“ഹലോ.”
മുന്നിൽ നിൽക്കുന്ന അപരിചിതനായ ചെറുപ്പക്കാരനെ നോക്കി ചാർലി
“കൃഷ്ണൻ. കിച്ചു എന്ന് വിളിക്കും. നിന്റെ കൂട്ടുകാരനാടാ “
അവൻ മുന്നോട്ട് വന്ന് ചാർളിയെ പുണർന്നു. ചാർലിക്ക് ഒന്നും തോന്നിയില്ല. സാറ ഫോട്ടോ കാണിച്ചത് കൊണ്ട് അവന് ആളെ മനസിലായി
“നിനക്ക് സുഖമാണോ?” കിച്ചു ചോദിച്ചു
അവൻ ഒന്ന് മൂളി
“നീ എന്താ രുക്കുവിനെ കുറിച്ച് ഒന്നും ചോദിക്കാത്തത്?”
“എനിക്ക് ഒന്നും ഓർമ്മയില്ല. ആരെയും ഓർമ്മയില്ല. ഇപ്പൊ നിങ്ങൾ കിച്ചു ആണെന്ന് പറഞ്ഞു സാറ ഫോട്ടോ കാണിച്ചത് കൊണ്ട് എനിക്ക്. അറിയാം. അല്ലാതെ ഞാൻ ഇമോഷണലി കണക്ട് ആവുന്നില്ല. എന്നോട് ക്ഷമിക്കണം. എനിക്ക് പറ്റുന്നില്ല
കിച്ചുവിന് സങ്കടം തോന്നി
“സാരമില്ലടാ ഒക്കെ ശരിയാകും.”
“കിച്ചു ചേട്ടൻ വന്നിട്ട് ഒത്തിരി നേരമായോ?”
സാറ പെട്ടെന്ന് മുറിയിലോട്ട് വന്നപ്പോൾ കിച്ചു അതിശയിച്ചു
“സാറ ഇവിടെ ഉണ്ടായിരുന്നോ.?”
“പിന്നില്ലാതെ “
സാറ വാങ്ങി കൊണ്ട് വന്ന പാക്കേറ്റ് പൊട്ടിച്ച് ഒരു പ്ലേറ്റിൽ എടുത്തു വെച്ചു
“കട്ലറ്റ് ആണ്.
“കഴിച്ചോ ചിക്കൻ കറ്റ്ലെറ്റ് ആണ്. ഇവിടെ ക്യാന്റീനിൽ നോൺ ഇല്ല. ഇച്ചാന് അതു കൊണ്ട് ഭയങ്കര ബുദ്ധിമുട്ട് ആണ്”
കിച്ചു അതിശയത്തോടെ അതു നോക്കിയിരുന്നു. അവൾക്ക് യാതൊരു വ്യത്യാസവുമില്ല
“ഇത് allowed അല്ല. ഞാൻ പുറത്ത് പോയി മേടിക്കുന്നതാ. കണ്ടാൽ പിടിക്കും “
അവൾ വേഗം ചെന്നു വാതിൽ അടച്ചു
“ടീച്ചർ എന്ത് പറയുന്നു “
“സുഖം.”
“അവിടെ ആണോ ഇപ്പൊ ചേട്ടനും ജോലി?”
“ഹേയ് “
ചാർലി അവനോട് ബാങ്കിലെ ജോലി ഉപേക്ഷിച്ചു വരാൻ പറഞ്ഞത് കൊണ്ട് അവൻ അതു ഉപേക്ഷിച്ചു. പക്ഷെ ഈ അവസ്ഥയിൽ പറയുന്നത് ശരിയല്ല എന്ന് അറിയാവുന്ന കൊണ്ട് അവൻ മൗനം പാലിച്ചു
“മുൻപത്തെ ജോലി?”
