പ്രണയ പർവങ്ങൾ – ഭാഗം 81, എഴുത്ത്: അമ്മു സന്തോഷ്

ചാർലിയിൽ പഴയ ചാർളിയുടെ നിഴലു പോലും ഉണ്ടായിരുന്നില്ല. അവൻ വേറെ ഒരാളായിരുന്നു. എല്ലാവരോടും വളരെ കുറച്ചു മാത്രം സംസാരിച്ചു. ചോദിക്കുന്നതിനു മാത്രം ഒരു മൂളലോ ഒരു വാക്കോ. സാറയോട് മാത്രം കുറച്ചു വ്യത്യാസം

അവൾ അവിടെ തന്നെ ഉണ്ടോന്ന് അവൻ ഉറപ്പ് വരുത്തും. കണ്ണുകൾ കൊണ്ട് ആണെന്ന് മാത്രം.

അവന് കുറെയധികം പുസ്തകങ്ങൾ ഡോക്ടർ കൊണ്ട് കൊടുത്തു. പകൽ മുഴുവൻ  വായനയാണ്. ഷെല്ലി കൊച്ചിയിലേക്ക് പോയി. സാറ ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു

മറ്റൊന്നും നിന്നിട്ട് ചെയ്യാനില്ലാത്തത് കൊണ്ട് ഷെറിയും ക്രിസ്റ്റിയും കാനഡക്ക് തിരിച്ചു പോയ്. അവന്റെ നാട്ടിൽ അവന്റെ ഈ അവസ്ഥ ആർക്കും അറിയില്ല. ആക്‌സിഡന്റ്ൽ തലയ്ക്കു ഒരുആഘാതം ഉണ്ടായി അതിന് ചികിത്സയിൽ ആണ്. അത്ര മാത്രം അറിയാം

പകൽ അവന്റെ മുറിയിലേക്ക് സാറ പോകില്ല. വിളിച്ച പോകും. ഏതെങ്കിലും ഒരു സമയം ചെന്നു നോക്കിട്ട് പോരും അത്ര തന്നെ

അവന് ഒറ്റയ്ക്ക് ഇരിക്കാൻ ആണ് ഇഷ്ടം. സാറയ്ക്ക് ഇപ്പൊ അവനെ മനസിലാകും. ഇടയ്ക്ക് അവൾ അവളെ തന്നെ ആ സ്ഥാനത്തു നിർത്തി ചിന്തിക്കും. താൻ ആയിരുന്നു എങ്കിൽ തകർന്ന് പോയേനെ എന്ന് ഓർക്കും

അന്ന് സാറയ്ക്ക് ചെറിയ ഒരു പനി ഉണ്ടായിരുന്നു. അവൾ മുറിയിൽ തന്നെ ഇരുന്നു. ഡോക്ടർ വന്ന് നോക്കി. മരുന്ന് കൊടുത്തു. ഉച്ച കഴിഞ്ഞവൾ ഒന്ന് മയങ്ങി

ചാർലി ഒരു ബുക്ക്‌ വായിച്ചു തീർത്തു മടക്കി വെച്ചു

ഇന്ന് സാറ ഇങ്ങോട്ട് വന്നില്ല. നാട്ടിലേക്ക് തിരിച്ചു പോയി കാണുമോ. പറയാതെ പോകുമോ…

അവൻ എഴുന്നേറ്റു

അവളുടെ മുറിയുടെ അടുത്തേക്ക് നടക്കാൻ ഭാവിച്ചപ്പോ പതിവ് റൌണ്ട്സ് നായി ഡോക്ടർ വന്നു

“നാളെ സെഷൻ ഉണ്ട് കേട്ടോ. രാവിലെ പത്തു മണിക്ക് “

അവൻ തലയാട്ടി. ഡോക്ടർ പരിശോധനകൾ കഴിഞ്ഞു പോകാൻ ഭാവിച്ചു

“സാറ?” അവൻ മെല്ലെ ചോദിച്ചു

സാറയ്ക്ക് ചെറിയ ഒരു പനി. മരുന്ന് കൊടുത്തിട്ടുണ്ട്. ഉറക്കം. ചാർലി ഇപ്പൊ അങ്ങോട്ട് പോകണ്ട. വൈറൽ ഫീവർ ആണ്. പകരും. ഈ അവസ്ഥയിൽ ഉടനെ ചാർലിക്ക് ഒരു ഇൻഫെക്ഷൻ വരാൻ പാടില്ല. ഞങ്ങളുണ്ടല്ലോ”

അവൻ ഒന്നും പറഞ്ഞില്ല

രാത്രി ആയി. അവൻ വാതിൽക്കൽ നോക്കി. രാത്രി ഉറങ്ങും മുന്നേ ഒരു നോട്ടം വരും. ഒന്നും സംസാരിക്കുകയൊന്നുമില്ല. വാതിൽക്കൽ വന്നു നോക്കിട്ട് പോകും. മുറിയിൽ കയറാറില്ല. അവന് കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല. എന്താ സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല

അവളുടെ മുറി സ്ത്രീകളുടെ സെക്ഷനിൽ ആണ്. അവിടെ സെക്യൂരിറ്റി ഉണ്ട്. പുരുഷൻമാരെ രാത്രി അങ്ങോട്ട് പ്രവേശിപ്പിക്കില്ല. അവൻ കുറച്ചു നേരം എഴുന്നേറ്റു ഇരുന്നു. അവളുടെ കൂടെ ആരുമില്ല. ഭക്ഷണം കഴിച്ചു കാണുമോ. ദാഹിക്കുന്നുണ്ടാകുമോ. നല്ല പനിയുണ്ടോ.

