ധ്രുവം, അധ്യായം 06 – എഴുത്ത്: അമ്മു സന്തോഷ്

ആ ബുധനാഴ്ച മെഡിക്കൽ കോളേജിൽ ഒരു സെമിനാർ ഉണ്ടായിരുന്നു. രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ. ഡോക്ടർ ജയറാം ആണ് പ്രഭാഷകൻ. അത് അറിഞ്ഞതും കൃഷ്ണയ്ക്ക് സന്തോഷമായി. ഡോക്ടർ അങ്കിൾനെ പിന്നെ കണ്ടിട്ടില്ല. ഒന്ന് കാണാമല്ലോ.

“അങ്കിൾ രാവിലെ വരുമോ?ഇത്രയും തിരക്കിനിടയിൽ പോയി സംസാരിക്കാൻ കഴിയുമോ?” കൃഷ്ണ ദൃശ്യയോട് ചോദിച്ചു

“നിന്റെ കാര്യം ചോദിച്ചു അങ്കിൾ. കണ്ടിട്ട് മാത്രേ പോകുകയുള്ളു. നമുക്ക് സെമിനാർ കഴിഞ്ഞു കാണാം ” അവൾ പറഞ്ഞു

അവർ രണ്ടാമത്തെ നിലയിൽ നിൽക്കുമ്പോഴാണ് ഡോക്ടറുടെ കാർ വരുന്നത് കണ്ടത്

“അങ്കിളിന്റെ കാർ ആണല്ലോ..” ദൃശ്യ അവളോട് പറഞ്ഞു

കൃഷ്ണ അങ്ങോട്ടേക്ക് നോക്കി. കുറച്ചു ദൂരെയാ. വ്യക്തമല്ല. ഡ്രൈവിംഗ് സീറ്റിൽ നിന്ന് അർജുൻ ആണ് ഇറങ്ങിയത്

“അയ്യോ ഈ പണ്ടാരം കൂടെ ഉണ്ടൊ. എന്റെ മോളെ കൃഷ്ണേ. ഇന്ന് ഒന്നും നടക്കൂല. ദോ ആ സാധനം ഉണ്ടല്ലോ പാഷാണത്തിൽ കൃമിയാ. അങ്ങേര് ഉണ്ടെങ്കിൽ കാണാൻ പോലും പറ്റില്ല. ഇവനെ എന്തിനാവോ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത് “

കൃഷ്ണ ഒന്നുടെ നോക്കി

“അതാരാ?” അവൾ അവന്റെ മുഖം മറന്നു പോയിരുന്നു

“അർജുൻ. മകൻ. ഒരു വക സാധനം ആണ്.. ഇനിപ്പോ എങ്ങനെ എന്തോ “

അർജുൻ ബിസിനസ് ആവശ്യത്തിനായി ഒരാളെ കാണാൻ വന്നതായിരുന്നു

“അച്ഛൻ പ്രോഗ്രാം തീരുമ്പോൾ വിളിച്ചാ മതി. ഞാൻ ഹോട്ടലിൽ ഉണ്ടാവും. കാർ വേണോ?”

“വേണ്ട നീ കൊണ്ട് പൊയ്ക്കോ. ഞാൻ വിളിക്കാം “

അവൻ കാറിൽ കയറി ഓടിച്ചു പോയി

“ഹോ സമാധാനം ആയി പോയി..ഇല്ലേ കാണാരുന്നു “

ഡോക്ടർ ജയറാമിനെ മറ്റ് ഡോക്ടർമാർ വന്നു ബഹുമാനത്തോടെ കൂട്ടി പോകുന്നത് കൃഷ്ണ വിടർന്ന കണ്ണുകളോടെ നോക്കി നിന്നു

നല്ല ഒരു സെമിനാർ ആയിരുന്നു അത്. ലളിതമായ ഭാഷയിൽ സുദീർഘമായി അദ്ദേഹം അത് കൊണ്ട് പോയി. ആരെയും മുഷിപ്പിക്കാതെ സെമിനാർ കഴിഞ്ഞു

“വാ കൃഷ്ണ അങ്കിൾ വിളിക്കുന്നു”

ഡോക്ടർസ് മുറിയിൽ ആയിരുന്നു ഡോക്ടർ ജയറാം

“വരു വരൂ “

അദ്ദേഹം അവരെ കണ്ടു ചിരിച്ചു. പിന്നെ അവർക്കൊപ്പം ഇറങ്ങി പുറത്തേക്ക് ചെന്നു

“കൃഷ്ണമോള് പിന്നെ വിളിച്ചില്ലല്ലോ “

കൃഷ്ണ എന്ത് പറയും എന്ന് ചിന്തിച്ചു

“ഒത്തിരി പഠിക്കാൻ ഉണ്ടല്ലേ?”

