പ്രണയ പർവങ്ങൾ – ഭാഗം 80, എഴുത്ത്: അമ്മു സന്തോഷ്

80

അതു കഴിഞ്ഞു ഉടനെ തന്നെ ഡോക്ടർ സാറയെ വിളിച്ചു

“സാറാ സാറയ്ക്ക് നല്ല പക്വത ഉണ്ട്. ഒരു പക്ഷെ പ്രായത്തെക്കാൾ. സാറ കുറച്ചു ശാന്തമായി ഇത് കേൾക്കണം. ഇപ്പോഴത്തെ ചാർളിയുടെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതിനൊക്കെ അപ്പുറത്താണ്. അയാൾ അനുഭവിക്കുന്ന ടെൻഷൻ വിഷമം ഒക്കെ.. സാറയെ കാണുമ്പോൾ സാറയോട് നീതി കാണിക്കാൻ കഴിയുന്നില്ല എന്ന സങ്കടം അയാളെ അലട്ടുന്നുണ്ട്. അയാൾക്ക് അതു സ്‌ട്രെസ് ആണ്. സാറയെ കാണുന്നത് ടെൻഷൻ ആണെന്ന് അയാൾ എന്നോട് പറഞ്ഞു. എന്റെ മുന്നിൽ രോഗിക്കാണ് കുറച്ചു കൂടെ പ്രാധാന്യം. സാറ നാളെ  വീട്ടിലോട്ട് പൊയ്ക്കോളൂ. സ്കൂളിൽ  ജോലി ഉണ്ടെന്നല്ലേ പറഞ്ഞത്?”

അവൾ തലയാട്ടി

“ജോലിക്ക് പോയി തുടങ്ങു. ചാർലി കുറച്ചു നാൾ അഡ്മിറ്റ് ആകും. ഇവിടെ ചേട്ടൻ ഉണ്ടല്ലോ. സത്യത്തിൽ ആരും വേണ്ട. അയാൾ ഒന്ന് relax ആവട്ടെ “

“ശരി ഡോക്ടർ.”

അവൾ എഴുന്നേറ്റു

താൻ പോകണം. അല്ലെങ്കിലും അതു അവൾക്ക് തോന്നി തുടങ്ങിയിരുന്നു. താൻ അടുത്ത് ചെല്ലുമ്പോ കാണിക്കുന്ന അസ്വസ്ഥത. അവൻ ഒന്ന് നേരെയാവട്ടെ

കുറേ നേരം ആലോചിച്ചു

താൻ മൂലം ആർക്കും ഒരു സങ്കടവും വേണ്ട.

അവൾ ബാഗ് എടുത്തു. സമയം നോക്കി. രാത്രി പത്തുമണി. ഉള്ളിൽ നല്ല ധൈര്യം. ആരോടും യാത്ര ചോദിക്കാനില്ല. അവൾ ഇറങ്ങി

ചാർലി ഉറങ്ങിയിട്ടില്ലായിരുന്നു. അവൻ ജനലിൽ കൂടി രാത്രിയെ നോക്കി നിന്നു. പൊടുന്നനെ അവൻ കണ്ടു സാറ. തോളിൽ ബാഗ് തൂക്കി നടന്നു പോകുന്നു

ഡോക്ടർ അവളോട് താൻ പറഞ്ഞത് ഒക്കെ പറഞ്ഞു കാണും. ഈ രാത്രി പോകാൻ താൻ പറഞ്ഞില്ല. നാളെ പോകാനാണ് പറഞ്ഞത്. അവൻ വാച്ച് നോക്കി. പത്തു കഴിഞ്ഞു. ഇപ്പൊ പോയ അസമയത്?

അവൻ വേഗം മുറി തുറന്നു ഇറങ്ങി ഓടി റോഡിൽ ചെന്നു. കാണാനില്ല.

