അർജുൻ ഹോസ്പിറ്റലിൽ വന്നിട്ട് പത്തു ദിവസം ആയി. ജയറാം അവനെ വീണ്ടും വിളിച്ചു നോക്കി. ഒരു തവണ അവൻ എടുത്തു
“ഫ്ലാറ്റിൽ ഉണ്ട്. ഞാൻ വേറെ തിരക്കിലാണ്. ഉടനെ വരില്ല ” അതാണ് മറുപടി
കൃഷ്ണയെ പിന്നെ കണ്ടിട്ടില്ല. ഇടക്ക് വിളിച്ചു. അവൾക്ക് എന്തോ സങ്കടം ഉണ്ട്. കഴിഞ്ഞു പോയ കാര്യം ഇപ്പോഴും അലട്ടുന്നുണ്ടാവും. അതാണ് വരാനും താൻ നിർബന്ധിക്കാത്തത്
“സർ?” മാത്യു
“എന്താ മാത്യു വാ ഇരിക്ക് “
“കുറച്ചു പേപ്പേഴ്സ് സൈൻ ചെയ്യാൻ ഉണ്ടായിരുന്നു. ചെന്ന ഇഷ്ടം ആവില്ല. വിളിച്ച ഫോൺ എടുക്കില്ല. അത്യാവശ്യം ആണ്. ഒന്ന് പറയാമോ?”
“ഇങ് തന്നേ ഞാൻ കൊണ്ട് പോയി സൈൻ വാങ്ങി വരാം “
“ശരി സർ “
ജയറാം ഇറങ്ങി. ഫ്ലാറ്റിൽ ചെന്നു കുറേ ബെൽ അടിച്ചിട്ടാണ് തുറന്നത്. കാല് നിലത്ത് ഉറയ്ക്കുന്നില്ല
“അച്ഛൻ എന്തിനാ ഇങ്ങോട്ട് വന്നത്?”കുഴയുന്നു സ്വരം. അദ്ദേഹം നടുങ്ങിപ്പോയി
“എന്ത് കോലമാ അർജുൻ ഇത്? ഈശ്വര ഇതെത്ര ബോട്ടിൽ ആണ് കുടിച്ചു തീർത്തിരിക്കുന്നത്. നിനക്ക് എന്താ പറ്റിയത്?”
അർജുൻ സെറ്റിയിലേക്ക് വീണു. ജയറാം അവന്റെ അരികിൽ ചെന്നു
“അർജുൻ?”
“അച്ഛൻ പൊ…എനിക്ക് കിടക്കണം.. ഉറങ്ങണം. ഉറങ്ങിട്ടു കുറേ ദിവസം ആയി. ഈ പുല്ല് ഒന്നും കുടിച്ചാലും ഉറക്കം വരില്ല നാശം..”
“മോനെ എന്താ പറ്റിയത്? എന്താ വിഷമം?” അദ്ദേഹം കണ്ണീരോട് കൂടി ചോദിച്ചു
“എന്ത് വിഷമം. എനിക്ക് എന്താ വിഷമം? കോടീശ്വരൻ..തൊട്ടതെല്ലാം പൊന്നാക്കുന്ന കോടീശ്വരൻ. എനിക്ക് എന്തിന്റെ കുറവാ..”
“സത്യം അല്ലെ…പിന്നെ. എന്താ കാര്യം “
“ഒന്നുല്ല…ഒന്നും..” അവന്റെ ശബ്ദം ഇടറി
“അച്ഛനെ ഇങ്ങനെ വിഷമിപ്പിക്കല്ലേടാ. വല്ലാതെ തോന്നുന്നുണ്ടോ ഹോസ്പിറ്റലിൽ പോകണോ?”
“എനിക്ക് കുറച്ചു സ്വസ്ഥത മതി.
എനിക്ക് വയ്യച്ഛാ “
ജയറാം ആ മുഖം നെഞ്ചിൽ ചേർത്ത് പിടിച്ചു
“അർജുൻ..മോനെ നീ എന്തൊക്കെയാ പറയുന്നത്? വീട്ടിൽ വാ.”
“അച്ഛൻ പൊ. പ്ലീസ് ..”
