അവൻ പ്രസന്നനായി സംസാരിക്കുന്നത് കാണെ സ്റ്റാൻലിയുടെയും ഷേർലിയുടെയും മനസ്സ് നിറഞ്ഞു. ഷെല്ലിക്കും അതെ
ഷെല്ലിയോടവൻ ആശുപത്രിയിലെ കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു. അവരുടെ രീതികൾ. വെജ് മാത്രം ആണ് കഴിക്കുക എന്ന് കേട്ടപ്പോ അവർ അതിശയിച്ചു പോയി
“സാറ പുറത്ത് പോയി കട്ലറ്റ് വാങ്ങി വരും ” അവൻ പറഞ്ഞു
ഷേർലി സാറയെ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവന്റെ മരുന്നുകൾ. അവന്റെ ഭക്ഷണം. അവന്റെ കാര്യങ്ങളെല്ലാം അവനെക്കാൾ ഭംഗിയായി അവൾ നോക്കുന്നു
അവന്റെ പുസ്തകങ്ങൾ വായിക്കുന്നത് വായിച്ചു കഴിഞ്ഞത് ഇനി വായിക്കാൻ ഉള്ളത് അങ്ങനെ മൂന്നായി തരം തിരിച്ചു വെച്ചിട്ടുണ്ട്. വസ്ത്രങ്ങളും അതെ പോലെ തന്നെ. ഓരോന്നും ഭംഗിയായി അടുക്കി
തങ്ങളോട് സംസാരിക്കുന്നെങ്കിലും മുഴുവൻ ശ്രദ്ധയും അവനിലാണ്. അവൻ ഒന്ന് ചുമച്ചാൽ മതി ഗ്ലാസിൽ വെള്ളം പകർന്നു കൊടുക്കുന്നത് കാണാം
“ഇച്ചാന് ചെറിയ ജലദോഷം ഉണ്ട് ” ഇടക്ക് അവൾ പറഞ്ഞു
ടവൽ മാറ്റി മാറ്റി കൊടുക്കുന്നു. സ്റ്റാൻലിക്ക് സന്തോഷം ആയി. അവൻ ഒത്തിരി ബെറ്റർ ആയി. അവര് ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. അവൻ അധികം സംസാരിച്ചൊന്നുമില്ല പക്ഷെ സംസാരിച്ചത് സന്തോഷം ആയിട്ടായിരുന്നു
“മോള് ഇനി എപ്പോഴാ സ്കൂളിൽ വരിക.? പകരം ആളെ എടുത്തിട്ടില്ല. ഇപ്പൊ ബാക്കിയുള്ള ടീച്ചേർസ് ഒക്കെ കൂടി അഡ്ജസ്റ്റ് ചെയ്കയാണ് “
“ഞാൻ ഇച്ചാൻ ഡിസ്ചാർജ് ആവുമ്പോൾ വന്നോളാം ” യാതൊരു സംശയവും കൂടാതെ അവൾ മറുപടി പറഞ്ഞു
“എന്ന ഡിസ്ചാർജ് എന്ന് പറഞ്ഞുവോ ഡോക്ടർ?”
“ചാർലി അങ്ങോട്ട് പറയുമ്പോ എന്നാ ഡോക്ടർ പറഞ്ഞത്. മറ്റൊരു അസുഖം പോലെ അല്ലല്ലോ ” ഷെല്ലി പറഞ്ഞു
“നിനക്ക് ഇപ്പൊ ഓക്കേ ആയി വരുന്നുണ്ടോ മോനെ?”
സാറ തുണികൾ കഴുകാനായി പോയപ്പോ സ്റ്റാൻലി ചോദിച്ചു
“അറിയില്ല. ഇപ്പൊ സന്തോഷം ഉണ്ട്. വലിയ ടെൻഷൻ ഇല്ല. നിങ്ങളൊക്കെ ആരൊക്ക ആണെന്ന് പരിചയം ആയി. സാറ എല്ലാത്തിനേം കുറിച്ച് എന്നും ക്ലാസ്സ് എടുക്കും. പരീക്ഷയും ഉണ്ട് “
അവൻ മെല്ലെ ചിരിച്ചു
“കുറച്ചു ദിവസമോന്ന് കഴിഞ്ഞോട്ടെ..ഞാൻ വരും “
ഷേർലി ദൈവത്തെ വിളിച്ചു പോയി
“അമ്മ ഉണ്ടാക്കുന്നതിൽ എനിക്ക് ഏറ്റവും ഇഷ്ടം ഏതാ?”