അവൾ തലയാട്ടി

“അതോ ഫോൺ ഇല്ലാത്തത് കൊണ്ടോ?”

കൃഷ്ണ ദൃശ്യയെ നോക്കി

“ദാ ഇത് ഒരു ഫോൺ ആണ്. പുതിയതാണ്. മോൾക്ക് വേണ്ടി അങ്കിൾ മേടിച്ചതാ. അങ്കിളിനെ ഇനി ഇടയ്ക്ക് വിളിക്കാമല്ലോ “

“അയ്യോ അങ്കിളേ ഇതൊന്നും വേണ്ട. ഞാൻ ഈ മാസം ചെറുത് ഒന്ന് വാങ്ങിച്ചോളാം “

അദ്ദേഹം അവളെ ചേർത്ത് പിടിച്ചു

“മോളുടെ അച്ഛൻ വാങ്ങി തന്നാ ഇങ്ങനെ പറയുമോ?”

കൃഷ്ണയുടെ മിഴികൾ സജ്ജലങ്ങളായി

“വേണ്ടാഞ്ഞിട്ടാ സത്യം “

“ഒരു കാര്യം ചെയ്യാം ഇതിന്റെ വില എനിക്ക് ഇൻസ്റ്റാൾമെന്റിൽ തിരിച്ചു തന്നോളൂ. കുറേ വർഷം കൊണ്ട് തന്ന മതി എന്താ?”

അദ്ദേഹം പൊട്ടിച്ചിരിയോടെ അവളോട് പറഞ്ഞു. പിന്നെ മറുത്തൊന്നും പറയാതെ അവൾ അത് വാങ്ങി

“മോൾക്ക് ഇത് ആവശ്യം വരും. പഠന സംബന്ധമായ കാര്യങ്ങൾക്ക് ഇത് അത്യാവശ്യം ആണ്. വെച്ചോളൂ..വിശക്കുന്നു നമുക്ക് ഭക്ഷണം കഴിക്കണ്ടേ?”

“അങ്കിൾ സ്പോൺസർ ചെയ്യൂവാണെങ്കിൽ ഒരു ബിരിയാണി കഴിക്കാം ” ദൃശ്യ പറഞ്ഞു

“ഞാൻ വീട്ടിൽ ചെന്നിട് കഴിക്കും. ഞാൻ പൊയ്ക്കോട്ടെ “കൃഷ്ണ പെട്ടെന്ന് പറഞ്ഞു

ഡോക്ടർ കുറച്ചു നേരം അവളെ നോക്കി നിന്നു. അന്ന് കണ്ടതിലും മെലിഞ്ഞു. ക്ഷീണിച്ചു. വിളർച്ച ഉണ്ട് മുഖത്തും കണ്ണുകളിലും. അദേഹത്തിന്റെ ഉള്ളിൽ നേർത്ത വേദന നിറഞ്ഞു

“മോളും വരൂ. ഒന്നിച്ചു കഴിക്കാം. ഞാൻ വീട്ടിൽ കൊണ്ട് പോയി ആക്കാം. മനുവിനെയും കാണാമല്ലോ “

കൃഷ്ണ ധര്മസങ്കടത്തിലായി
അവൾ ദൃശ്യയെ നോക്കി വാ എന്ന് പറഞ്ഞവൾ സന്തോഷത്തോടെ കൈ പിടിച്ചു. അർജുൻ വന്നപ്പോൾ രണ്ടു മണിയായി