അവന്റെ കണ്ണുകൾ അടഞ്ഞു
അയാൾക്ക് വർഷങ്ങൾക്ക് മുൻപ് തകർന്ന മുഖത്തോടെയുള്ള അർജുനെ ഓർമ്മ വന്നു. അതേ പോലെ ഉറയ്ക്കാത്ത കണ്ണുകൾ
ജയറാം അവിടെ നിന്നിറങ്ങി
കൃഷ്ണ ബുക്കിന്റെ മുന്നിൽ ഇരിക്കുന്നുണ്ട് എന്നേയുള്ളായിരുന്നു. ഓരോന്നും ഓർത്തു അവൾ. പക്ഷെ എല്ലാത്തിനും ഒടുവിൽ ആർദ്രമായ ആ തവിട്ട് കണ്ണുകൾ
നിനക്ക് ഞാനില്ലേ എന്നാ ചോദ്യം. വയ്യെന്ന് അറിഞ്ഞപ്പോൾ ഓടി വന്നത്. അവൾ കണ്ണീരോട് കൂടി മുഖം മേശമേൽ അമർത്തി. ഇനി പിടിച്ചു നിൽക്കാൻ വയ്യ. കണ്ടില്ലങ്കിൽ നെഞ്ചു പൊട്ടിപ്പോകും. അവൾ അവൻ പറഞ്ഞതെല്ലാം മറന്ന് പോയി. പകരം അവൻ സ്നേഹിച്ചത് മാത്രം ഓർമ്മയിൽ നിന്നു
അവന്റെ ചിരി, ദേഷ്യം, സ്നേഹം, കൃഷ്ണ എന്ന് മുഴങ്ങുന്ന വിളിയൊച്ച, കണ്ണിലേക്കു തന്നെ നോക്കുന്ന ആ രണ്ടു കണ്ണുകളുടെ മാന്ത്രികത…
എവിടെ ആയിരിക്കും. എങ്ങനെ ആയിരിക്കും എന്ന പേടി. ക്ലാസ്സ് കഴിഞ്ഞപ്പോ അവൾ ഹോസ്പിറ്റലിൽ പോയി. ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ അവൾ അവന്റെ മുറിയിലേക്ക് നോക്കി. അടഞ്ഞു കിടക്കുന്നു
ജയറാം അവളെ കണ്ടു നേർത്ത ഒരു ചിരി ചിരിച്ചു
“മോളിരിക്ക്”
അവൾ ജയറാമിന്റെ മുഖം ക്ഷീണിച്ചിരിക്കുന്നതായി കണ്ടു
“അങ്കിളിനു വയ്യേ?
“മനസിന് സുഖമില്ല മോളെ “
അവൾ എന്ത് പറയണം എന്നറിയാതെയിരുന്നു
“അർജുൻ സാറില്ലേ?”
“ഇല്ല…കുറച്ചു ദിവസം ആയി ഇങ്ങോട്ട് വന്നിട്ട്. വീട്ടിലും വരുന്നില്ല. നശിക്കാൻ തീരുമാനിച്ച എന്താ ചെയ്ക “
അയാളുടെ ശബ്ദം ഇടറി
“എന്തൊക്കെ കണ്ടാലാണ് ഒരു ആയുസ്സ് തീരുക?”
“സർ എവിടെ ആണിപ്പോ?”
“സിറ്റിയിൽ ഒരു ഫ്ലാറ്റ് ഉണ്ട്. അവിടെ ആണ് മിക്കവാറും. കഴിഞ്ഞ രണ്ടു വർഷം ആയിട്ടാ മിക്കവാറും എന്റെ കൂടെ…”
അവൾ കേട്ടിരുന്നു
“ആരോടും പറയാൻ വയ്യ. ശത്രുക്കൾ ഒരു പാടുണ്ട്. ഒരു വീഴ്ച വരാൻ നോക്കിയിരിക്കുകയാ. മോളോട് ആകുമ്പോൾ പറയാം”
“ഞാൻ പോയി കാണട്ടെ?” അയാൾ വേദനയോടെ ആ മുഖത്ത് നോക്കി
“വേണ്ട…അവന് ബോധമില്ല. എന്റെ കുഞ്ഞ് അങ്ങോട്ട് പോകണ്ട..തന്നെ വരട്ടെ “
“എന്നാലും ഫ്ലാറ്റ് എവിടെ ആണെന്ന് പറ ഞാൻ ദൃശ്യയേ കൂട്ടി പോകാം “
അദ്ദേഹം കുറച്ചു നേരം ആലോചിച്ചു. പിന്നെ സ്ഥലം പറഞ്ഞു കൊടുത്തു.
