ധ്രുവം, അധ്യായം 23 – എഴുത്ത്: അമ്മു സന്തോഷ്

സർക്കിൾ ഇൻസ്‌പെക്ടർ എബ്രഹാം ജോൺ വിളിക്കുന്നു എന്ന് പറഞ്ഞപ്പോൾ എ എസ് ഐ അരവിന്ദൻ മുറിയിലേക്ക് ചെന്നു

“ആ അരവിന്ദ്വേട്ടാ ഒരു ഇഷ്യൂ ചോദിക്കാനാണ് “

“എന്താ സാറെ?”

“മാധവം മെഡിക്കൽ കോളേജിന്റെ ചെയർമാൻ അർജുൻ ജയറാമിനെ അറിയാമോ. ഞാൻ ഇവിടെ പുതിയയായത് കൊണ്ടാണ് “

അരവിന്ദിന്റെ മുഖത്ത് ഭാവപകർച്ച വന്നു

“അറിയാം സാറെ “

“എങ്ങനെ അറിയാം?”

“അർജുൻ സാറിനെ അറിയാത്തവർ ഈ സിറ്റിയിൽ കാണില്ല സാറെ. എങ്ങനെ അറിയാം എന്ന് ചോദിച്ചാൽ. ഒന്ന് മാധവത്തിന്റെ  ചെയർമാൻ, പിന്നെ ആള് വെടിപ്പല്ല. സ്വന്തം ആയിട്ട് കൊട്ടേഷൻ ടീം ഒക്കെ ഉണ്ട്.”

“അവൻ കൊ-ലപാതകം ചെയ്തിട്ടുണ്ടോ? മ-ർഡർ?”

അരവിന്ദന്റെ മുഖം ഭീതിയിൽ കുതിർന്ന് പോയി

” അത് വ്യക്തമല്ല സാറെ. ഉണ്ടാകും പക്ഷെ വേറെ ഒരു സംഭവം ഉണ്ട് ഇവരുടെ ആശുപത്രിയിൽ ഒരു പ്രശ്നം ഉണ്ടായി. അടിപിടി നടക്കുന്നതിനിടയിൽ ഒരടി ഇദ്ദേഹത്തിന്റെ അച്ഛന് കൊണ്ടു. അച്ഛൻ ഡോക്ടർ ആണ് ഒരു പാവം മനുഷ്യൻ. അന്ന് രാത്രി അവനെ പബ്ലിക് ആയിട്ട് കൈ വെട്ടി. പക്ഷെ കണ്ടവരാരും സാക്ഷി പറഞ്ഞില്ല. തിരുവനന്തപുരം നഗരത്തിൽ ഇട്ട് ആണ് വെട്ടിയതെന്നോർക്കണം. ഒരാള് പോലും അത് മൊബൈലിൽ പകർത്തിയുമില്ല സാക്ഷി പറഞ്ഞുമില്ല. അങ്ങനെ ഉണ്ടായാൽ പിറ്റേന്ന് അവനെയും തീർക്കും. അവൻ രക്ഷപെട്ടു പോരും സാറെ. മെന്റൽ പ്രോബ്ലം ഉള്ളവനാണ്. ആ ഒരു ക്ലോസിൽ അവനെ കോടതി പോലും ശിക്ഷിക്കില്ല “

“അങ്ങനെ പ്രോബ്ലം ഉള്ളവൻ എങ്ങനെയാണ് ബിസിനസ് നടത്തുന്നത്?”

“ഇപ്പൊ ഇല്ല. പക്ഷെ വന്നിട്ടുണ്ട്. പത്തു വർഷം മുൻപ്..ആ ഒറ്റ സർട്ടിഫിക്കറ്റ് മതി അവന് ഏത് ക്രൈം ചെയ്തിട്ടും ഊരിപോരാൻ. പിന്നെ കോടികൾ ഉണ്ട് സാറെ..കാശ് എറിഞ്ഞു കളിക്കും.”

“ഫാമിലി ഒന്നുല്ലേ”

“ഇല്ല. എന്തിനാ ഫാമിലി..? ഭയങ്കര സുന്ദരനല്ലേ ഏത് പെണ്ണാ വീഴാത്തത്? പെൺ വിഷയം ഇത് വരെ കേട്ടിട്ടില്ല. പക്ഷെ കാണും. ഉറപ്പാ. എന്താ സാറെ ഇപ്പൊ ഇത് ചോദിക്കാൻ “

സർക്കിൾ കാര്യം പറഞ്ഞു

“അവനെ ഇപ്പൊ വിട്ടെങ്കിൽ പിന്നെ സൗകര്യം പോലെ അർജുൻ അവനെ തീർക്കും. ഉറപ്പാ സാറെ അത്. ഇതിൽ ശരിക്കും ഉള്ള പ്രശ്നം എന്താ?”