“അതു വിട്ടു..ഇനിയിപ്പോ ഡെലിവറി കഴിഞ്ഞു വേറെ നോക്കണം “
അവർ തമ്മിൽ സംസാരിക്കട്ടെ. സാറ ഓർത്തു
“കുറച്ചു വാഷ് ചെയ്യാൻ ഉണ്ട്. കുറച്ചു കഴിഞ്ഞല്ലേ പോകുവുള്ളു “
അവൻ തലയാട്ടി
“ഇച്ചന്റെ ഈ ഷർട്ട് അലക്കട്ടെ? ഇതോ ഇത് മുഷിഞ്ഞോ “
എന്നൊക്ക ചോദിച്ചു കുറച്ചു വസ്ത്രം എടുത്തു കൊണ്ട് പോയി
“സാറയെ ഓർമ്മയുണ്ടായിരുന്നോ?” കിച്ചു അറിയാതെ ചോദിച്ചു പോയി
“ഇല്ല ” ചാർലി മെല്ലെ പറഞ്ഞു
“പക്ഷെ സാറ?”
“അവൾക്ക് ഓർമ്മകൾ ഉണ്ടല്ലോ. എനിക്ക് അല്ലേ എല്ലാം നഷ്ടം ആയത്?”
അവന്റെ ശബ്ദം അടച്ചു. കിച്ചു അവനോട് അവരുടെ കൂട്ടിനെ കുറിച്ച് പറഞ്ഞു. അവർ മൂന്ന് പേരുടെയും ബാല്യത്തെ കുറിച്ച്…പിന്നെ ഓരോന്നും…
“ചാർലി നിന്നെ കുറിച്ച് എല്ലാവരും എല്ലാം പറഞ്ഞു തന്നിട്ടുണ്ടോ?”
ചാർലി നെറ്റിച്ചുളിച്ചു
“മിക്കവാറും “
“നീ രണ്ടു വർഷം ജയിലിൽ കിടന്നിട്ടുണ്ട് “
ചാർലി ഞെട്ടിപ്പോയി
“ഞാനോ.?”
“അതെ. ഒരാളെ കൊ- ന്നിട്ട് “
ചാർലി അറിയാതെ എഴുന്നേറ്റു പോയി
“എന്തിന്?”
“ഒരു കുഞ്ഞിനെ റേ- പ്പ് ചെയ്ത ഒരാളെ കൊ- ന്നതിന് “
അവന്റെ കൈ മേശമേൽ മുറുകി
“നിനക്ക് ഒരു പാട് ശത്രുക്കൾ ഉണ്ട്. പാലായിൽ കളരിക്കൽ ജോൺ ബോബി..
ഇതാണ് അവരുടെ ഫോട്ടോസ്.
അന്ന് നമ്മൾ ഒരു ഒന്നിച്ചു കോട്ടയം ടൗണിൽ പോയിരുന്നു. അന്ന് നിനക്ക് എതിരെ അവർ വന്നിരുന്നു. നീ. അവരെ അടിച്ചു വീഴ്ത്തുകയും ചെയ്തു. അതിന്റെ വീഡിയോ ആണിത് നോക്ക്. ഇങ്ങോട്ട് പോരുമ്പോൾ എനിക്ക് തോന്നിയിരുന്നു എല്ലാം ഒന്നും ഇവർ നിന്നോട് പറയില്ലാന്നു. അതു കൊണ്ട് എടുത്തു കൊണ്ട് വന്നതാണ്. ഇവർ ഒതുങ്ങി. പക്ഷെ ഇന്നത്തെ നിന്റെ അവസ്ഥ അറിഞ്ഞാൽ അവർ വീണ്ടും തല പോക്കും. ഞാൻ ഇത് നിന്റെ മൊബൈലിൽ സെന്റ് ചെയ്തു ഇടാം. പിന്നെ നിന്റെ വിവാഹത്തിൽ ആദ്യം നിന്റെ ചേട്ടൻ ഉൾപ്പെടെ മിക്കവാറും എല്ലാർക്കും എതിർപ്പ് ആയിരുന്നു. അപ്പനും അമ്മയ്ക്കും ഒഴിച്ച്. നിന്റെ സാറയെ തീർക്കുമെന്ന് നിന്റെ കുടുബത്തിൽ തന്നെ സംസാരം ഉണ്ടായിരുന്നു. പിന്നെ അതു മാറി അവർ സമ്മതിച്ചു. പക്ഷെ അപ്പോഴും നീ എന്നോട് പറയുമായിരുന്നു അവരെ നീ വിശ്വസിക്കുന്നില്ലന്ന്. അതു കൊണ്ട് സാറയിൽ ഒരു കണ്ണ് വേണം. സാറയെ നീ പഴയ പോലെ സ്നേഹിക്കുന്നില്ലേ ചാർലി?”