ഏത് ബോധം ഇല്ലാത്ത അവസ്ഥയിലും തന്നെ അവനൊന്നും ചെയ്യില്ലെന്ന് കൃഷ്ണക്ക് അറിയാം. അത് കൊണ്ട് തന്നെ അവളൊറ്റയ്ക്കാണ് പോയത്.
കാളിംഗ് ബെൽ അടിച്ചപ്പോൾ ഈർഷ്യയോടെ അർജുൻ വന്ന് വാതിൽ തുറന്നു
കൃഷ്ണ…
അവന്റെ ലഹരി ഒരു നിമിഷം കൊണ്ട് ഇറങ്ങി. സ്വപ്നം ആണോന്ന് അവൻ സംശയിച്ചു പോയി
“അകത്തേക്ക് വരാമോ?”
അവൻ പിന്നിലേക്ക് മാറി. മുറി നിറയെ ബോട്ടിലുകൾ, സിഗരറ്റ് പാക്കറ്റുകൾ അവളുടെ കണ്ണുകൾ ഒന്നിൽ വന്ന് നിന്നു.
സിറിഞ്ച്, നീഡിൽ
അവൾ പെട്ടെന്ന് അവന്റെ കൈത്തണ്ട പിടിച്ചു നോക്കി. നീഡിലിന്റെ പാടുകൾ. അർജുൻ കൈ വലിക്കാൻ ശ്രമിച്ചു. കൈ മുഴുവൻ ഉണ്ട്
എത്ര തവണ?
ഉള്ളിൽ നിന്ന് എന്തോ ഒന്ന് ആർത്തിരമ്പി വന്നു അവൾക്ക്. അവന്റെ മുഖത്ത് ഒന്ന് കൊടുത്തു കൃഷ്ണ. അർജുൻ കണ്ണുകൾ അടച്ചു മുഖം താഴ്ത്തി
“ഇതെന്താ? എന്താന്ന്? എന്ന് തുടങ്ങി ഇത്?” അലർച്ച തന്നെ ആയിരുന്നു അത്
“എത്ര നാളായി ഇത്?” അവൻ അവളെ നോക്കി നിൽക്കുകയായിരുന്നു
“നശിക്കാൻ തന്നെ തീരുമാനിച്ചോ അർജുൻ സർ?”
“ഈ നശിച്ച സാധനം ഒക്കെ കുത്തിവെച്ചാ എന്താ ഉണ്ടാകുക എന്നറിയോ?”
പിന്നെ ഭ്രാന്ത് പിടിച്ചപോലെ അവനെ അടിച്ചു. ഒന്നല്ല പലതവണ
അർജുന് ഒരടി പോലും വേദനിച്ചില്ല ഓരോ അടിയും അവന് ആനന്ദമായിരുന്നു. അവളത് അവസാനിപ്പിക്കാതിരുന്നെങ്കിൽ എന്ന് മാത്രം ആണ് അവൻ ആ നേരം ചിന്തിച്ചത്. കരഞ്ഞു കൊണ്ട് അവൾ അവനെ നോക്കി
കുളിക്കാതെ, ഭക്ഷണം കഴിക്കാതെ വാടി പോയ മുഖവും ശരീരവും. തകർന്ന് പോയ മുഖം
“എന്തിനാ ഇതൊക്കെ?” അവന്റെ കണ്ണ് നിറഞ്ഞൊഴുകുന്നത് അവൾ വേദനയോടെ കണ്ടു
അവൾ ആ മുഖം തുടച്ചു
“പോട്ടെ..സാരോല്ല..പോയി ഫ്രഷ് ആയിട്ട് വാ. എത്ര ദിവസമായി ഇങ്ങനെ? എന്തെങ്കിലും കഴിച്ചോ?”
അവൻ അവളെ തന്നെ നോക്കിനിന്നു. പിന്നെ വേച്ചു പോകുന്ന കാലുകൾ പെറുക്കി വെച്ച് ബാത്‌റൂമിലേക്ക് പോയി
കൃഷ്ണ അവിടെ മുഴുവൻ തൂത്തു വൃത്തിയാക്കി. എത്ര ബോട്ടിലുകൾ ദൈവമേ!ഒരായുസ്സിൽ കുടിക്കേണ്ടത് കുടിച്ചു തീർത്തിട്ടുണ്ട്. ഭക്ഷണം ഒന്നും കഴിക്കുന്നില്ലായിരുന്നോ?അടുക്കളയിൽ ഒന്നുമില്ല. അർജുൻ കുളിച്ചു വന്നു സെറ്റിയിൽ ഇരുന്നു.
