കൊച്ചിയിലായിരുന്നു അർജുനും ദീപുവും. രണ്ടു മുറികൾ ബുക്ക് ചെയ്തിരുന്നു
“മാലിനി റായി ” സുന്ദരി സ്വയം പരിചയപ്പെടുത്തി. ആരെയും മോഹിപ്പിക്കുന്ന ഉടലഴകുള്ള ഒരു സുന്ദരി
അവൾ അവർക്കരികിൽ വന്നിരുന്നു ഗ്ലാസുകളിൽ മ- ദ്യം നിറച്ചു. അവളുടെ കണ്ണുകൾ അർജുനിൽ തന്നെ തങ്ങി നിൽക്കുന്നത് ദീപു ശ്രദ്ധിച്ചു
“you can try in Bollywood “
അവൾ അവന്റെ മടിയിലിരുന്നു നെഞ്ചിൽ കൈ വെച്ച് കുഴഞ്ഞു
ആ…ഒരു നിമിഷം. ഒറ്റ നിമിഷം.. അർജുന്റെ ഉള്ളിൽ രണ്ടു കണ്ണുകൾ തെളിഞ്ഞു
കണ്ണീരോഴുകുന്ന പേടിച്ചരണ്ട രണ്ടു കണ്ണുകൾ
അവന്റെ ശരീരം തണുത്തു
കുടിച്ചിട്ടും ല- ഹരി കയറുന്നില്ല
കൃഷ്ണ….അവളുടെ നോട്ടം
അവൾ ഇവിടെ എവിടെയോ നിന്ന് തന്നെ നോക്കുന്നത് പോലെ അവന് തോന്നി
ഫോൺ ബെൽ അടിച്ചപ്പോ മടിയിൽ ഇരുന്ന സുന്ദരിയെ മാറ്റി ദീപുവിനോട് പറഞ്ഞിട്ട് അവൻ സ്വന്തം മുറിയിലേക്ക് പോയി
കൊച്ചിയിലെ അവന്റെ സുഹൃത്ത് ഫർഹാൻ ആയിരുന്നു ഫോണിൽ. പുതിയ സ്റ്റ- ഫ് വന്നിട്ടുണ്ട് കൊടുത്തു വിടട്ടെയെന്ന്
അവൻ മൂളി…
വീര്യം കൂടുതലാണ് ചെറിയ ഡോസ് മാത്രേ എടുക്കാവു എന്നവൻ വീണ്ടും ഓർമിപ്പിച്ചു
അർജുൻ ജനാലയിലൂടെ നഗരത്തെ ന്നോക്കി
തായ്‌ലൻഡ് ട്രിപ്പ് പോകാനിരുന്നതിന്റെ അന്നാണ് അവൾ വീട്ടിൽ വന്നതും വഴക്കുണ്ടായതും അച്ഛൻ പിണങ്ങിയതും. പിന്നെ അത് ക്യാൻസൽ ചെയ്തു ഇന്ന്….ഒന്നുമില്ല. പക്ഷെ…എന്തോ ഒന്നും കഴിയുന്നില്ല.
അവളുടെ ഓർമ്മകൾ എന്തിനാണ് ഇങ്ങനെ പിന്തുടരുന്നത്
എനിക്ക് നിന്നെ ഇഷ്ടമല്ല കൃഷ്ണ
വെറുപ്പാണ്
I hate you….അവൻ തന്നെ പറഞ്ഞു
കാളിംഗ് ബെൽ അടിച്ചു. ഒരു പയ്യനാണ്. സ്റ്റ- ഫ് കൊടുത്തിട്ട് അവൻ പോയി
അർജുൻ അത് കൈവെള്ളയുടെ മുകളിൽ തട്ടി…എനിക്ക് നിന്നെ ഓർക്കേണ്ട കൃഷ്ണ..അവൻ മൂക്കിലേക്ക് ആ വെളുത്ത പൊടി വലിച്ചു കയറ്റി. ബോധമണ്ഡലം തെളിഞ്ഞു വരുന്നതേയുണ്ടായിരുന്നുള്ളു.