“അതിന് പഴയ ചാർലി എങ്ങനെ സ്നേഹിച്ചുവെന്ന് എനിക്കു അറിഞ്ഞൂടാല്ലോ. അവളെന്നെ ചിലപ്പോൾ വീഡിയോസ് കാണിക്കാറുണ്ട്. ചാർളി അവളെ ഒത്തിരി സ്നേഹിച്ചിരുന്നു. ഒരു കുഞ്ഞിനെ എന്ന വണ്ണം ലാളിച്ചിരുന്നു. ഇന്നത്തെ ചാർളി സോഫ്റ്റ് അല്ല. അവളോട് തീരെ സോഫ്റ്റ് അല്ല. ശ്രമിക്കുന്നുണ്ട്. പക്ഷെ എനിക്ക് അവളെ അറിഞ്ഞൂടാല്ലോ. അല്ലെങ്കിൽ അറിഞ്ഞു വരുന്നേയുള്ളൂ. പുതിയ ഒരു ജന്മം അല്ലേയിത്? ഒന്നുമറിയില്ല. ഈ ഹോസ്പിറ്റലിൽ അല്ലായിരുന്നു എങ്കിൽ ഭ്രാ- ന്ത് പിടിച്ചു ആ- ത്മ- ഹത്യ ചെയ്തേനെ ഞാൻ. സാറ എന്റെ ആണെന്ന് എനിക്ക് അറിയാമിപ്പോൾ. അത് മാറില്ല. മറ്റാരോടും എനിക്ക് ആ തോന്നൽ ഇല്ല. എനിക്ക് അതിശയം തോന്നുന്നു. ഓർമ്മകൾ നഷ്ടം ആയ ഈ സമയത്തും അവൾ മാത്രം നിലനിൽക്കുന്നു. എനിക്ക് ബോധം വന്ന് ആദ്യം ഞാൻ കാണുന്നത് സാറയെ ആണ്. എനിക്ക് അവൾ ആരാണെന്ന് പോലും മനസിലായില്ല. അവൾ ക്ഷമയോടെ ഒപ്പം നിന്നു. ഇപ്പോഴും നിൽക്കുന്നു. ഞാൻ പൊട്ടിത്തെറിച്ചു പോകാറുണ്ട്. അത് സഹിക്കുന്നു. എല്ലാം ഒന്നും സഹിക്കില്ല ഒരു രാത്രി ഇറങ്ങി പോകാൻ തുടങ്ങി. പിന്നെ..അത് സോൾവ് ആയി “
കിച്ചു കേട്ടിരുന്നു
“നിങ്ങൾ തമ്മിൽ സാധാരണ കാമുകി കാമുകൻ റിലേഷൻ അല്ലായിരുന്നു ചാർലി. അവളോട് നിനക്ക് വാത്സല്യം ആയിരുന്നു. അത് കൊണ്ട് തന്നെ നിങ്ങൾക്കിടയിൽ…”
ചാർലി അവനെ സൂക്ഷിച്ചു നോക്കി
“ഇപ്പൊ നിങ്ങൾ ഇവിടെ ഒറ്റയ്ക്കാ. പഴയ ചാർലി അങ്ങേയറ്റം മാന്യൻ ആയിരുന്നു. പ്രത്യേകിച്ച് സാറയോട്. അത് അങ്ങനെ തന്നെ വേണം. അല്ലെങ്കിൽ അവള് തകർന്ന് പോകും.”