ദൃശ്യയും കൃഷ്ണയും പിന്നിലായിരുന്നു. അവർ മുന്നിലും

കൃഷ്ണയ്ക്ക് ഇപ്പൊ അവനെ ഓർമ്മ വന്നു. തന്നെ ശാസിച്ചയാൾ. അവൾ കഴിയുന്നതും അങ്ങോട്ടേക്ക് നോക്കാതെ ഒതുങ്ങി ഇരുന്നു

ഇത്രയും വലിയ കാറിൽ ആദ്യമായാണ് കയറുന്നത്. നല്ല ഒരു സുഗന്ധം നിറഞ്ഞു നിൽക്കുന്നു. സീറ്റിൽ ഇരിക്കാൻ പോലും എന്ത് സുഖം. അവൾ കൗതുകത്തോടെ കാറിനകം നോക്കി കൊണ്ട് ഇരുന്നു

ഏട്ടന്റെ കൂടെ ഒരിക്കൽ ടാക്സിയിൽ പോയിട്ടുണ്ട്. അതാണ് അവളുടെ ഒരേയൊരു കാർ യാത്ര

വലിയ ഒരു ഹോട്ടലിലേക്ക് കാർ കയറി നിന്നു. അർജുൻ കീ സെക്യൂരിറ്റിയുടെ കയ്യിൽ കൊടുത്തിട്ട് അകത്തേക്ക് നടന്ന് പോയി

അവരെ സ്റ്റാഫ്‌ വലിയൊരു ടേബിളിൽ reserved എന്ന ബോർഡ് വെച്ചിടത്തേക്ക് കൂട്ടി

അർജുൻ തിരിച്ചു വന്ന് അവർക്ക് അരികിൽ ഇരുന്നു

വെയ്റ്റെർ വന്നു

“ഓർഡർ പ്ലീസ് സർ “

“എനിക്ക് ബിരിയാണി ” ദൃശ്യ പറഞ്ഞു

“മോൾക്ക് എന്താ?”

“എന്തെങ്കിലും മതി “അവൾ താഴ്ന്ന സ്വരത്തിൽ പറഞ്ഞു. അവൾക്ക് ഒരു വല്ലായ്മ ഉണ്ടായിരുന്നു. ഇത്തരം ഹോട്ടലിൽ അവൾ മുൻപ് കയറിയിട്ട് കൂടിയില്ല. അവിടെയുള്ള കാഴ്ചകളിലേക്ക് അവൾ വെറുതെ നോക്കിയിരുന്നു

അർജുൻ സൂപ്പും സലാഡും മാത്രമേ കഴിച്ചുള്ളൂ. ഡോക്ടർ ഊണ് ആണ് കഴിച്ചത്. ദൃശ്യയ്ക്കും കൃഷ്ണക്കും ബിരിയാണി. വളരെ സ്വദിഷ്ഠമായ ബിരിയാണി ആയിരുന്നു അത്

കൃഷ്ണയത് രുചിയോടെ കഴിക്കുന്നത് ജയറാം സംതൃപ്തിയോടെ നോക്കിയിരുന്നു

“ഇഷ്ടമായോ മോൾക്ക്?”

“ഉം നന്നായിട്ടുണ്ട് “

അവൾ പറഞ്ഞു

അർജുൻ ആ നേരം വരെ ഒന്നും സംസാരിച്ചില്ല എന്നത് ജയറാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് ദൃശ്യയും ശ്രദ്ധിച്ചു. സാധാരണ അവൻ അങ്ങനെ അല്ല. ദൃശ്യയുമായി ഒരു പത്ത് വഴക്ക് ഉണ്ടാക്കേണ്ട സമയം കഴിഞ്ഞു

“എന്നെ വഴിയിൽ എവിടെ എങ്കിലും വിട്ട മതി “കൃഷ്ണ പറഞ്ഞു

“അപ്പൊ മനുവിനെ എങ്ങനെ കാണും?”

ജയറാം ചിരിച്ചു

“ഏട്ടന്റെ ഷോപ്പ് ടൗണിൽ ആണ്. അവിടെ ഉണ്ട്. എന്നെയും അവിടെ വിട്ട മതി “

“അത് ശരി അപ്പൊ എന്നെ വീട്ടിൽ കൊണ്ട് പോകില്ല?”