ഉണർന്നപ്പോൾ നല്ല തലവേദന. അർജുൻ എഴുനേറ്റു ഒരു പെഗ് ഒഴിച്ച് കഴിച്ചിട്ട് വീണ്ടും കിടന്നു. കണ്ണുകൾ അടഞ്ഞു പോകുന്നു. ഒരു പകൽ കൂടെ കഴിഞ്ഞു പോയി
“അർജുൻ..” ദീപുവിന്റെ വിളിയൊച്ചയാണ് പിന്നെ അവനെ ഉണർത്തിയത്
അർജുൻ കണ്ണ് തുറന്നു
“എന്തോന്ന് ഉറക്കമാ ഇത്. മതി. എഴുനേല്ക്ക് “
അവൻ ഒന്ന് ചിരിച്ചു പിന്നെ കൈകൾ വിടർത്തി തലയിണ ഉയർത്തി വെച്ച് കിടന്നു
“സി- ഗരറ്റ് “
ദീപു സി- ഗരറ്റും ലൈറ്ററും എടുത്തു കൊടുത്തു
“എടാ ആ പെണ്ണ്…കിടിലൻ..അതാണ് പറയുന്നത് ഇതിനൊന്നും മലയാളി പെണ്ണുങ്ങൾ പോരാ..കൊള്ളുകേല..നീ എന്തോന്നാ അന്ന് വലിച്ച് കേറ്റിയത്..എന്നിട്ട് പോത്തു പോലെ കിടന്നുറങ്ങി. അവള് കുറേ നേരം ശ്രമിച്ചു നീ ഉണരാഞ്ഞത് കൊണ്ട് പിന്നെ…”
“അത് പുതിയതായി വന്ന സ്റ്റ- ഫ് ആണ്. ലേറ്റസ്റ്റ്. ഒരിത്തിരി മതി മുഴുവൻ അടിച്ച് പണ്ടാരമടങ്ങി പോകും “
“നീ ഇത് എന്ന് തുടങ്ങി?”
“അങ്ങനെ ശീലമൊന്നുമില്ല. പുതിയത് വരുമ്പോൾ വിവരം കിട്ടും. നോക്കും അത്ര തന്നെ. ലോകത്ത് ഉള്ള എല്ലാ സുഖവും അറിയണ്ടേ…?” അവൻ ചിരിച്ചു
“എന്നിട്ട് എനിക്ക് എന്താ തരാഞ്ഞത്?”
അവന്റെ മുഖത്ത് പരിഭവം
“നിനക്ക് കണ്ട്രോൾ ഇല്ല. അഡിക്റ്റ് ആയി പോകും. എന്നെ പോലെയല്ല നീ. നിനക്ക് ഡ്രിങ്ക്സ് സി- ഗരറ്റ് ഒക്കെ മതി…ഇല്ലെങ്കിൽ നശിച്ചു പോകുമെടാ നീ..”
“അല്ലെങ്കിൽ പിന്നെ ഞാൻ പുണ്യാളൻ ആണല്ലോ. എനിക്ക് കൂടെ തരാരുന്നു “
“അത് കൊണ്ട് നിനക്ക് ലാഭം ആയില്ലേ? “
ദീപു ഒരു കള്ളച്ചിരി ചിരിച്ചു
“താങ്ക്സ്…നീ ഉറങ്ങി പോയത് നന്നായി “
ദീപു അവന്റെയരികിൽ വന്നു കിടന്നു. പിന്നെ അവന്റെ ചുണ്ടിൽ നിന്ന് സി- ഗരറ്റ് എടുത്തു സ്വന്തം ചുണ്ടിൽ വെച്ചു
“എപ്പോ റിട്ടേൺ?”
“ഇപ്പൊ എത്ര മണിയായി?”
“സന്ധ്യ കഴിഞ്ഞു” അവൻ വാച്ച് നോക്കി
“ഏഴു കഴിഞ്ഞു “
“ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആയിട്ട് വരാം. വിശക്കുന്നു..നീ ഫുഡ് ഓർഡർ ചെയ്യ്. കഴിച്ചിട്ട് തിരിക്കും”
“ഇന്ന് കൂടെ കഴിഞ്ഞു പോരെ?”
ദീപു മടിയോടെ ചോദിച്ചു
“അല്ലട നാളെ ബോർഡ് മീറ്റിംഗ് ഉണ്ട്. പോയെ പറ്റു..”