ചാർലിക്ക് അവൻ പറഞ്ഞു വന്നത് എന്തെന്ന് മനസിലായി. പക്ഷെ ആരും അറിയാതെ സ്ത്രീയും പുരുഷനും പങ്കു വെയ്ക്കുന്ന നിമിഷങ്ങൾ ഉണ്ടായി കാണുമോ തങ്ങൾക്ക് ഇടയിൽ?
അവന് സംശയം തോന്നി
“പിന്നെ മറ്റൊരു കാര്യം. നിന്റെ അപ്പന് ഒരു തോട്ടം ഉണ്ട്. ആയിരം ഏക്കർ വരും. അത് നിനക്ക് എഴുതി തന്നു ആറ് മാസമായി രജിസ്റ്റർ ചെയ്തിട്ട്. അത് മാത്രം അല്ല ടൗണിൽ ഷോപ്പിംഗ് കോംപ്ലക്സ്, തിയേറ്റർ, സ്കൂൾ ഇത്രയും നിനക്ക് ഉണ്ട്. നിന്റെ ചേച്ചിയുടെ ഭർത്താവ് വിജയ്, അതിൽ നിന്നു കോടിക്കണക്കിനു രൂപ വെട്ടിച്ചത് നീ എന്നോട് പറഞ്ഞിട്ടുണ്ട്. ഈ അവസ്ഥയിൽ അത് തുടരുന്നുണ്ടോ എന്ന് എനിക്ക് അറിഞ്ഞൂടാ. അത് നിന്റെ ആണ്. നീ ശ്രദ്ധിക്കുക. പിന്നെ തോട്ടത്തിൽ നിനക്ക് ഒരു ഗാങ് ഉണ്ട്. ഇരുപതു പേര്. അതിൽ വിക്റ്റർ, സന്ദീപ്, പീറ്റർ…രണ്ടു പേരുടെ പേര് ഞാൻ മറന്ന് പോയി. അവർ നിന്നോട് വളരെ ക്ലോസ് ആണ്. നീ ജയിലിൽ ആയിരുന്ന സമയം കൂടെ ഉണ്ടായിരുന്നു. അവർ നിനക്കായ് എന്തും ചെയ്യാൻ തയ്യാറായിരുന്നു. എന്റെ ഊഹം ശരിയാണെങ്കിൽ അന്ന് ഫയർഫോഴ്‌സ് തിരച്ചിൽ ഉപേക്ഷിച്ചു പോന്നപ്പോ parallel ആയി തിരഞ്ഞു കൊണ്ട് നിന്നെ രക്ഷിച്ചു കൊണ്ട് വന്നവർ ആ അഞ്ചു പേരാണ്. ഞാൻ അന്വേഷിച്ചിരുന്നു “
ചാർലി ആ പേരുകൾ നോട്ട് ചെയ്തു
“ഫോട്ടോ വല്ലതും?”
