സാറായാണ് സത്യത്തിൽ patient എന്ന് അവന് അവളുടെ പ്രവർത്തികൾ കണ്ടാൽ തോന്നും. അവൻ മൂഡ് ഓഫ് ആയാൽ അവളും മൂഡ് ഓഫ് ആകും. അവൻ ഹാപ്പി ആണെങ്കിൽ അവളും ഹാപ്പി. നിറയെ സംസാരിക്കും. നാട്ടിലെ ഓരോ ഇഞ്ചും ഒരു സിനിമ കാണുന്ന പോലെ അവന് പരിചിതമായി. ഓരോ ബന്ധുക്കളെയും അവൾ ആൽബത്തിൽ പരിചയപ്പെടുത്തി കൊടുത്തു. പേര് മറന്ന് തെറ്റിക്കുമ്പോ ഇമ്പോസിഷൻ എഴുതിപ്പിച്ചു
“നീ ടീച്ചർ ആയതിന്റെ കുഴപ്പം ആണ് ഇത്.”
“എഴുതിക്കോ പത്തു തവണ.. വേഗം “
ഒരു നോട്ട്പാഡിൽ ഒക്കെ എഴുതി വെപ്പിച്ചിട്ടുണ്ട്. ഇടക്ക് ഇടക്ക് ചോദിക്കും. തെറ്റിയാൽ പണിഷ്മെന്റ്
“ഇച്ചാ എസ് ഐ ടെസ്റ്റ് എഴുതി ജയിച്ച ആളാണ് “
“ഉവ്വ് ഡോക്ടർ ഒരു ദിവസമത് പറഞ്ഞു “
‘നോക്ക് സബ് ഇൻസ്പെക്ടർ മാരുടെ ഒഴിവ് നോട്ടിഫിക്കേഷൻ നോക്ക്.. ഇച്ചാ അപ്ലൈ ചെയ്യൂ “
“വേണ്ട. ഞാൻ ജയിലിൽ കിടന്നതല്ലേ. Reject ചെയ്യും.”
“Accused ആയിന്ന് വെച്ചു reject ചെയ്യില്ലല്ലോ, ചെയ്ത നമുക്ക് കോടതിയിൽ പോകാം. അപ്ലൈ ചെയ്യ് “
“വേണ്ടടി..അതൊക്ക ഇപ്പൊ വയ്യ “
“ബെസ്റ്റ് ഇത് കേരള psc വിളിച്ചത് ആണ് ഉടനെ ഒന്നും വരില്ല. മിനിമം ഒരു വർഷം എടുക്കും അപ്പോഴേക്കും ഇച്ചാ ഓക്കേ ആകും. ഒരു മാറ്റം നല്ലതാ. പിന്നെ ഇച്ചായൻ ഒത്തിരി ആഗ്രഹിച്ചതാ കാക്കി”
അവൻ അവളെ അമ്പരപ്പോടെ നോക്കി
“ആണോ”
“അതെ എന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് അത് എന്റെ സ്വപ്നം ആയിരുന്നു ന്ന്. അന്ന് അങ്ങനെ സംഭവിച്ച കൊണ്ട് മിസ്സ് ആയി പോയതാ ഇല്ലെങ്കിൽ ഇപ്പൊ സർക്കിൾ ആയേനെ “
“ഇനി. എന്നെ കൊണ്ട് അതിനൊക്കെ പറ്റുമോ.?” അവൻ വേദനയോടെ ചോദിച്ചു
“എല്ലാം സാധിക്കും മനസ്സ് ഉണ്ടായാൽ മതി “
“എനിക്ക് പഠിക്കാൻ ഒക്കെ പറ്റുമോ.?”
“ഞാൻ പഠിപ്പിക്കാം “
അവൻ ചിരിച്ചു
“ശരി ടീച്ചർ സമ്മതിച്ചു. ആപ്ലിക്കേഷൻ ആയക്കാം. ഓൺലൈൻ അല്ലേ നീ അയച്ചോ “
“ഇച്ചന്റെ ഒപ്പ് വേണം “
അവന്റെ ഉള്ളിൽ കൂടി ഒരു വിറയൽ പോയി.
“എന്റെ സൈൻ????”