“അപ്പൊ നീ റെഡി ആയിക്കോ ഞാൻ ഫുഡ് ഓർഡർ ചെയ്യാ”
ദീപു ഫോൺ എടുത്തു. പിന്നെ ബാഗ് പാക് ചെയ്തു അവന്റെയും അർജുന്റെയും. അർജുൻ കുളിച്ചു വന്നു വേഷം മാറുന്നത് അവൻ നോക്കിയിരുന്നു
“യാ മോനെ..എന്നാ ഗ്ലാമർ ആണെടാ നീ. വെറുതെ അല്ല ആ പെണ്ണ് കുറേ നേരം നിന്നേ നോക്കി നിന്നത്..അവൾക്ക് നല്ല നഷ്ടബോധം ഉണ്ടാരുന്നു കേട്ടോ “
അർജുൻ തിരിഞ്ഞു നോക്കി ചിരിച്ചു
“നീ കെട്ടുന്ന പെണ്ണിനെ കുറിച്ച് ഞാൻ വെറുതെ ആലോചിച്ചു നോക്കും..എന്താ അല്ലെ?”
“എന്തോന്ന്. അവളായിരിക്കും ലോകത്തിലെ ഏറ്റവും നിർഭാഗ്യവതിയായ പെണ്ണ്. ഞാൻ ഇങ്ങനെ തന്നെ ആവും. മാറില്ല. ഡിവോഴ്സ് കൺഫേം. അത് കൊണ്ട് ഞാൻ കെട്ടുന്നില്ല. ഇത് മതി..”
അപ്പോഴേക്കും ഫുഡ് വന്നു. അവര് കഴിച്ചിട്ട് ചെക് ഔട്ട് ചെയ്തു
അർജുൻ തന്നെയാണ് കാർ ഓടിച്ചത്
“നീ ഉറങ്ങിക്കോ. എത്തുമ്പോൾ ഞാൻ വിളിക്കാം “
അർജുൻ അവനോട് പറഞ്ഞു
ദീപു കുറച്ചു നേരം അർജുനെ നോക്കിയിരുന്നു. പിന്നെ പുറത്തേക്ക് നോക്കി
“നമ്മൾ ആദ്യമായി കണ്ടത് നിനക്ക് ഓർമ്മ ഉണ്ടോ അർജുൻ?”
അർജുൻ ഒന്ന് മൂളി
“അന്ന് മഴ ഉണ്ടായിരുന്നു. നാലാംക്ലാസിൽ ഞാൻ വേറെ സ്കൂളിൽ നിന്നാ അങ്ങോട്ട് വന്നത്. നിന്റെ അടുത്തായിരുന്നു എന്റെ സീറ്റ്. അല്ല. നീ എന്നെ പിടിച്ചു അടുത്ത് ഇരുത്തി..അന്ന് തൊട്ട് ഇന്ന് വരെ ദേ നിന്റെ അടുത്ത് തന്നെയാ എന്റെ സീറ്റ്.”
അർജുൻ ചെറിയ ചിരിയോടെ അവനെ ഒന്ന് നോക്കി
“നീരജ പറയുന്നത് നിനക്ക് എന്നോട് സ്നേഹം ഇല്ലാന്നാ…വെറുതെ ആണെന്ന്…”
അർജുൻ മിണ്ടിയില്ല
“നിനക്ക് അച്ഛനോടാണ് ഏറ്റവും സ്നേഹം അല്ലേടാ?”
അർജുൻ ഒന്ന് മൂളി
“പിന്നെ ആരോടാ…എന്നോടല്ലേ?”
അർജുൻ ചിരിച്ചു
“പിന്നല്ലാതെ..”
ദീപുവിന് സന്തോഷം ആയി. കാർ ഇരുളിനെ കീറി മുറിച്ച് ഓടികൊണ്ടിരുന്നു
ദീപു ഉറങ്ങി. അർജുൻ അവന്റെ ചോദ്യം വീണ്ടും ഓർത്തു
തനിക്ക് ആരോടെങ്കിലും സ്നേഹം ഉണ്ടോ…അച്ഛനോടല്ലാതെ….അറിയില്ല
ദീപുവിനോപ്പം ചിലവിടുമ്പോൾ ഹാപ്പി ആണ്. അതേ അറിയൂ
സ്നേഹം….എന്താണ് സ്നേഹം?