ഏതെങ്കിലും ബസിൽ കയറി പോയോ?അവൻ കുറച്ചു ദൂരം മുന്നോട്ട് ഓടി

ദൂരെ അവൾ നടന്നു പൊയ്ക്കൊണ്ട് ഇരിക്കുന്നു

“സാറ?” അവൻ ഉറക്കെ വിളിച്ചു

സാറ ഒന്ന് നിന്നു. പിന്നെ തിരിഞ്ഞു നോക്കി

ചാർലി…

അവൾ വീണ്ടും നടന്നു തുടങ്ങി

“സാറ അവിടെ നിൽക്ക്. നീ. എങ്ങോട്ടാ പോകുന്നത്?”

“അതു ചോദിക്കാൻ നിങ്ങൾ എന്റെ ആരാണ്?” സാറ ശാന്തമായി ചോദിച്ചു

“പറയു ആരാണ്?” അവന്റെ മുഖം ദയനീയമായി

“നിങ്ങൾക്ക് എന്നെ കാണുന്നത് സ്‌ട്രെസ് ആണെന്ന് ഡോക്ടർ എന്നോട് പറഞ്ഞു. ഇനി ഞാൻ വരുന്നില്ല.”

“ഈ രാത്രി പോകാൻ അല്ല ഞാൻ പറഞ്ഞത്. നാളെ നേരം വെളുത്തിട്ട് “

“ഈ രാത്രി പോയാലെന്താ?”

“രാത്രി… രാത്രി.. സേഫ് അല്ല ” അവൻ പറഞ്ഞു

“റേ- പ്പ് ചെയ്യും. അത്രേല്ലേ ഉള്ളു.? അല്ലെങ്കിൽ കൊ- ല്ലും. അതിൽ കൂടുതൽ ഒന്നും ഇല്ല. ഇത് രണ്ടും ആണെങ്കിലും നിങ്ങൾക്ക് ആശ്വസിക്കാം. പിന്നെ സാറ ഈ ഭൂമിയിൽ തന്നെ ഇല്ല. പിന്നെ സ്ട്രെസ് ഇല്ല ടെൻഷൻ ഇല്ല “

അവൾ വേഗം മുന്നോട്ട് നടന്നു

“സാറ?” അവൻ ആ കൈ പിടിച്ചു

“എന്നെ ഒന്ന് മനസിലാക്ക് എനിക്ക് പറ്റുന്നില്ല “

“ഞാൻ പറഞ്ഞോ എന്നെ സ്നേഹിക്കാൻ? ഞാൻ വാശി കാണിച്ചോ കല്യാണം കഴിക്കാൻ?എനിക്ക് എന്താ അത്രയ്ക്ക് ബോധം ഇല്ലെ? എനിക്ക്. സ്നേഹം വേണ്ട. എന്റെ ചാർലി ഇതല്ല. അതു കൊണ്ട് തന്നെ ദുഃഖം ഇല്ല.”

അവൾ കൈ വലിച്ചെടുത്തു

“മുറിയിൽ പൊയ്ക്കോ. ഞാൻ പോവാണ് “

“സാറ പ്ലീസ് ഒറ്റയ്ക്ക് പോകണ്ട “

“ആർക്ക് അറിയാം ഞാൻ ഇനി മുതൽ ഒറ്റയ്ക്ക് ആണോ ജീവിക്കുക എന്ന് “

അവൾ നടന്നു തുടങ്ങി. അവന്റെ ഉള്ളിൽ കടലിളകി കൊണ്ടിരുന്നു

പൊയ്ക്കോ എന്ന് പറയുമ്പോഴും അവൾ പോകാതിരുന്നെങ്കിൽ എന്നാണ് അവൻ ഓർത്തത്

“സാറ..സാറ എന്നോട് ക്ഷമിക്ക്..പോകണ്ട..ഇന്നെന്നല്ല..ഹോസ്പിറ്റലിൽ നിന്നോ. ഞാൻ ഒന്നും പറയുന്നില്ല “

“ആർക്ക് വേണം ഔദാര്യം? എനിക്ക് വേണ്ട. വീട്ടിൽ ഉള്ള എല്ലാവരോടും സംസാരിക്കും. എന്നോട് മാത്രം..”