“ഏതോ പെണ്ണിനെ മറ്റവൻ കേറി പിടിച്ചു ന്നൊ ആ പെണ്ണ് ആ- ത്മഹത്യ ക്ക് ശ്രമിച്ചെന്നോ അതിവൻ സ്പോൺസർ ചെയ്യുന്ന കൊച്ചായിരുന്നു പോലും. ആ വഴി പരാതി ഒന്നും വന്നിട്ടില്ല. ഇതിപ്പോ എം എൽ എ വിഷയമാണല്ലോ ചേട്ടാ, അങ്ങേര് എനിക്ക് സ്വൈര്യം തരുന്നില്ല. എഫ് ഐ ആറിൽ അവനെതിരെ എഴുതിയ എന്നെ പള്ളിലോട്ട് എടുക്കുമെന്ന് അവൻ “

“അവൻ പറഞ്ഞിട്ടുണ്ടെങ്കിൽ ചെയ്യും സാറെ ഉറപ്പാ. കൊ- ല്ലാനൊന്നും മടിയില്ല. എന്തിനും പോന്ന കുറേ കൂട്ടുകാരും ഗുണ്ടകളും ഉണ്ട്. അല്ല അവന് അതൊന്നും വേണ്ട. അന്ന് ഒറ്റ വെട്ടിനാ കൈ അറ്റു പോയത് ബാക്കിയുള്ള മുഴുവൻ പേരും ചുറ്റും നിന്നേയുള്ളു. സർ ഇത് തല്ക്കാലം അയാളെ പറഞ്ഞു മനസിലാക്കു. കേസിനു പോയ ചെറുക്കനും ചാകും. സാറിന്റെ കാര്യവും തീരുമാനം ആകും. ഭ്രാന്തൻ ചെക്കനാ സാറെ അത് “

എബ്രഹാം മാത്യു വെട്ടിലായി

“എന്റെ കർത്താവെ ആ ഇടുക്കിയിൽ തന്നെ ഇരുന്നാ മതിയായിരുന്നു “

“ഇനിപ്പോ പറഞ്ഞിട്ടെന്താ വന്ന് പോയില്ലേ?”

അരവിന്ദൻ പോയി. എബ്രഹാം മാത്യു ഫോൺ എടുത്തു. മറുതലയ്ക്കൽ എം എൽ എ സനൽ ആയിരുന്നു

“ഒന്ന് കാണണം സർ “

“പോര് ഞാൻ വീട്ടിൽ ഉണ്ട് “

അയാൾ ഇറങ്ങി. ഇതിപ്പോ താനാണ് കുഴപ്പത്തിൽ പെട്ടിരിക്കുന്നത്. രണ്ടു മക്കൾ ഉണ്ട് ഒന്നും ആയിട്ടില്ല. ഇതിന്റെ ഒക്കെ പുറകെ നടന്ന തന്നെ അവൻ പറഞ്ഞ പോലെ പള്ളിയിലോട്ട് എടുക്കാം

സനൽ കുമാർ സർക്കിളിനോട് ഇരിക്കാൻ പറഞ്ഞു

“എന്തായി?”

“കേസ്‌ എടുക്കാൻ ബുദ്ധിമുട്ട് ആണ് സർ. കേസ്‌ എടുത്താൽ മോനെതിരെയും എടുക്കേണ്ടി വരും. പിന്നെ ഡോക്ടർ എന്നൊന്ന് ഓർക്കേണ്ട..മറ്റേ വശത്ത് അർജുൻ ആണ്. സാറിന് അർജുനെ അറിയാമോ?”