ഷേർലിയുടെ കണ്ണ് നിറഞ്ഞു പോയി
“അപ്പവും ബീ- ഫും “
“ഞാൻ വരുന്ന ദിവസം അമ്മ അത് ഉണ്ടാക്കി വെയ്ക്കണം..”
അവർ അവനെ കെട്ടിപ്പിടിച്ചു രണ്ടു കവിളിലും മുത്തം കൊടുത്തു
“സാറ?”
സ്റ്റാൻലി പാതിയിൽ നിർത്തി
“സാറ?”
അവൻ എടുത്തു ചോദിച്ചു “അല്ല അവരുടെ വീട്ടുകാർക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ട് കേട്ടോ.. കല്യാണം കഴിഞ്ഞിട്ടില്ല ഇങ്ങനെ വന്ന് നിന്ന നാട്ടുകാർ എന്ത് പറയുമെന്ന്..ഞങ്ങൾക്കൊപ്പം കൊണ്ട് വരാമോന്ന് ചോദിച്ചു. ഒരു രണ്ടു ദിവസം നിന്നിട്ട് വന്നോട്ടെ. ഷെല്ലി നിൽക്കാം ഇവിടെ..ഞങ്ങൾ കൊണ്ട് പോയി ആക്കും.”
അവൻ ഒന്നും മിണ്ടിയില്ല
“ഞങ്ങൾ പറഞ്ഞാൽ അത് അവൾക്ക് വിഷമം ആകും. നീ ഒന്ന് പറ. അവളുടെ പപ്പയും മമ്മിയും അവർക്ക് ഒന്ന് കാണാൻ തോന്നുന്നുണ്ടാവില്ലേ. അതുങ്ങൾ ഒറ്റയ്ക്കാ അവിടെ “
അവന് അറിയാം പറയുന്ന മുഴുവൻ ശരിയാണ്. പക്ഷെ അവളെ കാണാതെ നിൽക്കാൻ മേല. സാറ തുണി വിരിച്ചിട്ട് വന്നപ്പോൾ അവൻ തന്നെ അത് അവതരിപ്പിച്ചു
വീട്ടിൽ നിന്ന് പലതവണ പപ്പയും മമ്മിയും വിളിക്കുന്നുണ്ടായിരുന്നു. അവൾ അത് അവനോട് പറഞ്ഞില്ല
“രണ്ടു ദിവസം ഒന്ന് പോയിട്ട് വാ “
“ഞാൻ പോണില്ല ഇച്ചാ. ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞോളാം “
“അവർക്ക് കാണാൻ ആഗ്രഹം ഉണ്ടാവില്ലേ. ഞാൻ പിടിച്ചു നിർത്തിയിരിക്കുവാണെന്ന് വരും. രണ്ടു ദിവസം കഴിഞ്ഞു പോരെ “
അവൾ സങ്കടത്തിൽ നോക്കുന്നത് കാണാത്ത മട്ടിൽ അവൻ നിന്നു.
അപ്പയും അമ്മയും പോകുമ്പോ സാറയെയും കൂട്ടി
“നോക്കിക്കോണേ ചേട്ടാ ” അവൾ ഷെല്ലിയോട് പറഞ്ഞു
“മോള് ധൈര്യമായി പോയിട്ട് വാ ” ഷെല്ലി ആ തോളിൽ തട്ടി
തിരിഞ്ഞു തിരിഞ്ഞു നോക്കി അവൾ നടന്നു പോയി. രാത്രി ആയപ്പോഴും അവൻ അതെ ഇരിപ്പാണ്
“കഴിക്കുന്നില്ലേ?”
