പ്രണയ പർവങ്ങൾ – ഭാഗം 95, എഴുത്ത്: അമ്മു സന്തോഷ്

രാവിലെ ഷെല്ലിയും സ്റ്റാൻലിയും കൂടെയാണ് സാറയെ കൊണ്ടാക്കിയത്. അവർക്ക് കല്യാണത്തിന്റെ കാര്യവും സംസാരിക്കാൻ ഉണ്ടായിരുന്നു. തോമസ്ന് എതിർപ്പ് ഒന്നുമില്ല. ഇത്രയും നാൾ കല്യാണം കഴിയാതെ ഒപ്പം നിന്നത് തന്നെ അയാൾക്ക് ആധി ആയിരുന്നു

അങ്ങനെ ഞായറാഴ്ച അത് ഉറപ്പിച്ചു

“ഒരു റിക്വസ്റ്റ് ഉണ്ട്. പറയുന്നത് ശരിയല്ല എന്ന് അറിയാം. സാറയെ കുറച്ചു കഴിഞ്ഞു അങ്ങോട്ട് വിടണം. കല്യാണത്തിന്റെ തലേന്ന് ഇങ്ങോട്ട് ആക്കിയേക്കാം. നിങ്ങൾ കല്യാണം പറയാൻ ഒക്കെ പോകുമ്പോൾ കൊച്ച് ഒറ്റയ്ക്ക് അല്ലേ അവിടെ ഷേർലിക്ക് കൂട്ടില്ലാതെ ആകെ ഒരു വിഷമം. ഞങ്ങൾ കല്യാണം പറയാൻ പോകുമ്പോൾ അവളും ഒറ്റയ്ക്കാ വയ്യാതെ ആയി പോയ കൊണ്ട് കൊണ്ട് പോകാനും പറ്റില്ല. അതാ “

സ്റ്റാൻലി എങ്ങും തൊടാതെ കാര്യം അവതരിപ്പിച്ചു. പോകുന്നതിന് മുൻപ് അത് ചാർലി പ്രത്യേകമായി പറഞ്ഞു

“അപ്പ എനിക്കു ഇവിടെ പുതിയതാ. വീട്ടിൽ ആരു വന്നാലും എനിക്ക് മനസിലാവില്ല. നിങ്ങൾക്ക് എപ്പോഴും എന്റെ ഒപ്പം നിൽക്കാൻ പറ്റില്ല. സാറ എന്റെ ഒപ്പം വേണം. അവളെ തിരിച്ചു കൊണ്ട് വരണം.”

തോമസ് മേരിയെ ഒന്ന് നോക്കി

“ആൾക്കാർ വല്ലോം പറയില്ലേ..?”

“ശരി രണ്ടു ദിവസം മുന്നേ വിട്ടേക്കാം. അവർ ഇത്രയും നാൾ ഒന്നിച്ചല്ലായിരുന്നോ. അത് കൊണ്ട് അതൊന്നും കുഴപ്പമില്ല. അന്ന് കല്യാണം കഴിഞ്ഞുവെങ്കിൽ ഇന്ന് ഭാര്യയാ..”

“അത് ശരിയാ ” മേരി പറഞ്ഞു

“ഞങ്ങൾ കൊച്ചിനെ പിരിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് കുറെ നാളായി കെട്ട് കഴിഞ്ഞാൽ പിന്നെ. പഴയ പോലെ പറ്റില്ലല്ലോ. അത് കൊണ്ട് ഒരു വിഷമം.’

“ഞാൻ ഉച്ച വരെ നിന്നിട്ട് വന്നോളാം അപ്പാ..”

സ്റ്റാൻലി എഴുന്നേറ്റു

“ആയിക്കോട്ടെ. മോള് ഉച്ച ആകുമ്പോൾ വന്ന മതി..ശരി “

അവർ ഇറങ്ങി.