“അർജുനൻ ആണെങ്കിലും കൃഷ്ണൻ ആണെങ്കിലും എന്റെ മോനെ ചവിട്ടി കൂട്ടിയവനെ കൊ-ല്ലും ഞാൻ. നിയമത്തിനു പറ്റില്ലെങ്കിൽ എനിക്ക് പറ്റും. ഒരു ജനപ്രതിനിധി അല്ലെ എന്ന് വെച്ചാ നിയമത്തിന്റെ വഴി നോക്കിയത്. അത് പറ്റില്ലെങ്കിൽ എന്റെ വഴി നോക്കിക്കൊള്ളാം “

“സർ അവനെ കുറിച്ച് ഒരു തവണ കൂടി അന്വേഷിച്ചു നോക്കിട്ട് ഇറങ്ങണമെന്നേ എനിക്ക് പറയാനുള്ളു “

“ഓ ശരി “

എബ്രഹാം മാത്യു അവിടെ നിന്നിറങ്ങി. ഇനി ഇങ്ങേരുടെ കൊ- ലപാതകം ഞാൻ അന്വേഷിക്കേണ്ടി വരുമോ കർത്താവെ. അതിന് മുന്നേ എന്നെ എങ്ങോട്ടെങ്കിലും സ്ഥലം മാറ്റണെ. അയാൾ കുരിശ് വരച്ചു പ്രാർത്ഥിച്ചു

കൃഷ്ണ പ്രഭാതഭക്ഷണം കഴിഞ്ഞു മുറ്റത്തു ഇറങ്ങി..

ധാരാളം ചെടികൾ ഉണ്ട്..പലതരത്തിൽ ഉള്ള റോസാ ചെടികൾ. മുല്ല. ആന്തൂറിയം

അവൾ ഓരോന്നും തൊട്ട് നോക്കി. ഫോൺ ശബ്ദിച്ചപ്പോൾ അവൾ എടുത്തു നോക്കി

“ഇങ്ങോട്ട് വാ “

അർജുൻ…അവൾക്ക് ചിരി വന്നു

അവൻ ജനാലക്കൽ നിന്ന് വരാൻ കാണിച്ചു. കൃഷ്ണ ഗേറ്റ് കടന്നു

അർജുൻ പൂമുഖത് വന്നു നിന്നു

“വിളിച്ചാലെ വരൂ?”

“ഞാൻ നോക്കി. കണ്ടില്ല. അങ്കിൾ എവിടെ?”

“കുളിക്കുന്നു “

അവൾ അകത്തു കയറി സെറ്റിയിൽ ഇരുന്നു

“പനി മാറിയോ?”

അവൾ മൂളി. അവൻ ഒന്ന് തൊട്ടു നോക്കി

“നാളെ കോളേജിൽ പോകുന്നോ?”

“പോകണം..”

“yes പോകണം..ഒന്നും ശ്രദ്ധിക്കേണ്ട പഠിച്ചിട്ട് പോരെ..നാളെ ഇങ്ങോട്ട് വരുമോ നീ”

“ഇല്ല വീട്ടിൽ പോം “

“ഞാൻ വന്ന് കൊണ്ട് പോരാം “

“ബെസ്റ്റ്. ദൃശ്യ ഇടക്ക് ചോദിക്കുന്നുണ്ട് ഓരോന്ന്. വേണ്ട ഞാൻ ബസിൽ പൊക്കോളാം “

“അവളെന്താ ചോദിച്ചേ?”

“വല്ല പ്രേമം ആണോന്ന് ” കൃഷ്ണ ചിരിച്ചു

“നീ എന്ത് പറഞ്ഞു “

“ഇല്ലാന്ന്..എന്ത് കണ്ടാലും മനുഷ്യർക്ക് ഒരു പ്രേമം. വന്ന് വന്ന് മനുഷ്യൻ മാരെ സ്നേഹിക്കാൻ പറ്റാതായി ഉടനെ പറയും പ്രേമം ആണെന്ന് “

അർജുൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു. ഒരു പതർച്ച ഉണ്ട് കണ്ണിൽ. അവന്റെ കണ്ണുകളുമായി കൂട്ടിമുട്ടിയപ്പോൾ പെട്ടെന്ന് അവൾ നിശബ്ദയായി. ചെമ്പൻ കണ്ണുകൾ. കില്ലിംഗ് ഐസ്

“ചെമ്പൻ കൃഷ്ണമണികൾ ഉള്ളവരെ വിശ്വസിക്കാൻ പാടില്ലന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് “

“ഓഹോ എവിടെ ആണാവോ?”

അവൾ ആലോചിച്ചു

“ഏതോ ബുക്കിലാ. അർജുൻ സാറിന് ബ്രൗൺ ഐസ് ആണ് “

അവൻ ചിരിച്ചു

“നീ എന്നെ വിശ്വസിക്കേണ്ട തീർന്നില്ലേ?”

