“മനോജ് സാറെ നിങ്ങളുടെ മകൻ ഒരു പെൺകുട്ടിയെ പാലത്തിന്റെ മുകളിൽ നിന്ന് തള്ളിയിട്ടു കൊ- ന്നു. ആരാണ് വന്നലറിയതെന്ന് ഓർമയില്ല. പോലീസുകാർ ഏട്ടനെ വിലങ്ങണിയിച്ചു കൊണ്ട് പോകുന്നത് ഓർമ ഉണ്ട്. അച്ഛൻ അത് കേട്ട് അലറി കരഞ്ഞു കൊണ്ട് ഓടുന്നതും ഓർമയുണ്ട്. അമ്മ ഞാൻ നോക്കി നിൽക്കെ കുഴഞ്ഞു വീണു.
ഏട്ടന് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് പോലും തങ്ങൾ അറിഞ്ഞില്ല ഏട്ടൻ പാവമായിരുന്നു. പാറുക്കുട്ടി എന്ന് തികച്ചും വിളിക്കില്ല. പിന്നെ ആരോ പറഞ്ഞു അത് മനഃപൂർവം അല്ല. എന്തോ വാക്ക് തർക്കം ഉണ്ടായി. ദേഷ്യത്തിൽ പിടിച്ചു തള്ളി. അവൾ കാല് വഴുതി വെള്ളത്തിൽ വീണു. രക്ഷിക്കാൻ കഴിഞ്ഞില്ല. ഏട്ടന് ശിക്ഷ കിട്ടി. ഏഴു വർഷം.
പിന്നീട് അച്ഛനും അമ്മയ്ക്കും നാട്ടിൽ ജീവിക്കാൻ കഴിയാതെയായി. അമ്മയുടെ വീട് തമിഴ്നാട്ടിൽ ആയത് കൊണ്ട് ഇവിടെ നിന്ന് സർവവും വിറ്റ് അങ്ങോട്ട് പോയി. എനിക്ക് പാലക്കാട് ഐ ഐ ടിയിൽ അഡ്മിഷൻ കിട്ടിയപ്പോൾ മുത്തശ്ശിയുടെ അടുത്ത് നിർത്തി. തിരുവനന്തപുരത്ത് നിന്ന് പാലക്കാട് വരെ ആരും വരില്ലല്ലോ. ഈ വർഷം കോഴ്സ് തീരുന്നത്തോടെ തിരിച്ചു തമിഴ് നാട്ടിലേക്ക് പോകും. ഇവിടെ എത്ര ഒളിച്ചാലും അടുത്ത വർഷം ഏട്ടൻ ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ ആൾക്കാർ എല്ലാം അറിയും. സത്യത്തിൽ പേടിയാവുന്നു “
ഗൗരി ഒരു വിങ്ങലോടെ തന്റെ കഥ പറയുകയായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തായിട്ട് കൂടെ നന്ദനക്ക് ഈ അറിവുകൾ ഒക്കെ പുതുതായിരുന്നു
നന്ദന അവളുടെ കൈകൾ സ്വന്തം കൈകളിൽ എടുത്തു
“നിനക്ക് എന്നോട് വെറുപ്പുണ്ടോ നന്ദു?”
നന്ദന അവളെ ചേർത്ത് പിടിച്ചു
“എന്തിന്? എല്ലാം നീ പറഞ്ഞല്ലോ. അല്ലെങ്കിൽ തന്നെ നീ എന്ത് ചെയ്തു?”
“എന്റെ ഏട്ടനും ഒരു തെറ്റും ചെയ്തിട്ടില്ല നന്ദു. പക്ഷെ അതീ ഭൂമിയിൽ ഞാൻ മാത്രേ വിശ്വസിക്കുന്നുള്ളു. എന്റെ അച്ഛനും അമ്മയും ഏട്ടനെ കാണാൻ പോയിട്ടില്ല. എന്നെയും അനുവദിച്ചിട്ടില്ല. അവരെന്താ ഏട്ടനെ വിശ്വസിക്കാത്തത്? മനുഷ്യർക്ക് മനസ്സിലാവില്ലേ ആൾക്കാരെ? ഒരാൾ എന്തൊക്കെ ചെയ്യും ചെയ്യില്ല എന്നൊക്കെ?”
നന്ദന അവളുടെ മുഖം കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു
“നിന്റെ ഏട്ടനെ ഞാൻ വിശ്വസിക്കുന്നു. പോരെ. നിന്റെ ഒപ്പം ഞാനും ഉണ്ട് “
“താങ്ക്സ് ഡി “
ഗൗരി പുഞ്ചിരിച്ചു. ഒരു മഴ പെയ്തു തോർന്ന പ്രതീതി. അവർ കോളേജിൽ ഗ്രൗണ്ടിന്റ കല്പടവുകളിലായിരുന്നു. ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു.