മേരി സാറയെ കെട്ടിപിടിച്ചു ഉമ്മ വെച്ചു

“എന്റെ കുഞ്ഞങ് ക്ഷീണിച്ചു പോയി “

അവർ കണ്ണുനീർ ഒപ്പി

അവൾക്ക് അവരുടെ അവസ്ഥ ഓർത്തു സങ്കടം ഉണ്ടായിരുന്നു. അവന്റെ അവസ്ഥ അതിലും ദയനീയമായിരുന്നു താനും

ചെ- കുത്താന്റെയും കടലിന്റെയും ഇടയിൽ പെട്ടത് പോലെ. അവൾ പപ്പയ്ക്കും അമ്മയ്ക്കും ഒപ്പം ഇരുന്നു

“ചേച്ചിയെ വിളിച്ചു പറയണെ “

അവൾ പറഞ്ഞു

“പറഞ്ഞു പറഞ്ഞു. ജോലി ഉണ്ടല്ലോ അത് കൊണ്ട് തലേന്ന് പ്രതീക്ഷിച്ച മതി “

ചാർലി ഹോസ്പിറ്റലിൽ കിടന്നത് തിരുവനന്തപുരത്താണ്. പക്ഷെ താൻ പറയാൻ പോയില്ല. വിളിക്കാനും പോയില്ല. വിളിച്ചാൽ കൂടെ ആ പ- ന്ന മനുഷ്യൻ വരും. അയാളുടെ മുഖം കാണുന്ന തന്നെ അറപ്പാണ്. വിരുന്നിനു വന്നപ്പോൾ നോക്കിയ നോട്ടം ഓർത്തു ഇന്നും തൊലി പൊളിയും. ചീ- ത്ത മനുഷ്യൻ

അവൾ ഫോൺ എടുത്തു ചാർളിയെ വിളിച്ചു

“ഞാൻ ഉച്ച കഴിഞ്ഞു വരാമേ. പപ്പയ്ക്കും മമ്മിക്കും ഭയങ്കര സങ്കടം ഞാൻ കുറെ നാളായില്ലേ മാറി നിൽക്കുന്നു..”

അവൻ ഒന്ന് നിശബ്ദനായി

“ഉച്ചക്ക് വരാം. ഇച്ച എനിക്ക് വെജ് ബിരിയാണി ഉണ്ടാക്കി തരണേ “

അവന് പാവം തോന്നി

“മോളെ…?” ഒരു നിമിഷം അവളുടെ ഹൃദയത്തിൽ കൂടി ഒരു വിറയൽ പോയി

പഴയ ചാർലി വിളിക്കുന്നു

“മോളെ….”

“എന്തോ “

അവൾ അറിയാതെ വിളി കേട്ടു

“എനിക്ക് നിന്നെ മാത്രേ അറിയൂ സാറാ..ഒരു പക്ഷെ കഴിഞ്ഞ ജന്മവും നീ കൂടെ ഉണ്ടായിരുന്നു. വേറെ എല്ലാരേം പറഞ്ഞു പറഞ്ഞു ഹൃദസ്ഥമായതാണ്. നീ കൂടെ ഇല്ലാത്തപ്പോ ഒരു പേടിയാ..അതാ ഞാൻ.. പക്ഷെ പപ്പയുടെയും അമ്മയുടെയും ഫീലിംഗ്സ് എനിക്ക് മനസിലാകും. കുറച്ചു നേരം കഴിഞ്ഞു വന്ന മതി..ലേറ്റ് ആകാതെ ഇരുന്ന മതി. ആ പിന്നെ ഒറ്റയ്ക്ക് വരണ്ട. ഞാൻ വരും..വിളിച്ച മതി “

“ശരി ഇച്ചാ “

അവൾ കാൾ കട്ട്‌ ചെയ്തു

പപ്പയ്ക്കും മമ്മിക്കും ഒപ്പം ഇരിക്കുമ്പോഴും കരയിൽ പിടിച്ചിട്ട മീനിന്റെ അവസ്ഥ ആയിരുന്നു അവൾക്ക്. അവിടെ പലർക്കും അവന്റെ അവസ്ഥ അറിയില്ല. എന്തെങ്കിലും ചോദിച്ചു ചെല്ലുകയോ വല്ലോം ചെയ്യുമോ…വീട്ടിൽ അതിഥികൾ ആരെങ്കിലും വന്നാൽ? അവന് ഡിസ്റ്റർബൻസ് ഉണ്ടാകുന്നത് ഉടനെ വരാൻ പാടില്ല എന്ന് ഡോക്ടർ മുന്നറിയിപ്പ് തന്നിട്ടുണ്ട്

അവൾ ശൂന്യമായ മിഴികളോടെ ഇരിക്കുന്നത് തോമസ് ശ്രദ്ധിച്ചു. അവൾക്ക് പഴയ ഉത്സാഹം ഇല്ല

“മോളെ..?”