അവൾ പെട്ടെന്ന് ഒരു സങ്കടം വന്ന പോലെ നോക്കി

“വിശ്വാസവും സ്നേഹവും ഒന്ന് തന്നെയാ “

“അപ്പോൾ സ്നേഹവും വേണ്ട “

അവൾ കുനിഞ്ഞിരുന്നു

“ശര്യാ..എന്റെ സ്നേഹം എന്തിനാ?.. ഓട്ട പാത്രത്തിലെ വെള്ളം പോലെ..”

അവൻ പെട്ടെന്ന് തമാശ കളഞ്ഞു

“എടി ഞാൻ വെറുതെ പറഞ്ഞതാണ് “

അച്ഛൻ വന്നപ്പോൾ അവൻ അത് നിർത്തി

“മിടുക്കിയായല്ലോ..നാളെ മുതൽ പോകണ്ടേ?”

“ആം പോകും “

“എന്ത് വന്നാലും ഇങ്ങനെ ഒന്ന് ഇനി ആലോചിച്ചു പോകരുത് കേട്ടല്ലോ “

അവൾ തലയാട്ടി

“ഞാൻ ഹോസ്പിറ്റലിൽ പോയിട്ട് വരാം. അർജുൻ വരുന്നില്ലേ?”

കൃഷ്ണ പതിയെ എഴുന്നേറ്റു

“ഞാൻ പോട്ടെ അങ്കിളേ “

“ശരി മോളെ. വൈകുന്നേരം കാണാട്ടോ “

അവൾ ഇറങ്ങി. അർജുൻ ആ പോക്ക് നോക്കി നിന്നു

സങ്കടം ഉണ്ട്. ശേ…വേണ്ടായിരുന്നു

ഒന്നാമത് വാടി ഇപ്പൊ താഴെ വീഴും എന്ന് തോന്നിക്കും..

“നീ വരുന്നില്ലേ?”

“ഇല്ല..ഞാൻ വരുന്നില്ല “

അവൻ അവൾ പോയ ഇടത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. ജയറാമിന്റെ കാർ കടന്നു പോയപ്പോൾ അവൻ അപ്പുറത്തേക്ക് ചെന്നു

കൃഷ്ണ ദൃശ്യയ്ക്ക് ഒപ്പം ഒരു റെക്കോർഡ് എഴുതി ഉണ്ടാക്കുകയായിരുന്നു. ബാക്കിയുള്ളവർ ഒരു കല്യാണത്തിന് പോയി

“കൃഷ്ണ അപ്പുറത്തോട്ട് വാ ” അവൻ ചെന്ന ഉടനെ പറഞ്ഞു

“അവള് വരുന്നില്ല. അർജുൻ ചേട്ടൻ അവള് പഠിക്കുന്നത് കണ്ടില്ലേ?”

“ഒരു പത്തു മിനിറ്റ് ഒരു കാര്യം പറഞ്ഞിട്ട് വിട്ടേക്കാം “

“ഇവിടെ നിന്ന് പറഞ്ഞ മതി “ദൃശ്യ തീർത്തു പറഞ്ഞു

കൃഷ്ണ ധർമ സങ്കടത്തിൽ ആയി

“അത് നീയാണോ തീരുമാനിക്കുന്നത്. വാടി “

“അർജുൻ ചേട്ടാ. ചേട്ടന് ഒരു പാട് പെണ്ണുങ്ങളുമായിട്ട് ബന്ധം ഉണ്ട്. ഉണ്ടായിട്ടുണ്ട് ഇപ്പോഴും ഉണ്ട് കാശുമുണ്ട്. ഇവളെ നശിപ്പിക്കരുത്..ഇവളെ കൊണ്ട് നടന്ന് കാര്യം സാധിച്ചിട്ട്….”

പൂർത്തിയാക്കിയില്ല ദൃശ്യ. മുഖമടച്ചു കൊണ്ട് ഒരടി വീണു. ദൃശ്യയ്ക്ക് തല കറങ്ങി

“എന്താ നീ പറഞ്ഞത്? ഇവളെ കൊണ്ട് നടന്ന് ഞാൻ…എനിക്ക് എന്തിനാടി ഇവള്? നിന്നേ ഞാൻ തൊട്ടിട്ടുണ്ടോ കൃഷ്ണ?”

കൃഷ്ണ ഭയന്നു നിൽക്കുകയായിരുന്നു. അവൾ ഇല്ല എന്ന് തലയാട്ടി

“പ്രേമമാണെന്ന് പറഞ്ഞിട്ടുണ്ടോ “

“ഇല്ല “

“നിന്നേ കെട്ടിക്കോളാം എന്ന്?”

