പ്രണയ പർവങ്ങൾ – ഭാഗം 94, എഴുത്ത്: അമ്മു സന്തോഷ്

“ദേ അച്ചായാ നിങ്ങൾക്ക് തോന്നുന്നില്ലേ അവൻ ആകെ മാറിപ്പോയിന്ന്?”

ഷെല്ലി കണ്ണുകൾ അടച്ച് ശാന്തമായി കിടക്കുകയായിരുന്നു

തന്റെ അനിയൻ ഒരു വലിയ പ്രതിസന്ധികടൽ നീന്തി കടന്ന് തിരികെയെത്തി. എല്ലാവരോടും പ്രസന്നമായും സന്തോഷമായും സംസാരിച്ചു

“ദേ..” അവർ ആ ദേഹത്ത് തൊട്ടു

“ആ പെണ്ണ് അവന് എന്തോ കൂടോത്രം ചെയ്തിട്ടുണ്ട്. അവള് എന്നാ വെച്ച ഭ്രാന്ത്..ഇങ്ങനെ ഉണ്ടോ ആണുങ്ങൾ?”

ഷെല്ലി മറുപടി ഒന്നും പറഞ്ഞില്ല

“ഇപ്പൊ അവളുടെ അടിമയാ അവൻ. കൊള്ളാം. “

“ഒരാണ്‌ പെണ്ണിന്റ അടിമയാകുന്നത് എങ്ങനെ എന്നോ ബെല്ല? ആ പെണ്ണ് സ്നേഹത്തിന്റെ ഒരു ദ്വീപ് ഉണ്ടാക്കുമ്പോഴാ..ചുറ്റും സ്നേഹത്തിന്റെ കടൽ നിറച്ച ഒരു ഭൂമിയിൽ അവളും അവനും മാത്രം. അതായിരുന്നു ഈ കഴിഞ്ഞ ദിവസങ്ങൾ. അവൻ അവളെ മാത്രം കണ്ടു. ആ കൊഞ്ചൽ മാത്രം കേട്ടു. അവൻ നോക്കുമ്പോൾ അവന് വയ്യാണ്ടായപ്പോ ഇരുപത്തിനാലു മണിക്കൂറും ഒപ്പം നിന്നത് അവന്റെ പെണ്ണാ. ഒരു ദിവസം ആണോ രണ്ടു ദിവസം ആണോ എട്ടു മാസം. എട്ടു മാസങ്ങൾ. അവള് പുറം ലോകം കണ്ടിട്ടില്ല. ഇടക്ക് അസുഖം വന്നപ്പോ അവന് പകരാതെ ഇരിക്കാൻ മാത്രം മാറി നിന്നു കാണും. അല്ലാതെ സ്വന്തം വീട്ടിൽ പോയിനിന്നില്ല. ആ ആശുപത്രിയിൽ തന്നെ..അവനുണർന്നോ ഉറങ്ങിയോ..അവന്റെ ദേഷ്യം വാശി ഒക്കെ സഹിച്ച് എട്ടു മാസങ്ങൾ..നിനക്ക് ആണെങ്കി ഇടക്ക് എങ്കിലും മടുപ്പ് തോന്നില്ലേ? ഒരു രണ്ടു ദിവസം വീട്ടിൽ വന്നു ഒന്ന് കുളിച്ചു ഫ്രഷ് ആയിട്ട് നല്ല ഭക്ഷണം കഴിച്ചു ഒന്ന് ഉറങ്ങാൻ തോന്നില്ലേ? അത് തെറ്റല്ല. മനുഷ്യൻ ആയി പിറന്നവർക്ക് അത് തോന്നും. മാലാഖമാർക്ക് അത് തോന്നില്ല
അതാ വ്യത്യാസം.”

ഷെല്ലി പറഞ്ഞു കൊണ്ടിരുന്നു

ബെല്ല നിറഞ്ഞ കണ്ണുകൾ തുടച്ചു

“സാറ സാധാരണ ഒരു മനുഷ്യ സ്ത്രീ അല്ല. അത് എനിക്ക് മനസിലായി. അത് എങ്ങനെ എന്നോ”

ബെല്ല ചോദ്യഭാവത്തിൽ നോക്കി

“നിന്നോട് ഞാൻ പറഞ്ഞിട്ടില്ല അത്. ഒരു വർഷം മുന്നേ എനിക്ക് ഒരു പനി വന്നത് ഓർക്കുന്നോ നിയ്?”