കൃഷ്ണ അടുത്ത് വന്നിരുന്നു “വിശക്കുന്നുണ്ടോ?”
അവൻ കണ്ണടച്ച് ഒന്ന് മൂളി
“ഞാൻ കൊണ്ട് വന്നത് കഴിക്കുമോ?”
അവൻ കണ്ണ് തുറന്നു. അവൾ ഇലപ്പൊതി അഴിച്ചു
“കഴിക്ക്…”
അവന്റെ കൈ വിറയ്ക്കുന്നു. കൃഷ്ണ തന്നെ വാരി കൊടുത്തു
“മതി “
കുറച്ചു കഴിച്ചു കഴിഞ്ഞവൻ പറഞ്ഞു. അൽപനേരം കൂടിയിരുന്നു കൃഷ്ണ. പിന്നെ എഴുന്നേറ്റു
“പോട്ടെ ഞാൻ.. “
“വേണ്ട ” കൃഷ്ണ ആ മുഖത്തേക്ക് നോക്കി
“ഇപ്പൊ ഞാൻ നോർമൽ അല്ല..കൃഷ്ണ..എന്റെ മനസിപ്പോ താളം തെറ്റി പോകുന്ന പോലെ. ഉറക്കം ഇല്ല. നീ എന്റെ കൂടിരിക്ക്…”
കൃഷ്ണ അവിടെയിരുന്നു. അവൻ അവളുടെ മടിയിലേക്ക് തല വെച്ചു
“ഉറങ്ങാൻ പറ്റുന്നില്ല എന്തെങ്കിലും ചെയ്യ് എന്തെങ്കിലും മരുന്ന് താ…എന്തെങ്കിലും..ഇൻജെക്ഷൻ താ പ്ലീസ്..”
അവളുടെ കണ്ണ് നിറഞ്ഞൊഴുകി
അവളാ മുടിയിലൂടെ വിരൽ കടത്തി മെല്ലെ തലോടി..ശിരസ്സിലൂടെ അവളുടെ വിരലുകൾ മെല്ലെ അമർന്നിറങ്ങുമ്പോൾ അവൻ അവളുടെ മുഖത്ത് നോക്കി
“ഞാൻ ഇങ്ങനെ പണ്ട് എന്റെ അമ്മേടെ മടിയിൽ ചെന്നു കിടക്കും. അമ്മ ഇത് പോലെ…അമ്മയിങ്ങനെ ചെയ്താ ഞാൻ അപ്പൊ ഉറങ്ങി പ്പോകും..”
കണ്ണുകൾ ഉറയ്ക്കാതെ ചലിക്കുന്നത് കണ്ട് കൃഷ്ണ ആ മുഖം തന്റെ മാറോടു ചേർത്ത് പിടിച്ചു. ആ ശിരസ്സിൽ തലോടിക്കൊണ്ടേയിരുന്നു. അവൻ ഉറങ്ങി കഴിഞ്ഞു എന്ന് തോന്നിയപ്പോൾ ആ മുഖത്തേക്ക് നോക്കിയിരുന്നു. എത്ര സമയം കഴിഞ്ഞു പോയി എന്നറിയില്ല. സമയം കൃഷ്ണ നോക്കിയില്ല
ഇതെവിടെ ചെന്നു അവസാനിക്കും എന്ന് മാത്രം ആണ് അവൾ ഓർത്തു കൊണ്ടിരുന്നത്. ഈ അവസ്ഥ വരാൻ കാരണം വഴക്കാണ്. തന്നെ വേദനിപ്പിച്ചതാണ്. തന്നെ കാണാതിരുന്നാൽ ഇങ്ങനെ ഉണ്ടാവുമോ? അത്രയ്ക്ക് ഉണ്ടൊ ആ മനസ്സിൽ താൻ? അതോ വേറെ എന്തെങ്കിലും കാരണം ഉണ്ടാവുമോ?
നോക്കിയിരിക്കെ അർജുൻ ഉണർന്ന് അവളെ നോക്കി. അവൻ പെട്ടെന്ന് എഴുന്നേറ്റു നേരെയിരുന്നു
“ഞാൻ വല്ലാതെ ഉറങ്ങി. നീ എന്താ വിളിക്കാഞ്ഞേ? സമയം എത്ര ആയി?”