“ഇല്ല “

“കേട്ടോ നീ…ഇവളെ കൊണ്ട് നടന്ന് ഞാൻ..ഇവളോട് എനിക്ക് സഹതാപം മാത്രം ആണ്. വെറും സഹതാപം..കാര്യം സാധിക്കാൻ കൊണ്ട് നടക്കുന്നെന്ന്. ഞാൻ നിന്റെ ചേട്ടൻ അല്ലേടി..?”

അവന്റെ കൈ ഒന്നുടെ ഉയർന്നു. കൃഷ്ണ ആ കയ്യിൽ പെട്ടെന്ന് പിടിച്ചു

“അർജുൻ സർ വേണ്ട…സർ പൊ പ്ലീസ്..”

“നീ വരുന്നോ ഇല്ലയോ “

“ഇല്ല “

“ഇനി നീ വന്നേക്കരുത് എന്റെ മുന്നിൽ “

കൃഷ്ണ പെട്ടെന്ന് നെഞ്ചു പൊത്തി പിന്നോട്ട് ഭിത്തിയിൽ ചാഞ്ഞു

“വരില്ല ” അവൾ സങ്കടത്തിൽ പറഞ്ഞു

“ഇനി നിന്റെ ജീവിതത്തിൽ ഞാൻ ഇല്ല..ഒരിക്കലും “

അർജുൻ ഇറങ്ങി പോയി. കൃഷ്ണ സർവ്വം തകർന്നു പോയ പോലെ അങ്ങനെ നിന്നു

ഇവളോട് എനിക്ക് സഹതാപം മാത്രം ആണ്. സഹതാപം മാത്രം. ആ വാചകങ്ങൾ അവളെ തകർത്തു കളഞ്ഞു. അവൾ കണ്ണീരോടെ നിലത്തിരുന്നു

ദൃശ്യ അവളുടെ വേദന ഒക്കെ മറന്ന് കൃഷ്ണയേ ചേർത്ത് പിടിച്ചു

“എന്നോട് സഹതാപം ആണ് എന്ന്. നിനക്കും അങ്ങനെയാണോ ദൃശ്യ? കാശില്ലാത്തവളോട് തോന്നുന്ന സഹതാപം?”

ദൃശ്യ പൊട്ടിക്കരഞ്ഞു കൊണ്ട് അവളെ കെട്ടിപിടിച്ചു. രണ്ടു പേരും കുറേ നേരം അങ്ങനെ ഇരുന്നു

കൃഷ്ണ പോയി കിടന്നു

ഇപ്പോഴെങ്കിലും പറഞ്ഞല്ലോ അത്..സഹതാപം ആണെന്ന്. മതി..അല്ലെങ്കിലും കൂടുതൽ ആഗ്രഹിച്ചില്ല മനസ്സ്. സ്നേഹം മതി. പക്ഷെ അതുമില്ല. ദരിദ്രയായി പോയ ഒരുവളോട് തോന്നിയ സഹതാപം മാത്രം

അവൾക്ക് നെഞ്ച് പൊട്ടി പോകുന്ന പോലെ തോന്നി

അർജുൻ ഒരു സി-ഗരറ്റ് എടുത്തു കത്തിച്ചു. പറഞ്ഞത് കൂടി പോയി. അവനത് അറിയാം.

സഹതാപം മാത്രം ആണോ തനിക്ക് അവളോട്. വെറും സഹതാപം? എന്തിനാ അർജുൻ നീ നിന്റെ മനസ്സിനെ കളിപ്പിക്കുന്നത്? എന്തിനാ നീ കള്ളം പറഞ്ഞത്? ഇനി ഒരിക്കലും മുന്നിൽ വരരുത് എന്ന് ആക്രോശിച്ചത്? ഞാൻ നിന്റെ ജീവിതത്തിൽ ഇല്ല എന്ന് അലറിയത്? അവൾ തകർന്നു പോയത് നീ കണ്ടില്ലേ?

ഒന്നാമത് മനസ്സ് തകർന്നു പോയ ഒരു പെണ്ണാണ്. നീ എന്ത് ദുഷ്ടൻ ആണ്. അവന്റെ മനസാക്ഷി അവനെ കുറ്റപ്പെടുത്തി കൊണ്ടേയിരുന്നു

മണിക്കൂറുകൾ കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു
ഒന്ന് കാണണം..