“ഇല്ലടാ നിന്റെ ഫോണിൽ ഉണ്ടായിരുന്നു. ആ ഫോൺ കിട്ടിയില്ലല്ലോ “
അവൻ മൂളി
“എന്റെ കൂട്ടുകാരൻ ചാർലി ഭയങ്കര സ്ട്രോങ്ങ് ആണ്. തെമ്മാടി ചെക്കൻ. അടിക്കാൻ മടിയില്ലാത്ത ന്യായത്തിനു വേണ്ടി നിൽക്കുന്ന ഒരു പുരുഷൻ. ഈ ചാർളി അതിലേക്ക് ഒത്തിരി ദൂരം സഞ്ചരിക്കേണ്ടി വരും. പക്ഷെ എത്തുക തന്നെ ചെയ്യും “
കിച്ചു എഴുന്നേറ്റു
“പോട്ടെടാ. വൈകുന്നേരത്തെ ട്രെയിന് ചെന്നൈ. ഇനി എന്നാ കാണുക എന്ന് അറിയില്ല. അവിടെ ഒരു ജോലി. നോക്കണം പിന്നെ അവളുടെ പ്രസവം “
ചാർലിക്ക് അത് വരെ പരിചയപ്പെട്ട ആരേക്കാൾ പ്രിയപ്പെട്ടവനായി അവൻ
“കിച്ചു?”
ആ വിളി കേട്ട് കിച്ചു അവനെ കെട്ടിപ്പുണർന്നു
“എടാ എന്റെ കൂടെ നിൽക്കാമോ? ഈ തോട്ടം സ്കൂൾ ഷോപ്പിംഗ് കോംപ്ലക്സ് എവിടെ എങ്കിലും നിനക്ക് ഞാൻ ജോലി തരാം. നീ എവിടെയാ വർക്ക് ചെയ്തു കൊണ്ടിരുന്നത്?”
“ബാങ്കിൽ”
“അക്കൗണ്ട്സ്?”
“Yes”
“എങ്കിൽ എന്റെ തോട്ടത്തിൽ എന്റെ അക്കൗണ്ട്സ് നോക്കാമോ? എന്നെ ഒന്ന് സഹായിക്കാമോ? ഞാൻ ഒറ്റയ്ക്കയപോലെ ആണ്. സാറ കുട്ടിയാണ്. അവൾക്ക് ഒന്നും അറിയില്ല. നീ പറഞ്ഞു തരുന്നതിനു മുന്നേ തന്നെ എന്റെ ചേട്ടന്മാരെ എനിക്ക് വിശ്വാസം തോന്നിയില്ല. ഷെല്ലി ചേട്ടൻ ഓക്കേ ആണ്. മറ്റുള്ളവരെ എനിക്ക് എന്തോ…നീ കൂടെ നിൽക്കാമോ.?”
കിച്ചു ഒന്ന് മുഖം തുടച്ചു
“ഞാൻ നിന്റെ കൂടെയുണ്ടല്ലോ “
“അങ്ങനെ അല്ല. അല്ലാതെ..”
“ഞാൻ രുക്കുവിനോട് ഒന്ന് ചോദിച്ചിട്ട്…എടാ അവളോടായിരുന്നു എന്നേക്കാൾ നിനക്ക് അടുപ്പം. അവളായിരുന്നു നിന്റെ ബെസ്റ്റ് ഫ്രണ്ട് നോക്ക് “
രുക്കുവും ചാർലിയും കൂടെയുള്ള ഫോട്ടോസ് കാണിച്ചു അവൻ. തമ്മിലിടി കൂടുന്നത്. കെട്ടിപിടിച്ചു ഗോഷ്ടി കാണിക്കുന്നത്. മുടി പിടിച്ചു വലിക്കുന്നത്
അവൾ ഗർഭിണി ആണെന്ന് അറിഞ്ഞപോ നിനക്ക് എന്ത് സന്തോഷം ആയിരുന്നുന്നോ. നിനക്ക് ഇങ്ങനെ ഒക്കെയായി എന്ന് ഞാൻ അവളോട് പറഞ്ഞിട്ടില്ല. നീ വിളിക്കാത്തതിന് പിണങ്ങി ഇരിക്കുകയാ. “
ചാർളി നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു
“എനിക്ക് ഒന്ന് വിളിച്ചു തരാമോ?”
അവന്റെ മുഖം തെളിഞ്ഞു.
അവൻ രുക്കുവിന്റെ നമ്പർ ഡയൽ ചെയ്തു
തുടരും….