I love you arjun….എന്നൊരു ശബ്ദം കാതിൽ മുഴങ്ങുന്നു
ഭ്രാന്ത് പോലെ പ്രണയിച്ച ഒരുവൾ. ജീവനെ പോലെ സ്നേഹിച്ചവൾ. ഒരു ദിവസം വന്നു പറയുന്നു
let’s break up….കാരണം അസുഖം ആയിരുന്നത്. ഇനിയും അസുഖം വന്നേക്കുമെന്ന ഭയം. ഒരു ഭ്രാന്തന്റെ കൂടെ എങ്ങനെ വിശ്വസിച്ചു കഴിയുമെന്ന്. അഞ്ചു വർഷം പ്രണയിച്ചു ജീവിച്ചവളാണ്. പൊന്നു പോലെ നോക്കിയവൾ. അവളുടെ മുഖം ഒന്ന് വാടിയാൽ, അവൾക്ക് ഒരു സങ്കടം ഉണ്ടെന്ന് തോന്നിയ, ഒക്കെയും പേടിയാണ്. അത്രക്ക് കരുതി സ്നേഹിച്ച് ഒപ്പം ഉണ്ടായിട്ട്…അവള് പോയി
ആദ്യമൊക്കെ മരവിപ്പ് ആയിരുന്നു. എങ്ങനെ സാധിക്കുന്നു എന്നോർത്തു. ഒന്നിച്ചു പങ്കിട്ട എല്ലാം എങ്ങനെ ഒറ്റ ദിവസം കൊണ്ട് മറന്നു പോകും. പിന്നെ അവളെ കണ്ടു മറ്റൊരുവനൊപ്പം
അന്ന് തീർന്നു. പെണ്ണിനോടുള്ള വിശ്വാസം. പെണ്ണ് ചതിക്കും. ചിരിച്ചു കൊണ്ട് വിഷം തരും. മറ്റൊരുത്തനെ പ്രണയിച്ചു കൊണ്ട് ഇനിയൊരുത്തന്റെ കൂടെ കിടക്കും. പെണ്ണിനോളം വിഷമുള്ള ഒന്നും ഭൂമിയിൽ ഇല്ല. വെറുപ്പാണ് ഇപ്പൊ
ഓരോ പെണ്ണുമായി ചേരുമ്പോഴും അതേ വെറുപ്പിലൂടെ തന്നെ ആണ് കടന്നു പോകുക. സ്നേഹമല്ല പെണ്ണുടലിനോട്. അത് ഒരു യന്ത്രം മാത്രം. വികാരം ശമിപ്പിക്കാനുള്ള ഒരു ഉപകരണം. അത് മാത്രം ആണ് ഇന്ന് തനിക്ക് പെണ്ണ്. ഇനിയങ്ങോട്ടും
അവൻ കാറിന്റെ വേഗത കൂട്ടി
ദീപുവിനെ അവൻ വീട്ടിൽ വിട്ടില്ല
അവന്റെ ഫ്ലാറ്റിലേക്ക് കൊണ്ട് പോയി
“എടാ എണീൽക്ക്. എത്തി “
അർജുൻ കാർ പാർക്ക് ചെയ്തു
“ഇതെവിടെയാ അധോലോകമാണോ”
ചുറ്റും കാർ പാർക്ക് ചെയ്തിട്ടിരിക്കുന്നത് കണ്ട് ദീപു കണ്ണ് മിഴിച്ചു
“അർദ്ധരാത്രിയിൽ ചളി അടിക്കാതെ ഇറങ്ങി വാടാ നാറി “
ദീപുവിന് ബോധം വന്നു
“നിന്റെ ഫ്ലാറ്റ്..”
