റിമച്ചേച്ചിയോടുള്ള എൻ്റെ സ്നേഹം പതിയെ ശ്യാമയോടുള്ള വെറുപ്പായി മാറുന്നത് ഞാൻ അറിഞ്ഞു….

Story written by Vasudha Mohan
==================

സുകുവേട്ടൻ രണ്ടാമത് വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത ഏറ്റവും കൂടുതൽ ഞെട്ടിച്ചത് എന്നെയായിരുന്നു.

അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്ന ജേഷ്ഠാനുജന്മാരുടെ മക്കൾ ആയിരുന്നു ഞങ്ങൾ. മൂന്നു വർഷത്തെ പ്രണയത്തിനും രണ്ടു വർഷത്തെ ദാമ്പത്യത്തിനും ഒടുവിൽ ഒരാക്സിഡെൻ്റിൽ സുകുവേട്ടൻ്റെ ആദ്യ ഭാര്യ റിമച്ചേച്ചി മരിച്ച് അപ്പോൾ നാലണ്ട് കഴിഞ്ഞിരുന്നു.

കല്യാണം കൂടിയപ്പോഴാണ് എൻ്റെ ഞെട്ടൽ പൂർണ്ണമായത്. കാരണം ശ്യാമ റിമച്ചേച്ചിയെ പോലെയേ ആയിരുന്നില്ല എന്നത് തന്നെ. അല്പം ഇരുണ്ട്, തീരെ മെലിഞ്ഞ പ്രകൃതം. തല കുനിച്ച് നാണത്തോടെ ഉള്ള നിൽപ്, എല്ലാം റിമ ചേച്ചിയുടെ ഓപ്പോസിറ്റ്.

വെളുത്ത് തുടുത്ത് ആരും രണ്ടാമത് നോക്കുന്ന മുഖമായിരുന്നു റിമച്ചേച്ചിയുടേത്. തലയുയർത്തി, ഏറ്റവും ബോൾഡ് ആയി മാത്രമേ റിമച്ചേച്ചിയെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ…

റിമച്ചേച്ചിയോടുള്ള എൻ്റെ സ്നേഹം പതിയെ ശ്യാമയോടുള്ള വെറുപ്പായി മാറുന്നത് ഞാൻ അറിഞ്ഞു. എൻ്റെ സാധനങ്ങൾ ഞാൻ തന്നെ ഒളിപ്പിച്ച് വെച്ച് അതിന് ശ്യാമയെ കുറ്റം പറയാൻ തുടങ്ങി…

മറ്റെല്ലാവരുടെയും മനസ്സിൽ കയറി പറ്റാൻ അവർക്ക് കഴിഞ്ഞെങ്കിലും എൻ്റെ വാതിൽ  അടഞ്ഞു തന്നെ കിടന്നു. ഞാൻ പറയുന്ന കുറ്റം മുഴുവൻ കേട്ട് മിണ്ടാതെ തലകുനിച്ച് പോകുന്ന ശ്യാമയെ ഞാൻ പകയോടെ നോക്കി.

“അവളെടുത്ത് കാണില്ല മോളേ. നീ ശരിക്ക് നോക്കിയേ” അമ്മ അവളുടെ പക്ഷം പിടിക്കും.

“ഞാൻ മുഴുവൻ നോക്കിയതാ. അതെടുക്കാൻ ഇവളല്ലാതെ വേറെ ആരും ഇവിടെ വന്നിട്ടില്ല…”

പതിയെ ശ്യാമ ഞങ്ങളുടെ വീട്ടിലേക്കുള്ള വരവ് കുറച്ച് കൊണ്ട് വന്നു.

“നീയാ അവളെ ഇങ്ങോട്ട് വരാതെ ആക്കിയത്” അമ്മ പരിഭവിച്ചു.

“കണ്ടോ, അമ്മയെ കൂടെ എന്നിൽ നിന്ന് അകറ്റാനാ അവള് നോകുന്നെ. റിമച്ചേച്ചി ഉണ്ടായിരുന്നെങ്കിൽ…”

“ഉണ്ടായിരുന്നെങ്കിൽ നിനക്കിട്ട് രണ്ട് പൊട്ടിച്ചേനെ” പിറകിലൂടെ എല്ലാം കേട്ട് കൊണ്ട് വന്ന സുകുവേട്ടൻ ആണ് പറഞ്ഞത്.

“ഞാനും അവളും ഒന്നും മിണ്ടുന്നില്ല എന്നത് നിനക്ക് എന്തും പറയാൻ ഉള്ള ലൈസൻസ് ആക്കി എടുക്കരുത്. നീയും റിമയും ആയുണ്ടായിരുന്ന ബന്ധം എനിക്കറിയാം. ഒറ്റ പെൺകുട്ടി ആയിരുന്ന നിനക്ക് അവൾ നല്ല ചേച്ചി ആയിരുന്നു. ശ്യാമക്ക് അതിന് ഒരവസരം കൊടുക്കാൻ പോലും തോന്നുന്നില്ലല്ലോ നിനക്ക്.”