അവൾ കണ്ണ് നിറഞ്ഞിട്ട് നിർത്തി

“ഞാൻ എന്ത് തെറ്റ് ചെയ്തു? ഓ ഞാൻ ര- ക്തബന്ധമല്ല. ഉപേക്ഷിച്ചു കളയാൻ എളുപ്പമാണ്.അതല്ലേ?”

അവൻ മിണ്ടിയില്ല.

എനിക്ക് നിന്നെ..എനിക്ക്.. എന്റെ ഉള്ളിൽ എവിടെയോ നീ ഉണ്ട് സാറ എന്ന് നിലവിളിക്കാൻ അവന് തോന്നി

“ഞാൻ പോവാണ്. പേടിക്കണ്ട. എന്റെ ദൈവം എന്നെ നോക്കിക്കൊള്ളും.”

അവൾ മുന്നോട്ട് നടന്നു. അവന്റെ ഉള്ള് ഒന്ന് പിടച്ചു

“സാറ? പ്ലീസ്. നിന്റെ പഴയ ചാർലി പറയുന്ന പോലെ ചിന്തിച്ചു നോക്കിക്കെ. നീ പോകരുത്. നിനക്ക് കൂടി എന്തെങ്കിലും വന്നാൽ..എനിക്ക് അതു കൂടി താങ്ങാൻ വയ്യ. നീ നാളെ പൊയ്ക്കോ “

അവൻ കെഞ്ചി

അവളുടെ കാല് പിടിക്കാൻ പോലും ആ നിമിഷം അവന് മടിയുണ്ടായിരുന്നില്ല

“എന്റെ ചാർലി ഇങ്ങനെ അല്ല. എന്നെ..ഒരു ദിവസം പോലും മാറ്റി നിർത്തില്ല. ഒരു നിമിഷം പോലും…”

അവൾ മുഖം തുടച്ചു

അവന് തന്റെ തല പൊട്ടിത്തെറിച്ചു പോകുന്ന പോലെ. തോന്നി

“ഇത്രയും വാശി പാടില്ലെടി. പോ നീ..എവിടെ ആണെന്ന് വെച്ചാ ച- ത്തു തുലയ്..പോ..”

അവൻ അലറി

“പൊയ്ക്കോ “

സാറ അവനെ കടന്ന് നടന്നു പോയി

പൊടുന്നനെ ചാർലി ഓടി ചെന്നു കൈ പിടിച്ചു

“മര്യാദക്ക് എന്റെ കൂടെ വരണം….മനസ്സിലായോ?..മര്യാദക്ക് കൂടെ വന്നോണം “

അവന്റെ ശബ്ദം ഉയർന്നു. ആൾക്കാർ മെല്ലെ കൂടി തുടങ്ങി

“എന്താ പ്രശ്നം? ഇതാരാ കൊച്ചേ..ഇവൻ കുറെ നേരമായി ഈ കൊച്ചിന്റെ പുറകെ ‘

മൂന്നാല് ചെറുപ്പക്കാർ

“ഞാനും കണ്ടു..അതല്ലേ വന്നത്,” വേറെ ഒരാൾ പറഞ്ഞു

ചാർലി ഒരു വലിക്കവളെ ദേഹത്തോട് ചേർത്ത് പിടിച്ചു അവരെ വെല്ലുവിളിക്കുന്ന പോലെ ഒന്ന് നോക്കി

“ഇവളോട് രാത്രി എന്റെ കൂടെ വരാൻ പറഞ്ഞതാ. എന്താ കുഴപ്പം വല്ലോമുണ്ടോ?,

അവൾ കൈ കുതറിക്കാൻ ശ്രമിച്ചു

“അടിയെടാ അവനെ. പെണ്ണിനെ കേറി പിടിച്ചിട്ട് ന്യായം പറയുന്നോ.”