അവൾ ഒന്നും പറയാതെ നോക്കിയിരുന്നേയുള്ളു. പിന്നെ എഴുന്നേറ്റു
“കൃഷ്ണ?”
“പോകണോ”
അവളുടെ കണ്ണുകൾ ചെറുതായി
“നീ ഇങ്ങനെ നോക്കല്ലേ. എനിക്ക് വയ്യ..ഞാൻ പറഞ്ഞതൊക്കെ തെറ്റാ. എന്നോട് ക്ഷമിക്ക്..കാല് പിടിക്കാം “
അവൻ കുനിയുന്നത് കണ്ട് അവൾ പെട്ടെന്ന് പിന്നോട്ട് മാറി
“എടി ഞാൻ അന്നേരത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ നിനക്ക് എന്നെ അറിയില്ലേ ഇത് ആദ്യമൊന്നുമല്ലല്ലോ “
അവൻ നിലത്ത് മുട്ടുകുത്തി
അവൾ ഒറ്റ അടി വെച്ച് കൊടുത്തു. പിന്നെ പിടിച്ചെഴുനേൽപ്പിച്ചു
“എന്താ പറഞ്ഞത്? സഹതാപം ആണെന്ന് അല്ലെ? എന്നോട് സഹതപിക്കണ്ട. കാശിന് കുറവുണ്ടന്നെ ഉള്ളു. അത് നാളെയുണ്ടാകും ഇല്ലെങ്കിലും ഞാൻ ഹാപ്പിയാ. എന്നോട് സഹതാപം മാത്രം ആണെന്ന്…എനിക്കാ ഇപ്പൊ സഹതാപം. ഇത്രേയുള്ളൂ അർജുൻ സർ എന്നോർത്തിട്ട്… “
അവൻ ചിരിച്ചു
“കൊള്ളാല്ലോ നീ ഇത്രയൊക്കെ എന്റെ മുഖത്ത് നോക്കി പറയാൻ ധൈര്യം ഉണ്ടായല്ലോ എവിടെ നിന്ന് കിട്ടി ഈ ധൈര്യം?”
“സ്നേഹത്തിന്റെ ധൈര്യം ആണത്. സ്നേഹത്തിൽ നിന്നാണ് അതുണ്ടാവുക. സ്നേഹം എന്തെന്ന് അറിയോ? ഇല്ല. അതറിയാമെങ്കിൽ ഇങ്ങനെ നശിക്കോ? ആ പാവം അങ്കിളിനെ ഇങ്ങനെ നീറ്റുമോ? ഇല്ല “
അവൾ കിതച്ചു
“ഞാൻ പോവാ ” അവൾ ബാഗ് എടുത്തു
അവൻ അവളെ തന്നെ നോക്കി നിന്നു. കൃഷ്ണ കുറച്ചു നടന്നിട്ട് ബാഗ് മേശപ്പുറത്ത് ഇട്ട് അവിടെ ഭിത്തിയിൽ ചാരി
“ഇങ്ങനെ നോക്കി നിൽക്കണ്ട. ഞാൻ പോണില്ല. പക്ഷെ ഇന്ന് മാത്രം..നാളെ വീട്ടിൽ പോകണം “
അവൻ തലയാട്ടി
“ഇങ്ങനെ ഒരു സാധനം..”
അവൾ ബാഗ് വെച്ച് ഒരടി കൊടുത്തു. പിന്നെ സെറ്റിയിൽ ഇരുന്നു
“കൃഷ്ണാ..” അവൻ എതിരെ വന്നിരുന്നു
“ഞാൻ ഇനിയും ഭാവിയിലും ഇത് പോലെ ഒക്കെ പറയും. എന്റെ മനസ്സിന്….എന്റെ മനസ് ശരിയല്ല. എനിക്ക് കുറേ വർഷം മുന്നേ ഭ്രാന്ത് വന്നിട്ടുണ്ട് “
“ആ വാക്ക് പറയണ്ട. അതൊന്നുമല്ല. ഒരു ഷോക്ക് ഉണ്ടായപ്പോൾ മനസ്സിന്റെ ബാലൻസ് പോയി അത്രേയുള്ളൂ.”