അവളുടെ മുഖം വാടി

“അങ്ങനെ വീട് എന്ന് പറയാൻ മാത്രം ഒന്നുല്ല അങ്കിളേ..”

അവൾ നേർത്ത സ്വരത്തിൽ പറഞ്ഞു

“എന്നാലും ഒന്ന് കണ്ടോട്ടെ മോളെ. ഞാനല്ലേ?”

പിന്നെ അവൾ ഒന്നും എതിർത്തു പറഞ്ഞില്ല. മനു ഡോക്ടറെ കണ്ട് അത്ഭുതത്തോടെ എഴുന്നേറ്റു

“ഈശ്വര ആരാ ഇത്? ഒന്ന് വിളിച്ചു കൂടിയില്ലല്ലോ “

ഒരു ഒറ്റ മുറി കടയായിരുന്നു അത്. അവിടെ കിടന്ന കസേര തുടച്ച് അദ്ദേഹത്തിനിരിക്കാൻ അവൻ ഇട്ടു കൊടുത്തു

“ഇത് എന്റെ ക്ലാസ്സിൽ പഠിക്കുന്നതാണ് ദൃശ്യ ” അവൾ ദൃശ്യയെ പരിചയപ്പെടുത്തി

“മോളുടെ വീട് എവിടെ ആണ്?”

അടുത്ത ടൗണിൽ തന്നെ എന്ന് അവൾ പറഞ്ഞു.

ഡോക്ടർ വെറുതെ അവനെ കണ്ണുകൾ, നാഡി ഒക്കെ നോക്കി

“അടുത്ത ചെക്ക് അപ്പ് എന്നാണ്”

“അടുത്ത മാസം “

“വരണം കേട്ടോ “

അവൻ തലയാട്ടി

“ശരി എന്നാ “

അർജുൻ കാറിൽ തന്നെ ഇരുന്നതേയുള്ളു. അവർ തിരിച്ചു വന്നപ്പോൾ അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു

“മോള് വഴി പറഞ്ഞു കൊടുക്ക് “

അവൾ വിളർച്ചയോടെ അർജുനെ നോക്കി

“പറ മോളെ ” ജയറാം വീണ്ടും പറഞ്ഞു

“നേരേ പോയിട്ട്…”

“സ്ഥലം പറഞ്ഞ മതി. അറിയാം “

അവൻ പരുക്കൻ സ്വരത്തിൽ പറഞ്ഞു

“ചാരുംമൂട് “

അവൾ പെട്ടെന്ന് പറഞ്ഞു. അവിടെ എത്തി കഴിഞ്ഞു

“ഇനി കുറച്ചു ഉള്ളിലേക്കാ..”

“കാർ പോകുന്ന വഴി ആണോ?”

“ഉം “

അവൾ പറഞ്ഞു കൊടുത്തു. അഞ്ചു കിലോമീറ്റർ ഓടി കാർ നിന്നു

ടാറിടാത്ത പൊട്ടി പൊളിഞ്ഞ റോഡ്

“മോള് ഇത്രയും ദൂരം രാവിലെ നടന്നാണോ ബസിൽ കയറി വരുന്നത്?”

“സാരോല്ല..വെളുപ്പിന് ആകുമ്പോൾ കുഴപ്പമില്ല ഞാൻ ഒരോട്ടം വെച്ചു കൊടുക്കും “

അവൾ ചിരിയോടെ പറഞ്ഞു

പിന്നെ ദൃശ്യയുടെ കൈ പിടിച്ചു

“വാ ” എന്നിട്ട് ഡോക്ടറെ നോക്കി. അദ്ദേഹം കാറിൽ നിന്നിറങ്ങി

“ദേ ആ താഴ്ചയിലാണ്. എന്റെ കൈ പിടിച്ചോ. ഇത്തിരി ഇറങ്ങണം “

അദ്ദേഹം അവളുടെ കൈ പിടിച്ചു

ദൃശ്യയുടെ ഹൃദയത്തിൽ  ഒരു നിലവിളി ഉയരുന്നുണ്ടായിരുന്നു. ഈശ്വര ഇത് പോലെത്തെ ഒരിടത്തു നിന്നാണോ ഈ കുട്ടി വരുന്നത്

അവൾ പറഞ്ഞത് ശരിയായിരുന്നു. ഷീറ്റിട്ട ഒരു കെട്ടിടം. രണ്ടു മുറികൾ ഉണ്ട്

“കസേര ഒന്നുമില്ല ട്ടോ..”