അവൾ തലയാട്ടി

“അന്ന് കുറെ ടെസ്റ്റ്‌ ചെയ്തു.. ബ്ലഡ്‌ ൽ എന്തൊക്കെയോ കൂടുതൽ ആയിരുന്നു. ഡോക്ടർ അത് ലുകീമിയ ആണെന്ന് സംശയം പറഞ്ഞു “

ബെല്ല നെഞ്ചിൽ കൈ വെച്ചു ദൈവത്തെ വിളിച്ചു പോയി

“ഞാൻ പിന്നെ ആശുപത്രിയിൽ പോയില്ല. ടെസ്റ്റ്‌ ഒന്നും ചെയ്തില്ല ഇടക്ക് ഒക്കെ ക്ഷീണം വരും. ഞാൻ മൈൻഡ് ചെയ്തില്ല. എനിക്ക് വയ്യാരുന്നു ആശുപത്രിയിൽ വാസം. അപ്പോഴേക്കും ചാർലി. ആശുപത്രിയിൽ ആകുകയും ചെയ്തു. ഞാൻ എന്റെ അവസ്ഥ ഒക്കെ മറന്നു പോയി. പിന്നെ തിരുവനന്തപുരം ആശുപത്രിയിൽ കിടന്ന സമയം അവനു പനി വന്നു. ആ പനി. എനിക്കും പകർന്നു. ഞാൻ വലിയ ക്ഷീണം ആയിട്ട് കിടന്നപ്പോ സാറ ഡോക്ടർമാരെ കൂട്ടി കൊണ്ട് വന്നു. ഡോക്ടർ എന്നെ വിശദാമായി പരിശോധിച്ച് കുറെ ബ്ലഡ്‌ സാമ്പിൾ എടുത്തു ടെസ്റ്റുകൾക്ക് അയച്ചു. എനിക്ക് പേടി വന്നു. എനിക്ക് മനസിലായി എനിക്കു ആ അസുഖം ആണ് എന്ന്. ഞാൻ അന്ന് സാറയോട് അത് പറഞ്ഞു.. ഞാൻ കുറെ കരഞ്ഞു. എന്റെ മുന്നിൽ എന്റെ സങ്കടങ്ങൾ ഇറക്കി വെയ്ക്കാൻ. അന്ന് മറ്റാരും ഇല്ല. എന്റെ മോളെക്കുറിച്ച് നിന്നെ കുറിച്ച് ഒക്കെ ഓർത്തു ഞാൻ പൊട്ടിക്കരഞ്ഞു പോയി.. എനിക്ക് തീരെ വയ്യാതായി. എഴുന്നേറ്റു നിൽക്കാൻ വയ്യ. സാറയ്ക്ക് അവനെയും എന്നെയും ഒരേ സമയം നോക്കണം. ഹോസ്പിറ്റലിൽ ആണ്. നഴ്സ് മാരും ഡോക്ടർമാരും ഉണ്ട്. പക്ഷെ എപ്പോഴും അവരില്ല. ഒരു മയക്കം ആയിരുന്നു പിന്നെ. അപ്പൊ ഞാൻ അറിയുന്നുണ്ട് എന്റെ ശിരസ്സിൽ കൈ വെച്ച് സാറ പ്രാർത്ഥിക്കുകയാണ് വലതു കയ്യിൽ കൊന്ത ഉണ്ട്. ദീർഘമായ പ്രാർത്ഥന..അവൾ കുറച്ചു സമയം ചാർളിയെ മറന്ന പോലെ. അവളും കരയുന്നുണ്ടോ എന്ന് എനിക്ക് സംശയമായി. വൈകിട്ട് എന്റെ പനി പൂർണമായും മാറി. ഞാൻ പഴയ ഷെല്ലി ആയി. എനിക്ക് ക്ഷീണം ഇല്ല. ഒന്നുമില്ല. ഇനി ചേട്ടന് ഒന്നും വരില്ല ട്ടോ എന്ന് അവള് പറഞ്ഞു. പിന്നെ ഡോക്ടർ വിളിക്കുന്നു എന്ന് നേഴ്സ് വന്നു പറഞ്ഞു. പേടിയോടെ ഞാൻ അവിടേക്ക് ചെന്നു. ബ്ലഡ്‌ സാമ്പിൾസ് എല്ലാം നോർമൽ. എല്ലാ ടെസ്റ്റും നോർമൽ. ഞാൻ അതൊക്ക അവളെ കൊണ്ട് കാണിച്ചു. നിഷ്കളങ്കമായ ഒരു പുഞ്ചിരിയോടെ എന്റെ നെറ്റിയിൽ ഒരു കുരിശ് വരച്ചു സാറ. എന്റെ ചേട്ടന് ഇനി ഒന്നും വരില്ല ട്ടോ എന്ന് പറഞ്ഞു എന്റെ കൈ മുത്തി…”