ഉണ്ടാവും…അല്ലെങ്കിൽ വന്നേനെ…

അവൻ വേദനയോടെ അങ്ങനെ കിടന്നു. പുലർച്ചെ എപ്പോഴോ മയങ്ങി. സാറയ്ക്ക് രാത്രി പനി വല്ലാതെ കൂടി അവളെ ഐ സി യുവിലേക്ക് മാറ്റി. ചാർളിയുടെ വീട്ടിൽ അറിയിച്ചു. അതായിരുന്നു ആശുപത്രിയിൽ കൊടുത്ത അഡ്രസ്സും ഫോൺ നമ്പറും

“എങ്ങനെ ഉണ്ട് സാറയ്ക്ക്?” അവൻ മുറിയിൽ ഡോക്ടർ വന്നപ്പോൾ ചോദിച്ചു

“രാത്രി കുറച്ചു temparature കൂടി. ഐ സി യുവിൽ ആണ്. പേടിക്കണ്ട. സീരിയസ് ആയത് കൊണ്ടല്ല. കുറച്ചു കൂടി ശ്രദ്ധ കിട്ടാൻ അങ്ങോട്ട് ഷിഫ്റ്റ്‌ ചെയ്തു. അത്രേ ഉള്ളു “

അവൻ ഭയന്ന് പോയിന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് ഡോക്ടർ ഊഹിച്ചു

“ഒന്നുമില്ല. ഇപ്പൊ ഞാൻ നോക്കി. ചൂട് കുറഞ്ഞു. ഞാൻ ചാർളിയുടെ വീട്ടിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്. അവർ വരും.”

“ഞാൻ ഒന്ന്..?”

“വേണ്ട. ഞാൻ പറഞ്ഞല്ലോ. അതു പകരും..”

“പകർന്നോട്ടെ ” അവന്റെ ശബ്ദം ഉയർന്നു

“ഇതിൽ കൂടുതൽ എന്നാ വരാനാ.. ഒരു പനി അല്ലെ വന്നിട് പോകട്ടെ “

ഡോക്ടറുടെ മുഖത്ത് ഒരു ചിരി വന്ന്

“ഇപ്പൊ സാറയെ കാണുന്നത് സ്‌ട്രെസ് അല്ലെ?”

ചാർലി വിളറി പോയി

“ശരി പോയി. കണ്ടോളു “

അവൻ ഡോക്ടറെ മറി കടന്ന് വേഗം നടന്നു പോയി. സാറ നല്ല ഉറക്കം ആയിരുന്നു. അവൻ കുറച്ചു നേരമത് നോക്കി നിന്നു

“സാറ”

അവളുടെ കൺപീലികൾ അനങ്ങുന്നത് കണ്ട് അവൻ വീണ്ടും വിളിച്ചു

സാറ…

അവൾ കണ്ണ് തുറന്നു

“എങ്ങനെ ഉണ്ട്?”

“വയ്യ “

അവൾ ഇടറി പറഞ്ഞു

അവൻ കൈ നീട്ടി ആ നെറ്റിയിൽ തൊട്ടു. ചൂടുണ്ട്

“ക്ഷീണം ഉണ്ട്. എന്റെ പപ്പയോടു ഒന്ന് വിളിച്ചു പറയാമോ. എന്നെ വന്ന് കൊണ്ട് പോവാൻ “

“ഈ അവസ്ഥയിലോ. പനി മാറട്ടെ “

അവളുടെ കണ്ണുകൾ നിറഞ്ഞോഴുകുന്നത് കണ്ട് അസ്വസ്ഥതയോടെ അവൻ അവിടെ നിന്നിറങ്ങി

സ്റ്റാൻലിയും ഷെല്ലിയും വന്നപ്പോൾ ഉച്ചകഴിഞ്ഞു. അപ്പൊഴേക്കും അവൾക്ക് നന്നായി കുറഞ്ഞു. അവൾ എഴുന്നേറ്റു ഇരുന്ന് അവരോട് സംസാരിച്ചു

“എനിക്ക് വീട്ടിൽ പോകണം ” അവൾ മെല്ലെ പറഞ്ഞു

“ഡോക്ടറോട് ചോദിച്ചു നോക്കട്ട് മോളെ”

സ്റ്റാൻലി അവളുടെ മുടിയിൽ തഴുകി

“ഇപ്പൊ നന്നായി കുറഞ്ഞിട്ടുണ്ട്. എന്നാലും ഉടനെ യാത്ര വേണ്ട സർ. ഇത്രയും ദൂരമൊക്ക റിസ്ക്. ആണ് “

അവർ ഡോക്ടർ പറഞ്ഞത് അവളോട് പറഞ്ഞു

“പപ്പയെയും മമ്മിയെയും കാണണംന്നു തോന്നുവാ. എനിക്ക് വീട്ടിൽ പോകണം. കുറെ ദിവസം ആയില്ലേ വന്നിട്ട്. ഇവിടെ വയ്യാതെ എന്തിനാ ഞാൻ കിടക്കുന്നെ?”