അവൻ ചിരിച്ചു
“അർദ്ധരാത്രി പിന്നെ നിന്റെ ഭാര്യേ കൂടെ ഉണർത്തി ബുദ്ധിമുട്ടിക്കണ്ടല്ലോ..രാവിലെ പോകാം “
“ആ അത് മതി അവള് വീട്ടിൽ പോയിന്ന് മെസ്സേജ് ഉണ്ടാര്ന്നു..അവിടെ ഇല്ല “
“അപ്പൊ ഇത് നന്നായി കം “
അവർ അർജുന്റെ ഫ്ലാറ്റിലേക്ക് പോയി. ദീപു ചെന്ന പാടെ കിടന്നുറങ്ങി
അർജുൻ പിറ്റേന്നുള്ള ബോർഡ് മീറ്റിംഗിന്റെ നോട്സ് തയ്യാറാക്കി കൊണ്ട് ഇരുന്നു
ഹോസ്പിറ്റൽ
ഹോസ്പിറ്റലിൽ മുറിയിൽ മനുവിനോപ്പം ഗൗരി ഉണ്ടായിരുന്നത് കൊണ്ട് അവൾ പതിവ് പോലെ ക്യാന്റീനിൽ പോയി
“ചേട്ടാ “
അനിയുടെ അടുത്ത് ചെന്നു അവൾ
“ഞാൻ ഇന്ന് കൂടെ ഓർത്തെയുള്ളു. മോളെ കണ്ടിട്ട് കുറേ ആയല്ലോന്ന് “
“എന്റെ പോന്നു ചേട്ടാ അങ്ങനെ മാത്രമോർക്കല്ലേ. ഇത് ആശുപത്രി ആണേ.”
അയാൾ ചിരിച്ചു പോയി
“ചേട്ടന്റെ നമ്പർ തയോ. ഞാൻ ഇടക്ക് വിളിക്കാം “
അവൾ ദുഃഖം ഒക്കെ മാറി സന്തോഷവതിയായത് കണ്ട് അയാൾക്കും സന്തോഷം തോന്നി
“മോള് പഠിക്കുവാണോ?”
“അതേല്ലോ മെഡിസിന്.. “
“അച്ചോടാ ഡോക്ടർ ആവാൻ പഠിക്കുന്ന കുഞ്ഞാണോ ഇത്?”
അവൾ ചിരിച്ചു
“ഒരു ലുക്ക് ഇല്ലന്നേയുള്ളൂ. വരും. look വരും “
അയാൾ പൊട്ടിപ്പൊട്ടി ചിരിച്ചു
“പഠിച്ചിട്ട് ഇവിടെ പോരെ. ജോലിക്കെ “
“അതൊക്കെ ദൈവം തീരുമാനിക്കുന്നത് പോലെ “
അവൾ കുറച്ചു നേരം കൂടെ സംസാരിച്ചിരുന്നു. കണ്ണീരിൽ ഉരുകി തീർന്ന ഒരു കാലത്ത് സാന്ത്വനം ആയി വന്ന മനുഷ്യൻ ആണ്. ദാഹിച്ചു വലഞ്ഞ സമയം വെള്ളം തന്ന മനുഷ്യൻ. വിശന്നപ്പോ ആഹാരം തന്ന മനുഷ്യൻ. മറക്കില്ല കൃഷ്ണ മരണം വരെ
അവൾ സ്നേഹത്തോടെയും നന്ദിയോടെയും അയാളെ നോക്കികൊണ്ട് അവിടേ ഇരുന്നു
തിരിച്ചു വരുമ്പോൾ ഓർത്തു ഡോക്ടർ കാണുമോ മുറിയിൽ?
ആ രാക്ഷസൻ ഉണ്ടാകുമോ?