“ഹലോ ” അവർ തിരിഞ്ഞു നോക്കിയപ്പോൾ അവൻ തന്നെ
അഖിൽ പരമേശ്വരൻ. പ്രിൻസിപ്പാളിന്റെ മകൻ. ഗൗരി വിളർച്ചയോടെ നന്ദനയെ നോക്കി. നന്ദന ഒരു കള്ളച്ചിരി കടിച്ചു പിടിച്ചു
“ഡോ കഷ്ടം ഉണ്ട് കേട്ടോ. വർഷം രണ്ടു മൂന്നായി ഞാനിങ്ങനെ പിന്നാലെ.. താൻ ഇത്രയും മനസാക്ഷി, കരുണ ഒക്കെ ഇല്ലാത്തവളായി പോയല്ലോ. എന്നെ നോക്ക് എന്ത് വെളുത്തിരുന്ന ഞാനാ തന്റെ പിന്നാലെ നടന്നു ക്ഷീണിച്ചു കറുത്ത്..”
ഗൗരിക്ക് ചിരി പൊട്ടി
“ഒരു നോ പറഞ്ഞാൽ ഇത് ഏത് ദിവസവും പോലെ കടന്നു പോകും. പക്ഷെ നിങ്ങളുടെ ഒരു യെസ് നാളെ ചരിത്രമാകും. ട്രാഫിക് മൂവി കണ്ടിട്ടില്ലേ? അത് പോലെ ഒരു യെസ് പറയെടോ എനിക്ക് തന്നെ കെട്ടാനാ”
ഗൗരവം വിട്ട് ഗൗരി ചിരിച്ചു പോയി
പിന്നെ ഓർത്തു
എല്ലാം അറിയുമ്പോൾ ഇയാൾ തയ്യാറാവുമോ? ഒരിക്കലും ഇല്ല
ഇന്നറിയാത്തവർ പോലും എല്ലാം അറിയും. ഇനിയുമുണ്ട് ആറു മാസങ്ങൾ.
“ഒരു തീരുമാനം പറ കുട്ടി “
ഗൗരിയുടെ കണ്ണുകൾ സ്വയം അറിയാതെ നിറഞ്ഞു. നിറഞ്ഞ കണ്ണുകളോടെ അവൾ അവനെ നോക്കി.
“ദേ കരയുന്നു. ശേ.. സോറി സോറി കരയണ്ട. കോഴ്സ് കഴിഞ്ഞു പറഞ്ഞാലും മതി. ഞാൻ വെയിറ്റ് ചെയ്യാം.” നന്ദന അവളെ ചേർത്ത് പിടിച്ചു എഴുന്നേറ്റു
“ഞങ്ങൾ പോട്ടെ അഖിൽ. ബസിനു സമയമായി “
അഖിൽ മെല്ലെ തലയാട്ടി. അവർ അവനെ കടന്നു പോയി
അത് കണ്ടു കൊണ്ട് ദൂരെ പോസ്റ്റിൽ ചാരി നിന്ന ആളിന്റെ കണ്ണുകളിൽ തീയാളി. അവർ നടന്നു പോകുമ്പോൾ ആ കണ്ണുകളും അവരെ പിന്തുടർന്ന് ചെന്നു
ലക്ഷ്മിക്കൂട്ടിയമ്മ തുളസിതറയിൽ വിളക്ക് വെയ്ക്കുകയായിരുന്നു. ഗേറ്റിന്റ കൊളുത്ത് എടുക്കുന്ന ശബ്ദം കേട്ട് അവർ നോക്കി
ഒരു മധ്യവയസ്കൻ
“ആരാ? അവർ ഉറക്കെ ചോദിച്ചു
“ഞാൻ കുറച്ചു ദൂരെ നിന്നാ. കൊച്ചിയിൽ നിന്ന്.”
“എന്താ കാര്യം?””ഈ സന്ധ്യക്കാണോ വരുന്നത്?”
“അയ്യോ നേരെത്തെ ഇറങ്ങിയതാ. ബസ് ബ്രേക്ക് ഡൗൺ ആയി അതാണ് “
“ശരി കയറി ഇരിക്ക് “
അയാൾ പൂമുഖത്തേക്ക് കയറി. വളരെ ചെറിയ ഒരു ഓടിട്ട വീടായിരുന്നു അത്. ഒരു വശം പൊട്ടിയ ചെറിയ സ്റ്റൂൾ മാത്രമേ തിണ്ണയിൽ കിടപ്പുണ്ടായിരുന്നുള്ളു. അതിലിരിക്കാൻ മടിച്ചിട്ട് അയാൾ പൂമുഖത്തെ അര മതിലിൽ ഇരുന്നു.