ആളുകൾക്ക് ആവേശം

“അയ്യോ പ്ലീസ്. പ്ലീസ് വേണ്ട
എന്റെ..എന്റെ ഭർത്താവ് ആണ്. വഴക്കിട്ടു പോന്നത് കൊണ്ട് പിന്നാലെ വന്നതാ ” അവൾ പെട്ടെന്ന് പറഞ്ഞു

“അതു ശരി. നടുറോഡിൽ ആണോ കുടുംബ വഴക്ക്?”

അവർ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് തിരിച്ചു പോയി

“കൂടെ വരാൻ പറഞ്ഞില്ലെടി? “

“വരുന്നില്ലന്നു ഞാനും പറഞ്ഞല്ലോ.”

“ഒന്നങ്ങ് തന്നാലുണ്ടല്ലോ “

“എന്റെ ചാർലി ഇങ്ങനെ അല്ല..”

അവൾ മെല്ലെ പറഞ്ഞു

അവൻ സ്വയമറിയാതെ കൈ വിട്ട് കളഞ്ഞു

“പൊയ്ക്കോ.” അവൻ തിരിഞ്ഞു നടന്നു

കുറച്ചു ദൂരം എത്തുമ്പോൾ അവൻ തിരിഞ്ഞു നോക്കി. അവൾ ഒരു പൊട്ടായി മറയുന്നു

അവന്റെ കണ്ണുകൾ സ്വയമറിയാതെ നിറഞ്ഞു

അവൾ പോവാണ്..

“സാറാ”

അവൾ തിരിഞ്ഞു നോക്കി

“നീ നോക്കിക്കോ. ഇനി എനിക്ക് ഓർമ്മ വന്നാലും ഞാൻ നിന്നിലേക്ക് വരില്ല. ഇന്ന് നീ പോയാൽ ചാർളിയെ നീ മറന്നേക്കണം ” സാറ ഞെട്ടലോടെ നിന്നു പോയി

ഇരുളിൽ അവൻ. ആ മുഖത്തെ വാശി

“എന്റെ വാക്ക് ഞാൻ മാറ്റില്ല സാറ.ഇന്ന് രാത്രി ഞാൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ നീ ജീവിതത്തിൽ പിന്നെ എന്റെ മുന്നിൽ വരരുത്. ഞാൻ ഇത് നോട്ട് ചെയ്തു വെയ്ക്കും. എന്നേ അനുസരിക്കാത്ത ഒരുവളെ എനിക്ക് വേണ്ട “

സാറ തളർന്നു പോയി

അവൾ അറിയാതെ തിരിഞ്ഞോടി വന്നാ നെഞ്ചിൽ വീണു. പൊട്ടിക്കരഞ്ഞു കൊണ്ട് അവനെ വട്ടം പിടിച്ചു

ചാർലി കുറച്ചു നേരമങ്ങനെ നിന്നു. ഉള്ളിൽ ഒരു തണുപ്പ്

തന്റെ പെണ്ണ്…

തന്റെ പെണ്ണാണ്..

ഉള്ളിൽ ഇരുന്ന് ആരോ പറയുന്നു. ചാർലി അവളെ വിട്ടു കളയാതെ. നിന്റെ പെണ്ണാണ്

അവൻ അവളെ ഒന്ന് അമർത്തി പിടിച്ചു. പിന്നെ അവളെ അകറ്റി മാറ്റി മുന്നോട്ട് നടന്നു

അവൾ പിന്നാലെയും

ഓർമ്മകൾ ഇല്ലാതിരിക്കുമ്പോഴും അവൾ അവന്റെയെല്ലാമായിരുന്നു

എല്ലാം…

ഓർമ്മകൾ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും മാറ്റം ഇല്ലാഞ്ഞതും അത് തന്നെ

പ്രണയം..

ചാർളിക്ക് സാറയോട് ഉള്ള പ്രണയമില്ലാതെയാക്കാൻ ദൈവത്തിന് പോലും കഴിഞ്ഞു കാണില്ല. അല്ലെങ്കിൽ ദൈവം ഒന്ന് കണ്ണടച്ച് കാണും

വിധി പോലും അവിടെ അവന്റെ പ്രണയത്തിന്റെ മുന്നിൽ തോറ്റു പോയി..

തുടരും….