സുകുവേട്ടൻ്റെ വാക്കുകൾ കേട്ട് ഞാൻ തല കുനിച്ച് നിന്നു. അമ്മയെ നോക്കി സുകുവേട്ടൻ തുടർന്നു….

“ചെറിയമ്മേ, ശ്യാമക്ക് വിശേഷം ഉണ്ട്. ചെറിയമ്മേടെ മാമ്പഴ പുളിശ്ശേരി തിന്നാൻ ഒരു കൊതി പോലും. ഉണ്ടാക്കി വെച്ചേക്ക്. ഞാൻ കൊണ്ട് പോകാം. ഏതായാലും ഇവളുടെ കുത്ത് വാക്ക് കേൾക്കാൻ അവളെ ഇങ്ങോട്ട് ഞാൻ അയക്കുന്നില്ല. “

സുകുവേട്ടൻ പോയിട്ടും ഞാൻ അതേ നിൽപ്പ് തുടർന്നു.

“എടീ, ആ കൊച്ച് ഒരു പാവമാടി. നീ എന്തിനാ ഇങ്ങനെ അതിനോട് പോരെടുക്കുന്നത്?”

“റിമ ചേച്ചിയെക്കാൾ നല്ലതാണോ ശ്യാമ?” ഞാൻ മറു ചോദ്യം എറിഞ്ഞു.

“അതെനിക്കറിയില്ല. പക്ഷേ സ്നേഹങ്ങൾ തമ്മിൽ താരതമ്യം ചെയ്യരുത്. ആരുടെ സ്നേഹവും ഒരുപോലെ അല്ല. റിമ പോയതിനു ശേഷം സുകു ഒന്ന് ചിരിച്ച് കാണുന്നത് ശ്യാമക്കൊപ്പം ആണ്. ഈ ഒരു മാറ്റം വരുത്താൻ അവൾക്ക് കഴിഞ്ഞെങ്കിൽ, അതവർ പരസ്പരം സ്നേഹിക്കുന്നത് കൊണ്ടല്ലേ?”

അന്ന് മുഴുവൻ ഞാൻ കുത്തിയിരുന്ന് ആലോചിച്ചു. ഒരാള് ഒരാളെ മാത്രമേ പ്രണയിക്കാവൂ എന്ന് ഞാൻ കരുതിയതിൻ്റെ യുക്തി എന്താണ്? ഏറ്റവും ഭാഗ്യശാലികൾ ആയ ചിലർക്കെങ്കിലും ഒന്നിനു ശേഷം മറ്റൊരു പ്രണയത്തെ കണ്ടെത്താൻ സാധിക്കുകയില്ല എന്ന് ഞാൻ കരുത്തിയതെന്തേ? അങ്ങനെ ഒരാൾ കണ്ടെത്തിയ തൻ്റെ പ്രണയം ആദ്യ പ്രണയത്തിൽ നിന്നും വ്യത്യസ്തം ആണെങ്കിൽ അതിൽ തെറ്റുണ്ടോ?

വൈകീട്ട് സുകുവേട്ടൻ സ്വന്തം വീട്ടിൽ കയറി വരുമ്പോൾ കണ്ടത് മാമ്പഴപുളിശ്ശേരി കൂട്ടി ശ്യാമക്ക് ചോറ് വാരി കൊടുക്കുന്ന എന്നെ ആണ്.

“തുറിച്ച് നോക്കണ്ട. നിങ്ങടെ ഭാര്യയെ അല്ല, എന്നെ ആദ്യമായി അമ്മായി എന്ന് വിളിക്കാൻ പോണ കൊച്ചിനെയാ ഞാൻ ഊട്ടുന്നത്” ചമ്മൽ മറച്ച് വെച്ച് ഞാൻ പറഞ്ഞു.

“എന്നാലും തോറ്റെന്ന് സമ്മതിക്കാൻ വയ്യല്ലേ നിനക്ക്” സുകുവേട്ടൻ വന്ന് എൻ്റെ ചെവിപിടിച്ചു.

“അതിനെ നോവിക്കല്ലേ സുകു. ഇവിടെ ഒരു മാപ്പ് പറച്ചിലും, കെട്ടിപ്പിടിത്തവും കരച്ചിലും ഒക്കെ ഇപ്പൊ കഴിഞ്ഞതേ ഉള്ളൂ.” വല്യമ്മ പറഞ്ഞു.

സുകുവേട്ടൻ തിരിഞ്ഞു നോക്കിയ തക്കത്തിന് ആ കയ്യിൽ ഒരു കടി കൊടുത്ത് ഞാൻ വീട്ടിലേക്കോടി.

പിറകിൽ അപ്പോൾ ഒരു സന്തുഷ്ട കുടുംബത്തിൻ്റെ പൊട്ടിച്ചിരി മുഴങ്ങി കേട്ടു.