“കുടിക്കാൻ എന്താ വേണ്ടേ?”
“ഇച്ചിരി ചൂട് വെള്ളമുണ്ടെങ്കിൽ…”
അവർ അകത്തു പോയി വെള്ളവുമായി വന്നു
“ഇനി പറയൂ എന്താ കാര്യം?”
“ഒരു കല്യാണത്തിന്റെ ആലോചനയായി വന്നതാ. ഇവിടുത്തെ കുട്ടിക്ക് “
“ആർക്ക്? ഗൗരിക്കോ?”
“അതെ “
“അവൾ പഠിക്കുകയാണ് ഇപ്പൊ കല്യാണം കഴിപ്പിക്കുന്നില്ല.”അവർ അറുത്ത് മുറിച്ചു പറഞ്ഞു.
പുറത്ത് സംസാരം കേട്ടാണ് ഗൗരി പൂമുഖത്തേക്ക് വന്നത്
“ഇതാണോ ഗൗരി?”
“അത് കൊള്ളാം. ഗൗരി ആരാണ് എന്ന് അറിയാതെയാണോ ആലോചന?”
“അയ്യോ എനിക്ക് ഗൗരിയെ അറിയില്ല. പക്ഷെ സഞ്ജയ് സാറിന് അറിയാം. കണ്ടിട്ടുണ്ട്. സാർ പഠിച്ചത് ഈ നഗരത്തിലാ. ഇപ്പൊ എസിപി ആയി കൊച്ചിയിൽ. ചാർജ് എടുത്തതേയുള്ളു.”
പോലീസ് എന്ന് കേട്ടതും ഗൗരിയും മുത്തശ്ശിയും ഒന്ന് വിളറി
“അവൾക്കിപ്പോ കല്യാണം നോക്കുന്നില്ല. പഠനം കഴിഞ്ഞു ഹയർ സ്റ്റഡീസ് ഒക്കെ ആണ് ചിന്ത “
“നിങ്ങളെ കുറിച്ച് എല്ലാം അറിയുന്ന ആളാ സഞ്ജയ് സാർ. ഗൗരിയുടെ ഏട്ടൻ വിവേകിന്റ് കോളേജിൽ പഠിച്ചതാ. അമ്മയും അച്ഛനും അമേരിക്കയിൽ ഡോക്ടർ
മാരായിരുന്നു.അച്ഛൻ രണ്ടു വർഷം മുന്നേ മരിച്ചു പോയി. അമ്മ അവിടെ തന്നെ.”
“ഇത്രയും വലിയ കുടുംബത്തിലേക്ക് വിടാനുള്ള ആസ്തിയൊന്നും ഞങ്ങൾക്കില്ല. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഞങ്ങൾക്ക് താല്പര്യമില്ല “
അയാൾ എഴുന്നേറ്റു
“ഒന്നുടെ ആലോചിച്ചിട്ട് മതി. കാരണം പയ്യന് അത്രക്ക് പെൺകുട്ടിയേ ഇഷ്ടമായിരിക്കുന്നു.” ആയാളേഴുനേറ്റു
“ഞാൻ ഇറങ്ങട്ടെ, ഇതാണ് എന്റെ നമ്പർ.വിളിക്കണം “അയാൾ തന്റെ കാർഡ് കൊടുത്തു
അയാൾ നടന്നു മറയുന്നത് അവർ നോക്കി നിന്നു. മുത്തശ്ശി അകത്തേക്ക് പോയപ്പോഴും ഗൗരി അതെ നിൽപ് തുടർന്നു
ആരാണ് സഞ്ജയ്?
താൻ അറിയാതെ തന്നെ സ്നേഹിക്കുന്ന ആള്?
അയാളോട് ആലോചന വേണ്ടാന്ന് പറഞ്ഞെങ്കിലും വൈകുന്നേരം ഗൗരിയുടെ അച്ഛനുമമ്മയും വിളിച്ചപ്പോൾ മുത്തശ്ശി എല്ലാം വിശദമായി പറഞ്ഞു. അവർക്കും അതെ അഭിപ്രായം ആയിരുന്നു
“വേണ്ട… ഉടനെ വേണ്ട “
പക്ഷെ നമ്മൾ തീരുമാനിക്കുന്നത് അല്ലല്ലോ നടക്കുക
ഗൗരിയുടെ വിധിയൊക്കെ എന്നെ എഴുതി വെച്ചു കഴിഞ്ഞു
തുടരും…