അവൾ ക്ഷമാപണത്തോടെ പറഞ്ഞു. ജയറാം അവളെ തന്നോട് ചേർത്ത് പിടിച്ചു

“ഒരു ഗ്ലാസ്‌ വെള്ളം തന്ന കുടിക്കുമോ?”

അദ്ദേഹം തലയാട്ടി

അവൾ വാതിൽ തുറന്നകത്തേക്ക് പോയി. ദൃശ്യ ഒപ്പം ചെന്നു. ഒരു മുറിയിൽ ഒരു കട്ടിലുണ്ട്.

“അത് ഏട്ടന്റെതാ വയ്യാത്ത കൊണ്ട് നിലത്ത് കിടക്കേണ്ട എന്ന് പറഞ്ഞു അമ്മാവൻ കൊണ്ട് തന്നതാ “

ദൃശ്യ തലയാട്ടി

“വെള്ളം വേണോ?”

അവൾ ഒരു ഗ്ലാസ്‌ വെള്ളം വാങ്ങി കുടിച്ചു

“ഇന്നാ അങ്കിൾ വെള്ളം “

ജയറാം അവളുടെ ശിരസ്സിൽ ഒന്ന് തലോടി പിന്നെ വെള്ളം വാങ്ങി

അർജുൻ കാറിന് വെളിയിൽ ഇറങ്ങി നിന്നു. ഒരു സി- ഗരറ്റ് കത്തിച്ചു പുക വിട്ട് കൊണ്ട്. അവളുടെ വീടിന്റെ നേരേ നോക്കി

അച്ഛൻ എന്തിനാണ് ഇവിടെ ഒക്കെ പോകുന്നത്. അവന് ദേഷ്യം വരുന്നുണ്ടായിരുന്നു

പട്ടിക്കൂടു പോലെയൊരു വീട്

ഇതിനകത്തൊക്കെ എങ്ങനെ മനുഷ്യൻ താമസിക്കും…അവന് അറപ്പ് തോന്നി

അച്ഛൻ വെള്ളം കുടിക്കുന്നത് കണ്ട് അവന് ശർദിക്കാൻ വന്നു

വല്ല വൃത്തി യുമുണ്ടാകുമോ? ഈ അച്ഛന്റെ കാര്യം!

“മോള് എന്തുണ്ടെങ്കിലും അങ്കിളിനെ വിളിച്ചു പറയണം. പറയുമോ?”

അവൾ തലയാട്ടി

പിന്നെ എന്ത് പറയണം എന്നറിയാതെ അദ്ദേഹം നോക്കി

കാശ് വല്ലതും കൊടുക്കാമെന്നു വെച്ചാൽ അത് അവളെ അപമാനിക്കുന്നത് പോലെയാകും

“ഇറങ്ങട്ടെ “

“ശരി അങ്കിളേ “

ദൃശ്യ അവളെ ചേർത്ത് പിടിച്ചു

“നാളെ കാണാം “

കൃഷ്ണ തലയാട്ടി

അവർ കാറിനരികിലേക്ക് നടന്നപ്പോൾ അവളും ഒപ്പം ചെന്നു

“പോകാം അർജുൻ “

അവൻ സിഗരറ്റ് വലിച്ചു കൊണ്ട് തന്നെ ഡോർ തുറന്നു

“അത് കളയ് അർജുൻ “

ജയറാം പറഞ്ഞു. അവൻ കുറച്ചു കൂടെ പുക എടുത്തിട്ട് അത് എറിഞ്ഞു കളഞ്ഞു. അവരുടെ കാർ വളവു തിരിഞ്ഞു മറഞ്ഞപ്പോൾ അവൾ വീട്ടിലേക്ക് പോരുന്നു. ഡോക്ടർ വന്നത് അവൾക്ക് വലിയ സന്തോഷമായി