അവളും വല്ലാതായി
“ഒന്നിട്ട് നോക്കിക്കേ…ഓർമ്മ ഉണ്ടോന്ന് “
“ഓർമ്മ ഇല്ലടി “
അവൾ നോട്ട് പാഡ് എടുത്തു കൊടുത്തു
“നോക്കിക്കെ. ബാങ്കിൽ ആവശ്യങ്ങൾക്ക് ഒക്കെ ഒപ്പ് വേണം,”
അവൻ എഴുതി നോക്കി പരാജയപ്പെട്ടു. ആ മുഖംനിസ്സഹായതയും വേദനയും കൊണ്ട് നിറഞ്ഞു. അവൾ പെട്ടെന്ന് ചിരിച്ചു
“വിഷമിക്കണ്ട അതിനൊരു വഴിയുണ്ട്. ഇച്ചാൻ എനിക്കു തന്ന ഓരോ ചിത്രത്തിലും സൈൻ ഉണ്ടായിരുന്നു. ഞാൻ ആ ചിത്രങ്ങൾ ടീച്ചർനെ കാണിക്കാൻ ഒരു ദിവസം ഫോട്ടോ എടുത്തു മൊബൈലിൽ. സൂക്ഷിച്ചു. അത് എന്റെ കയ്യിൽ ഉണ്ട് “
അവൾ മൊബൈൽ എടുത്തു കാണിച്ചു കൊടുത്തു. അവൻ ഓരോന്നും നോക്കി. എത്രയധികം ആണ് അവൾക്ക് വരച്ചു കൊടുത്തിരിക്കുന്നത്
“ഇച്ചാ വരയ്ക്കുന്ന ആളല്ലേ? ഇത് നോക്കി അങ്ങ് വരച്ചോ “
അവൾ കണ്ണിറുക്കി
അവൻ അത് നോക്കി വരച്ചു. ഒന്ന് രണ്ടു തവണ കുഞ്ഞ് മിസ്റ്റേക് വന്ന്. മൂന്നാമത്തെ തവണ സക്സസ്
“അടിപൊളി. എന്റെ ഇച്ചക്ക്. ഇപ്പൊ ഒരു കുഴപ്പവുമില്ല. സാധാരണ മനുഷ്യൻമാർക്ക് പോലും ചില കാര്യങ്ങൾ ഓർമ്മയില്ല അപ്പോഴാ. അത് പോലെ ഉള്ള് ഇതും. എന്റെ ഇച്ചാ പൊളിയാ “
അവൻ കൗതുകത്തോടെ അത് നോക്കിയിരിക്കും
“അതേയ് ഒരു കാര്യം പറഞ്ഞേക്കാം ഇച്ചാ അപ്പയോടും ചേട്ടനോടും അന്ന് അങ്ങനെ പറഞ്ഞത് മോശമായി പോയി”
“എന്ന്”
“അന്ന് ഞാൻ വീട്ടിൽ പോയിട്ട് വന്നപ്പോൾ. എന്റെ ദേഹത്ത് തൊടരുത് എന്നൊക്ക. അത് മോശമായി പോയി
സ്വന്തം ചേട്ടൻ അല്ലേ. എന്നെ എന്തിഷ്ടാണെന്നോ? പാവം വിഷമം ആയി “
“ഞാനത് കാര്യമായിട്ട് പറഞ്ഞതാ. നിന്നെ ആരും തൊടണ്ട. എനിക്കത് ഇഷ്ടമല്ല “
അവന്റെ മുഖം മാറി
അവൾ വന്നു അടുത്തിരുന്നു
“ചീത്ത ഉദ്ദേശത്തോടെ അല്ലല്ലോ. തൊട്ടേ
സ്വന്തം മോളെ അല്ലെങ്കിൽ അനിയത്തിയെ പോലെ. അല്ലേ..ചേട്ടൻ പാവാ. അപ്പയും അമ്മയും അതെ..വലിയ ഇഷ്ടാ ഇച്ചായനെ..അവരെ വിഷമിപ്പിക്കരുത്. “
അവൻ മൂളി
“പക്ഷെ നിന്നെ ആരും തൊടണ്ട “
അവൻ പിറുപിറുത്തു
“ഞാൻ ഇച്ചാന് കട്ലറ്റ് വാങ്ങി വരാവേ “
അവൾ പെട്ടെന്ന് എഴുന്നേറ്റു
“അവിടെ നിന്നെ..അത് പറഞ്ഞപ്പോ എന്താ ഒരു പോക്ക് “
“വെറുതെ ഇരുന്നേ..”