ഉണ്ടെങ്കിൽ വല്ലോം പറയും. അവളുടെ മനസ്സിടിഞ്ഞു. ഡോക്ടറുടെ മുറിയിൽ പോയി നോക്കിയാലോ
ആദ്യം അർജുൻ സാറിന്റെ മുറിയിൽ നോക്കാം. അങ്ങേര് ഇല്ലെങ്കിൽ ധൈര്യമായി പോകാം
ഏഴാം നിലയിലാണ് അർജുന്റെയും ജയറാമിന്റെയും മുറി. ആ നിലയിൽ തന്നെ ആണ് ഇക്കുറി മനുവിന് മുറി കിട്ടിയതും
അവൾ അർജുന്റെ മുറിയുടെ മുന്നിൽ വന്നു. മുറി അടഞ്ഞു കിടക്കുകയാണ്. അവൾ ഗ്ലാസ്സിലൂടെ അകത്തേക്ക് നോക്കി
ഇല്ല
ഹോ ആശ്വാസം. ഇനി ഡോക്ടർ അങ്കിളിനെ കാണാൻ പോകാം
അവൾ തിരിഞ്ഞതും അർജുൻ. ഒറ്റ നിമിഷം കൊണ്ട് മുഖത്തെ രക്തമയം വറ്റി
“ഉം?” അവൻ ചോദിച്ചു
അവൾ ഒന്നുമില്ല എന്ന് തലയാട്ടി
“പിന്നെ എന്തിനാ നീ അവിടെ എത്തി നോക്കിയത്?”
അവന്റെ സ്വരം പരുക്കനായി
“ഡോക്ടർ അങ്കിൾ…അവിടെ….ഉണ്ടോന്ന് “
“അച്ഛന്റെ മുറി അവിടെയല്ലേ?”
അവളെ വിയർത്തു
“സത്യം പറ നീ എന്തിനാ ഇവിടെ ചുറ്റി പറ്റി നടക്കുന്നത്?”
അവളുടെ കണ്ണ് നിറഞ്ഞു പോയി
“സത്യായിട്ടും അങ്കിളിനെ കാണാൻ വന്നതാ. അർജുൻ സർ കണ്ടാൽ വഴക്ക് പറയുന്നു പേടിച്ചിട്ട് നോക്കിപ്പോയതാ ഇവിടെ ഉണ്ടെങ്കിൽ തിരിച്ച് പോകാന്നു കരുതി..അല്ലാതൊന്നുല്ല “
അർജുൻ അൽപനേരം നോക്കി നിന്നു
“പൊയ്ക്കോ അച്ഛൻ മുറിയിൽ ഉണ്ട്. ഇനി അവിടെ ചെന്നു കരഞ്ഞു ഓരോന്ന് പറയണ്ട.”
അവൾ കണ്ണീർ തുടച്ചു. അർജുൻ അവളെ തന്നെ നോക്കി നിന്നു
അറിയാതെ സംഭവിച്ചു പോയതായിരുന്നു അത്. അവൾ പെട്ടെന്ന് മുഖം ഉയർത്തിയപ്പോ അവൻ നോട്ടം മാറ്റി
“പൊയ്ക്കോ “
അവൾ അങ്ങോട്ടേക്ക് നടന്ന് പോയി. അവൻ മുറിയിലേക്കും
“may I come in?”
അർജുൻ വാതിൽക്കലേക്ക് നോക്കി. ഡോക്ടർ ആരിഫ്
“വാ “
അയാൾ അങ്ങോട്ടേക്ക് വന്നു
“ഇരിക്ക് “
ആരിഫ് ഇരുന്നു
“എന്താ ആരിഫ്?”
“അർജുൻ സർ. നമ്മുടെ ഹോസ്പിറ്റലിൽ ഒരു പാട് റിക്വസ്റ്റ് വരുന്ന ഒരു മേഖലയുണ്ട്. സാറിന് അത് അറിയാമോന്ന് അറിയില്ല. കിഡ്നി ട്രാൻസ്‌പ്ലന്റേഷൻ. കുറെയധികം requirements ഉണ്ട്. നമുക്ക് രണ്ടു നേഫ്രോളജിസ്റ്റ് ഉണ്ട്. നമ്മുടെ ആ ഡിപ്പാർട്മെന്റ് വളരെ സ്ട്രോങ്ങ് ആണ് താനും. പക്ഷെ മറ്റ് ഹോസ്പിറ്റലിൽ ചെയ്യുന്ന പോലെ നമ്മൾ അത് കുറച്ചു ആക്റ്റീവ് ആയിട്ട് കൊണ്ട് പോയാൽ പ്രോഫിറ്റ് ഇതിന്റെ പത്തിരട്ടി ആണ് “
അർജുൻ ഒരു സി- ഗരറ്റ് ചുണ്ടിൽ വെച്ചു കത്തിച്ച് പുക വിട്ടു
“ഹോസ്പിറ്റലാണ് അർജുൻ സർ. പുകവലി ഇവിടെ പാടില്ലാത്തതാണ്”
“എന്റെ ഹോസ്പിറ്റലിൽ എന്റെ മുറിയിൽ എനിക്ക് വലിക്കാം..അത് വിട്. താൻ പറഞ്ഞു വന്നതെനിക്ക് മനസിലായി. ബ്രെയിൻ ഡെത്ത് സംഭവിച്ചവരുടെ കിഡ്നി ലിവർ കച്ചവടം അല്ലെ?”