അയാൾ കണ്ണീർ തുടച്ചു

“ഇന്ന് എന്റെ മനസ്സിൽ അവള് ദൈവത്തിന്റെ ഒപ്പമാ. അവളുടെ ചാർളിയുടെ ചേട്ടനോട് അവൾ ഇത്രയും സ്നേഹം കാണിക്കുമ്പോൾ അവനോട് അവൾ എന്തായിരിക്കും എന്ന് വെറുതെ ഒന്ന് ഓർത്തു നോക്ക്. വെറുതെ ആണോ ഓരോ തവണയും അവൻ മരണത്തെ തോൽപ്പിച്ചു വരുന്നത്. ആണിന്റെ ആയുസ്സ് കൂടെയുള്ള പെണ്ണിന്റെ പ്രാർത്ഥനയുടെ ബലത്തിൽ കൂടിയാ ബെല്ല പിടിച്ചു നിൽക്കുന്നത്. പിന്നെ മരിക്കും ഒരു ദിവസം. അത് വിധി. പക്ഷെ..സ്വന്തം പെണ്ണിന്റെ സ്നേഹവും പ്രാർത്ഥനയും കൊണ്ട് ബന്ധിച്ച ഒരു ചരട് അവന്റെ ദേഹത്ത് ഉണ്ടെങ്കിൽ ഒരു ശക്തിക്കും അവനെ തോൽപ്പിക്കാൻ പറ്റില്ല. സാറ അത്തരമൊരു ദൈവ ചൈതന്യമാണ്. അവളെ വേദനിപ്പിക്കരുത്.”

ബെല്ല കരഞ്ഞു കൊണ്ട് ആ നെഞ്ചിൽ മുഖം പൂഴ്ത്തി

ഇത്രയും ഒക്കെ മനസിലുണ്ടായിട്ട് തന്നോട് പറഞ്ഞില്ലല്ലോ എന്നുള്ള വേദനയും അവൾക്ക് തോന്നി

“ജെറിക്ക് കുറച്ചു കുശുമ്പ് ഉണ്ട് സാറയോട്. അതിന് നീ കൂട്ട് നിന്നെക്കരുത്. അങ്ങനെ നിന്ന ചാർലി പിന്നെ നമ്മളെ മറക്കും. എന്റെ അനിയൻ എന്റെ ജീവനാ. ഒരു പക്ഷെ..മറ്റാരെക്കാൾ..അത് മറക്കണ്ട “

ഷെല്ലിയുടെ ശബ്ദം കടുത്തു

രാത്രി എപ്പോഴോ സാറ ഉണരുമ്പോൾ ചാർലി ജനാലക്കൽ നിന്ന് രാത്രിയെ നോക്കുകയാണ്. സാറ പേടിയോടെ അരികിൽ ചെന്ന് നിന്നു

“എന്താ ഇച്ചാ?”

അവൻ തിരിഞ്ഞു

“ഒന്നുല്ലാടി. ഈ സ്ഥലം എന്റെ ഓർമ്മയിൽ വരുന്നില്ല. നോക്കുവാരുന്നു”

അവൾ കുറച്ചു നേരം എന്താ പറയുക എന്നോർത്ത് നിന്നു

“രാവിലെ നോക്കിയ ചിലപ്പോൾ ഓർമ്മ വന്നാലോ ഇപ്പൊ വന്നു കിടക്ക്. നല്ല തണുപ്പ് ഉണ്ട്..”

അവൾ ജനാല വലിച്ച് അടച്ചു. ചാർളി അവളെ തന്നോട് ചേർത്ത് പിടിച്ചു. പിന്നെ കോരിയെടുത്തു ബെഡിലേക്ക് കൊണ്ട് പോയി

തുടരും…