അവൾ ആ വിളി കേട്ടില്ല

“സാറ “

അവൾ ഞെട്ടി നോക്കി

“മോള് പൊയ്ക്കോ…എന്റെ മോളുടെ മനസ്സ് മുഴുവൻ അവിടെയാ. പപ്പക്ക് മനസിലാകും. എട്ടു മാസത്തോളം ഊണിലും ഉറക്കത്തിലും പിരിയാതെ നിന്നിട്ട് പെട്ടെന്ന് മാറുമ്പോ സങ്കടം വരും..”

സാറ വിങ്ങി കരഞ്ഞു കൊണ്ട് പപ്പയുടെ നെഞ്ചിൽ മുഖം അമർത്തി

“എനിക്ക് കുറെ കാര്യങ്ങൾ പപ്പയോടു പറയാനുണ്ട്. ഇപ്പോഴല്ല. ഇപ്പൊ അതിനുള്ള സമയം ഇല്ല. പക്ഷെ ഞാൻ പറയാം..എല്ലാം “

തോമസ് ആ മുടി ഒതുക്കി വെച്ചു. അവൾ ചാർളിയെ വിളിച്ചു വിവരം പറഞ്ഞു

ചാർലി വന്നപ്പോ അവർ എഴുന്നേറ്റു

“മോൻ ആദ്യം വരുവാ വീട്ടിൽ ” മേരി സന്തോഷത്തോടെ പറഞ്ഞു

ചാർലി പുഞ്ചിരിച്ചു

അവളുടെ പപ്പയേം മമ്മിയേം ഫോണിൽ ഫോട്ടോ കാണിച്ചു കൊടുത്തിട്ടുണ്ട് അവൾ

“കഴിക്കാൻ എടുക്കട്ടേ?”

“വേണ്ട. വീട്ടിൽ എന്റെ വക ബിരിയാണി ഉണ്ടാക്കി. ദേ കുറച്ചു ഇങ്ങോട്ട് അമ്മ തന്നു വിട്ടതാ “

അവൻ ഒരു പൊതി മേശപ്പുറത്ത് വെച്ചു

“നിനക്ക് വെജ് ഉണ്ട് ട്ടോ ” അവൻ അവളെ നോക്കി പറഞ്ഞു

“മോനു പാചകമൊക്കെ അറിയാമോ?”

“അറിയില്ലായിരുന്നു. ഇപ്പൊ പഠിച്ചു വരുന്നു “

“ഞങ്ങൾ ഇറങ്ങട്ടെ മമ്മി ” അവൾ യാത്ര ചോദിച്ചു

അവർ ഇറങ്ങി

“ബുള്ളറ്റ് ശരിയാക്കിയോ?”

“അപ്പൻ റെഡി ആക്കി വെച്ചിരുന്നു “

“നമുക്ക് പള്ളിയിൽ ഒന്ന് കേറിയിട്ട് പോകാം. അച്ചന് സന്തോഷം ആകും “

“എടി ഞാൻ അച്ചന്റെ ഫോട്ടോ കണ്ടിട്ടില്ല”

“അവിടെ ചെല്ലുമ്പോ നേരിട്ട് ഞാൻ കാണിച്ചു തരാം..”

അവൻ ഒന്ന് മൂളി

പള്ളിയിൽ ചെല്ലുമ്പോ അച്ചൻ മുറ്റത്തുണ്ട്

“ആഹാ എപ്പോ വന്നു പിള്ളേരെ?”