അവൻ അമ്പരപ്പോടെ അവളെ നോക്കി
“ആദ്യമായി കണ്ടപ്പോ ദൃശ്യ പറഞ്ഞിട്ടുണ്ട്. …”
“അതറിഞ്ഞിട്ടും നീ…”
അവൻ കണ്ണ് നിറഞ്ഞിട്ട് എഴുന്നേറ്റു ജനാലയ്ക്ക് അരികിൽ പോയി നിന്നു
“അത് എല്ലാവർക്കും വരുന്ന അവസ്ഥ തന്നെ ആണ് അർജുൻ സർ..നാളെ എനിക്ക് വന്നേക്കാം..അതിലെന്താ?”
“അതില് ആണ് ഒരിക്കൽ സ്നേഹിച്ചിരുന്നവള് എന്നെ വിട്ട് പോയത്..പേടിയാണെന്ന് പറഞ്ഞു..” അവൻ തണുത്തു പോയ സ്വരത്തിൽ അത് പറഞ്ഞു കൊണ്ടിരുന്നു
“ഞാൻ ഇങ്ങനെ ഒന്നുമായിരുന്നില്ല കുറച്ചു കൂടി നല്ലതായിരുന്നു. ഒരു ദിവസം അവൾ ബ്രേക്ക് അപ്പ് പറഞ്ഞു. തമ്മിൽ വൈരാഗ്യം ഒന്നുമില്ല. പിണങ്ങിയുമില്ല. നീറ്റ് ആയിട്ട് അത് അവസാനിച്ചു പിന്നെയവളുടെ കല്യാണം. ഞാൻ പോയിരുന്ന്. അത് കഴിഞ്ഞു ഞാൻ ഇങ്ങോട്ട് വന്നു…ബിസിനസ് മാത്രം ആയി എന്റെ ലോകം “
അവൻ തിരിഞ്ഞു
“അമ്മ മരിച്ചു പോയതിനു ശേഷം ഞാൻ കരഞ്ഞത് ഒരിക്കൽ മാത്രം ആണ്. ഒരിക്കൽ മാത്രം. ഹോസ്പിറ്റലിൽ വെച്ച് നീ എന്റെ കൈ പിടിച്ച് കരഞ്ഞപ്പോൾ…ഐശ്വര്യ പോയപ്പോൾ പോലും ഞാൻ കരഞ്ഞിട്ടില്ല കൃഷ്ണ. എന്റെ ഹൃദയം താളംതെറ്റി പോയിട്ടുമില്ല. ഒരു സംഭവംപോലും എന്നെ ഉലച്ചിട്ടില്ല. പക്ഷെ നിന്നേ ഞാൻ…നിന്നേ കാണാതെ പിണങ്ങി ഇരുന്നപ്പോൾ സംസാരിക്കാൻ പറ്റാതെ…എനിക്ക് എനിക്ക് പറ്റുന്നില്ല. സത്യമായിട്ടും വേറെ ഒന്നുമില്ല കൃഷ്ണ. നിന്നോട് മോശമായി ഒന്നുമില്ല ഉള്ളിൽ.. ..”
“അർജുൻ സർ ഒരു കല്യാണം കഴിക്ക്. എല്ലാ പെണ്ണും ഐശ്വര്യ ആവില്ല. സ്നേഹിക്കാൻ ഒരാൾ വന്നാ ഇതൊക്കെ മാറും “
അവൻ അവളെ നോക്കി
“ഇനി എനിക്ക് അത് പറ്റില്ല കൃഷ്ണ… എനിക്ക് ഇനി ഒരാളെ വയ്യ…എനിക്ക് പിന്നെ ഇത് പോലെ നിന്നോട് സ്വാതന്ത്ര്യമായിട്ട്…നിന്നോട് മാത്രം ആയിട്ട് ഒന്നും പറ്റില്ല..കമ്മിറ്റഡ് ആയി കഴിഞ്ഞാ ഡീസന്റ് ആവണം. ഒരു പെണ്ണിനോട് കമ്മിറ്റഡ് ആയി കഴിഞ്ഞു അർജുൻ വേറെ ഒരു പെണ്ണിലേക്ക് പോവില്ല.”