“അതേ “
“അതിന് വേണ്ടി ഡെത് ആകാത്തവരുടെ ഡെത് കൺഫേം ആക്കാം എന്നും കൂടിയല്ലേ?”
“അങ്ങനെ അല്ല. ഇനി ലൈഫില്ല എന്ന് തോന്നുന്നവരുടെ…ഒരു വെജിറ്റബിൾ ആയി വീട്ടുകാർക്ക് ബുദ്ധിമുട്ട് ആയി മാറും എന്ന് ഉറപ്പുള്ളവരുടെ ഡെത് കൺഫേം ആക്കാം. മേഴ്‌സി കില്ലിംഗ് പോലെ.”
അർജുൻ ഒന്നാലോചിച്ചു
“ആലോചിച്ചു നോക്കട്ടെ..നല്ല ഐഡിയ ആണ്.”
ആരിഫിന്റെ മുഖം തെളിഞ്ഞു
“പോട്ടെ സർ “
“ആയിക്കോട്ടെ,
അവൻ തലയാട്ടി. പിന്നെ വെറുതെ ആലോചിച്ചു നോക്കി..ഒരാളുടെ ഓർഗൻസ്..എല്ലാം കൂടി ഒരു കോടിക്ക് മുകളിൽ..പിന്നെ ഓപ്പറേഷൻ ചാർജ് മുറി വാടക
മെഡിസിൻ. വില പിന്നെയും കൂടും..കൊള്ളാം നല്ല ബിസിനസ് ആണ്. അച്ഛന്റെ ഡിപ്പാർട്മെന്റ് അല്ല. ഭാഗ്യം. ആയിരുന്നു എങ്കിൽ ചിന്തിക്കേണ്ട. പക്ഷെ കൂടുതൽ ചർച്ചകൾ വേണം. പഠിക്കണം. വെറുതെ എടുത്തു ചാടി കുഴപ്പം വരുത്തി വെയ്ക്കണ്ട
അവൻ സി- ഗരറ്റ് ആഷ്ട്രെയിൽ കുത്തി കെടുത്തി
അച്ഛന്റെ മുറിയിൽ നിന്ന് കൃഷ്ണ നടന്ന് പോകുന്നത് അവൻ കണ്ടു
അവളുടെ ചേട്ടൻ കിടക്കുന്ന മുറി ഇവിടെ ആണെന്ന് അവന് തോന്നി
അവൻ സി സി ടി വി ദൃശ്യങ്ങൾ നോക്കി
കൃഷ്ണ നടന്ന് ഒരു മുറിയുടെ വാതിലിന്റ മുന്നിൽ എത്തി. വാതിൽ തുറന്നു മറ്റൊരു പെൺകുട്ടി പുറത്തേക്ക് വന്നു
എന്തോ സംസാരിച്ചിട്ട് അവൾ നടന്നു പോയി. കൃഷ്ണ മുറിയിലേക്കും
ഇവളുടെ ചേട്ടൻ permament cure ആകില്ലേ?
ഇവിടെ അല്ലായിരുന്നു എങ്കിൽ ഇവൻ ചത്തു പോയേനെ. അച്ഛന്റെ ട്രീറ്റ്മെന്റ് ആയത് കൊണ്ട് മാത്രം ആണ് ഇങ്ങനെ…
ഇനിയെത്ര തവണ വരുമായിരിക്കും?വന്നോട്ടെ
തനിക്ക് എന്താ?
അച്ഛൻ ഹാപ്പി ആയാൽ മാത്രം മതി. ഇനി താൻ ആ വിഷയത്തിൽ ഇടപെടില്ല
എന്തെങ്കിലും ആയി പോട്ടെ…
തുടരും….