ദൃശ്യയും വന്നു. ഇല്ലായ്മകളെ അറിഞ്ഞു സ്നേഹിക്കുന്നവർ ഒരു അനുഗ്രഹമാണ്. ദൃശ്യ അങ്ങനെ സ്നേഹിക്കുന്ന ഒരാളാണ്. അപൂർവമായി മാത്രം കാണുന്ന ഒരു കൂട്ട്. അവൾ ഡോക്ടറെ ഓർത്തു ദൈവം തന്ന പോലെ ഒരാൾ

ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വന്ന ഒരാൾ. ആരുമില്ലാത്തവർക്ക് ദൈവം ഇങ്ങനെ ആവും പ്രവർത്തിക്കുക

മറ്റൊരാളിൽ കൂടി

അവൾ ഫോണിന്റെ കവർ ഇളക്കി നോക്കി

വലിയ ഫോൺ ആണ്. ഇതെങ്ങനെ ഉപയോഗിക്കണമെന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു

ദൃശ്യയോട് ചോദിച്ചു പഠിക്കാമെന്നവൾ വിചാരിച്ചു. ഉള്ളിലേക്ക് ആ നേരം മറ്റൊരു മുഖം കൂടെ വന്നു

സി- ഗരറ്റ് പുകയുന്ന ചുണ്ടുകൾ. തെല്ല് ചുവന്ന കണ്ണുകൾ. അലസമായി നെറ്റിയിലേക്ക് വീണു കിടക്കുന്ന നീളൻ മുടി

മുഖത്ത് പരുക്കൻ ഭാവം

അർജുൻ

ഡോക്ടറുടെ മകനിങ്ങനെ ആയി പോയതെന്താണെന്നവൾ ചിന്തിച്ചു
ഡോക്ടർ എത്ര നല്ലയാളാണ്. അച്ഛന്റെ മുന്നിൽ നിന്ന് എത്ര കൂസലില്ലാതെയാണ് പുക വലിച്ചത്. എന്ത് തരം മനുഷ്യൻ ആണ്

അവന്റെ കണ്ണുകളിൽ ഒരു അറപ്പ് പോലെയുണ്ടായിരുന്നു. പൊട്ടിപ്പോളിഞ്ഞ റോഡിലൂടെ വരുമ്പോൾ അസ്വസ്ഥത നിറഞ്ഞ മുഖമായിരിന്നു. തന്നെ ഒരിക്കൽ പോലും നോക്കിയില്ല എന്നത് അവൾ പ്രത്യേകം ശ്രദ്ധിച്ചു. ഹോട്ടലിൽ ഇരുന്നപ്പോ പിന്നെ കാറിൽ കയറിയപ്പോ ഒക്കെ ഡോക്ടറുടെ മകനല്ലേ എന്നോർത്ത് താൻ നോക്കിയിരുന്നു

കണ്ട ഭാവം കാണിച്ചില്ല. താൻ എന്നൊരു വ്യക്തി കൂട്ടത്തിൽ ഇല്ലാത്തത് പോലെ. തീരെ അവഗണിച്ചു കളഞ്ഞു. ദരിദ്രയായി പോയത് കൊണ്ടാണ്

അവൾക്ക് അത് മനസിലായി. വലിയ വീട്ടിലെ പണക്കാരുടെ മക്കൾ മിക്കവാറും എല്ലാവരും ഇങ്ങനെ തന്നെ. പുച്ഛമാണ് തന്നെ പോലെയുള്ളവരോട്. അറപ്പും വെറുപ്പമാണ് കണ്ണുകളിൽ. പരിഹാസമാണ് ഓരോ വാക്കിൽ

അർജുനും അതേ പോലെ ഒരാളാണ്. അവൾ അത് മനസ്സിൽ നിന്ന് കളയാൻ ശ്രമിച്ചു

തിരിച്ചു യാത്ര ചെയ്യുമ്പോൾ ദൃശ്യ അർജുനെ ഒന്ന് തോണ്ടി

“എന്താ ഇവിടെ ഒരാളുടെ നാക്കിറങ്ങി പോയത്? അർജുൻ ചേട്ടോ കൂയ് “

“മിണ്ടാതിരിക്കടി പ- ട്ടി. ഒന്ന് തരും ഞാൻ. മനുഷ്യൻ ഇവിടെ കലി വന്നിരിക്കുമ്പോഴാ “

“എന്താ സ്റ്റാൻഡേർഡ്..എന്തിനാ കലി വരുന്നത്? കൃഷ്ണ കാറിൽ കയറിയത് കൊണ്ടോ?”