ഭക്ഷണം പാത്രത്തിൽ എടുത്തു വെച്ചു ഷെല്ലി
“ഡാ..”
ചാർലി ശൂന്യമായ കണ്ണുകൾ ഉയർത്തി അയാളെ നോക്കി
“കഴിക്ക് വാ “
“അവള്.. എപ്പോ വരും?” അവൻ മെല്ലെ ചോദിച്ചു
ഷെല്ലി അമ്പരന്ന് പോയി
“ഡാ അവള് പോയതല്ലേയുള്ളു. എത്തി കാണില്ല. രണ്ടു ദിവസം കഴിഞ്ഞു വരും “
അവൻ ജനാലയിൽ കൂടി ഇരുട്ടിനെ നോക്കി നിന്നു
“വന്ന് കഴിച്ചു കിടന്നേ ‘
ഫോൺ ബെൽ അടിക്കുന്ന കേട്ട് ഷെല്ലി എടുത്തു നോക്കി
“ദേ വിളിക്കുന്നു “
“ഞാൻ ഉറങ്ങി ന്ന് പറഞ്ഞേക്ക് ” അവൻ പറഞ്ഞു
ഷെല്ലി കാൾ എടുത്തു
“ഇച്ചാ ഞാൻ എത്തി “
“ആ മോളെ അവൻ ഉറങ്ങി കേട്ടോ
കുറച്ചു ക്ഷീണം ഉണ്ട് എന്ന് തോന്നുന്നു “
“ഉറങ്ങിയോ..?” നിരാശ കലർന്ന സ്വരം
“ജലദോഷം ആയിരുന്നുല്ലോ അതാവും,
അവൾ ഒന്ന് മൂളി
ഫോൺ വെച്ച് ചാർളിയെ നോക്കി ഷെല്ലി
“എന്തിനാടാ കള്ളം പറയിച്ചത്? അതിന് വിഷമം ആയി “
അവൻ ഒന്നും മിണ്ടിയില്ല. അവൾ ഉണ്ടായിരുന്നു എങ്കിൽ ഈ നിമിഷം ഇങ്ങനെ അല്ല. ചോറ് വാരി തരും. ചിലപ്പോൾ പാട്ട് പാടും. കുറെ മിണ്ടും. ഉറക്കെ ചിരിക്കും. ഒടുവിൽ കണ്ണിൽ നോക്കി രണ്ടിടങ്ങളിൽ ആയിട്ട് കിടക്കും. ഉണരുമ്പോഴും അങ്ങനെ തന്നെ. നോക്കി കിടന്നു മെല്ലെ പുഞ്ചിരിച്ചു കൊണ്ട് ഒരു ഗുഡ്മോർണിംഗ് ഒക്കെ പറഞ്ഞു എഴുന്നേറ്റു പോകും
അവൻ വന്ന് കിടന്നു
“ചേട്ടൻ കഴിച്ചിട്ട് കിടന്നോ. ഞാൻ കിടക്കുവാ “
ഷെല്ലി പിന്നെ നിർബന്ധിച്ചില്ല. നിർബന്ധം പിടിച്ചിട്ടും കാര്യമില്ല
രാവിലെ ഷെല്ലി എഴുന്നേറ്റു വരുമ്പോഴും ചാർളി ഉണർന്നിട്ടില്ല
അവൻ ബാത്റൂമിൽ പോയി വന്നിട്ട് അവനെ വിളിച്ചു. നല്ല ചൂട് ഉണ്ട്. പനിക്കുന്നു
ഷെല്ലി ടെൻഷൻ ആയി
അയാൾ വേഗം ഡോക്ടറുടെ മുറിയിൽ എത്തി കാര്യം പറഞ്ഞു. ഡോക്ടർ വന്ന് നോക്കി
“ഇതെന്താ പെട്ടെന്ന്?”