എത്ര പറഞ്ഞിട്ടും സാറ കേട്ടില്ല. ഒടുവിൽ ഷെല്ലി അവളെ കൊണ്ട് പോയി. പോകുമ്പോൾ അവൾ ചാർളിയെ ഒന്ന് നോക്കി. തളർന്നു പോയിരുന്നു അവൾ മനസ്സ് കൊണ്ടും ശരീരം കൊണ്ടും

അവരുടെ കാർ അകന്ന് പോകുന്നത് അവൻ ജനാലയിലൂടെ നോക്കി നിന്നു

വീട്ടിൽ ചെന്നപ്പോൾ വൈകി. തോമസും മേരിയും ആ അവസ്ഥ കണ്ടു കരഞ്ഞു. അവൾ മെലിഞ്ഞുണങ്ങി കോലം കെട്ട് പോയി. കണ്ണുകൾ കുഴിയിൽ താഴ്ന്നു

എപ്പോഴും കിടപ്പ് തന്നെ…

ഒരു ദിവസം അന്ന വന്നു.

തനിച്ച്..

സാറയെ കാണാൻ വന്നതാണ്

അവൾ കുറച്ചു നേരം സാറയുടെ അരികിൽ ഇരുന്നു

“ഭയങ്കര സ്നേഹം ആണല്ലേ ചാർളിക്ക്?” അന്ന മെല്ലെ ചോദിച്ചു

സാറയുടെ മുഖം വിടർന്നു. അവളുടെ ക്ഷീണം എങ്ങോ പോയ്മറഞ്ഞു. അവനെ കുറിച്ച് പറയുമ്പോൾ സ്നേഹത്തിന്റെ തള്ളിച്ചയുണ്ടാകുന്നത് അന്ന നോക്കിയിരുന്നു

ചാർലി എന്ന പേര് പോലും അവളിൽ ഉന്മാദം നിറയ്ക്കുന്നു. എത്ര സുന്ദരമായ അവസ്ഥ ആണ് അത് എന്ന് അന്ന മനസിലായിക്കി

ഇച്ചാ എന്ന് പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പും

“ചാർലിയും ഇങ്ങനെ ആണോ? ” അന്ന ചോദിച്ചു

“എങ്ങനെ?”

“ഇത് പോലെ ആഴത്തിൽ…?”

“ഇതിനേക്കാൾ.. ആയിരം മടങ്ങ് ” അവൾ മന്ത്രിച്ചു

അവൾ സത്യം ആയിരുന്നു പറഞ്ഞത്

ഓർമ്മകൾ നഷ്ടപ്പെട്ട ചാർളി….ഇന്നലെത്തെ ചാർലി അങ്ങനെ ഒന്നില്ല ഇപ്പൊ…

ഒരേയൊരു ചാർലി. സാറയുടെ ചാർളി

അതാണ് ആള്

“ഞാൻ ചിലപ്പോൾ യു എസിലേക്ക് പോകും ” അന്ന പറഞ്ഞു

“രണ്ടു പേരും കൂടിയോ?”

“അല്ല എന്റെ കമ്പനി പ്രൊജക്റ്റ്‌ ആണ്. രണ്ടു വർഷത്തേക്ക്.. ഞാൻ മാത്രം “

“അപ്പൊ ചേട്ടൻ?”

“മനസ് കൊണ്ട് എന്നേ അകന്നു. ഇനി ശരീരങ്ങൾ രണ്ട് ഇടത്താകുന്നു എന്നേയുള്ളു..അവന് എന്നെയും എനിക്ക് അവനെയും വെറുപ്പാണ് “

“എങ്കിൽ ഡിവോഴ്സ് ചെയ്തു കൂടെ ചേച്ചി?”

അന്നയുടെ കണ്ണിൽ കനൽ എരിഞ്ഞു

“അങ്ങനെ ഞാൻ അവനെ ഫ്രീ ആക്കില്ല. അവൻ മരിക്കുന്ന വരെ അന്നയുടെ ഭർത്താവ് ആയിരിക്കും..പേരിന് ഒരു ഭർത്താവ്.”

സാറയ്ക്ക് അന്നയെ മനസിലായില്ല. അല്ലെങ്കിൽ തന്നെ അവൾക്ക് അത്തരം ചിന്തകൾ ഒന്നും മനസിലാവില്ല. ഹൃദയത്തിൽ ദൈവത്തിന്റെ വെളിച്ചം വഹിക്കുന്നവളാണ് സാറ

അവൾക്ക് സ്നേഹം മാത്രേ അറിയൂ. സ്നേഹം മാത്രം…

തുടരും….