അവൻ മിണ്ടിയില്ല

“കഷ്ടം ഉണ്ട് കേട്ടോ. അത് ഒരു പാവമല്ലേ അർജുൻ ചേട്ടാ. ചേട്ടൻ അതിനെ നോക്കി കൂടില്ല പാവം ഒന്ന് രണ്ടു തവണ നോക്കി ചിരിക്കാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു. കേട്ടോ അങ്കിളേ. ഈ ചേട്ടൻ അവോയ്ഡ് ചെയ്തു “

ജയറാമും അത് ശ്രദ്ധിച്ചിരുന്നു. പക്ഷെ അദ്ദേഹം അതിൽ അഭിപ്രായം ഒന്നും പറഞ്ഞില്ല. അവൻ അങ്ങനെ ആണ്. അവന്റെ ജീവിതരീതി അങ്ങനെയാണ്. അവന് ആ കുട്ടിയെ നോക്കുകയോ ചിരിക്കുകയോ ചെയ്യണ്ട കാര്യമില്ല

അങ്ങനെ ഒരു ഫോര്മാലിറ്റി പ്രത്യേകിച്ച് പാവങ്ങളോട് അർജുൻ കാണിക്കുകയുമില്ല

അച്ഛനെ വീട്ടിലാക്കി അർജുൻ തൃശൂരിലേക്ക് പോയി.

ജയറാം കൃഷ്ണയേ കുറിച്ച് തന്നെ ഓർത്തു കൊണ്ടിരുന്നു. മാലാഖ പോലെ ഒരു പെൺകുഞ്ഞ്

അയാൾ അനുപമയുടെ മുറി തുറന്നു. അവൾ ഉപയോഗിച്ച മുറി. തങ്ങൾക്ക് രണ്ടു പേർക്കും പൊതുവായ ഒരു മുറി ഉണ്ടെങ്കിലും തങ്ങളുടേതായ മുറികളും ഉണ്ടായിരുന്നു

തന്റേത് വായനാമുറിയായിരുന്നുവെങ്കിൽ അനുപമയുടേത് സംഗീതം നിറഞ്ഞതായിരുന്നു

അവളുടെ വീണ, അവളുടെ വയലിൻ, അവളുടെ ചിലങ്ക….

“ഒരെ സമയം ആർട്ടിസ്റ്റിക് മൈന്റും സയന്റിഫിക് ഇന്റലജൻസും ഉണ്ടാകുക ഗ്രേറ്റ്‌ പഴ്സണാലിറ്റികൾക്കാണ്., you are great Anu “

അപ്പോൾ ഒരു നോട്ടമുണ്ട് കളിയാക്കുകയാണോ എന്ന പോലെ…അയാൾ അനുപമയുടെ ഫോട്ടോക്ക് മുന്നിൽ പോയി നിന്നു

“അനു ഞാൻ ഇന്ന് ആ കുട്ടിയുടെ വീട്ടിൽ പോയി. പാവം കുട്ടിയാണ് അനു. പക്ഷെ മിടുക്കിയാണ്. നമ്മുക്ക് ഒരു മോള് ഉണ്ടായിരുന്നെങ്കിൽ ഇത് പോലെ മിടുക്കി കുട്ടിയായേനെ അല്ലെ?”

അയാളുടെ കണ്ണ് നിറഞ്ഞൊഴുകി

“നീ എന്തിനാ ഇത്ര വേഗം എന്നെ വിട്ട് പോയത്?”

അയാൾ നിശബ്ദമായി അനുപമയോട് ചോദിച്ചു കൊണ്ടിരുന്നു. ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾ ഉണ്ടാകുന്ന ചില നേരങ്ങളുണ്ട്. ആർക്കും ഉത്തരം തരാൻ കഴിയാത്ത നേരം

തുടരും….