“ചെറിയ ജലദോഷം ഉണ്ടായിരുന്നു. അതിന്റെ ആവും “
“ഇത്രയും temparature ജലദോഷതിന്റെ അല്ല ” ഡോക്ടർ മരുന്ന് എഴുതി ഇൻജെക്ഷൻ എടുത്തു തിരിച്ചു പോയി
ചാർലി തളർന്നു പോയിരുന്നു. ശരീരം തളർന്നു മനസ്സും. അവളെ കാണണം. ഉള്ള് ദാഹിക്കുന്നു. മരുഭൂമിയിൽ ആണ്. ചുറ്റും പൊള്ളുന്ന ചൂട്. ഒരിറ്റ് വെള്ളം ഇല്ല. അവന്റെ ചുണ്ട് ഉണങ്ങി വരണ്ടു. ഷെല്ലി കുറേശ്ശേ വെള്ളം നനച്ചു കൊടുത്തു
“സാറാ? നീ പോകല്ലേ?”
അവന്റെ കണ്ണുകൾ അടഞ്ഞു തന്നെ ഇരിക്കുകയാണ് എന്ന് ഷെല്ലി കണ്ടു
“സാറാ…ഡി..”
അവൻ മുഖം ഇട്ടുരുട്ടി. ഷെല്ലിക്ക് ഭയം തോന്നി തുടങ്ങി
സാറയ്ക്ക് കരയിൽ പിടിച്ചിട്ട മീനിന്റെ അവസ്ഥ ആയിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചു പോരുന്ന അമ്മയുടെ വെപ്രാളം. അവൾ പപ്പയോടും അമ്മയോടും ദേഷ്യപ്പെടുക പോലും ചെയ്ത്പോയി
പനി ആണെന്ന് ഷെല്ലി പറഞ്ഞതും ഇട്ടിരുന്ന വേഷത്തിൽ അവൾ ഇറങ്ങി
“മോളെ രാത്രി ആയി. ഇപ്പൊ പോകണ്ട നേരം വെളുത്തോട്ടെ ” എന്ന് പറഞ്ഞത് കേട്ടില്ല
“ഒരാള് വയ്യാണ്ടായി കിടക്കുവാ. പപ്പയ്ക്ക് വയ്യങ്കിൽ മമ്മി ഇങ്ങനെ ഇട്ടേച്വ് പോരോ? അത് ചിന്തിച്ചാൽ മതി “
അവൾ ഒരു ഓട്ടോ പിടിച്ചു ടൗണിലേക്ക് പോയി. അവിടെ നിന്ന് ട്രെയിനിൽ തിരുവനന്തപുരത്തേക്ക്
അർധരാത്രി കഴിഞ്ഞു ട്രെയിൻ എത്തിയപോ…ഒരു പേടിയും തോന്നിയില്ല സാറയ്ക്ക്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു ഓട്ടോ വിളിച്ചു ആശുപത്രിയിൽ എത്തി. ഷെല്ലി നല്ല ഉറക്കം ആയിരുന്നു. കതകിൽ മുട്ട് കേട്ട് അയാൾ വാതിൽ തുറന്നു
സാറ
അയാൾ നടുങ്ങി പോയി
ഈ പാതിരാത്രി എങ്ങനെ?
അവൾ ഓടി വന്നു അവന്റെ അരികിൽ ഇരുന്നു. ആ നെറ്റിയിൽ കൈവെച്ചു
എന്റെ കർത്താവെ എന്ത് ചൂടാ ഇത്?അവൾ കരഞ്ഞു പോയി
“ഇച്ചാ?”
അവൾ കരഞ്ഞു കൊണ്ട് ആ കവിൾ തൊട്ടു
ഷെല്ലി വേദനയോടെ അത് നോക്കി നിന്നു
“ഉം “
അവൻ ഒന്ന് ഞരങ്ങി. ചുണ്ടുകൾ വരണ്ട് ഉണങ്ങി ഇരിക്കുന്നു. അവൻ കണ്ണ് തുറന്നു
സാറ.,..
സ്വപ്നം ആണോ?
“കുറച്ചു വെള്ളം തരട്ടെ ഇച്ചാ?”
അവന്റെ കണ്ണ് നിറഞ്ഞൊഴുകുന്നത് ഷെല്ലി കണ്ടു
തുടരും…