അവൾ നടുക്കത്തോടെ അവനെ നോക്കി
“എന്നെ വിട്…എന്നെ ഓർക്കേണ്ട..സ്നേഹം ഉണ്ടായ മാത്രം മതി. ഓർക്കുമ്പോൾ സ്നേഹം. സഹതാപം അല്ല സ്നേഹം. എനിക്കും അതേയുള്ളു. എനിക്ക് വേറെയൊന്നും വേണ്ട ” അവളുടെ കണ്ണുകൾ നിറഞ്ഞു
“എനിക്ക് അത് പോരാ…എനിക്ക്.. നിന്നോട് ഏറ്റവും സ്വതന്ത്ര്യമായി സംസാരിക്കണം. എപ്പോ വേണേൽ കാണാൻ പറ്റണം….വേറെയൊന്നിനുമല്ല സത്യം. എനിക്ക് നിന്നെ കാണാതെ വയ്യ. നിനക്ക് കാണാതെ ഇരിക്കുമ്പോൾ ഒന്നും തോന്നിയില്ലേ?”
അവൾ പെട്ടെന്ന് തിരിഞ്ഞു നിന്നു
“സങ്കടം വന്നു “
അവൻ അവളെ തിരിച്ചു നിർത്തി
“അത് മാത്രേ ഉണ്ടായുള്ളു?”
കൃഷ്ണ മുഖം താഴ്ത്തി.
“കൃഷ്ണ….എന്നെ കാണാൻ..തോന്നിയില്ലേ?”
കൃഷ്ണ ഞെട്ടി തലയുയർത്തി ആ മുഖത്ത് നോക്കി. പിടഞ്ഞടിക്കുന്ന കണ്ണുകൾ. ചുവന്നു രക്തനിറമായ മുഖം
“എന്നെ കാണാൻ…..മിണ്ടാൻ..തോന്നിയില്ലേ?”അവന്റെ ശബ്ദം അടച്ചു
അവൾ കണ്ണീരോടെ ആ നെഞ്ചിൽ മുഖം ചേർത്തു
“തോന്നി….ഒത്തിരി തവണ… ഓടി വന്നിട്ട് എന്നോട് പിണങ്ങല്ലേ എന്ന് കെഞ്ചാൻ…എന്നോടെന്തിനാ ഇങ്ങനെ ഒക്കെ. എന്ന്…എന്നോട് മിണ്ടാതെ എങ്ങനെ പറ്റുന്നു എന്ന് ചോദിച്ചു വഴക്കുണ്ടാക്കാൻ ഒക്കെ… ഒക്കെ..പിന്നെ വിചാരിച്ചു എന്നോട് പറഞ്ഞില്ലേ സഹതാപം മാത്രം ആണെന്ന്.. എനിക്ക് ഒന്നുമില്ലാത്ത കൊണ്ടല്ലേ…ദരിദ്രയായി പോയ കൊണ്ടല്ലേ…മാറി പോകാം എന്ന് കരുതി. ആരുടെയും ജീവിതത്തിൽ ഒരു ശല്യം ആവില്ല ഞാൻ. ഒതുങ്ങി പോകുകയേയുള്ളു..അതാണ് വരാഞ്ഞേ “
അവൾ അവനെ ഇറുകെ കെട്ടിപിടിച്ചു വിങ്ങി കരഞ്ഞു. അർജുൻ കണ്ണുകൾ അടച്ച് ഭിത്തിയിൽ ചാരി
അവന്റെ മനസ്സ് തണുത്തു. കത്തി കൊണ്ടിരുന്ന കൊടും കാട്ടിലേക്ക് മഴ പെയ്ത പോലെ. തീ അണഞ്ഞു കഴിഞ്ഞു
കൃഷ്ണ…
അവളുടെ കണ്ണീര് വീണവന്റെ നെഞ്ച് നനഞ്ഞു. പുണ്യതീർത്ഥം തന്നെ ശുദ്ധമാക്കുന്ന പോലെ.. തീർത്ഥംപോലെ അവളുടെ കണ്ണുനീര്. തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന കൈകൾക്ക്, അതിന്റെ ഉടമയ്ക്ക് തന്റെ ആയുസ്സ് നിർണയിക്കാനുള്ള ശക്തി കൂടിയുണ്ടെന്ന് അവൻ അറിഞ്ഞു. അതിന് തന്റെ ജീവന്റെ വിലയുണ്ട്. ജീവിതത്തിന്റെ വില
കൃഷ്ണയുടെ മുഖം ഒന്നുകൂടെ നെഞ്ചിൽ അമർത്തി പിടിച്ചവൻ കണ്ണുകൾ അടച്ചു
തുടരും….