ്

കാനഡയിൽ നിന്നു ഷെറിയും ജെറിയും വന്നു

സർജറിക്കായി അവളെ കയറ്റാൻ പോകുന്നു. പക്ഷെ തീരെ പ്രതീക്ഷിക്കാതെ സാറയ്ക്ക് വേദന വന്നു

“എനിക്ക് പ്രസവിച്ച മതി ” സാറ പറഞ്ഞു

“അത്?”

“അത് മതി

ചാർലി ഇപ്പൊ ബോധം പോകുമെന്ന അവസ്ഥ ആയിരുന്നു

“ലേബർ റൂമിൽ നിൽക്കാം കേട്ടോ “

ഡോക്ടർ പറഞ്ഞു

“വേണ്ട ” സാറ പെട്ടെന്ന് പറഞ്ഞു

ചാർലി മുന്നോട്ട് ആഞ്ഞതാണ്

“വേണ്ട ഇച്ചാ. ഞാൻ പോയിട്ട് വേഗം വരാം ” അവൾ ആ കൈ പിടിച്ചു മുത്തി

പിന്നെ എല്ലാവരെയും നോക്കി. സാറയെ അകത്തേക്ക് കൊണ്ട് പോയി. ആരും മിണ്ടുന്നില്ല. ചാർലി ഷെല്ലിയുടെ തോളിൽ മുഖം അമർത്തി

“സാറ തോമസിന്റെ..റിലേറ്റീവ്സ്?” ചാർലി അങ്ങോട്ടേക്ക് ചെന്നു

അവൻ മാത്രം അല്ല എല്ലാവരും

“മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും “

നാലു നഴ്സ് മാരുടെ കയ്യിൽ നാലു കുഞ്ഞുങ്ങൾ

ചാർലി കണ്ണീരോടെ അത് നോക്കി നിന്നു. എല്ലാവരുടെയും കണ്ണ് നിറഞ്ഞു പോയ നിമിഷം ആയിരുന്നു

“നോക്കെടാ മോനെ നിന്റെ മക്കൾ ” ഷേർലി കണ്ണീരോടെ ഉറക്കെ പറഞ്ഞു

“എന്റെ സാറ?” അവൻ അതാണ് ചോദിച്ചത്

“ഒരു കുഴപ്പവുമില്ല ട്ടോ റൂമിലേക്ക് ഉടനെ കൊണ്ട് വരും “

അവൻ കണ്ണീരു തുടച്ചു

കുറച്ചു മണിക്കൂറുകൾക്ക് ശേഷം അവളെ മുറിയിൽ കൊണ്ട് വന്നു. അവൾ ക്ഷീണിതയായിരുന്നു. എങ്കിലും അവനെ നോക്കി പുഞ്ചിരിച്ചു. ചാർലി അവളെ നോക്കി കണ്ണീരോട് കൂടി ആ കൈയിൽ പിടിച്ചു മുഖത്തോട് ചേർത്ത് വെച്ചു

കണ്മുന്നിൽ ഒരു പെൺകുട്ടി..സൈക്കിൾ ചവിട്ടി വരുന്ന ഒരു കൊച്ച് പെൺകുട്ടി. തന്റെ ഹൃദയത്തിലേക്ക് ആണവൾ കയറി വന്നത്. തന്നെ അടിമുടി മാറ്റി കളഞ്ഞ തന്റെ പെണ്ണ്…

“എന്താ ലേബർ റൂമിൽ വരണ്ടാന്നു പറഞ്ഞത്?”

അവൻ സ്നേഹത്തോടെ ചോദിച്ചു

“എന്റെ വേദന കണ്ടാ ഇച്ചാ ചിലപ്പോൾ ഇനി പ്രസവിക്കണ്ട എന്ന് പറയും “

ചാർളിയുടെ കണ്ണ് മിഴിഞ്ഞു

“ഇനിം പ്രസവിക്കാൻ പോവാണോ?”

“ഇപ്പോഴല്ല പിള്ളേർ സ്കൂളിൽ പോയി തുടങ്ങിട്ട് “

“എടി ചാർലി സ്വന്തം ആയിട്ട് സ്കൂൾ ഉണ്ടാക്കിയത് എന്റെ പിള്ളാർക്ക് മാത്രം പഠിക്കാൻ അല്ല “

കൂട്ടച്ചിരി മുഴങ്ങി മുറിയിൽ…

അവൻ സാറയുടെ കവിളിൽ ചുംബിച്ചു.

എന്റെ മാലാഖ കൊച്ച്….

അവസാനിച്ചു…