പറ്റുന്നില്ല. അവൻ ഫോൺ എടുത്തു. കൃഷ്ണ അവന്റെ കാൾ വരുന്നത് കണ്ട് മൊബൈൽ ഓഫ്‌ ചെയ്തു

പിന്നെ ദൃശ്യയ്ക്ക് അരികിൽ ചെന്നു

“ഞാൻ വീട്ടിൽ പോവാ മോളെ. ഞാൻ ഇവിടെ നിന്നത് കൊണ്ട് നിനക്ക് സങ്കടം ആയി..അർജുൻ സർ അടിച്ചു. ഞാൻ മാപ്പ് ചോദിക്കുന്നു. ക്ഷമിക്ക്. ഞാൻ പോട്ടെ. ഇനി നിന്നാ ശരിയാവില്ല “

“മോളെ അങ്ങനെ ഒന്നും പറയല്ലേ. ഞാൻ ഒരു വൃത്തികേട് പറഞ്ഞു എന്നെ തല്ലി എന്റെ ചേട്ടൻ തന്നെ അല്ലെ കുഴപ്പമില്ല. ഇത് ആദ്യമൊന്നുമല്ല ഇഷ്ടം പോലെ കൊണ്ടിട്ടുണ്ട് കൊടുത്തിട്ടുമുണ്ട്. അത് ഓർക്കേണ്ട. ഇന്ന് പോകണ്ട. ഒന്നാമത് നിനക്ക് വയ്യ.”

കൃഷ്ണ അവളെ ചേർത്ത് പിടിച്ചു

“പോകണം…കൃഷ്ണ എന്താണ് എന്ന് ഓർമ്മിപ്പിക്കുന്നിടത്തേക്ക്…”

അവൾ കണ്ണീരിൽ ചിരിച്ചു

“ഇറങ്ങട്ടെ “

ദൃശ്യ സങ്കടത്തിൽ അത് നോക്കി നിന്നു. അർജുൻ അതറിഞ്ഞതുമില്ല. അവൻ വീണ്ടും ശ്രമിച്ചു നോക്കി

സ്വിച്ച് ഓഫ്‌. കുറച്ചു കഴിഞ്ഞു അവൻ ദൃശ്യയെ വിളിച്ചു

“കൃഷ്ണ എവിടെ?”

ദൃശ്യ ഒരു നിമിഷം മിണ്ടാതെ നിന്നു

“അർജുൻ ചേട്ടാ ഐ ആം സോറി..”

“കൃഷ്ണ എവിടെ?”

“അവള് പോയി..വീട്ടിൽ പോയി..”

അവൻ അങ്ങനെ ഇരുന്നു പോയി. വയ്യാത്തവളാണ്. മനസും ശരീരവും തളർന്നു പോയവൾ. താനാണ് കാരണം

“എപ്പോ പോയി?”

“ഇപ്പൊ വീട്ടിൽ എത്തി കാണും..കുറേ കരഞ്ഞു. അർജുൻ ചേട്ടൻ എന്തിനാ അവളോട് സഹതാപം മാത്രേ ഉള്ളുന്ന് പറഞ്ഞത്? അത് അവളുടെ ഇല്ലായ്മയേ കുത്തി നോവിക്കുന്ന പോലെയായില്ലേ? പാവല്ലേ അവള്?”

അർജുൻ ഫോൺ പെട്ടെന്ന് കട്ട്‌ ചെയ്തു. വീട്ടിൽ പോകാൻ പറ്റില്ല. എല്ലാവരും ഉണ്ടാകും. അവൾക്ക് നുറു ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും. ഭ്രാന്ത് പിടിക്കും പോലെ തോന്നി അവന്. കാണാതെ വയ്യ. ഒന്ന് കണ്ടു മാപ്പ് പറഞ്ഞാൽ മാത്രം മതി. ഒന്ന് കണ്ടാൽ മതി. പക്ഷെ അവള് ചോദിക്കാൻ പോവുന്ന ചോദ്യങ്ങൾക്ക് മറുപടി ഇല്ല

എന്തിനാ അർജുൻ സർ എന്നെ നോവിച്ചത്?

ഇരുളിൽ ഇരുന്നു രണ്ടു കണ്ണുകൾ ചോദിക്കുന്നു

എന്നോട് സഹതാപം മാത്രേ ഉള്ളോ?

അവൻ മുഖം പൊത്തി

തുടരും….