“ഇന്നലെ വൈകുന്നേരം ” അവൾ പറഞ്ഞു

“ഞാൻ ദേ അരമനയിൽ നിന്ന് വന്നു കേറിയാതെ ഉള്ള് കേട്ടോ..ഒന്നും അറിഞ്ഞില്ല “

“ഞായറാഴ്ച കല്യാണം നടത്താമെന്നാ ഫാദർ തീരുമാനം ” അവൻ മെല്ലെ പറഞ്ഞു

“അതെന്താ ഒരു പരിഷ്കരിച്ച വിളി ഫാദർ എന്ന് “

സാറ ആ കയ്യിൽ പിടിച്ചു അമർത്തി

“ഒന്ന് മാറ്റിപിടിച്ചു നോകിയതാ ഇഷ്ടം ആയില്ലെങ്കിൽ പഴയ വിളി തന്നെ വിളിച്ചോളാം ” അവൻ അവസരത്തിനൊത്തു ഉയർന്നു

“ദേ ഇപ്പൊ പഴയ ചാർലി തന്നെ..ഞാൻ വിചാരിച്ചു നിയങ്ങ് നന്നായി പോയെന്ന് “

“അങ്ങനെ പെട്ടെന്ന് നന്നായാൽ എന്താ രസം “

അച്ചൻ ചിരിച്ചു

“ഊണ് കഴിക്കുന്നോ?”

“ഇല്ല പ്രാർത്ഥന കഴിഞ്ഞു പോവും ..”

സാറയാണ് മറുപടി പറഞ്ഞത്

അവർ പ്രാർത്ഥിച്ചു തുടങ്ങിയപ്പോ അച്ചൻ മുറിയിലേക്ക് പോയി. പ്രാർത്ഥന കഴിഞ്ഞവർ പള്ളി മുറ്റത്തെ പടിക്കെട്ടിൽ ഇരുന്നു

“ഇവിടെ ആണ് ഇച്ചാ നമ്മുടെ പ്രണയം പൂത്ത ഇടം…നമ്മൾ നമ്മളെ അറിഞ്ഞയിടം..നമ്മുടെ സ്വർഗ്ഗലോകം “

ചാർലി ഒരു വാക് പോലും പറയാതെ ആ കൈകളിൽ കൈകൾ കോർത്തു. അങ്ങനെ ഇരിക്കുമ്പോൾ ഉള്ളിൽ ഒരു ചിത്രം തെളിഞ്ഞു. മൂടൽ മഞ്ഞിൽ ഒരു പെണ്ണ്. അവൾക്ക് പുറകിൽ ഒരു പള്ളി. പടിക്കെട്ടുകൾ ഇറങ്ങി അവൾ വരുന്നു. കടും മറൂൺ നിറത്തിലെ ഫ്രോക്. അതേ നിറത്തിലുള്ള സ്കാർഫ്

“ഈ കേക്ക് എങ്കിലും കഴിച്ചിട്ട് പോ ” പെൺകുട്ടി പറയുന്നു

അവൻ അസ്വസ്ഥതയോടെ തല ഒന്നു വെട്ടിച്ചു. കേക്കിന്റെ മധുരം നാവിൽ ഉള്ളത് പോലെ..

“സാറാ?”

“ഉം?”

“നിനക്ക് മറൂൺ നിറത്തിൽ ഒരു ഉടുപ്പ് ഉണ്ടൊ? ഒരു ഗൗൺ?” അവൾ വിസ്മയത്തിൽ നോക്കി

“ഉണ്ടല്ലോ എന്തെ?”

“നീ അത് എപ്പോഴാ ഇട്ടത്?”

“ചേച്ചിയുടെ മനസമ്മതത്തിന്..എന്താ ഇച്ചാ”

“അന്ന് നീ എനിക്ക് കേക്ക് തന്നോ?”

അവൾ നടുങ്ങി പോയി

“ദേ അവിടെ..ജീപ്പിൽ ഞാൻ നിന്നപ്പോൾ നീ..അടുത്ത് വന്നോ…എന്നിട്ട്..കേക്ക് എന്റെ കയ്യിൽ..?”

“എന്റെ കർത്താവെ…” അവൾ അറിയാതെ ഉറക്കെ വിളിച്ചു പോയി

“ഇച്ചാ വന്നേ “

അവളാ കൈ പിടിച്ചു മാതാവിന്റെ രൂപത്തിന്റെ മുന്നിൽ നിർത്തി. പിന്നെ അവനെയും ചേർത്ത് പിടിച്ചു നിലത്ത് മുട്ട് കുത്തി

തുടരും….