അവൾ ഒരു മാന്തു വെച്ചു കൊടുത്തു. എന്നിട്ട് ഓടി പോയി
അവൻ തനിയെ ചിരിച്ചു. ഇപ്പൊ മനസ്സ് ശാന്തമാണ്. അവൾ പറഞ്ഞത് അവൻ ഓർത്തു
ചേട്ടൻ…
ഷെല്ലി കൊച്ചിയിൽ വീട്ടിൽ ആയിരുന്നു. അവന്റെ ഫോൺ വന്നപ്പോൾ ആദ്യത്തെ ബെൽന് തന്നെ എടുത്തു
“ആ മോനെ പറയടാ. ചേട്ടൻ ഞായറാഴ്ച വരും കേട്ടോ.”
“ആ. ചേട്ടാ ഐ ആം സോറി..ഞാൻ എന്തെങ്കിലും ബോധം ഇല്ലാതെ പറഞ്ഞു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം “
ഷെല്ലി അതിശയിച്ചു പോയി
“സാറ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട് ചേട്ടന്റെ സ്നേഹത്തെ കുറിച്ച്. എനിക്ക് ഒന്നും ഓർമ്മയില്ലല്ലോ. അതോണ്ടല്ലേ ഞാൻ മോശമായി പെരുമാറി പോകുന്നത്.. ഇനിയാണെങ്കിലും ഞാൻ എന്തെങ്കിലും പറഞ്ഞു പോയ മനസ്സിൽ വെയ്ക്കരുത്.”
“ചേട്ടന് നീ ആരാണ് എന്നറിയുമോ ചാർലി? ചേട്ടന്റെ എല്ലാം ആണെടാ നീ. നീ വെച്ചോ ഞായറാഴ്ച വരും. അമ്മക്ക് കാണണം എന്ന് പറഞ്ഞു ബഹളം ഉണ്ട്. അപ്പയും വരും. അവരെയും കൂട്ടി വരാം “
“ശരി ചേട്ടാ “
അവൻ ഫോൺ വെച്ചു
ഷെല്ലി മുഖം തുടച്ച് സെറ്റിയിൽ ചാരി ഇരുന്നു
“അവൻ ആണോ വിളിച്ചേ?”
ബെല്ല വന്നു അടുത്തു ഇരുന്നു
“ഉം “
“അവൻ എന്താ പറഞ്ഞത്?എന്തെങ്കിലും ഓർമ്മ വന്നോ?”
“ഇല്ല. ഇനി ചിലപ്പോൾ വരില്ലേ ബെല്ല?”
അയാളുടെ ശബ്ദം ഇടറി
“അങ്ങനെ ഒന്നും ചിന്തിക്കാതെ “
ബെല്ല ആ ചുമലിൽ തടവി
“ഒന്നുല്ല വിഷമിക്കാതെ “
ഷെല്ലി കണ്ണുകൾ അടച്ച് മുഖം കൈകളിൽ താങ്ങി
“ഞായറാഴ്ച ഹോസ്പിറ്റലിൽ പോകുമ്പോൾ ബ്ലഡ് ഒന്ന് ടെസ്റ്റ് ചെയ്യ്. നല്ല ക്ഷീണം ഉണ്ട് ഇച്ചായന് “
അയാൾ ഒന്ന് മൂളി. നല്ല ക്ഷീണം ഉണ്ടെന്ന് അയാൾക്കും അറിയാം. ചിലപ്പോൾ അസുഖം കൂടുതൽ ആയി കാണും. ടെസ്റ്റ് ചെയ്തില്ല പിന്നെ. അപ്പോഴേക്കും ചാർളി ഈ അവസ്ഥ ആയി. ഇപ്പൊ ഒന്നിനും മനസ്സ് വരുന്നില്ല. അറിയില്ല എന്താ വേണ്ടതെന്ന്
തുടരും….